തിളക്കങ്ങളില്‍ ഭ്രമിക്കാത്ത ഒരു മഹാപുരോഹിതന്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

mathews-mar-barnabas
‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍, ഇവനില്‍ കപടമില്ല’ എന്ന് കര്‍ത്താവ് തന്‍റെ അടുക്കലേക്കു വന്ന ഒരു ശിഷ്യനെക്കുറിച്ച് (നഥാനിയേലിനെക്കുറിച്ച്) പറഞ്ഞു. ‘ഇതാ എന്‍റെ വിനീതനും വിശ്വസ്തനുമായ ദാസന്‍, ഇവനില്‍ കളങ്കമില്ല’ എന്ന് നമ്മുടെ പ്രിയപ്പെട്ട ബര്‍ണബാസ് തിരുമേനിയെക്കുറിച്ച് കര്‍ത്താവ് ഇപ്പോള്‍ പറയുന്നുണ്ട്. ഇവിടെ കൂടിയിരിക്കുന്നവരില്‍ തിരുമേനിയുടെ അനേകം ശിഷ്യന്മാരുണ്ട്. അവരുടെയെല്ലാം ഹൃദയത്തില്‍ എന്താണ് ഇപ്പോള്‍ തിരുമേനിയെക്കുറിച്ചുള്ള വികാരം എന്ന് എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. ഞാനും തിരുമേനിയുടെ ഒരു എളിയ ശിഷ്യനാണ്.
അഭിവന്ദ്യനായ ഒസ്താത്തിയോസ് തിരുമേനിക്കുശേഷം ബര്‍ണബാസ് തിരുമേനിയും കടന്നുപോകുമ്പോള്‍ ഹൃദയത്തിന്‍റെ അന്തരാളത്തില്‍ എന്തൊക്കെയോ ഇടിഞ്ഞ് തകര്‍ന്നു പോകുന്നതുപോലെ തോന്നുന്നു. തിരുമേനിയുടെ ശിഷ്യനായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി ഇന്നലെ വൈകിട്ട് പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, ബര്‍ണബാസ് തിരുമേനി അമേരിക്കയില്‍ നിന്നു പോരുമ്പോള്‍ അവിടുത്തെ അനേകമനേകം യുവജനങ്ങളുടെ ഹൃദയത്തില്‍ ഒരു വലിയ പ്രതിച്ഛായ അദ്ദേഹം സൃഷ്ടിച്ചു; അവര്‍ അദ്ദേഹത്തെ ആരാധിക്കുന്നു എന്ന്. കേരളത്തിലെ ഏറ്റവും അവികസിതമായ സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന ഇടുക്കിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യത്തിന്‍റെ അതിപ്രശസ്ത നഗരമായ ന്യൂയോര്‍ക്കിലേക്കാണ് തിരുമേനിയെ സഭ അയച്ചത്. ഏറ്റവും പഴഞ്ചനെന്നോ, പഴയ തലമുറയില്‍ പെട്ടയാളെന്നോ ഒക്കെ പലരും വിശേഷിപ്പിക്കുന്ന അഥവാ വിശേഷിപ്പിക്കാവുന്ന ഒരാളിനെയാണ് 21-ാം നൂറ്റാണ്ടിലെ യുവജനങ്ങള്‍ ആരാധിക്കുന്നത് എന്ന് പറയുമ്പോള്‍ അതില്‍ വൈരുദ്ധ്യം ഉണ്ട്. ആ വൈരുദ്ധ്യത്തിന് പുറകിലുള്ള ആദ്ധ്യാത്മിക അര്‍ത്ഥമെന്താണ് എന്ന് നാം മനസ്സിലാക്കണം.
ബര്‍ണബാസ് തിരുമേനി ഒരിക്കലും തിളക്കങ്ങളില്‍ അഭിരമിച്ചിരുന്ന ആളായിരുന്നില്ല. കര്‍ത്താവിന്‍റെ മരക്കുരിശിന്‍റെ പാരുഷ്യമാണ് തന്‍റെ ബാഹ്യമായ രീതികളില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. പക്ഷേ, അതിന്‍റെ ഉള്ളില്‍ സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ആര്‍ദ്രമായ ഒരു വലിയ പ്രപഞ്ചം ഉണ്ടായിരുന്നു. അദ്ദേഹം വടിയിലും കൊടിയിലും അതിന്‍റെ തിളക്കങ്ങളിലും ഒരിക്കലും വിഭ്രമിച്ചില്ല. അദ്ദേഹം കാറിന്‍റെ തിളക്കത്തിലും വേഷങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണവൈവിധ്യത്തിലും വിഭ്രമിച്ചില്ല. അദ്ദേഹം നാണയത്തിന്‍റെ കിലുക്കങ്ങളില്‍ വിഭ്രമിച്ചില്ല. പുതിയ നോട്ടിന്‍റെ സീല്‍ക്കാരങ്ങളില്‍ വിഭ്രമിച്ചില്ല. അങ്ങനെ ഒന്നിലും വിഭ്രമിക്കാതെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ആശ്രയിക്കുകയും നല്ല മാതൃക കാണിക്കുകയും ചെയ്ത ഒരു മഹാപുരോഹിതനായിരുന്നു അദ്ദേഹം. അതുകൊണ്ട് അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ സ്വീകാര്യനാണ്. നന്മ ആഗ്രഹിക്കുന്നവര്‍ക്ക്, ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാവിയെ പ്രതീക്ഷിക്കുന്നവര്‍ക്ക് അതുല്യമായ മാതൃകയാണ്.
