ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ്

PMG

സമുന്നത ദാര്‍ശനികനും ക്രിസ്തീയ വേദശാസ്ത്രജ്ഞനും ബഹുമുഖ വൈജ്ഞാനികനുമെന്ന നിലയില്‍ പ്രശസ്തനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. 1922 ഓഗസ്റ്റ് 9-നു തൃപ്പൂണിത്തുറയില്‍ തടിക്കല്‍ കുടുംബത്തില്‍ ജനിച്ച പോള്‍ വര്‍ഗീസ് അത്യസാധാരണമായ ബുദ്ധിവൈഭവത്തോടൊപ്പം, അറിവിന്‍റെ ഉപരി മേഖലകള്‍ തേടി നടത്തിയ ക്ലേശപൂര്‍ണ്ണമായ തീര്‍ത്ഥാടനത്തിലൂടെ നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തെ പ്രകാശിപ്പിക്കാന്‍ യത്നിച്ചു. ലോകസഭാ കൗണ്‍സില്‍ പ്രസിഡണ്ട്, ഇന്ത്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസിന്‍റെ ജനറല്‍ പ്രസിഡണ്ട്, ഇന്‍റര്‍നാഷണ്‍ നിയോപ്ലേറ്റോണിക് സൊസൈറ്റിയുടെ ഇന്ത്യന്‍ ചാപ്റ്ററിന്‍റെ അദ്ധ്യക്ഷന്‍, വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം മാര്‍ ഗ്രീഗോറിയോസ് ശ്രദ്ധേയനായി. വിജ്ഞാന വിസ്ഫോടനം ആരംഭിച്ച ഇരുപതാം നൂറ്റാണ്ടില്‍ വ്യത്യസ്തങ്ങളായ വൈജ്ഞാനിക മേഖലകളെ സംശ്ലേഷിപ്പിച്ച് സമഗ്ര ജ്ഞാനത്തിലേക്കു നയിക്കാനുള്ള അനന്യമായ ദാര്‍ശനിക ധിഷണയും ആവിഷ്ക്കാരശേഷിയും പ്രകടിപ്പിച്ച മാര്‍ ഗ്രീഗോറിയോസിനെ സമകാലികര്‍ ഒട്ടൊക്കെ വിസ്മയാദരങ്ങളോടെയാണ് കണ്ടത്.

കൊച്ചി സംസ്ഥാനത്ത് റാങ്കോടു കൂടി ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പോള്‍ വര്‍ഗീസിന് കോളജില്‍ ചേരാനുള്ള സാഹചര്യം ലഭിച്ചില്ല. പോസ്റ്റല്‍ വകുപ്പ് അടക്കം പല സ്ഥലങ്ങളിലും ജോലികള്‍ ചെയ്ത വിജ്ഞാനദാഹിയായ ആ ചെറുപ്പക്കാരന് എത്യോപ്യയില്‍ അദ്ധ്യാപകനായി വിളിക്കപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. അവിടെ അംഹാരിക് ഭാഷയും തദ്ദേശീയ സംസ്കാരവും വളരെ നന്നായി പഠിച്ച പോള്‍ വര്‍ഗീസിനെ എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്ലി സെലാസി ഒരു സ്കൂള്‍ നാടക അവതരണത്തിലൂടെ കണ്ടെത്തുകയായിരുന്നു. പില്‍ക്കാലത്ത് വിദ്യാഭ്യാസ, നയതന്ത്ര മേഖലകളില്‍ ചക്രവര്‍ത്തിയുടെ പ്രധാന ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു.

എത്യോപ്യയിലെ അദ്ധ്യാപനം അവസാനിപ്പിച്ച് കോളജ് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കാണ് പോയത്. ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയില്‍, നീതിയും സമാധാനവും വാഴുന്ന ‘ദൈവരാജ്യ’ സങ്കല്‍പ്പത്തില്‍ ആകൃഷ്ടനായി, ആ യുവാവ്. തിയോളജിയും ഫിലോസഫിയും പഠിച്ച്, സ്വന്തം ജനങ്ങളെ സേവിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ ഇന്ത്യയിലേക്കു മടങ്ങി. മദ്രാസ് ക്രിസ്ത്യന്‍ കോളജ് അദ്ധ്യാപകനായിരുന്ന കണ്ടത്തില്‍ ശ്രീ കെ. സി. ചാക്കോയും സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച ആലുവാ യു. സി. കോളജ്, ഫെലോഷിപ്പ് ഹൗസ് എന്നിവയോടു ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്‍റെ മാതൃസഭയായ മലങ്കരസഭയിലെ ഭിന്നത ഉന്നതമായ ആത്മീയ ദര്‍ശനവും പ്രതിഭാശേഷിയുമുള്ള ആ യുവാവിന്‍റെ ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു. അതുകൊണ്ട് അന്നത്തെ ജനകീയ സഭാ സമാധാന ശ്രമങ്ങളിലെല്ലാം അദ്ദേഹവും പങ്കെടുത്തു.

