തെളിയുന്നു, ഏഴ് പൊൻവിളക്കുകൾ

fr-k-m-george
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് ഇത് ആനന്ദത്തിന്റെ സുദിനം. പുതുതായി 7 മെത്രാപ്പൊലീത്തമാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുന്നു. മലങ്കര സഭയ്ക്ക് നവദർശനവും സൂര്യശോഭയും നൽകാൻ ഏഴ് പൊൻവിളക്കുകളിലേക്ക് പരിശുദ്ധാത്മാഭിഷേകമാകുന്ന അഗ്നിനാളം തെളിയും. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകിയതായ മഹാപൗരോഹിത്യ പിന്തുടർച്ചയുടെ അവകാശികളായി സഭയുടെ ആത്മീയ നേതൃത്വത്തിലേക്ക് ഇവർ ഉയർത്തപ്പെടും.

ദൈവവിശ്വാസ സംരക്ഷകരായി, സഭയുടെ മഹത്തായ പാരമ്പര്യത്തിന്റെ കാവൽക്കാരായി, സഭാ മക്കളെ ആത്മീയതയുടെ മേച്ചിൽപ്പുറങ്ങളിൽക്കൂടി നയിക്കാനായി ഇടയ ശുശ്രൂഷയിലേക്ക് ഏഴുപേർ കൂടി വിളിച്ചടുപ്പിക്കപ്പെടുന്നു. അതിപൗരാണികമായ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ അനുഗ്രഹീതമായ ശുശ്രൂഷയ്ക്കു വേദിയാകുന്നു. മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന 7 റമ്പാന്മാർ മേയ് മുതൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ധ്യാനത്തിലും പ്രാർഥനയിലും പരിശീലനത്തിലും മുഴുകിയിരിക്കുകയായിരുന്നു. പരിശുദ്ധ റൂഹായുടെ ആവാസത്താൽ മെത്രാപ്പൊലീത്ത‌ സ്ഥാനാഭിഷേക ശുശ്രൂഷകൾ അനുഗ്രഹപ്രദമായി പൂർത്തിയാക്കാൻ സഭ ഒന്നായി ഒരുക്കത്തോടെ പ്രവേശിക്കുകയാണ്.

പരിശുദ്ധ സഭയുടെ ഭിത്തിയെ ബലവത്താക്കാൻ, ഏൽപിക്കപ്പെട്ടിരിക്കുന്ന ദൗത്യങ്ങൾ യഥാസമയം ഉചിതമായ നിലയിൽ വിനിയോഗിക്കാൻ പുതുതായി അഭിഷിക്തരാകുന്ന മെത്രാപ്പൊലീത്തമാർക്ക് സാധ്യമാകും എന്ന് ഉറച്ച് വിശ്വസിക്കുന്നു. പരിശുദ്ധ സഭയുടെ മഹത്വം ഉയരുവാൻ ഈ അഭിഷേകം സഹായകമാകും. സാക്ഷ്യത്തോടെയും സ്വത്വബോധത്തോടെയും അഭിമാനത്തോടെയും സമൂഹത്തിൽ ജീവിക്കുന്നതിന് വിശ്വാസസമൂഹത്തെ പ്രാപ്തരാക്കാൻ പുതിയ മെത്രാപ്പൊലീത്തമാരുടെ അനുഗ്രഹീത നേതൃത്വത്തിന് സാധ്യമാകട്ടെ എന്ന് പ്രാർഥിക്കുന്നു.

ചേർത്തു പിടിക്കണം, സ്നേഹക്കരുത്തിൽ

ലക്ഷ്യം ചക്രവാളങ്ങൾ ആയിരിക്കണം.’ നിയുക്ത മെത്രാപ്പൊലീത്തമാരെ കണ്ടപ്പോൾ ഗുരുവായ ഫാ. ഡോ. കെ.എം.ജോർജിന് പറയാനുള്ള ആദ്യ കാര്യം ഇതായിരുന്നു. മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഏബ്രഹാം തോമസ് റമ്പാൻ, പി.സി.തോമസ് റമ്പാൻ, ഡോ. ഗീവർഗീസ് ജോഷ്വ റമ്പാൻ, ഗീവർഗീസ് ജോർജ് റമ്പാൻ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഡോ. കെ.ഗീവർഗീസ് റമ്പാൻ, ചിറത്തിലാട്ട് സഖറിയ റമ്പാൻ എന്നിവരെയാണ് ദേവലോകം കാതോലിക്കേറ്റ് അരമനയിലെ ധ്യാനവും പ്രാർഥനയും പരിശീലനവും പൂർത്തിയായ ഘട്ടത്തിൽ ഫാ. ഡോ. കെ.എം.ജോർജ് കണ്ടത്.

