സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന് വഹിച്ചു. നമ്മുടെ വേദനകളെ അവന് ചുമന്നു. നാമോ, ദൈവം അവനെ ശിക്ഷിച്ചും, അടിച്ചും, ദണ്ഡിപ്പിച്ചും ഇരിക്കുന്നുവെന്നു വിചാരിച്ചു. എന്നാല്‍ അവന് നമ്മുടെ അതിക്രമങ്ങളെ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നുമിരിക്കുന്നു. നമ്മുടെ സമാധാനത്തിനായിട്ടുള്ള ശിക്ഷ അവന്റെ മേലായി. അതിന്റെ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു.
നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ കുരിശുമരണത്തെ സംബന്ധിച്ച് ക്രിസ്തീയ സഭ പില്ക്കാലത്ത് നടത്തിയ വ്യാഖ്യാനങ്ങളില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ചതാണ് യെശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഈ വാക്യങ്ങള്‍. അതിനോടു ചേര്‍ന്നുള്ള മറ്റു പല ഭാഷ്യങ്ങളും ഉണ്ടായി.
യഹോവയുടെ കഷ്ടപ്പെടുന്ന ദാസന് എന്ന പേരില്‍ ഒരു വ്യക്തിയുടെ ചിത്രം യെശയ്യാപ്രവാചകന്‍ വരച്ചുകാണിക്കുന്നുണ്ട്. അതൊരു പ്രതീകമാണ്, അടയാളമാണ് എന്ന് വ്യാഖ്യാനിക്കുന്നവര്‍ ധാരാളമുണ്ട്.
അവനു രൂപഗുണമില്ല, കോമളത്വമില്ല, കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. അവന് മനുഷ്യനാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായി രോഗം ശീലിച്ചവനായിരുന്നു. അവനെ കാണുന്നവന് സ്വന്തം മുഖം മറച്ചുകളയത്തക്കവണ്ണം അവന് നിന്ദിതനായി. നാം അവനെ ആദരിച്ചതുമില്ല. സാക്ഷാല്‍ ന മ്മുടെ രോഗങ്ങളെ അവന് വഹിച്ചു. നമ്മുടെ വേദനകളെ അവന് ചുമന്നു. അവന്റെ അടിപിണരുകളാല്‍ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു.
ക്രിസ്തീയ സഭയുടെ വ്യാ ഖ്യാനത്തില് വളരെ പ്രസക്തമായി സഭ കണ്ടത് യെശയ്യാപ്രവാചകന്‍ കര്ത്താവിന്, ഏതാണ്ട് എഴുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ പ്രവചനം മിശിഹായെക്കുറിച്ചായിരുന്നു, നസ്രായനായ യേശുവിനെക്കുറിച്ചായിരുന്നു.
കര്‍ത്താവിന്റെ യഥാര്‍ത്ഥമായ അനുഭവം നാം സുവിശേഷകന്മാര് നല്കുന്നതനുസരിച്ച് വായിച്ചുനോക്കുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ആശ്ചര്യമായിട്ടുതന്നെ കര്‍ത്താവിന്റെ ജീവിതത്തില്‍ നിറവേറുന്നതായി കാണാം. എന്നാല്‍ അതിന്റെ വ്യാഖ്യാനം അനുസരിച്ച് കര്‍ത്താവിന്റെ ഈ മരണം, കര്‍ത്താവിന്റെ വേദന, അവന്റെ അടിപ്പിണരുകള്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നു, നമ്മുടെ സൗഖ്യത്തിനുവേണ്ടിയായിരുന്നു എന്നാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പാഷന് ഓഫ് ദ ക്രൈസ്റ്റ് എന്ന ഒരു ചിത്രം അമേരിക്കയില്‍ നിന്നും പുറത്തിറക്കി. അത് കഷ്ടാനുഭവ ആഴ്ചയില്‍ വിശുദ്ധ കര്‍മ്മത്തിന്റെ ഭാഗമായിട്ടുതന്നെ അത് കാണുകയും ചെയ്യുന്നതായിട്ട് എനിക്കറിയാം. വളരെ സെന്സേഷന് ഉണ്ടാക്കിയ ചിത്രമായിരുന്നു അത്. കോടിക്കണക്കിന് രൂപ അതില്‍ നിന്നും അതിന്റെ നിര്‍മ്മിതാക്കള്‍ സമ്പാദിക്കുകയും ചെയ്തു. ആ ചിത്രത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കഷ്ടപ്പാടിനെക്കുറിച്ചാണ് കൂടുതലും പറയുന്നത്.