1956-ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസി ഇന്ത്യയില്‍ വന്നപ്പോള്‍ കേരളത്തിലെത്തി അന്ന് മലങ്കരസഭയുടെ അദ്ധ്യക്ഷനായിരുന്ന ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദ്വിഭാഷിയായി പ്രവര്‍ത്തിച്ച പോള്‍ വര്‍ഗീസിനെ ഇതിനിടയില്‍ നാടകീയമായി അദ്ദേഹം തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഭാശാലിയായ ആ യുവാവിനെ എത്യോപ്യയ്ക്കു വിട്ടുതരണമെന്ന് സഭാധികാരികളോട് ചക്രവര്‍ത്തി ആവശ്യപ്പെട്ടു. അവിടെ രാജകൊട്ടാരത്തില്‍ സമുന്നത പദവികളാണ് അദ്ദേഹത്തിനു ലഭിച്ചത്. ചക്രവര്‍ത്തി തന്‍റെ പൗത്രിയായ രാജകുമാരിക്കു വിവാഹം വരെ ആലോചിച്ച കഥയുണ്ട്.

1958-ലെ സുപ്രീംകോടതിവിധിയോടെ മലങ്കരസഭയില്‍ സമാധാനവും ഐക്യവും കൈവന്നു. ആയിടയ്ക്കു ഭാരതീയ സര്‍ക്കാരുമായുള്ള ഒരു ചര്‍ച്ചയ്ക്ക് ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഡല്‍ഹിയില്‍ വന്ന സമാധാനകാംക്ഷിയായ പോള്‍ വര്‍ഗീസ് താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് തന്‍റെ മാതൃസഭയില്‍ ഒരു വൈദികനായിത്തീര്‍ന്ന് മനുഷ്യ സേവനം നടത്തണമെന്നു തീരുമാനിച്ചു. മൂന്നു വര്‍ഷത്തോളം എത്യോപ്യന്‍ ഭരണകൂടത്തില്‍ വിശ്വസ്തമായി പ്രവര്‍ത്തിച്ചെങ്കിലും രാജകീയ പ്രൗഢിയില്‍ അദ്ദേഹം സംതൃപ്തനായില്ല. ചക്രവര്‍ത്തിയുടെ പല നയങ്ങളോടും വിയോജിപ്പ് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ തന്നെ ഉപരിപഠനത്തിനായി രാജ്യം വിട്ടു. പ്രിന്‍സ്ടണ്‍, യേല്‍, ഓക്സ്ഫഡ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം വീണ്ടും ഇന്ത്യയിലേക്കു തിരിച്ചു വന്നു.

1961-ല്‍ ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അഭിസംബോധന ചെയ്ത ലോകസഭാ കൗണ്‍സിലിന്‍റെ ആഗോള അസംബ്ലി നടന്നപ്പോള്‍, അന്ന് യുവവൈദികനായിരുന്ന ഫാ. പോള്‍ വര്‍ഗീസ് അവിടെ നടത്തിയ പ്രശസ്തമായ മൂന്ന് ബൈബിള്‍ പഠനങ്ങള്‍ മൂലം ലോകശ്രദ്ധയാര്‍ജിച്ചു. ജനീവയില്‍ ലോകസഭാ കൗണ്‍സിലിന്‍റെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. അഞ്ചു വര്‍ഷത്തെ സേവനത്തിനിടയില്‍ രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ അതിഥിയായി സംബന്ധിക്കുകയും പാശ്ചാത്യ വൈജ്ഞാനിക ലോകത്തെ പ്രഗത്ഭ വ്യക്തികളുമായും വിവിധ മത-രാഷ്ട്ര നേതാക്കളുമായും സംവദിച്ചു തുടങ്ങുകയും ചെയ്തു. 1967-ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് കോട്ടയത്ത് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. അതോടുകൂടിയാണ് ഇന്ത്യയിലെ ബൗദ്ധികവൃത്തങ്ങളിലും സര്‍വകലാശാലാ കേന്ദ്രങ്ങളിലും അറിയപ്പെട്ടു തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ് അംഗമായി പ്രവര്‍ത്തിക്കയും പാശ്ചാത്യ ഫിലോസഫി ക്ലാസുകള്‍ നയിക്കയും ചെയ്തു.

