സ്പര്‍ശനത്തിന്‍റെ സൗഖ്യവും സൗന്ദര്യവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 17

peerumed-march-2021-07

അറുപത്തഞ്ച് കഴിഞ്ഞ ചില ദമ്പതികളെ അറിയാം. അവര്‍ക്ക് വിദേശങ്ങളില്‍ പേരക്കുട്ടികള്‍ ജനിച്ചിട്ടുണ്ട്. അവിടെ പോയി കുഞ്ഞുങ്ങളെ കാണാനും താലോലിക്കാനും ടിക്കറ്റ് ബുക്കു ചെയ്തവരുമുണ്ട്. അപ്പോഴാണ് കൊറോണ വൈറസിന്‍റെ വരവ്. യാത്രയൊക്കെ മുടങ്ങി. അവര്‍ക്കൊക്കെ വലിയ നിരാശ ഉണ്ടായെങ്കിലും ആധുനിക മാധ്യമവിദ്യ ഒരളവുവരെ അവരെ സഹായിച്ചു. അതുകൊണ്ട് രാവിലെയും വൈകിട്ടും വാട്ട്സാപ്പ്, സ്കൈപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് അവര്‍ പേരക്കുട്ടികളോട് കിന്നാരം പറയുകയും അവരെ തൊടാതെ തൊടുകയും ചെയ്യുന്നത് ശീലമാക്കി. മൊബൈല്‍ സ്ക്രീനിലൂടെ നിരന്തരം കാണുന്നതുകൊണ്ട് ആ കുഞ്ഞുങ്ങള്‍ക്ക് വെര്‍ച്ച്വല്‍ ലാളന ഏറ്റുവാങ്ങാനും അറിയാം. തീര്‍ച്ചയായും നല്ല കാര്യം. എന്നാല്‍ പേരക്കുട്ടികളെ എടുത്ത് മാറോടണയ്ക്കാനും അവര്‍ക്ക് ഉമ്മ കൊടുക്കാനും അവരുടെ പരിമൃദുലമായ ശരീരത്തില്‍ തൊട്ടുതലോടാനും സാധിക്കുന്നില്ലല്ലോ എന്ന കുണ്ഠിതം ബാക്കി.

സ്പര്‍ശനത്തിന് മറ്റെല്ലാ ഇന്ദ്രിയങ്ങളേക്കാളും മൂപ്പുണ്ട്. കാരണം കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ സ്പര്‍ശനം അനുഭവിക്കുന്നു. മറ്റ് എല്ലാ ഇന്ദ്രിയങ്ങളും ജനനത്തിനു ശേഷമാണല്ലോ സജീവമാകുന്നത്. സാധാരണഗതിയില്‍ ഓരോ ശിശുവിനെയും തൊട്ടുഴിയുന്നത് അമ്മയുടെ ശരീരം മാത്രമല്ല, നിറഞ്ഞ വാത്സല്യവും കുടുംബാംഗങ്ങളുടെ സ്നേഹസ്പര്‍ശനങ്ങളുമാണ്. സ്നേഹാമൃതം ചുരത്തുന്ന അമ്മയുടെ മാറിടത്തില്‍ ചേര്‍ന്നിരുന്ന്, തന്നെ സംരക്ഷിക്കുന്ന കൈകളുടെ ചൂടറിഞ്ഞ് വളരുന്ന കുട്ടികളുടെ അബോധമനസ്സില്‍ ഇത് ആഴമായ മുദ്ര പതിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ഇത്തരം ആര്‍ദ്ര സ്പര്‍ശനത്തിന് ഉള്ളത്. മനുഷ്യര്‍ പ്രായമായാലും അവരുടെ ഉള്ളിന്‍റെ ഉള്ളില്‍ ഈ ആദ്യ സ്പര്‍ശനത്തിന്‍റെ മൃദുലഭാവങ്ങള്‍ ഉറങ്ങിക്കിടക്കും.

