ലാവണ്യദര്‍ശനം – 34
സംസ്കൃതത്തില്‍ ‘നിമിഷം’ എന്നു പറഞ്ഞാല്‍ ഒരു പ്രാവശ്യം കണ്ണടച്ചു തുറക്കുന്നതിനുള്ള സമയമാണ്. നമ്മുടെ കാലഗണനയുടെ അടിസ്ഥാനമാത്ര ഇതാണ്. ഒരു മിനിട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ 15 മുതല്‍ 20 പ്രാവശ്യം വരെ കണ്ണു ചിമ്മാറുണ്ട്. ഉണര്‍ന്നിരിക്കുന്ന സമയം കണക്കിലെടുത്താല്‍ ഒരു വര്‍ഷം ഏതാണ്ട് 50 ലക്ഷത്തിനും 70 ലക്ഷത്തിനുമിടയ്ക്ക് നമ്മള് കണ്ചിമ്മാറുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും നമ്മുടെ കാഴ്ചയുടെ ശേഷിക്കും അനുപേക്ഷണീയമാണ് നാം അറിയാതെ നടത്തുന്ന ഈ പ്രവൃത്തി. കണ്മിഴികളില് പറ്റുന്ന പൊടിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് അതിനെ ആര്‍ദ്രമാക്കി നിലനിര്‍ത്തുന്നത് കണ്പോളകളുടെ അടച്ചുതുറക്കല് ആണ്. കണ്ണിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും നനവും നല്കാന് ഇത് സഹായിക്കുന്നു. ഒരു കാറിന്റെ വിന്‍ഡ് സ്ക്രീന്‍ ഇടയ്ക്കിടയ്ക്ക് വൈപ്പര്‍ ഉപയോഗിച്ച് കഴുകി തുടയ്ക്കുന്നതുപോലെ നാം ഉണര്‍ന്നിരിക്കുമ്പോഴെല്ലാം കണ്പോളകള് നമ്മുടെ കണ്ണിന്റെ ഉപരിതലം തുടച്ചുകൊണ്ടേയിരിക്കുന്നു. കണ്പോളകള് കൂടിച്ചേരുമ്പോള്‍ ഒരു തരി സമയം നാം കാഴ്ചയില്ലാതെ ഇരുട്ട് അനുഭവിക്കുന്നു. അതിദ്രുതഗതിയില്‍ പോളകള്‍ തുറക്കുകയും പ്രകാശവും കാഴ്ചയും നാം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ ദിവസത്തിന് ഇരുട്ടും വെളിച്ചവും ഉള്ളതുപോലെ കണ്ണും തുടര്‍ച്ചയായി ഇരുട്ടും വെളിച്ചവും അനുഭവിക്കുന്നു.
ഓരോ പ്രാവശ്യവും കണ്പോളകള് തുറക്കുമ്പോള്‍ നാം കാണുന്നത് ഒരു പുതിയ കാഴ്ചയാണ്. ഒരേ വസ്തുവിനെ തന്നെയാണ് നാം നോക്കുന്നതെങ്കിലും ഓരോ കണ്ണിമയ്ക്കലിലും ഒരു പുതിയ ലോകത്തിന്റെ അനാവരണമുണ്ട്. ചുരുക്കത്തില്‍ നാം ഒരു മിനിട്ട് കണ്ണു തുറന്ന് എന്തെങ്കിലും കാണുമ്പോള്‍ ഒരു പതിനഞ്ച് ഇരുപത് തവണയെങ്കിലും നമ്മുടെ കാഴ്ച നവീകരിക്കപ്പെടുന്നു. ഇപ്പോഴത്തെ ഡിജിറ്റല്‍ ക്യാമറാകളില് പെട്ടെന്നു പെട്ടെന്ന് ഒരേ സംഗതിയുടെ അനേകം പടങ്ങള്‍ എടുക്കാം. അവ നിശ്ചലദൃശ്യങ്ങളാണെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും ഓരോ ക്ലിക്കും ഓരോ പുതിയ ചിത്രമാണ് നല്‍കുന്നത്. ഇത് തന്നെ നമ്മുടെ കണ്ണിനും കാഴ്ചയ്ക്കും സംഭവിക്കുന്നു. എന്റെ കാഴ്ച എന്നത് കാഴ്ചകളുടെ ഒരു പരമ്പരയാണ്. ഓരോ കാഴ്ചയും ഓരോ നിമിഷവും ഓരോ പുതിയ അനുഭവമാണ് എന്റെ മസ്തിഷ്കത്തിന് നല്‍കുന്നത്. വളരെ സൂക്ഷ്മമായ മാറ്റമായതുകൊണ്ട് നാമത് തിരിച്ചറിയുന്നില്ല എന്നേയുള്ളു.
