എന്നും പാവങ്ങളുടെ പക്ഷം പിടിച്ചിരുന്ന ഒരു മെത്രാന് ആയിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്. ‘വിമോചനത്തിന്റെ ദൈവശാസ്ത്ര’മൊക്കെ ഉണ്ടാകുന്നതിന് വളരെ മുമ്പേ തന്നെ; യേശുക്രിസ്തുവിന്റെ സുവിശേഷം മനുഷ്യസ്നേഹത്തിന്റെയും മാനവനീതിയുടെയും മാനിഫെസ്റ്റോ ആണെന്ന് ബോധ്യപ്പെട്ട് മനുഷ്യസേവനത്തിന് ഇറങ്ങിയ ക്രിസ്തീയ പുരോഹിതനായിരുന്നു അദ്ദേഹം.
‘ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ’ എന്ന ബൈബിളിലെ പ്രവാചകവാക്യം മാര്ട്ടിന് ലൂഥര്‍ കിങ്ങിനെയും മാര്‍ ഒസ്താത്തിയോസിനെയും ഒരുപോലെ പ്രചോദിപ്പിച്ച മുദ്രാവാക്യമായിരുന്നു. വയസ് തൊണ്ണൂറു കഴിഞ്ഞിട്ടും മാര്‍ ഒസ്താത്തിയോസിന്റെ പ്രവാചകവീര്യം കെട്ടടങ്ങിയില്ല. തന്റെ ഓരോ വാക്കും കേള്‍വിക്കാരെ പ്രകമ്പനം കൊള്ളിച്ചു. അത് വ്യര്‍ത്ഥമായ ശബ്ദമായിരുന്നില്ല. കേട്ടവര്‍ കേട്ടവര്‍ ഏതെങ്കിലുംതരത്തില്‍ തങ്ങളുടെ ജീവിതത്തെ പുനഃപരിശോധിച്ച് സാമൂഹ്യനീതിയുടെയും ആര്‍ദ്രമായ കരുണയുടെയും മാര്‍ഗ്ഗം ഏതാണെന്ന് അന്വേഷിച്ചു. ‘മതം മാറ്റമല്ല മനംമാറ്റമാണ് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ലക്ഷ്യം’ എന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മാര്‍ ഒസ്താത്തിയോസ് മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനം വരുത്തി.
അദ്ദേഹമെഴുതിയ ‘വര്‍ഗ്ഗരഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം’ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ‘നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്. അവര്‍ക്ക് തൃപ്തി വരും’ എന്ന ക്രിസ്തു വാക്യം പൂരിപ്പിക്കേണ്ടത് പരലോകത്തിലല്ല. ഇന്നു നമ്മുടെ സമൂഹത്തിലാണ് എന്ന് അടിയുറച്ച് വിശ്വസിച്ച ഈ ജനകീയ മെത്രാന് പാവങ്ങളെ കരുതുന്ന നിരവധി പ്രസ്ഥാനങ്ങള്‍ക്ക് രൂപംകൊടുത്തു. സമത്വത്തിന്റെയും മനുഷ്യനന്മയുടെയും മാര്‍ഗത്തില്‍ ചരിക്കാന്‍ ക്രിസ്തീയ സഭയെയും മതങ്ങളെയും നിരന്തരം ഉല്‍ബോധിപ്പിച്ചു.
ബൈബിളിലെ പ്രവാചകന്മാരുടെ ഗണത്തില്‍പ്പെടുത്താവുന്ന ആധുനിക പ്രവാചകനായിരുന്ന മാര്‍ ഒസ്താത്തിയോസ് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് യുവാവായി പ്രസംഗിച്ചു തുടങ്ങിയ കാലത്ത് സ്വീകരിച്ച രണ്ട് പ്രസിദ്ധമായ ബൈബിള്‍ പ്രഭാഷണ വിഷയങ്ങള്‍ പിന്നീട് നിരവധി തലമുറകളെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.
