നിത്യനരകമുണ്ടോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്

peerumed-march-2021-06
1. എല്ലാ മതങ്ങളിലും സ്വര്‍ഗ്ഗം, നരകം എന്ന ആശയങ്ങളുണ്ട്. ഭാഗവത പുരാണം പോലുള്ള ഹിന്ദു പുരാണങ്ങളില്‍ നിരവധി നരകങ്ങളെക്കുറിച്ച് വിവരിച്ചു പറയുന്നു. ഓരോ തെറ്റിന്‍റെയും സ്വഭാവവും കാഠിന്യവും അനുസരിച്ച് ഓരോ തരം നരകമാണ് വിധിച്ചിരിക്കുന്നത്. മനുഷ്യര്‍ നന്മയേക്കാള്‍ അധികം തിന്മയെ ഇഷ്ടപ്പെടുന്നു എന്ന പൊതു ധാരണ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്നതുകൊണ്ട് പാപം ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടെന്നും നന്മ ചെയ്യുന്നവര്‍ക്ക് സന്തോഷകരമായ പ്രതിഫലം ലഭിക്കുമെന്നും സാര്‍വ്വലൗകികമായി മതങ്ങള്‍ പഠിപ്പിക്കുന്നു. ശിക്ഷയെ ഭയമില്ലെങ്കില്‍ മിക്ക മനുഷ്യരും തിന്മയിലേക്ക് ചായും എന്നുള്ളതുകൊണ്ടാണ്, ക്രിസ്തീയ വേദവും പ്രകാശമണവറയായ സ്വര്‍ഗ്ഗത്തെക്കുറിച്ചും, ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തെക്കുറിച്ചും ഒരേ സമയം പഠിപ്പിക്കുന്നത്. ഒരു രാജ്യത്തിന്‍റെ ക്രിമിനല്‍ നിയമങ്ങളില്‍ കാണുന്ന ശിക്ഷാക്രമം മതങ്ങള്‍ പഠിപ്പിക്കുന്ന “നരക” ശിക്ഷയുടെ ലഘുവായ സെക്കുലര്‍ രൂപമാണ്. അടിപിടിയും ചെറു മോഷണവും തുടങ്ങി നരഹത്യ വരെയുള്ള കുറ്റങ്ങള്‍ക്ക് ഓരോന്നിന്‍റെയും ഗൗരവമനുസരിച്ചുള്ള ശിക്ഷകളാണല്ലോ നല്‍കുന്നത്. ഭരണ സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീനല്‍ കോഡില്ലാത്ത ഒരു രാജ്യവും ഒരു മതവും ഒരു സംഘടനയും ഇതുവരെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കാരണം, ഒരു വ്യക്തി ചെയ്യുന്ന തെറ്റുകള്‍ എപ്പോഴും സമൂഹത്തെ ബാധിക്കുന്നു. സമൂഹത്തിന്‍റെ സുസ്ഥിതിക്കും നിലനില്‍പ്പിനും ക്ഷേമത്തിനും വേണ്ടിയാണ് ശിക്ഷാനിയമങ്ങള്‍.

2. നരകം അഥവാ ശിക്ഷ എന്ന സങ്കല്‍പ്പത്തിന്‍റെ മൂലകാരണം മനുഷ്യന്‍റെ പാപം അഥവാ പാപത്തിലേക്കുള്ള ചായ്വാണ്. ‘പാപത്തിന്‍റെ ശമ്പളം മരണമാണ്’ എന്ന് പൗലോസ് ശ്ലീഹാ പറയുന്നത് ഒരു പൊതുതത്വം എന്ന നിലയിലാണ്. ക്രിസ്തീയ വിശ്വാസ പാരമ്പര്യത്തില്‍, പാപത്തിനുള്ള ഏക മറുമരുന്ന് സ്നേഹമാണ്. പാപിയെ സ്നേഹിക്കുക, സ്നേഹം മൂലം പാപമാകുന്ന രോഗത്തില്‍ നിന്ന് സൗഖ്യമാക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് ഈ മറുമരുന്നിന്‍റെ രീതി. ശിക്ഷയല്ല, ആദ്യത്തെ നടപടി. ഇപ്പോള്‍ ചില ആധുനിക രാഷ്ട്രങ്ങളും കുറ്റവാളികളെ നല്ല സാഹചര്യവും സ്വാധീനവും കൊണ്ട് മാറ്റിയെടുക്കാമോ എന്ന പരീക്ഷണം നടത്തിക്കൊണ്ടിരിക്കയാണ്. ജയില്‍ ശിക്ഷാ സമ്പ്രദായത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുറ്റവും ശിക്ഷയും സംബന്ധിച്ചുള്ള പുതിയ കാഴ്ചപ്പാടിന് ഒരളുവരെ ക്രിസ്തീയ ദര്‍ശനം പ്രചോദനം നല്‍കിയിട്ടുണ്ട്.

3. യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യവര്‍ഗ്ഗത്തോട് കാണിച്ചത് ഈ സ്നേഹമാണ്. കുരിശിലെ മരണത്തോളം സ്വയം ത്യജിക്കുന്ന മനുഷ്യസ്നേഹമാണ് ദൈവത്തിന്‍റെ സ്വഭാവമായി ക്രിസ്തു പ്രകടിപ്പിച്ചത്. എല്ലാ ശിക്ഷയെക്കാളും, ശിക്ഷയെക്കുറിച്ചുള്ള ഭയത്തെക്കാളും തെറ്റു ചെയ്യുന്ന ഒരാളെ രൂപാന്തരപ്പെടുത്തുന്നത് ഈ സ്നേഹമാണ്. അതുകൊണ്ടാണ്, ആത്യന്തികമായി ദൈവത്തിന്‍റെ സ്നേഹവും കരുണയുമാണ് നിലനില്‍ക്കുന്നത്, നിത്യനരകമല്ല എന്ന് ചില സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. നിനവേയിലെ വിശുദ്ധ ഇസഹാക്ക് (7-ാം നൂറ്റാണ്ട്) ദൈവസ്നേഹത്തെക്കുറിച്ചും ആര്‍ദ്രകരുണയെക്കുറിച്ചും ആഴമായി ബോധവാനാകുമ്പോള്‍ സാത്താനു അനുതാപം ഉണ്ടാവാന്‍ വേണ്ടിപ്പോലും പ്രാര്‍ത്ഥിക്കുന്നുണ്ട്. അതായത് ദൈവത്തിന്‍റെ അപരിമേയ സ്നേഹത്തിന് പുറത്തോ വിരുദ്ധമായോ ഒന്നും ഉണ്ടാവാന്‍ പാടില്ല. എല്ലാ തിന്മയും ഉച്ചാടനം ചെയ്യപ്പെടണം. ഇരുട്ട് നിശ്ശേഷം മാറി സ്നേഹത്തിന്‍റെ വെളിച്ചം സമ്പൂര്‍ണ്ണമായി സൃഷ്ടിയെ മുഴുവന്‍ പ്രകാശിപ്പിക്കണം. കുറ്റവും ശിക്ഷയും ഇല്ലാത്ത ഒരു വ്യവസ്ഥയാണ് ദൈവരാജ്യത്തിന്‍റെ അവസ്ഥ.

4. സ്നേഹിക്കയും ന്യായം വിധിക്കുകയും രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വേദപുസ്തകം പറയുന്നത്. യഹൂദ ചിന്തയില്‍ ന്യായാധിപനായ ദൈവം എന്ന സങ്കല്‍പ്പത്തിനു മുന്‍തൂക്കമുണ്ടെങ്കിലും ദൈവം മഹാ കാരുണ്യവാനാണ് എന്നും അതേ ശബ്ദത്തില്‍ അവിടെ പറയുന്നു. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തില്‍, സ്നേഹമൂര്‍ത്തിയായ ദൈവം മനുഷ്യനോട് ക്ഷമിക്കുകയും ആര്‍ദ്ര കരുണ കാണിക്കുകയും, തിരിച്ചുവരുന്നവരെ പിതൃസ്നേഹത്തോടെ സ്വീകരിക്കയും ചെയ്യുന്നു. മുടിയനായ പുത്രനേയും പാപിനിയായ സ്ത്രീയെയും മഹാകരുണയോടെ സ്വീകരിക്കയും ശത്രുക്കളോട് ക്ഷമിക്കയും, തന്നെ ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, “പാപിനികളോടും ചുങ്കക്കാരോടും കൂടി” ജീവിച്ച് അവരെ നന്മയിലേക്ക് തിരിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് യേശു കാണിച്ചു തന്നത്. അതുകൊണ്ട് തെറ്റിന് ശിക്ഷയില്ല എന്നു കര്‍ത്താവ് പഠിപ്പിച്ചില്ല. എന്നാല്‍ അനുതപിച്ച് തെറ്റ് തിരുത്തി വരുന്നവര്‍ക്ക് എപ്പോഴും ദൈവരാജ്യത്തില്‍ പ്രവേശനമുണ്ട്.

5. യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നു. “എന്‍റെ വാക്കു കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. അവന്‍ ന്യായവിധിയില്‍ഉള്‍പ്പെടാതെ മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു” (5:24). അപ്പോള്‍ അങ്ങനെയൊരു സാദ്ധ്യതയുമുണ്ട്. പൂര്‍ണ്ണമായി ക്രിസ്താനുരൂപികളാകുന്നവര്‍ അന്തിമ ന്യായവിസ്താരത്തിലൂടെ കടക്കാതെ തന്നെ ജീവന്‍റെ പ്രകാശത്തിലേക്ക് പ്രവേശിക്കുന്നു. പ. കന്യകമറിയാമിനെക്കുറിച്ചുള്ള സഭയുടെ ഉപദേശം അങ്ങനെയാണ്. ഓരോരുവനും സ്വയം ന്യായം വിധിക്കുകയാണെന്നു കര്‍ത്താവ് സൂചിപ്പിക്കുന്നു. വെളിച്ചം കണ്ടിട്ട് അതിലേക്ക് വരാതെ, സ്വയം കണ്ണടച്ച് ഇരുട്ട് സ്വയം നടത്തുന്ന ന്യായവിധിയാണ്.

6. യേശുക്രിസ്തു സൗഖ്യദാതാവായിട്ടാണ് ലോകത്തില്‍ വന്നത്. പാപത്തെ രോഗമായിട്ടാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യം പഠിപ്പിക്കുന്നത്. കുറ്റം-ന്യായവിധി-ശിക്ഷ എന്ന നിയമ നടപടിക്രമമല്ല, ക്രിസ്തീയ സഭയില്‍ പിന്തുടരേണ്ടത്, രോഗം-ചികിത്സ-സൗഖ്യം എന്ന സൗഖ്യദായക മനോഭാവമാണ്. അതുകൊണ്ട് ദൈവത്തെ ന്യായാധിപനും ജയിലറും ആരാച്ചാരുമായി കാണുന്ന രീതിയല്ല, മറിച്ച് നല്ല വൈദ്യനും സൗഖ്യദായകനും രക്ഷിതാവുമായി കാണാനാണ് ക്രിസ്തുവിന്‍റെ സുവിശേഷവും അതില്‍ ഊന്നിയ ഓര്‍ത്തഡോക്സ് പാരമ്പര്യവും പഠിപ്പിക്കുന്നത്. ദൈവസ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും അടിയുറച്ച ബോധ്യമുള്ള ഒരാള്‍ക്ക് ഒരിക്കലും നിത്യനരകമെന്ന ഭയം ചിന്തയില്‍പ്പോലും വരികയില്ല. സ്നേഹത്തിന് ഭയമില്ല. പൂര്‍ണ്ണ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയം ശിക്ഷയോടാണ് ബന്ധപ്പെട്ടിരിക്കുന്നത് (1 യോഹ. 5:18).

7. മനുഷ്യ സ്വാതന്ത്ര്യത്തിന് പൗരസ്ത്യ ക്രിസ്തീയ സഭ അതീവ പ്രാധാന്യം നല്‍കുന്നു. തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനു മാത്രമേയുള്ളു. ആ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ സ്വര്‍ഗമോ നരകമോ സ്വയം സൃഷ്ടിക്കാന്‍ കഴിയും. “നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ” എന്ന കവി വചനം ഈ സ്വാതന്ത്ര്യത്തെ കുറിക്കുന്നു. സ്വര്‍ഗ്ഗം, നരകം എന്നിവ ആക്ഷരികമായി സഭ എടുക്കുന്നില്ല. സ്ഥലകാലങ്ങള്‍ക്കതീതമായ “അവസ്ഥ”യെ വിവരിക്കാന്‍ ഇപ്പോള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് അസാദ്ധ്യമാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് ഇപ്പോള്‍ മനസ്സിലാകുന്ന വാങ്മയ ചിത്രങ്ങളാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്നത് എന്നു മാത്രം.