ലാവണ്യ ദര്‍ശനം – 11
കുലാലന് അഥവാ കുശവന് എന്നു നാം വിളിക്കുന്ന വലിയ കലാകാരന് കളിമണ്ണ് കുഴച്ച് ചട്ടിയും കലവും മറ്റ് പാത്രങ്ങളും ഉണ്ടാക്കുന്ന കാഴ്ച എത്ര കണ്ടാലും മതിയാവുകയില്ലെന്ന് തോന്നിയിട്ടുണ്ട് (അത് കാണാന്‍ വേണ്ടി മാത്രം ഈ ലേഖകന്‍ ദൂരയാത്ര ചെയ്തിട്ടുണ്ട്). വാസ്തവത്തില്‍ നമുക്ക് അറിയപ്പെട്ടിട്ടുള്ള മനുഷ്യസംസ്കാരത്തിന്റെ ആരംഭം മുതല്‍ മനുഷ്യരുടെ അനുദിനാവശ്യങ്ങള്ക്കുവേണ്ടിയുള്ള കളിമണ്‍പാത്ര നിര്‍മ്മാണവും കാണാം. ബൈബിള്‍ പഴയനിയമത്തില്‍ പ്രവാചകന്മാര് പലപ്പോഴും എടുത്തു പറയുന്ന ഒരു കലയാണിത്. മണ്ണു കുഴച്ച് മനുഷ്യാവശ്യത്തിനുള്ള പാത്രങ്ങളും പൂപ്പാലികകളും മറ്റുമുണ്ടാക്കുന്ന വിദ്യ ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ പ്രതീകമായി വ്യവഹരിക്കപ്പെടുന്നു. ഇവിടെ മനുഷ്യന് മണ്ണും ദൈവം കുശവനുമാണ് (നിഘണ്ടുവില്‍ കുശവന് വിഡ്ഢിയെന്നും മണ്ടനെന്നും മേല്ജാതിക്കാര് പര്യായപദങ്ങള്‍ നല്കുന്നു. ചില മതമേധാവികള്‍ ദൈവത്തിനും ഇതേ പര്യായങ്ങള്‍ നല്കുന്നു! മനുഷ്യനുവേണ്ടി സ്വയം വെറുമയാക്കുന്ന ദൈവത്തിന്റെ ‘കൊശവത്തര’ത്തോട് നമുക്ക് പലര്‍ക്കും പുച്ഛമാണ്). കുശവന് മണ്ണു കുഴച്ച് തനിക്ക് ഇഷ്ടമുള്ളപ്രകാരം മെനയുന്നു. കുശവനായ ദൈവത്തിന്റെ കരങ്ങളില്‍ മനുഷ്യനും പ്രപഞ്ചവും അതിലുള്ള സകലവും സവിശേഷമായ രൂപങ്ങള്‍ പ്രാപിക്കുന്നു.
ഈ ആശയത്തെ പലവിധത്തിലും വ്യാഖ്യാനിക്കാം.
1 ദൈവത്തിന്റെ കേവലമായ അധികാരവും ഇച്ഛയും മനുഷ്യന്റെ വിധേയത്വവും നിസ്സഹായതയും ആവിഷ്കരിക്കാന്‍ ഈ ചിത്രം ഉപയോഗിക്കാം.
2 എങ്ങനെ സ്നേഹവും കരുതലും സൂക്ഷ്മതയും ശക്തിയും ദൈവം തന്റെ ഓരോ സൃഷ്ടിയിലേക്കും പകരുന്നു എന്നു വിശദമാക്കാം.
3 തന്റെ സൃഷ്ടി വേണ്ടിവന്നാല്‍ ഉടച്ചുകളയാനും തനിക്ക് ഇഷ്ടമുള്ളപ്രകാരം മറ്റൊന്ന് രൂപപ്പെടുത്താനുമുള്ള ദൈവത്തിന്റെ കേവല സ്വാതന്ത്ര്യത്തെ സൂചിപ്പിക്കാം.
4 എല്ലാം കുഴഞ്ഞുമറിഞ്ഞ് രൂപരഹിതമായ അവസ്ഥ (രവമീെ) യില്‍ നിന്ന് ദൈവത്തിന്റെ സ്നേഹവും ഇച്ഛയും മൂലം മനോഹരമായ രൂപങ്ങളുള്ള സൃഷ്ടി (Cosmos) ഉരുത്തിരിയുന്നതിന്റെ പ്രതീകമായി ഇതിനെ കാണാം.