കണ്ണിന്റെ ഈ ശാരീരിക ധര്‍മ്മത്തെ നമ്മുടെ മനസ്സിന്റെയും ആത്മാവിന്റെയും കാഴ്ചകളുമായി നമുക്ക് ബന്ധിപ്പിക്കാം. സാധാരണ മനുഷ്യര്‍ക്ക് പ്രയാസമുള്ള കാര്യമാണെങ്കിലും ഈ ആശയം താത്വികമായിട്ടെങ്കിലും സ്വീകരിച്ചാല്‍ നാം കാണുന്ന സൃഷ്ടി മുഴുവനും നമ്മുടെ ഓരോ കണ്ചിമ്മിലും മാറ്റത്തിനു വിധേയമാകുന്നു എന്നു കാണാം. ദൈവത്തിന്റെ പരിശുദ്ധാത്മാവ് സൃഷ്ടിയില്‍ നിരന്തരം പരിവര്‍ത്തിക്കുന്നു എന്ന് വേദപുസ്തകാടിസ്ഥാനത്തില്‍ നാം മനസ്സിലാക്കുന്നു. ലാവണ്യവിചാരത്തിന്റെ ഉപരി മേഖലകളിലേക്ക് നാം കടക്കുമ്പോള്‍ നമ്മുടെ സൗന്ദര്യ ദര്‍ശനം നിശ്ചല ദൃശ്യമല്ല, നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന, അനുനിമിഷം പുതുതായിക്കൊണ്ടിരിക്കുന്ന ദൈവസൃഷ്ടിയെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാകും.
മനുഷ്യനും മിക്ക ജീവജാലങ്ങള്‍ക്കും കണ്ണടച്ചു തുറക്കാമെങ്കിലും മത്സ്യങ്ങള്‍ക്കു പൊതുവെ കണ്പോളകള് ഇല്ല. അതുകൊണ്ട് അവയുടെ കണ്ണ് എപ്പോഴും തുറന്നിരിക്കുന്നു. വെള്ളത്തിനുള്ളിലായതുകൊണ്ട് കരജീവികളെപ്പോലെ അവയ്ക്ക് കണ്ണ് നനച്ചു തുടയ്ക്കേണ്ട ആവശ്യമില്ല. മീനിന് ‘നിര്‍ന്നിമേഷം’ എന്നൊരു പര്യായപദമുണ്ട്. നിമിഷത്തിന് എതിര്പദമാണിത്. കണ്ണടയ്ക്കാതെ എപ്പോഴും തുറന്നിരിക്കുന്ന കണ്ണിന്റെ അവസ്ഥയാണ് നിര്‍ന്നിമേഷം എന്ന് നമുക്കറിയാം. ഇതില്‍ നിന്നാണ് മീനിന് ആ പേര് കിട്ടിയത്. ഈ ലേഖകന്‍ രചിച്ച പഴയ ഒരു ചിത്രമുണ്ട്. ‘മീനാക്ഷി’ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തില്‍ ഒരു മീനും അതിന്റെ കണ്ണുമാണ് കേന്ദ്രം. നിരവധി മറകളുടെ അടരുകളെ തുളച്ചു പോകുന്നതാണ് മീന്കണ്ണ്. എപ്പോഴും ജാഗ്രത്തായിരിക്കുന്ന, പ്രകാശിതമായിരിക്കുന്ന മനുഷ്യബോധത്തിന്റെ പ്രതീകമാണത്. നമ്മുടെ ലോകത്തില്‍ നാം സാധാരണ കാണുന്നതെല്ലാം ഒരു തരം മറ / സ്ക്രീന്‍ / mask ആണ്. നാം ഒരാളിനെ കാണുമ്പോള്‍ അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രം, അയാളുടെ ശരീരത്തിന്റെ ആകൃതി, മുടിയുടെ നിറം, തൊലിയുടെ വര്‍ണ്ണം, മുഖത്തിന്റെ ഭാവം ഇങ്ങനെ നിരവധി മറകളുണ്ട്. പിന്നെ അയാള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, പറയുന്ന ഭാഷ, കാണിക്കുന്ന ആംഗ്യങ്ങള്‍ ഇങ്ങനെ വീണ്ടും അനവധിയാണ് മറകളും മാസ്കുകളും. ചുരുക്കത്തില്‍ ആ ആളിനെ യഥാര്‍ത്ഥമായി മനസ്സിലാക്കുന്നതില്‍ നിന്ന് നമ്മെ തടയുന്ന മാസ്കുകളാണ് ഇവയെല്ലാം. നമ്മുടെ കണ്ണ് സാധാരണ പ്രകാശം ഉപയോഗിച്ചാണ് കാണുന്നതെങ്കില്‍ നമുക്ക് ആ വ്യക്തിയെ ഒരിക്കലും മനസ്സിലാക്കാനാവില്ല. കാരണം, പലവിധ മുന്‍വിധികള്‍ ഓരോ മറയും നമ്മില്‍ സൃഷ്ടിക്കും. അതുകൊണ്ടാണ് നമ്മുടെ കണ്ണിന് സവിശേഷമായ പ്രകാശം ആവശ്യമാണ് എന്ന് മഹാഗുരുക്കന്മാര് പഠിപ്പിക്കുന്നത്. കണ്ണ് ശരീരത്തിന്റെ വെളിച്ചമാണ് എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. എന്നാല്‍ ആ വെളിച്ചത്തെ മറയ്ക്കുന്ന തിരശ്ശീലകളാണ് നമുക്കു ചുറ്റും നാം കാണുന്നത്. എങ്ങനെ അവയെ മറികടന്ന് യഥാര്‍ത്ഥ കാഴ്ച എന്ന സത്യദര്‍ശനം നമുക്ക് നേടാം എന്നതാണ് പ്രധാനവെല്ലുവിളി.
അപ്പോള്‍ ‘നിമിഷത്തെ’ നാം ഗൗരവമായി എടുക്കണം. ഓരോ പ്രാവശ്യവും അതാണ് നമ്മുടെ കണ്ണുകളെ തുടച്ചു വൃത്തിയാക്കുന്നത്. എന്നാല്‍ ആ നിമിഷത്തില്‍ ഒതുങ്ങി നമുക്ക് ജീവിക്കാനാവില്ല. പുതിയ പുതിയ കാഴ്ചകളാണ് നമുക്ക് ലഭിക്കേണ്ടത്. മാറിമാറി വരുന്ന ആ കാഴ്ചകളുടെ എല്ലാം അവസാനം നാം നിര്‍ന്നിമേഷരായി തീരും എന്നു തന്നെയാണ് നമ്മുടെ ആദ്ധ്യാത്മിക പൈതൃകം പഠിപ്പിക്കുന്നത്. അതായത് കണ്ണിന് ഉള്‍വെളിച്ചം ലഭിക്കുകയും, എന്തെല്ലാം പുകയും പൊടിയും തടയും നമ്മുടെ കണ്ണിനെ തടസ്സപ്പെടുത്തിയാലും ജാഗ്രത്തായ ഉള്‍ബോധം മീന്കണ്ണുപോലെ എപ്പോഴും തുറന്നിരിക്കുകയും എല്ലാ മറകള്‍ക്കും അപ്പുറത്തുള്ള യഥാര്‍ത്ഥ കാഴ്ച കാണുകയും ചെയ്യും.