അദ്ദേഹം സെമിനാരിയില്‍ വാര്‍ഡനായിട്ട്, ഗുരുവായിട്ട്, പിന്നീട് സഹപ്രവര്‍ത്തകനായിട്ടൊക്കെ എത്രയോ വര്‍ഷം ഞങ്ങളെ നയിച്ച ആളാണ്. ഒരിക്കല്‍പോലും അദ്ദേഹത്തിന്‍റെ മുഖത്തു നിന്നും ഒരു കലുഷമായ വാക്കുപോലും കേള്‍ക്കുവാന്‍ ഇടയായിട്ടില്ല എന്നുള്ളത് വലിയൊരു ഭാഗ്യമായി, ദൈവത്തിന്‍റെ മഹാകൃപയായി ഈ എളിയ ശിഷ്യനായ ഞാന്‍ കരുതുന്നു. അദ്ദേഹമെന്നും സ്നേഹത്തിന്‍റെ വലിയൊരു ഉറവയായിരുന്നു. പുറമെ നോക്കുമ്പോള്‍ അദ്ദേഹം കോമളരൂപിയായിരുന്നില്ല. നമ്മുടെ കര്‍ത്താവിനെക്കുറിച്ച് യെശയ്യാ പ്രവാചകന്‍ പ്രവചിച്ചതുപോലെ, “അവന് രൂപഗുണം ഇല്ല. കോമളത്വം ഇല്ല, കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.” അദ്ദേഹം രോഗം ശീലിച്ചവനെപ്പോലെ ഇരുന്നു. ആജാനബാഹു ആയിരുന്നില്ല, വാഗ്വിലാസം ഉണ്ടായിരുന്നില്ല. ബുദ്ധിയുടെ അത്യുന്നതമായ മേഖലകളിലേക്കൊന്നും അദ്ദേഹം കടന്നില്ല. ഈ ലോകത്തില്‍ നിസ്സാരനെപ്പോലെ ജീവിച്ചു, അദ്ദേഹത്തെ കാണുമ്പോഴൊക്കെ, നമ്മുടെ കര്‍ത്താവ് തന്‍റെ മഹത്വം വെടിഞ്ഞിട്ട് മനുഷ്യരൂപത്തിലായി ദാസവേഷം അണിഞ്ഞു എന്ന് പൗലോസ് ശ്ലീഹാ പറഞ്ഞത് ഓര്‍ക്കും. അതാണ് വാസ്തവത്തില്‍ ഈ പിതാവില്‍ കണ്ടുകൊണ്ടിരുന്നത്. ഇതാ ദൈവപുത്രന്‍റെ സാദൃശ്യത്തില്‍ മഹത്വം വെടിഞ്ഞ് നമുക്കുവേണ്ടി ഒരു മഹാപുരോഹിതന്‍ ദാസരൂപമെടുത്തിരിക്കുന്നു. അദ്ദേഹത്തെ എത്രയോ ആളുകള്‍ നിന്ദിച്ചിട്ടുണ്ട്; നമ്മുടെ വലിയ പ്രമാണിമാര്‍, നമ്മുടെ മഹാപുരോഹിതന്മാര്‍, നമ്മുടെ ഈ ലോകത്തിലെ വലിയ ആളുകളൊക്കെ അദ്ദേഹത്തെ പലപ്പോഴും അവഗണിച്ചതായിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. കാരണം, അത്രയധികം നിന്ദ്യമായ ഒരു ബാഹ്യരൂപവുമൊക്കെയായിരുന്നു അദ്ദേഹം അണിഞ്ഞിരുന്നത്. പക്ഷേ, അത് നമ്മുടെ കര്‍ത്താവിന്‍റെ രൂപമായിരുന്നു. കര്‍ത്താവിനെ ആളുകള്‍ അപമാനിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ പുത്രനാണെന്നു പറയുകയും, അതേസമയം വിശന്നും ദാഹിച്ചും അലഞ്ഞും നടന്നിരുന്ന കര്‍ത്താവിനെപ്പോലെ നമ്മുടെ ഈ തിരുമേനിയും ദാസരൂപമെടുത്തു; വേഷത്തില്‍ കര്‍ത്താവിനെപ്പോലെ വെറും സാധാരണ മനുഷ്യനായി എന്നു പറയുന്നതില്‍ തെറ്റില്ല. മനുഷ്യത്വത്തിന്‍റെ എല്ലാ താണവശങ്ങളും അദ്ദേഹത്തില്‍ കാണുവാനാണ് പലരും ശ്രമിച്ചത്. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കകം നമുക്ക് മനസ്സിലാകും, ഈ മനുഷ്യന്‍ വിശുദ്ധിയുടെ പര്യായമായിരുന്നു, ദൈവതേജസ്സിന്‍റെ പ്രതിരൂപമായിരുന്നു എന്ന്. നഥാനിയേലിനെപ്പോലെ ഇതാ കപടമില്ലാത്ത ഒരു മഹാപുരോഹിതന്‍, കളങ്കമില്ലാത്ത ദൈവദാസന്‍ എന്ന് നമുക്ക് എല്ലാവര്‍ക്കും പറയാന്‍ ഇടയാകും.