അതുകൊണ്ട് പരുഷമായ വാക്കുകള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. അവ പറയുന്നവര്‍ക്കു പോലും. പരുക്കന്‍ പ്രതലങ്ങളില്‍ ഇരിക്കാനും കിടക്കാനും നമുക്ക് ഇഷ്ടമില്ല. ഇവയൊക്കെ നിര്‍ബന്ധിതമായി അനുഭവിക്കേണ്ടിവരുന്നത് ജയിലിലാണെന്നാണ് നമ്മുടെ പൊതു ധാരണ. എന്നാല്‍ ജയിലിനു പുറത്താണെങ്കിലും ദയനീയമായ സാഹചര്യങ്ങള്‍ നിമിത്തം ആട്ടും ചീത്തയും കേള്‍ക്കാനും, വെറും പരുക്കന്‍ ചുറ്റുപാടുകളില്‍ കഴിയാനും നിര്‍ബന്ധിതരാവുന്ന കോടാനുകോടി മനുഷ്യരും നമ്മുടെ ലോകത്തിലുണ്ട്. ഇംഗ്ലീഷില്‍ രീാളീൃേ ്വീില എന്നു പറയുന്ന സുഖകരമായ അന്തരീക്ഷമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് കഴിവുണ്ടെങ്കില്‍ മെത്തയും വിരിപ്പും അതീവ മാര്‍ദ്ദവമുള്ളതാക്കാനും നമ്മെ സ്നേഹിക്കുന്നവരാല്‍ വലയം ചെയ്യപ്പെടാനും മനുഷ്യരെല്ലാം പൊതുവെ കാംക്ഷിക്കുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലാണെങ്കിലും, ദാമ്പത്യബന്ധത്തിലാണെങ്കിലും ഗുരു-ശിഷ്യ ബന്ധത്തിലാണെങ്കിലും സ്നേഹത്തിന്‍റെ ഒരു തലോടലും കരുണാര്‍ദ്രമായ ഒരു വാക്കുകൊണ്ടുള്ള ഉഴിച്ചിലും ഒരു ശിശുവിന് ലഭിക്കുന്ന ആദ്യ സ്പര്‍ശനത്തിന്‍റെ വികസിത രൂപങ്ങളാണ്. സ്നേഹമില്ലാത്ത എല്ലാ സ്പര്‍ശനവും പീഡനം എന്ന വകുപ്പില്‍ പെടുത്താം.

കാഴ്ചയ്ക്കും കേള്‍വിക്കും പ്രാമുഖ്യമുള്ള ഒരു സാംസ്കാരിക പരിതോവസ്ഥയിലാണ് നാം ജീവിക്കുന്നത്. പ്രായോഗികമായി കണ്ണും കാതുമാണ് മനുഷ്യനുള്‍പ്പെടെയുള്ള മിക്കജന്തുക്കളും പ്രാഥമികമായി ഉപയോഗിക്കുന്നത്. ഭക്ഷണം തേടാനും ഇണയെ കണ്ടെത്താനും ശത്രുവിനെ തിരിച്ചറിയാനും ഈ രണ്ട് ഇന്ദ്രിയങ്ങള്‍ അവരെ സഹായിക്കുന്നു. പക്ഷിമൃഗാദികളെ സംബന്ധിച്ച് ഇതിനപ്പുറത്തുള്ള ഇന്ദ്രിയങ്ങള്‍ സുപ്രധാനമാണെങ്കിലും, മനുഷ്യനെ സംബന്ധിച്ച് ദൃശ്യ-ശ്രാവ്യ സംസ്കാരം ഏതാണ്ട് അലംഘനീയമായ നിയമമാണ്. അതുകൊണ്ട് അത് മനുഷ്യരുടെ ലാവണ്യബോധത്തിലേക്കും സ്വാഭാവികമായും പടര്‍ന്നു. സംഗീത-നൃത്ത-നാടക-ചിത്ര-ശില്പ കലകളാണ് പൊതുവെ എല്ലായിടത്തും മുഖ്യധാരാ കലാരൂപങ്ങളായി കാണുന്നത്. ഇവിടെയൊന്നും സ്പര്‍ശനം അനുപേക്ഷണീയമല്ല.

