പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ്

Panopticon

വൃത്താകാരത്തില്‍ പണിത ആറ് നിലകളുള്ള ഒരു ജയില്‍ കെട്ടിടം; അതിന് ഒത്ത മധ്യത്തിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിരീക്ഷണഗോപുരം (Watch tower), ജയില്‍ കെട്ടിടത്തിന്‍റെ ഓരോ സെല്ലും ഗോപുരത്തിന്‍റെ വശത്തേയ്ക്ക് തുറന്നിരിക്കുന്നു. സെല്ലിന്‍റെ മറുവശത്ത് പ്രകാശം കടത്തിവിടുന്ന ഒരു ജനല്‍. ഗോപുരത്തില്‍ നിന്ന് നിരീക്ഷകനായ ജയില്‍ വാര്‍ഡന്‍ നോക്കുമ്പോള്‍ ഓരോ തടവുകാരന്‍റെയും എല്ലാ ചലനങ്ങളും കാണാനാകും. എന്നാല്‍ ഒരു തടവുകാരനും ഗോപുരത്തില്‍ ഇരിക്കുന്ന നിരീക്ഷകനെ കാണാനാകില്ല. വെനീഷ്യന്‍ ബ്ലൈന്‍ഡ് പോലെയുള്ള മറകള്‍ ഉപയോഗിച്ച് നിരീക്ഷകനായ ജയില്‍ ഉദ്യോഗസ്ഥന്‍ മറഞ്ഞിരിക്കുന്നു. അയാള്‍ അവിടെ ഉണ്ടോ ഇല്ലയോ എന്നു പോലും തടവുകാര്‍ക്ക് അറിഞ്ഞുകൂടാ. അതേസമയം തങ്ങള്‍ അനുനിമിഷം നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം തടവുകാരില്‍ ഉണ്ടാകുന്നു.

സാമൂഹിക പരിഷ്ക്കരണവാദിയും നിയമജ്ഞനുമായിരുന്ന ഇംഗ്ലീഷ് ചിന്തകന്‍ ജെറമി ബെന്‍ഥാം (1748-1832)  18-ാം നൂറ്റാണ്ടില്‍ ഉന്നയിച്ച പാനോപ്റ്റിക്കോണ്‍ (Panopticon) എന്ന ആശയമാണ് ഇങ്ങനെയൊരു ജയില്‍ വാസ്തുശില്‍പ്പ മാതൃകയുടെ അടിസ്ഥാനം. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഫ്രഞ്ച് ചിന്തകനും ആശയ ചരിത്രകാരനുമായിരുന്ന മിഷല്‍ ഫൂക്കോ (1926-1984) തന്‍റെ പ്രമുഖ കൃതിയായ ‘ശിക്ഷണവും ശിക്ഷയും: ജയിലിന്‍റെ ജനനം’ 1975-ല്‍ ഫ്രഞ്ചു ഭാഷയില്‍ പ്രസിദ്ധീകരിച്ചതോടു കൂടിയാണ് ബെന്‍ഥാമിന്‍റെ ‘പാനോപ്റ്റിക്കോണ്‍’ ആധുനിക ധൈഷണിക മണ്ഡലത്തില്‍ പ്രചാരം നേടിയത്.

എന്താണ് പാനോപ്റ്റിക്കോണ്‍? സര്‍വ്വവും കാണുന്ന ഇടം എന്നാണ് ഈ ഗ്രീക്ക് വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം (Pan = സര്‍വ്വം; opticon = കാണുന്നത്, കാണുന്നതിനുള്ള ഇടം). എപ്പോഴും തടവുകാരെ നിരീക്ഷിക്കാനുള്ള വീക്ഷാഗോപുരം ഓരോ തടവുകാരനും ദൃശ്യമാണ്. അതിനുള്ളില്‍ ആരാണെന്ന് തടവുപുള്ളികള്‍ക്കറിഞ്ഞു കൂടാ. പക്ഷേ, തങ്ങള്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുവെന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നു. അതിന്‍റെ ഫലമായി കുറ്റവാളികളുടെ പെരുമാറ്റത്തില്‍ വ്യത്യാസം വരുമെന്നും, ക്രമേണ അവരുടെ സാമൂഹ്യവിരുദ്ധമായ മനോഭാവം മാറി, അവര്‍ ‘നല്ല പിള്ള’കളായി സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് മടങ്ങുമെന്നുമാണ് ജെറമി ബെന്‍ഥാം സങ്കല്‍പ്പിച്ചത്.

