നെയ്തും മെനഞ്ഞും പുതിയ പ്രഭാതത്തിനായി കാത്തിരിക്കാം | ഫാ. ഡോ. കെ. എം. ജോര്‍ജ്

05

പ. ബാവാ തിരുമേനി, പിതാക്കന്മാരേ, സഹോദരങ്ങളേ,

മലങ്കര അസോസിയേഷന്‍റെ ഈ മഹനീയ സമ്മേളനത്തില്‍ നമ്മുടെ ധ്യാനചിന്തയ്ക്കായി സമര്‍പ്പിക്കുന്നത് വി. പൗലോസ് അപ്പോസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം 1-8 വാക്യങ്ങളാണ്.

“നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്ത ഗുണമല്ല മറ്റുള്ളവന്‍റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു. മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു” (ഫിലിപ്പിയര്‍ 2:1-8).

ദൈവത്തിന്‍റെ താഴ്മയെക്കുറിച്ച് നമ്മുടെ വേദപാരമ്പര്യം പഠിപ്പിക്കുന്നത് നാം ശ്രദ്ധിക്കണം. “വിനീതനും മനുഷ്യരെ സ്നേഹിക്കുന്നവനുമായ ദൈവം” എന്ന് നമ്മുടെ പ്രുമിയോന്‍ സെദ്രാ പ്രാര്‍ത്ഥനകളില്‍ പലയിടത്തും കാണുന്നുണ്ട്. ദൈവം താഴ്മയുള്ളവനാണ് എന്നു പഠിപ്പിക്കുന്ന മറ്റ് മതപാരമ്പര്യങ്ങള്‍ ഉണ്ടോ എന്ന് അറിഞ്ഞു കൂടാ. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ദൈവസങ്കല്പമാണ് യഹൂദന്മാരുടെ വേദം (ക്രിസ്തീയ ബൈബിളിലെ പഴയനിയമം) ഉള്‍പ്പെടെ മറ്റെല്ലാ മതപാരമ്പര്യങ്ങളിലും പൊതുവെ കാണുന്നത്. എന്നാല്‍ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച വെളിപാട് അനുസരിച്ച് താഴ്മയും മനുഷ്യസ്നേഹവും ക്രിസ്തീയ ദൈവസങ്കല്പത്തിന്‍റെ മുഖമുദ്രയാണ്. ക്രിസ്തുവിലൂടെ സ്വയം ശൂന്യമാക്കുന്ന (self-emptying) ദൈവത്തെക്കുറിച്ചാണ് പൗലോസ് അപ്പോസ്തോലന്‍ ഇവിടെ പറയുന്നത്. ഉണ്മയുടെ സമ്പൂര്‍ണ്ണതയായ ദൈവത്തിന് ഒന്നുമില്ലാത്ത ശൂന്യാവസ്ഥ സ്വീകരിക്കാമോ എന്നത് നമ്മുടെ സാധാരണ മനുഷ്യയുക്തിക്ക് വഴങ്ങുന്ന ചോദ്യമല്ല. അപ്പോസ്തോലന്‍റെ തന്നെ ഭാഷയില്‍, യഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും യവനന്മാര്‍ക്ക് അതായത് ഗ്രീക്കുകാര്‍ക്ക്, വിജ്ഞാനികളെന്ന് അഭിമാനിക്കുന്നവര്‍ക്ക് വിഡ്ഢിത്വവുമായി തോന്നാവുന്നതാണിത്. എന്നാല്‍ ഈ അസംബന്ധമാണ് (absurdity) ക്രിസ്തീയ വിശ്വാസത്തിന്‍റെ ആധാര മാതൃക. The scandal, the foolishness and the absurdity of the cross are fundamental to the gospel of Christ and to Christian life. പരിഹാസ്യവും അസംബന്ധവുമായ ഒന്നിനെ എങ്ങനെ നമുക്ക് മാതൃകയാക്കാം എന്നുള്ളതാണ് പ്രശ്നം. ചില ചെറിയ കാര്യങ്ങള്‍ ഇതെക്കുറിച്ച് സൂചിപ്പിച്ചുകൊള്ളട്ടെ.