എന്നാല്‍ ദൃശ്യകലകളില്‍ ഒരു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങളും ശില്പങ്ങളും സൂക്ഷിക്കുന്ന മ്യൂസിയങ്ങളില്‍ ‘തൊടരുത്’ എന്ന നിരോധന വാക്ക് എഴുതി വച്ചിരിക്കുന്നത് കാണാം. പ്രശസ്ത കലാകാരന്മാരുടെ ശില്പങ്ങളിലും ചിത്രങ്ങളിലും ദിവസവും നൂറുകണക്കിന് ആളുകള്‍ തൊട്ടാല്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിയാം. ഭംഗിയായി വെട്ടിനിര്‍ത്തിയിരിക്കുന്ന തോട്ടങ്ങളിലെ പുല്‍പ്പരപ്പുകളില്‍ ‘ചവിട്ടരുത്’ എന്ന നിരോധനവും കാണാം. അടുത്തകാലത്ത് കലാസ്വാദകനായ ജീവന്‍ എന്ന യുവാവിനോടൊപ്പം ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയം കാണാന്‍ ചെന്നപ്പോള്‍ ഒരു ജാപ്പനീസ് കലാകാരിയുടെ സൃഷ്ടി കണ്ടു. പ്രദര്‍ശനഹാളിന്‍റെ തറയില്‍ അത് വിരിച്ചിരിക്കുകയാണ്. അവിടെ ‘ഇതിന്മേല്‍ ചവിട്ടാം’ എന്നൊരു നോട്ടീസും ഉണ്ട്. ചിത്ര-ശില്പ കലകളിലെ ഏറ്റവും പുതിയ പ്രവണതയ്ക്ക് “Immersive Art” എന്നാണ് പറയുന്നത്. ഇതൊരുതരം കലയിലെ ‘മുങ്ങിക്കുളി’യാണ്. ഇതുവരെ, അകലംപാലിച്ച്, ഒരു വസ്തുവെന്ന നിലയില്‍ നാം കണ്ടിരുന്ന കലാസൃഷ്ടികളില്‍ ഇനി നമുക്ക് മേഞ്ഞു നടക്കാം, തൊട്ടുകളിക്കാം; വാന്‍ഗോഗിന്‍റെ പ്രശസ്തമായ സൂര്യകാന്തി പൂക്കളെ തൊട്ട്, അവയുടെ ദളങ്ങളില്‍ ഉമ്മ വച്ച്, നക്ഷത്രനിബിഢമായ ആകാശത്തിന്‍കീഴില്‍ ഉല്ലസിച്ചു നടക്കാം. “Installation” (പ്രതിഷ്ഠാപനകല) എന്ന ശൈലിയില്‍, ലേസര്‍രശ്മികളും ഡിജിറ്റല്‍ സങ്കേതങ്ങളും ഉപയോഗിച്ചാണ് ‘മുങ്ങിക്കല’ (immersive art) ആവിഷ്ക്കരിക്കുന്നത്. വളരെ ചിലവുള്ള പരിപാടിയാണ്. പക്ഷേ കലയുടെ ആദിനിമിഷങ്ങളിലേക്ക്, കുശവന്‍ മണ്ണു കുഴയ്ക്കുന്നതുപോലെ, കുട്ടി മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ, നമുക്കു വലിയ കലാകാരന്മാരോടൊപ്പം സൃഷ്ടിയില്‍ പങ്കെടുത്ത് സന്തോഷിക്കാം എന്നാണ് ‘മുങ്ങിക്കല’യുടെ പ്രചാരകര്‍ പറയുന്നത്. ഇവിടെ കല അനുഭൂതിയാണ്. നല്ല ആദ്ധ്യാത്മികതയും അനുഭവമാണല്ലോ.

എന്‍റെ സുഹൃത്തായ കലാകാരന്‍ അലക്സ് ചാണ്ടിയുടെ മനോഹരമായ ഒരു മെഴുകുശില്പം ബിനാലെ കാലത്ത് എറണാകുളത്തു വച്ചു കണ്ടു. അന്ധരായ ആസ്വാദകര്‍ക്കുവേണ്ടിയാണ് അത് സൃഷ്ടിച്ചത്. കലമാന്‍ എന്നു പേരിട്ട ആ വലിയ ശില്പത്തില്‍ ആര്‍ക്കും തൊട്ടുഴിയാം. ദൃശ്യ മാനത്തിനപ്പുറത്തേക്ക് സ്പര്‍ശനത്തിന്‍റെ ആദ്യ ഭാവങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കലാസൃഷ്ടികളാണ് ഇവ. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ കോട്ടയത്ത് 45 അടി ഉയരമുള്ള അക്ഷരശില്പം പണിതപ്പോള്‍, “കുട്ടികളെ വായിക്കാന്‍ പഠിപ്പിക്കുന്ന അമ്മയുടെ വിശാലമായ മടിത്തട്ടില്‍, ശില്പം കാണാന്‍ വരുന്ന കുഞ്ഞുങ്ങള്‍ക്കും കയറി ഇരിക്കാമോ” എന്ന് ഞാന്‍ ചോദിച്ചു. “തീര്‍ച്ചയായും. അതിനുവേണ്ടി കൂടിയാണ് കുട്ടികള്‍ക്കു കയറാന്‍ ആവശ്യമായ ഒരു ചരിവു കൂടി കൊടുത്തിരിക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ അമ്മയിലൂടെ നാം സ്പര്‍ശിക്കുന്നത് ഭൂമിയെയും പ്രകൃതിയെയും സകല ചരാചരങ്ങളെയുമാണ്.