1975-ല്‍ മലങ്കരസഭ അദ്ദേഹത്തെ മെത്രാന്‍സ്ഥാനം നല്‍കി ഡല്‍ഹിയിലേയ്ക്കയച്ചു. അവിടെ ദലൈലാമ, ഡോ. കരണ്‍സിംഗ്, ബാബാ വീര്‍സാ സിംഗ്, ശ്രീ ചിദാനന്ദ സ്വാമി തുടങ്ങിയവരുമായുള്ള സൗഹൃദം മൂലം മതാന്തര സംവാദത്തില്‍ മൗലികമായ ചില ഉള്‍ക്കാഴ്ചകള്‍ നല്‍കാനും രചനകള്‍ നടത്താനും മാര്‍ ഗ്രീഗോറിയോസിനു കഴിഞ്ഞു. കമല വാത്സായനന്‍, റൊമിലാ ഥാപ്പാര്‍ തുടങ്ങിയവരും, ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി തുടങ്ങിയ അക്കാദമിക് കേന്ദ്രങ്ങളും വളരെ ആദരിച്ച മാര്‍ ഗ്രീഗോറിയോസ് തന്‍റെ ഭവനത്തില്‍ വിദ്യാര്‍ത്ഥികളെയും അന്വേഷകരെയും സദാ സ്വാഗതം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദ്യ ഘട്ടങ്ങളില്‍ സാമൂഹിക-സാമ്പത്തിക വിഷയങ്ങളില്‍ നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും അദ്ദേഹം മുന്‍കൈ എടുത്തു നടത്തുമായിരുന്നു. ആദരസൂചകമായി യൂണിവേഴ്സിറ്റി അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പഠനപീഠം സ്ഥാപിച്ചു.

സ്വാമി വിവേകാനന്ദനെ ലോകപ്രശസ്തനാക്കിയ 1893-ലെ ലോക മതസമ്മേളനത്തിന്‍റെ നൂറാം വാര്‍ഷികം ഷിക്കാഗോയില്‍ നടന്നപ്പോള്‍ അതിന്‍റെ ആദ്യപടിയായ സംഘാടക സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗം നടത്താന്‍ ക്ഷണിക്കപ്പെട്ടത് മറ്റൊരു ഭാരതീയനായ പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ ആയിരുന്നു. “മനുഷ്യരാശിക്ക് മുഴുവന്‍ ഒരൊറ്റ മതം എന്നതല്ല എല്ലാ മതങ്ങള്‍ക്കും ഒരൊറ്റ മനുഷ്യരാശി” എന്ന നിലപാടാണ് പ്രഭാഷണത്തില്‍ അദ്ദേഹം സ്വീകരിച്ചത്.

ശീതയുദ്ധം കത്തിനിന്ന 1970-കളില്‍ ന്യൂക്ലിയര്‍ ആയുധവല്‍ക്കരണത്തിനും പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥയുടെ അധീശത്വ താല്‍പര്യങ്ങള്‍ക്കും എതിരായ പ്രസ്ഥാനങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു മാര്‍ ഗ്രീഗോറിയോസ്. നീതിയും സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയെ സ്വപ്നം കണ്ട മാര്‍ ഗ്രീഗോറിയോസ് റഷ്യയില്‍ പ്രസിഡണ്ട് ഗോര്‍ബച്ചേവിന്‍റെ സൗഹൃദവലയത്തിലായതില്‍ അദ്ഭുതമില്ല. 1991-ല്‍ കാന്‍ബറയില്‍ നടന്ന സഭകളുടെ വന്‍ സമ്മേളനത്തില്‍, ആസ്ത്രലിയയിലെ ആദിവാസികളുടെ പ്രശ്നത്തില്‍ തന്‍റെ സര്‍ക്കാരിനെ ന്യായീകരിച്ച പ്രധാനമന്ത്രി ബോബ് ഹോക്കിനെ (Bob Hawke) ഉജ്ജ്വലമായ ഒരു മറുപടി പ്രസംഗത്തിലൂടെ അന്ധാളിപ്പിച്ച ബിഷപ്പ് പാശ്ചാത്യര്‍ക്കിടയില്‍ വിവാദ പുരുഷനായി.