ജെറമിയുടെ സഹോദരനായ സാമുവല്‍ ബെന്‍ഥാം അന്നത്തെ റഷ്യയില്‍ ഒരു തൊഴില്‍ സ്ഥാപനത്തില്‍ ഇന്‍സ്പെക്ടറായി പ്രവര്‍ത്തിച്ചിരുന്നു. രണ്ടു വര്‍ഷക്കാലം ജെറമി സഹോദരന്‍റെ കൂടെ റഷ്യയില്‍ താമസിക്കുന്നുണ്ട്. അവിടെ സാമുവല്‍, ഓരോരോ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും പൊതുവെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കി. അതില്‍ നിന്നാണ് ‘പാനോപ്റ്റിക്കോണ്‍’ എന്ന ആശയം ജെറമി ഉരുത്തിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ തിരിച്ചുവന്ന് തന്‍റെ സങ്കല്‍പ ജയിലിന്‍റെ പ്ലാന്‍ വരയ്ക്കാന്‍ വില്ലി റെവലി (Reveley) എന്ന ഒരു യുവ ആര്‍ക്കിടെക്ടിനെ അദ്ദേഹം ചുമതലപ്പെടുത്തുന്നു. പ്ലാനുണ്ടായെങ്കിലും ഒരിക്കലും അങ്ങനെയൊരു ജയില്‍ പണിയാന്‍ ഇടവന്നില്ല. അന്നത്തെ ഭരണാധികാരികളൊക്കെ തന്‍റെ സ്വപ്നപദ്ധതി നിരസിച്ചതുകൊണ്ട് ജെറമി ബെന്‍ഥാം നിരാശനായി. പദ്ധതി അനുസരിച്ച് വൃത്താകാര ജയില്‍ കെട്ടിടവും അതിന്‍റെ ഒത്ത മധ്യത്തിലുള്ള വീക്ഷാഗോപുരവും അധികാരികള്‍ ശ്രദ്ധിക്കാതെ പോയെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനവും പത്തൊന്‍പതാം നൂറ്റാണ്ടിലും ലോകത്തിന്‍റെ പല ഭാഗത്തും പാനോപ്റ്റിക്കോണ്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പല ജയിലുകള്‍ രൂപംകൊണ്ടിട്ടുണ്ട്. ഇംഗ്ലണ്ട്, അയര്‍ലണ്ട്, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ക്യൂബ, കൊളംബിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ നിര്‍മിച്ച അത്തരം ജയിലുകള്‍ ഒന്നുംതന്നെ ബെന്‍ഥാമിന്‍റെ മൂല മാതൃകയില്‍ ആയിരുന്നില്ല. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍ ദ്വീപില്‍ പണിത സെല്ലുലാര്‍ ജയിലിന്‍റെ (കാലാപാനി) വാസ്തുശില്‍പ്പമാതൃകയെ പാനോപ്റ്റിക്കോണ്‍ സ്വാധീനിച്ചിട്ടുണ്ട്.

ബെന്‍ഥാമിന്‍റെ സങ്കല്‍പ്പത്തില്‍ ജയില്‍ മാത്രമല്ല, സ്കൂളുകള്‍, ആശുപത്രികള്‍, സൈനിക ക്യാമ്പുകള്‍ തുടങ്ങി പൊതുമേല്‍നോട്ടം ആവശ്യമായി വരുന്ന എല്ലാ സ്ഥാപനങ്ങളെയും മനസ്സില്‍ കണ്ടാണ് പാനോപ്റ്റിക്കോണ്‍ ആശയം അദ്ദേഹം ഉരുത്തിരിച്ചത്.

ചിലരെങ്കിലും അരകിറുക്കനായി കരുതിയ ബെന്‍ഥാം തന്‍റെ വില്‍പത്രത്തില്‍, മരണശേഷം തന്‍റെ ശരീരം പിളര്‍ന്നു തുറന്നുവച്ചിരിക്കുന്ന രീതിയില്‍ പൊതുജനങ്ങള്‍ക്ക് കാഴ്ചവസ്തുവാകണം എന്ന് നിര്‍ദ്ദേശിക്കുകയും ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. തല്‍ഫലമായി ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ ഒരു സ്ഫടികപ്പെട്ടിയില്‍ ബെന്‍ഥാമിന്‍റെ ശരീരം ആവശ്യമായ മാറ്റങ്ങളോടെ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തല മെഴുകുകൊണ്ടാണെന്നു മാത്രം.

മിഷല്‍ ഫൂക്കോയും പാനോപ്റ്റിക്കോണും

സമുന്നത ഫ്രഞ്ച് ചിന്തകനും പാശ്ചാത്യ വൈജ്ഞാനികാശയങ്ങളുടെ ചരിത്രകാരനുമായ മിഷല്‍ ഫൂക്കോ, ബെന്‍ഥാമിന്‍റെ പാനോപ്റ്റിക്കോണ്‍ എന്ന ആശയം യൂറോപ്പിന്‍റെ സാമൂഹ്യ ചരിത്ര വിശകലനത്തിനും വിമര്‍ശനത്തിനും പറ്റിയ മൂര്‍ച്ചയേറിയ ആയുധമാക്കി മാറ്റി. ശക്തമായ ഒരു രൂപകാലങ്കാരമായിട്ടാണ് ഫൂക്കോ അത് ഉപയോഗിച്ചത്. സമൂഹത്തിന്‍റെ പൊതുഘടനയില്‍ അധികാരം, അറിവ്, ശക്തി, നിയന്ത്രണശേഷി എന്നിവ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ വ്യാഖ്യാനിക്കാനാണ് തന്‍റെ “ശിക്ഷണവും ശിക്ഷയും: ജയിലിന്‍റെ ജനനം’ (Discipline and Punish: The Birth of the Prison) എന്ന പ്രബന്ധത്തില്‍ പാനോപ്റ്റിക്കോണ്‍ രൂപകം പ്രത്യക്ഷപ്പെടുന്നത്. ഇത് സംബന്ധിച്ച് ഫൂക്കോയുടെ ചിന്തകള്‍ ചുരുക്കമായി സൂചിപ്പിക്കട്ടെ.

  1. പാനോപ്റ്റിസിസം

ഫൂക്കോയുടെ വിപുലമായ വ്യാഖ്യാനത്തില്‍ പാനോപ്റ്റിക്കോണ്‍ എന്ന പഴയ ആശയം പാനോപ്റ്റിസിസം എന്ന പ്രതിഭാസമായി മാറുന്നു. അതിന് ഒരു പ്രത്യയശാസ്ത്രത്തിന്‍റെ എടുപ്പുകളുണ്ട്. ഫൂക്കോയുടെ വിമര്‍ശകചിന്തയില്‍, “കാണുക, അറിയുക, നിയന്ത്രണശേഷി കൈവരിക്കുക” എന്ന ത്രിമാന പ്രതിഭാസത്തെ ജയിലില്‍ മാത്രമല്ല, മനുഷ്യസമൂഹത്തിന്‍റെ എല്ലാ രംഗങ്ങളിലും പ്രകടമാക്കുന്ന രീതിയാണ് പാനോപ്റ്റിസിസം.

അധികാരം എന്നത് ചുറ്റുപാടുകളുടെ മേല്‍ നിയന്ത്രണം സാധ്യമാക്കുന്ന ശക്തിയാണ്. നിയന്ത്രിക്കാന്‍ കഴിവുള്ളിടത്ത് അധികാരവുമുണ്ട്. അറിവ് (വിവരം) ഉപയോഗിച്ചാണ് അധികാരം നിയന്ത്രണശേഷി കൈവരിക്കുന്നത്. തന്‍റെ നോട്ടത്തിലൂടെ നിരീക്ഷകന് തടവുകാരന്‍റെ പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ അറിവും ലഭിക്കുന്നു. ആ അറിവ് ഉപയോഗിച്ച് അയാളെ നിയന്ത്രണ വിധേയനാക്കുന്നു എന്ന രീതിയിലാണ് ഫൂക്കോ വ്യാഖ്യാനിക്കുന്നത്. സമൂഹത്തെ മുഴുവന്‍ ഇങ്ങനെ നിരീക്ഷിക്കുകയും അറിയുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയാധികാരത്തിന്‍റെ ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍ ബെന്‍ഥാമിന്‍റെ പാനോപ്റ്റിക്കോണ്‍, ഫൂക്കോയുടെ നോട്ടത്തില്‍, മനുഷ്യസ്വാതന്ത്ര്യത്തെ എല്ലാ തലങ്ങളിലും നിഷേധിക്കുന്ന അധികാരത്തിന്‍റെ പ്രതീകമാണ്. ഇവിടെ നിയന്ത്രണശേഷി ഒരു വ്യക്തിയിലോ ഒരു സ്ഥാപനത്തിലോ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നില്ല. സമൂഹത്തിന്‍റെ എല്ലാ അടരുകളിലും സ്ഥാപന ഘടനകളിലും അറിവുശേഖരണവും നിയന്ത്രണശേഷിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇംഗ്ലീഷില്‍power എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഫ്രഞ്ച് മൂല കൃതിയില്‍ pouvoir എന്ന വാക്കാണ്. ‘കഴിയുക, സാധിക്കുക’ എന്ന ക്രിയാപദവും നാമവുമാണത്. വളരെ വ്യാപകമായ അര്‍ത്ഥമാണ് ഫൂക്കോയുടെ ചിന്തയില്‍ ആ വാക്കിനുള്ളത്. മലയാളത്തില്‍ ശക്തി എന്നു പറഞ്ഞാല്‍ അര്‍ത്ഥവ്യാപ്തി ലഭിക്കുകയില്ല. അതുകൊണ്ട് ഇവിടെ ‘നിയന്ത്രണശേഷി’ എന്നു തര്‍ജ്ജമ ചെയ്യുന്നു.

സി.സി. ക്യാമറകളും ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങളും പൊതു പ്രയോഗത്തില്‍ വരുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ് ഫൂക്കോ കാഴ്ചയും അറിവും നിയന്ത്രണശേഷിയും തമ്മിലുള്ള ബന്ധം നിര്‍ദ്ധരിക്കുന്നത്. ഫ്രഞ്ചു ഭാഷയില്‍ എഴുതിയ മൂലഗ്രന്ഥത്തില്‍ ഈ മൂന്നു വാക്കുകള്‍ക്ക് – കാണുക, അറിയുക, (നിയന്ത്രണം) സാധ്യമാക്കുക – പ്രാസമുണ്ട് എന്നറിയുന്നത് രസകരമാണ്. Voir, Savoir, Pouvoir വ്വാര്‍, സവ്വാര്‍, പുവ്വാര്‍ എന്നിങ്ങനെയാണ് യഥാക്രമം അവയുടെ ഫ്രഞ്ച് ഉച്ചാരണം. നോട്ടം അഥവാ നിരീക്ഷണം അറിവ് നല്‍കുന്നു. അറിവ് അധികാര/നിയന്ത്രണശേഷി നല്‍കുന്നു. അധികാരവും അറിവും തമ്മില്‍ ചേരുമ്പോള്‍ അധികാരിയുടെ അറിവിന് ‘ഇര’യായ ആളുകളുടെമേല്‍ അധികാരി നേടുന്ന നിയന്ത്രണശേഷിയാണത്.

ആക്ഷരികമായിത്തന്നെ നിര്‍മ്മിക്കണമെന്ന് ബെന്‍ഥാം ആഗ്രഹിക്കയും ആര്‍ക്കിടെക്റ്റിനെ ഏല്‍പിക്കുകയും ചെയ്ത ‘പാനോപ്റ്റിക്കോണ്‍’, ഫൂക്കോയുടെ വിമര്‍ശനത്തില്‍ സമൂഹത്തെ ആസകലം നിരീക്ഷണ നിയന്ത്രണത്തിനു വിധേയമാക്കുന്ന അധികാരഘടനയുടെ പ്രതീകമായി മാറുന്നു. സ്കൂളുകള്‍, മിലിട്ടറി ബാരക്കുകള്‍, ജയിലുകള്‍ തുടങ്ങിയ പ്രത്യേക സ്ഥാപനങ്ങള്‍ മാത്രമല്ല, സ്വകാര്യമെന്നോ പൊതുവിന്‍റേതെന്നോ വ്യത്യാസമില്ലാതെ എല്ലാ വ്യക്തികളെയും സദാ സമയവും നിരീക്ഷിക്കുന്നതിനും, തന്മൂലം നിയന്ത്രിക്കുന്നതിനും, അങ്ങനെ അദൃശ്യമായ അധികാരത്തിന് വിധേയമാക്കുന്നതിനുംവേണ്ടി സര്‍വ്വസമൂഹവ്യാപിയായ സംവിധാനമായി പാനോപ്റ്റിക്കോണ്‍ മാറുന്നു.

യൂറോപ്പില്‍ മധ്യകാല നൂറ്റാണ്ടുകളിലുണ്ടായ അതിമാരകമായ പകര്‍ച്ചവ്യാധികളുടെ സാമൂഹിക ചരിത്രം പഠിച്ചിരുന്ന ഫൂക്കോ ഈ സര്‍വ്വസമൂഹ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് പതിനേഴാം നൂറ്റാണ്ടില്‍ മഹാമാരിക്കാലത്തെ ഒരു ഗ്രാമത്തിന്‍റെ അവസ്ഥയാണ്. ഗ്രാമവാസികളാരും വീടിനു പുറത്തു സഞ്ചരിക്കുകയോ പരസ്പരം ഇടപെടുകയോ ചെയ്യാന്‍ പാടില്ല എന്ന കര്‍ശനമായ ഉത്തരവുണ്ട്. ഈ ഉത്തരവ് നടപ്പാക്കാന്‍ നിയുക്തരായ ഇന്‍സ്പെക്ടര്‍മാര്‍ അത് ജനങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നു. കോവിഡ്-19 കത്തിനിന്നപ്പോള്‍ കേരളത്തിലും മറ്റു പല സ്ഥലങ്ങളിലും നമുക്കുണ്ടായ അനുഭവത്തിന് സമാനമാണിത്. ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉത്തരവും അതിന്‍റെ പരിശോധകരും ശ്രമിക്കുന്നത്. മരണഭയം മൂലം ആളുകള്‍ നിയമം അനുസരിക്കും. രോഗം പടരാതിരിക്കാനും മരണസംഖ്യ കുറയ്ക്കാനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുമാണ് ഈ ഭീതിജനകമായ അന്തരീക്ഷസൃഷ്ടി എന്നാണ് ഔദ്യോഗിക വ്യാഖ്യാനം. പക്ഷേ മഹാമാരി കഴിഞ്ഞാലും ആ ഭീകരാന്തരീക്ഷം നിലനിര്‍ത്താനുള്ള സംവിധാനമാണ് അധികാരികള്‍ ഒരുക്കുന്നതെങ്കില്‍ എന്താകും അതിന്‍റെയര്‍ത്ഥം?

  1. അച്ചടക്ക സമൂഹം

പാനോപ്റ്റിക്കോണ്‍ എന്നത് അധികാര രാഷ്ട്രീയത്തിന്‍റെ സര്‍വ്വ നിയന്ത്രണശേഷിയുടെ പ്രതീകമായി ഫൂക്കോ കാണുന്നു. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ‘അച്ചടക്കസമൂഹം’ (Disciplinary society) ഈ നിയന്ത്രിത സമൂഹത്തിന്‍റെ മാതൃകയുമാണ്. ഫൂക്കോ അച്ചടക്കസമൂഹം എന്ന് വിമര്‍ശനപൂര്‍വ്വം വിവക്ഷിക്കുന്നത് സുശിക്ഷിതമായ ഒരു സമൂഹത്തെ (Disciplined society) കുറിച്ചല്ല, മറിച്ച് ‘അച്ചില്‍ അടയ്ക്കപ്പെട്ട’ സമൂഹത്തെക്കുറിച്ചാണ്. അതായത്, മേലധികാര വ്യവസ്ഥ അതിന്‍റെ സ്വന്ത താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിച്ചും ഇഷ്ടാനിഷ്ടങ്ങള്‍ മാനിച്ചും അതിന്‍റെ സാംസ്ക്കാരിക-സാമൂഹ്യ-സാമ്പത്തിക അച്ചുകളില്‍ ഒതുങ്ങിയും, അത് വിധേയരുടെ മേല്‍ ചാര്‍ത്തുന്ന ‘ആശയടക്ക’ങ്ങളെ ഏറ്റെടുത്തും, അച്ചടക്കത്തോടെ ജീവിക്കുന്ന സമൂഹം എന്നാണര്‍ത്ഥം. ബെന്‍ഥാമിന്‍റെ പാനോപ്റ്റിക്കോണ്‍ ഗോപുരത്തില്‍ നോട്ടക്കാരന്‍ ഇല്ലാതിരുന്നാലും കുഴപ്പമില്ല. കാരണം തടവുകാര്‍ ആ ‘നോട്ട’ത്തെ സ്വാംശീകരിച്ചു കഴിഞ്ഞു.  അവരുടെ ഉള്ളില്‍ത്തന്നെ നോട്ടക്കാരനും നോട്ടപ്പുള്ളിയും ഉണ്ടാകുന്നു. പാനോപ്റ്റിക്കോണ്‍ മാതൃകയിലുള്ള ഒരു രാഷ്ട്ര വ്യവസ്ഥയില്‍ ഇങ്ങനെ മേല്‍നോട്ടക്കാരന്‍ ഉണ്ടായാലും ഇല്ലാതിരുന്നാലും അച്ചടക്ക സമൂഹത്തിന് പ്രയാസമില്ല. മാത്രവുമല്ല, ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗമാണ് ജനങ്ങള്‍ക്കു തിരിച്ചറിയാനാവാത്ത നിരീക്ഷണ സംവിധാനം. നിരീക്ഷകരായ ഉദ്യോഗസ്ഥര്‍ കുറയുന്തോറും അത് സാമ്പത്തികലാഭമുണ്ടാക്കുമല്ലോ. അതേസമയം നിരീക്ഷിതരുടെ അഥവാ നോട്ടപ്പുള്ളികളുടെ എണ്ണം എത്ര വേണമെങ്കിലും കൂട്ടുകയും ചെയ്യാം. ഗോപുരം അവര്‍ക്ക് ദൃശ്യമാണ്. അതിനകത്തേത് പരിശോധനീയവുമല്ല (visible but not verifiable). ഒരേസമയം ചിലവ് കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും സഹായിക്കുന്ന വ്യവസ്ഥയാണ് പാനോപ്റ്റിക്കോണ്‍ എന്ന് ഫൂക്കോ വ്യാഖ്യാനിക്കുന്നു.

chenkol

  1. ചെങ്കോല്‍ – പുതിയ പാനോപ്റ്റിക്കോണ്‍?

എത്ര വലിയ ജനാധിപത്യ വ്യവസ്ഥയിലും അധികാര രാഷ്ട്രീയത്തിന്‍റെ സംവിധാനത്തില്‍ നിരീക്ഷകനും നിരീക്ഷിതരും തമ്മിലുള്ള അസമത്വം ശ്രദ്ധേയമാണ്. പാനോപ്റ്റിക്കോണ്‍ മാതൃകയനുസരിച്ച് ‘നോട്ട’ത്തിന്‍റെ അസമമിതത്വം (asymmetry of surveillance), അതായത്, എല്ലാവരെയും കാണാനും, അതേസമയം ആരാലും കാണപ്പെടാതിരിക്കാനും, എന്നാല്‍ തങ്ങള്‍ എപ്പോഴും കാണപ്പെടുന്നുണ്ട് എന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും കഴിയുന്ന പാനോപ്റ്റിക്കോണ്‍ തിരസ്ക്കരിണി ഉപയോഗിച്ചാണ് രാഷ്ട്രീയ വ്യവസ്ഥകള്‍ അധികാരച്ചെങ്കോല്‍ കൈയാളുന്നത്. ഇന്‍ഡ്യയില്‍ നമ്മുടെ പരമോന്നത ജനപ്രതിനിധി സഭയില്‍, ഏറ്റവും ദൃശ്യമായ സ്ഥാനത്ത്, അനുഷ്ഠാനമുറകളോടെ സ്ഥാപിക്കപ്പെട്ട കാലഹരണപ്പെട്ട ചെങ്കോല്‍ പുതിയ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്‍റെ പാനോപ്റ്റിക്കോണ്‍ അഥവാ നിരീക്ഷണ ഗോപുരമാവുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അദ്ഭുതപ്പെടേണ്ട. അത് ജനകോടികള്‍ക്ക് ദൃശ്യമാണ്. അത് ജനങ്ങളെ നിരീക്ഷിക്കുന്നു. എന്നാല്‍ അങ്ങനെയൊരു പ്രതീകത്തിന്‍റെ ആന്തരീക വിവക്ഷകള്‍ എന്താണെന്ന് ജനങ്ങള്‍ക്കു വേണ്ടത്ര നിശ്ചയമില്ല.

  1. ആരാണ് നോര്‍മല്‍?

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ പ്രബുദ്ധതാ പ്രസ്ഥാനം (Enlightenment) ആരംഭിച്ചു. മനുഷ്യയുക്തിക്കും വ്യക്തി സ്വാതന്ത്ര്യത്തിനും അതുല്യസ്ഥാനം അത് നല്‍കി. പരമ്പരാഗതമായ മത-രാഷ്ട്രീയ വ്യവസ്ഥകളെ എല്ലാം യുക്തിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഏക മാനദണ്ഡം വച്ച് അത് അളക്കുകയും ചെയ്തു. എല്ലാറ്റിനും തെളിവ്, പരിശോധന/പരീക്ഷ എന്നിവ പ്രധാനമായി. ആധുനിക ശാസ്ത്രീയരീതിയുടെ (Scientific method) ആരംഭവും അവിടെയാണല്ലോ.

‘പരിശോധന’ (പരീക്ഷ) എന്ന വാക്ക് ഫൂക്കോയ്ക്ക് പ്രധാനമാണ്. പരിശോധനയിലൂടെയാണ് അറിവ് ലഭിക്കുന്നത്. സ്കൂളില്‍ പരീക്ഷയെന്നത് പൊതുപരിശോധനയുടെ ഒരു ഭാഗം മാത്രമാണ്. അധ്യാപകരും സ്കൂള്‍ സംവിധാനവും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ നിരീക്ഷണം/പരിശോധന വേണ്ടവണ്ണം നടക്കുന്നുണ്ടോ എന്നറിയാന്‍ മേല്‍നിരീക്ഷകരുണ്ട്. അതൊരു വ്യക്തിയാവണമെന്നില്ല.

ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നുണ്ട്. രോഗം നിര്‍ണ്ണയിക്കുകയും ചികിത്സ നിശ്ചയിക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ പലതര സ്കാനിങ്ങുകളും രേഖപ്പെടുത്തിയ ലാബ് റിപ്പോര്‍ട്ടും എല്ലാം ചേര്‍ന്ന്, രോഗിയുടെ സകല വിവരങ്ങളും ഡോക്ടറുടെയും മെഡിക്കല്‍ സംവിധാനത്തിന്‍റെയും അറിവിന് ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്നു. അത് തത്വത്തില്‍ മറ്റാരും കാണാത്ത രഹസ്യരേഖയാണെങ്കിലും, പ്രായോഗികമായി അത് ആര്‍ക്കുവേണമെങ്കിലും ചോര്‍ത്തിയെടുക്കാം.

ഇതു തന്നെയാണ് കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥിതികളിലും. ആരാണ് ‘നോര്‍മല്‍’, ആരാണ് ‘അബ്നോര്‍മല്‍’ എന്നു നിശ്ചയിക്കേണ്ടത് ഒരു വ്യവസ്ഥയും അതിലെ വിദഗ്ദ്ധരുമാണ്. അവരാണ് രോഗിക്കും ഭ്രാന്തനും കുറ്റവാളിക്കും രാജ്യദ്രോഹിക്കും ശിക്ഷ/ചികിത്സ നല്‍കേണ്ടത്. ഡോക്ടര്‍ രോഗിയെ പരിശോധിക്കും, പോലീസും ന്യായാധിപരും കുറ്റവാളിയെ ചോദ്യം ചെയ്യും. ഭരണകൂടത്തില്‍ സുരക്ഷയുടെ മേലാളന്മാര്‍ നിശ്ചയിക്കും ആരാണ് രാജ്യദ്രോഹി എന്ന്. മതപുരോഹിതന്മാര്‍ തീരുമാനിക്കും ആരാണ് പാപി, ആരാണ് വേദവിപരീതി എന്ന്. ‘നോര്‍മല്‍’ സമൂഹത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയാണത്. രാഷ്ട്രീയ ഭരണ വ്യവസ്ഥയുടെ പാനോപ്റ്റിക്കോണ്‍ നോട്ടം എല്ലാവരുടെമേലുമുണ്ട്. കുറ്റവും ശിക്ഷയും സംബന്ധിച്ച യൂറോപ്യന്‍ പീനല്‍ വ്യവസ്ഥയുടെ പരിണാമ ചരിത്രത്തിന്‍റെ ഭാഗമായാണ് ഫൂക്കോ പാനോപ്റ്റിക് സങ്കല്‍പ്പത്തെ വിശകലനം ചെയ്യുന്നത്.

ഡിജിറ്റല്‍ യുഗത്തിന്‍റെ സുതാര്യത

പതിനെട്ടാം നൂറ്റാണ്ടില്‍ ജെറമി ബെന്‍ഥാം ഉന്നയിച്ച പാനോപ്റ്റിക്കോണ്‍ എന്ന ആശയത്തിനും, ഇരുപതാം നൂറ്റാണ്ടില്‍ മിഷല്‍ ഫൂക്കോ അതിനു നല്‍കിയ വ്യാഖ്യാന/വിമര്‍ശനങ്ങള്‍ക്കും ഒരു പ്രവചന ഭാവമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, നമ്മുടെ സമകാലിക ഡിജിറ്റല്‍ സംസ്കാരത്തില്‍ ആര്‍ക്കും ഒന്നും ഒളിച്ചുവയ്ക്കാനാവാതെ, സര്‍വ്വസുതാര്യത കൈവരികയും, അതേസമയം ആ സുതാര്യത സൃഷ്ടിക്കുന്ന ഉപാധികളും അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും നിഗൂഢമായിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് നാം.

സി.സി. ക്യാമറകളിലൂടെ കൂടുതല്‍ കൂടുതല്‍ തെരുവുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ജയിലുകള്‍ തുടങ്ങിയവയെല്ലാം നിരന്തരം നിരീക്ഷണ വിധേയമാക്കുന്ന വ്യവസ്ഥ ഇപ്പോള്‍ വ്യാപകമാവുകയാണ്. ഇരുന്നൂറു മുതല്‍ രണ്ടായിരം കിലോമീറ്ററും അതിനു മുകളില്‍ നിന്നും നമ്മുടെ ഭൂപ്രദേശത്തെയും നിവാസ സ്ഥാനങ്ങളെയും നിരീക്ഷിക്കുന്ന സാറ്റലൈറ്റ് ക്യാമറകള്‍ക്കൊപ്പം, താഴെ എല്ലാ വിശദാംശങ്ങളിലേക്കും ചെല്ലുന്ന സി.സി. ക്യാമറാക്കണ്ണുകള്‍, ട്രാഫിക് ക്യാമറാകള്‍, ഡ്രോണ്‍ നിരീക്ഷണങ്ങള്‍, മൊബൈല്‍ ഫോണിന്‍റെ ഒളിക്യാമറകള്‍ തുടങ്ങി സര്‍വ്വനിരീക്ഷണ സംവിധാനങ്ങളാണ് നമ്മുടെ ചുറ്റും. ഇതൊന്നും പോരാഞ്ഞിട്ട്, നമ്മുടെ മൊബൈല്‍ സ്ക്രീനില്‍ ഏതെങ്കിലുമൊരു ചിത്രം അല്‍പ്പനേരം നാം നോക്കിയാല്‍ മതി, അല്ലെങ്കില്‍ നാം  സ്ക്രീനില്‍ വായിക്കുന്ന വാക്യങ്ങളില്‍ വരുന്ന ഒരു പേരോ, പ്രയോഗമോ പ്രത്യേകം ശ്രദ്ധിച്ചാല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ അവയെല്ലാം ഡിജിറ്റല്‍ സന്ദേശങ്ങളായി രൂപാന്തരപ്പെടുന്നു. പിന്നെ അതിനോടു പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട ചിത്രങ്ങള്‍, പരസ്യങ്ങള്‍, ലേഖനങ്ങള്‍, വെബ്സൈറ്റുകള്‍ എല്ലാം തുടര്‍ച്ചയായി നമ്മുടെ സ്ക്രീനിലേക്കു വരുന്നു. എന്‍റെ താല്‍പര്യവും ശ്രദ്ധയും അഭിനിവേശവും എന്തിലാണോ ആരിലാണോ എന്നറിഞ്ഞു കഴിഞ്ഞ അദൃശ്യമായ ഡിജിറ്റല്‍ മനസ്സ് ചുരുക്കത്തില്‍ എന്‍റെ മനസ്സ് വായിച്ചു കഴിഞ്ഞു. ബെന്‍ഥാം തന്‍റെ പാനോപ്റ്റിക്കോണ്‍ സംവിധാനത്തെ ‘മനസ്സിന്മേല്‍ മനസ്സിനുള്ള ശക്തി’ എന്നു വിശേഷിപ്പിക്കുന്നുണ്ട്.

ഇനിയും ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാലും ഞാന്‍ പല രീതിയില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് എന്‍റെ ഫോണ്‍ നമ്പര്‍ കൊടുത്തതുകൊണ്ട് എന്‍റെ സകല വിവരങ്ങളും ലോകത്തില്‍ ആര്‍ക്കും ലഭ്യമാകുന്നു. ഞാന്‍ എഴുതുന്നതും വായിക്കുന്നതും സംസാരിക്കുന്നതും നോക്കുന്നതുമെല്ലാം ഞാനറിയാതെ ‘ആഗോളവല’യില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു. ചുരുക്കത്തില്‍ എന്‍റെ വ്യക്തിത്വം മുഴുവനായി പരാധീനപ്പെട്ടു കഴിഞ്ഞു. എത്ര രഹസ്യസ്വഭാവമുള്ളതും പരസ്യമായി ആര്‍ക്കും കാണാവുന്ന കാഴ്ചയായി മാറുന്നു. ‘നിങ്ങള്‍ ചെവിയില്‍ മന്ത്രിക്കുന്നത് പുരപ്പുറത്ത് ഘോഷിക്കപ്പെടും’ എന്നു ക്രിസ്തു പറഞ്ഞ വചനത്തിന്‍റെ പ്രവാചകധ്വനി പോലെ.

വിശ്വസുതാര്യത

അകവും പുറവും ഒരുപോലെ, എല്ലാം എല്ലാവര്‍ക്കും കാണാവുന്ന അവസ്ഥ എന്നാല്‍ ഒരുതരം വിശ്വസുതാര്യത ആണല്ലോ. ജി.പി.എസ്. ഘടിപ്പിച്ച എന്‍റെ വാഹനത്തെ 20,000 കി. മീ. മുകളില്‍ ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിന് ‘കാണാനും’ എന്‍റെ ദിശാബോധം നിയന്ത്രിക്കുവാനും കഴിയുന്നു. ഞാന്‍ എവിടെ പോകുന്നു, ആരെയൊക്കെ കാണുന്നു, എന്തൊക്കെ സംസാരിക്കുന്നു – ഇതെല്ലാം എന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാഹനം പിടിച്ചെടുക്കും. ട്രാഫിക് സ്പീഡ് ക്യാമറ എവിടെയാണെന്ന് തിരിച്ചറിയുന്നതിനും അതിനനുസരിച്ച് സ്വയം വേഗത കുറയ്ക്കാനും പുതിയ നിര്‍മ്മിതബുദ്ധിക്കാരായ വാഹനങ്ങള്‍ക്ക് കഴിയും. ഒളിക്യാമറ പിരിവ് സര്‍ക്കാരിനു കിട്ടുകയില്ലെങ്കിലും നിയമം അനുസരിക്കപ്പെടും.

ഡിജിറ്റല്‍ യുഗം ഇപ്പോള്‍ നമുക്ക് സാധ്യമാക്കിയിരിക്കുന്ന സുതാര്യത ഒരു മാനുഷിക മൂല്യമാണോ അതോ മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണോ എന്നത് ചര്‍ച്ച ചെയ്യാവുന്നതാണ്. പഴയ മൂല്യവ്യവസ്ഥയില്‍ സത്യസന്ധത എന്നു പറയുമ്പോള്‍, കാപട്യവും ഒളിച്ചുവയ്ക്കലുമില്ലാത്ത തുറന്ന മനസ്സും നടപടികളും മനുഷ്യബന്ധങ്ങളുമാണ് നമ്മുടെ മനസ്സില്‍ വരിക. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ക്യാമറകളുടെ ഒളിനോട്ടങ്ങളും, നിര്‍മ്മിത ബുദ്ധിയുടെ സര്‍വ്വാധീശത്വവും, മനുഷ്യമനസ്സും യന്ത്രവും തമ്മില്‍നേര്‍ത്തുനേര്‍ത്തു വരുന്ന അതിരും സൃഷ്ടിക്കുന്ന പുതിയ ഒരു സുതാര്യതയിലേക്കാണ് നാം പ്രവേശിക്കുന്നത്. സിസി ക്യാമറയുടെ കണ്ണ് മൂടിക്കെട്ടി ഭവനഭേദനം നടത്തുന്ന മോഷ്ടാക്കളെപ്പോലെ ഈ സുതാര്യതയ്ക്കെതിരെയുള്ള നിഗൂഢ സംവിധാനങ്ങളും തീര്‍ച്ചയായും ഉണ്ടാകും. എഡ്വേഡ് സ്നോഡന്‍ എന്ന വ്യക്തിക്ക് അമേരിക്കന്‍ സര്‍ക്കാരിന്‍റെ അതിരഹസ്യ രേഖകളും ഇടപാടുകളും ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താമെങ്കില്‍, ഇനി സര്‍ക്കാരും കമ്പനികളുമെല്ലാം പുതിയ ഉപരോധ കവചങ്ങള്‍ സൃഷ്ടിക്കേണ്ടി വരും. അതിനെയും മറികടക്കാന്‍ നമ്മുടെ ടെക്നോളജിക്കു കഴിയുമെന്നും ഓര്‍ക്കണം.

എല്ലാ മതപാരമ്പര്യങ്ങളിലുമുള്ള ദൈവസങ്കല്‍പ്പത്തില്‍ ‘സര്‍വ്വവ്യാപി, സര്‍വ്വജ്ഞന്‍, സര്‍വ്വശക്തന്‍’ എന്ന വിശേഷണങ്ങളുണ്ട്. “സര്‍വ്വസാക്ഷി”യായ തത്വമാണിത്. “മുകളിലുള്ള ഒരാള്‍ എല്ലാം കാണുന്നുണ്ട്” എന്ന് എല്ലാ ജനതകള്‍ക്കിടയിലും സാധാരണ ചൊല്ലുണ്ട്. ദൈവമെന്നോ, ബ്രഹ്മമെന്നോ ഒക്കെ ആ തത്വത്തെ വിളിച്ചുകൊള്ളുക. സ്വയംഭൂ ആയി അത് നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ പ്രപഞ്ചം തന്നെ ഉണ്ടായതും ഇവിടെ മനുഷ്യ വ്യവഹാരങ്ങള്‍ ഉരുത്തിരിഞ്ഞതും എന്ന് മിക്ക മനുഷ്യരും വിശ്വസിക്കുന്നു. പുതിയ ടെക്നോളജിയില്‍ സര്‍വ്വസാക്ഷിയായ പാനോപ്റ്റിക്കോണ്‍ തത്വത്തിലൂടെ ഉരുത്തിരിയുന്ന വിശ്വ സുതാര്യതയില്‍ എന്തുതരം ജയിലുകളും സ്കൂളുകളും സൈന്യങ്ങളും ഫാക്ടറികളുമായിരിക്കും ഉണ്ടാവാന്‍ പോകുന്നത് എന്ന് നമുക്ക് ഭാവന ചെയ്യാം. ഇപ്പോള്‍ വിടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വ സുതാര്യത പുതിയ ഒരു ഡിജിറ്റല്‍ മതത്തിന്‍റെ ഭാഗമായും കരുതാം. ആ മതത്തിന്‍റെ പൗരോഹിത്യ-ജന്മി വ്യവസ്ഥയുടെ മുതല്‍പ്പിടിക്കാരും ദല്ലാളന്മാരും ചേര്‍ന്നാല്‍ ഏത് മൂല്യത്തെയും നിര്‍മ്മൂലമാക്കാനും, ഏത് വെളിച്ചത്തെയും ഇരുട്ടാക്കി മാറ്റാനുമാവും. മനുഷ്യ നിര്‍മ്മിത ബുദ്ധിയുടെ ക്യാമറകള്‍ എങ്ങോട്ടു വേണമെങ്കിലും മനുഷ്യര്‍ക്ക് തിരിച്ചുവയ്ക്കാനാവുമല്ലോ.