ജീവിതം തന്നെ പുസ്തകം: റവ. കെ. സി. മാത്യു അച്ചന്‍റെ ജീവിതസാക്ഷ്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്

rev-k-c-mathew
“ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും” (ദാനിയേല്‍ 12:3).
ഒരു പുരുഷായുസ്സു മുഴുവന്‍ ഒഴുക്കിനെതിരെ നീന്തിയ റവ. പ്രഫ. കെ. സി. മാത്യു അച്ചന്‍റെ ജീവിതദര്‍ശനവും പ്രവര്‍ത്തനശൈലിയും മലയാളികളും മറ്റുള്ളവരും മനസ്സിരുത്തി പഠിക്കേണ്ട ഒരു പാഠപുസ്തകമാണ്. അങ്ങനെയൊരു ഉത്തമബോധ്യത്തില്‍ നിന്നാണ് റവ. ഡോ. മാത്യു പി. ഇടിക്കുള (റോയി അച്ചന്‍) മാത്യു അച്ചന്‍റെ ജീവിതകഥ പുസ്തകരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ ഉപരി വിദ്യാഭ്യാസരംഗത്ത് കെ. സി. മാത്യു അച്ചന്‍ നല്‍കിയ ധാര്‍മ്മികവും അക്കാദമികവുമായ അനന്യ സംഭാവന നമ്മുടെ പൊതുസമൂഹത്തില്‍ വേണ്ടത്ര അറിയപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനകാലത്ത് സി.എം.എസ്. കോളജ്, ബിഷപ്പ് മൂര്‍ കോളജ് എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കേരളാ യൂണിവേഴ്സിറ്റി സെനറ്റിലും മറ്റും അന്നു പ്രവര്‍ത്തിച്ചിരുന്നവരും അദ്ദേഹത്തിന്‍റെ സ്നേഹിതവൃന്ദവും തിരിച്ചറിഞ്ഞ ആ വലിയ വ്യക്തിത്വത്തിന്‍റെ വിവിധ വശങ്ങളെ പൊതുസമൂഹത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുകയെന്ന ചരിത്ര നിയോഗമാണ് റോയി അച്ചന്‍ ഏറ്റെടുത്തത്.

ദീര്‍ഘകാലമായി ചിക്കാഗോയില്‍ താമസിക്കയും വിവിധ മേഖലകളില്‍ തന്‍റെ ഇടയശുശ്രൂഷയും സേവനവും നല്‍കി വളരെ നല്ല ഒരു എക്യുമെനിക്കല്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന റോയി അച്ചന്‍ പല നിലകളില്‍ ഈ നിയോഗം നിറവേറ്റാന്‍ അര്‍ഹനായ വ്യക്തിയാണ്. ചരിത്രസംഭവങ്ങളെയും അവയില്‍ ഉള്‍പ്പെട്ട നിര്‍ണ്ണായക വ്യക്തികളെയും അടുത്തറിയാനും, അതേസമയം സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും അകല്‍ച്ചയില്‍ നിന്നുകൊണ്ട് അവയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും കഴിയുന്നത് ചരിത്രരചനയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കും. ഈയൊരു കാഴ്ചപ്പാടിലും ഈ പുസ്തകം ശ്രദ്ധേയമാണ്.

1964 മുതല്‍ സി.എം.എസ്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചെങ്കിലും അപ്പോഴേക്കും കെ. സി. മാത്യു അച്ചന്‍ കോളജും കോട്ടയവും വിട്ടിരുന്നു എന്നത് എന്‍റെ ദൗര്‍ഭാഗ്യവുമാണ്. അച്ചന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, കെമിസ്ട്രിയും ഫിസിക്സും ഐശ്ചികമായെടുത്ത് പഠിച്ച എനിക്ക് ഫിസിക്സ് അദ്ധ്യാപകനായ അദ്ദേഹത്തിന്‍റെ ശിഷ്യനാകാന്‍ തീര്‍ച്ചയായും അവസരമുണ്ടാകുമായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളും ചില അദ്ധ്യാപകരും മധുരിക്കുന്ന ഓര്‍മ്മകളോടെ അദ്ദേഹത്തെക്കുറിച്ച് പറയുന്നതു കേട്ടാണ് എന്‍റെ മനസ്സില്‍ കെ. സി. മാത്യു അച്ചന്‍റെ ആദ്യ ചിത്രം രൂപപ്പെട്ടത്.

