എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുന്നത്? ഏതു ദിശയിലേക്ക് നോക്കിക്കൊണ്ടും പ്രാര്‍ത്ഥിച്ചുകൂടെ? ദൈവസാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട്, എവിടെ നിന്നായാലും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഒരു പ്രത്യേക ദിശയിലേക്കു മാത്രം തിരിഞ്ഞുകൊണ്ട് പ്രാര്‍ത്ഥന നടത്തേണ്ട ആവശ്യം ഉണ്ടോ? വിശുദ്ധ നഗരമായ യെരുശലേമിനു പുറത്ത് എവിടെ താമസിക്കുമ്പോഴും യഹൂദര്‍ പരമ്പരാഗതമായി യെരുശലേം നഗരത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ടു മാത്രമാണ് പ്രാര്‍ത്ഥന നടത്തുന്നത്. മുസ്ലീങ്ങളുടെ രീതിയും വ്യത്യസ്തമല്ല; ലോകത്ത് എവിടെ ആയിരുന്നാലും അവരുടെ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് സൗദി അറേബ്യയിലെ മെക്ക നഗരത്തില്‍ സ്ഥിതിചെയ്യുന്ന ‘കാ’അബാ’ എന്ന് അറിയപ്പെടുന്ന “കറുത്ത പാറ”യുടെ ദിശയിലേക്ക് തിരിഞ്ഞാണ്. ക്രൈസ്തവരാകട്ടെ, ആദിമകാലം മുതല്‍ തന്നെ കൂട്ടായ പരസ്യ പ്രാര്‍ത്ഥന (Public worship) നടത്തുവാന്‍ ഉദയസൂര്യന്റെ ദിശയിലേക്ക് തിരിഞ്ഞുനില്ക്കുന്നു. പൗരസ്ത്യ (ഓര്‍ത്തഡോക്സ്) സഭകള്‍ ഇന്നും ഇത് അഭംഗുരം നിലനിര്‍ത്തി പോരുന്നു.
ക്രൈസ്തവ സഭയില്‍ ഒരു വ്യക്തിയുടെ സ്വകാര്യ പ്രാര്‍ത്ഥനയും സമൂഹം ഒന്നായി നടത്തുന്ന പൊതുപരസ്യ പ്രാര്‍ത്ഥനയും തമ്മില്‍ വ്യത്യാസം കല്‍പ്പിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ഏതു സമയത്തും ഏതു ശാരീരികനിലയിലും ഏതു ദിശയിലേക്കു തിരിഞ്ഞും പ്രാര്‍ത്ഥന നടത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വാസ്തവത്തില്‍, ‘നിരന്തരമായ പ്രാര്‍ത്ഥന’ ക്രിസ്തുവും അപ്പോസ്തോലന്മാരും പ്രോത്സാഹിപ്പിച്ചിരുന്നു. കുളിക്കുമ്പോഴും കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ഒരാള്‍ക്ക് പ്രാര്‍ത്ഥിക്കാം. ദിവസം മുഴുവനും ഒരുവന് പ്രാര്‍ത്ഥനയുടെ മനോനിലയില്‍ തന്നെ കഴിയാവുന്നതാണ്. ഈ രീതിയില്‍ ‘നിരന്തരമായ പ്രാര്‍ത്ഥന’യില്‍ മുഴുകുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക രീതികളോ ക്രമങ്ങളോ ബാധകമല്ല. പൂര്‍ണമായും മൗനത്തിലോ സ്വന്തതാല്പര്യപ്രകാരമുള്ള വാക്കുകളിലോ പ്രസിദ്ധമായ ‘യേശുനാമ പ്രാര്‍ത്ഥന’ (ഖലൗെെ ുൃമ്യലൃ) യിലൂടെയോ ഒരുവന് ‘നിരന്തരമായ പ്രാര്‍ത്ഥന’യില്‍ മുഴുകാവുന്നതാണ്. ഇങ്ങനെയുള്ള നിരന്തര പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുമ്പോള്‍ ബോധമനസ്സിന്റെ ശ്രദ്ധപോലും ആവശ്യമായി വരുന്നതേയില്ല.