ദൈവനിയോഗത്താൽ പുതിയതായി ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് റമ്പാന്മാരും സഭയുടെ പ്രതീക്ഷകളെക്കുറിച്ചു ഫാ. ഡോ. കെ.എം.ജോർജും ദേവലോകം അരമനയിലെ ശാന്തമായ അന്തരീക്ഷത്തിൽ സംസാരിക്കുന്നു: ഇടയൻ എപ്പോഴും ആട്ടിൻപറ്റത്തെ ഉപരിദർശനമാണു നടത്തുന്നത്. ഇപ്പോൾ ആട്ടിൻപറ്റത്തിനു പുല്ല് ലഭിക്കുന്ന സ്ഥലങ്ങൾ നോക്കും. അതിനൊപ്പം ഇനി എങ്ങോട്ട് പുല്ല് തേടിപ്പോകണം എന്നും നോക്കും. ഇതേ ദർശനമാണ് സഭയെ നയിക്കുന്നവർക്കും വേണ്ടതെന്നു ഫാ. കെ.എം.ജോർജിന്റെ അഭിപ്രായം.

ഉപരിദർശനവും ദീർഘദർശനവും ജനങ്ങളെ നയിക്കുന്നതിന് ആവശ്യമാണ്. കോവിഡ് പുതിയ ലോകക്രമം തന്നെ സൃഷ്ടിച്ചു. ഈ സമയത്താണ് വ്യക്തമായ കാഴ്ചപ്പാടുമായി മുന്നിൽനിന്നു നയിക്കുന്നവർ വേണ്ടിവരുന്നത്. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോവുക പ്രധാനമെന്നും ഫാ. കെ.എം.ജോർജ് പറഞ്ഞു. താരതമ്യേന ചെറു പ്രായത്തിൽ തന്നെ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് എത്തുന്നവരെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷ നൽകും യുവത്വം

സമൂഹമാധ്യമങ്ങളെയും യുവജനങ്ങളെയും മാറ്റിനിർത്തി മുൻപോട്ടുള്ള പ്രവർത്തനങ്ങൾ ചിന്തിക്കാൻ കഴിയില്ല. റമ്പാൻമാർക്കും ഫാ. ഡോ. കെ.എം.ജോർജിനും ഈ വിഷയത്തിൽ ഏകാഭിപ്രായമാണ്. യുവജനങ്ങളെ സഭാ പ്രവർത്തനങ്ങളിൽ സജീവമായി എത്തിക്കുക എന്നത് വെല്ലുവിളിയാണ്. യുവജനങ്ങൾ കൂടുതൽ ക്രിയാത്മകമായി ചിന്തിക്കുന്നവരാണ്. അവരെ കേൾക്കുക എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ ഇവരെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും റമ്പാൻമാർക്കിടയിൽ അഭിപ്രായമുയർന്നു. സിനിമയിൽ പോലും ഇപ്പോൾ യുവസംവിധായകരുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആവിഷ്കാരത്തെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ലോകം പ്രതീക്ഷയുടേതും

21ാം നൂറ്റാണ്ട് അക്രമത്തിന്റെതെന്നു പറയുമ്പോഴും അതു പുതിയ ലോകക്രമത്തിലേക്കുള്ള യാത്രയാണെന്നു റമ്പാന്മാർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത്തരം അനുഭവങ്ങൾ ഈറ്റുനോവിന്റെ ആരംഭമാണെന്ന് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. വയലൻസ് സൈലൻസിലേക്കും അത് പിന്നീട് നവീകരണത്തിലേക്കും മാറ്റപ്പെടുമെന്നുമുള്ള പ്രതീക്ഷയാണ് റമ്പാന്മാർക്കുള്ളത്.