പിന്നീട് പല എക്യുമെനിക്കല്‍ മീറ്റിംഗുകളിലും അവസാനം മാങ്ങാനം മന്ദിരത്തിലും വച്ച് കണ്ടുമുട്ടാനും അച്ചനെക്കുറിച്ച് കൂടുതല്‍ അറിയുവാനും എനിക്ക് അവസരമുണ്ടായി. എങ്കിലും റോയി അച്ചന്‍റെ ഈ പുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെക്കുറിച്ച് ചരിത്രപരമായ പശ്ചാത്തലജ്ഞാനം എനിക്കു ലഭിക്കുന്നത്.

ആദരണീയനായ കെ. സി. മാത്യു അച്ചനെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ ജീവചരിത്രം വായിക്കുകയും ചെയ്തപ്പോള്‍ മനസ്സില്‍ വന്ന ചില ചിന്തകള്‍ കുറിക്കട്ടെ:

ഒന്നാമതായി, നമ്മുടെ സമൂഹം എപ്പോഴും വാസ്തവത്തില്‍ അന്വേഷിക്കുന്നത് ഉത്തമരായ മനുഷ്യരുടെ മാതൃകകളാണ്. ഏത് സംസ്കാരത്തിലാണെങ്കിലും ഏതു മതത്തിലാണെങ്കിലും സാധാരണ മനുഷ്യര്‍ക്ക് പ്രത്യാശയും അഭയബോധവും നല്‍കുന്നത് ജീവിതത്തില്‍ സത്യവും നീതിയും സഹാനുഭൂതിയും നിലനിര്‍ത്തുന്ന നേതാക്കളാണ്. അവര്‍ നമുക്ക് വിശ്വസനീയരും നമ്മുടെ പ്രതിസന്ധികളില്‍ നമുക്ക് ആശ്രയിക്കാവുന്നവരുമാണ്. ഈയൊരു വിശ്വസനീയത (reliability and trustworthiness) എല്ലാ സമൂഹങ്ങളിലും, രാഷ്ട്രീയത്തിലും മതത്തിലും സാമൂഹിക ജീവിതത്തിലും മനുഷ്യര്‍ക്ക് ഇല്ലാതായാല്‍ ഏതൊരു സമൂഹവും ജീര്‍ണ്ണിക്കും. ഇതിനുനേരെ വിരുദ്ധമായ രീതികള്‍ – വഞ്ചന, വാക്കുപാലിക്കാതിരിക്കല്‍, വിശ്വസിക്കുന്നവരെ ചൂഷണം ചെയ്യല്‍, വിനയം കാണിക്കുന്നവരുടെമേല്‍ കുതിരകയറല്‍, അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ധാര്‍ഷ്ട്യം, സ്വജനപക്ഷപാതം – ധാരാളം നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് കെ. സി. മാത്യു അച്ചനെപ്പോലെ സത്യസന്ധതയും ലാളിത്യവും, വിശ്വസനീയതയും പുലര്‍ത്തി ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനം പൊതുനന്മയ്ക്കുവേണ്ടി പടുത്തുയര്‍ത്തിയ വ്യക്തി മനുഷ്യസമൂഹത്തിന്‍റെ യഥാര്‍ത്ഥ കെട്ടുപണിക്കാരനാണ്, ജീര്‍ണ്ണതയുടെ അടിച്ചുപൊളിക്കാരനല്ല.