5 പ്രകൃതിയും (nature) സംസ്കാരവും (culture) തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി ഇത് വ്യാഖ്യാനിക്കപ്പെടാം.
പ്രത്യേക ഭംഗിയൊന്നുമില്ലാത്ത പ്രാകൃതമായ അവസ്ഥയില്‍ നിന്ന് മനുഷ്യന്റെ ഭാവനയും സര്‍ഗ്ഗശേഷിയും ഉപയോഗിച്ച് ഉരുത്തിരിച്ച നാഗരികത, സാഹിത്യ കലാരൂപങ്ങള്‍, ശാസ്ത്രീയ-സാങ്കേതിക നേട്ടങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചതാണ് മഹത്തായ മനുഷ്യസംസ്കാരം. ഇവിടെ സ്രഷ്ടാവായ ദൈവത്തിനു പകരം മനുഷ്യനാണ് സ്രഷ്ടാവിന്റെ സ്ഥാനമെടുക്കുന്നത് എന്ന സെക്കുലര്‍ ഹ്യൂമനിസ്റ്റ് ആശയം വരുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ യൂറോപ്പില്‍ ശക്തി പ്രാപിച്ച ഈ നവോത്ഥാന ഹ്യൂമനിസമാണ് ആധുനിക ലോകത്തെ രൂപപ്പെടുത്തിയത്. ഈ ഹ്യൂമനിസത്തിന് നന്മകളും തിന്മകളും ഉണ്ട്.
നമുക്കു വീണ്ടും കുശവന്റെ കലയിലേക്ക് വരാം. ഏറ്റവും നല്ല അര്‍ത്ഥത്തില്‍, സ്രഷ്ടാവായ കുശവന് എന്ന കലാകാരന് സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രതിരൂപമാണ് എന്നു പറയാം. അതായത്, ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുണ്ടാക്കുന്നവന്. കുഴഞ്ഞ അവസ്ഥയില്‍ നിന്ന് നാമരൂപങ്ങള്‍ സൃഷ്ടിക്കുന്നവന്. നമുക്ക് ജീവിതത്തില്‍ യാഥാര്‍ത്ഥ്യബോധം സൃഷ്ടിക്കുന്നത് ചുറ്റുപാടുമുള്ള നാമരൂപങ്ങളാണ്. അതെന്താണ്, ഇതെന്താണ് എന്നു കുഞ്ഞുങ്ങള്‍ ചോദിക്കുമ്പോള്‍ നാം ഓരോ പേര് പറഞ്ഞു കൊടുക്കുന്നു. ആദം ചെയ്തതുപോലെ ആ പേര് ഓരോന്നിനും ഉറയ്ക്കുന്നു. ഓരോന്നിന്റെയും അസ്തിത്വവും സ്വത്വവും തനിമയും ആ പേരിലൂടെ അറിയപ്പെടുന്നു. കാക്കയെയും കുയിലിനെയും നാം നാമരൂപങ്ങളിലൂടെ തിരിച്ചറിയുന്നു. വാര്‍ദ്ധക്യമാകുമ്പോള്‍ ഈ തിരിച്ചറിവ് നമുക്കു കുറെ നഷ്ടപ്പെടുന്നു. ആളുകളെ തിരിച്ചറിയാനും പേരുകള്‍ ഓര്‍ക്കാനും സാധിക്കാതെ വരുന്നു. മഹാമനീഷികള്‍ക്കും മണ്ടശിരോമണികള്ക്കും, പാണനും പാണിനിക്കും ഇത് സംഭവിക്കാം. തീരെ ശൈശവത്തിലും നാമരൂപങ്ങളുടെ വ്യത്യാസം നാം മനസ്സിലാക്കുന്നില്ല. അപ്പോള്‍ ഈ രണ്ടു അവസ്ഥകള്ക്കിടയിലുമുള്ള പരിമിതമായ കാലത്തിലാണ് കലയുടെ തിളക്കം അരങ്ങേറുന്നത്. ഇവിടെ നമുക്കു ലഭിക്കുന്ന അസംസ്കൃത വസ്തുവാണ് കുശവന്റെ കളിമണ്ണ് എന്ന പ്രതീകം.