മറയ്ക്കപ്പെടുന്ന നന്മ

സമൂഹമാധ്യമങ്ങൾ റേറ്റിങ് മാത്രം മുൻനിർത്തി കുപ്രസിദ്ധമായ ചില സംഭവങ്ങൾക്ക് പിന്നാലെ പോകുമ്പോൾ നന്മ ചെയ്യുന്നവരെ തീർത്തും ന്യൂനപക്ഷമായി ഒതുക്കിക്കളയുന്ന പ്രവണത വർധിക്കുന്നതായി സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി വിവരിച്ചപ്പോൾ റമ്പാന്മാരുടെ വാക്കുകളിൽ ആശങ്ക നിഴലിച്ചു. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്നതിൽ കൂടുതൽ പഠനം വേണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. നന്മ ആത്യന്തികമായി നിലനിൽക്കും. പരസ്യമായും രഹസ്യമായും സഭകളും മതങ്ങളും കൂടുതൽ ചെയ്യുന്നതും ഇത്തരം കാര്യങ്ങളാണ്. അതേസമയം സഭയിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചാൽ അതിനെ പർവതീകരിക്കുകയും ഈ ബഹളത്തിൽ നല്ല കാര്യങ്ങൾ മുങ്ങിപ്പോവുകയും ചെയ്യുന്നു.

സമർപ്പണ പാഠം

വർത്തമാന കാലത്ത് മതങ്ങൾക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളെക്കുറിച്ചു നിയുക്ത മെത്രാന്മാർക്ക് വ്യക്തമായ ധാരണയുണ്ട്. ‘വേദം അറിയുന്നവൻ വൈദികനല്ല, വേദം അനുഷ്ഠിക്കുന്നവനാണ് വൈദികൻ.’ സെമിനാരി പഠനകാലത്തെ വരികൾ ശിഷ്യർ ഓർത്തെടുത്തപ്പോൾ ഫാ. കെ.എം.ജോർജിനും ഏറെ സന്തോഷം. വേദശാസ്ത്രം പറയുന്നത് മാത്രമല്ല, ജീവിതം സംസാരിക്കുന്നവരായി മാറാൻ കഴിയുമ്പോഴാണ് യഥാർഥ ദൗത്യം പൂർണമാകുന്നത്. വലിയ ഇടയനെ നോക്കി പ്രവർത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അത് സമർപ്പണമാണ് എന്ന ഉത്തമബോധ്യമുണ്ടെന്നും റമ്പാൻമാർ പറഞ്ഞത് ഒരേ സ്വരത്തിലാണ്.

ചേർത്തു പിടിക്കണം

ദലിത് വിഭാഗങ്ങൾ, സമൂഹത്തിൽ അവഗണ നേരിടുന്ന മറ്റു ജനവിഭാഗങ്ങൾ എന്നിവരെ ചേർത്തു പിടിച്ചു മാത്രമേ മുൻപോട്ടു പോകാനാവൂ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മൂല്യങ്ങളെ സംരക്ഷിക്കേണ്ടതാണ് മതം. എന്നാൽ ഇന്ന് അപരനെ അറിയുന്നവരായി മതം മാറുന്നില്ല. അതിന്റെ പ്രശ്നം മതത്തിലുണ്ട്. ഈ കാഴ്ചപ്പാടിനു മാറ്റം സംഭവിക്കണം. നഷ്ടപ്പെടുന്നതിനെ ചേർത്തു നിർത്തുക, അയൽക്കാരന്റെ ആവശ്യം എന്തെന്നു മറക്കാതിരിക്കുക എന്നീ കാര്യങ്ങളും മുൻഗണന അർഹിക്കുന്നതായി. പ്രകൃതിയുമായി ചേർന്നുള്ള വികസനവും പ്രവർത്തനവും നഷ്ടമാകുന്നതിലും നിയുക്ത ബിഷപ്പുമാർക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ മാതൃകാപരമായി എന്തു ചെയ്യാനാവും എന്നതും ചിന്തിക്കേണ്ട വിഷയമാണെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

അവഗണിക്കരുത്

വിശാല സാധ്യതകളുള്ള സമൂഹമാധ്യമങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് റമ്പാന്മാർ അഭിപ്രായപ്പെട്ടു. അതേസമയം ആളുകളെ പൊതുലോകത്തേക്ക് എത്തിക്കാൻ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറേണ്ട അവസ്ഥയാണ് സമൂഹമാധ്യമങ്ങളുടെ ലോകം സൃഷ്ടിക്കുന്നതെന്നും ഇവർക്ക് അഭിപ്രായമുണ്ട്. സ്ക്രീൻ സർവതും നൽകും എന്ന് വിശ്വസിക്കുന്ന തലമുറയെയാണ് അഭിസംബോധന ചെയ്യേണ്ടത്. ജനങ്ങളെ ശിഥിലീകരിക്കുന്നതാവരുത് സമൂഹമാധ്യമങ്ങൾ. നെഗറ്റീവ് ഒഴിവാക്കി പോസിറ്റീവ് ആയ കാര്യങ്ങൾ സ്വീകരിക്കുക – ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിച്ചത് ഇങ്ങനെ.