നിരായുധീകരണത്തിനും ലോകസമാധാനത്തിനുമായുള്ള പ്രസിദ്ധമായ മോസ്ക്കോ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളില്‍ അദ്ധ്യക്ഷം വഹിക്കുവാന്‍ മാര്‍ ഗ്രീഗോറിയോസ് ക്ഷണിക്കപ്പെട്ടു. ആ കാലഘട്ടത്തിലാണ് 1979-ല്‍ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വച്ചു നടന്ന പ്രസിദ്ധമായ ‘മതവും ശാസ്ത്രവും മനുഷ്യഭാവിയും’ എന്ന കോണ്‍ഫറന്‍സിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ച് പാശ്ചാത്യ പണ്ഡിതന്മാരെ വിസ്മയിപ്പിച്ചത്. വിജ്ഞാനത്തിന്‍റെ വിവിധ ധാരകളെ മനുഷ്യനന്മയ്ക്കുവേണ്ടി ഏകോപിപ്പിക്കണമെന്ന നിലപാട് പ്രഗല്‍ഭമായി അദ്ദേഹം അവതരിപ്പിച്ചത് വളരെ ശ്രദ്ധേയമായി.

ഇന്ത്യയില്‍ വിവിധ രാഷ്ട്രനേതാക്കളുമായിട്ടുള്ള അദ്ദേഹത്തിന്‍റെ സൗഹൃദത്തിലൂടെ ഒരു പുതിയ രാഷ്ട്രവ്യവസ്ഥയെക്കുറിച്ചുള്ള ദര്‍ശനം അവതരിപ്പിക്കാനാണ് ഡോ. ഗ്രിഗോറിയോസ് ശ്രമിച്ചത്. ഭാരതത്തിലെ അതിസമ്പന്നമായ ആദ്ധ്യാത്മികധാരകളും ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയും തമ്മില്‍ എങ്ങനെ സര്‍ഗാത്മകമായി സമന്വയിപ്പിക്കാം എന്നത് മാര്‍ ഗ്രീഗോറിയോസിന്‍റെ പ്രധാന അന്വേഷണ വിഷയങ്ങളില്‍ ഒന്നായിരുന്നു. പാശ്ചാത്യശൈലിയിലുള്ള സെക്കുലറിസത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അതുപോലെ തന്നെ വിദ്യാഭ്യാസരംഗത്ത്, ‘അക്കാദമിയും ആശ്രമവും’ തമ്മിലുള്ള പാരസ്പര്യം, അതായത് ഭൗതിക വിജ്ഞാനവും ഇന്ത്യയുടെ പ്രബുദ്ധമായ ആദ്ധ്യാത്മിക ജ്ഞാനവും തമ്മില്‍ എങ്ങനെ മനുഷ്യനന്മയ്ക്കായി സമരസപ്പെടുത്താം എന്നുള്ളതും തന്‍റെ സുപ്രധാന വിഷയമായിരുന്നു. ‘ആധുനികത’യെ സൃഷ്ടിച്ച യൂറോപ്യന്‍ പ്രബുദ്ധതാ പ്രസ്ഥാനത്തെ (Enlightenment) ഗാഢമായ വിശകലനത്തിനും വിമര്‍ശനത്തിനും മാര്‍ ഗ്രീഗോറിയോസ് തന്‍റെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളിലൂടെ വിധേയമാക്കി. പാശ്ചാത്യ പ്രബുദ്ധത മനുഷ്യ യുക്തിയെ മാത്രം പരിഗണിക്കുമ്പോള്‍, ഭാരതത്തിനും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും യോജിച്ചത് ബൗദ്ധകാലഘട്ടത്തില്‍ ആരംഭിച്ച നമ്മുടെ സ്വന്തം പ്രബുദ്ധതയാണ് എന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. മനുഷ്യയുക്തിയെയും ഭൗതിക വിജ്ഞാനത്തെയും സമ്പൂര്‍ണ്ണമായി സ്വാംശീകരിച്ചുകൊണ്ട് അതീന്ദ്രിയ ജ്ഞാനത്തിലേയ്ക്ക് എങ്ങനെ കടക്കാം എന്നുള്ളതായിരുന്നു ഏഷ്യന്‍/ഇന്ത്യന്‍ പ്രബുദ്ധതയുടെ കാതല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.

