ആത്മീയതയുടെ അനുഷ്ഠാനവല്‍ക്കരണം | ഫാ. ഡോ. കെ. എം. ജോര്‍ജ്

Isaac_the_Syrian
പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന “കാലം കാത്തുവയ്ക്കുന്നത്” (മാതൃഭൂമി ആഴ്ചപതിപ്പ്) എന്ന നോവലില്‍ മന്‍ഹര്‍ യദു എന്ന കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നു:

“ആശയം ചോര്‍ന്ന് വെറും ചട്ടക്കൂടായ മതത്തിന് തന്നത്താന്‍ നവീകരിക്കാനുള്ള കഴിവേ ഇല്ലാതാകുന്നു. സ്വയം തിരുത്താന്‍ ഒരു സംഘടിത മതത്തിന്‍റെയും നിയമാവലിയില്‍ പഴുതില്ല. അതായത്, മനുഷ്യപുരോഗതിക്ക് ആചാരമാത്ര പ്രസക്തമായ മതം ഉതകില്ലെന്നു മാത്രമല്ല, വന്‍ തടസ്സമാണ്. കാരണം, പിന്നെ വിശ്വാസം വിവേകപൂര്‍വമുള്ള നിഗമനത്തിന്‍റെ വെളിച്ചത്തിലല്ല, ആലോചനാനിരപേക്ഷമായ ശീലങ്ങളുടെയും വികാരങ്ങളുടെയും കടിഞ്ഞാണിലാണ്. സ്വയം തിരുത്താനുള്ള കഴിവാണ് ജീവന്‍റെ മുഖമുദ്ര. … സ്വയം തിരുത്താന്‍ അനുവദിക്കുന്ന ഒരേയൊരു മനോവ്യാപാരമേ മനുഷ്യന് ഇന്നോളം പരിചയമുള്ളു. അത് സയന്‍സാണ്. … ആത്മീയത തിരുത്തലുകള്‍ക്ക് തയ്യാറാവുകയും സയന്‍സ് ഇന്ദ്രിയാനുഭൂതിയുടെ ഒരു തലം മാത്രമേ ജീവിതത്തിനുള്ളു എന്ന ശാഠ്യം കളയുകയും വേണം.”

കാള്‍ സേഗന്‍ (Carl Sagen) എന്ന പ്രസിദ്ധ വാനശാസ്ത്രജ്ഞന്‍ വളരെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പറയുന്ന ഒരു ആശയമാണിത്. അതായത്, ശാസ്ത്രം പുരോഗമിക്കുന്നത് സ്വയം തെറ്റുകള്‍ തിരിച്ചറിഞ്ഞ് അവ തിരുത്തിയാണ്. ശാസ്ത്രത്തിന്‍റെ ചരിത്രം തന്നെ തെറ്റായ സങ്കല്പങ്ങളുടെയും സിദ്ധാന്തങ്ങളുടെയും തിരുത്തലാണ്. എന്തുകൊണ്ട് മതങ്ങള്‍ ഇത് പരിഗണിക്കുന്നില്ല എന്ന് സേഗന്‍ ചോദിക്കുന്നു. രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങളായാലും വ്യവസ്ഥാപിത മതങ്ങള്‍ അവയുടെ സിദ്ധാന്തങ്ങളെ പുനഃപരിശോധിക്കാനോ ആവശ്യമെങ്കില്‍ തിരുത്താനോ തയ്യാറാകാതെ ശാഠ്യം കാണിക്കുന്നു. അതിന്‍റെ ഫലമായി ലോകത്തില്‍ മതയുദ്ധങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും നിരന്തരം ഉണ്ടാകുന്നു.

പത്തു മുന്നൂറു വര്‍ഷമായി വികസിപ്പിച്ച ആധുനിക ശാസ്ത്രീയരീതിയും, സേഗനും മറ്റും പറയുമ്പോലെ പുരാതന മതങ്ങളുടെ അനുഭവനിഷ്ഠമായ രീതികളും തമ്മില്‍ താരതമ്യം അത്ര എളുപ്പമല്ല. എങ്കിലും നല്ല ഉദ്ദേശ്യവും നന്മയുമുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായം മതങ്ങള്‍ ശ്രദ്ധിക്കണം. യേശു പഠിപ്പിച്ചതുപോലെ ‘പ്രാവിന്‍റെ നിഷ്കളങ്കതയും പാമ്പിന്‍റെ ബുദ്ധിയും തമ്മില്‍, ഭക്തിയും യുക്തിയും തമ്മില്‍ സമന്വയിപ്പിച്ചാല്‍ നന്ന്.