ഒരു ചിരിയാകാം

‘സദാസമയവും ചിരിച്ചു കൊണ്ടുള്ള മുഖഭാവം അനിവാര്യമല്ലേ?’ റമ്പാന്മാരുടെ കൂട്ടത്തിൽ നിന്ന് ഉയർന്ന ഈ ചോദ്യം ഗൗരവമായ പോയിരുന്ന ചർച്ചയുടെ ഗതി മാറ്റിവിട്ടു. വൈദികൻ എന്നല്ല ഏത് പദവിയിലുള്ള ആളുകൾ ആയാലും ‘സെൻസ് ഓഫ് ഹ്യൂമർ’ ഉണ്ടാകണമെന്ന് കൂട്ടത്തിൽ നിന്നു തന്നെ മറുപടിയും വന്നപ്പോൾ എല്ലാ റമ്പാന്മാരുടെയും മുഖത്തും ചിരി വിരിഞ്ഞു. നമ്മൾ ചിരിക്കാൻ ശ്രമിച്ചാലും മറ്റുള്ളവർ ഭയവും ബഹുമാനവും കലർന്ന ഭാവത്തോടെ മാറി നിൽക്കുന്നതല്ലേ പതിവെന്ന് കൂട്ടത്തിൽ ഒരാൾ സംശയം ഉന്നയിച്ചു. നല്ല തമാശ ആരും ആസ്വദിക്കുമെന്നും എന്നാൽ അത് ‘നല്ലതാണെന്ന്’ സ്വയം ബോധ്യം ഉണ്ടാകണമെന്നും ഫാ. കെ.എം.ജോർജ് ഓർമിപ്പിച്ചു.

ബാവായുടെ ശിക്ഷണം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ശിക്ഷണത്തിൽ 3 മാസം ഒരുമിച്ച് കഴിഞ്ഞത് പരസ്പരമുള്ള ഇഴയടുപ്പം വർധിപ്പിച്ചതായി റമ്പാന്മാർ പറഞ്ഞു. ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനുമുള്ള സാഹചര്യമാണ് ലഭിച്ചത്. ഇത് വലിയ ഭാഗ്യമാണെന്നു ജോർജ് അച്ചൻ പറഞ്ഞു. ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് ഇടവേളയെടുത്ത് പ്രാർഥനയും ധ്യനത്തിലുമായി കഴിഞ്ഞത് മുൻപോട്ടുള്ള ജീവിതത്തിന് പുതിയ ദിശാബോധം നൽകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. വിവിധ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ സഭയുടെ കാര്യം വരുമ്പോൾ ഒരുമ ഉണ്ടാകണം. ഈ ചിന്തയും ബോധ്യവും ഉള്ളിലുണ്ടാകുമെന്നും ബാവായുടെ നിർദേശങ്ങൾ പുതിയ ചുമതലയിൽ വഴികാട്ടുമെന്നും ഇവർക്ക് ഉറപ്പുണ്ട്.

മനുഷ്യഗന്ധിയായ സഭ

സുകുമാർ അഴീക്കോട്, ഖലീൽ ജിബ്രാൻ, ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി, പി.യു.തോമസ്, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ ഒസ്താത്തിയോസ്, രാമചന്ദ്ര ഗുഹ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ വാക്കുകളും ജീവിതാനുഭവങ്ങളും സംഭാഷണത്തിനിടയിൽ ഇവർക്കിടയിൽ കടന്നു വന്നു. 2 മണിക്കൂർ നീണ്ട സംഭാഷണം അവസാനിപ്പിക്കുമ്പോൾ സന്തോഷവും പ്രത്യാശയുമായിരുന്നു എല്ലാവരുടെയും മുഖത്ത്. മനുഷ്യഗന്ധിയായ സഭ എന്ന ആശയത്തിനായി നിലനിൽക്കണം എന്ന ഫാ. ഡോ. കെ.എം.ജോർജിന്റെ വാക്കുകൾക്ക് പൂർണ സമ്മതം പറഞ്ഞാണ് റമ്പാന്മാർ സംഭാഷണം നിർത്തിയത്.

തയാറാക്കിയത്: പ്രതീഷ് ജി.നായർ, ജിക്കു തോമസ്

(മനോരമ, 28-07-2022)