കര്ത്താവിന് ലഭിച്ചതായ പീഡനം, ക്രൂരമായ മര്‍ദ്ദനം, രക്തം, വേദന ഇതെല്ലാം ചിത്രത്തില്‍ ഉടനീളം കാണാം. പല ആളുകളും ആ ചിത്രത്തിന്റെ ഭീകരത, ആ രക്തത്തിന്റെ ചുമപ്പ്, അതിന്റെ പാരമ്യം ഉള്‍ക്കൊള്ളാനാവാതെ, ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയതായും നാം കേട്ടു.
പാശ്ചാത്യ മിഡ്ഡീവല് കാലഘട്ടത്തില്‍ അന്നത്തെ സഭ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ആദ്ധ്യാത്മികതയുടെ ഒരു വലിയ പ്രതിഫലനമാണ് നാം ആ ചിത്രത്തില്‍ കാണുന്നത്.
നമ്മുടെ ധ്യാനവിഷയം കര്‍ത്താവിന്റെ കഷ്ടതയാണ്. കര്‍ത്താവ് ചീന്തിയ രക്തമാണ്, കുരിശില്‍ കര്‍ത്താവ് അനുഭവിച്ച അതിഭീകരമായ ക്രൂരതകളാണ് എന്നു പഠിപ്പിച്ചുകൊണ്ടിരുന്നു.
ക്രിസ്തീയ ധ്യാനം എന്നു പറയുന്നത്, യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നു പറയുന്നത്, ഈ കഷ്ടതയാണ് എന്നുള്ള ഒരു ചിന്ത എല്ലാ ആളുകളും പ്രചരിപ്പി ക്കുകയുണ്ടായി. അതിന്റെ സ്വാധീനത്തില്‍ നമ്മുടെ നാട്ടില്‍ പണിയപ്പെട്ട ദേവാലയങ്ങളിലൊക്കെ കാണപ്പെടുന്നത് ക്രൂശിതരൂപം മാത്രമാണ്. ആ ക്രൂശിന്റെ രൂപത്തെ എത്രയധികം ദയനീയമാക്കാമോ, കര്‍ത്താവിന്റെ മുഖം എത്രമാത്രം വികൃതമാക്കാമോ, അങ്ങനെയൊക്കെയായിരുന്നു പല ചിത്രകാരന്മാരും ശില്പികളും കലാകാരന്മാരും ശ്രമിച്ചുപോന്നതും, അതിന് അംഗീകാരം നല്കിയതും. എന്നാല്‍ പൗരസ്ത്യ സഭയുടെ ഉപദേശം അനുസരിച്ച് ഒരു പ്രധാനപ്പെട്ട ചോദ്യം ഇവിടെ ഉന്നയിക്കുന്നു.
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശാരീരികമായ വേദനയുടെ തീവ്രതയാണ് ന മ്മുടെ രക്ഷയ്ക്ക് ആധാരമായിതീര്ന്നത്. കര്‍ത്താവ് അനുഭവിച്ച ആ ദുഃഖത്തിന്റെ കാഠിന്യമാണ് യഥാര്‍ത്ഥത്തില്‍ നമ്മെ രക്ഷിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
പ്രസിദ്ധനായ ഒരു യഹൂദ റാബ്ബി ഇരുപതാം നൂറ്റാണ്ടില്‍ പറഞ്ഞു, യേശുക്രിസ്തുവിന്റെ കഷ്ടാനുഭവത്തിലാണ് ലോകത്തിന്റെ രക്ഷയെങ്കില്‍ കര്‍ത്താവ് അനുഭവിച്ച കഷ്ടതയേക്കാള്‍ പതിന്മടങ്ങ് അനുഭവിക്കുന്ന ധാരാളം ആളുകള്‍ ലോകത്തിലുണ്ട്. യഹൂദ റാബ്ബി അത് പറഞ്ഞത് രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ നാസികള്‍ നടത്തിയ നരവേട്ടയുടെ, വംശഹത്യയുടെ അടിസ്ഥാനത്തിലാണ്. ഏതാണ്ട് അറുപതു ലക്ഷം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. അവരെ വെടിവച്ചു, വിഷം കൊടുത്തു, ചുട്ടെരിച്ചു. അതില്‍ അമ്പതു ലക്ഷത്തോളവും യഹൂദന്മാരായിരുന്നു. യഹൂദന്മാരു ടെ ജനസംഖ്യത്തില്‍ മൂന്നില്‍ രണ്ടും ഈ മനുഷ്യഹത്യയില്‍ ഇല്ലാതായി എന്നത് ചരി ത്രം സാക്ഷിക്കുന്നതാണ്. അവര്‍ കൊല്ലപ്പെട്ടു എന്നു മാത്രമല്ല, അനേക മാസക്കാലം, കൊല്ലക്കാലം നാസികളുടെ കോണ്സണ്ട്രേഷന് ക്യാമ്പുകളില്‍ അനുഭവിച്ച അതിഭീകരമായ കഷ്ടതകളെക്കുറിച്ച് ചരിത്രം നമുക്കു കാണിച്ചുതരുന്നുണ്ട്.