ഒന്നാമതായി, സഭയാകുന്ന സമൂഹത്തോടാണ് അപ്പോസ്തോലന്‍ ഇത് പറയുന്നത്. റോമന്‍ ജയിലില്‍ കിടന്നുകൊണ്ട്, ഗ്രീസിലെ (മാസിഡോണിയയില്‍) താന്‍ സ്ഥാപിച്ച ഫിലിപ്യ സഭയിലേക്കാണ് ഈ കത്ത് എഴുതുന്നത്. യേശുക്രിസ്തുവിന്‍റെ ശരീരമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന സഭയ്ക്ക് ക്രിസ്തുവിലുള്ള അതേ ഭാവം തന്നെ ഉണ്ടാകണം; ഏക മനസ്സും ഏക സ്നേഹവും അവയവങ്ങള്‍ തമ്മിലുള്ള പരസ്പര ആദരവും ഈ ശരീരത്തിന്‍റെ സ്വഭാവമാണ്.

ഇവിടെ കൂടിയിരിക്കുന്ന മലങ്കര അസോസിയേഷന്‍ ഒരു ശരീരമാണ് എന്നു നാം ഓര്‍ക്കണം. വേദവും കാനോനും മലങ്കരസഭയുടെ പാരമ്പര്യവും അനുസരിച്ച് സഭയുടെ സുന്നഹദോസാണ് ഇവിടെ കൂടിയിരിക്കുന്നത്. അത് പറയാന്‍ പ്രത്യേക കാരണമുണ്ട്. വിശ്വാസികളുടെയും വൈദികരുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും എല്ലാ മേല്പട്ടക്കാരും സഭാഅദ്ധ്യക്ഷനും ഇവിടെ സന്നിഹിതമാണ്. ഇവരെ എല്ലാം തിരഞ്ഞെടുത്തത് ഇതുപോലെയുള്ള മറ്റൊരു അസോസിയേഷനാണ്. അതുകൊണ്ട് സഭാശരീരത്തിന്‍റെ അധികാരം വഹിക്കുന്ന ഈ സമിതിയുടെ Synodal Character നാം ഒരിക്കലും വിസ്മരിക്കരുത്. നാം തന്നെ അതിന്‍റെ വില കുറച്ചു കാണുകയും അരുത്. ഇവിടെ ഞാന്‍ പറഞ്ഞത് വേദശാസ്ത്രം അനുസരിച്ചും സഭാവിജ്ഞാനീയം അനുസരിച്ചുമുള്ള തത്വമാണ്. അതിന്‍റെ പ്രായോഗികമായ വശങ്ങള്‍ എങ്ങനെയാണെന്ന് നമുക്ക് അറിയാം. തത്വത്തില്‍ നിന്നും യഥാര്‍ത്ഥ അനുഭവത്തിലേക്ക് വരാന്‍ നാം ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇത് പള്ളിപ്രതിപുരുഷയോഗമാണ്. ലോകം മുഴുവന്‍ മാറിക്കഴിഞ്ഞു. നിയമതടസ്സങ്ങള്‍ ഒന്നുമില്ലെങ്കിലും നമുക്ക് ഇപ്പോഴും ഇത് പുരുഷയോഗം തന്നെയാണ്. ഈ അസോസിയേഷന്‍ പ്രത്യേകമായി പ്രാതിനിധ്യം ലഭിക്കേണ്ട വിഭാഗങ്ങള്‍ പലതുണ്ട്.

ഉദാഹരണമായി, സഭയിലെ ദളിത വിഭാഗം (മിഷന്‍റെ ഫലമായി ഉണ്ടായ സഭാവിശ്വാസികള്‍), ഭിന്നശേഷിക്കാരായ വിശ്വാസികള്‍, സഭയുടെ ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍… ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ ഒരിക്കല്‍ പരുമല സെമിനാരിയില്‍ വച്ച് കൊച്ചി ഭദ്രാസന അദ്ധ്യക്ഷനായി അന്തരിച്ച യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയെ കണ്ടത് ഓര്‍ക്കുന്നു. പരുമല പഴയ കെട്ടിടത്തിന്‍റെ ഒരു മുറിയില്‍ ഇരുന്നുകൊണ്ട് കബറിങ്കല്‍ നിലവിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന സാധാരണക്കാരായ സ്ത്രീകളെയും കഴിവില്‍ കൂടുതല്‍ അവര്‍ കാണിക്കയിടുന്നതും കണ്ടുകൊണ്ട് അദ്ദേഹം ആത്മഗതമായി പറഞ്ഞു, “ഇവരില്ലെങ്കില്‍ സഭയുണ്ടോ?” സാത്വികനും സൗമ്യനുമായ ഒരു നല്ല ഇടയന്‍റെ ആത്മഗതം. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളത് കേട്ടു. പരുമല കബറിങ്കല്‍ ചെല്ലുമ്പോളെല്ലാം ആ സൗമ്യമായ മൊഴി മനസ്സില്‍ പ്രതിധ്വനിക്കാറുണ്ട്.

