കെ. എം. ജോർജ് അച്ചൻ എന്ന ഹ്യൂമൻ ലൈബ്രറി | ഡോ. സി. തോമസ് ഏബ്രഹാം 

fr_dr_k_m_george_4

ഒക്ടോബർ മാസത്തിൽ കോട്ടയത്ത് നടന്ന സിനർജിയുടെ ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് എത്തിയത് എത്രയും ആദരണീയനായ കെ എം ജോർജ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ജീവിതവീക്ഷണവും നമ്മുടെ മുമ്പിൽ തുറന്നു വച്ചപ്പോൾ അത് എന്നിൽ ഉണർത്തിയ വിചാരങ്ങളും വികാരങ്ങളും ഞാനിവിടെ പങ്കുവയ്ക്കുകയാണ്.

ബാല്യം

ഒരു ബാല്യകാലസ്മരണ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. “വീട്ടിനു മുമ്പിൽ അല്പമകലെയായി ഒരു മൊട്ടക്കുന്ന് ഉണ്ടായിരുന്നു. കുന്നിന് പിന്നിലേക്ക് സൂര്യൻ അസ്തമിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. കുന്നിന് പിന്നിൽ മറഞ്ഞ സൂര്യൻ എങ്ങോട്ടാണ് പോയത് എന്ന ചോദ്യം അക്കാലത്ത് എന്റെ കുഞ്ഞു മനസ്സിൽ ഉയർന്നു വന്നിരുന്നത് ഞാൻ ഓർക്കുന്നു.” ഈ അന്വേഷണത്വര ജീവിതകാലം മുഴുവനും അദ്ദേഹം നിലനിർത്തി. ടെന്നിസൻ എന്ന ആംഗലേയ കവി തന്റെ Ulysses എന്ന കാവ്യത്തിൽ പറഞ്ഞിരിക്കുന്നതാണ് അപ്പോൾ എന്റെ ഓർമ്മയിൽ വന്നത്.

To follow knowledge like a sinking star Beyond the utmost bound of human thought

കോളേജ് ജീവിതം

ചങ്ങനാശ്ശേരി എസ് ബി കോളജിലും കോട്ടയം സിഎംഎസ് കോളജിലും ആയിരുന്നു കോളേജ് വിദ്യാഭ്യാസം. എസ് ബി കോളേജിൽ ഉണ്ടായിരുന്നത് പോലെയുള്ള അടുക്കും ചിട്ടയും സിഎംഎസ് കോളജിൽ ഇല്ലായിരുന്നു. അതിന്റെ പുറം മതിലുകൾ ഇല്ലാത്ത മൊട്ടക്കുന്നിൽ വയലാർ പാടിയിരിക്കുന്നത് പോലെ

കാറ്റാടിത്തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

ഒക്കെയുണ്ടായിരുന്നു.

വൈകിട്ട് ആറുമണിയോടെ ക്രിക്കറ്റ് കളിക്കാരും പ്രണയജോഡികളും ഒക്കെ സ്ഥലംവിട്ടു കഴിഞ്ഞാൽ ആളൊഴിഞ്ഞ ക്യാമ്പസിൽ അച്ചന്റെ വിചാരലോകം ചിറകുവിടർത്തിയിരുന്നു.

രണ്ട് പ്രമുഖ കോളേജുകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അച്ചൻ സംസാരിച്ചപ്പോൾ, D. H. Lawrence ന്റെ Plumed Serpent എന്ന നോവലാണ് എന്റെ മനസ്സിൽ വന്നത്. മെക്സിക്കോയിലെ ട്രൈബൽ കമ്മ്യൂണിറ്റി ജീവിതമാണ് നോവലിന്റെ പശ്ചാത്തലം. ക്രിസ്ത്യൻ മിഷനറിമാർ മെക്സിക്കോയിൽ എത്തുന്നതിന് മുമ്പ് അവിടം വൃത്തിയില്ലാത്ത ഒരു പക്ഷിക്കൂട് പോലെയായിരുന്നു എന്ന് ലോറൻസ് എഴുതുന്നു. എവിടെയും കൊഴിഞ്ഞ തൂവലുകളും കാഷ്ടം പുരണ്ട മുട്ടകളും. മിഷനറിമാർ സദുദ്ദേശത്തോടെ അവിടെയെല്ലാം വൃത്തിയാക്കി. തൂവലുകൾ തൂത്തുമാറ്റി, മുട്ടകൾ കഴുകിത്തുടച്ചുവച്ചു. പക്ഷേ വൃത്തി വന്നപ്പോൾ നഷ്ടപ്പെട്ടത് മുട്ടകളിലെ ജീവൻ ആയിരുന്നു!

വൈദിക പഠനം

ഒരു ശാസ്ത്രജ്ഞൻ ആകണമെന്ന ആഹത്തോടെ കെമിസ്ട്രി ഐച്ഛിക വിഷയമായി എടുത്താണ് അദ്ദേഹം കോളേജ് പഠനം ആരംഭിച്ചത്. എന്നാൽ അധികം താമസിയാതെ ജീവിതത്തെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. കെമിസ്ട്രി പരീക്ഷയുടെ തലേന്ന് അദ്ദേഹം വായിച്ചുകൊണ്ടിരുന്നത് ഡോക്ടർ രാധാകൃഷ്ണന്റെ ഒരു ഫിലോസഫി ഗ്രന്ഥമായിരുന്നു.

ഇത് കേട്ടിട്ട് സദസ്സിൽ നിന്ന് ഒരാൾ ചോദിച്ചു: ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തിയോ? ഉത്തരങ്ങൾ കണ്ടെത്തിയില്ല എന്ന മാത്രമല്ല ഇന്നും അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇത് എന്റെ ഓർമ്മയിൽ കൊണ്ടുവന്നത് പ്രശസ്ത ഡെന്മാർക്ക്കാരൻ തത്വചിന്തകൻ കീർക്കഗോറിന്റെ ഒരു വാചകമാണ്: സത്യം ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നവരെ അനുധാവനം ചെയ്യാതിരിക്കുക, പകരം സത്യം അന്വേഷിക്കുന്നതേയുള്ളു എന്നു താഴ്മയോടെ സമ്മതിക്കുന്നവരോട് ചേർന്ന് സത്യാന്വേഷണത്തിൽ ഏർപ്പെടുക.

ഈ സത്യാന്വേഷണത്വരയാണ് അദ്ദേഹത്തെ വൈദിക പഠനത്തിലേക്ക് നയിച്ചത്. ഒരു വൈദികൻ ആകണമെന്ന ഉദ്ദേശം അദ്ദേഹത്തിന് അപ്പോൾ ഇല്ലായിരുന്നു. അക്കാലത്ത് ലോകപ്രശസ്തി ആർജിച്ചിരുന്ന തത്വചിന്തകൻ, പൗലോസ് മാർ ഗ്രിഗോറിയോസ്, അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയും ഒരു ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.

വൈദിക സെമിനാരിയിലെ പഠനത്തിനുശേഷം ഉപരിപഠനത്തിനായി അദ്ദേഹം ഫ്രാൻസിലേക്ക് പോയി. ചിത്രരചനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ആ നാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ചിത്രരചനയ്ക്കുള്ള വാസനയെ പരിപോഷിപ്പിച്ചു.

വൈദിക അധ്യാപകൻ

പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ജോർജ് അച്ചൻ അധികം താമസിയാതെ കോട്ടയത്തെ വൈദിക സെമിനാരിയുടെ പ്രധാന അധ്യാപകനായി നിയമിതനായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഈ സ്ഥാനത്തുനിന്ന് വിരമിച്ചു. അപ്പോഴാണ് ചിത്രരചനക്കായി കൂടുതൽ സമയം നീക്കി വയ്ക്കാനായത്.

കുടുംബജീവിതം

ഇതിനിടയിൽ വിവാഹിതനായി. മറിയം ജോർജ് ആയിരുന്നു സഹധർമ്മിണി. അധ്യാപിക ആയിരുന്നു. ചില വർഷങ്ങൾക്ക് മുമ്പ് രോഗബാധിതയായി ജീവിതത്തോട് വിടപറഞ്ഞു. രണ്ട് മക്കൾ: മകൾ നിയമ അധ്യാപികയാണ്. മകൻ ഇന്ത്യൻ ഫോറിൻ സർവീസ് ലാണ് — ഇപ്പോൾ സൗദി അറേബ്യയിൽ.

ചിത്രരചന

ചിത്രരചനയെ ഒരു തെറാപ്പിയായി കാണുന്ന അച്ചൻ വരച്ച ചില ചിത്രങ്ങൾ അവയുടെ അർത്ഥം വിശദീകരിച്ചുകൊണ്ട് അവതരിപ്പിക്കുകയുണ്ടായി. അവയിൽ മീനാക്ഷിയും ഒച്ചും എന്നെ വളരെ ആകർഷിച്ചു.

ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു തടിക്കഷണത്തിലാണ് മീനാക്ഷിയെ വരച്ചിരിക്കുന്നത്. മീൻ പോലെയുള്ള കണ്ണുകൾ. മീൻ ഒരിക്കലും അതിന്റെ കണ്ണുകൾ അടയ്ക്കാറില്ല എന്ന് അച്ചൻ പറഞ്ഞത് ഒരു പുതിയ അറിവായിരുന്നു. അർദ്ധനാരീശ്വര സങ്കൽപ്പമാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒറീസക്കാരനായ ഒരു സുഹൃത്ത്, ഭഗബാൻ പ്രകാശ്, പറഞ്ഞതാണ് അപ്പോൾ എന്റെ ഓർമ്മയിൽ വന്നത്. പ്രണയപാരവശ്യത്തിലായ ശിവനും പാർവതിയും പരസ്പരം പറഞ്ഞു: നമ്മൾ എന്തിന് രണ്ടായിരിക്കുന്നു? നമുക്ക് ഒന്നാകാം! ഒന്നായി കഴിഞ്ഞ് കുറെനാൾ കഴിഞ്ഞപ്പോൾ അവർ ഒരു സത്യം തിരിച്ചറിഞ്ഞു. രണ്ടായിരിക്കുമ്പോഴേ അവർക്ക് പരസ്പരം സ്നേഹിക്കാൻ കഴിയൂ. അങ്ങനെ അവർ വീണ്ടും രണ്ടാകാൻ തീരുമാനിച്ചു.

നാം കാണുന്ന മേഘങ്ങളിലും മറ്റും നമ്മുടെ മനസ്സ് നമുക്ക് പരിചിതമായ ഒരു രൂപം സങ്കൽപ്പിക്കാറുണ്ട്. Pareidolia എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. അച്ചൻ ഒരു തടിക്കഷണം കാണുമ്പോൾ ഒരു പരിചിതമായ രൂപം മനസ്സിൽ തെളിഞ്ഞു വരുന്നു. അങ്ങനെയാണ് മീനാക്ഷി എന്ന ശില്പം ഉണ്ടാക്കിയത്.

മീനാക്ഷി ഒരു ശില്പമാണെങ്കിൽ ഒച്ച് ഒരു പെയിന്റിംഗ് ആണ്. ഒച്ചിനെ കൂടാതെ ബുദ്ധന്റെ ധർമ്മചക്രവും അതിൽ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു. ഇന്നത്തെ മനുഷ്യന്റെ ജീവിതശൈലിയിലെ സ്പീഡിനെ പറ്റി ചില പങ്കുവയ്ക്കലുകൾ അച്ചൻ നടത്തി.

അരവിന്ദന്റെ തമ്പ് എന്ന സിനിമയിൽ ഭരത് ഗോപിയുടെ ഒരു ഡയലോഗ് ഉണ്ട്, ” എന്തൊരു സ്പീഡ്!”

റൂത്ത് കോണിന്റെ പ്രശസ്തമായ ഒരു വാചകം ഇങ്ങനെയാണ്: we have very little time; therefore we have to go very slowly.

ജീവിത ദർശനം

സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പരയിലെ ഇരുപതാം നൂറ്റാണ്ടിലെ വിചാരശില്പികൾ എന്ന തലക്കെട്ടിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ പിന്നീട് 3 വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.

ഉദാത്തമായ ചിന്തകളുടെ ലോകത്തിൽ വിഹരിക്കുമ്പോഴും അടുക്കളയിൽ നിന്ന് കയ്യെത്തി പറിക്കാവുന്ന കോവയ്ക്കായും മറ്റും ചേർത്ത് പാചക പരീക്ഷണങ്ങൾ നടത്തുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു. ഭക്ഷണത്തിലും പാചകത്തിലും ഒന്നും വലിയ കമ്പമില്ലാത്ത ഞാൻ വളരെ മടിച്ചാണ് അടുക്കളയിലേക്ക് പ്രവേശിച്ചത്. ജീവിതത്തെ സമഗ്രമായി കാണുന്ന ജോർജച്ചൻ എന്റെ കണ്ണു തുറപ്പിച്ചു– കണ്ണുകൾ മാത്രമല്ല മറ്റു ഇന്ദ്രിയങ്ങളും.

Experimental cooking അച്ചന് കലയും ശാസ്ത്രവും ആണ്.

ജോർജ് അച്ഛന്റെ ജീവിതവീക്ഷണത്തിൽ കലയ്ക്ക് അതുല്യമായ സ്ഥാനമുണ്ട്. അച്ചനെ സംബന്ധിച്ചിടത്തോളം കലയില്ലാതെ ആധ്യാത്മികത ഇല്ല, അദ്ധ്യാത്മികതയില്ലാതെ കലയുമില്ല. Art is an opening to infinity, അച്ചൻ പറഞ്ഞു. ഉത്തമ കലയിലൂടെ നാം എത്തിച്ചേരുന്ന ആനന്ദനുഭൂതി സച്ചിദാനന്ദം തന്നെയാണ്.

രമണമഹർഷി തിരുവണ്ണാമലയിലെ തന്റെ ആശ്രമത്തിൽ ഒറ്റയ്ക്കിരുന്ന് ധ്യാനിച്ചാൽ അത് ലോകത്തിൽ എന്ത് മാറ്റം വരുത്തും എന്ന് ആരും അതിശയിച്ചു പോകും. മദർ തെരേസ ഒരിക്കൽ പറഞ്ഞു, God never asked me to change the world, He only asked me to do this. കോട്ടയത്തുള്ള മിണ്ടാമഠത്തിലെ ആജീവനാന്ത മൗനവൃതം എടുത്ത് ജീവിക്കുന്ന സഹോദരിമാരെ ഞാൻ ഓർത്തുപോയി.

സ്വത്വാനുഭവം എന്നത് ഒറ്റപ്പെടൽ അല്ല മറിച്ച് സമഗ്രാനുഭവമാണെന്ന് രമണ മഹർഷി പറയുമായിരുന്നു. ഒരിക്കൽ ആരോ അദ്ദേഹത്തോട് ചോദിച്ചു: How should we deal with the others? അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു: There are no “others”!

പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിന്റെ പ്രാധാന്യം അച്ചൻ ഊന്നി പറഞ്ഞു. ഒരു വൃക്ഷത്തെ നാം സ്പർശിക്കുമ്പോൾ അതിന്റെ ജീവനിൽ നാം പങ്കാളിയാവുകയാണ്. There is no learning without participation. പ്രകൃതിയുമായുള്ള സൗഹൃദം നിലനിർത്തുന്നത് അർത്ഥവത്തായി ആരോഗ്യത്തോടെ ജീവിക്കുവാൻ നമ്മെ സഹായിക്കുന്നു.

മനുഷ്യവർഗ്ഗം ഒന്നാണ് എന്ന ബോധ്യം നമുക്കുണ്ടാവണം. പ്രപഞ്ചത്തെ മുഴുവനും ഒരു ജീവിയായി കാണുവാൻ കഴിയണം. സർവ്വത്തെയും ജീവിപ്പിക്കുന്നത് ഒരേ ജീവൻ തന്നെയാണ്.

പ്രപഞ്ചത്തിന് അതിരില്ല എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഹബിൾ ടെലസ്കോപ്പിലൂടെയും ഇപ്പോൾ ജെയിംസ് വെബ്ബിലൂടെയും പ്രപഞ്ചത്തെ നോക്കിക്കാണുന്ന ശാസ്ത്രജ്ഞർ അങ്ങനെയാണ് പറയുന്നത്. നമ്മുടെ ലോകവീക്ഷണവും അതിരുകളില്ലാത്തതാകട്ടെ. ഒന്നിന്റെയും പേരിൽ മനുഷ്യരെ വിഭജിക്കാതെ എല്ലാവരെയും ഒന്നായി, സഹജീവികളായി, സമസൃഷ്ടങ്ങളായി കാണുവാൻ നമുക്ക് കഴിയണം.

ഈ ബോധ്യത്തിൽ നിന്നാണ് സഹജീവികളോട് കരുണയോട് പെരുമാറുവാൻ ഉള്ള കഴിവ് നമുക്ക് ലഭിക്കുന്നത്. ലോക മതങ്ങളെക്കുറിച്ച് ആഴമായി പഠിച്ച Karen Amstrong പറയുന്നത് എല്ലാ മതങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ പ്രമാണം സഹജീവികളോട് കരുണ കാണിക്കുക എന്നതാണ്.

സമാപനം

കെഎം ജോർജ് അച്ചനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഈ അടുത്ത ഇടയാണ് അദ്ദേഹം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പൗലോസ് മാർ ഗ്രീഗോറിയോസ് ചെയറിന്റെ ഒരു പരിപാടിയിൽ വച്ചാണ് അതിന്റെ അധ്യക്ഷനായിരിക്കുന്ന അച്ചനെ ഞാൻ അടുത്തറിയുന്നത്. പിറ്റേന്ന് തന്നെ ഞാൻ അച്ചന്റെ വീട് തേടിപ്പിടിച്ച് അല്പനേരം ഒന്നിച്ചിരുന്ന് സംസാരിക്കാൻ പോയത് ആഹ്ലാദം നൽകുന്ന ഒരു സ്മരണയാണ്.

പരസ്പര ശ്വാസോച്ഛ്വാസം എന്ന പദപ്രയോഗം ഭാഷയ്ക്കും മാനവകുലത്തിനും സംഭാവന ചെയ്ത മഹാനായാണ് അച്ചനെ ഞാൻ ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്നത്. നമുക്കു ചുറ്റുമുള്ള വൃക്ഷലതാദികളും നമ്മളും തമ്മിലുള്ള ബന്ധം ഒരു പരസ്പര ധാരണയുടെ അഡ്ജസ്റ്റ്മെന്റ് അല്ല, മറിച്ച് ഏകാത്മഭാവത്തിന്റെ പാരസ്പര്യമാണ്. ഒരാളുടെ ഉച്ഛ്വാസം മറ്റൊരാളുടെ ശ്വാസമാകുന്ന ഏകതാഭാവം. ഈ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന മറ്റാരെയും എനിക്കറിഞ്ഞുകൂടാ.

Dylan Thomas എന്ന ആംഗലേയ കവിയുടെ ചില വരികൾ ഉദ്ധരിക്കട്ടെ :

The force that through the green fuse drives the flower Drives my senses!

ഒരു പുഷ്പത്തെ വിരിയിക്കുന്ന അതേ ശക്തിപ്രഭാവമാണ് എന്നെയും വിരിയിക്കുന്നത്!

വാനത്തോളം ഉയർന്ന ജീവിത ദർശനം നിലനിർത്തവെ തന്നെ, മണ്ണിലെ ചെറിയ ചെടികളെ സ്നേഹിച്ചും അവയോട് സല്ലപിച്ചും എളിയ ജീവിതം നയിക്കുന്ന ഈ മഹാത്മാവിനെ ഒന്ന് അടുത്ത് കാണുവാൻ നമുക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുവാനും പരിചയപ്പെടുത്തുവാനും എനിക്ക് ലഭിച്ച അവസരം ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു.

Source