ഇരുപത്തിയാറാം വയസ്സില്‍ പോളണ്ടിലെ ഒരു കോണ്സണ്ട്രേഷന് ക്യാമ്പ് കാണുവാന്‍ എനിക്കു കഴിഞ്ഞു. അതുവരെ മനുഷ്യന്റെ നന്മയെക്കുറിച്ചും ദൈവത്തിന്റെ സ്വരൂപം മനുഷ്യനില്‍ ഉള്ളതുകൊണ്ടും മനുഷ്യന് ആത്യന്തികമായി നന്മയുള്ളവനുമായിരിക്കുമെന്നു വിശ്വസിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. കോണ്സണ്ട്രേഷന് ക്യാമ്പ് കണ്ടതിനുശേഷം അനേക രാത്രികളോളം എന്റെ ഉറക്കം മുറിയപ്പെട്ടു. എനിക്ക് പേടിസ്വപ്നങ്ങളുണ്ടായി. എന്റെ മാനസിക നില അപകടത്തിലാകുമോ എന്നുവരെ ഞാന്‍ സംശയിച്ചു. ഇന്നും അതിന്റെ ഓര്‍മ്മകള്‍ ഒരു പേടിസ്വപ്നമായി എന്നില്‍ അവശേഷിക്കുന്നു.
ജോണ്‍ പോള്‍ മാര്‍ പാപ്പായുടെ ഭദ്രാസനത്തിലായിരുന്നു പ്രസിദ്ധമായ ഈ കോ ണ്സണ്ട്രേഷന് ക്യാമ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് അവിടെവച്ചാണ്. വേറെയുമുണ്ടായിരുന്നു കോണ്സണ്ട്രേഷന് ക്യാമ്പുകള്‍. അവിടെയുള്ളത് വെള്ളനിറമുള്ള നല്ല മണലാണ് – അതുകാണുമ്പോള്‍ നമ്മള് വിചാരിക്കും. എന്നാല്‍ അത് കൈയിലെടുത്തു നോക്കുമ്പോള്‍ എല്ലിന്റെ ചെറിയ കഷണങ്ങളാണെന്ന് മനസ്സിലാകും.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും, ഇത്രയേറെ വര്‍ഷങ്ങളായിട്ടും, ആ കോണ്‍ സണ്‍ട്രേഷന്‍ ക്യാമ്പിന്റെ ചുറ്റുപാടും പരന്നിരിക്കുന്നത് മനുഷ്യന്റെ അസ്ഥിയുടെ നേരിയ കഷണങ്ങളാണ്. ശവശരീരങ്ങള്‍ കൊണ്ട് ഒരു കുളം നിറയെ മൂടിയിരുന്നു. അത്ര ഭീ കമായ ഒരു നരഹത്യ ഏറ്റവും പരിഷ്കൃതമായ ഒരു രാജ്യത്ത്, വളരെ ഉന്നതരായ ആളുകളെന്നു വിചാരിക്കുന്നവരില്‍ നിന്ന് ഉണ്ടായി എന്നുള്ളത് വളരെയേറെ ദുഃഖവും മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്ന കാര്യമാണ്. ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ് റാബ്ബി പറഞ്ഞത് യേശുക്രിസ്തുവിന്റെ ബാഹ്യമായ കഷ്ടപ്പാട്, ശാരീരികമായ വേദന, അതാണോ മനുഷ്യരുടെ രക്ഷയുടെ മാനദണ്ഡം.
ഇന്നു പല സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍, പല ജയിലറകളി ല്‍ ചെന്നു നോക്കിയാല്‍ ദുഃഖത്തിന്റെ പല കഥകളും കേള്‍ക്കാം. മാനസിക രോഗികള്‍ക്കുവേണ്ടിയുള്ള ആശുപത്രികളില്‍ ദുഃഖം ഘനീഭവിച്ച മനുഷ്യ രൂപങ്ങളെ കാണാം. ആശ്രുപത്രിയില്‍, കാന്‍സര്‍ വാര്‍ഡുകളില്‍, എയ്ഡ്സ് ബാധിച്ചിരിക്കുന്ന ആളുകളില്‍ ഒക്കെ ഈ ദുഃഖം ഇന്നും തളംകെട്ടി നില്ക്കുന്നു.