രണ്ടാമതായി, ബ്രിട്ടീഷ് മിഷണറിമാരുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ നല്ല അംശങ്ങള്‍ ഏറ്റുവാങ്ങി അതിനെ നമ്മുടെ സമൂഹത്തില്‍ നന്നായി പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു കെ. സി. മാത്യു അച്ചന്‍. കൊളോണിയല്‍ അധിനിവേശത്തിന്‍റെ ഭാഗമായി വന്ന പാശ്ചാത്യ മിഷണറി പ്രസ്ഥാനത്തെക്കുറിച്ച് വിമര്‍ശനാത്മകമായ വിയോജിപ്പുകള്‍ ധാരാളം പുലര്‍ത്തുന്ന ഒരു പാരമ്പര്യത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്‍റെ വ്യക്തിപരമായ അന്വേഷണങ്ങളിലും അനുഭവങ്ങളിലും ഈ വിയോജിപ്പുകളില്‍ പലതിനും ന്യായമായ അടിസ്ഥാനങ്ങളുണ്ടെന്നും എനിക്ക് ബോധ്യമുണ്ട്. തോമസ് അപ്പോസ്തോലന്‍റെ പാരമ്പര്യത്തില്‍, ഏക ശരീരമായി നിലനിന്നിരുന്ന പുരാതന ഭാരതീയ ക്രിസ്തീയ സഭയില്‍ ആദ്യമായി ഭിന്നതയുടെ വിത്തു വിതറിയത് 16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇവിടെ വന്നുതുടങ്ങിയ പോര്‍ച്ചുഗീസ് കത്തോലിക്കാ മിഷണറിമാരായിരുന്നു. എന്നാല്‍ ഇവിടെ വന്ന് ത്യാഗപൂര്‍വ്വം നമ്മുടെ ഭാഷയെയും സാമൂഹികാവബോധത്തേയും വികസിപ്പിച്ച്, ഇവിടത്തെ പാരമ്പര്യ ക്രിസ്ത്യാനികള്‍ അവഗണിച്ചിരുന്ന അധഃസ്ഥിതരെയും, സവര്‍ണ്ണരുടെ ജാതിബാധ മൂലം മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ സമൂഹത്തെയും വിദ്യാഭ്യാസം മൂലം ഉയര്‍ത്തി അവര്‍ക്ക് മാനുഷികാന്തസ്സ് നല്‍കിയ ബ്രിട്ടീഷ് മിഷണറിമാരോട് നമുക്ക് തീരാത്ത കടപ്പാടുണ്ടെന്നും എനിക്കു ബോധ്യമുണ്ട് (സി.എം.എസ്. കോളജ് ജൂബിലിയോട് അനുബന്ധിച്ച് 2016-ല്‍ അവിടെ നടത്തിയ മണ്‍റോ സ്മാരക പ്രഭാഷണത്തില്‍ ഈ രണ്ടു വശങ്ങള്‍ കഴിയുന്നത്ര വസ്തുനിഷ്ഠമായി അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്).