ഈ കളിമണ്ണ് ഒരു പ്രതീകമായി എടുത്താല്‍ പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാം. ഈ ലോകത്തെയും അത് നല്കുന്ന ഉത്തരവാദിത്തങ്ങളെയും കളിമണ്ണിനെയെന്നപോലെ വ്യക്തമായ രൂപഭാവങ്ങളിലേക്ക് നമുക്കു പരിവര്‍ത്തനം ചെയ്യാം. നമുക്ക് സ്വതസിദ്ധമായ കഴിവുകളെ – ശാസ്ത്രീയ, സാഹിത്യ, കലാ, സംഗീത, ശില്‍പ്പ ശേഷികളെ – നാം ആവിഷ്കരിക്കുന്ന രീതി കളിമണ്ണിലൂടെ പ്രതീകവല്ക്കരിക്കാം. നമ്മുടെ കഠിനമായ അധ്വാനം കൊണ്ടും ക്ഷമ കൊണ്ടും നമുക്കു ലഭിക്കുന്ന എല്ലാ സിദ്ധികളെയും ഇതുപോലെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കാം. കളിമണ്ണ് ‘പ്ലാസ്റ്റിക്’ ആണെന്നു പറഞ്ഞാല്‍ തെറ്റുദ്ധാരണയുണ്ടായേക്കാം. ആ ഇംഗ്ലീഷ് വാക്കിന്റെ ഗ്രീക്കു മൂലക്രിയ (platteo) യുടെ അര്‍ത്ഥം ‘രൂപപ്പെടുത്തുക, ഉരുത്തിരിക്കുക’ എന്നൊക്കെയാണ്. അപ്പോള്‍ ഏതു രൂപത്തിലും മാറ്റിയെടുക്കാവുന്നവിധം വഴക്കമുള്ള പദാര്‍ത്ഥത്തിനാണ് പ്ലാസ്റ്റിക് എന്ന വിശേഷണം ഉപയോഗിക്കുന്നത്. നമ്മുടെ ശരീരവും മസ്തിഷ്ക കോശങ്ങളും എല്ലാം ഈ അര്‍ത്ഥത്തില്‍ പ്ലാസ്തികത (plasticity) ഉള്ളതാണ്. മനുഷ്യരുടെ സര്‍ഗ്ഗാത്മകമായ ഭാവന (work of art) ചൂളയും മൂശയുമായി കരുതിയാല്‍, അതില്‍ നാം രൂപപ്പെടുത്തുന്നതെല്ലാം കലാസൃഷ്ടി (creative imagination) ആണ്. എന്നാല്‍ ഈ സര്‍ഗ്ഗശേഷി (രൃലമശ്ശേ്യേ) ചിലപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ്. അതായത്, യാതൊരു നിയമവും ചട്ടവും നോക്കാതെ അത് കുലംകുത്തി ഒഴുകുകയും സകലത്തെയും തകര്‍ത്ത് കളയുകയും ചെയ്യാം. ഈ സ്വാഭാവികമായ ഊര്‍ജ്ജ പ്രവാഹത്തെ തോടുകളും കനാലുകളും തടാകങ്ങളും മറ്റും സൃഷ്ടിച്ച് വഴിതിരിച്ചു വിടാം. അപ്പോഴാണ് അത് കലയും സാഹിത്യവും മറ്റും ആകുന്നത്. സവിശേഷമായ രൂപഭാവങ്ങള്‍ അപ്പോള്‍ അവയ്ക്ക് കൈവരുന്നു. വാക്കിന്റെ ഊര്‍ജ്ജത്തെ പ്രഭാഷണവും കവിതയും കഥയും നോവലും നാടകവുമാക്കി മാറ്റാം. ചലനത്തിന്റെ മഹാശേഷിയെ വന്യവും