ജീവനുള്ള ഒരു ശരീരത്തില്‍ സ്വയം തിരുത്തല്‍ എപ്പോഴും നടക്കുന്നുണ്ട്. എല്ലാ കോശങ്ങളിലും അതുണ്ട്. ശരീരശാസ്ത്രത്തില്‍ Autophagy – സ്വയം ഭുജിക്കല്‍ എന്നൊരു പ്രതിഭാസമുണ്ട് (Auto = സ്വയം, phagein =തിന്നുക). നശിച്ചു പോകുന്ന കോശങ്ങളെ നീക്കം ചെയ്യുകയും അവയെ ഉപയോഗിച്ച് പുതിയ കോശങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. വൃത്തിയാക്കലും, നവീകരണവും പുതിയവ സൃഷ്ടിക്കലും എല്ലാം ഇതിലടങ്ങിയിട്ടുണ്ട്. ജീവനുള്ള ശരീരത്തിന്‍റെ ആത്മവിമര്‍ശനമായും പുതുസൃഷ്ടിയായും ‘ഓട്ടോഫജി’യെ കരുതാം.

ചില ചര്‍ച്ചകളില്‍ പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍പ്പെട്ട ചില പണ്ഡിതന്മാര്‍ ഒരിക്കല്‍ ചോദിച്ചതോര്‍ക്കുന്നു: ഓര്‍ത്തഡോക്സ് സഭകളില്‍ ഉള്‍വിമര്‍ശനം അനുവദിക്കുന്നില്ലെങ്കില്‍ എങ്ങനെ മാറി മാറി വരുന്ന സാമൂഹ്യ അവസ്ഥകളെ സഭയ്ക്ക് നേരിടാനാവുമെന്ന്. യൂറോപ്പില്‍ മതനവീകരണം 16-ാം നൂറ്റാണ്ടില്‍ ഉണ്ടായതോടുകൂടി ആത്മവിമര്‍ശനം പ്രത്യേകിച്ചും ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍, ഒരു പ്രധാനപ്പെട്ട അളവുകോലായി മാറി. ഏതാണ്ട് ആ സമയത്തു തന്നെയാണ് ആധുനിക ശാസ്ത്രം വികസിച്ചു തുടങ്ങിയത്. ശാസ്ത്രീയരീതി (Scientific method) 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ബേക്കണ്‍ തുടങ്ങിയവര്‍ വികസിപ്പിച്ചത്, ശാസ്ത്രത്തിന്‍റെ സ്വയവിമര്‍ശനം, മുന്‍ ധാരണകളുടെ ചോദ്യം ചെയ്യല്‍, ഗുരുപാരമ്പര്യത്തിന്‍റെ ആധികാരികതയെ സംശയിക്കല്‍ എന്നീ ഉപാധികളിലൂടെയാണ്. പ്രൊട്ടസ്റ്റന്‍റ് എന്ന വാക്കില്‍ തന്നെ പ്രതിഷേധവും (protest) വിമര്‍ശനവും നിരാകരണവും അടങ്ങിയിരിക്കുന്നു.

വാസ്തവത്തില്‍ എല്ലാ മതങ്ങളിലും ആത്മവിമര്‍ശനത്തിനും സ്വയം തിരുത്തലിനുമുള്ള സംവിധാനങ്ങളുണ്ട്. പൗരോഹിത്യത്തിന്‍റെ ചില തെറ്റായ അധികാര വ്യവസ്ഥകള്‍ അതിനെ അമര്‍ത്തി വയ്ക്കുകയാണ് എന്നു മാത്രം.

ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ശക്തിയായ ആത്മവിമര്‍ശനമുണ്ട്. അത് വലിയ നോമ്പിലെ പ്രാര്‍ത്ഥനകളിലും വേദവായനകളിലും വളരെ വ്യക്തമാണ്. “നോമ്പ് എടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. നിന്‍റെ ഉപവാസവും ജാഗരണവും എനിക്ക് സ്വീകാര്യമല്ല” എന്നു ഇസ്രായേലിനോടു യശയ്യാ പ്രവാചകനിലൂടെ പറയുന്ന ദൈവത്തെയാണ് ആദിയോടന്തം നോമ്പിലെ പ്രാര്‍ത്ഥനകളില്‍ അവതരിപ്പിക്കുന്നത്. ഇതോ എനിക്കിഷ്ടമുള്ള നോമ്പ് എന്നു ചോദിക്കുന്ന ദൈവത്തെ യശയ്യാ പ്രവാചകന്‍ അവതരിപ്പിക്കുന്നു. അനാഥനും വിധവയ്ക്കും നീതി നടത്തിക്കൊടുക്കുക, അന്യായത്തിന്‍റെ അമിക്കയറുകളെ പൊട്ടിച്ചെറിയുക, പീഡിതരെ സ്വതന്ത്രരാക്കുക, എല്ലാ നുകത്തെയും തകര്‍ക്കുക (58:3-8), കടക്കാരോടു ക്ഷമിക്കുക, നിന്‍റെ അന്നം വിശക്കുന്നവര്‍ക്കായി ഭാഗിച്ചു കൊടുക്കുക, കലഹിച്ചിരിക്കുന്നവരെ അനുരഞ്ജിപ്പിക്കുക, വിനയത്തോടും ക്ഷമയോടും കൂടി ജീവിതത്തെയും സാമൂഹ്യ വ്യവസ്ഥകളെയും രൂപാന്തരപ്പെടുത്തുക – ഇതൊക്കെയാണ് നോമ്പിന്‍റെ സാരാംശമായത്. ഉപവാസവും കുമ്പിടീലും എത്ര വര്‍ദ്ധിപ്പിച്ചാലും, സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും താഴ്മയുടെയും സൗരഭ്യം പ്രസരിപ്പിക്കാത്ത നോമ്പ് അര്‍ത്ഥശൂന്യമാണ് എന്നു തന്നെയാണ് നമ്മുടെ പ്രാര്‍ത്ഥനകളില്‍ പറയുന്നത്. ഇത് വിശ്വാസിയായ വ്യക്തിക്കും സഭയെന്ന സമൂഹത്തിനും ഒരുപോലെ ബാധകമായ ആത്മവിമര്‍ശനമാണ്. നമ്മുടെ പ്രബോധനമെല്ലാം വ്യക്തികളായ വിശ്വാസികളോടാണ്. എന്നാല്‍ അതിലും പ്രധാനമാണ് സമൂഹത്തിന്‍റെ രൂപാന്തരം. എന്നാല്‍ വ്യവസ്ഥാപിത മതം ഇതിനെ മറികടക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആത്മീയതയുടെ അനുഷ്ഠാനവല്‍ക്കരണം (ritualisation of spirituality).