സുന്നഹദോസ് എന്ന വാക്കിന് ‘ഒരുമിച്ച് ഒരു വഴിയെടുക്കുക’ (sun + hodos) എന്നാണര്‍ത്ഥം എന്നു നിങ്ങള്‍ക്ക് മിക്കവര്‍ക്കും അറിയാമല്ലോ. പക്ഷേ വഴികള്‍ പലതുണ്ട്. തീവ്രവാദങ്ങളുടെ വഴിയുണ്ട്, രാഷ്ട്രീയ അധികാരത്തിന്‍റെ വഴിയുണ്ട്, ബിസിനസ് സാമ്രാജ്യങ്ങളുടെ വഴിയുണ്ട്, മാഫിയാ സംഘങ്ങളുടെ വഴിയുണ്ട്. എന്നാല്‍ നമ്മുടെ വഴി വേറെയാണ് എന്ന് കര്‍ത്താവ് പഠിപ്പിച്ചു. നിങ്ങള്‍ ലോകത്തിലെ ഭരണാധികാരികളെപ്പോലെ ആകരുത് എന്ന് വളരെ വ്യക്തമായി തന്‍റെ അപ്പോസ്തോലന്മാരോട് പറഞ്ഞു. അക്കൂടെ യേശു പറഞ്ഞു, മനുഷ്യപുത്രനായ താന്‍ ഒരു ശെമ്മാശനാണെന്നും. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. “മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനുമത്രേ വന്നത്” (മത്തായി 20:28). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശുശ്രൂഷിക്കുക എന്ന വാക്കില്‍ നിന്നാണ് ഗ്രീക്ക് ഭാഷയില്‍ Diakonos (deacon) എന്നും സുറിയാനിയില്‍ മ്ശംശോനോ (ശെമ്മാശന്‍) എന്ന വാക്കും വന്നത്. “ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷകനെപ്പോലെ ആണ് ഇരിക്കുന്നത്” (ലൂക്കോസ് 22:27) എന്നും കര്‍ത്താവ് പറഞ്ഞു. താന്‍ മഹാപുരോഹിതനാണെന്ന് ഒരിടത്തും ഒരിക്കലും കര്‍ത്താവ് പറഞ്ഞില്ല. എബ്രായ ലേഖനകര്‍ത്താവ് രൂപകാലങ്കാരമായി പറയുന്നുണ്ട്, കര്‍ത്താവ് നമ്മുടെ മഹാപുരോഹിതനാണെന്ന്. ഈ അലങ്കാരപ്രയോഗത്തെ സഭ പിന്നീട് ആക്ഷരികമായി ഏറ്റെടുത്തു. The metaphorical high priesthood of Christ was literally interpreted as a model of a bishop in the Church. മാത്രവുമല്ല, ശെമ്മാശ്ശനായ അതായത് ശുശ്രൂഷകനായ യേശുവിനെ നാം ഒട്ടൊക്കെ മറന്നു കളയുകയും ചെയ്തു. റോമന്‍ – ബിസന്‍റിയന്‍ സാമ്രാജ്യത്തിലെ സഭ അങ്ങനെ മേല്‍പട്ടക്കാര്‍ക്ക് രാജകീയ ശൈലിയും കിരീടങ്ങളും വിലയേറിയ മേലങ്കികളും സ്വര്‍ണഖചിതമായ കുരിശുമാലകളും രത്നകല്ലുകള്‍ പതിച്ച സ്ലീബായും മറ്റും സൃഷ്ടിച്ചു. വൈദികശ്രേണിയില്‍പെട്ട ഞങ്ങള്‍ ശെമ്മാശന്‍റെ സ്ഥാനം ഒരു ചവിട്ടുപടിയായി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മുകളിലേക്കു കയറാനുള്ള ഒരു താല്‍ക്കാലിക സംവിധാനം. കയറിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ആ പടി തട്ടിക്കളയുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്; പിന്നെ ഞങ്ങള്‍ക്ക് താഴോട്ടിറങ്ങാന്‍ സാധിക്കയില്ല. ശെമ്മാശന്‍ തോളിലൂടെ ഇടുന്ന സേവനചിഹ്നമായ “ഊറാറാ” (ഗ്രീക്കില്‍ Orarion) തന്നെയാണ് വൈദികന്‍ കഴുത്തില്‍ വളച്ചിടുന്ന ഹൈമനിക്ക (stole). അതു തന്നെയാണ് എപ്പിസ്ക്കോപ്പാ കഴുത്തില്‍നിന്ന് മുമ്പിലും പുറകിലുമായി ഇടുന്ന ബത്രശീല്‍/പത്രസീന്‍ (epitrachelion).