നശീകരണക്ഷമവുമായ ഊറ്റമാക്കി വിട്ടുകളയാതെ ശരീരത്തിന്റെ സുഭഗവും നിയന്ത്രിതവും താളാത്മകവുമായ നൃത്തമാക്കി മാറ്റാം. “ദേവദാരുക്കളെ തോലുരിക്കയും പേടമാനുകളെ പ്രസവിപ്പിക്കുകയും” ചെയ്യുന്ന ഉഗ്രശബ്ദത്തെ സംഗീതത്തിന്റെ ശാന്തിതരംഗങ്ങളാക്കി മാറ്റാം. അങ്ങനെ ഈ പ്രപഞ്ചത്തിലെ സകലത്തെയും ആനന്ദാനുഭൂതിയായി രൂപപ്പെടുത്തുന്നതാണ് കല. അന്തിമമായി അത് മനുഷ്യര്‍ക്ക് മാത്രമല്ല സന്തോഷം നല്‍കുന്നത്. സകല ജീവജാലങ്ങള്‍ക്കും അത് ആനന്ദദായകമാണ്. പറുദീസയുടെ അനുഭവത്തില്‍ അങ്ങനെയായിരുന്നു. ആദവും ഹവ്വയും എല്ലാ ജീവികളും ഒരുമിച്ച് സന്തോഷിക്കയും പരസ്പരം സുതാര്യവും കളങ്കരഹിതവുമായ ബന്ധത്തില്‍ നിലനില്ക്കുകയും ചെയ്യുന്നതായിട്ടാണ് നാം ബൈബിളിലെ ഉല്പത്തി കഥയില്‍ വായിക്കുന്നത്. ഇത് ആദര്ശചിത്രമാണ്. പക്ഷേ മനുഷ്യരാശി എന്നും അഭിലഷിക്കുന്ന അനുഭവത്തിന്റെ സ്വപ്നദര്ശനവുമാണ്. നമ്മുടെ ലാവണ്യബോധത്തെ മനുഷ്യന് മാത്രമായി ഒതുക്കാന്‍ പാടില്ല. സര്‍വ്വ സൃഷ്ടിക്കും സന്തോഷം നല്‍കുന്നതാണ് ഈ ദിവ്യ സൗന്ദര്യം.
മനുഷ്യന്റെ വീഴ്ചയ്ക്കു ശേഷമുള്ള കലയെയും സാഹിത്യത്തെയും ശാസ്ത്രത്തെയും എല്ലാ സര്‍ഗ്ഗ-വൈഭവങ്ങളെയും ഗൗരവമായ ഒരു സന്ദിഗ്ധത ബാധിച്ചിട്ടുണ്ട്. അതായത് കലയും സര്ഗ്ഗസൃഷ്ടിയും മനുഷ്യര്‍ക്കും അവരുടെ സ്വാര്‍ത്ഥ സന്തോഷത്തിനും വേണ്ടി മാത്രം എന്ന ചിന്ത. പറുദീസയില്‍ കണ്ട സൗന്ദര്യബോധം എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. കലാരൂപങ്ങളുടെ ആവിഷ്കാരത്തില്‍ മനുഷ്യസ്വാര്ത്ഥത, രാഷ്ട്രീയ തിരിമറികള്‍, ദ്രവ്യമോഹം, അഹന്ത, മറ്റുള്ളവരെ തള്ളി ഒന്നാമതെത്താനും താരപദവി നേടാനുമുള്ള ഒടുങ്ങാത്ത കാമം എന്നിവയെല്ലാം ഇപ്പോള്‍ നമ്മെ ബാധിക്കാറുണ്ട്. വിദ്യാര്‍ത്ഥികളുടെ യുത്ത്ഫെസ്റ്റിവലിലും മറ്റുമുണ്ടാകുന്ന വിവാദങ്ങളും ലജ്ജാകരമായ മത്സരങ്ങളും ആധുനിക ഉദാഹരണങ്ങളാണ്. കലയുടെ ലോകം ഇന്ന് ക്രൂരമായ കുതികാല്‍വെട്ടിന്റെ മണ്ഡലം കൂടിയാണ്.
