കലയുടെയും സാഹിത്യത്തിന്‍റെയും അന്തിമലക്ഷ്യം ആനന്ദമാണ് എന്ന് പൊതുവെ എല്ലാ ആചാര്യന്മാരും സമ്മതിക്കുന്നു. ആദ്ധ്യാത്മികതലത്തിലും ആനന്ദമാണ് പരമലക്ഷ്യം. “നിത്യമായ പരമാനന്ദത്തിന് ഞങ്ങളെ യോഗ്യരാക്കേണമേ” എന്ന് ക്രിസ്തീയ പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചു കാണാം. എല്ലാ മതങ്ങളുടെയും അന്തഃസത്തയില്‍ ആനന്ദാനുഭൂതിയാണ് അന്തിമ ബിന്ദു. എന്നാല്‍ എന്താണ് ആനന്ദം എന്നു ചോദിച്ചാല്‍ ഒരു നിര്‍വ്വചനം നല്‍കാന്‍ ആര്‍ക്കും സാധ്യമല്ല. കാരണം, യഥാര്‍ത്ഥമായ ആനന്ദാനുഭൂതിയിലേക്കു പ്രവേശിക്കുന്ന ആളിന് അഹംബോധമോ സ്ഥലകാലബോധമോ ഉണ്ടാവുകയില്ല. ഇംഗ്ലീഷില്‍ Bliss എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് കേവലമായ ആനന്ദമാണ് (Absolute Bliss). അതായത് ആ അനുഭവത്തെ മറ്റേതെങ്കിലുമായി താരതമ്യം ചെയ്യാനോ, അതിന്‍റെ വിപരീതപദം കണ്ടെത്താനോ സാധ്യമല്ല. അതുകൊണ്ട് ആപേക്ഷികമല്ലാത്ത ആ ആനന്ദാനുഭവത്തെ നിര്‍വ്വചിക്കാനും സാധ്യമല്ല. മനുഷ്യഭാഷയിലും സങ്കല്‍പ്പത്തില്‍പോലും പ്രകടിപ്പിക്കാനാവാത്ത അനുഭവത്തെക്കുറിച്ചാണ് ഇവിടെ നാം പറയുന്നത്. അതുതന്നെ വൈരുദ്ധ്യമാണല്ലോ. പൂര്‍ണ്ണമായും വാക്കിന്‍റെയും വിചാരത്തിന്‍റെയും സങ്കല്‍പ്പത്തിന്‍റെയും മൗനം അവലംബിക്കേണ്ട സന്ദര്‍ഭങ്ങളും വിഷയങ്ങളും ഉണ്ടാകാം. എങ്കിലും നാം അതേക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
പൗലോസ് അപ്പോസ്തോലന്‍ “നിഗൂഢവും മറഞ്ഞിരിക്കുന്നതുമായ ദൈവജ്ഞാന”ത്തെക്കുറിച്ച് പറയുന്നത്, അത് പ്രപഞ്ചസൃഷ്ടിക്കു മുമ്പേ, മനുഷ്യരായ നമ്മുടെ മഹത്വത്തിനായി ദൈവം മുന്നൊരുക്കിയതാണ് എന്നാണല്ലോ (1 കൊരി. 2:7). “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” (1 കൊരി. 2:9; യെശയ്യാവ് 64:4). പൂര്‍ണ്ണമായും ഇന്ദ്രിയാതീതവും സങ്കല്‍പ്പാതീതവുമായ ഈ ദൈവജ്ഞാനം തന്നെയാണ് പരമാനന്ദം എന്നു കരുതാം (ഇന്ത്യയില്‍ ബ്രഹ്മജ്ഞാനം എന്ന പദം ശ്രദ്ധിക്കുക). ഈ ‘ജ്ഞാനാനന്ദ’ത്തെക്കുറിച്ച് മനുഷ്യര്‍ക്ക് എന്തെങ്കിലും പറയാനാവുന്നത്, അത് ദൈവത്തിന്‍റെ ആത്മാവ് നമുക്കു വെളിപ്പെടുത്തി തരുന്നതുകൊണ്ടാണെന്നും അപ്പോസ്തോലന്‍ പറയുന്നു (1 കൊരി. 2:10-12). നമുക്ക് സാധാരണ മനസ്സിലാകുന്ന ലോകത്തിന്‍റെ ജ്ഞാനവും യുക്തിയുമല്ല ഇത്. ജ്ഞാനാനന്ദം ദൈവാത്മാവിന്‍റെ ദാനമായി നമുക്കു സ്വീകരിക്കാം. മനുഷ്യന് ദൈവം കനിഞ്ഞ് നല്‍കിയിട്ടുള്ള മറ്റെല്ലാ മഹാദാനങ്ങളെയും തിരിച്ചറിയാനുള്ള താക്കോലാണ് ജ്ഞാനാനന്ദം.