പൊതുവിദ്യാഭ്യാസം (public education) എന്ന ആശയം ഇന്ത്യയില്‍ കൊണ്ടുവന്നതും, ജാത്യാന്ധതമൂലം അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന നമ്മുടെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് അക്ഷരവെളിച്ചത്തിലൂടെ ആത്മബോധം ലഭിച്ചതും പ്രധാനമായും ബ്രിട്ടീഷ് മിഷണറിമാരുടെ പ്രവര്‍ത്തനഫലമാണെന്ന് നാം മറന്നുകൂടാ. അതുവരെ ബ്രാഹ്മണ പൗരോഹിത്യത്തിന്‍റെയും ജന്മിവ്യവസ്ഥയുടെയും ജാതീയതയുടെയും തടങ്കലിലായിരുന്ന വിദ്യയെ വിമോചിപ്പിച്ചത് അവരായിരുന്നു. ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയുടെ നേതൃത്വവും നയങ്ങളും ഇക്കാര്യത്തില്‍ അവിസ്മരണീയമാണ്. കേരളത്തിലെ ക്രിസ്തീയ സഭകള്‍ നിസ്വാര്‍ത്ഥമായി നടത്തിയ വിദ്യാഭ്യാസ യജ്ഞമാണ് കേരളത്തിന്‍റെ പുരോഗതിക്ക് കാരണമായ ഒരു പ്രധാന ഘടകം. എന്നാല്‍ പിന്നീട് അത് കച്ചവടത്തിന്‍റെയും വിലപേശലിന്‍റെയും സ്ഥാപനവല്‍ക്കരണത്തിന്‍റെയും ഇടനാഴികളിലേക്ക് മിക്കവാറും തെന്നിപ്പോയി. മിഷണറിമാരുടെ യുഗം അവസാനിച്ചിരുന്നു. ആ സമയത്താണ് ആദര്‍ശധീരരും, വിജ്ഞാനവെളിച്ചം എല്ലാ മനുഷ്യരുടെയും അവകാശമാണെന്ന് ബോധ്യമുള്ളവരുമായ ചില ക്രൈസ്തവര്‍ ജാതിയുടെയും മതത്തിന്‍റെയും കനത്ത ഭിത്തികള്‍ക്കതീതമായി ഉയര്‍ന്ന് പൊതുവിദ്യാഭ്യാസരംഗത്ത് പുതിയ വെളിച്ചം ഉയര്‍ത്തിയത്. ആലുവാ യു.സി. കോളജ്, പില്‍ക്കാലത്ത് ബിഷപ്പ് മൂര്‍ കോളജ് തുടങ്ങിയവയുടെ പുറകില്‍ അങ്ങനെയുള്ള വ്യക്തികളെ കാണാം. ഈ പശ്ചാത്തലത്തിലാണ് കെ. സി. മാത്യു അച്ചന്‍ മിഷണറി പൈതൃകത്തിന്‍റെ നല്ല അംശങ്ങള്‍ തിരഞ്ഞെടുത്ത് വികസ്വരമാക്കി എന്നു സൂചിപ്പിച്ചത്.