അപ്പോള്‍ കളിമണ്ണ് തുടക്കത്തില്‍ നിഷ്പക്ഷവും നിസ്സംഗവുമായി തോന്നിയാലും നാമരൂപങ്ങളിലേക്കുള്ള അതിന്റെ കലാപരമായ ആവിഷ്കാരങ്ങളെ കാന്‍സര്‍ ബാധിക്കാം. അതുകൊണ്ട് കലയ്ക്ക് മറ്റ് മനുഷ്യവ്യാപാരങ്ങളെപ്പോലെ വിമോചനവും സൗഖ്യവും ആവശ്യമാണ്. ക്രിസ്തീയ ലാവണ്യ ദര്‍ശനത്തില്‍ ഈ വശം നമുക്കു എടുത്തു പറയാം. കല നമ്മുടെ ലോകത്തെയും ജീവിതത്തെയും രൂപാന്തരപ്പെടുത്തുന്നതുപോലെ കലയുടെ തന്നെ മാധ്യമങ്ങളും ഉപാധികളും സ്വയം വിമര്‍ശനത്തിനും രൂപാന്തരത്തിനും വിധേയപ്പെടേണ്ടതുണ്ട്. പൂര്‍ണ്ണതയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന കലയുമായിട്ടാണ് നമുക്കു സംവദിക്കാനാവുന്നത്. ഇപ്പോഴത്തെ മീഡിയ സംസ്കാരത്തെക്കുറിച്ച് വളരെ വിമര്‍ശനങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. സാമ്പത്തികനേട്ടവും താരപദവിയും ലക്ഷ്യംവച്ച് യാതൊരു ധാര്‍മ്മികതയുമില്ലാതെ കലാസാഹിത്യാദികളെ ഉപയോഗിക്കാനുള്ള അമിതമായ താല്പര്യം നമ്മുടെ മാധ്യമ സംസ്കാരത്തിനുണ്ട്. സത്യത്തിന്റെ ആവിഷ്കരണമാണ് വസ്തുനിഷ്ഠമായി തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് എല്ലാ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആയിരകണക്കിനുള്ള ചാനലുകളും അവകാശപ്പെടാറുണ്ടെങ്കിലും, അവയുടെ പിന്പില് അരങ്ങേറുന്ന അസത്യനാടകങ്ങളെക്കുറിച്ച് നമുക്കെല്ലാം കുറെ അറിവുണ്ട്.
മണ്മയന്റെ മഹത്വം
ദൈവത്തിന്റെ കരങ്ങളില്‍ മനുഷ്യന് വെറും കളിമണ്ണാണ് എന്ന ആശയത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് പ്രശസ്തരായ ചില പുരാതന ക്രിസ്തീയ വേദപണ്ഡിതന്മാര് മനുഷ്യ സ്വഭാവത്തെ വ്യാഖ്യാനിച്ചത്. മനുഷ്യനെ മണ്ണില്‍ നിന്നുണ്ടാക്കുകയും മനുഷ്യന് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നത് അടിസ്ഥാന ചിത്രമാണ്. മനുഷ്യന് മണ്ണിലേക്ക് മടങ്ങി പൊടിയായിത്തീരുന്നത് നാം എപ്പോഴും കാണുന്നുണ്ടല്ലോ. ആ അനുഭവത്തില്‍ നിന്നാണ് ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനയുന്ന കഥ ഉണ്ടായത്. അങ്ങിനെ മനുഷ്യന് മണ്മയനും മര്‍ത്യനുമായി തീരുന്നു. ദൈവം തന്നെ മെനഞ്ഞ്, കളിമണ്‍ പ്രതിമപോലെ തോന്നിച്ച മനുഷ്യരൂപത്തിലേക്ക് ദൈവം തന്റെ ജീവന്റെ ശ്വാസം ഊതിയപ്പോഴാണ്, “അവന് ജീവനുള്ള ദേഹിയായിത്തീര്ന്നത്.” ആ മനുഷ്യനെ ദൈവം സ്വാതന്ത്ര്യം കൊണ്ടും ഇച്ഛാശേഷി കൊണ്ടുമാണ് പൂര്‍ത്തീകരിച്ചത്. അതുകൊണ്ട് തന്റെ സ്രഷ്ടാവിനെ നോക്കി പുഞ്ചിരിക്കാനും സംസാരിക്കാനും സ്നേഹിക്കാനും അതുപോലെതന്നെ സ്രഷ്ടാവില്‍ നിന്ന് വേണമെങ്കില്‍ മുഖം തിരിക്കാനും സൃഷ്ടിച്ചവനെ തള്ളിപ്പറയാനും വിമര്‍ശിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യവും ഇച്ഛയുമാണ് മനുഷ്യന് നല്കപ്പെട്ടത് എന്ന് വേദം സാക്ഷിക്കുന്നു. ഒരു കളിമണ്‍ പ്രതിമയും സ്രഷ്ടാവായ കലാകാരനോട് ഇങ്ങനെ പ്രതികരിക്കയില്ല. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മനുഷ്യന് സൃഷ്ടിക്കുന്ന റോബട്ടുകള്‍ ഭാവിയില്‍ മനുഷ്യനെ ഭരിച്ചേക്കാം. ദൈവത്തെപ്പോലെ ആയിത്തീരാനുള്ള സാധ്യതയും സ്വാതന്ത്ര്യവും സ്രഷ്ടാവ് മനുഷ്യന് നല്‍കിയെന്നത് ക്രിസ്തീയ വേദശാസ്ത്രത്തിന്റെ ആണിക്കല്ലുകളിലൊന്നാണ്. ഒരു കലാകാരനും ചെയ്യാത്തതുപോലെ സ്വയം അലിഞ്ഞ് ദൈവം മനുഷ്യനായി തീരുകയാണ്. ഒരു ചിത്രകാരന് വരയ്ക്കുമ്പോള്‍ സ്വയം അലിഞ്ഞലിഞ്ഞ് ചായവും ചിത്രവും ആകുന്നത് സങ്കല്‍പ്പിക്കുക.