പലപ്പോഴും ഇതൊക്കെ മറന്നിട്ട് കര്‍ത്താവിന്റെ ശാരീരികമായ പീഡനത്തിലാണ് രക്ഷയെന്ന് കരുതുന്നു. പലപ്പോഴും പ്രസംഗിക്കുന്നവര്‍ ആ പീഡനത്തിന്റെ ഓരോ വശവും എണ്ണിയെണ്ണി പറയുന്നത് കേള്‍ക്കാം. അതു തന്നെയാണ് പാഷന് ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ അതിന്റെ സംവിധായകന് ഉള്‍പ്പെടുത്തിയതും.
സഭ പറയുന്നത് അതു മാത്രമല്ല, ദൈവം നമുക്കുവേണ്ടി, നമ്മോടൊപ്പം നമ്മുടെ പരീക്ഷകളിലും കഷ്ടാനുഭവങ്ങളിലും പങ്കുചേര്‍ന്നു എന്നുള്ളതാണ് നമ്മുടെ രക്ഷയ്ക്ക് ആധാരമാകുന്നത്. കര്ത്താവിനെപ്പോലെയോ, കര്ത്താവിനെക്കാളുമോ വളരെ തീവ്രമായ വേദന അനുഭവിക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു, ഇന്നും ന മ്മുടെ ലോകത്തിലുണ്ട്.
നമ്മുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. നമ്മുടെ പരീക്ഷണങ്ങളില്‍ നമ്മോടു കൂടിനിന്നു. നമ്മുടെ വേദനകളെ അവന് ചുമന്നു. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നിരിക്കുന്നു.
ദൈവം മനുഷ്യനായി തീര്‍ന്നു എന്നുള്ളതാണ് അടിസ്ഥാനപരമായ കാര്യം. അതില്‍ നിന്നാണ് മറ്റെല്ലാ കാര്യങ്ങളും ഉത്ഭവിക്കുന്നത്. ദൈവം നമ്മുടെ വേദനകളെ ഏറ്റെടുത്തു. കുരിശിലെ കര്‍ത്താവിന്റെ വേദന, മനുഷ്യന്റെ വേദനയായിരുന്നു. നിഷ്കളങ്കനായ ക്രിസ്തുവിന്റെ ദുഃഖം, നിഷ്കളങ്കരായ എല്ലാ മനുഷ്യരുടെയും, പാപികളായ മനുഷ്യരുടെയും ദുഃഖമായിരുന്നു എന്നുള്ളതാണ്. രണ്ടാമതായിട്ട്, നമ്മില്‍ കണ്ടുവരുന്ന ഒരു പ്രവണത, കര്‍ത്താവിന്റെ കഷ്ടാനുഭവം നമ്മള് വളരെ സ്വാര്ത്ഥപരമാ യ രീതിയില്‍, വളരെ വ്യക്തിപരമായ രീതിയില്‍ ധ്യാനിക്കുന്നതിനുള്ള ഒന്നാണ്. കര്‍ത്താവിന്റെ കഷ്ടാനുഭവമായുള്ള ധ്യാനം വ്യക്തിപരമായ ആശ്വാസം നല്‍കും. നാം തന്നെ കഷ്ടാനുഭവത്തിലൂടെ കടന്നുപോകുന്നു. വേദനയിലൂടെ, മാനസികമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും കര് ത്താവിന്റെ കഷ്ടാനുഭവം വ്യക്തിപരമായ ആശ്വാസം നല്‍കും. അവരുടെ കഷ്ടപ്പാടുകളെ പുതിയ ഒരു വെളിച്ചത്തി ല്‍ കാണുന്നതിന് അത് സ ഹായിക്കുകയും ചെയ്യും. അതുകൊണ്ട് അത് അവസാനിപ്പിക്കണമെന്ന് സഭ ഒരിക്കലും പഠിപ്പിക്കുന്നില്ല. നമ്മുടെ വ്യക്തിപരമായ ദുഃഖത്തിന് ഹിതമായിട്ട് ഈ ലോകത്തിന്റെ ദുഃഖത്തെ കാണാന്‍, അതിനെ നമ്മുടെ ഹൃദയങ്ങളില്‍ വഹിക്കുവാന്‍, അതുമായ പങ്കുവയ്ക്കവാനുള്ള നമ്മുടെ സന്നദ്ധതയാണ് ഏറ്റവും പ്രധാനമെന്നും സഭ പഠിപ്പിക്കുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും പ്രസിദ്ധനായി തീര്‍ന്നയാളാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി. വളരെ ആളുകള്‍ ആചാര്യനായി ആരാധിക്കുന്ന ഒരാളാണ്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞ രസകരമായ ഒരു വ്യാഖ്യാനം സുവിശേഷത്തില്‍ പറഞ്ഞു.