എന്നാല്‍ പൊതുവായ പ്രാര്‍ത്ഥന (Public worship) അതിന്റെ രീതിയിലും ശൈലിയിലും വ്യത്യസ്തമാണ്. അത് ഒരു സമൂഹപ്രാര്ത്ഥനയാണ്; ഒരൊറ്റ ശരീരം എന്ന നിലയില്‍ വിശ്വാസികളുടെ സജീവ കൂട്ടായ്മയാണ് അത്. ഇവിടെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയാണ് പ്രകടമാകുന്നത്. അത് ഒരു താല്‍ക്കാലിക സമൂഹം അല്ല; അപ്പോസ്തോലന്മാരുടെ കാലം മുതല്‍ വിഘ്നം കൂടാതെ നടന്നുകൊണ്ടിരിക്കുന്ന, ത്രീയേക ദൈവസന്നിധിയില്‍ സമര്പ്പിതമാകുന്ന ആരാധനയാണ് അത്. ഈ രീതിയിലുള്ള പൊതു ആരാധനയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് വിശുദ്ധ കുര്‍ബാന അഥവാ വിശുദ്ധ ബലിയര്‍പ്പണം. പൊതു ആരാധനകളിലും നാം കിഴക്കോട്ട്, ഉദയസൂര്യന്റെ ദിശയിലേക്ക് തിരിഞ്ഞു നില്ക്കുന്നു.
ക്രിസ്തുവിന്റെ അപ്പോസ്തോലന്മാര് എല്ലാവരും യഹൂദര്‍ ആയിരുന്നു. പാലസ്തീന് പ്രദേശത്ത് ഉണ്ടായിരുന്ന ആദിമ ശിഷ്യഗണവും ഏറിയപങ്കും യഹൂദര്‍ തന്നെയായിരുന്നു. യഹൂദസമൂഹത്തിന്റെ പ്രാര്‍ത്ഥനാരീതികള്‍ തന്നെ ഇവര്‍ തുടര്‍ന്നുപോന്നു. എങ്കിലും, താമസംവിനാ, തങ്ങളുടെ രക്ഷകനായ ക്രിസ്തുവിനെ സംബോധന ചെയ്ത് പ്രാര്‍ത്ഥനകള്‍ രൂപപ്പെടുത്തുവാന്‍ ആദിമക്രൈസ്തവ സമൂഹത്തിന് സാധ്യമായി.
ആദിമ ക്രൈസ്തവ സഭയില്‍ രൂപപ്പെട്ടുവന്ന പുതിയ ആദ്ധ്യാത്മികത കാരണമായിരിക്കാം ഭൗതിക പ്രാധാന്യമുള്ള യെരുശലേം മുതലായ സ്ഥലങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് അപ്രധാനമായി. അവരുടെ ആത്മീയത ‘സ്വര്‍ഗ്ഗീയ യെരുശലേം’ കേന്ദ്രീകരിച്ച് രൂപപ്പെടുകയായിരുന്നു. ദൈവരാജ്യം എന്ന ആത്മിക നഗരത്തില്‍ പൗരന്മാരാകുക എന്നതായി അവരുടെ മുന്‍ഗണന. ലോകത്തിലുള്ള സര്‍വ്വ പ്രദേശങ്ങളും അവരെ സംബന്ധിച്ചിടത്തോളം ഒരുപോലെയായിരുന്നു. ഒരു പ്രദേശത്തിനും സവിശേഷമായ പ്രത്യേക വിശുദ്ധി ഇല്ല എന്ന നിലപാടില്‍ അവര്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആദിമ ക്രൈസ്തവ സമൂഹം പാലസ്തീനിലെ യെരുശലേം നഗരത്തോട് യഹൂദജനതയ്ക്കുണ്ടായിരുന്ന വിശേഷ പ്രതിപത്തിയില്‍ നിന്ന് ക്രമേണ വേര്‍പിരിഞ്ഞു. അതേസമയം, ക്രൈസ്തവ ആരാധനാരീതിയില്‍ ഒരു പുത്തന്‍ ദിശാബോധം രൂപംകൊള്ളുകയും ചെയ്തു; ഉദയസൂര്യന്റെ ദിശയിലേക്ക് തിരിഞ്ഞ് ആരാധന നടത്തുക എന്ന ഒരു ബോദ്ധ്യം ഇതോടെ നിലവില്‍ വന്നു.
ആരാധനാവേളകളില്‍ കിഴക്കോട്ടു തിരിഞ്ഞു നില്ക്കുവാന് ക്രൈസ്തവ സമൂഹം ഉത്സുകമായതിനു പിന്നില്‍ ശക്തമായ വേദപുസ്തക അടിസ്ഥാനം കാണുവാന്‍ സാധിക്കും.
