ആഥന്‍സ് സന്ദര്‍ശനം / ഫാ. ഡോ. കെ. എം. ജോര്‍ജ്

Fr_K_M_George
ജൂണ്‍ മാസത്തില്‍ ഗ്രീസിലെ ആഥന്‍സില്‍ വച്ചു നടന്ന ڇകിലേൃ ജമൃഹശമാലിമേൃ്യ അലൈായഹ്യ ീി ഛൃവേീറീഃ്യڈ ശ്രദ്ധേയ മായ ഒരു അനുഭവമായിരുന്നു. ആധുനിക ജനായത്ത ഭരണത്തിന്‍റെ ഈറ്റില്ലമായി കരുതപ്പെടുന്ന ആഥന്‍സിലെ പാര്‍ലമെന്‍റിന്‍റെ സഹകരണത്തോടെ ആരംഭിച്ച ഓര്‍ത്തഡോക്സ് പാര്‍ലമെന്‍റേറിയന്മാരുടെ കൂട്ടായ്മയാണ് ഇത്. ഗ്രീസ്, റഷ്യ, റൂമേനിയാ, ജോര്‍ജിയ, ബള്‍ഗേറിയ, സെര്‍ബിയ തുടങ്ങി ഓര്‍ത്തഡോക്സ് സഭയ്ക്ക് പ്രാമുഖ്യമുള്ള രാജ്യങ്ങളിലെ സഭാസ്നേഹികളായ എം.പി. മാരാണ് ഇതില്‍ അംഗങ്ങളായിരിക്കുന്നത്. അമേരിക്കയിലും മധ്യപൂര്‍വ്വ രാജ്യങ്ങളിലും ആഫ്രിക്കയിലും ഈ സംഘടനയ്ക്ക് അംഗങ്ങളുണ്ട്. പ്രസ്ഥാനത്തിന്‍റെ 20-ാം വാര്‍ഷികമാണ് ഗ്രീക്ക് പാര്‍ലമെന്‍റ് കൂടുന്ന അതേ ഹാളില്‍ വച്ചു തന്നെ ആഘോഷിച്ചത്. ഏതാനും വര്‍ഷങ്ങളായി അതിന്‍റെ പ്രവര്‍ത്തകര്‍ ഏഷ്യയിലെ സഭയെപ്പറ്റിയൊക്കെയുള്ള കാര്യങ്ങളില്‍ ഈ ലേഖകനുമായി ബന്ധപ്പെട്ടിരുന്നു. ഈ പ്രസ്ഥാനത്തിന്‍റെ 20-ാം വാര്‍ഷികത്തിന് ലഭിച്ച ക്ഷണം അനുസരിച്ചാണ് ഓര്‍ത്തഡോക്സ് സഭാംഗവും മുന്‍ കേരള നിയമസഭാംഗവുമായ ജോസഫ് എം. പുതുശ്ശേരിയും ഞാനും അതില്‍ സംബന്ധിച്ചത്. ഇരുപത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ത്തഡോക്സ് എം.പി. മാരാണ് പ്രധാനമായും 3 ദിവസം നീണ്ട സമ്മേളനത്തില്‍ പങ്കെടുത്തത്.
ജനാധിപത്യവും ക്രിസ്തീയ മൂല്യങ്ങളും എന്നതായിരുന്നു പ്രധാന ചിന്താവിഷയം. റഷ്യന്‍ പാര്‍ലമെന്‍റായ ഡ്യൂമായിലെ പ്രമുഖ അംഗമായ സെര്‍ഗി പോഷോ ആയിരുന്നു സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍. ഗ്രീക്ക് പാര്‍ലമെന്‍റംഗം ഡോ. …………………………. സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിക്കുന്നു. വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍റ് സ്പീക്കര്‍മാര്‍, ആഥന്‍സ് സര്‍വ്വകലാശാലയിലെ വേദശാസ്ത്ര ഫാക്കല്‍റ്റിയുടെ ഡീന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ചില മെത്രാപ്പോലീത്താമാര്‍ എന്നിവര്‍ അതിഥികളായിരുന്നു. ആദ്യമായി ഇന്ത്യയില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തെ അസംബ്ലി ഹാര്‍ദവമായി സ്വാഗതം ചെയ്തു. ജോസഫ് എം. പുതുശ്ശേരി കൊണ്ടുവന്നിരുന്ന ആറന്മുള കണ്ണാടി ഗ്രീക്ക് പാര്‍ലമെന്‍റ് സ്പീക്കര്‍ ……………………………….ന് സമ്മാനമായി കൊടുത്തു.