എന്താണ് അനുഷ്ഠാനവല്‍ക്കരണം? യേശുക്രിസ്തു പഠിപ്പിച്ചതനുസരിച്ച് നാം നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളെ ആരാധനയിലെ അനുഷ്ഠാനമാക്കി മാറ്റുകയും അത് നിരന്തരം ആവര്‍ത്തിക്കുന്ന ആചാരമാക്കി മാറ്റുകയും ചെയ്യുന്നതിനെയാണ് അനുഷ്ഠാനവല്‍ക്കരണം എന്ന് സൂചിപ്പിച്ചത്. ഒരു സന്യാസ ആശ്രമമോ സെമിനാരിയോ പോലുള്ള ക്രിസ്തീയ സമൂഹങ്ങളില്‍ ഓരോ യാമത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേക രാഗങ്ങളും ക്രമവും ഉണ്ട്. ഇത് തീര്‍ച്ചയായും ആരാധനാ സമൂഹത്തിന്‍റെ കെട്ടുറപ്പിനും അച്ചടക്കത്തിനും അനുപേക്ഷണീയമാണ്. എന്നാല്‍ വിശക്കുന്നവന് ഭക്ഷണം കൊടുക്കണം, കുറ്റക്കാരോട് ക്ഷമിക്കണം, അനീതിയുള്ള വ്യവസ്ഥയെ മാറ്റിയെടുക്കണം തുടങ്ങിയ അനുഭവപ്രധാനമായ ഉപദേശങ്ങളെ എട്ടു നിറങ്ങളില്‍ പാടിയും ഓരോ ദിവസവും ആവര്‍ത്തിച്ചും നടത്തുന്ന യാമനമസ്കാരം അനുഷ്ഠാനമായി മാറാനിടയുണ്ട്. നിറം തെറ്റാതെ പാടാനും നിശ്ചയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ കുമ്പിടാനും ഉള്ള ശ്രദ്ധ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ദിവസത്തില്‍ ഒരു നല്ല പങ്കും ഈ അനുഷ്ഠാനം നിവര്‍ത്തിക്കുകയും അതിന്‍റെ സാരാംശം അനുഭവത്തില്‍ വരുത്തുകയും ചെയ്യുന്നവര്‍ വളരെ ചുരുക്കമാണ്. ബഹുഭൂരിപക്ഷത്തിനും “നമസ്കാരം തികച്ചു” എന്ന ആത്മസംതൃപ്തിയും ആത്മ നീതിമത്കരണവും മതി. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടി “നിസ്കാര തഴമ്പുകള്‍” ഷോകെയ്സ് ചെയ്യുന്നവരുമുണ്ട്. അവിടെ ആത്മീയത എന്നത് അനുഷ്ഠാനപരതയാണ്. വാസ്തവത്തില്‍ ഇത് ആത്മീയതയുടെ വക്രീകരണവും, കര്‍ത്താവ് ശക്തമായി വിമര്‍ശിച്ച പരീശ മതാത്മകതയുടെ പിന്‍തുടര്‍ച്ചയുമാണ് “ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും നെറ്റിപ്പട്ടകള്‍ക്കു വീതി കൂട്ടുകയും കുപ്പായത്തിന്‍റെ തൊങ്ങലുകള്‍ക്ക് വീണ്ടും വീണ്ടും അലുക്കുകള്‍ പിടിപ്പിക്കുകയും ചെയ്യുന്നതു വഴി പരീശന്മാര്‍ സ്വയം നീതിമാന്മാരായും മറ്റുള്ളവരെ ന്യായം വിധിക്കുന്നവരായും ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളെ അന്യായത്തിന്‍റെ ചങ്ങലകളില്‍ ബന്ധിക്കുന്നവരുമായി മാറി എന്നതാണല്ലോ കര്‍ത്താവിന്‍റെ വിമര്‍ശനം (മത്തായി 23:1-28). അനുഷ്ഠാനപരതയില്‍ വിസ്മരിക്കപ്പെടുന്നതും വീര്‍പ്പുമുട്ടുന്നതും സാധാരണ മനുഷ്യരാണ്. അവരുടെ ജീവിതവ്യഥകളെക്കുറിച്ചോ ആത്മീയ ദാഹത്തെക്കുറിച്ചോ അധികമൊന്നും കരുതലില്ല അനുഷ്ഠാന മതത്തിന്.

നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ അതിമനോഹരവും അര്‍ത്ഥപൂര്‍ണ്ണവുമാണ്. അതില്‍ സുവിശേഷ വായനയും പ്രബോധനവും പരസ്പര ക്ഷമയുമുണ്ട്. എങ്കിലും അനുരഞ്ജനത്തിനും സ്നേഹചുംബനത്തിനും പകരം എതിരാളികളെ അവഹേളിക്കാനും ഏതെങ്കിലുംതരത്തില്‍ സമൂഹത്തിന് ലഭിക്കുന്ന പ്രത്യാശയെ കെടുത്തിക്കളയാനും അക്രമാസക്തമായ തീവ്രവാദങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമാണ് ശുബ്ക്കോനോ ശുശ്രൂഷയ്ക്കു മുമ്പും പിമ്പും നാം ശ്രമിക്കുന്നതെങ്കില്‍ പരസ്പര ക്ഷമയുടെ ആ ശുശ്രൂഷ അര്‍ത്ഥശൂന്യമായ അനുഷ്ഠാനപരതയായി തീരുന്നു. ഓരോ ആരാധനാസമൂഹത്തിലും അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്നവര്‍ മൂന്നു പ്രാവശ്യം നിലത്തു കുമ്പിട്ട് തന്‍റെ ജനങ്ങളോടു ക്ഷമ യാചിക്കുന്ന അനുഭവം ഒരു ചെറിയ അളവുവരെയെങ്കിലും യാഥാര്‍ത്ഥ്യമായാല്‍ എത്ര വലിയ മാറ്റമായിരിക്കും നമ്മുടെ സമൂഹത്തിന് ഉണ്ടായിരിക്കുക. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും മേല്‍സ്ഥാനികള്‍ അറിഞ്ഞോ അറിയാതെയോ, വരുന്ന പോസ്റ്റുകള്‍ നമ്മുടെ ലോകത്തില്‍ കൂടുതല്‍ ഇരുട്ട് പരത്തുന്നതാണ്.