രണ്ടാമതായി, ക്രിസ്തുവിന്‍റെ ശരീരമായ സഭയ്ക്ക് അതിരുകള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ എവിടെയാണ് അവ എന്ന പഴയ ഒരു ചോദ്യമുണ്ട്. ഇവിടെ വന്നിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ട്. കാരണം, ലോകത്തില്‍ പല സ്ഥലത്തുമുള്ള ഇടവകകളെ പ്രതിനിധാനം ചെയ്താണ് നിങ്ങള്‍ മിക്കവരും വന്നിരിക്കുന്നത്. എവിടെ ഒരു ഇടവക ഉണ്ടോ അവിടെയാണ് സഭയുടെ അതിര്‍ത്തി എന്നു സങ്കല്പിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ നമ്മുടെ പഴയ ചോദ്യത്തിന് അത് ഉത്തരമാവുകയില്ല.

Canonical territory എന്ന ആശയം റഷ്യന്‍ സഭ പോലെയുള്ള ചില വലിയ ഓര്‍ത്തഡോക്സ് സഭകളില്‍ ഉണ്ട്. എന്നാല്‍ അതൊന്നും ആ പഴയ ചോദ്യത്തിന് ഉത്തരമാവുകയില്ല. തലയായ ക്രിസ്തു എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ശരീരമായ തന്‍റെ സഭയുമുണ്ട് എന്ന് നമുക്ക് പൊതുവായി പറയാം. അപ്പോള്‍ സര്‍വ്വവ്യാപിയും സര്‍വ്വത്തെയും ഉളവാക്കിയവനുമായ ക്രിസ്തു ഉള്ളിടത്തെല്ലാം സഭയുമുണ്ട് എന്നു വരും. പക്ഷേ അങ്ങനെ വരുമ്പോള്‍ നമ്മുടെ ഭരണഘടനാപരവും കാനോനികവുമായ സങ്കല്പങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. കാരണം അവ നിര്‍ണയിക്കുന്ന അതിരുകള്‍ മാഞ്ഞുപോവും. മുമ്പ് അച്ചടിച്ചിരുന്ന ഒരു കുര്‍ബ്ബാനക്രമത്തില്‍, മാതാവിന്‍റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ “ക്രൈസ്തവകുലത്തിന്‍റെ രക്ഷകന്‍” എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചിരുന്നത് ഓര്‍ക്കുന്നു. അത് ശരിയല്ലല്ലോ എന്നു ചിലര്‍ അറിയിച്ചതുകൊണ്ടാവണം ഇപ്പോളത് മാറ്റി “മനുഷ്യകുലത്തിന്‍റെ രക്ഷകന്‍” എന്നാക്കിയിട്ടുണ്ട്. ദാസരൂപം എടുത്ത് മനുഷ്യനായി ക്രൂശിലെ മരണത്തോളം സ്വയം ശൂന്യനാക്കിയ കര്‍ത്താവ് ലോകരക്ഷയ്ക്കു വേണ്ടിയാണ് അങ്ങനെ പ്രവര്‍ത്തിച്ചത്. ലോകം അത് സ്വീകരിച്ചാലും ഇല്ലെങ്കിലും ക്രിസ്തു ലോകരക്ഷകനാണ് എന്ന തത്വം നാം ഉപേക്ഷിക്കരുത്.