ഒന്ന്, ആമോസിന്റെ തൂക്കുകട്ട. ‘ആമോസേ, നീ എന്തു കാണുന്നു? എന്ന് ദൈവം ചോദിച്ചതിന് ‘ഒരു തൂക്കുകട്ട’ എന്ന് അവന് പറഞ്ഞു (ആമോസ് 7:8). പ്രവാചകനായിരുന്ന ആമോസ്, അനീതിയില്‍ കിടന്നുരുണ്ട തന്റെ ജനത്തിന്റെ അധികാരവര്‍ഗ്ഗത്തിനു നേരെ ദൈവം നീതിയുടെ തൂക്കുകട്ട പിടിക്കും എന്ന പ്രഖ്യാപനത്തിലൂടെ ഇസ്രായേല്‍ രാജാവിനെയും പുരോഹിതവൃന്ദത്തെയും വിറളി പിടിപ്പിച്ചു. രണ്ട്; രക്തനിലം, നീതിമാനും നിഷ്കളങ്കനുമായ തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത് യഹൂദമതാധ്യക്ഷന്മാരോട് പ്രതിഫലമായി മുപ്പതു വെള്ളിപ്പണം വാങ്ങിയ ശിഷ്യന് യൂദാ പിന്നീട് ദുഃഖിച്ച് ആ പണം ദേവാലയത്തില്‍ എറിഞ്ഞുകളഞ്ഞു. മഹാപുരോഹിതന്മാര് ആ പണമെടുത്ത് ‘ഇത് രക്തവിലയായതുകൊണ്ട് ദേവാലയ ഭണ്ഡാരത്തില് ഇടേണ്ട’ എന്നു പറഞ്ഞ് പരദേശികള്‍ക്കുവേണ്ടി സെമിത്തേരി കെട്ടാന്‍ ഒരു സ്ഥലം വാങ്ങിച്ചു. അതാണ് രക്തനിലം (മത്തായിയുടെ സുവിശേഷം 27:8).
മാര്‍ ഒസ്താത്തിയോസ് തന്റെ തീ പാറുന്ന വാക്കുകളിലൂടെ തൂക്കുകട്ടയും രക്തനിലവും അവതരിപ്പിച്ചു. ‘അദ്ധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും’ നിലവിളി ശ്രദ്ധിക്കാതെ സാമൂഹിക വഞ്ചനയിലൂടെ സമ്പത്തെല്ലാം സ്വരുക്കൂട്ടുന്നവര്‍ രക്തനിലത്തിന്റെ മുതലാളിമാരാണ്. അവര്‍ക്ക് നേരെ ദൈവം നീതിയുടെ തൂക്കുകട്ട പിടിക്കും എന്ന് ഒരു യുവ വൈദികന് പ്രഖ്യാപിച്ചപ്പോള്‍ പ്രമുഖരായ ചിലര്‍ ശത്രുക്കളാവുകയും മറ്റു ചിലര്‍ മനംമാറി നീതിയുടെ മാര്‍ഗം അവലംബിക്കുകയും ചെയ്തു.
നീതിബോധത്തോടൊപ്പം നിറഞ്ഞ മനുഷ്യസ്നേഹത്തിന് ഉടമയായിരുന്നു അദ്ദേഹം. ലളിതമായ ജീവിതശൈലി അവലംബിക്കുകയും ഒരു ദരിദ്രനായി മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. സ്നേഹത്തിന്റെ മതമാണ് മനുഷ്യന്റെ ഏക മതം എന്ന് എപ്പോഴും ഉരുവിട്ടുകൊണ്ടിരുന്നു.
മനുഷ്യരുടെ വ്യക്തിപരമായ മനംമാറ്റത്തോടൊപ്പം സമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ഘടനകളില്‍ കാര്യമായ പരിവര്‍ത്തനം വന്നെങ്കിലേ നമ്മുടെ സമൂഹത്തില്‍ നീതിയും സമത്വവും കൈവരികയുള്ളു എന്ന് മാര്‍ ഒസ്താത്തിയോസിന് വ്യക്തമായിരുന്നു. നമ്മുടെ ലോകത്തെ നീതിയും സമാധാനവും സ്നേഹവും വസിക്കുന്ന ഇടമായി രൂപാന്തരപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ സ്വപ്നവും യത്നവും നീതിബോധമുള്ള സകല മനുഷ്യരെയും എന്നും ത്രസിപ്പിച്ചുകൊണ്ടിരിക്കും.
(ദേശാഭിമാനി പത്രം, വാരാന്ത്യപതിപ്പ്, ഫെബ്രുവരി 26, 2012)