സ്പര്‍ശനത്തിന്‍റെ ആദ്ധ്യാത്മിക സൗന്ദര്യം തിരിച്ചറിയണമെങ്കില്‍ നാമെല്ലാം ഒരേ ശരീരമാണ് എന്ന ബോധം ഉണ്ടാകണം. എന്‍റെ വലതുകൈ ഒരിക്കലും ഇടതു കൈയ്യെ ബലമായി പിടിച്ച് ഒടിക്കുകയില്ല. ഒരു ശരീരത്തിലെ ഒരു അവയവം മറ്റൊരു അവയവത്തെ ഒരിക്കലും വേദനിപ്പിക്കുകയില്ല. നേരെമറിച്ച്, ഏതെങ്കിലും അവയവത്തിന് മുറിവോ വേദനയോ ഉണ്ടായാല്‍ എന്‍റെ കൈകള്‍ അവിടെ കരുണയോടെ തൊടുകയും തലോടുകയും സൗഖ്യത്തിനുള്ള മരുന്ന് പുരട്ടുകയും ചെയ്യും (ക്രിസ്തുവിന്‍റെ ശരീരമായ സഭയെക്കുറിച്ചും നമ്മുടെ പരസ്പരമുള്ള അവയവ ബന്ധത്തെക്കുറിച്ചും പൗലോസ് അപ്പോസ്തോലന്‍ പറയുന്നത് നമുക്ക് ഓര്‍ക്കാം. റോമര്‍ 12.5, 1 കൊരിന്ത്യര്‍ 12.12-27, എഫേസ്യര്‍ 3.6, കൊലോസ്യര്‍ 1.18).

Tactile Aesthetics എന്ന പേരില്‍ പുതിയ പഠനങ്ങള്‍ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങളുമായി ബന്ധിപ്പിച്ച് നടക്കുന്നുണ്ട്. ന്യൂറോ ഇസ്തെറ്റിക്സ് (Neuro Aesthetics) മനഃശാസ്ത്രത്തിലും ന്യൂറോളജിയിലും പുതിയ പഠനവിഷയമാണ്. നമ്മുടെ സ്പര്‍ശനവും സൗന്ദര്യബോധവും ന്യൂറോണ്‍ കോശങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഗവേഷണ വിഷയമാണ്. അതിലേക്ക് നമുക്ക് പിന്നീട് വരാം.

യേശുക്രിസ്തുവിന്‍റെ സൗഖ്യദാന ശുശ്രൂഷയില്‍ സ്പര്‍ശനത്തിന് വിപ്ലവകരമായ അര്‍ത്ഥം കൈവന്നു. സ്വന്തം ജാതിക്കു പുറത്തുള്ളവരെയും ജാതിയില്‍ തന്നെ കുഷ്ഠരോഗികളെയും ചുങ്കക്കാരെയും പാപികളെയും തൊടാനോ അവരോടൊപ്പം സഹവസിക്കാനോ പാടില്ല എന്ന കര്‍ശന വ്യവസ്ഥ ഉള്ള യഹൂദമതത്തിലാണ് യേശു ജനിച്ചതും വളര്‍ന്നതും. കാരണം, ഇക്കൂട്ടരെല്ലാം വൈരൂപ്യത്തിന്‍റെ (ugliness) പ്രതിനിധികളാണ്. തള്ളപ്പെട്ടവരും വെറുക്കപ്പെട്ടവരുമാണ്. എന്നാല്‍ ക്രിസ്തു തന്‍റെ ദൗത്യനിര്‍വഹണത്തില്‍ ഈ വൈരൂപ്യ സങ്കല്പങ്ങളെ തകര്‍ത്തു കളയുകയും ദൈവരാജ്യത്തിന്‍റെ പുതിയ സൗന്ദര്യശാസ്ത്രം സൃഷ്ടിക്കുകയും ചെയ്തു. തൊടാന്‍ പാടില്ലാത്തവരെ തൊട്ടും, സഹവസിക്കുവാന്‍ പാടില്ലാത്തവരോടൊപ്പം സഹവസിച്ചും, ദൈവത്തിന്‍റെ സ്നേഹാര്‍ദ്രമായ മനുഷ്യ സ്പര്‍ശനത്തെ വീണ്ടെടുത്തു. മനുഷ്യവര്‍ഗ്ഗം മുഴുവനും ഏകശരീരമാണെന്നും അതുകൊണ്ട് ഈ സ്പര്‍ശനം അനുപേക്ഷണീയമാണെന്നും യേശു കാണിച്ചു തന്നു. കുഷ്ഠരോഗിയും, കൂനിയായ സ്ത്രീയും, പൊട്ടക്കണ്ണനും, പൊടിക്കുഞ്ഞുങ്ങളും യേശുവിന്‍റെ സ്പര്‍ശനം ഏറ്റുവാങ്ങി. അത് സൗഖ്യത്തിന്‍റെയും അനുഗ്രഹ സ്പര്‍ശമായിരുന്നു.