ക്രിസ്തുവിനെ നമ്മുടെ ചെറിയ വട്ടത്തില്‍ ഒതുക്കാനും നമുക്കവകാശമില്ല. ചെറിയവട്ടം നമുക്കു തീര്‍ച്ചയായും സുഖപ്രദമായ comfort zone ആണ്. അവിടെ നമുക്ക് നിയന്ത്രണവും അധികാരവും ഏകഛത്രാധിപത്യവും നിലനിര്‍ത്താം. ഇത്തരം വൃത്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും പ്രസിദ്ധ എഴുത്തുകാരന്‍ J. R. R. Tolkien ന്‍റെ The Lord of the Rings എന്ന രചനയും മലയാളിയായ അരുന്ധതി റോയിയുടെ God of Small Things (കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍) ഉം പലരും ഓര്‍ക്കും. ഏതായാലും, ക്രിസ്തീയാര്‍ത്ഥത്തില്‍ “കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍” ആവുന്നതിലും നല്ലത് “വലിയ കാര്യങ്ങളുടെ പരിചാരകന്‍” ആകുന്നതാണ് എന്നു തോന്നുന്നു. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നാം “ദൈവിക രഹസ്യങ്ങളുടെ പരിചാരകര്‍”, മഹത്വത്തിന്‍റെ പരിസേവകര്‍ (Ministers of the Mysteries of God) ആകാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ അസോസിയേഷനും മാനേജിംഗ് കമ്മിറ്റിയും വെറും ഭരണസമിതികള്‍ മാത്രമാകാതെ (അതായത്, തെരഞ്ഞെടുപ്പ്, ജയം, പരാജയം, സ്ഥാമം, പദവി) അവയുടെ ആദ്ധ്യാത്മികവും വേദശാസ്ത്രപരവുമായ വിളി സ്വീകരിക്കണമെന്നാണ് വളരെ വിനയത്തോടെ എനിക്കു പറയാനുള്ളത്. സാധാരണ പറയാറുണ്ടല്ലോ, രണ്ടു കൂട്ടം ആളുകളെക്കുറിച്ച്. ഉള്ളവരും, ഇല്ലാത്തവരും. എന്നാല്‍ മൂന്നാമതൊരു കൂട്ടരുണ്ട്. വേണ്ടാത്തവര്‍. അങ്ങനെയും ആളുകളുണ്ട് എന്ന് തിരഞ്ഞെടുപ്പില്‍ വാശിയോടെ മത്സരിക്കയും പങ്കെടുക്കുകയും ചെയ്യുമ്പോള്‍ നാം ഓര്‍ക്കണം.

മൂന്നാമതായി, വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലത്ത് നമ്മുടെ തനിമയും സ്വത്വവും (identity) എങ്ങനെ നിലനിര്‍ത്താം എന്ന ചോദ്യമുണ്ട്. സ്വയം വെറുമയാക്കിയ ക്രിസ്തുവിന്‍റെ കുരിശില്‍ നമുക്കാശ്രയിക്കാമോ?