മാര്‍ ഗ്രീഗോറിയോസിന്‍റെ മിക്കവാറും എല്ലാ രചനകളിലും ഭാവിയെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പ ചിത്രം നെയ്യുന്നുണ്ട്. രാഷ്ട്രീയ അധീശത്വവും സ്വാര്‍ത്ഥ ലാഭവും ലക്ഷ്യമിട്ട വികസനത്വരയില്‍പെട്ട് വിനാശത്തിന്‍റെ ചുഴികളിലായ മനുഷ്യരാശിയുടെ അതിജീവനവും, നീതിയിലും കരുണയിലും മനുഷ്യസ്വാതന്ത്ര്യത്തിലും വേരൂന്നിയ ഒരു പുതിയ ലോക വ്യവസ്ഥയുമാണ് അദ്ദേഹം എല്ലാ വിജ്ഞാനധാരകളുടെയും അന്തിമലക്ഷ്യമായി കണ്ടത്.

പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ചില ധാരണകളെ കഠിനമായി വിമര്‍ശിച്ചുകൊണ്ട്, അദ്ദേഹമെടുത്ത ശക്തിയായ നിലപാടുകള്‍ മൂലം ചില പാശ്ചാത്യരുടെ കടുത്ത വിമര്‍ശനവും മറ്റു ചിലരുടെ ആഴമായ ആദരവും നേടി. മനുഷ്യസ്വാതന്ത്ര്യത്തെ ഏറ്റവും വലിയ മൂല്യമായി കരുതിയ മാര്‍ ഗ്രീഗോറിയോസ് മനുഷ്യ മര്‍ദ്ദകമെന്നു തോന്നിയ എല്ലാ വ്യവസ്ഥകളോടും അധികാരപ്രമത്തരോടും കലഹിച്ചു. പക്ഷേ തിരക്കേറിയ ആ ധിഷണാശാലി നാലു കൂട്ടം മനുഷ്യര്‍ക്ക് എപ്പോഴും സമയം കൊടുക്കുമായിരുന്നു: കുഞ്ഞുങ്ങള്‍, മനോവിഭ്രാന്തിയുള്ളവര്‍, യഥാര്‍ത്ഥ ജ്ഞാനാന്വേഷികള്‍, സാത്വികരായ വ്യക്തികള്‍. അതീവ വിനയത്തോടും ആര്‍ദ്രസ്നേഹത്തോടും കൂടി ഇവരോടു ഇടപെടുമായിരുന്നു.

1993-ല്‍ ഓക്സ്ഫഡില്‍ നിന്നു ലണ്ടന്‍ വഴി ജര്‍മ്മനിയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ പക്ഷാഘാതം ഉണ്ടായ മാര്‍ ഗ്രീഗോറിയോസ് ഒരു വശം ബലഹീനമായ ശരീരവുമായി രാജ്യാന്തര യാത്രകള്‍ നടത്തി. അതിനകം വീണ്ടും ഭിന്നിച്ച മലങ്കരസഭയുടെ ഐക്യത്തിനുവേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയുമുള്ള പല യത്നങ്ങളിലും വ്യാപൃതനായിരുന്നു. ഡല്‍ഹിയില്‍ തന്‍റെ ആസ്ഥാന ഭവനത്തില്‍ 1996 നവംബര്‍ 24-നു അദ്ദേഹം അന്തരിച്ചു. കേന്ദ്രസര്‍ക്കാര്‍ ബഹുമതിപൂര്‍വം അദ്ദേഹത്തിന്‍റെ ഭൗതികശരീരം പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ കൊണ്ടുവരികയും കോട്ടയത്ത് പഴയസെമിനാരിയില്‍ പിറ്റേന്ന് സംസ്ക്കരിക്കുകയും ചെയ്തു. ലോകത്തില്‍ വിവിധ മതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുംപെട്ട ധാരാളംപേര്‍ ഗുരുതുല്യനായി ആദരിച്ച മാര്‍ ഗ്രീഗോറിയോസിന്‍റെ മനുഷ്യദര്‍ശനം ഇന്ന് കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കയാണ്.

(ലേഖകന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് പഠനപീഠം അദ്ധ്യക്ഷനാണ്.)