മൂന്നാമതായി, വൈദിക ശുശ്രൂഷയിലേക്ക് വരുന്നവര്‍ പൊതുസാക്ഷ്യം ഉള്ളവരായിരിക്കണം എന്ന പുരാതന ക്രിസ്തീയ തത്വം ശ്രദ്ധേയമാണ്. കെ. സി. മാത്യു അച്ചനും അദ്ദേഹത്തിന്‍റെ പിതാവായ റവ. കെ. കെ. ചാക്കോ അച്ചനും വൈദികരായി സഭാസേവനത്തിലേക്ക് വന്നത് സഭാനേതൃത്വത്തിന്‍റെ സവിശേഷമായ വിളിയും തിരഞ്ഞെടുപ്പും മൂലമായിരുന്നു. ഇതു എടുത്തുപറയാന്‍ കാരണമുണ്ട്. ക്രിസ്തീയ സഭയുടെ ആരംഭകാലത്ത്, വൈദിക നേതൃത്വത്തിലേക്ക് വരുന്നവര്‍ പൊതുസമൂഹത്തില്‍ “നല്ല സാക്ഷ്യം ലഭിച്ചവരാ”യിരിക്കണം എന്ന തത്വം സൂചിപ്പിച്ചല്ലോ. ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദയ്ക്ക് പകരം അപ്പോസ്തലനായി മത്ഥ്യാസിനെ തിരഞ്ഞെടുത്തപ്പോഴും സ്തേഫാനോസ് തുടങ്ങിയ ശെമ്മാശ്ശന്മാരെയും പിന്നീട് പ്രാദേശിക സഭകളില്‍ മൂപ്പന്മാരെയും (കശ്ശീശന്മാര്‍) തിരഞ്ഞെടുത്ത് നിയമിച്ചപ്പോഴും, അവരെക്കുറിച്ചുള്ള പൊതുസാക്ഷ്യം (witness) പ്രധാന മാനദണ്ഡമായിരുന്നു. അതായത് തങ്ങളുടെ സ്വഭാവശ്രേഷ്ഠതയും ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും സേവനസന്നദ്ധതയും വിവേകവും അറിവും മറ്റുള്ളവരാല്‍ സാക്ഷ്യപ്പെടുത്തപ്പെടുമ്പോള്‍ അവര്‍ പൊതു സമ്മതരാണ് എന്നര്‍ത്ഥം. ഇപ്പോള്‍ കൗമാരഘട്ടം അവസാനിക്കുമ്പോള്‍തന്നെ സെമിനാരികളില്‍ വ്യക്തിപരമായി അപേക്ഷ അയയ്ക്കുകയും, നിര്‍ദിഷ്ട പരീക്ഷകളും അഭിമുഖവും കടന്നു കിട്ടിയാല്‍, വൈദിക സേവനപരിശീലനം ലഭിക്കയും ചെയ്യുന്ന രീതിയാണല്ലോ മിക്ക സഭകളും പൊതുവായി അനുവര്‍ത്തിക്കുന്നത്. അവരില്‍ ഒരു നല്ല പങ്കും ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വിപുലമായ അര്‍ത്ഥമോ ഇടയശുശ്രൂഷയുടെ ആഴമായ വിവക്ഷകളോ ഒന്നും അപ്പോള്‍ മനസ്സിലാക്കിയാവില്ല സെമിനാരിയില്‍ പഠിക്കുന്നത്. ചുരുക്കംപേരൊക്കെ പിന്നീട് ആ വലിയ ലക്ഷ്യത്തിലേക്ക് ആത്മീയമായും ബൗദ്ധികമായും ഉയരും. വേറെ കുറേപ്പേര്‍ തങ്ങളുടെ കഴിവുകള്‍ അതിലൊന്നുമല്ല കിടക്കുന്നത് എന്നു മനസ്സിലാക്കും. കൂടുതല്‍ അധികാരം പിടിച്ചെടുക്കുക, പദവികള്‍ ആര്‍ജ്ജിക്കുക, സഭാരാഷ്ട്രീയത്തില്‍ തന്ത്രജ്ഞത നേടുക എന്നീ ലക്ഷ്യങ്ങളിലേക്ക് അവര്‍ കരുക്കള്‍ നീക്കും. ഇനിയും കുറെപ്പേര്‍ ആരാധനകളും അനുഷ്ഠാനങ്ങളും മറ്റ് അത്യാവശ്യ ഭരണച്ചുമതലകളും നിറവേറ്റി വലിയ കുഴപ്പമില്ലാതെ അവരുടെ കാലം കഴിക്കും.

എന്നാല്‍ അറിവിലും അനുഭവത്തിലും പക്വത പ്രാപിച്ച്, സ്ഥാനങ്ങള്‍ക്കുവേണ്ടി പരതിനടക്കാതെ, ക്രിസ്തുവിന്‍റെ ശിഷ്യരായി ജീവിക്കയും നിസ്വാര്‍ത്ഥമായി ഈ ലോകത്തിന് അല്‍പം വെളിച്ചം കൊടുക്കയും ചെയ്യുന്ന വ്യക്തികളെ സഭാനേതൃത്വത്തിലേക്ക് വിളിക്കയും, അവര്‍ അത് സ്വീകരിക്കയും ചെയ്താല്‍ (എല്ലാവരും അത് സ്വീകരിക്കണമെന്നില്ല) അവരില്‍ നിന്നുണ്ടാകുന്ന പട്ടക്കാരും മേല്‍പ്പട്ടക്കാരും സഭയ്ക്കും സമൂഹത്തിനും വിളക്കുകളായിത്തീരും. ആധുനിക കാലത്ത് ഇങ്ങനെയുള്ള ചുരുക്കം ഉദാഹരണങ്ങള്‍ എല്ലാ സഭകളിലും ഉണ്ടായിട്ടുണ്ട്. ഇവിടെയും കെ. സി. മാത്യു അച്ചന്‍റെ ജീവിതം നല്ല ദൃഷ്ടാന്തമാണ്. തീര്‍ച്ചയായും ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പ് ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ ആലുവാ യു.സി. കോളജില്‍ ജോലിക്കായി പോയ കെ. സി. മാത്യുവിനെ ദൈവം വഴിക്കുവച്ച് പിടിച്ച് തിരിച്ച് കോട്ടയത്തിനു കൊണ്ടുവന്നത്.