സുഖം എന്ന വാക്കിന് സന്തോഷം, സംതൃപ്തി എന്നൊക്കെയാണ് സംസ്കൃതത്തില്‍ പ്രാഥമിക അര്‍ത്ഥം. അതില്‍നിന്നാണ് രോഗസൗഖ്യം എന്ന പ്രയോഗം വരുന്നത്. രോഗാവസ്ഥ മാറുമ്പോള്‍ നമുക്കുണ്ടാവുന്ന സന്തോഷവും സംതൃപ്തിയും നമുക്ക് പറഞ്ഞറിയിക്കാന്‍ വയ്യ. അതൊരു വിമോചനമാണ്. വിവിധ ബാധകളിലും പീഡാനുഭവങ്ങളിലും മര്‍ദക വ്യവസ്ഥകളിലുംപെട്ട് ഞെരുങ്ങിയവര്‍ക്കെല്ലാം ക്രിസ്തു സൗഖ്യം നല്‍കി. ആ വിമോചനവും അതിന്‍റെ സന്തോഷവും മനുഷ്യര്‍ക്ക് നല്‍കുന്നതിനുവേണ്ടി തൊട്ടുതീണ്ടലിന്‍റെ കാനോനാകള്‍ എവിടെയൊക്കെ ലംഘിക്കാമോ അവിടെയെല്ലാം യേശു ലംഘിച്ചു (അടുത്തകാലത്ത് ദേഹം മുഴുവന്‍ പുണ്ണു നിറഞ്ഞ ഒരു പാവം മനുഷ്യനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആലിംഗനം ചെയ്യുന്ന ചിത്രം കണ്ടപ്പോള്‍ ഈ ക്രിസ്തുരൂപമാണ് മനസ്സില്‍ വന്നത്).
സൗഖ്യദായകമായ സ്പര്‍ശനത്തിലൂടെ വൈരൂപ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും അതിരുകള്‍ ക്രിസ്തു മാറ്റിവരച്ചു. ദൈവരാജ്യത്തിന്‍റെ ഈ ലാവണ്യ ദര്‍ശനം അമൂര്‍ത്തമോ അക്കാദമികമോ അല്ല. ദൈവത്തിന്‍റെ സൃഷ്ടിയില്‍ വിരൂപമായത് ഒന്നുമില്ല. എന്നാല്‍ മനുഷ്യ പുരോഗതിയില്‍ എന്‍ഡോസള്‍ഫാനോ, താലിഡോമൈഡോ ന്യൂക്ലിയര്‍ ആയുധങ്ങളോ ഉപയോഗിച്ച് നാം പ്രേതരൂപത്തിലാക്കിയ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ നമ്മുടെ സഹോദരങ്ങളുടെ മുമ്പില്‍ നിന്ന് സൗന്ദര്യത്തെക്കുറിച്ച് പ്രസംഗിക്കാന്‍ നമുക്ക് അവകാശമില്ല. ക്രിസ്തീയ ലാവണ്യവിചാരം നീതിയുടെയും കാരുണ്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും ഏകശരീര ബോധത്തിന്‍റെയും സ്പര്‍ശനാരൂപിയിലേക്കു കടക്കുന്നില്ലെങ്കില്‍ നമ്മുടെ ലോകം മര്‍ദ്ദനം, പീഡനം, ചൂഷണം തുടങ്ങിയ പഴയ ചുഴികളില്‍ വീണ്ടും കറങ്ങിക്കൊണ്ടിരിക്കും.

