കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

fr-manoj
തലശേരി കടലിന്‍റെ തിരകള്‍പോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകള്‍ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങള്‍ പത്തുപേര്‍. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആര്‍പി) യിലെ അംഗങ്ങളാണ് ഞങ്ങള്‍.

നിരവധി ദിവ്യദാനങ്ങളാല്‍ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചന്‍ ഏതാണ്ട് ഒരുവര്‍ഷം മുമ്പേ ഞങ്ങളെ തലശേരിക്കു ക്ഷണിച്ചതാണ്. അവിടെ സെന്‍റ് ജോസഫ് സെമിനാരിയില്‍നിന്നു കടലിലേക്ക് നീളുന്ന പടവുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ കാണുന്ന വന്‍ പാറയിലിരുന്ന് ഞങ്ങളുടെ വാര്‍ഷികസംഗമം.

‘വരയോളം’ എന്നു പേരിട്ട ശില്പശാലയ്ക്കുവേണ്ടി എല്ലാ സജ്ജീകരണങ്ങളും അച്ചന്‍ ചെയ്തിരുന്നു. പഴയ കൊളോണിയല്‍ കെട്ടിടത്തിന്‍റെ വിശാലമായ ഇടനാഴികളിലും വരാന്തകളിലും കാന്‍വാസുകള്‍ ഉറപ്പിച്ച ഞങ്ങള്‍ക്കിടയില്‍ ഒരു ചിത്രശലഭംപോലെ ഉല്ലാസം വഴിഞ്ഞ് മനോജ് അച്ചന്‍ പാറിനടന്നു. തീരത്തെ പാറക്കെട്ടിലിരുന്ന് ഞങ്ങള്‍ അസ്തമയവും നിശാകാശവും കണ്ടു. ആദ്യദിവസം യാദൃച്ഛികമായി വന്നെത്തിയ അതിഥി കവി പി. രാമനോടൊപ്പം പാറക്കെട്ടിലിരുന്ന മണിക്കൂറുകള്‍ ഓര്‍ക്കുന്നു.

തന്‍റെ സ്വതസ്സിദ്ധമായ ഗംഭീരശബ്ദത്താല്‍ രാമന്‍ മാഷ് കവിതകള്‍ പാടി. ഓളങ്ങള്‍ക്കൊപ്പം താളമിട്ട മനോജ് അച്ചന്‍ ആനന്ദമൂര്‍ച്ചയിലായി. വരയും ചിരിയും ധ്യാനവും പ്രാര്‍ഥനയുമായി ഞങ്ങള്‍ ചെലവഴിച്ച ദിവസങ്ങളില്‍ മനോജ് അച്ചന്‍ അതീവസന്തുഷ്ടനായി കാണപ്പെട്ടു.

റെക്ടര്‍ അച്ചന്‍ മനോജച്ചന്‍റെ കഴിവുകളെക്കുറിച്ചും സേവനരീതികളെക്കുറിച്ചും വാചാലനായത് ഓര്‍ക്കുന്നു. അതീവ ദുഃഖിതമായ ഹൃദയത്തോടും നിറഞ്ഞ മിഴികളോടുംകൂടി പ്രിയ സ്നേഹിതന് യാത്രാവന്ദനം നല്‍കാനായിരുന്നല്ലോ കഴിഞ്ഞയാഴ്ച അദ്ദേഹം ഞങ്ങളെ തലശേരിയില്‍ ക്ഷണിച്ചുവരുത്തിയത് എന്നു ചിന്തിച്ചുപോകുന്നു.

കടലും കലയും നല്‍കിയ ആനന്ദത്തിനപ്പുറം മാലാഖമാരുടെ ചിറകടി ശബ്ദം കേട്ട്, ദിവ്യസംഗീതമുതിര്‍ക്കാന്‍ അച്ചന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പ്രിയ സഹോദരാ, സമാധാനത്തോടെ പോകുക.

(കാറപകടത്തിൽ  കഴിഞ്ഞ ദിവസം  അന്തരിച്ച കലാകാരനും. തലശ്ശേരി മൈനർ സെമിനാരി വൈസ്  റെക്ടറുമായ മനോജ് ഒറ്റപ്ലാക്കൽ അച്ചനെ ഓർത്തുകൊണ്ട്  ഫാ. ഡോ. കെ. എം. ജോർജ് എഴുതിയ കുറിപ്പ്. Deepika Daily, May 30, 2023)

“എന്നെ വരയ്ക്കാമെന്ന് പറഞ്ഞിട്ട് പോയതാ… അവൻ പോട്ടേ… കർത്താവേ, ഇത്രേം തിരക്ക് വേണാരുന്നോ…