നമ്മുടെ ഒരു പ്രാര്‍ത്ഥനയില്‍ “സ്ലീബായുടെ ഉള്‍പ്രകാശം” (The inner light of the Cross) എന്നൊരു മനോഹരമായ പ്രയോഗം കണ്ടു. കുരിശിന്‍റെ ഉള്ളില്‍, എല്ലാ അപമാനത്തിനും നിന്ദയ്ക്കും അതീതമായി സൗമ്യവും സൗഖ്യദായകവുമായ പ്രകാശമുണ്ട്. അത് തിരിച്ചറിയാതെ, “കുത്തിമുറിക്കും ശത്രുക്കളെ നിന്നാല്‍ ഞങ്ങള്‍” എന്ന് ആലങ്കാരികമായിട്ടാണെങ്കിലും നാം പാടിത്തകര്‍ക്കുന്നുണ്ട്. ഒരിക്കല്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവാ അര്‍മ്മീനിയക്കു പോയപ്പോള്‍ സ്വിറ്റ്സര്‍ലണ്ടില്‍ സൂറിക്ക് എയര്‍പോര്‍ട്ടില്‍ വച്ച് അദ്ദേഹത്തിന്‍റെ കൈയിലിരുന്ന സ്ലീബാ സെക്യൂരിറ്റിക്കാര്‍ വാങ്ങിച്ചു വച്ചിട്ടാണ് വിമാനത്തില്‍ കയറ്റിയത്. അര്‍മ്മീനിയയില്‍ ചെന്നപ്പോഴാണ് തിരിച്ചുകൊടുത്തത്. ആരും കണ്ടാല്‍ വണങ്ങിപ്പോകുന്ന സമാദരണീയനായ ആ വയോധിക പിതാവിനെ പ്രത്യേക ക്യാബിനില്‍ കൊണ്ടുപോയി വേഷമഴിച്ചു പരിശോധിച്ചു. ഞങ്ങളെയൊന്നും പരിശോധിച്ചുമില്ല. ബിന്‍ ലാദനെ അമേരിക്ക അന്വേഷിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. “സ്ലീബാ അവര്‍ പിടിച്ചുവച്ചല്ലോ അച്ചാ” എന്ന് ബാവാ കുറെ ദുഃഖത്തോടെ പറഞ്ഞു. നല്ല sence of homour ഉള്ള ആളാണ് തിരുമേനി എന്നറിയാമായിരുന്നതുകൊണ്ട്, ഞാന്‍ പറഞ്ഞു: തിരുമേനിയുടെ കൈയില്‍ ആയുധമാണെന്ന് അവര്‍ കരുതിക്കാണും. നമ്മളും പാടുന്നുണ്ടല്ലോ “സ്ലീബാ ആയുധമാണെന്ന്.” ബാവാ തിരുമേനി എല്ലാം മറന്ന് ഹൃദ്യമായി ചിരിച്ചത് സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍ പഴയരീതിയില്‍ കണക്കു കൂട്ടാവുന്ന Arithmetic progression, Geometric progression ഒന്നുമല്ല. Quantum Leap ആണ്. വളരെ പെട്ടെന്ന് ആകസ്മികമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി നമുക്കറിയാന്‍ മാര്‍ഗ്ഗമില്ല. ഇപ്പോള്‍ ചിലതൊക്കെ പ്രധാനമെന്ന് നാം കരുതുകയും പടവെട്ടി നേടുകയും ചെയ്യും. അടുത്ത നിമിഷം അതെല്ലാം, ഒരു തകിടം മറിയലിലൂടെ അര്‍ത്ഥരഹിതമാകാം. Anthropocene യുഗം എന്നു വിളിക്കപ്പെടുന്ന നമ്മുടെ കാലയളവ് മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മൂലം, ഭൂമിയ്ക്കും കാലാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഉണ്ടായ കനത്ത ആഘാതം തിരിച്ചറിയുന്ന കാലഘട്ടമാണ്. Excessively greedy human activity has now brought damage to our climate, eco system and mother earth. മനുഷ്യന്‍ സൃഷ്ടിച്ച കെട്ടിടങ്ങളും, വാഹനങ്ങളും, റോഡുകളും, ഫാക്ടറികളും, പാലങ്ങളും എല്ലാം ചേര്‍ന്നാല്‍, അവയുടെ ആകെ ഭാരം ഭൂമിയിലുള്ള എല്ലാ ജീവജാലകളും ചേരുന്ന biomass-നേക്കാള്‍ കൂടുതലാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. Human civilisational construction mass now exceeds the biomass. അപ്പോള്‍ നമ്മള്‍ ഇനി എത്ര മരങ്ങള്‍ നട്ടാലും, ഭൗമശാസ്ത്രപരമായി നാം നാശത്തിലേക്ക്, ഈ ഭൂമിയിലെ ജീവന്‍റെ അവസാനത്തിലേക്ക് അടുക്കുകയാണ്. It seems we have crossed the point of no return.