കല അന്തിമമായി കേവലമായ ജ്ഞാനാനന്ദത്തിലേക്കാണ് നീങ്ങേണ്ടത്. എന്നാല്‍ പലപ്പോഴും അത് ആപേക്ഷികമായ രസാനുഭൂതിയില്‍ അവസാനിക്കുന്നു. ലാവണ്യ വിജ്ഞാനീയത്തിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കുന്നത് ഈ അപക്വമായ സൗന്ദര്യദര്‍ശനത്തിലാണ്.
ഇംഗ്ലീഷില്‍ ecstasy എന്ന പദം ഈ രസാനുഭൂതിയുടെ അവസ്ഥയോട് അടുത്തു വരുന്നതാണ്. ആ ഇംഗ്ലീഷ് വാക്കിനെ ഹര്‍ഷോന്മാദം എന്ന് ചിലര്‍ തര്‍ജ്ജമ ചെയ്യുന്നു. ഗ്രീക്ക് ഭാഷയില്‍ ekstasis എന്നു പറഞ്ഞാല്‍ ഒരാള്‍ സ്വയം തന്നില്‍ നിന്നു പുറത്താകുന്ന അവസ്ഥയാണ്. ചുരുക്കത്തില്‍ അത് ഒരു ഭ്രാന്താണ്, ഉന്മാദമാണ്. സന്തോഷത്തിന്‍റെ അത്യുച്ചകോടിയില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാം. സ്വയത്തെയും ചുറ്റുപാടുകളെയും പരിപൂര്‍ണ്ണമായി വിസ്മരിച്ച് മറ്റ് എല്ലാ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും അതീതമാകുന്ന അവസ്ഥയാണ് ഇവിടെ സൂചിപ്പിച്ച ഹര്‍ഷോന്മാദം. എന്നാല്‍ ecstasy ആപേക്ഷികമാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ താല്‍ക്കാലികമായ ആത്മവിസ്മൃതി നല്‍കാം. ചിലതരം നൃത്തങ്ങളും സംഗീതവും ഹര്‍ഷോന്മാദമുണ്ടാക്കാം. പക്ഷേ, അവയുടെ അനന്തരഫലം എപ്പോഴും സാത്വികമാകണമെന്ന് നിര്‍ബന്ധമില്ല. “വൃക്ഷത്തെ ഫലം കൊണ്ടറിയാം” എന്ന തത്വം ഇവിടെ ആവശ്യമാണ്.
ആദ്ധ്യാത്മികതലത്തില്‍ നാം പൊതുവെ മിസ്റ്റിക്കുകള്‍ എന്നു വിളിക്കുന്ന മനുഷ്യര്‍ ഇത്തരം ആനന്ദമൂര്‍ച്ഛയ്ക്ക് വിധേയരാകാറുണ്ട്. അവിടെ നാം മനസ്സിലാക്കേണ്ടത് ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ ലിംഗഭേദത്തിന്‍റെയോ ഒന്നും അടയാളം ആ തലത്തില്‍ ലഭിക്കുകയില്ല. അതുകൊണ്ട് ഏത് മതത്തില്‍പെട്ടവരാണെങ്കിലും ഏതു ദേശക്കാരാണെങ്കിലും അവരെല്ലാം ഒരേ തലത്തില്‍ മിസ്റ്റിക്കല്‍ ആനന്ദാനുഭൂതിയിലേക്ക് പ്രവേശിക്കുന്നു. അപ്പോള്‍ ഇവിടെ നാം കെട്ടിപ്പൊക്കുന്ന എല്ലാ മതിലുകളും വേലിക്കെട്ടുകളും ഈ യൗഗിക അനുഭൂതിയുടെ തലത്തില്‍ അപ്രസക്തമായി മാറുന്നു. ഏറ്റവും നല്ല അര്‍ത്ഥത്തില്‍ ഇതുതന്നെയാണ് കലകളിലും സാഹിത്യത്തിലും എല്ലാ സര്‍ഗ്ഗവൃത്തികളിലും അന്തര്‍ലീനമായിരിക്കുന്ന രസാനുഭൂതി.