ക്രിസ്ത്യാനികള്‍ കുരിശു വരയ്ക്കുമ്പോള്‍ അവര്‍ക്കു തന്നെ അറിയാന്‍ പാടില്ലാത്ത ഒരു സംഗതിയുണ്ട്, വെര്ട്ടിക്കലായിട്ടു വരയ്ക്കുന്ന വര ഈഗോയുടെ അടയാളമാണ്. സ്റ്റാന്‍ ഫോര്‍ ഐ – ഈഗോ. ഇടത്തു നിന്നു വലത്തേക്ക്, ഒരു തിരശ്ചീന രേഖ വരയ്ക്കുമ്പോള്‍ അഹം എന്ന ഭാവത്തെ മുറിച്ചുകളയുകയാണ്. ക്രിസ്തീയ പാരമ്പര്യത്തിന് യോജിക്കുന്ന ഒരു വ്യാഖ്യാനമാണത്. നമ്മുടെ എല്ലാ സ്വാ ര്ത്ഥതയെയും, നമ്മുടെ അഹത്തോടുള്ള വലിയ മമതയേയും ഞാനെന്നുള്ള ഭാവത്തെയും നിരാകരിക്കുന്നു, നിഷ്കാസനം ചെയ്യുന്ന ഒരനുഭവമാണ് യേശുവിന്റെ കുരിശ് എന്ന് പറയുമ്പോള്‍ സ്വീകാര്യമാണെന്നു തോന്നുന്നു.
അന്ത്യോഖ്യയിലെ മാര്‍ സേവേറിയോസിന്റെ പേരില്‍ ലഭിച്ചിട്ടുള്ള ഒരു വ്യാഖ്യാനം എ ല്ലാവര്ക്കും അറിയാം. ഇപ്പോള്‍ പുസ്തകങ്ങളില്‍ അത് കാണുന്നില്ല. കുരിശു വരയുടെ സാംരംശം എന്നു പറഞ്ഞ് പ്ര സ്താവിച്ചിരിക്കുന്ന ആ വാക്യത്തില്‍ ത്രിത്വത്തില്‍ രണ്ടാമനായ ദൈവത്തിന്റെ ഏക ജാതനായ ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നമ്മുടെ രക്ഷയ്ക്കുവേണ്ടി എന്നതിന്റെ അടയാളമായി നെറ്റിയില്‍ നിന്ന് നെഞ്ചിലേക്കും, ഇടത്തേതിന്റെ മക്കളായിരുന്ന നമ്മെ വലത്തേതിന്റെ മക്കളായി തീര്ത്തതിനുവേണ്ടി ഇടത്തെ തോളില്‍ നിന്ന് വലത്തേ തോളിലേക്കും നാം കുരിശു വരയ്ക്കുന്നു എന്ന് അന്ത്യോഖ്യയിലെ മാര്‍ സേവേറിയോസ് പറയുന്നു.
ഇത് പരസ്ത്യ പാരമ്പര്യത്തിന്റെ അടിസ്ഥാനപരമായ ഒരു സിദ്ധാന്തമാണ്. അവിടെയും ഞാനല്ല, കേന്ദ്രമായി നില്‍ക്കുന്നത്. ഞാനെന്ന ഭാവമല്ല, നമ്മുടെ രക്ഷയ്ക്കുവേണ്ടി, ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നു. അന്ധകാരത്തിന്റെ മക്കളായിരുന്ന, തിന്മയ്ക്ക് അധീനരായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ വലത്തേതിന്റെ, ദൈവത്തിന്റെ മക്കളായി മാറ്റുന്നുവെന്നാണ്. ഞാനെന്ന വ്യക്തി അതില്‍ ഉള്‍പ്പെടുന്നുണ്ട്. പക്ഷെ,എനിക്കുവേണ്ടി മാത്രമല്ല. ലോകത്തിന്റെ മുഴുവന്‍ രക്ഷയെക്കുറിച്ചുമാണ് പറയുന്നത്. അടുത്തകാലത്തായി കൂട്ടായ്മകളിലൊക്കെ കേട്ടുവരുന്നത് ഈ വ്യാഖ്യാനമല്ല.
(ഓര്‍ത്തഡോക്സ് സെമിനാരി ചാപ്പലില്‍ 2008-ലെ ദുഃഖവെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം. സമ്പാദകന്‍: ജോര്‍ജ് തഴക്കര, റസിഡണ്ട് എഡിറ്റര്‍, ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്)