നാലാമതായി, മനുഷ്യരുടെ കുട്ടികള്‍ മനുഷ്യത്വമുള്ളവരായിത്തീരാന്‍ ശരിയായ പരിശീലനം ആവശ്യമാണ്, ജനിതക പാരമ്പര്യം മാത്രം പോര. കെ. സി. മാത്യു അച്ചന്‍ ഒരു പരിശീലകനായിരുന്നു. വിദ്യ അഭ്യസിപ്പിക്കുന്നവരെല്ലാം പരിശീലകരാണ്. അച്ചന് ചെറുപ്പത്തില്‍ ഉത്തമ പരിശീലനമാണ് തന്‍റെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ചത്. അത് സ്വീകരിക്കാനും അതിനെ ഉത്തമമായി വര്‍ദ്ധിപ്പിക്കാനും അച്ചന് സാധിച്ചു എന്നതിലാണ് അതിന്‍റെ ശ്രേഷ്ഠത അടങ്ങിയിരിക്കുന്നത്. ജനിതക വിജ്ഞാനം ഇപ്പോള്‍ വളരെ വികസിതമായി. Gene sequencing, editing തുടങ്ങിയ സാങ്കേതിക വിദ്യകള്‍ മൂലം നാം സ്വപ്നം കാണുന്നവിധത്തിലുള്ള മക്കളെ (Designer babies) സൃഷ്ടിക്കാമെന്ന അവസ്ഥ വരെയെത്തി. നല്ല ശാരീരിക സൗന്ദര്യവും അരോഗദൃഢമായ അവയവങ്ങളും ഉയരവും രൂപവുമൊക്കെ ജനിതകമായി ഡിസൈന്‍ ചെയ്ത് കുട്ടികളെ ജനിപ്പിക്കാം. പക്ഷേ മനുഷ്യത്വത്തെ നിര്‍വചിക്കുന്ന സ്നേഹം, സഹാനുഭൂതി, വിശ്വാസ്യത, ത്യാഗബോധം, സാമൂഹ്യത, അതീന്ദ്രിയ ദര്‍ശനം തുടങ്ങിയ ആന്തരിക ഗുണങ്ങള്‍ ജനിതകമായി സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. തലച്ചോറിലെ ന്യൂറോണ്‍ കോശവ്യവസ്ഥയില്‍ ജനിതകമായി ഇടപെട്ട് നമ്മുടെ രുചികള്‍, ജന്മവാസനകള്‍ എന്നിവയെ നാം വിചാരിക്കുന്ന രീതിയില്‍ രൂപപ്പെടുത്താമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ മനുഷ്യസ്വാതന്ത്ര്യത്തെയും സ്വഭാവത്തെയുംപറ്റി നിരവധി സങ്കീര്‍ണ്ണമായ ചോദ്യങ്ങളാണ് ഇവിടെ ശാസ്ത്രീയമായും ധാര്‍മ്മികമായും ഉയരുന്നത്. അതുകൊണ്ട് തല്‍ക്കാലം മനുഷ്യന്‍ മനുഷ്യനായിത്തീരുന്നതിനുള്ള ആത്മീയവും ധാര്‍മ്മികവുമായ ഗുണങ്ങള്‍ പരിശീലനം കൊണ്ടു മാത്രമേ സിദ്ധിക്കയുള്ളു എന്നതില്‍ നമുക്കുറച്ച് നില്‍ക്കാം. നല്ല ഡിസിപ്ലിനേറിയന്‍ എന്ന നിലയില്‍ അറിയപ്പെട്ട മാത്യു അച്ചന്‍ സ്വന്തജീവിതത്തില്‍ ആ ഡിസിപ്ലിന് വിധേയപ്പെടുകയും എന്നാല്‍ അത് തനിക്കും മറ്റുള്ളവര്‍ക്കും തീര്‍ത്തും സര്‍ഗ്ഗാത്മകമായ രൂപഭാവങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്തു എന്നതില്‍ നമുക്ക് സന്തോഷിക്കാം.