ഉല്‍പ്പത്തി പുസ്തകത്തിലെ സൃഷ്ടിവിവരണത്തില്‍ ഓരോ ദിവസവും അവസാനിക്കുമ്പോള്‍ അന്നുണ്ടായ സൃഷ്ടി മുഴുവനും “ദൈവം നല്ലതെന്നു കണ്ടു” എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ. ഗ്രീക്കു ഭാഷയില്‍ നല്ലത് (good) എന്ന വാക്കും സുന്ദരമായത് (kalos) എന്ന വാക്കും വേണമെങ്കില്‍ പരസ്പരം മാറി ഉപയോഗിക്കാം. നല്ലതെല്ലാം സുന്ദരമാണ്, സുന്ദരമായത് നല്ലതാണ് എന്ന് അര്‍ത്ഥം വരാം. അപ്പോള്‍ സൃഷ്ടി കണ്ടിട്ട് ‘ഹാ എത്ര നല്ലത്’ എന്നു പറഞ്ഞാല്‍ ‘ഹാ എത്ര മനോഹരം’ എന്നും അര്‍ത്ഥം. ഈ പ്രസ്താവന നമ്മളൊക്കെ സാധാരണ നടത്തുന്നതാണ്. ഐസ്ക്രീം തിന്നിട്ട് വളരെ നല്ലത് എന്നും പൂവ് കണ്ടിട്ട് എത്ര മനോഹരം എന്നും നാം പറയും. എന്നാല്‍ ഈ പ്രസ്താവനകള്‍ ആപേക്ഷികം (relative) മാത്രമാണ്. അവിടെ നമ്മള്‍ നടത്തുന്ന പ്രസ്താവന അതില്‍ത്തന്നെ നല്ലതാണ്. എങ്കിലും ഐന്ദ്രികാനുഭൂതികളാണ് അവ. ഐസ്ക്രീം തീര്‍ന്നു കഴിയുമ്പോള്‍ നമുക്ക് മതിയായില്ല എന്നു തോന്നുകയും കിട്ടാതെ വന്നാല്‍ ആര്‍ത്തിയും, മോഹഭംഗവും, പിടിച്ചെടുക്കാനുള്ള അക്രമണവാസനയും ഉണ്ടാകാം. തന്‍റെ സൃഷ്ടി കണ്ട ദൈവം “എത്ര നല്ലത്” എന്ന് പറഞ്ഞുവെന്ന് മനുഷ്യഭാഷയില്‍ ഉല്‍പ്പത്തി പുസ്തകത്തിന്‍റെ രചയിതാവ് പറയുന്നു. എന്നാല്‍ നാം മുമ്പു സൂചിപ്പിച്ച പരമോന്നത തലത്തില്‍ സ്രഷ്ടാവിന്‍റെ ആനന്ദമൂര്‍ച്ഛയാണ് സൃഷ്ടി. അതുകൊണ്ട് ആ സൃഷ്ടിയില്‍ സ്രഷ്ടാവിന്‍റെ ഹൃദയതാളവും ശ്വാസലയങ്ങളും വിലയം പ്രാപിച്ചിട്ടുണ്ട്. അതുകൊണ്ട് സൃഷ്ടിയില്‍ ആനന്ദമുണ്ട്, സര്‍ഗ്ഗശേഷിയുടെ സ്വാതന്ത്ര്യമുണ്ട്, സ്രഷ്ടാവിന്‍റെ അനന്തതയിലുള്ള പങ്കാളിത്തമുണ്ട്, സ്രഷ്ടാവിന്‍റെ ഭാസുരമായ തേജസ്സിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ട്; ചുരുക്കത്തില്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മില്‍ ഒന്നായിത്തീരാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു. ക്രിസ്തീയ പാരമ്പര്യത്തില്‍, രൂപാന്തരം (Transfiguration) എന്നത് സൃഷ്ടിക്കു സാധ്യമാണ് എന്നു പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. യേശുക്രിസ്തുവിന്‍റെ ദൈവ-മനുഷ്യ സ്വഭാവത്തെയാണ് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഏകീഭാവത്തിന് മാതൃകയും മൂലസ്രോതസ്സുമായി ക്രിസ്തീയ പാരമ്പര്യം മനസ്സിലാക്കുന്നത്.