ഇതു തന്നെയാണ് കാല്‍കഴുകല്‍ ശുശ്രൂഷയുടെ പ്രശ്നവും. ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്തെ ആ ശുശ്രൂഷ സഭയില്‍ നടത്തണമെന്ന് സഭ നിര്‍ബന്ധിക്കുന്നില്ല. കര്‍ത്താവ് തന്‍റെ ശിഷ്യന്മാരുടെ കാലുകളെ കഴുകിയത് മനുഷ്യചരിത്രത്തില്‍ തന്നെ മഹാ വിപ്ലവമായിരുന്നു. ഗുരുവിന്‍റെ കാലുകള്‍ ശിഷ്യന്മാര്‍ കഴുകുകയും എണ്ണയിട്ട് തടവുകയും ചെയ്യുന്നതു മാത്രമേ ലോകത്തിന് അന്നുമിന്നും പരിചയമുള്ളു. എന്നാല്‍ ശിഷ്യന്മാരുടെ കാലുകള്‍ കഴുകാനായി തന്‍റെ പുറങ്കുപ്പായം ഊരിവച്ചു സേവകന്‍റെ തൂവാല കെട്ടി എന്ന് സുവിശേഷത്തില്‍ പറയുമ്പോള്‍ അതിന് വലിയ ധ്വനിയുണ്ട്. തന്‍റെ ഗുരുപട്ടവും അതിനോടു ബന്ധപ്പെട്ട സകലതും അഴിച്ചുകളഞ്ഞ് അധികാരമോ ശക്തിയോ ഒന്നുമില്ലാത്തവന്‍റെ നഗ്നഭാവത്തിലാണ് ഗുരു താണു കുനിഞ്ഞ് മറ്റുള്ളവരുടെ കാലുകള്‍ കഴുകുന്നത്. താമസിയാതെ റോമന്‍ പടയാളികള്‍ യേശുവിനെ അപമാനിച്ച് വിവസ്ത്രനാക്കി കുരിശില്‍ തറയ്ക്കുന്നതിന്‍റെ ആത്മീയ സൂചന കൂടി ഇവിടെയുണ്ട്. കുരിശിലെ ആത്മത്യാഗത്തിന്‍റെ മുന്‍കുറിയാണ് ഇവിടെ യേശുവിന്‍റെ പ്രവൃത്തി. ‘നിങ്ങള്‍ തമ്മില്‍ തമ്മില്‍ കാലുകളെ കഴുകണം’ എന്നതായിരുന്നു കര്‍ത്താവിന്‍റെ സന്ദേശം. എന്നാല്‍ പല നൂറ്റാണ്ടുകള്‍ക്കു ശേഷം, ക്രിസ്തീയ സാമ്രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിച്ച കാല്‍കഴുകല്‍ ശുശ്രൂഷ ആരാധനാപരമായി മനോഹരമാണെങ്കിലും ആത്മീയതയെ അനുഷ്ഠാനപരമാക്കുന്നതിന്‍റെ നല്ല ഉദാഹരണമാണ്. വേദിയില്‍ നാടകമായി അത് അവതരിപ്പിക്കണം എന്നായിരിക്കില്ലല്ലോ കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞത്. പ്രബോധനപരവും (catechetical) അധ്യാപനപരവുമായ (pedagogica) കാര്യങ്ങള്‍ക്ക് നാടകം, skit, സിനിമ തുടങ്ങിയ കലാരൂപങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല ഒരു നാടകമോ സിനിമയോ കണ്ടാല്‍, അവ പ്രേക്ഷകരുടെ ചിന്തകളെ മഥിക്കുകയും ചിലപ്പോള്‍ വലിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് അവ വഴിയൊരുക്കുകയും ചെയ്യും. വെറുമൊരു തെരുവുനാടകത്തിനു പോലും മനുഷ്യരുടെ അവബോധത്തെ വിപ്ലവകരമായി മാറ്റാന്‍ കഴിയും. എന്നാല്‍ പരമ്പരാഗതമായ കാല്‍ കഴുകല്‍ ശുശ്രൂഷ അങ്ങനെയൊരു ധര്‍മ്മം നിര്‍വഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്. അതുകൊണ്ടായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാന്‍ വിട്ട് ജയിലുകളിലും കാരുണ്യഭവനങ്ങളിലും കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയത്. മെത്രാന്മാരുടെയും കര്‍ദിനാളന്മാരുടെയും കാലുകള്‍ മാത്രം വേണമെങ്കില്‍ അദ്ദേഹത്തിന് കഴുകാമായിരുന്നു. പക്ഷേ അഗതികളുടെയും ഇതര മതസ്ഥരായ അഭയാര്‍ത്ഥികളുടെയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയുമൊക്കെ കാല്‍ കഴുകിയതു മൂലം അദ്ദേഹം ലോകത്തിന് പ്രത്യാശയുടെ ഒരു സന്ദേശം നല്‍കി എന്ന് പലരും പറഞ്ഞു. ഇവിടെ അനുഷ്ഠാനത്തെ അതിന്‍റെ ആത്മിക ഉറവയിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമുണ്ട്.

