വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഇടവകയില്‍ പുറകുളത്ത് മാത്യുവിന്‍റെ പുത്രനായി 1946-ല്‍ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എസ്.സി.യും ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്ന് ജി.എസ്.റ്റി.യും സെറാംമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.ഡി.യും കരസ്ഥമാക്കിയശേഷം പാരീസിലെ ലുവെയിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് വേദശാസ്ത്രത്തില്‍ എം.എ.യും പാരീസ് കാത്തലിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
1977-ല്‍ സെമിനാരിയില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. സഭാപിതാക്കന്മാരുടെ വേദശാസ്ത്രത്തെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള ഇദ്ദേഹം ഓര്‍ത്തഡോക്സ് സഭയിലെ സമുന്നതനായ ഒരു വേദശാസ്ത്രജ്ഞനാണ്. എന്‍.സി.സി.യുടെ ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള സെക്രട്ടറിയായും ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍റര്‍ സെക്രട്ടറിയായും രണ്ടു വര്‍ഷം സേവനം നടത്തി. ജനീവയില്‍ ബോസ്സെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു.
അഖിലലോക സഭാ കൗണ്‍സിലിന്‍റെ പല കമ്മറ്റികളിലും അംഗമായിട്ടുള്ള ഇദ്ദേഹം അന്തര്‍ദ്ദേശീയ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ ഒരു ആധികാരിക വക്താവാണ്.
സുന്ദരമായി ഫ്രഞ്ചിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതുവാനുള്ള കഴിവുണ്ട്. ദിവ്യബോധന ഗ്രന്ഥാവലിയില്‍ രണ്ടു പുസ്തകങ്ങളും തിരുവചനഭാഷ്യത്തില്‍ റോമാ ലേഖന വ്യാഖ്യാനവും ഇദ്ദേഹം രചിച്ചവയാണ്. ‘പ്രവാസത്തിന്‍റെ നാളുകള്‍’ എന്ന ഗദ്യകവിത, ‘കൊച്ചു രാജകുമാരന്‍’ (ഫ്രഞ്ചില്‍നിന്നു പരിഭാഷ) എന്നീ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഓര്‍ത്തഡോക്സ് യൂത്ത്, സ്റ്റാര്‍ ഓഫ് ദി ഈസ്റ്റ്, പുരോഹിതന്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും 1993 മുതല്‍ 1996 വരെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. 1997 മുതല്‍ 2012 വരെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു.
ഇപ്പോള്‍, എം. ജി. യൂണിവേഴ്സിറ്റിയിലെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് പഠനപീഠത്തിന്‍റെ അദ്ധ്യക്ഷനും, കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സോപാന അക്കാഡമിയുടെ ഡയറക്ടറുമാണ്.