ചിത്രകല: അദൃശമായതിന്‍റെ അനാവരണം | ഫാ. ഡോ. കെ. എം. ജോര്‍ജ്

kmg

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ ഒരു വലിയ പെയിന്‍റിംഗിന്‍റെ അനാച്ഛാദന കര്‍മ്മത്തില്‍ സംബന്ധിച്ചു. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള കാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്നത് 1836-ല്‍ മാവേലിക്കര പുതിയകാവ് പള്ളിയില്‍ “മാവേലിക്കര പടിയോല” എന്ന പേരില്‍ നടന്ന ഒരു ചരിത്ര സംഭവമാണ്. ഇംഗ്ലീഷ് മിഷണറിമാര്‍ ഇവിടെ വന്ന്, ഇവിടെയുണ്ടായിരുന്ന അതിപുരാതന മലങ്കരസഭയില്‍ മിഷണറി പ്രവര്‍ത്തനം നടത്താന്‍ വളരെ ശ്രമിച്ചു. അതിന്‍റെ ഭാഗമായി അവരുടെ കല്‍ക്കട്ടയിലെ ബിഷപ്പ് ഡാനിയല്‍ വിത്സന്‍ മലങ്കരസഭയുടെ അധികാരികള്‍ക്ക് ആറു നിര്‍ദ്ദേശങ്ങള്‍ എഴുതി അയച്ചു. സഭയുടെ നന്മയ്ക്കു വേണ്ടി മിഷണറിമാരുമായി സഹകരിക്കാന്‍ സഹായിക്കും എന്ന മട്ടിലാണ് അവ എഴുതിയത്. എന്നാല്‍ പൗരസ്ത്യ പാരമ്പര്യവും സ്വാധികാരവും കേരളത്തിലെ തദ്ദേശീയ രീതികളും മുറുകെ പിടിച്ചിരുന്ന മലങ്കരസഭ നിരുപാധികം ആ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞു. ആ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലങ്കരസഭയുടെ അധികാരികള്‍ വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തിന്‍റെ (സുന്നഹദോസ്) ചിത്രമായിരുന്നു അത്. ഗോവാ ഗവര്‍ണര്‍ ശ്രീ. പി. എസ്. ശ്രീധരന്‍പിള്ള തുടങ്ങിയ സമുന്നത വ്യക്തികള്‍ ചേര്‍ന്ന് അതിന്‍റെ അനാഛാദനം നിര്‍വ്വഹിച്ചു.

ലളിത കലാ അക്കാദമിയുടെ കോട്ടയം ഗാലറിയില്‍ ഇപ്പോള്‍ കുറെ കലാസൃഷ്ടികളുടെ പ്രദര്‍ശനോല്‍ഘാടനം നടത്തുകയാണ്. ഒരു ചരിത്ര സംഭവത്തിന്‍റെ ചിത്രീകരണവും ഒരു സര്‍ഗ്ഗാത്മക ചിത്രകലാ സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കാനാണ് മുന്‍ സംഭവം സൂചിപ്പിച്ചത്.

ഒന്നാമതായി മാവേലിക്കരയില്‍ അനാഛാദനം ചെയ്ത ചിത്രവും ഇവിടെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം? നമുക്ക് വ്യക്തമായി അറിയാവുന്ന ഒരു ചരിത്ര സംഭവത്തിന്‍റെ കഴിയുന്നത്ര വസ്തുനിഷ്ഠവും യഥാതഥവുമായ ഒരു ചിത്രീകരണമാണ് മാവേലിക്കരയില്‍ അനാഛാദനം നടത്തിയത്. ഈ ചരിത്ര സംഭവം ഒരിക്കലായി നടന്നതും ഇപ്പോള്‍ ഭൂതകാലമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നതുമാണ്. ചിത്രത്തിനു മുമ്പില്‍ തൂക്കിയിരുന്ന തിരശ്ശീല മാറ്റി അത് അനാവരണം ചെയ്യുമ്പോള്‍ ആ ചരിത്രത്തിന്‍റെ എഴുതപ്പെട്ട ഒരു ഏട് ചിത്രരൂപത്തില്‍ ജനങ്ങള്‍ക്കു ദൃശ്യമാകുന്നു. അതുകൊണ്ട് അത് ഔപചാരികമായി അനാഛാദനം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ട്.