ഗ്രീസിലെ പ്രധാനപ്പെട്ട ഒരു ദ്വീപായ എയ്ജീന ദ്വീപിലേക്ക് ഞായറാഴ്ച ആരാധനയ്ക്കായി കൊണ്ടുപോയി. പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണത്. അത്ഭുതപ്രവര്‍ത്തകനായ വി. ………………………ന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന പള്ളിയില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്താറുണ്ട്. പലര്‍ക്കും രോഗസൗഖ്യം ലഭിക്കുന്നതായ സാക്ഷ്യങ്ങളുണ്ട്. വിശുദ്ധന്‍റെ ശരീരം അടക്കം ചെയ്തിരിക്കുന്ന പേടകത്തില്‍ ചെവി ചേര്‍ത്തു വയ്ക്കുന്ന ധാരാളം വിശ്വാസികളെ കാണാം. പുതുശ്ശേരിയും ഞാനും അവരുടെ കൂടെ കൂടി. വളരെ ശ്രദ്ധിച്ചു കേട്ടാല്‍ പേടകത്തിനകത്തു നിന്ന് ശബ്ദങ്ങള്‍ ഉണ്ടാകുന്നത് അനുഭവിക്കാം. ഈ ശരീരം ജീര്‍ണ്ണിക്കാതെ വച്ചിരിക്കുന്ന പേടകത്തില്‍ നിന്നുള്ള ശബ്ദം കേള്‍ക്കുന്നതു തന്നെ സൗഖ്യദായകമാണെന്നാണ് പരക്കെ വിശ്വാസം. ആഥന്‍സില്‍ നിന്ന് ഏതാണ്ട് ഒന്നര മണിക്കൂര്‍ മെഡിക്റ്ററേനിയന്‍ കടലിലൂടെ യാത്ര ചെയ്താണ് ഈ ദ്വീപിലെത്തിയത്. നൂറുകണക്കിന് ദ്വീപുകളുള്ള ഈ കടലിടുക്കുകള്‍ വളരെ ശാന്തമാണ്. ആയിരക്കണക്കിന് വിദേശ വിനോദ സഞ്ചാരികളെ വേനല്‍കാലത്ത് ആകര്‍ഷിക്കുന്നതാണ് ഈ മെഡിക്റ്ററേനിയന്‍ കടല്‍തീരങ്ങള്‍. സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഒട്ടേറേപ്പേര്‍ ദുരിതം അനുഭവിക്കുന്ന ഗ്രീസിന്‍റെ പ്രധാനപ്പെട്ട വരുമാനമാര്‍ഗം ഈ ടൂറിസമാണ്.
ഒരു ദിവസം വൈകിട്ട് പാര്‍ലമെന്‍റ് ഹൗസില്‍ നിന്നും ഞങ്ങളെ അക്രോപൊലിസ് എന്ന ഏറ്റവും ഉയര്‍ന്ന സ്ഥലത്തേയ്ക്കു കൊണ്ടുപോയി. പുരാതന ഗ്രീക്ക് ദേവാലയമായ പാര്‍ഥനോണിന്‍റെ ഭീമാകാരമായ മാര്‍ബിള്‍ തൂണുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ആ പ്രദേശത്താണ്. പ്ലേറ്റോയും അരിസ്റ്റോട്ടിലും പോലുള്ള മഹാരഥന്മാര്‍ വിജ്ഞാനവിതരണം നടത്തിയത്. അതിലേക്കു കയറിപ്പോകുന്ന വഴിയാണ് വേദപുസ്തക പ്രസിദ്ധമായ അരയോവകക്കുന്ന്. അപ്പോസ്തോല പ്രവര്‍ത്തികള്‍ 17-ാം അധ്യായത്തില്‍ പറയുന്ന, പൗലോസ് അപ്പോസ്തോലന്‍റെ അഥേന പ്രസംഗം അവിടെയായിരുന്നു. ധാരാളം ആളുകള്‍ വന്നുകൂടുന്ന പൊതുസ്ഥലവും വിപണനകേന്ദ്രവുമായിരുന്നു അത്. പുതിയ ആശയങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഒരു വേദി കൂടിയാണത്. ആര്‍ക്കും അവിടെ വന്ന് സ്വതന്ത്രമായി പ്രസംഗിക്കാം. എപ്പോഴും പുതുമ അന്വേഷിക്കുന്ന അഥേനക്കാര്‍ കേള്‍ക്കാന്‍ വരും. ഗ്രീക്കു സംസ്ക്കാരത്തില്‍ ആകൃഷ്ടരായി ധാരാളം വിജ്ഞാന അന്വേഷകരും അവിടെ എത്തും. എപ്പിക്യുറിയന്‍, സ്റ്റോയിക് തുടങ്ങിയ പ്രസിദ്ധ ദാര്‍ശനിക ധാരകളുടെ പ്രണേതാക്കള്‍ അവിടെ ഉണ്ട്.
‘പൗലോസ് അരയോപകമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേന പുരുഷന്മാരെ, നിങ്ങള്‍ എല്ലാത്തിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു. ഞാന്‍ ചുറ്റിനടന്ന് നിങ്ങളുടെ പൂജാ സ്ഥാനങ്ങളെ നോക്കുമ്പോള്‍ ‘അജ്ഞാത ദേവന്’ എന്ന് എഴുതിയിരിക്കുന്ന ഒരു വേദിക്കല്ല് കണ്ടു. എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നെ, ഞാന്‍ നിങ്ങളോട് അറിയിക്കുന്നു. ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായതുകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വസിക്കുന്നില്ല. ….’ (അപ്പോ. പ്രവൃ. 17:22-34).
പ്രസിദ്ധമായ ഈ പ്രസംഗം ക്രിസ്തീയ സുവിശേഷ പ്രചരണത്തിന് മാതൃകയായി പലരും എടുക്കുന്നുണ്ട്. പൗലോസ് ശ്ലീഹായ്ക്ക് പ്രശസ്തമായ ചില ഗ്രീക്കുകാരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് മാനസാന്തരപ്പെടുത്തുവാന്‍ കഴിഞ്ഞു.
ഞങ്ങളുടെ സമ്മേളനത്തിന്‍റെ ഭാഗമായി ഈ കുന്നില്‍ വച്ച് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ തലവനായ ആര്‍ച്ച്ബിഷപ്പ് ഇറേനിമോസിന്‍റെ പ്രധാന കാര്‍മികത്വത്തില്‍ സന്ധ്യാനമസ്ക്കാരം നടത്തി. അതിനു താഴെ ഞങ്ങള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കി. ഒരു പാറക്കെട്ടിനു മുകളില്‍ വൃദ്ധനായ ആര്‍ച്ച്ബിഷപ്പും വര്‍ണോജ്വലമായ വേഷങ്ങളിട്ട വൈദികരും ശെമ്മാശന്മാരും ചേര്‍ന്ന് പൗലോസ് അപ്പോസ്തോലന്‍റെ ഒരു ഐക്കോണ്‍ സ്ഥാപിച്ച വേദിയില്‍ നടന്ന സന്ധ്യാനമസ്ക്കാരത്തില്‍ പങ്കുചേര്‍ന്നത് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ഇതില്‍ സംബന്ധിക്കാന്‍ ധാരാളം ആളുകളും തടിച്ചുകൂടിയിരുന്നു. ഓരോ ദിവസവും വൈകിട്ട് പാര്‍ലമെന്‍റ് സ്പീക്കര്‍, ആര്‍ച്ച് ബിഷപ്പ് തുടങ്ങിയവരുടെ സ്വീകരണ സല്‍ക്കാരങ്ങളും ഉണ്ടായിരുന്നു.
ജനാധിപത്യവും മതമൂല്യങ്ങളും തമ്മിലുള്ള ബന്ധവും ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആഥന്‍സ് സര്‍വ്വകലാശാലയിലെ വേദശാസ്ത്ര ഡീന്‍ …………………. പ്രബന്ധം അവതരിപ്പിച്ചു. അതിനോടു പ്രതികരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എം. പി. മാരും ഈ ലേഖകനും പ്രസംഗങ്ങള്‍ നടത്തി. രാഷ്ട്രം എന്നുള്ള ആധുനിക സങ്കല്പം പുരാതന ആഥന്‍സില്‍ നിന്ന് വന്നതാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പാര്‍ലമെന്‍ററി വ്യവസ്ഥ അതുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും എന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പക്ഷേ ആഗോളവല്‍ക്കരണം മൂലം ദേശരാഷ്ട്രം (ചമശേീി മെേലേ) എന്ന ആശയം ഇപ്പോള്‍ നിറംമങ്ങിക്കൊണ്ടിരിക്കുകയാണ്. പരമാധികാരം, സ്വയംപര്യാപ്തത, ദേശീയത എന്നീ രാഷ്ട്ര വ്യവസ്ഥയുടെ പ്രസിദ്ധമായ ആശയങ്ങള്‍ ആഗോളവല്‍ക്കരണം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കി. സാമ്പത്തിക സാംസ്ക്കാരിക വ്യവസ്ഥകളില്‍ കൊച്ചു കൊച്ചു രാഷ്ട്രങ്ങളെ മറികടക്കുന്ന അതിശക്തമായ ആഗോള വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. പരമ്പരാഗത സംസ്കാരങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, ഭക്ഷണരീതികള്‍, വേഷവിധാനങ്ങള്‍ എന്നിവ വരെ ആഗോള തരംഗത്തില്‍പെട്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. തദ്ദേശീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സാമ്പത്തികക്രമവും സാംസ്ക്കാരിക തനിമയും നിലനിര്‍ത്തിയെങ്കില്‍ മാത്രമേ മനുഷ്യവര്‍ഗത്തിന് ഭാവിയുണ്ടാകുകയുള്ളു. ബഹുസ്വരതയും വൈവിധ്യവുമാണ് ദൈവത്തിന്‍റെ സൃഷ്ടികളുടെ സൗന്ദര്യത്തിന് ഒരു അടിസ്ഥാനം. സാംസ്ക്കാരിക വൈവിധ്യത്തോടൊപ്പം പരമ്പരാഗത മാനുഷിക മൂല്യങ്ങളും നഷ്ടപ്പെടുന്നു എന്നുള്ളതാണ് നമ്മുടെ പ്രശ്നം. അതുകൊണ്ട് പുതുതായി രൂപംകൊള്ളുന്ന ആഗോള തരംഗങ്ങളെ വിമര്‍ശനപൂര്‍വ്വമായി കാണണമെന്നും ഓര്‍ത്തഡോക്സ് ക്രിസ്തീയ മൂല്യങ്ങള്‍ മനുഷ്യരുടെ പൊതുനന്മയ്ക്കു വേണ്ടി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ഞാന്‍ ഊന്നിപ്പറഞ്ഞു.
ഇന്‍റര്‍പാര്‍ലമെന്‍ററി അസംബ്ലി പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള പ. ബാവാതിരുമേനിയുടെ ക്ഷണം സസന്തോഷം അവര്‍ സ്വീകരിച്ചു. ജോസഫ് എം. പുതുശ്ശേരി അവിടെ സന്നിഹിതരായിരുന്ന എം.പി. മാരോടും മറ്റു രാഷ്ട്രനേതാക്കളോടും നല്ല സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തത് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കും രാജ്യത്തിനും അഭിനന്ദനാര്‍ഹമാണ്.