സെക്കുലര്‍ കലയില്‍ കലാകാരനും കലാസൃഷ്ടിയും വാങ്ങുന്നവനും വില്ക്കുന്നവുമെല്ലാം വേറിട്ട് നില്ക്കുന്നു. ഇത് സന്ദിഗ്ദ്ധതയുടെ അടയാളമാണ്. മനുഷ്യന് ദൈവത്തെപ്പോലെ ആയിത്തീരാന്‍ കഴിയും എന്ന് സര്‍പ്പത്തിന്റെ വായില്‍ നിന്നാണ് മനുഷ്യര്‍ ആദ്യം കേട്ടതെങ്കിലും, ആ സാധ്യതയുടെ സാധുത ഇല്ലാതാകുന്നില്ല. സമയത്തിനു മുമ്പേ കുറുക്കുവഴി ഉപയോഗിച്ച് അത് നേടാനുള്ള അവിവേകം കാണിച്ചതാണ് ഹവ്വയെയും ആദമിനെയും കുഴപ്പത്തിലാക്കിയത് എന്ന് വിശുദ്ധ ഐറേനിയസിനെപ്പോലെയുള്ള പുരാതന വേദപണ്ഡിതന്മാര് പറയുന്നു. അതുകൊണ്ട് സര്‍ഗ്ഗാത്മകത, ഭാവന, സൗന്ദര്യബോധം എന്നിവയോടൊപ്പം നന്മതിന്മകളില് നിന്ന് തിരഞ്ഞെടുക്കാനുള്ള മനുഷ്യ സ്വാതന്ത്ര്യവും ദൈവത്തിന്റെ സ്വഭാവത്തിലേക്ക് ക്രമേണ വളര്‍ന്ന് ദൈവത്തെപ്പോലെ സല്ഗുണപൂര്ണ്ണത കൈവരിക്കാനുള്ള മനുഷ്യ സാധ്യതയും കൂടി നാം കണക്കിലെടുക്കുമ്പോഴാണ് ക്രിസ്തീയ ലാവണ്യശാസ്ത്രം അതിന്റെ സന്തുലിതാവസ്ഥ കൈവരിക്കുന്നത്.
കലയില്‍ നിന്ന് ശുദ്ധവും നിരപേക്ഷവുമായ വിസ്മയവും ആനന്ദമൂര്‍ച്ഛയും അനുഭവിക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞെന്നു വരികയില്ല. എന്നാല്‍ അങ്ങനെയൊരു ശുദ്ധമായ ആനന്ദം (യഹശൈ) ഉണ്ടെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. സന്നിഗ്ദ്ധമായ അവസ്ഥയില്‍ കലാവിഷ്കാരം സംഭവിക്കാന്‍ എപ്പോഴും സാധ്യതയുള്ളതുകൊണ്ട് നന്മയിലേക്കും പ്രകാശത്തിലേക്കും നയിക്കുന്ന മാര്‍ഗ്ഗരേഖകള്‍ കലയ്ക്ക് അനുപേക്ഷണീയമാണ്. ഇവിടെ മനുഷ്യസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല, നിഷേധിക്കപ്പെടരുത്. സാത്വികമായ സ്വാതന്ത്ര്യം അതിന്റെ എല്ലാ സദ്ഭാവങ്ങളിലും സന്നിഹിതമാവുമ്പോള്‍ കല സത്യത്തിലേക്കും നീതിയിലേക്കും സമാധാനത്തിലേക്കും നമ്മുടെ ലോകത്തെ രൂപാന്തരപ്പെടുത്തും.