ഗൗതമബുദ്ധനെക്കുറിച്ച് ഒരു കഥയുണ്ട്. ദീര്‍ഘമായ വര്‍ഷങ്ങള്‍ കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിക്കുകയും പല മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തിട്ട് അവസാനം ഗയയിലെ ആല്‍മരത്തിന്റെ കീഴില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന് ബോധത്തില്‍ പ്രകാശനമുണ്ടായി; ബോധം തെളിഞ്ഞു; ആ തെളിഞ്ഞ ബോധം എന്ന ബുദ്ധിയാണ് ഗൗതമനെ ബുദ്ധനാക്കിയത്. അദ്ദേഹത്തിന് ബോധദീപിതി ലഭിച്ചു കഴിഞ്ഞ് ദിവസങ്ങളോളം കണ്ണിമയ്ക്കാതെ ബോധിവൃക്ഷമായിത്തീര്ന്ന ആല്‍മരത്തെ നോക്കിയെന്നാണ് കഥ. കാഴ്ചയുടെ ആവരണങ്ങള്‍ എല്ലാം മാറി. മറകളെ എല്ലാം പ്രകാശിതമായ ബോധം മറികടന്നു.
യേശുക്രിസ്തു ആവര്‍ത്തിച്ചു പറഞ്ഞത്, ‘നിങ്ങള്‍ ഉണര്‍ന്നിരിക്കണം’ എന്നാണ്. കണ്ണു തുറന്നിരിക്കുന്ന അവസ്ഥ ആന്തരിക ജാഗ്രതയുടെ അടയാളമാകാം. നമ്മുടെ ചുറ്റുപാടുമുള്ള ലോകത്തെയും അതിന്റെ കാപട്യത്തെയും ക്ഷണികതയെയും അതുപോലെ അതിന്റെ മൂല്യത്തെയും സാധ്യതയെയും തിരിച്ചറിയുന്നത് ഈ ജാഗ്രത്തായ ബോധമാണ്. താബോര്‍ മലയില്‍ ക്രിസ്തുശരീരത്തിന് പ്രകാശാനുഭവം ഉണ്ടായപ്പോള്‍, കൂടെയുണ്ടായിരുന്ന മൂന്ന് ശിഷ്യന്മാര്ക്ക് ഞൊടിനേരത്തേക്ക്, അതായത് ഒന്ന് കണ്ണടച്ചു തുറക്കുന്ന നിമിഷനേരത്തേക്ക്, ഒരു ദര്‍ശനമുണ്ടായി. യേശുവിന്റെ വസ്ത്രം വെട്ടിത്തിളങ്ങുന്നതായും അവന് പൂര്‍വ്വീകരായ മോശയോടും ഏലിയാവോടും സംഭാഷിക്കുന്നതായും അവര്‍ കണ്ടു. എന്നാല്‍ ഇതൊരു നിമിഷനേരത്തേക്ക് മാത്രം. ഉടന്‍ അവര്‍ കണ്ണുകള്‍ പൂഴ്ത്തി ഭയപ്പെട്ട് നിലത്ത് കമിഴ്ന്നു കിടന്നു. സ്ഥലകാലങ്ങളുടെ മറകളെ നീക്കി അവര്‍ ഒരു നിമിഷം കാഴ്ച കണ്ടുവെങ്കിലും ഉടനെ അവര്‍ക്കത് നഷ്ടപ്പെട്ടു. സത്യാന്വേഷികളായ ഒത്തിരിയേറെ മനുഷ്യര്‍ക്ക് ഇങ്ങനെ ചില നിമിഷ ദര്‍ശനങ്ങള്‍ ലഭിച്ചെന്നിരിക്കാം. നിര്ന്നിമേഷതയിലേക്ക് അവര്‍ എത്തുന്നില്ല. എങ്കിലും ഈ നൈമിഷിക ദര്‍ശനം അവരെ മൗലികമായി രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ്. പിന്നീട് നിരവധി അനുഭവങ്ങളിലൂടെ ക്രിസ്തുവിന്റെ ശിഷ്യന്മാര്ക്ക് കടന്നുപോകേണ്ടി വന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ നിര്‍ന്നിമേഷ കാഴ്ച അവര്‍ക്കു പിന്നീട് ലഭിച്ചു എന്നു നമുക്കു വിശ്വസിക്കാം.. ചുരുക്കത്തില്‍ അനശ്വരതയുടെ ദര്‍ശനം നിര്ന്നിമേഷമാണ്. ഇമ പൂട്ടാത്ത ആ ദര്‍ശനത്തിന് ഒരു രൂപകാലങ്കാരമായിട്ടാണ് മീന്കണ്ണിനെക്കുറിച്ച് ഇവിടെ പറഞ്ഞത്.