എന്നാല്‍ മനുഷ്യചരിത്രത്തിന്‍റെ ഫ്രെയിമില്‍ വേദനയും സംഘര്‍ഷങ്ങളും അന്യവത്ക്കരണവും രോഗവും മരണവും ദ്രവത്വവുമെല്ലാം ഈ സൃഷ്ടിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കടന്ന് ധര്‍മ്മനിഷ്ഠമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയാണ് രൂപാന്തരത്തിലേക്കു കടക്കേണ്ടത്. സ്രഷ്ടാവിന്‍റെ സ്വരൂപവും സാദൃശ്യവും (image and likeness) സവിശേഷമായി മനുഷ്യനില്‍ ഉണ്ട് എന്ന ചിന്തയും ഇവിടെ പ്രസക്തമാണ്. അതായത് സര്‍വ്വ സൃഷ്ടിയെയും അതിന്‍റെ അന്തിമബിന്ദുവായ രൂപാന്തരത്തിലേക്കും ജ്ഞാനാനന്ദത്തിലേക്കും നയിക്കാനുള്ള ചുമതലയാണ് മനുഷ്യന്‍റെ ധാര്‍മ്മികത. മനുഷ്യശരീരവും മനസ്സും ആത്മാവും വ്യാപരിക്കുന്ന എല്ലാ മേഖലകളിലും – ശാസ്ത്രവും കലയും മതവുമുള്‍പ്പെടെ – മനുഷ്യന്‍ നടത്തുന്ന അന്വേഷണമാണ് സത്യം, നന്മ, സൗന്ദര്യം എന്നിവയിലേക്കു നമ്മെ നയിക്കുന്നത്.
വിസ്മയാനന്ദം
സൃഷ്ടിയെക്കുറിച്ചുള്ള പ്രഥമമായ നമ്മുടെ കാഴ്ചപ്പാട് വിസ്മയമായിരിക്കണം. സോക്രട്ടീസിനെ ഉദ്ധരിച്ചുകൊണ്ട് പ്ലേറ്റോ പറഞ്ഞു, ‘ഫിലോസഫി ആരംഭിക്കുന്നത് വിസ്മയത്തിലാണ്’ (Philosophy begins with wonder). അതിനും വളരെ മുമ്പാണ് ബൈബിളില്‍ സദൃശ്യവാക്യങ്ങളില്‍ ‘ദൈവഭയം (ഭക്തി) ആണ് ജ്ഞാനത്തിന്‍റെ ആരംഭം’ എന്ന് എഴുതപ്പെട്ടത്. ഇതുരണ്ടും വാസ്തവത്തില്‍ വളരെ സാമ്യമുള്ള മനുഷ്യാനുഭവമാണ്. ഫിലോസഫി എന്നാല്‍ ‘ജ്ഞാനത്തോടുള്ള സ്നേഹ’മെന്നാണല്ലോ. ദൈവത്തിന്‍റെ സൃഷ്ടിയിലുള്ള മഹാവിസ്മയമാണ് ജ്ഞാനത്തിന്‍റെ വാതില്‍ നമുക്ക് തുറക്കുന്നത്. ദൈവഭയം എന്നു പറഞ്ഞാല്‍ ദൈവമെന്ന മഹാരഹസ്യത്തെക്കുറിച്ചും ദൈവസൃഷ്ടിയെക്കുറിച്ചുമുള്ള നമ്മുടെ അതിവിസ്മയമാണ്. അവിടെയാണ് ജ്ഞാനത്തിന്‍റെ ആരംഭം.
സൃഷ്ടിയായ പ്രപഞ്ചത്തിന്‍റെ നമുക്കിപ്പോള്‍ അറിയാവുന്ന അതിസൂക്ഷ്മതലങ്ങളിലും അതിസ്ഥൂലസ്ഥലികളിലും വിസ്മയത്തിന്‍റെ സ്പന്ദനങ്ങളാണ് നിറയെ. “ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവംതമ്പുരാന്‍” എന്ന് പരമ്പരാഗത പ്രാര്‍ത്ഥനയില്‍ നാം ചൊല്ലുമ്പോള്‍ അതിന്‍റെ ഓരോ സ്വരവും ഈ വിസ്മയ സ്പന്ദനങ്ങളാല്‍ വിജ്രംഭിതമാകുന്നു. ജീവിവര്‍ഗ്ഗങ്ങളില്‍ മനുഷ്യന് (Homo Sapiens) മാത്രമേ വിസ്മയിക്കാനുള്ള കഴിവുള്ളു. ഈ വര്‍ഷം (2023) ഫിസിക്സിന് നൊബേല്‍ സമ്മാനം കിട്ടിയ ഒരു വനിതയടക്കം മൂന്നു പേരുടെ ഗവേഷണം ആര്‍ക്കും ഒരിക്കലും കാണാനാവാത്ത ഇലക്ട്രോണ്‍ കണികയുടെ ചലന വിസ്മയത്തോടു ബന്ധപ്പെട്ടതാണ്. ആറ്റോസെക്കന്‍ഡ് (Attosecond) എന്ന് അവര്‍ വിളിക്കുന്ന നിമിഷാംശം കണ്ടെത്തിയാണ് ഇലക്ട്രോണ്‍ പ്രഹേളികയെ അവര്‍ സമീപിക്കുന്നത്. ‘സ്ഥാനമറിഞ്ഞാല്‍ വേഗതയറിയാനാവില്ല, വേഗതയറിഞ്ഞാല്‍ സ്ഥാനമറിയാനാവില്ല’ എന്നതാണല്ലോ അണുഗര്‍ഭകണികയായ ഇലക്ട്രോണിന്‍റെ പ്രഹേളിക. ഒരു നിമിഷത്തെ (second) ഒരു billion അംശങ്ങളാക്കി, അതിലൊരു അംശത്തെ വീണ്ടും ഒരു ബില്യണ്‍ അംശങ്ങളാക്കിയാല്‍, അതിലൊരു അംശമാണ് Attosecond (18 എന്നര്‍ത്ഥമുള്ള ഡാനീഷ് വാക്കില്‍ നിന്നാണ് Atto എന്ന വാക്കുണ്ടായത്. ഗണിതഭാഷയില്‍ 10-18, അതായത് ദശാംശബിന്ദു കഴിഞ്ഞ് 17 പൂജ്യങ്ങളും പിന്നെ 1 എന്ന അക്കവുമാണ് Attosecond. ഒരു നിമിഷത്തിന്‍റെ 0.000000000000000001 അംശത്തിന്‍റെ പ്രകാശ സ്പന്ദനം.).
നമ്മുടെ ഭാവനയ്ക്ക് അപ്പുറമുള്ള അതിസൂക്ഷ്മ സമയത്തിന്‍റെ ഒരു പള്‍സിലാണ് ഇലക്ട്രോണിന്‍റെ പെരുമാറ്റമറിയാന്‍ ശ്രമിക്കുന്നത്. ഈ അറിവ് മനുഷ്യകോശങ്ങളില്‍ ക്യാന്‍സര്‍ പോലെയുള്ള മഹാരോഗങ്ങളുടെ വിദൂര സൂചനപോലും തിരിച്ചറിയുവാന്‍ സഹായിക്കുമെന്ന് അറിവുള്ളവര്‍ പറയുന്നു. Anne L’Huillier എന്ന സമ്മാനാര്‍ഹയായ വനിത ക്ലാസ്സെടുത്തുകൊണ്ടിരുന്നപ്പോഴാണ് സമ്മാനം കിട്ടിയ വിവരം നോബേല്‍ സമ്മാന കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഫോണിലൂടെ അറിയിക്കുന്നത്. പിന്നെ അര മണിക്കൂര്‍ കൂടെ അവര്‍ ക്ലാസ്സെടുത്തു. ഒരുപക്ഷേ വിസ്മയത്തിന്‍റെ ഉയര്‍ന്ന പടികളും ആ ശാസ്ത്രജ്ഞ ചവിട്ടിക്കടന്നു കാണും.
ഈയിടെ കഥകളി മുദ്രകളെക്കുറിച്ചുള്ള ഒരു ക്ലാസ്സില്‍ ഇരുന്നപ്പോള്‍ നടനായ അദ്ധ്യാപകന്‍ പറഞ്ഞു: “അദ്ഭുതം നവരസങ്ങളില്‍ എട്ടാമത്തേതാണ്. എങ്കിലും മറ്റെല്ലാ രസങ്ങളിലൂടെയും അത് വഴിഞ്ഞൊഴുകുന്നു.” സൃഷ്ടിയുടെ മഹാരഹസ്യങ്ങളെക്കുറിച്ചുള്ള വിസ്മയമാണ് എല്ലാ അറിവിന്‍റെയും ആരംഭം. നമ്മുടെ സകല കാഴ്ചയും കേള്‍വിയും വിസ്മയഭരിതമാവണം. “സര്‍വ്വ സൃഷ്ടിയും ഇന്നുവരെ ഈറ്റുവേദനയോടെ ഞരങ്ങിക്കൊണ്ട് ദൈവപുത്രന്മാരുടെ വെളിപാടിനായി കാത്തിരിക്കുന്നു” (റോമര്‍ 8:19).