എന്നാല്‍ ഇവിടെ ഗാലറിയില്‍ ഒരു ചിത്രവും അനാഛാദനം ചെയ്യേണ്ടതില്ല. കാരണം ഓരോ കലാസൃഷ്ടിയും പൂര്‍ത്തിയായി കഴിയുമ്പോള്‍ അത് സ്വയം അനാഛാദനം (ൗി്ലശഹശിഴ) നടത്തുകയാണ് എന്നു പറയാം. അതൊരു സര്‍ഗ്ഗസൃഷ്ടിയുടെ സഹജഭാവമാണ്. അത് കാണുന്നവര്‍ക്ക് ഒരു പ്രത്യേക ചരിത്ര സംഭവമോ ഭൂതകാലത്തിലെ ഒരേടോ ഓര്‍മ്മ വരണമെന്നില്ല. ആത്മനിഷ്ഠമായ ഒരു അനുഭൂതിയാണ് ഗാലറിയിലെ ഈ സര്‍ഗ്ഗാത്മക ചിത്രങ്ങള്‍ നമുക്ക് നല്‍കുന്നത്. ഒരാള്‍ പല പ്രാവശ്യം അത് കണ്ടാലും ഓരോ പ്രാവശ്യവും പുതിയ അര്‍ത്ഥങ്ങള്‍ ദ്രഷ്ടാവിന് ലഭിച്ചെന്നിരിക്കും. അപ്പോള്‍ ആ ചിത്രങ്ങള്‍ സ്വയം അനാവരണം ചെയ്യുന്നു. അര്‍ത്ഥതലങ്ങള്‍ അനവധിയാണ്. എത്രമാത്രം അര്‍ത്ഥങ്ങളെ അത് ദ്യോതിപ്പിക്കുന്നുവോ അത്രയധികം അതിന്‍റെ കലാമൂല്യം കൂടുകയാണ്. വര്‍ണ്ണങ്ങളുടെയും വരകളുടെയും വിന്യസനവും ആശയങ്ങളുടെ ധ്വനിയും മൂലമാണ് ഈ അര്‍ത്ഥദീപ്തി ഉളവാകുന്നത്. വരച്ചു കഴിയുമ്പോള്‍ ചിത്രകാരനും കൃതിയും തമ്മില്‍ വേര്‍പെടുന്നു. പിന്നെ ആസ്വാദകരാണ് അത് ഏറ്റെടുക്കുന്നത്. അവര്‍ക്ക് അവരുടെ ആസ്വാദനശേഷിയും അര്‍ത്ഥാന്വേഷണ ത്വരയും ഉപാധികളാക്കി ഈ ചിത്രത്തെ വീണ്ടും വീണ്ടും സൃഷ്ടിക്കാം. ഇത് സര്‍ഗ്ഗവൃത്തിയുടെ സ്വഭാവമാണ്. ഇതിന് പ്രേരിപ്പിക്കുന്ന കലാസൃഷ്ടികള്‍ ചിത്രമാണെങ്കിലും ശില്പമാണെങ്കിലും, കഥയാണെങ്കിലും കവിതയാണെങ്കിലും മനുഷ്യരെ പ്രകാശിപ്പിക്കുന്നു. ഇന്‍ഡ്യയില്‍, കാവ്യശാസ്ത്രത്തിലെ ധ്വനി സിദ്ധാന്തം നമുക്കോര്‍ക്കാം.