Artificial intelligence, Quantum computing, Virtual Reality എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയ ലോകം ഇനിമേല്‍ നമ്മുടെ കാനോനാകള്‍ക്കും ഭരണഘടനയ്ക്കും ഉള്ളില്‍ നില്‍ക്കുമോ എന്നു സംശയമാണ്. അതെല്ലാം കൂടി സൃഷ്ടിക്കുന്ന ഭാവിലോകത്തെക്കുറിച്ച് നമുക്കു വലിയ നിശ്ചയമൊന്നുമില്ല.

പക്ഷേ ഒരു കാര്യം നിശ്ചയമാണ്. എല്ലാ മനുഷ്യരും സ്നേഹത്തിന്‍റെ സ്പര്‍ശനവും കരുണയുടെ ആര്‍ദ്രതയും എപ്പോഴും എവിടെയും സ്വീകരിക്കും. സ്ലീബായുടെ ഉള്‍പ്രകാശം അവിടെ നമ്മെ വഴിനടത്തും.

നാലാമതായി, ഒരു പുതിയ ആരംഭം കുറിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നാം കുറെ താമസിച്ചുപോയി. ദുഃഖവെള്ളിയാഴ്ച ഒരു പ്രുമിയോന്‍ പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്‍റെ കുരിശുമരണത്തെക്കുറിച്ച് ഒരിടത്തു പ്രതീകാത്മകമായി പറയുന്നു, “അവന്‍ നമ്മുടെ സ്വഭാവത്തിന്‍റെ പശ്ചിമഭാഗത്തേക്ക് വാഹനമിറങ്ങി” എന്ന്. സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് അത് ഒന്നും മനസ്സിലായില്ല. പശ്ചിമ ദിക്ക് അസ്തമയത്തിന്‍റെ ദിക്കാണ്, മരണത്തിന്‍റെ, ഇരുട്ടിന്‍റെ ദിക്കാണ്. അസ്തമയ ബിന്ദുവില്‍ നമുക്കാരംഭിക്കാം. സന്ധ്യയായി, ഉഷസ്സുമായി, ഒന്നാം ദിവസം എന്ന് ഉല്‍പ്പത്തി പുസ്തകം. നെയ്ത്തുകാരുടെയും കുശവന്മാരുടെയും ജോലി നാം ഏറ്റെടുക്കണം. മനുഷ്യ സംസ്കാരത്തിലെ അതിപുരാതന ആദിമഹാ വൃത്തികളാണവ. കീറിപ്പോയ അങ്കിയെ തുന്നിച്ചേര്‍ക്കാം. ഉടഞ്ഞുപോയ ഹൃദയങ്ങളെ വീണ്ടും മെനഞ്ഞെടുക്കാം. കര്‍ത്താവായ യേശുവിന്‍റെ അങ്കി അടിമുതല്‍ മേല്‍വരെ തയ്യലില്ലാത്തതായിരുന്നു. യേശു ആരാണെന്ന് അറിവില്ലാത്ത, വെറും പരുക്കന്മാരായ റോമന്‍ പട്ടാളക്കാര്‍പോലും അത് ആദരപൂര്‍വ്വം, കീറാതെ സൂക്ഷിച്ചു. തയ്യലില്ലാത്ത ഈ അങ്കി സഭയുടെ ഐക്യത്തിന്‍റെ പ്രതീകമായി സഭാപിതാക്കന്മാര്‍ ആദിമുതലേ വ്യാഖ്യാനിച്ചു. സഭയുടെ ഐക്യം തകര്‍ക്കുന്നവര്‍ ക്രിസ്തുവിന്‍റെ ശരീരത്തെയും ആയിരം പതിനായിരം മനുഷ്യഹൃദയങ്ങളെയുമാണ് വലിച്ചുകീറുന്നത്. അവരുടെ നിലവിളി നമ്മുടെ കോട്ടകൊത്തളങ്ങളെ തകര്‍ക്കും. അതുകൊണ്ട് നാം താഴ്മയോടെ, വളരെ താമസിച്ചുപോയെങ്കിലും ഈ അസ്തമയ ബിന്ദുവില്‍ നിന്നുകൊണ്ട്, നെയ്തും മെനഞ്ഞും പുതിയ പ്രഭാതത്തിനായി കാത്തിരിക്കാം. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ തെക്കേ അറ്റത്തു ജനിച്ച ഒരു മനുഷ്യന്‍, എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത ഒരു വൃദ്ധ പുരോഹിതന്‍, വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്ത് എത്തി ആദിവാസികളോട് തന്‍റെ പൂര്‍വ്വികരായ പുരോഹിതരുടെയും പാപ്പാമാരുടെയും ക്രൂരതകള്‍ക്ക് ക്ഷമ ചോദിച്ചു. മഹാനായ ഫ്രാന്‍സിസ് പാപ്പായുടെ കാര്യമാണ് പറയുന്നത്. പത്രോസിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന പാപ്പായ്ക്ക് (ചില വ്യവസ്ഥകളോടെ) തെറ്റാവരമുണ്ടെന്ന് (Infallibility) പഠിപ്പിക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം. അദ്ദേഹം തന്‍റെ സഭയുടെ പല കാനോനാകളും പ്രോട്ടോക്കോളുകളും ലംഘിച്ചു. പക്ഷേ ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വഴി കണ്ടെത്താനായിരുന്നു അത്.