1. ഉല്‍പ്പത്തി പുസ്തകം ആദ്യ സൃഷ്ടിയെ വര്‍ണ്ണിക്കുന്നത് ഇങ്ങനെ: “അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി” (ഉല്പത്തി 2:8). പിന്നീട്, ദൈവകല്പനകളോടുള്ള അവരുടെ നിസ്സഹകരണം കാരണം അവര്‍ കിഴക്കുഭാഗത്തുള്ള ഏദന്തോട്ടത്തില് നിന്ന് പുറത്താക്കപ്പെട്ടു. ഈ സംഭവത്തെ കുറിച്ചുള്ള ക്രൈസ്തവ വ്യാഖ്യാനം അനുസരിച്ച് ആദിമാതാപിതാക്കളുടെ പുറത്താക്കല്‍ പറുദീസായുടെ കിഴക്കേ വാതില്‍വഴി ആയിരുന്നു എന്നതിനാല്‍ ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും മക്കള്‍ നഷ്ടപ്പെട്ട തങ്ങളുടെ ഭവനത്തെയോര്ത്ത് ആത്മാവില്‍ വേദനപ്പെട്ട് കിഴക്കുദിശയിലേക്ക് നോക്കിക്കൊണ്ട് കഴിയുകയാണ്. വീണ്ടെടുപ്പ് അഥവാ രക്ഷ തങ്ങളുടെ ആദിഭവനത്തിലേക്കുള്ള മടക്കം എന്ന നിലയില്‍ മനസ്സിലാക്കുന്നു.
2. മശിഹാ (ക്രിസ്തു) എന്ന നിലയില്‍ യേശുവിന്റെ ആഗമനത്തെ ആലങ്കാരികമായും പ്രതീകാത്മകമായും ആണ് ദീര്‍ഘദര്‍ശിമാര്‍ പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനങ്ങള്‍ നസ്രേത്തിലെ യേശുവില്‍ സാക്ഷാല്ക്കരിച്ചിരിക്കുന്നതായി പുതിയനിയമ രചയിതാക്കള്‍ വ്യാഖ്യാനിക്കുന്നു. ഉദാഹരണത്തിന് മലാഖിയുടെ പ്രവചനം: “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന് തന്റെ ചിറകിന്‍കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും” (4:2). ആയതിനാല്‍ കിഴക്കുദിശയിലേക്കുള്ള നമ്മുടെ നോട്ടം രോഗശാന്തിയുടെയും രക്ഷയുടെയും ഉറവിടമായ ക്രിസ്തുവിന്റെ വരവിനെ പ്രതീക്ഷിക്കുന്ന തീക്ഷ്ണമായ കാത്തിരിപ്പിന്റെ സൂചനയാണ്.
3. യേശു അരുള്‍ ചെയ്തു: “ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചം ഉള്ളവന് ആകും” (യോഹ. 8:12). ജീവന്റെ ഉറവിടം പ്രകാശമാണ്. നാം ജീവിക്കുന്ന ഭൂമിയില്‍ എല്ലാവിധ ജീവനും സൂര്യന്റെ പ്രകാശത്തെ ആശ്രയിക്കുന്നു. എന്നാല്‍ സൗരയൂഥത്തിലെ ഭൗതിക സൂര്യന് സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ഭൗതികതല ജീവനെ മാത്രം ആണ് സംരക്ഷിക്കുന്നത്. ഈ ജീവന് മരണത്തിന് വിധേയപ്പെട്ടിരിക്കുന്നു. ഒരു നക്ഷത്രം എന്ന നിലയില്‍ സൂര്യനും ഒരുനാള്‍ നാമാവശേഷമായി തീരും. ആത്മിക മാനങ്ങളില്‍ മനസ്സിലാക്കുമ്പോള്‍ യേശു ആണ് എന്നാളും നിലനില്‍ക്കുന്ന സൂര്യന്. അവനാണ് ജീവന്റെ ഉറവിടവും പരിപാലകനും; അവന്റെ പരിരക്ഷ ഒരേസമയം ജീവശാസ്ത്രപരവും ആത്മികവും ആണ്. അവന് “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം” (യോഹന്നാന് 1:9) ആകുന്നു. ആയതിനാല്‍ പ്രതീകാത്മകമെന്നോണം ഉദയസൂര്യന്റെ ദിശയിലേക്ക് ശ്രദ്ധപതിപ്പിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശം സ്വീകരിക്കുന്നു. ക്രിസ്തു “ശുഭ്രമായ ഉദയനക്ഷത്രം” (വെളിപാട് 22:16) എന്നും വിളിക്കപ്പെടുന്നു. ദൈവരാജ്യത്തിന്റെ നവയുഗത്തിന് അവന് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നു. പ്രകാശം ഉദിക്കുമ്പോള്‍ കിഴക്കേ ചക്രവാളം അതിമനോഹരമായ നിറങ്ങളാല്‍ പ്രകാശിതമാകുന്നു; കിഴക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട് ത്രീയേക ദൈവത്തെ സ്തുതിക്കുമ്പോള്‍ ദിവ്യപ്രകാശത്തിന്റെ മനോഹാരിതയും തേജസ്സും നമ്മള് അനുഭവിക്കുന്നു.
4. പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ രൂപപ്പെട്ടുവന്ന ഒരു വിശ്വാസമനുസരിച്ച് ക്രിസ്തു വീണ്ടും വരുന്നത് കിഴക്കു നിന്നും ആയിരിക്കും. ഈ പാരമ്പര്യത്തിന്റെ അടിസ്ഥാനം വി. മത്തായി 24:27 സുവിശേഷഭാഗമാണ്: “മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ട് പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.” അതായത്, കിഴക്കോട്ടു തിരിയുന്നത് അന്തിമ ന്യായവിധിക്കായി വരുന്ന ക്രിസ്തുവിനെ എതിരേല്ക്കുവാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ്. അങ്ങനെ ആത്മീയ ഉണര്‍വിന്റെ പ്രതീകമായി കിഴക്ക് കരുതപ്പെട്ടുപോരുന്നു; നമ്മുടെ ജീവിതത്തിന്റെ കണക്കുകള്‍ ബോധിപ്പിക്കുവാന്‍ നാം തയാറാകുന്നു, ക്രിസ്തുവില്‍ സകല സൃഷ്ടിയും രൂപാന്തരം പ്രാപിക്കും എന്ന പ്രത്യാശയില്‍ നാം ഉറയ്ക്കുന്നു.
പ്രാര്‍ത്ഥനയ്ക്ക് കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കണം എന്നത് ക്രിസ്തുകേന്ദ്രീകൃതവും വേദപുസ്തകാധിഷ്ഠിതവുമായ ഓര്‍ത്തഡോക്സ് സഭാപാരമ്പര്യത്തിന്റെ ഭാഗമാണ്. ക്രിസ്തു തന്നെ സഭാശരീരത്തിന്റെ തലയായി പിതാവാം ദൈവത്തിങ്കലേക്ക് തിരിയുന്നു. നമ്മുടെ ദൈവാലയങ്ങള്‍ പണിയപ്പെടുന്നത് കിഴക്കുപടിഞ്ഞാറ് ദിശയില്‍ മാത്രമാണ്. ആരാധനാസമൂഹം മുഴുവനായി വൈദികനോടു ചേര്‍ന്ന് കിഴക്കോട്ടു തിരിഞ്ഞ് പറുദീസായിലെ സൃഷ്ടി മുതല്‍ നാളിതുവരെ നമുക്ക് അനുഭവിച്ചിരിക്കുന്ന സര്വ്വതിനുംവേണ്ടി ദൈവസന്നിധിയില്‍ നന്ദി അര്‍പ്പിക്കുന്നു. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടുകൂടി സാക്ഷാല്ക്കരിക്കപ്പെടുന്നതിനെ ഓര്‍ത്ത് ധ്യാനിക്കുന്നു. വാങ്ങിപ്പോയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട വിശ്വാസികളെ സംസ്കരിച്ചിരിക്കുന്നത് കിഴക്കു തിരിഞ്ഞു ക്രിസ്തുവിന്റെ വരവില്‍ മുഖാമുഖം കാണത്തക്കവണ്ണമാണല്ലോ.
കിഴക്കോട്ടു തിരിയുന്നത് ഒരു പ്രതീകാത്മക പ്രവൃത്തി മാത്രമാണ്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആപേക്ഷികമാണല്ലോ. ബഹിരാകാശ യാത്ര ചെയ്യുന്നവര്‍ക്ക് ഈ തരംതിരിവുകളൊന്നും പ്രസക്തമല്ലല്ലോ. എന്നാല്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ കിഴക്ക് എന്നത് ഏറ്റവും മനോഹരമായ ഒരു ആത്മീയ പ്രതീകം തന്നെയാണ്. പ്രത്യേക സാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും ആരാധന നടത്തുമ്പോള്‍ കിഴക്കോട്ട് തിരിഞ്ഞു നില്ക്കുന്നതില് പ്രായോഗിക വൈഷമ്യങ്ങള്‍ ഉള്ളപക്ഷം ഉചിതമായ ദിശയിലേക്കു തിരിയുവാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. കിഴക്കിനെക്കുറിച്ചുള്ള ചിന്തകള്‍ നമ്മുടെ വേദനകളിലും പ്രയാസങ്ങളിലും ആത്മീയ ജീവിതരീതിയിലും ദിശാബോധം നല്കുന്നു. ഏതായാലും നാം ഒരു സമൂഹമായി കിഴക്കോട്ട് തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുക എന്ന പുരാതന പാരമ്പര്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാത്തുസൂക്ഷിക്കുന്നത് നല്ലതു തന്നെ.
(ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാള പരിഭാഷ. പരിഭാഷകന്: ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍)