സൈക്കിള്‍ എന്ന ബദല്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്‌

സൈക്കിള്‍ എന്ന ബദല്‍

ഫാ. ഡോ. കെ.എം. ജോര്‍ജ്‌

kmg_2

 

cycle_kmg

ഒരു ബൈക്ക്‌ അപകടമെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യാതെ ഒരു ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നില്ല എന്ന മട്ടായിട്ടുണ്ട്‌. മിക്കവാറും 17-25 വയസിനിടയിലുള്ള പ്രഫുല്ലയൗവനങ്ങളാണ്‌ അതിദാരുണമായി നമ്മുടെ വഴികളില്‍ കൊഴിഞ്ഞുവീഴുന്നത്‌. കുടുംബങ്ങള്‍ക്ക്‌ തീരാദുഃഖവും രാജ്യത്തിന്‌ മഹാനഷ്‌ടവും വരുത്തിക്കൊണ്ടാണ്‌ യുവസ്വപ്‌നങ്ങള്‍ പൊലിയുന്നത്‌. ഇതൊന്നും “വിധി”യോ ദൈവനിശ്‌ചയമോ അല്ല. ഇതിനൊരു വിരാമമിടാന്‍ നമുക്ക്‌ കഴിയുകയില്ലേ? ഒരു വലിയ അളവുവരെ കഴിയും എന്നുതന്നെ ഉറപ്പിച്ചുപറയാം. വാഹനങ്ങളുമായി ബന്ധപ്പെട്ട വികലമായ നമ്മുടെ പൊങ്ങച്ചസംസ്‌കാരത്തിന്‌ വിരാമം കുറിച്ചാല്‍ മതി.
ഒറ്റയ്‌ക്ക്‌ താമസിക്കുന്ന ഒരു വൃദ്ധനെ സഹായിക്കാന്‍ ദിവസവും പോകുന്ന ഒരു യുവാവിനെ അറിയാം. ബിരുദ വിദ്യാര്‍ഥിയാണ്‌ സുഭഗനും സമര്‍ഥനുമായ അയാള്‍. സ്വന്തം വീട്ടില്‍നിന്ന്‌ അഞ്ചാറ്‌ മിനിറ്റ്‌ നടന്നാല്‍ മറ്റേ വീട്ടിലെത്താം. എങ്കിലും അയാള്‍ ബൈക്കിലേ സഞ്ചരിക്കൂ. അവിടെ പലപ്പോഴും സന്ദര്‍ശകരുണ്ടാവും. ബൈക്കില്ലാതെ നടന്നു ചെല്ലുന്ന യുവാവിനെക്കുറിച്ച്‌ അവരൊക്കെ എന്തുചിന്തിക്കും എന്നാവും വിചാരം.
കഷ്‌ടിച്ചു ജീവിച്ചുപോരുന്ന വീടുകളില്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കടമെടുപ്പിച്ചും ബൈക്ക്‌ വാങ്ങിപ്പിക്കുന്ന യുവാക്കള്‍ തീരെ കുറവല്ല. ഈ ചെറുപ്പക്കാരൊക്കെ വിഷലിപ്‌തമായ നമ്മുടെ വാഹനസംസ്‌കാരത്തിന്റെ ഇരകളാണ്‌. ഏറ്റവും മുന്തിയ വാഹനങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതാണ്‌ മാന്യത എന്നാണ്‌ നമ്മുടെ പൊങ്ങച്ച സംസ്‌കാരം അവരെ പഠിപ്പിക്കുന്നത്‌.
പാശ്‌ചാത്യ വികസിതരാജ്യങ്ങളില്‍ “ബൈസിക്കിള്‍ സംസ്‌കാരം” എന്ന പേരില്‍ ഒരു പ്രസ്‌ഥാനം തന്നെ ആരംഭിച്ചിട്ടുണ്ട്‌. സമ്പന്ന യൂറോപ്യന്‍രാജ്യമായ ഡെന്‍മാര്‍ക്കിന്റെ തലസ്‌ഥാനമായ കോപ്പന്‍ഹേഗനാണ്‌ പ്രസിദ്ധമായ സൈക്കിള്‍ സംസ്‌കാരത്തിന്റെ പ്രതീകം. ആളാംപ്രതി നാലഞ്ച്‌ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ കഴിവുള്ളവരാണ്‌ പൗരന്മാര്‍. എങ്കിലും സൈക്കിളാണവരുടെ ഇഷ്‌ടവാഹനം. രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, കോര്‍പറേറ്റ്‌ മേധാവികള്‍ തുടങ്ങി വിദ്യാര്‍ഥികളും സാധാരണജോലിക്കാരും സ്‌കൂളില്‍ കുട്ടികളെ വിടുന്ന വീട്ടമ്മമാരും എല്ലാം കൂടി ഒരു ദിവസം സൈക്കിള്‍സവാരി നടത്തുന്നത്‌ 12 ലക്ഷം കിലോമീറ്ററാണെന്നു കണക്കാക്കപ്പെടുന്നു. ചന്ദ്രനില്‍ രണ്ടുതവണ പോയിവരാനുള്ള ദൂരത്തിനടുത്ത്‌! നഗരത്തില്‍ സൈക്കിള്‍യാത്രികര്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന ‘ബൈക്ക്‌ലെയിനു’കള്‍ 400 കിലോമീറ്ററോളം വരും. (ബൈക്ക്‌ എന്ന്‌ യൂറോപ്പില്‍ പറയുന്നത്‌ സൈക്കിളിനാണ്‌, മോട്ടോര്‍ സൈക്കിളിനല്ല). ഇതിനു സമാനമായ സംവിധാനങ്ങളുള്ളത്‌ ഹോളണ്ടിനാണ്‌. അതുമൊരു പ്രസിദ്ധമായ സൈക്കിള്‍ രാഷ്‌ട്രമാണ്‌. യാതൊരു ട്രാഫിക്ക്‌ തടസവുമില്ലാതെനഗരത്തില്‍ നമുക്ക്‌ എത്തേണ്ടിടത്ത്‌ എത്താനാവുംവിധമാണ്‌ സൈക്കിള്‍ പാതകള്‍ പരസ്‌പരം ഘടിപ്പിച്ചിരിക്കുന്നത്‌.
മഹാനഗരമായ ന്യൂയോര്‍ക്കിലും ട്രാഫിക്ക്‌ പരിഷ്‌കാരങ്ങളുടെ ഭാഗമായി, ഡെന്‍മാര്‍ക്കിന്റെയും ഹോളണ്ടിന്റെയും മാതൃകയില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക്‌ സവിശേഷസ്‌ഥാനം നല്‍കിക്കൊണ്ടാണ്‌ നഗരസംവിധാനം നടത്തുന്നത്‌. ഏഷ്യയില്‍ ചൈനയിലും ജപ്പാനിലും സൈക്കിള്‍ മാന്യവാഹനമാണ്‌. ഇന്ത്യയില്‍ പൂനയിലും മറ്റും ഒരുകാലത്ത്‌ സൈക്കിള്‍ യാത്രികര്‍ ധാരാളമുണ്ടായിരുന്നെങ്കിലും കണക്കുകള്‍ കാണിക്കുന്നത്‌ അവരുടെ എണ്ണം കുറയുന്നതായും മോട്ടോര്‍സൈക്കിളുകളുടെ എണ്ണം പൊടുന്നനേ ഉയരുന്നതായുമാണ്‌.
കാള-കുതിര വണ്ടികളുടെ യുഗത്തിനുശേഷം ആധുനികലോകം സൃഷ്‌ടിച്ച വാഹനങ്ങളില്‍ ഏറ്റവും പരിസ്‌ഥിതിസൗഹൃദമുള്ളതാണ്‌ സൈക്കിള്‍. യാതൊരു ഇന്ധനവും ആവശ്യമില്ല. വഴിക്കും പാര്‍ക്കിങ്ങിനും നിസാരസ്‌ഥലമേ വേണ്ടിവരുന്നുള്ളു. എല്ലാറ്റിനുമുപരി, യാത്രക്കാര്‍ക്ക്‌ ദിനംപ്രതി ആവശ്യമായ വ്യായാമത്തിന്‌ മറ്റെങ്ങും പോകേണ്ടതില്ല. കാര്‍ഗോസൈക്കിളും വിനോദസൈക്കിളും കുടുംബസൈക്കിളുമൊക്കെ ഇപ്പോള്‍ നിലവിലുണ്ട്‌. കുതിച്ചുയരുന്ന ഇന്ധനവില, ഭൂമിയില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം, അന്തരീക്ഷത്തിലേക്ക്‌ പുറന്തള്ളുന്ന ചൂട്‌, വിഷലിപ്‌തമായ കാര്‍ബണ്‍ വാതകങ്ങള്‍ എന്നിവമൂലം ഇപ്പോഴത്തെ രീതിയിലുള്ള മോട്ടോര്‍ വാഹനങ്ങള്‍ മിക്കവാറും നിര്‍ത്തലാക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരായിതീരും. അവയ്‌ക്ക്‌ പകരം സൗരോര്‍ജവും വൈദ്യുതിയുമുപയോഗിക്കുന്ന വാഹനങ്ങള്‍ പരിമിതമായെങ്കിലും ഇറങ്ങിത്തുടങ്ങി. പക്ഷെ അതുകൊണ്ട്‌ കാര്യം പരിഹരിക്കപ്പെടുന്നില്ല.
അത്തരം വാഹനങ്ങള്‍ വ്യാപകമായാലും നമ്മുടെ റോഡുകള്‍ക്കും പാര്‍ക്കിങ്ങിനും സ്‌ഥലപരിമിതിയുണ്ട്‌. ഭൂമിയുടെ വിസ്‌തൃതി ഒട്ടും വര്‍ധിക്കുന്നില്ലല്ലോ. ഇപ്പോഴത്തെ വികലമായ വാഹന സംസ്‌കാരം വച്ചുനോക്കിയാല്‍, ഓരോ മനുഷ്യനും ഓരോ കാറ്‌ എന്നതാണ്‌ മനുഷ്യക്ഷേമത്തിന്റെ അളവുകോല്‍ എന്നൊക്കെ ബാലിശമായി ചിന്തിക്കുന്നവരുണ്ടാകാം. ആറ്‌ ബില്യന്‍ സൗരോര്‍ജകാറുകള്‍ സൃഷ്‌ടിച്ചാലും എവിടെ ഓടിക്കും എന്ന ചോദ്യത്തിന്‌ ഉത്തരമില്ല.
പുതിയ ആഗോളസംസ്‌കാരത്തില്‍ നഗരവത്‌കരണത്തിന്റെയും വാഹനോല്‍പാദനത്തിന്റെയും വൈരുധ്യങ്ങള്‍ മനഃപൂര്‍വം അവഗണിക്കുകയാണ്‌ നമ്മുടെ ഭരണകൂടങ്ങള്‍. ഒരു വര്‍ഷം നമ്മുടെ രാജ്യത്ത്‌ സ്വദേശിയും വിദേശിയുമായ വാഹനക്കമ്പനികള്‍ വില്‍പ്പനയ്‌ക്കിറക്കുന്ന വാഹനങ്ങളുടെ എണ്ണവും അവയെ താങ്ങാനുള്ള നിരത്തുകളുടെ ശേഷിയും അവ സൃഷ്‌ടിക്കുന്ന പാരിസ്‌ഥിതികനാശത്തിന്റെ തോതും തമ്മിലൊന്നും യാതൊരു അനുപാതവും നാം വയ്‌ക്കുന്നില്ല. ഒരുവശത്ത്‌ ഉത്‌പാദിപ്പിക്കുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു. മറുവശത്ത്‌ വഴികളില്‍ ദിനംപ്രതി മനുഷ്യക്കുരുതികള്‍ വര്‍ധിക്കുന്നു. ഒരുവശത്ത്‌ ആഡംബരത്തിന്റെ തിളക്കം, ലാഭത്തിന്റെ ലഹരി, വേഗത്തിന്റെ ഉന്മാദം. മറുവശത്ത്‌ നിലവിളിയും വിലാപവും വഴിമുട്ടുന്നവരുടെ ശകാരവും ശാപവാക്കുകളും നമ്മുടെ പൊതുവഴികളില്‍ അക്രമാസക്‌തി നുരഞ്ഞുപൊന്തുന്നു.
ഇതിനെയെല്ലാം നാം പുരോഗതി, വികസനം, ആധുനികത എന്നൊക്കെ വിശേഷിപ്പിക്കുന്നു. മറ്റൊരു വഴിയെക്കുറിച്ച്‌ ഒരു ബദല്‍ ജീവിതമാതൃകയെക്കുറിച്ച്‌ പറയാന്‍ അധികാരികള്‍ക്ക്‌ താല്‍പര്യമില്ല. ഒരു അടിപ്പാതയും ഒരു മേല്‍പ്പാലവും പണിതാല്‍ പരിഹാരമായി എന്ന മട്ടിലാണ്‌ ഭരണകര്‍ത്താക്കളുടെ നയവും നടപടികളും.
സ്‌മാര്‍ട്ട്‌സിറ്റികളെപ്പറ്റി നേതാക്കള്‍ പറഞ്ഞുതുടങ്ങി. അതെന്താണെന്ന്‌ അവര്‍ക്കും നമുക്ക്‌ മിക്കവര്‍ക്കും വലിയ നിശ്‌ചയമില്ല. സ്‌മാര്‍ട്ട്‌സിറ്റിയില്‍ സാധാരണക്കാരായ കാല്‍നടപ്പുകാര്‍ക്കും സൈക്കിള്‍യാത്രക്കാര്‍ക്കും എന്തെങ്കിലും സ്‌ഥാനം നല്‍കുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അതോ ഇലക്‌ട്രോണിക്‌ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകൊണ്ട്‌ സമ്പന്നര്‍ക്കും ബിസിനസുകാര്‍ക്കുംമറ്റും കൂടുതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കാനുള്ള സംവിധാനമാണോ എന്നും അറിഞ്ഞുകൂടാ. ഏതായാലും സുഗമമായ മനുഷ്യസഞ്ചാരത്തിനും സൗഹൃദവേഴ്‌ചയ്‌ക്കും പറ്റിയ സുരക്ഷിതമായ ഭംഗിയുള്ള ഇടങ്ങളാവണം നമ്മുടെ ഭാവിനഗരങ്ങള്‍ എന്നുപറയുന്നത്‌ ഒരു സ്വപ്‌നമായിരിക്കാം. ഈ നൂറ്റാണ്ടിന്റെ മധ്യമാകുമ്പോള്‍, ലോകത്തില്‍ നഗരവാസികളുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ചുരുക്കത്തില്‍ ഭൂതലം മുഴുവന്‍ ഒരൊറ്റ നഗരമായേക്കാം. ഗതാഗതത്തിനും ആശയവിനിമയത്തിനും ഇപ്പോഴുള്ള സംവിധാനങ്ങള്‍ തീര്‍ത്തും മാറ്റത്തിന്‌ വിധേയമാകും.
ഒരര്‍ഥവുമില്ലാതെ, സമൂഹത്തിന്‌ മുഴുവന്‍ ഭ്രാന്തുപിടിച്ച മട്ടിലുള്ള കൂട്ടയോട്ടവുംമറ്റും സംഘടിപ്പിക്കുന്ന സര്‍ക്കാരും ഇതരരും ശ്രദ്ധിക്കേണ്ട മേഖലയാണ്‌ ഗതാഗതത്തിന്റെ ബദലുകള്‍. സൈക്കിളിന്‌ പുതിയൊരു മാന്യത നല്‍കുകയും, ഹ്രസ്വദൂരയാത്രകള്‍ക്ക്‌ വിദ്യാര്‍ഥികളും ചെറുപ്പക്കാരായ ഉദ്യോഗസ്‌ഥരും സൈക്കിളുപയോഗിക്കയും അവര്‍ക്ക്‌ സഞ്ചരിക്കാന്‍ പട്ടണങ്ങളില്‍ സമാന്തരപാതയൊരുക്കുകയും ചെയ്‌താല്‍ ഭാവിയിലേക്ക്‌ ഒരു പുതിയ കാല്‍വെപ്പായിരിക്കും അത്‌.

Source: http://www.mangalam.com/opinion/315012#sthash.nSP8wOyh.dpuf

cycle

Manorama Daily, 14-5-2015