“ഒഴുക്കിനെതിരെ” എഴുതാന്‍ റോയി അച്ചനെ പ്രേരിപ്പിച്ചത് തന്‍റെ ഗുരുവെന്ന നിലയില്‍ കെ. സി. മാത്യു അച്ചനോടുള്ള തികഞ്ഞ ബഹുമാനവും, സവിശേഷമായ ബന്ധങ്ങളും സാഹചര്യങ്ങളുമാണ്. അമേരിക്കയില്‍ പര്യടനം നടത്തിയ മാത്യു അച്ചനെയും കൊച്ചമ്മയെയും റോയി അച്ചനും ലളിത കൊച്ചമ്മയും സ്വീകരിച്ച്, ഉചിതമായി പരിചരിച്ച അനുഭവം റോയി അച്ചന്‍ പരോക്ഷമായി മാത്രം സൂചിപ്പിക്കുന്നുണ്ട്. മാത്യു അച്ചന്‍റെ ജീവിതത്തില്‍ നിന്നുള്ള അനേകം സംഭവങ്ങളും ചില ഉദ്ധരണികളുമൊക്കെ വായനക്കാര്‍ക്ക് പ്രയോജനകരമാണ്. ഉദാഹരണമായി, വിവാഹിതനായശേഷം വൈദിക പട്ടമേറ്റതിനെക്കുറിച്ച് കെ. സി. മാത്യു അച്ചന്‍ പറഞ്ഞു: “Subordination before ordination.” ഇതെനിക്ക് വളരെ ചിന്താമധുരമായി തോന്നി. പ്രത്യേകിച്ചും, സന്യാസത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും അച്ചടക്കമോ അനുസരണമോ ഒന്നുംകൂടാതെ ഒറ്റയാന്മാരായി ജീവിക്കയും, ‘മേല്‍പട്ടക്കാരാകാന്‍ അവിവാഹിതരായിരിക്കണം’ എന്ന പൗരസ്ത്യ സഭാനിയമം ഉപയോഗിച്ച് ഉന്നത വൈദിക സ്ഥാനങ്ങള്‍ക്കുവേണ്ടി തത്രപ്പെടുന്നവരെയും നാം പലപ്പോഴും കാണുന്ന സാഹചര്യത്തില്‍ മാത്യു അച്ചന്‍റെ വാക്കുകള്‍ ധ്വനിപ്രധാനമാണ്.

കെ. സി. മാത്യു അച്ചന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രസ്ഥാനങ്ങള്‍ (ഉദാ. ആലുവാ യു. സി. കോളജ്, മാങ്ങാനം മന്ദിരം) എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തീര്‍ച്ചയായും വായനക്കാര്‍ക്ക് പ്രയോജനകരമാണ്.
അവിടവിടെയായി ചില ആവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും, ഒരു കാലത്ത് സി.എസ്.ഐ. സഭയിലെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും, പിന്നീട് അമേരിക്കയില്‍ എക്യുമെനിക്കല്‍ സഭാശുശ്രൂഷയിലും രംഗത്തും മറ്റ് പുരോഗമന കൂട്ടായ്മകളിലും, സജീവനേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന റോയി അച്ചന്‍ ലളിതമായ മലയാളത്തില്‍ ആദരണീയനായ കെ. സി. മാത്യു അച്ചനെക്കുറിച്ചെഴുതിയ ഈ നല്ല കൃതിക്ക് ഒരു വാക്ക് ആശംസയായി കുറിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

കോട്ടയം
നവംബര്‍ 16, 2020