രണ്ടാമതായി, ഇവിടെ കവി എസ്. ജോസഫ് മനുഷ്യന്‍റെ അബോധ മണ്ഡലത്തെക്കുറിച്ച് സൂചിപ്പിച്ചു. അത് കേട്ടപ്പോള്‍ ചിത്രകലയില്‍ സര്‍റിയലിസ്റ്റ് (ടൗൃൃലമഹശെേ) പ്രസ്ഥാനത്തിന്‍റെ തുടക്കത്തെക്കുറിച്ചാണ് ഓര്‍മ്മ വന്നത്. ആന്ദ്രേ ബ്രെത്തോങ് എന്ന ചിന്തകനാണ് സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആശയരൂപീകരണം നടത്തിയത്. ചിത്രകാരന്മാരായ സാല്‍വദോര്‍ ദാലി, റെനെ മാഗ്രിത്ത് തുടങ്ങിയവര്‍ പ്രശസ്തരായി. മനുഷ്യന്‍റെ അബോധ മണ്ഡലത്തെക്കുറിച്ച് ആ കാലയളവിലാണ് മനോരോഗ വിദഗ്ദ്ധനായ സിഗ്മണ്ട് ഫ്രോയിഡ് പഠനങ്ങള്‍ നടത്തുന്നത്. സ്വപ്നത്തിന്‍റെ വിശകലനം അബോധത്തിലേക്കുള്ള ഗവേഷണ വാതിലായി ഫ്രോയിഡ് കരുതുന്നുണ്ട്. അന്ന് അദ്ദേഹം ആരംഭിച്ച സൈക്കോ അനാലിസിസ് യൂറോപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായി തീര്‍ന്നിരുന്നു. സര്‍ റിയലിസ്റ്റ് പ്രസ്ഥാനത്തില്‍ (ടൗൃൃലമഹ എന്നു ഫ്രഞ്ച് ഭാഷയില്‍ പറഞ്ഞാല്‍ ‘യഥാതഥമായിട്ടുള്ളതിന് അതീതം’ – യല്യീിറ വേല ൃലമഹ – എന്ന് അര്‍ത്ഥം വരുന്നു) കലാകാരന്മാര്‍ സ്വപ്നാത്മകമായ രൂപങ്ങളും വര്‍ണ്ണങ്ങളുമാണ് ഉപയോഗിച്ചത്. അതായത് നാം കാണുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ യുക്തിയെയും ന്യായത്തെയും മറികടക്കുന്ന സങ്കല്പ ചിത്രങ്ങളാണ്. ആ പ്രസ്ഥാനത്തിന്‍റെ സൈദ്ധാന്തികനായ ആന്ദ്രേ ബെത്തോങ്ങ് (അിറൃണു ആൃലീിേ) ഫ്രോയിഡുമായി കണ്ട് ഇത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫ്രോയിഡ് അബോധ മണ്ഡലത്തിന്‍റെ ഇത്തരം ചിത്രകലാ ആവിഷ്കാരത്തില്‍ അത്ര വലിയ താല്പര്യം കാണിച്ചില്ല എന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹത്തിന്‍റെ മനോവിശകലനമനുസരിച്ച്, ഭാഷയില്‍ നമുക്ക് പറ്റുന്ന ചില പിഴവുകള്‍, അതായത് നാക്ക് വഴങ്ങാതെയും, നാക്കുളുക്കിയും നാം ഉച്ചരിക്കുന്ന വാക്കുകള്‍, പേരുകള്‍ എന്നിവയൊക്കെ നമ്മുടെ മനസ്സിന്‍റെ അബോധതലങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുടെ വെളിപ്പെടുത്തലുകളാണ് എന്ന് പറഞ്ഞിരുന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളുടെ പേര് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അറിയാതെ നാവ് പിഴക്കുന്നു. മാന്യമായ രീതിയില്‍ നാമതിന് ഖേദം പ്രകടിപ്പിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ ബോധമനസ്സില്‍ നിന്ന് അബോധത്തിലേക്ക് അടിച്ചമര്‍ത്തപ്പെട്ട ഒരു ഇഷ്ടക്കേടാണ് വാസ്തവത്തില്‍ നാവ് പിഴയ്ക്കാന്‍ കാരണം എന്നാണ് ഫ്രോയിഡ് പറയുന്നത്. ചിത്രകല അഭ്യസിക്കുന്നവര്‍ക്കെല്ലാമറിയാം, പടം വരച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ കൈപ്പിഴയോ ബ്രഷ് പാളിച്ചയോ ഉണ്ടാവാം. ഇങ്ങനെയുള്ള കൊച്ചു അപകടങ്ങള്‍ മൂലം ചിലപ്പോള്‍ വളരെ തൃപ്തികരമായ ഒരു ഫലമായിരിക്കും ചിത്രത്തിന് ഉണ്ടാവുക. അതിനെ ഹാപ്പി ആക്സിഡന്‍റ് എന്നു പറയാം. അങ്ങനെയല്ലാത്ത അപകടങ്ങളും ഉണ്ടാകാം. ക്യാന്‍വാസും ചിത്രവും തന്നെ ചിത്രകാരന്‍ ഉപേക്ഷിച്ച് മറ്റൊന്നു തേടിയെന്നിരിക്കാം. ഇതും കലയിലെ സര്‍ഗ്ഗവൃത്തിയുടെ അടയാളമാണ്. യഥാതഥ ചിത്രരചനയില്‍ ഇങ്ങനെ സംഭവിക്കുവാന്‍ ഇടയില്ല. കാരണം, നമ്മുടെ മുമ്പില്‍ കാണുന്ന ഒന്നിനെ അതുപോലെ തന്നെ ചിത്രീകരിക്കുകയാണ് റിയലിസ്റ്റിക് ശൈലിയില്‍ ചെയ്യുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുന്നതാണ് യഥാര്‍ത്ഥ കല.

