സമാദരണീയനായ സ്വാമി മുനി നാരായണ പ്രസാദിന്‍റെ ശതാഭിഷേക വര്‍ഷം ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് സ്നേഹാദരങ്ങളും ആശംസകളും അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷിക്കുന്നു. എനിക്ക് അദ്ദേഹം ജേഷ്ഠസഹോദരനും ഗുരുസ്ഥാനീയനുമാണ്. ഞങ്ങള്‍ തമ്മില്‍ ഒരാത്മബന്ധമുണ്ട്.
ഏതാണ്ട് 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവിന്‍റെ ഭരണകാലത്താണ് ഞങ്ങള്‍ ഒരുമിച്ച് മോസ്ക്കോയില്‍ ‘നിരായുധീകരണവും സമാധാനവും’ സംബന്ധിച്ചുള്ള ഒരു സമ്മേളനത്തില്‍ പങ്കെടുത്തത്. അത് ഒരു ഫെബ്രുവരി മാസമായിരുന്നു. മോസ്ക്കോയിലെ തെരുവുകളും മരങ്ങളും വീടുകളും മൈതാനങ്ങളും മഞ്ഞു വീണു മൂടി കിടന്നിരുന്നു. സകലത്തെയും മരവിപ്പിക്കുന്ന ശീതക്കാറ്റ് ചൂളിയടിക്കുമ്പോള്‍, ഞങ്ങള്‍ ഒരുമിച്ച് അന്നത്തെ റെഡ്സ്ക്വയറിലും മറ്റും നടന്നത് ഓര്‍ക്കുന്നു. അതീവ ലളിതമായി സന്യാസവേഷം ധരിക്കയും ശ്രീനാരായണ ദര്‍ശനത്തിന്‍റെ ഗരിമകള്‍ ഉള്ളില്‍ വഹിക്കുകയും ചെയ്തിരുന്ന മുനി നാരായണ പ്രസാദിനെ നേരിട്ടു ഞാന്‍ അവിടെ വച്ചാണ് പരിചയപ്പെടുന്നത്.
എല്ലാം മരവിച്ചു തണുത്തുറയുന്ന റഷ്യന്‍ ശീതകാലത്ത്, ഊഷ്മളമായ ഒരു ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. അതിനുശേഷം ഇന്നയോളം ആ സൗഹൃദസ്പന്ദത്തിന്‍റെ ശാന്തിയും സാന്ത്വനവും എനിക്ക് അദ്ദേഹം കാരുണ്യപൂര്‍വ്വം നല്‍കിക്കൊണ്ടിരിക്കുന്നു.
സുഹൃത്ത്, സൗഹൃദം എന്നീ വാക്കുകളില്‍ ഒരു ‘ഹൃദയ’മുണ്ടല്ലോ. നല്ല ഹൃദയത്തോടു കൂടിയതാണ് സൗഹൃദം. നല്ല ഹൃദയമുള്ളവനാണ് സുഹൃത്ത്. അങ്ങനെ ഹൃദയമുള്ള ആളിനെ നാം സഹൃദയന്‍ എന്നും വിളിക്കും. നിര്‍മ്മലമായ സൗഹൃദവും വിശാലമായ സഹൃദയത്വവും എനിക്കു വെളിപ്പെടുത്തിയ ആളാണ് മുനി നാരായണപ്രസാദ്.
നമ്മുടെ ഇന്നത്തെ ലോകത്തില്‍, മനുഷ്യഹൃദയങ്ങളെ മതത്തിന്‍റെയും രാഷ്ട്രീയ നിലപാടുകളുടെയും ഭാഷയുടെയും വംശത്തിന്‍റെയും പേരില്‍ തമ്മിലകറ്റുന്ന കലുഷമായ സാഹചര്യങ്ങളില്‍, നമുക്കു തിരിച്ചുപിടിക്കേണ്ട ഒന്നാണ് സൗഹൃദവും സഹൃദയത്വവും. മനുഷ്യര്‍ സൃഷ്ടിക്കുന്ന എല്ലാ വേലിക്കെട്ടുകള്‍ക്കും കനത്ത ഭിത്തികള്‍ക്കും അതീതമായി മനുഷ്യത്വത്തിന്‍റെ ഏകത്വത്തിലേക്ക്, അതായത്, ശ്രീനാരായണ ഗുരു പഠിപ്പിച്ച ഏക മനുഷ്യ ജാതിയെന്ന അദ്വൈത തലത്തിലേക്ക് ഉയരാന്‍ നമ്മെ സഹായിക്കുന്നതാണ് ഈ സൗഹൃദം.
മനുഷ്യന് ദൈവം സഹജമായിത്തന്നെ നല്‍കിയ മഹല്‍ദാനമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം. ആ ദിവ്യദാനത്തെ തകര്‍ത്തുകളയാനാണ് മിക്കപ്പോഴും മതസംവിധാനങ്ങളും രാഷ്ട്രീയവും ശ്രമിക്കുന്നത്. ബൈബിളില്‍ ചില ആളുകളെ ദൈവത്തിന്‍റെ സുഹൃത്ത് (Friend of God) എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഗുരുവായ ക്രിസ്തു തന്നെ തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരോട് “ഞാന്‍ നിങ്ങളെ ഇനിമേല്‍ ദാസന്മാര്‍ എന്നല്ല, സ്നേഹിതന്മാര്‍ എന്നു വിളിക്കുന്നു” എന്നു പറയുന്നു. ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും അര്‍ജുനനും പ്രഥമമായി സുഹൃത്തുക്കളാണ്. യജമാനനും ദാസനും തമ്മിലുള്ള ബന്ധമല്ല ദൈവവും മനുഷ്യനുമായിട്ടും, ഗുരുവും ശിഷ്യനുമായിട്ടുമുള്ളത്. സമത്വം, തന്‍മയീഭാവം, പങ്കിടല്‍, പരസ്പരം കരുതല്‍ എന്നിവയെല്ലാം ആത്മബന്ധത്തിന്‍റെ അടയാളങ്ങളാണ്.
മനുഷ്യജാതിക്കുള്ളില്‍ മാത്രമല്ല, മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍ തുടങ്ങി എല്ലാ ജീവികളോടും ഇങ്ങനെയൊരു സൗഹൃദവും ഏകീഭാവവും ഏകശരീരബോധവും ഉരുത്തിരിക്കാന്‍ മനുഷ്യനു കഴിയും. ഇതിനെ ഒരു തരം സൗഹൃദാദ്വൈതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. അതാണ് ആത്മബന്ധം, കാരണം ആത്മാവിന്‍റെ തലത്തിലാണത്. വളരെ ഗാഢമായ ഹൃദയബന്ധത്തെയും, സൗഹൃദത്തെയുമാണ് നാം ആത്മബന്ധം എന്ന് വിശേഷിപ്പിക്കുന്നത്. സഹൃദയഭാവം (aesthetic sense) ഉണ്ടാകുന്നതും ആത്മാവിന്‍റെ തലത്തിലാണ്. അവിടെ നമ്മുടെ അനുഭൂതി മണ്ഡലം, അതായത് നമ്മുടെ field of sensibility വളരെ സൂക്ഷ്മവും സുതാര്യവുമായി എല്ലാറ്റിലും സൗന്ദര്യം കാണാന്‍ സഹായിക്കുന്നു.
ദലൈലാമ പറയുന്നതുപോലെ, ഇപ്പോള്‍ നമ്മുടെ ശത്രുക്കളെന്ന് കരുതുന്നവര്‍ ഏതോ മുന്‍ജന്മത്തില്‍ നമ്മുടെ മിത്രങ്ങളോ മാതാപിതാക്കളോ ആയിരുന്നിരിക്കാം. അതുകൊണ്ട് അവരോടു കരുണ കാണിക്കണം. യഥാര്‍ത്ഥ സഹൃദയഭാവം വരുമ്പോള്‍ നാം ഇപ്പോള്‍ കാണുന്ന ശത്രുതയ്ക്കപ്പുറത്തേക്കു പോയി, നമ്മുടെ പുരാതനമായ ആത്മബന്ധത്തെ നാം കണ്ടെത്തുന്നു.