കല അതിന്റെ യഥാര്‍ത്ഥമായ സൗന്ദര്യാനുഭൂതിയില്‍ നമ്മെ നിര്ന്നിമേഷതയിലേക്ക് നയിക്കും. അവിടെ നാം കാണുന്നത് യാഥാര്‍ത്ഥ്യത്തിന്റെ ഒരു തലമോ ഒരു അര്‍ത്ഥമോ അല്ല. നിരവധി തലങ്ങള്‍ നാം കാണും. അനന്തമായ അര്‍ത്ഥധ്വനികള്‍ നാം കേള്‍ക്കും. നമ്മുടെ സാധാരണ കാഴ്ച ത്രിമാനങ്ങളിലാണ് (three – dimensional) എന്ന് നമുക്കറിയാം. നീളവും വീതിയും കനവും ചേര്‍ന്നു വരുന്ന മൂന്ന് അളവുകളിലാണ് നമ്മുടെ യാഥാര്‍ത്ഥ്യ ദര്‍ശനം. രണ്ട് മാനങ്ങളിലായി (dimensions) വേണമെങ്കിലും നമുക്ക് യാഥാര്‍ത്ഥ്യത്തെ കുറെ മനസ്സിലാക്കാന്‍ കഴിയും. ആധുനിക പ്രപഞ്ചശാസ്ത്രത്തില്‍, String theory യും മറ്റും പത്തുപതിനൊന്നു മാനങ്ങളെക്കുറിച്ചും അതില്‍ കൂടുതലും പറയുന്നുണ്ട്. മാനങ്ങള്‍ അസംഖ്യവുമാകാം. എന്നാല്‍ നമുക്കിത് യാതൊരുതരത്തിലും മനസ്സിലാക്കാന്‍ സാധ്യമല്ല. ഐന്സ്റ്റൈന് മൂന്നു മാനങ്ങള്‍ക്കൊപ്പം സമയത്തെ നാലാമതൊരു മാനമായി കാണിച്ചിട്ടുണ്ട്. വാസ്തവത്തില്‍ നമുക്ക് ഒരു തരത്തിലും മനസ്സിലാക്കാനോ വര്‍ണ്ണിക്കാനോ ആകാത്ത പ്രതിഭാസങ്ങളെയും സമസ്യകളെയുമാണ് ഇത്തരം സിദ്ധാന്തങ്ങള്‍ ഗണിതത്തിലൂടെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
നമ്മുടെ സാധാരണ ഭാഷയില്‍ ഭൗതികതലമെന്നും ആദ്ധ്യാത്മിക തലമെന്നും യാഥാര്‍ത്ഥ്യത്തെ നാം വേര്‍തിരിക്കാറുണ്ട്. എന്നാല്‍ ഭൗതിക തലത്തിനുള്ളില്‍ തന്നെ അനന്തതയുടെ ഇമവെട്ടലുകള് ഉണ്ട്. നമ്മെ അദ്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണിത്. ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട് എന്ന് യേശു പറഞ്ഞ വചനം നമുക്ക് ഇവിടെ അനുസ്മരിക്കാം. ചുരുക്കത്തില്‍ ഭൗതികം X ആത്മികം എന്ന് പഴയരീതിയില്‍ പറയുക ഇനി സാധ്യമല്ല. ഭൗതികത്തില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു ആദ്ധ്യാത്മികതലം നമുക്ക് ഒരു കലയിലും സാഹിത്യത്തിലും മതത്തിലും വിശ്വാസത്തിലും അനുഭവപ്പെടുകയില്ല. എന്നാല്‍ ഭൗതികതലത്തിന്റെ തന്നെ പുതിയ വെളിപാടുകള്‍ കൊണ്ട് നാം ഭൗതികതയുടെ അതിരുകളെ അതിലംഘിക്കുന്നു. വെള്ളത്തിനു മുകളില്‍ വായു ഉണ്ടെങ്കിലും മീനിന് വെള്ളത്തില്‍ നിന്നു തന്നെ ഓക്സിജന്‍ കിട്ടും. വെള്ളത്തിനു പുറത്ത് അതിനു ജീവിക്കാനുള്ള ശാരീരിക സന്നാഹവുമില്ല. മനുഷ്യനെ സംബന്ധിച്ചും ഇത് വേറൊരുതരത്തില്‍ പറയാം. സ്ഥലകാലങ്ങളുടെ ഭൗതിക വലയത്തിനുള്ളില്‍ മനുഷ്യബോധവും സൗന്ദര്യദര്‍ശനവും പ്രകാശിതമാകുമ്പോള്‍ അനശ്വരതയുടെ അനുഭവം ഇവിടെത്തന്നെ ഉണ്ടാകും. കണ്ണടച്ചു തുറക്കുന്ന ‘നിമിഷ’ത്തിന്റെ ക്ഷണികതയില്‍ നിന്ന് ഈ അനശ്വരാനുഭവത്തിന്റെ ‘നിര്‍ന്നിമേഷ’ത്തിലേക്കാണ് നാം പ്രവേശിക്കേണ്ടത്.
നമ്മുടെ ഇക്കാണുന്ന പ്രപഞ്ചം (universe) മാത്രമേയുള്ളോ, അതോ, അതിനപ്പുറത്ത് വേറെ പ്രപഞ്ചങ്ങള്‍ ഉണ്ടോ എന്ന ചോദ്യം നിലവിലുണ്ട്. പക്ഷേ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയില്ല. ഇപ്പോഴത്തെ പ്രപഞ്ചത്തിന്റെ പോലും നാലഞ്ച് ശതമാനമേ നമുക്ക് അല്‍പ്പമെങ്കിലും അറിയാനാവൂ എന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു. അപ്പോള്‍ പിന്നെ മറ്റ് പ്രപഞ്ചങ്ങളെപ്പറ്റി എന്തു പറയാന്‍ കഴിയും. എങ്കിലും ഇപ്പോഴത്തെ പ്രപഞ്ചയുക്തി വച്ചു നോക്കിയാല്‍ അങ്ങിനെ അസംഖ്യം അതീത പ്രപഞ്ചങ്ങള്‍ (multiverse) ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയുണ്ടെന്ന് നമുക്ക് സങ്കല്പ്പിക്കാന് ആവുമെങ്കില്‍ അത് ഭൗതികമായി ഉണ്ടായിരിക്കാനും ഇടയുണ്ട്. മനുഷ്യവംശത്തിന്റെ തീരെ ചുരുങ്ങിയ യുഗത്തില്‍ത്തന്നെ മനുഷ്യന് അത് ഭൗതികമായി കണ്ടെത്തുമോ എന്നത് വേറെ ചോദ്യമാണ്. ബഹുപ്രപഞ്ചങ്ങള്‍ (multiverse) ഉണ്ട് എന്ന് സങ്കല്പിക്കുന്നത് നമ്മുടെ ആത്മിക ദര്‍ശനത്തിനും സൗന്ദര്യ സങ്കല്‍പ്പത്തിനും പുതിയ വാതിലുകള്‍ നല്‍കും. “കണ്ണിമയ്ക്കുന്നതിനിടയ്ക്ക്” (‘നിമിഷം’) നാമെല്ലാം രൂപാന്തരപ്പെടും (1 കൊരി. 15:22) എന്ന് വി. പൗലോസ് പറയുന്നതിനെ ഇങ്ങനെയും മനസ്സിലാക്കാം. ഒരു പുതിയ പ്രപഞ്ചമായിരിക്കും, കണ്ചിമ്മി ഉണരുമ്പോള്‍ നമുക്കു മുമ്പില്‍ തുറക്കപ്പെടുന്നത്. നമ്മുടെ ആയുസ്സിനെയും നമ്മുടെ മനുഷ്യവംശത്തിന്റെ ആയുസ്സിനെയും ഒരൊറ്റ നിമിഷമായി നാം കണക്കാക്കണം.