മൂന്നാമതായി, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ റഫീക്ക് അനഡോള്‍ (ഞലളശസ അിമറീഹ) എന്ന കലാകാരന്‍റെ പ്രദര്‍ശനം ഉണ്ടായിരുന്നു. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു റോബട്ട്, മ്യൂസിയത്തിന്‍റെ ഭിത്തികളിലെ ചിത്രങ്ങള്‍ എല്ലാം കണ്ട് അതിനോടു ബന്ധപ്പെടുത്തിയും അതില്‍നിന്ന് ഉരുത്തിരിച്ചും സൃഷ്ടിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്റ്റലേഷനുകളാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. അവയുടെ വീഡിയോ ചിത്രം കണ്ടാല്‍ തന്നെ അദ്ഭുതകരമായി നമുക്ക് തോന്നും. മ്യൂസിയത്തില്‍ വച്ചിരിക്കുന്ന പഴയ ക്ലാസിക് ചിത്രങ്ങളെയൊക്കെ വിശകലനം ചെയ്യാനും അവയ്ക്ക് ബദല്‍ മാതൃകകള്‍ സൃഷ്ടിക്കാനുമൊക്കെ പുതിയ ടെക്നോളജിക്കു സാധിക്കും.

ഇവിടെയുള്ള പ്രധാനപ്പെട്ട ചോദ്യം നിര്‍മ്മിതബുദ്ധി എന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനെക്കുറിച്ചാണ്. നമ്മുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് അദ്ഭുതകരമായ പുതിയ ലോകങ്ങളാണ് അത് നമുക്ക് കാണിച്ചുതരുന്നത്. ഈ സാഹചര്യത്തില്‍ മനുഷ്യരായ കലാകാരരുടെ സര്‍ഗ്ഗശേഷി, ശൈലി, ഭാവന, ആസ്വാദനരീതികള്‍ എന്നിവയെല്ലാം അപ്രസക്തമായി തീരുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. എന്നാല്‍ എന്ത് കൃത്രിമബുദ്ധി ഉണ്ടാക്കിയാലും മനുഷ്യന്‍റെ കലയും സാഹിത്യവും ഒന്നും അര്‍ത്ഥശൂന്യമാവുകയില്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇക്കൂടെയാണ് എന്‍റെ എളിയ നിലപാടും. അതിനുള്ള കാരണമായി എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് സൈബര്‍ ലോകത്തിന്‍റെ ക്ഷണികതയാണ്. വളരെ പെട്ടെന്ന് ഉയര്‍ന്നു വരികയും, മനുഷ്യന്‍റെ ഇതുവരെയുള്ള സകല സാങ്കേതിക ജ്ഞാനത്തെയും യാഥാര്‍ത്ഥ്യബോധത്തെയും മറികടക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ യുഗം ഒരുപക്ഷേ പൊടുന്നനെ തകര്‍ന്നു പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് പറയുന്നതിന് അടിസ്ഥാനപരമായി എനിക്ക് തെളിവൊന്നുമില്ല. വൈദ്യശാസ്ത്രത്തില്‍ പറയാറുണ്ട്, കാരണമൊന്നും കൂടാതെ വരുന്ന ഒരു രോഗം ചിലപ്പോള്‍ കാരണമില്ലാതെ തന്നെ അപ്രത്യക്ഷമായേക്കുമെന്ന്. ഏതാണ്ട് അതുപോലെ പെട്ടെന്ന് ഉയര്‍ന്നുവന്ന ഡിജിറ്റല്‍ യുഗം ഒത്തിരി നല്ല കാര്യങ്ങള്‍ സൃഷ്ടിച്ചെങ്കിലും വന്നതുപോലെ തിരികെ പോകാനും മതി. അങ്ങനെയായാല്‍ മനുഷ്യവര്‍ഗ്ഗം ആദിമുതല്‍ വീണ്ടും ഇത്തരം സാങ്കേതിക പരിജ്ഞാനത്തിലേക്ക് കാലുവയ്ക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തെന്നിരിക്കും. ഒരൊറ്റ വൈറസ് മതി നമ്മുടെ ആഗോള നെറ്റ്വര്‍ക്കും അതിന്‍റെ ഡിജിറ്റല്‍ അടിസ്ഥാനവും എല്ലാം തകര്‍ത്തു കളയാന്‍. കോവിഡ് കാലത്ത് നാം പഠിച്ച ഒരു പാഠമാണത്.

നമ്മുടെ ചര്‍ച്ചയ്ക്കുവേണ്ടി ഇങ്ങനെ ചില എളിയ കാര്യങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ഉത്തമ കലാസൃഷ്ടികളുടെ ഈ പ്രദര്‍ശനം സന്തോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്തുകൊള്ളുന്നു.

(2021-ല്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയ ചിത്രരചനകളുടെ പ്രദര്‍ശനം കോട്ടയം ലളിതകലാ അക്കാദമിയുടെ ഗാലറിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗം)