ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ്

Resurrection
യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

ഒഴിഞ്ഞ കല്ലറ

എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന് യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു പോലും വേണ്ടത്ര മനസ്സിലായില്ല എന്നാണ് സുവിശേഷങ്ങള്‍ പറയുന്നത്. കുരിശില്‍ വച്ച് മരിച്ച യേശുവിനെ തന്‍റെ രഹസ്യ ശിഷ്യന്മാരും പ്രമാണിമാരുമായ അരിമഥ്യാക്കാരന്‍ യൗസേപ്പും പരീശനായ നിക്കോദിമോസും ചേര്‍ന്ന് ഉചിതമായി പുതിയൊരു കല്ലറയില്‍ സംസ്കരിച്ചു എന്ന് എല്ലാവരും അറിഞ്ഞു. എന്നാല്‍ മൂന്നാം ദിവസം രാവിലെ ഇരുട്ടു മാറുന്നതിനു മുമ്പുതന്നെ സുഗന്ധദ്രവ്യങ്ങളുമായി യേശുവിന്‍റെ കല്ലറയിലേക്ക് പോയ ശിഷ്യസ്ത്രീകളെ അദ്ഭുതപ്പെടുത്തിയത് ഒഴിഞ്ഞ കല്ലറയായിരുന്നു. അവര്‍ പത്രോസ്, യോഹന്നാന്‍ തുടങ്ങിയ ശിഷ്യന്മാരെ വിവരം അറിയിച്ചു. അവര്‍ ചെന്നു നോക്കിയപ്പോഴും യേശുവിനെ അടക്കിയ കല്ലറ ഒഴിഞ്ഞു കിടന്നു. എവിടെപ്പോയി മരിച്ച് അടക്കപ്പെട്ട യേശുവിന്‍റെ ഭൗതികശരീരം? ആര്‍ക്കും അറിഞ്ഞുകൂടാ. കല്ലറയില്‍ കാവല്‍ നിന്ന ഭടന്മാര്‍ക്കും അറിഞ്ഞു കൂടാ. ‘തങ്ങള്‍ ഉറങ്ങിപ്പോയപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതശരീരം തട്ടിക്കൊണ്ടുപോയി’ എന്നു പറയണം എന്നാവശ്യപ്പെട്ട് മഹാപുരോഹിതന്മാര്‍ കാവല്‍ക്കാര്‍ക്ക് വലിയ തുക കൈക്കൂലി കൊടുത്തു എന്നൊരു കഥ യഹൂദന്മാര്‍ക്കിടയില്‍ പ്രചരിച്ചതായും സുവിശേഷം രേഖപ്പെടുത്തുന്നു (മത്തായി 28:11-15).

യേശുവിനെ അറസ്റ്റ് ചെയ്തതു മുതല്‍ ന്യായവിസ്താരം, പീഡാനുഭവം, മരണം, ശവസംസ്കാരം എന്നിവയ്ക്ക് എല്ലാം ധാരാളം ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നപ്പോള്‍, ഉയിര്‍പ്പിന് ഒരു ദൃക്സാക്ഷിയുമില്ല. ഒഴിഞ്ഞ കല്ലറയായിരുന്നു ഏക സാഹചര്യത്തെളിവ്. പിന്നീട് ക്രിസ്തീയ സഭയുടെയും വിശ്വാസത്തിന്‍റെയും തൂണുകളായി അറിയപ്പെട്ട പതിനൊന്ന് അപ്പോസ്തലന്മാരും ക്രിസ്തുവിന്‍റെ ഉയിര്‍പ്പിനെ ആദ്യം സംശയിക്കുകയും അവിശ്വസനീയമായ കാര്യമായി കരുതുകയും ചെയ്തു. നിരവധി തവണ യേശു അവര്‍ക്കു പ്രത്യക്ഷപ്പെടുന്നുണ്ട്. അവരുടെ അവിശ്വാസത്തില്‍ യേശു അവരെ ശാസിക്കുന്നതായും അവര്‍ രേഖപ്പെടുത്തുന്നു. ആദ്യം കല്ലറയ്ക്കല്‍ പോയ സ്ത്രീകളുടെ വാക്ക് അവര്‍ വേണ്ടത്ര ഗൗരവമായി എടുക്കുന്നില്ല. പക്ഷേ വിശ്വാസിനികളായ ആ സ്ത്രീകളാണ് അപ്പോസ്തലന്മാരെ ഉയിര്‍പ്പിന്‍റെ നല്ല വാര്‍ത്ത (സുവിശേഷം) അറിയിച്ചത്. ‘അപ്പോസ്തലന്മാരുടെ അപ്പോസ്തല’ (Apostola Apostolorum) എന്നു മഗ്ദലന മറിയാമിനെ പില്‍ക്കാല പാരമ്പര്യം വിശേഷിപ്പിക്കുന്നുണ്ട്. എങ്കിലും പുരുഷന്മാരായ പന്ത്രണ്ട് അപ്പോസ്തോലന്മാരാണ് ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും സാക്ഷികള്‍ എന്ന് ക്രിസ്തീയ പൈതൃകം ഉല്‍ഘോഷിച്ചു. അവരുടെ വാക്കുകള്‍ക്കും സാക്ഷ്യത്തിനും (Apostolic witness) അതുല്യമായ ആധികാരികത കല്‍പ്പിക്കയും ചെയ്തു.

ക്രിസ്തീയ വിശ്വാസത്തിന്‍റെ കേവലാടിസ്ഥാനം

“അപ്പോസ്തലന്മാരില്‍ ഏറ്റവും ചെറിയവനും അകാലപ്രജ”യുമെന്ന് സ്വയം വിശേഷിപ്പിച്ച പൗലോസ് ആണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പിനെ സൈദ്ധാന്തികമായി വ്യാഖ്യാനിച്ചത്. “ക്രിസ്തു ഉയിര്‍ത്തിട്ടില്ലായെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം” (1 കൊരി. 15:14) എന്ന് പൗലോസ് ശ്ലീഹാ പ്രസ്താവിക്കുമ്പോള്‍ ഉയിര്‍പ്പിനെ സംബന്ധിച്ചുള്ള ക്രിസ്തീയ വേദശാസ്ത്രത്തിന്‍റെ ആണിക്കല്ലായി അത് മാറുന്നു. അതിവിഭ്രമകരമായ ഒരു ദര്‍ശനത്തില്‍ യെറുശലേം-ദമാസ്ക്കസ് റോഡില്‍ വച്ച് തനിക്ക് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷപ്പെട്ടു എന്ന് പൂര്‍ണ്ണമായി വിശ്വസിച്ച അപ്പോസ്തോലന്‍ തന്‍റെ ക്രിസ്തീയ വിശ്വാസത്തിന്‍റെയും മിഷണറി ദൗത്യത്തിന്‍റെയും വേദശാസ്ത്ര വ്യാഖ്യാനങ്ങളുടെയും താനുള്‍പ്പെട്ടു നില്‍ക്കുന്ന ക്രിസ്തീയ സഭയുടെയും വിശ്വാസത്തിന്‍റെ ഏക അടിസ്ഥാനശിലയാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് എന്നു പ്രഖ്യാപിച്ചു. ഇവിടെ ‘ഒഴിഞ്ഞ കല്ലറ’ എന്ന അസാന്നിദ്ധ്യത്തിന്‍റെ തെളിവില്‍ നിന്നു വിട്ട്, തന്‍റെ സ്വന്തം ജീവിതത്തില്‍ സമ്പൂര്‍ണ്ണ സാന്നിദ്ധ്യമായിത്തീര്‍ന്ന, തന്നെ അപ്പാടെ മാറ്റിയ ക്രിസ്തുവിന്‍റെ സജീവ സാന്നിദ്ധ്യമാണ് പൗലോസിന്‍റെ വാദത്തിന് ആധാരം. അതോടുകൂടി, എങ്ങനെയാണ്, എപ്പോഴാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതെന്ന ആദ്യ ചോദ്യം മിക്കവാറും സഭയില്‍ അവസാനിച്ചു.

എന്താണ് ഉയിര്‍ത്തെഴുന്നേറ്റ ശരീരം?

എന്നാല്‍ പിന്നീടുണ്ടായ ചോദ്യം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ശരീരം ഇപ്പോള്‍ എങ്ങനെയാണ് എന്നതായിരുന്നു. അപ്പോസ്തോലന്മാര്‍ക്കും ഇതര ശിഷ്യഗണങ്ങള്‍ക്കും പല വിധത്തിലാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷപ്പെട്ടത്. മഗ്ദലന മറിയാമിന് തോട്ടക്കാരനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. അടച്ചിട്ടിരുന്ന മുറിയില്‍ ഇരുന്ന ശിഷ്യന്മാര്‍ക്ക് ഒരു ഇന്ദ്രജാലക്കാരനെപ്പോലെ ഭിത്തി ഭേദിച്ച് ക്രിസ്തു പ്രത്യക്ഷപ്പെടുകയും സമാധാനാഭിവാദനം അവര്‍ക്കു നല്‍കുകയും ചെയ്തു. സംശയാലുവായ തോമാ ശ്ലീഹായ്ക്കു തൊട്ടുനോക്കുവാന്‍ ആവുംവിധം കയ്യിലെ ആണിപ്പാടുകളോടും, വിലാപ്പുറത്ത് കുന്തമുണ്ടാക്കിയ മുറിവോടും കൂടി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാര്‍ക്ക് ഒരു അപരിചിതന്‍റെ തമസ്കരണി അണിഞ്ഞ് യേശു സഹയാത്രികനായി, ഭക്ഷണമേശയില്‍ പങ്കാളിയായി. കടല്‍തീരത്തു വന്ന്, രാത്രി മുഴുവന്‍ വലയിട്ടു വലഞ്ഞ ശിഷ്യന്മാര്‍ക്ക് മീന്‍ ചുട്ടെടുക്കുന്ന പാചകക്കാരനും ആശ്വാസദാതാവുമായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. ഏറ്റവുമൊടുവില്‍ തീവ്ര പ്രകാശമായി ദിവ്യശബ്ദമായി വന്ന് പൗലോസിനെ അന്ധനാക്കി. ഇതെല്ലാം പുതിയനിയമവേദം നല്‍കുന്ന സാക്ഷ്യമാണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന് ഒരു രൂപമല്ല, നിരവധിയാണ് രൂപഭാവങ്ങള്‍. അവര്‍ക്കു പരിചിതനായിരുന്ന യേശു അങ്ങനെ അല്ലായിരുന്നല്ലോ. എപ്പോള്‍ കണ്ടാലും തിരിച്ചറിയാവുന്നവിധത്തിലുള്ള നിശ്ചിത രൂപമായിരുന്നു നസ്രായനായ യേശുവിന്. ഇപ്പോള്‍ ഉയിര്‍പ്പിനുശേഷം ആ രൂപം അനിശ്ചിതവും നിരവധിയുമായിത്തീര്‍ന്നു. പൗലോസ് അപ്പോസ്തോലന്‍റെ കേവല പ്രസ്താവന ഇന്നും ക്രിസ്തീയ സഭയ്ക്ക് അടിസ്ഥാന പ്രമാണമാണ്. ഉയിര്‍പ്പ് എങ്ങനെ സംഭവിച്ചുവെന്നോ കൃത്യമായി ഏത് സമയത്തുണ്ടായെന്നോ അതിനുശേഷമുള്ള ക്രിസ്തുവിന്‍റെ രൂപമെന്താണെന്നോ ഒന്നും ഒരു നിശ്ചയവുമില്ലെങ്കിലും ക്രിസ്തു ഉയിര്‍ത്തുവെന്നുള്ളത് വിശ്വാസത്തിന്‍റെ മാത്രം അനുഭവമായി സഭ സ്വീകരിച്ചു. അതുകൊണ്ട് ഉയിര്‍പ്പു പെരുന്നാള്‍ സഭയുടെ ആരാധനാ വര്‍ഷത്തിന്‍റെ കേന്ദ്രമായി തീരുകയും ചെയ്തു.

ചില വിവക്ഷകള്‍

ക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ വിവക്ഷകള്‍ എന്തൊക്കെയാണെന്ന് പൗലോസ് അപ്പോസ്തോലന്‍ വ്യാഖ്യാനിക്കുന്നു. എല്ലാ വിശ്വാസികളും മരണത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നുള്ള യഹൂദന്മാരിലെ പരീശന്മാരുടെ വിശ്വാസം പരീശവകുപ്പില്‍പെട്ടിരുന്ന പൗലോസും ഊന്നിപ്പറയുന്നു. വെള്ളത്തില്‍ മുങ്ങി മാമോദീസാ ഏല്‍ക്കുന്നത് മരണമായും വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് ശ്വാസം സ്വീകരിക്കുന്നത് പുതിയ ജീവനായും വ്യാഖ്യാനിക്കപ്പെട്ടു. നാം ക്രിസ്തുവിനോടു കൂടെ മരിച്ച് ക്രിസ്തുവിനോടു കൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു (റോമര്‍ 6:1-11) എന്ന വിശ്വാസബോധ്യം പൗലോസ് ശ്ലീഹാ ആവര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്‍റെ ജീവന്‍ മറ്റു ജീവജാലങ്ങളുടേതുപോലെയല്ല. ശാരീരികവും പ്രാണമയവുമായ നിലയില്‍ നിന്ന് ഉയര്‍ന്ന് ക്രിസ്തുവിന്‍റെ ജീവന് സമാനമായി മനുഷ്യജീവന്‍ അതിനോടു താദാത്മ്യം പ്രാപിക്കുന്നതായി പൗലോസ് വ്യക്തമാക്കി. അതുകൊണ്ട് “ഞാനല്ല, ക്രിസ്തുവത്രെ എന്നില്‍ വസിക്കുന്നത്” എന്ന താദാത്മ്യബോധം അദ്ദേഹത്തിന് ഉണ്ടായതുപോലെ എല്ലാ വിശ്വാസികള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ചുരുക്കത്തില്‍ ‘ക്രിസ്ത്യാനി’ എന്ന വാക്കിന് അര്‍ത്ഥം ‘ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍/ള്‍’ എന്നു മാത്രമല്ല, ക്രിസ്തുവായി തീരുന്നവന്‍/ള്‍ എന്നു തന്നെ അര്‍ത്ഥം വരുന്നു. ഇത് പില്‍ക്കാല വേദശാസ്ത്ര പാരമ്പര്യം നന്നായി സ്വീകരിച്ചു. നസ്രായനായ യേശു, പിതാവാം ദൈവത്തിന്‍റെ വചനമായി, പുത്രനായി, അതേ സാരാംശമുള്ളവനായി, ത്രിത്വത്തില്‍ സമത്വമുള്ളവനായി സഭ കാണുമ്പോള്‍ തന്നെ നമ്മുടെ മനുഷ്യത്വത്തെ സ്വീകരിക്കുകയും മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും തന്‍റെ ദൈവത്വവുമായി അഭേദ്യമായി അതിനെ ഒന്നാക്കുകയും ചെയ്തു. മനുഷ്യന്‍റെ ഉയിര്‍പ്പിന് ഇതാണ് ആത്യന്തികമായ ആധാരവും അര്‍ത്ഥവും നിയോഗവും.

എന്താണ് ആത്മീയ ശരീരം

അപ്പോള്‍ ചോദ്യം പിന്നെയും അവശേഷിക്കുന്നു. എന്താണ് മഹത്വീകരിക്കപ്പെട്ട ശരീരം (Glorified Body)? നമ്മുടെ ശരീരങ്ങളും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ശരീരസ്വഭാവം പ്രാപിക്കും എന്നാണ് അപ്പോസ്തോലന്‍ പറയുന്നത്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ശരീരവും നമ്മുടെ ഇപ്പോഴത്തെ ശരീരവും തമ്മില്‍ യാതൊരു സാധര്‍മ്മ്യവും ഉണ്ടാകുകയില്ല. ഒരു വിത്തു മുളയ്ക്കുന്ന ഉപമയാണിവിടെ പ്രസക്തം. ഗോതമ്പിന്‍റെയോ നെല്ലിന്‍റെയോ വിത്തുമണി മണ്ണില്‍ വീണാല്‍ അത് പൂര്‍ണ്ണമായും ദ്രവിക്കുന്നതു നാം കാണുന്നു. എല്ലാ വിത്തും ഇങ്ങനെയാണ്. മണ്ണോടു മണ്ണു ചേരുന്നു. നമ്മുടെ ശരീരവും അങ്ങനെ തന്നെ. എന്നാല്‍ അദൃശ്യമായി അതില്‍ ഉണ്ടായിരുന്ന ജീവന്‍റെ ഒരു കണിക പൊട്ടി മുളയ്ക്കുന്നു, വളരുന്നു. ആ ചെടിയ്ക്ക് അതിന്‍റെ വിത്തുമായി കാഴ്ചയിലോ സ്പര്‍ശനത്തിലോ രുചിയിലോ ഗന്ധത്തിലോ ഒന്നും യാതൊരു സാമ്യവും ഇല്ല. ഇതുപോലെയാണ് മനുഷ്യശരീരങ്ങളും. നാം സംസ്ക്കരിക്കുന്ന മൃതശരീരവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ശരീരവും തമ്മില്‍ യാതൊരു സാധര്‍മ്മ്യവും ഇല്ല. അവയവ മാറ്റത്തിനുള്ള സാധ്യത മെഡിക്കല്‍ സയന്‍സ് തെളിയിച്ചു കഴിഞ്ഞിട്ടും അവയവങ്ങള്‍ ആവശ്യക്കാര്‍ക്കു ദാനം ചെയ്യാന്‍ മടിയുള്ള ക്രിസ്ത്യാനികള്‍ ഇപ്പോഴും ധാരാളമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ തങ്ങള്‍ അംഗഹീനരായി, അല്ലെങ്കില്‍ വികലാംഗരായിത്തീരും എന്ന ചിന്തയാണ് അവരുടെ ഭയത്തിന് കാരണം. ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പൗലോസ് അപ്പോസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നശിച്ചുപോകുന്ന മണ്‍മയമായ ശരീരവും ഉദിച്ചുയരുന്ന മഹത്വീകരിക്കപ്പെട്ട ശരീരവും തമ്മില്‍ അതിനിഗൂഢമായ ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് ആരും ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. ശരീരശാസ്ത്രപ്രകാരം മരണമുള്ള ജീവന് നിത്യമായ തുടര്‍ച്ചയുണ്ട് എന്ന് വേദപുസ്തകവും പാരമ്പര്യവും പഠിപ്പിക്കുന്നു. അതിനപ്പുറത്തേക്ക് അതിനെ നിര്‍വചിക്കാനും വിശ്ലേഷണം ചെയ്യുവാനും ആര്‍ക്കും സാധിച്ചിട്ടില്ല.

ചില അനുഭവ സമാനതകള്‍

ശാസ്ത്രവും തിയോളജിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. രണ്ടിന്‍റെയും ലക്ഷ്യങ്ങളും രീതിശാസ്ത്രങ്ങളും മൗലികമായി വ്യത്യാസമുള്ളതാണ്. എങ്കിലും രണ്ടും ചേര്‍ത്തു വയ്ക്കുമ്പോള്‍ രസകരമായ ചില ഉള്‍ക്കാഴ്ചകള്‍ രണ്ടില്‍ നിന്നും നമുക്ക് കിട്ടിയെന്നിരിക്കും. അതില്‍പെട്ട ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന് ശരീരത്തോടുകൂടെയും ശരീരം കൂടാതെയും പ്രത്യക്ഷപ്പെടാം. ശരീരത്തില്‍ തന്നെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെടാം. നമ്മുടെ ആധുനിക ഫിസിക്സിന്‍റെ ക്വാണ്ടം തലങ്ങളില്‍ നാം സാധാരണ പഠിക്കുന്ന ഭൗതിക നിയമങ്ങളൊന്നും ബാധകമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഉദാഹരണമായി പ്രകാശത്തിന് അതിന്‍റെ അടിസ്ഥാന മാത്രയായ ഫോട്ടോണ്‍ കണികകളുടെ തലത്തില്‍ (photon particles) ഒരേ സമയം തരംഗമായോ (wave) കണികകളായോ (particles) മാറാന്‍ കഴിയും എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു ആറ്റമിനുള്ളിലെ ഇലക്ട്രോണ്‍ കണികകള്‍ അതിന്‍റെ വേഗതയും സ്ഥാനവും സംബന്ധിച്ച് അനിശ്ചിതമാണ്. അതായത് വേഗതയറിഞ്ഞാല്‍ സ്ഥാനമറിയില്ല; സ്ഥാനമറിഞ്ഞാല്‍ വേഗതയറിയില്ല. അതുപോലെ Quantum entanglement എന്ന കണികകളുടെ ‘കൂടിപ്പിണയല്‍’ സാധാരണ ഫിസിക്സിന് വിശദീകരിക്കാനാവാത്ത പ്രതിഭാസമാണ്. ഒരു ജോഡിയിലെ രണ്ട് കണികകളെ എത്ര ബഹുദൂരം അകറ്റിയാലും, അവ തമ്മില്‍ യാതൊരു മാധ്യമവും കൂടാതെ സജീവബന്ധം നിലനിര്‍ത്തും. ഇവിടെ മൂന്ന് സാധാരണ ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേയുള്ളു. ഒരേ കണികയ്ക്ക് ഒരേ സമയം നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഒരേ സമയം അസംഖ്യം യാത്രാപഥങ്ങള്‍ സ്വീകരിക്കാനും കഴിയുന്നു. ഇതും നമ്മുടെ സാധാരണനോട്ടത്തില്‍ അദ്ഭുതമാണ്; സാധാരണ ശാസ്ത്രയുക്തിയില്‍ അസംഭവ്യമാണ്. എങ്കിലും അത് നമ്മുടെ ലോകത്തില്‍ സംഭവിക്കുന്നുണ്ട് എന്ന് ക്വാണ്ടം സിദ്ധാന്തം വെളിപ്പെടുത്തുന്നു. ആവര്‍ത്തിച്ചു പറയട്ടെ, ഉയിര്‍പ്പിന്‍റെ വേദശാസ്ത്രവും ഫിസിക്സിന്‍റെ സിദ്ധാന്തവും തമ്മില്‍ ബന്ധമുണ്ടെന്നോ സമാനതയുണ്ടെന്നോ നമുക്ക് അവകാശപ്പെടാന്‍ ആവില്ല. എങ്കിലും രണ്ടിലും കാണുന്ന ഈ സ്വഭാവ വിശേഷതകള്‍ നമ്മുടെ ജിജ്ഞാസയെ ഉണര്‍ത്തുന്നു എന്നു മാത്രം പറയാം.

സൃഷ്ടിയുടെ വിമോചനവും ബദല്‍ കാഴ്ചകളും

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് മനുഷ്യന്‍റെ ഉയിര്‍പ്പിനോടു മാത്രമല്ല പൗലോസ് ശ്ലീഹാ ബന്ധിപ്പിക്കുന്നത്. ദൈവത്തിന്‍റെ സകല സൃഷ്ടിയും അതായത് നമുക്ക് ദൃശ്യവും അദൃശ്യവുമായ സകല പ്രപഞ്ചവും ദ്രവത്വത്തില്‍ നിന്നു മോചനം നേടി ദൈവമക്കളുടെ സ്വാതന്ത്ര്യവും തേജസ്സും ആര്‍ജ്ജിക്കും എന്ന പ്രത്യാശയിലാണ് കാത്തിരിക്കുന്നത് എന്ന് പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്നു (റോമര്‍ 8:19-22). എന്താണ് ഈ മാറ്റമെന്ന് നമുക്ക് ഇപ്പോള്‍ നിര്‍വചിക്കാനാവില്ല. പക്ഷേ ഒരു കാര്യം നമുക്ക് വ്യക്തമാണ്. നമ്മുടെ പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവസ്തുക്കള്‍ക്കും, മണ്ണിനും മനുഷ്യനും, പുല്ലിനും പൂവിനും, നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും, വായുവിനും വെള്ളത്തിനും അതാതിന്‍റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന രാസഘടകങ്ങളും ബന്ധങ്ങളും ഉണ്ട്. ഇവയുടെ രാസഫോര്‍മുലാകളില്‍ ഒരു മൂലകത്തിന്‍റെ സ്ഥാനം, അതായത് ഒരു കാര്‍ബണിന്‍റെയോ ഒരു ഹൈഡ്രജന്‍റെയോ അണുവിനെ മാറ്റിയാല്‍ ആ വസ്തുവിന്‍റെ ബാഹ്യസ്വഭാവം തിരിച്ചറിയാനാവാത്തവിധം രൂപാന്തരപ്പെടും. നാനോ ടെക്നോളജിയില്‍, ഒരു വസ്തുവിനെ അതിസൂക്ഷ്മമായ നാനോ തലത്തിലേക്ക് മുറിച്ച് പൊടിച്ചാല്‍ അതിന്‍റെ സ്വഭാവം മാറും. മനസ്സിലാകാന്‍വേണ്ടി അതിശയോക്തിപരമായി പറഞ്ഞാല്‍, സ്വര്‍ണ്ണവളയെ റബര്‍ബാന്‍ഡ് ആക്കാനും പഴത്തൊലിയെ പവിഴമാക്കാനും നമ്മുടെ ടെക്നോളജിക്കു സാധിക്കും. നമ്മുടെ യുക്തിക്കു വിധേയമായ ഈ പ്രക്രിയ ഉപയോഗിച്ച് നമ്മുടെ ദ്രവ്യ യാഥാര്‍ത്ഥ്യത്തെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്നാക്കി മാറ്റുവാന്‍ കഴിയുമെങ്കില്‍, ഉയിര്‍പ്പിലൂടെ ദൈവം സകല സൃഷ്ടിയെയും അതിന്‍റെ ഇപ്പോഴത്തെ ഏകദൃശ്യ ബന്ധനത്തില്‍ നിന്നു മോചിപ്പിച്ച് അനവദ്യവും ആനന്ദദായകവുമായ അതീതപ്രകാശമാക്കി മാറ്റും എന്നാരെങ്കിലും വിശ്വാസപൂര്‍വ്വം പ്രസ്താവിച്ചാല്‍ അതിനെ തീര്‍ത്തും അവഗണിക്കുന്നത് ഒട്ടും യുക്തിയല്ല. ഇപ്പോള്‍ നാം യാഥാര്‍ത്ഥ്യമെന്നു പറഞ്ഞ് കാണുന്നതിനെല്ലാം, അനന്തമായ ബദല്‍ കാഴ്ചകള്‍ സാധ്യമാണ്. മനുഷ്യയുക്തി അതിന്‍റെ പരിപക്വതയില്‍ എത്തുമ്പോള്‍ യുക്തിയുടെ തന്നെ അയുക്തി മനസ്സിലാക്കാനും എല്ലാ യുക്തിക്കും അതീതമായ യൗഗിക ഹര്‍ഷത്തിലേക്ക് ഉയരുവാനും അതിനു കഴിയും. ഇനിയും ശാസ്ത്രം കണ്ടെത്താന്‍ പോകുന്ന ഭൗതിക രഹസ്യങ്ങള്‍, ഒരു പക്ഷേ ആദ്ധ്യാത്മികതലത്തില്‍ യുഗങ്ങളായി സാത്വികരായ മനുഷ്യര്‍ക്കു ലഭിച്ച ഉള്‍ക്കാഴ്ചകളുടെ തെളിവുകളും ആവിഷ്ക്കാരങ്ങളും ആയിരിക്കും. അങ്ങനെ ഒരു അനുഭവത്തെ മനുഷ്യവര്‍ഗ്ഗം എങ്ങനെ സ്വാംശീകരിക്കും എന്ന് പറയാനാവില്ല. കുറെയൊക്കെ ടെക്നോളജിയാക്കി നാം ഉപയോഗിക്കും. പിന്നെയും കിടക്കും മഹാരഹസ്യങ്ങളുടെ പാരാവാരം. ഭാവിയുടെ അതീതദൃശ്യങ്ങളിലേക്കു നമ്മെ ഉപനയിക്കുന്ന വാതിലാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം എന്നു മാത്രം പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം.

(ഉയിര്‍പ്പ്: പ്രത്യാശയുടെ വീണ്ടെടുപ്പ്, എഡിറ്റര്‍: റവ. ഡോ. മോത്തി വര്‍ക്കി, സി.എസ്.എസ്., തിരുവല്ല, 2023, പേജ് 237-243)