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി പഠിപ്പിക്കുമ്പോള്‍ പറയുമായിരുന്നു, “God alone is infallible.” No human being, no synod nor any church head is granted the gift of infallibility.” ലോകത്തില്‍ യാതൊരു മനുഷ്യനോ, സുന്നഹദോസിനോ, സഭാ മേലദ്ധ്യക്ഷനോ തെറ്റാവരം അല്ലെങ്കില്‍ അപ്രമാദിത്വം ഇല്ല. അതുകൊണ്ട് നാം ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ആലോചന നടത്തുകയും പരസ്പരം തിരുത്തുകയും അഭിപ്രായ സമന്വയത്തോടെ ഒരേ വഴി എടുക്കുകയും ചെയ്യണം. അതാണ് സുന്നഹദോസ് എന്ന ശൈലി. അതുകൊണ്ട് ക്ഷമ പറയേണ്ടിടത്ത് നാം ക്ഷമ പറയണം. നമ്മുടെ തെറ്റ് തിരുത്തേണ്ടിടത്ത് നാം തെറ്റു തിരുത്തണം. ഡോ. സുകുമാര്‍ അഴീക്കോട് പറയാറുണ്ടായിരുന്നു, സംസ്കൃതത്തില്‍ ‘സഹ’ എന്ന ഉപസര്‍ഗ്ഗം അതീവ ശക്തിയുള്ളതാണെന്ന് (sun അല്ലെങ്കില്‍ syn എന്ന് ഗ്രീക്കു ഭാഷയില്‍ ഉപയോഗിക്കുന്ന ഉപസര്‍ഗ്ഗം അതു തന്നെയാണ്. ഉദാഹരണം synod). കഠോപനിഷത്തിലെ പ്രസിദ്ധമായ ശാന്തിമന്ത്രം സഹഭാവത്തിന്‍റെ ശക്തി വെളിപ്പെടുത്തുന്നു. ഗുരുവും ശിഷ്യന്മാരും ഒരുമിച്ച് എന്നും ചൊല്ലേണ്ട ശാന്തിമന്ത്രമാണത്.

സഹനാവതു സഹനൗ ഭൂനക്തു
സഹവീര്യം കരവാവഹൈ
തേജസ്വീനാവധീതമസ്തു
മാ വിദ്വിഷാവഹൈ

നാം ഒരുമിച്ച് സംരക്ഷിക്കപ്പെടട്ടെ. നാം ഒരുമിച്ച് ഭക്ഷിച്ച് പോഷണം പ്രാപിക്കട്ടെ. നാം ഒരുമിച്ച് വീര്യം നേടി പ്രവര്‍ത്തിക്കട്ടെ. നാം ഒരുമിച്ച് വിദ്യയുടെ തേജസ്സാര്‍ജ്ജിക്കട്ടെ. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ.

നമുക്ക് പൗലോസ് അപ്പോസ്തോലനിലേക്ക് തിരിച്ചുചെന്ന് അവസാനിപ്പിക്കാം. “നാം ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ഐകമത്യപ്പെട്ട്, ക്രിസ്തുയേശുവിലുള്ള അതേ ഭാവം തന്നെ” കൈവരിക്കാം.

(2022 ഓഗസ്റ്റ് 4-നു പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നടത്തിയ ധ്യാന പ്രസംഗം)