എവിടെയെങ്കിലും സ്പര്‍ശിക്കാതെ നമുക്കു ജീവിക്കാനാവില്ല. നാം ഇരിക്കുന്നതും കിടക്കുന്നതും പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമെല്ലാം പഞ്ചഭൂതങ്ങളില്‍ ഏതെങ്കിലുമൊന്നിനെ ശരീരംകൊണ്ട് തൊട്ടറിഞ്ഞാണ്. അതിലൂടെ ഭൂമിയെയാണ് നാം തൊടുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തിലെയോ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ (ISS) വായുവില്ലാത്ത ശൂന്യതകളിലോ നാം എങ്ങുംതൊടാതെ പറന്നു നില്ക്കുമ്പോള്‍ പ്രപഞ്ചത്തെ കൂട്ടിനിര്‍ത്തുന്ന ചതുര്‍ബലങ്ങള്‍ (Gravity, Electro-Magnetism, Weak and Strong Nuclar Forces) നമ്മെ നാമറിയാതെ തൊട്ടുഴിയുന്നുണ്ട്. അവയെല്ലാം സ്പര്‍ശനമാണ്. നാമറിയാത്ത അദൃശ്യബന്ധത്തിന്‍റെ ഇഴകള്‍. എല്ലാം ഒരു ശരീരം എന്നാണവ മന്ത്രിക്കുന്നത്.

സ്പര്‍ശനത്തിന്‍റെ സൗഖ്യശേഷി നാം അനുഭവിച്ചു അറിയേണ്ടതാണ്. പ്രഭാതങ്ങളില്‍ കുളിരോടുകൂടി മരങ്ങളെയും ചെടികളെയും അവയുടെ പൂക്കളെയും കായ്കളെയും തൊട്ടറിഞ്ഞ് അവയുടെ ആന്തരീക ചൈതന്യത്തില്‍നിന്ന് അനുഗ്രഹം നേടാന്‍ നമുക്ക് കഴിയും. നാം അങ്ങോട്ടും അനുഗ്രഹം പകരണം. പൈതങ്ങളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച യേശുവിനെപ്പോലെ സ്നേഹത്തിന്‍റെയും കരുണയുടെയും നന്ദിയുടെയും പ്രവാഹമായി തീരണം നമ്മുടെ സ്പര്‍ശനം. നമ്മുടെ ഭൂമിയും എല്ലാം ജീവജാലങ്ങളും സകല മനുഷ്യരും ഒരൊറ്റ ശരീരമാണ് എന്ന ബോധത്തോടെ എല്ലാറ്റിനെയും തൊട്ടുഴിയാനും അനുഗ്രഹിക്കാനും നമുക്ക് നമ്മെത്തന്നെ പരിശീലിപ്പിക്കാന്‍ സാധിക്കും. ഒരു തരത്തില്‍ കൗദാശികമായ ലാവണ്യബോധം (Sacramental Aesthetics) എന്ന് നമുക്ക് ഇതിനെ വിളിക്കാം. ഇത് അക്കാദമികമായ പഠനമല്ല എന്നു വീണ്ടും പറയട്ടെ. തുറന്ന മനസ്സും പരിശീലനവും ആത്മശിക്ഷണവും മൂലം നമുക്ക് വികസിപ്പിക്കാവുന്ന ഒരു സൗന്ദര്യബോധമാണിത്. എല്ലാറ്റിനെയും എന്‍റേതാക്കാന്‍ വേണ്ടി മുറുകെപിടിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ബലം പ്രയോഗിക്കുകയും, നീചമായ അക്രമത്തിലൂടെ വെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ അത് സുന്ദരമായ വിജയമെന്ന് ലോകം ആര്‍പ്പിടുകയും നമുക്ക് താരപദവി ലഭിക്കുകയും ചെയ്യും. ഇത്തരം ലോക ലാവണ്യബോധത്തിന് വിരുദ്ധമാണ് ക്രിസ്തു കാട്ടിത്തന്ന ലാവണ്യാനുഭൂതി. നീതിയും സമാധാനവും സത്യവും സ്നേഹവും ചേര്‍ന്ന് നമ്മുടെ എല്ലാ സൃഷ്ടികളെയും രൂപാന്തരപ്പെടുത്തുമ്പോള്‍ നമുക്ക് ഈ ലാവണ്യാനുഭവത്തിലേക്ക് വഴി തുറന്നു കിട്ടും.

ലേഖകന്‍റെ ഫോണ്‍ നമ്പര്‍: 94475 98671