കുരിശില്‍ കിടന്ന് വേദനിച്ചപ്പോഴും തന്നെ കുരിശിച്ചവരോട് ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തു ഇങ്ങനെ സമസ്ത സ്നേഹാനുകമ്പയുടെ അനുഭൂതി മണ്ഡലമാണ് നമുക്ക് വെളിപ്പെടുത്തിയത്. ശത്രുവിന്‍റെ ക്രൂരമായ മുഖത്തെ മിത്രത്തിന്‍റെ മനോഹരമായ മുഖമായി കാണുക എന്നത് സാധാരണ മനുഷ്യര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്. അപരന്‍റെ അപരത്വത്തെ ഹനിക്കാതെ തന്നെ, അപരനെ ആത്മമിത്രമായി ആര്‍ദ്രസ്നേഹത്തിന്‍റെ വെളിച്ചത്തില്‍ കാണുവാനും അപരനില്‍ നിന്നുമുണ്ടാകാവുന്ന കൊടുംവേദനകളെ വിശുദ്ധവും ലോകത്തിന് രക്ഷാകരവുമായ വേദനയായി സ്വീകരിക്കാനും കഴിയുന്ന കുറെയാളുകള്‍ നമ്മുടെ ലോകത്തിലുണ്ടായാല്‍ ശാന്തിയുടെ ഉറവകള്‍ അവിടവിടെ പൊട്ടിത്തുടങ്ങും. നമ്മുടെ ലോകത്തില്‍ തിന്മയുടെ അന്ധകാരം അതിപ്രബലമായതുകൊണ്ട് ഒറ്റയടിക്ക് നമുക്ക് ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കാന്‍ കഴിയുകയില്ല. എങ്കിലും നിരന്തരം പ്രകാശം കാണുകയും സത്യത്തിന്‍റെ പ്രകാശത്തെ ഉപാസിക്കയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച്, തമസ്സിന്‍റെ തീവ്രത കുറയും.
ഈ പശ്ചാത്തലത്തിലാണ് സൗഹൃദാദ്വൈതത്തെ നാം പരിഗണിക്കേണ്ടത്. കേവലാദ്വൈതത്തിന്‍റെ അമൂര്‍ത്തവും അതിസൂക്ഷ്മവുമായ തലങ്ങളിലേക്ക് എല്ലാവര്‍ക്കും ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും, അപരനെ അംഗീകരിച്ചും ആദരിച്ചും ആത്മസൗഹൃദത്തിന്‍റെ കരങ്ങള്‍ നീട്ടിക്കൊടുത്തും സഹഭാവത്തോടും സമഭാവനയോടുംകൂടി പെരുമാറിയും നമുക്കു ഏക മനുഷ്യശരീരമെന്ന ഏകീഭാവത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. വ്യക്തികളുടെ തലത്തില്‍ ഒതുക്കാതെ, ഈ സൗഹൃദാദ്വൈതത്തെ സമൂഹത്തിന്‍റെ നിലപാടിലേക്ക് ഉയര്‍ത്തിയാല്‍ അന്താരാഷ്ട്ര ബന്ധത്തിലും സമൂഹത്തിനുള്ളിലുള്ള വൈവിധ്യ സാധ്യതകളിലും അത് സാത്വികമായ സ്വാധീനം ചെലുത്തും. “ഒരാള്‍ തന്‍റെ സ്നേഹിതനുവേണ്ടി സ്വജീവന്‍ ബലികഴിക്കുന്നതിലും വലിയ സ്നേഹമില്ല” എന്നു യേശുക്രിസ്തു പഠിപ്പിച്ചത് ഓര്‍മ്മ വരുന്നു. സൗഹൃദത്തിന്‍റെ ആത്യന്തികമായ ആദ്ധ്യാത്മികമാനമാണത്.
പരസ്പരം സ്നേഹിക്കയും വിശ്വസിക്കയും (trust) ക്ഷമിക്കയും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പൊതുനന്മയ്ക്കായി (Common Good) ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്ത കുറെ മനുഷ്യരുടെ സൗഹൃദം മൂലമാണ് നമ്മുടെ ലോകത്തില്‍ മഹത്തായ പല കാര്യങ്ങളും എല്ലാക്കാലത്തും നടന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ നിര്‍മ്മിതബുദ്ധി (Artificial Intelligence) ഉപയോഗിച്ച് സൃഷ്ടിക്കുന്ന റോബട്ടുകളും ബയോടെക്നോളജിയുടെ വികാസത്തിലുണ്ടാകുന്ന സൈബര്‍ഗുകളും (Cyborgs) മറ്റും ഭരിക്കുന്ന ലോകത്തില്‍ ഇപ്പറഞ്ഞതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമോ എന്ന് നാം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു. ശ്രേഷ്ഠാചാര്യനായ മുനി നാരായണപ്രസാദിന്‍റെ അനുഭവവും ജ്ഞാനവും ഇപ്പോഴത്തെ നമ്മുടെ ലോകത്തില്‍ വഴിവിളക്കുകളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.