അനുഷ്ഠാനങ്ങള്‍ (rites and rituals) മനുഷ്യര്‍ക്ക് സമൂഹജീവിതത്തില്‍ അത്യാവശ്യമുള്ളതാണ്. അനിശ്ചിതമായ ഈ ലോകത്തില്‍ സകലതും ക്രമരാഹിത്യത്തിലേക്കു (chaos) വഴുതി വീഴുന്ന അപകടകരമായ വളവുകളില്‍ നമ്മെ വഴിതെറ്റിക്കുന്ന ദിഗ്ഭ്രമങ്ങളില്‍പെട്ട് നാം ഉഴലുമ്പോള്‍ ഓരോ യാമങ്ങളിലുമുള്ള പ്രാര്‍ത്ഥനയും ഞായറാഴ്ച ഉള്ള സമൂഹ ആരാധനകളും കാലാകാലങ്ങളിലുള്ള മാറാനായ (നമ്മുടെ കര്‍ത്താവിന്‍റെ) പെരുന്നാളുകളും വിശുദ്ധ ജീവിതം നയിച്ച മനുഷ്യരുടെ ഓര്‍മ്മപെരുന്നാളുകളും എല്ലാം ചേര്‍ന്ന് അതിമനോഹരമായ ഒരു ആരാധനാ വ്യവസ്ഥ നമുക്കുണ്ട്. സ്ഥലകാലങ്ങള്‍ക്കു (Timespace) സ്വാഭാവികമായുള്ള അര്‍ത്ഥശൂന്യതയെ മറികടക്കാനുള്ള ഒന്നാന്തരം വ്യവസ്ഥയാണ് നമ്മുടെ ആരാധനാ വര്‍ഷം (liturgical year). ആ വ്യവസ്ഥയ്ക്കുള്ളിലാണ് ഒരു വിശ്വാസിയുടെ / വിശ്വാസസമൂഹത്തിന്‍റെ എല്ലാവിധമായ ജീവിത യാത്രകളും നടത്തേണ്ടത്. രോഗത്തിലും ദാരിദ്ര്യത്തിലും മനഃക്ലേശത്തിലും വഴക്കിലും വ്യവഹാരത്തിലും വ്യര്‍ത്ഥതയിലുമെല്ലാം കുടുങ്ങിപ്പോകുന്ന മനുഷ്യര്‍ക്ക് പുതിയ അര്‍ത്ഥവും പ്രത്യാശയും രൂപാന്തരവും നല്‍കുന്ന കര്‍ത്താവിന്‍റെ സുവിശേഷം ആരാധനാവര്‍ഷത്തിലെ അനുഷ്ഠാനങ്ങളിലൂടെ കിനിഞ്ഞിറങ്ങണം. അത് ഔഷധതൈലമായും സ്നേഹസൗരഭ്യമായും മനുഷ്യബന്ധങ്ങളിലെ മുറിവ് ഉണക്കുകയും അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വെളിച്ചം നല്‍കുകയും വേണം. അതിനുപകരം അത് നിയമങ്ങളുടെ കനത്ത നുകമായും മേലധികാരത്തിന്‍റെ ഭാരമേറിയ ചുമടുകളായും സ്ഥാപനവല്‍കൃതമായ ചൂഷകവ്യവസ്ഥയായും പാവപ്പെട്ട ജനങ്ങളുടെമേല്‍ പതിച്ചാല്‍ അവരുടെ ഹൃദയംപൊട്ടിയ നിലവിളി ദൈവം കേള്‍ക്കും. സിംഹാസനങ്ങള്‍ തകിടം മറിയുകയും നാമിപ്പോള്‍ ആഘോഷമായി കൊണ്ടുനടക്കുന്ന പൗരോഹിത്യ മതവ്യവസ്ഥകള്‍ തുടച്ചു നീക്കപ്പെടുകയും ചെയ്യും.