അദ്ദേഹത്തിന്‍റെ ഉള്ളില്‍ ആര്‍ദ്രത ഉണ്ടായിരുന്നു. ഞാന്‍ നേരിട്ട് കണ്ട ഒരു സംഭവം ഓര്‍ക്കുന്നു. വൈദികസെമിനാരിയില്‍ കുശിനിയില്‍ ജോലി ചെയ്യുന്ന ഒരാളിന്‍റെ കാലൊന്നു മുറിഞ്ഞു. തിരുമേനി (കെ. കെ. മാത്യൂസച്ചന്‍) പെട്ടെന്ന് അവിടെ ഓടിച്ചെന്ന് നിലത്തിരുന്ന് കാല് പരിചരിക്കുകയും മരുന്ന് വെച്ച് മുറിവ് കെട്ടുകയും ചെയ്തു. രോഗികളോടുള്ള തന്‍റെ വലിയ കാരുണ്യം കര്‍ത്താവിന്‍റെ മാതൃക തന്നെയായിരുന്നു. മാത്യൂസച്ചന്‍ ഒരു ലേഡീസ് സൈക്കിളില്‍ ദിവസവും കോട്ടയം ജില്ലാ ആശുപത്രിയില്‍ രോഗികളെ കാണാന്‍ നാലു മണിക്ക് പോകുകയും കൃത്യം 6 മണിക്കു മുമ്പായി വിയര്‍ത്തൊലിച്ച് സെമിനാരി ചാപ്പലില്‍ വരികയും ചെയ്യുന്നത് ഞങ്ങളെല്ലാം കണ്ടിട്ടുള്ളതാണ്. അദ്ദേഹത്തിന്‍റെ മാത്രം മുറിയിലെ ഫാനില്‍ ചിലന്തി, വല കെട്ടുമായിരുന്നു. കാരണം, എത്ര ചൂടുണ്ടെങ്കിലും ആ ഫാന്‍ അദ്ദേഹം ഉപയോഗിക്കുകയില്ലായിരുന്നു. വേഷത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലുമെല്ലാം അതീവ ലാളിത്യം പുലര്‍ത്തിയ ഈ തിരുമേനിയുടെ മാതൃക നഷ്ടപ്പെട്ടു പോകരുതേ, പോകരുതേ എന്നു മാത്രമാണ് നമ്മുടെ പ്രാര്‍ത്ഥന. കാരണം, നമ്മുടെ യുവജനങ്ങള്‍ കുറെപ്പേരെങ്കിലും, നമ്മുടെ വൈദിക വിദ്യാര്‍ത്ഥികളില്‍ കുറെപ്പേരെങ്കിലും തിളക്കങ്ങളില്‍ അഭിരമിക്കുന്നവരാകാം, ആ തിളക്കങ്ങളിലേക്ക് വശീകരിക്കുന്ന മാതൃകകളും നമ്മള്‍ നിത്യം കാണുന്നുണ്ട്. അതുകൊണ്ട് ദയവായി നമ്മുടെ ഈ തിരുമേനിയുടെ മാതൃക നഷ്ടപ്പെടുത്തരുത്. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയോട് നമുക്കെല്ലാം അഗാധമായ നന്ദിയുണ്ട്. കാരണം, ബര്‍ണബാസ് തിരുമേനിയെ പാമ്പാടി തിരുമേനിയുടെ കബറിങ്കലേക്ക് കൊണ്ടുവരുവാന്‍ ഈവാനിയോസ് തിരുമേനിയെ തോന്നിപ്പിച്ചത് ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണ്. പ. പാമ്പാടി തിരുമേനിയുടെ പാരമ്പര്യമാണ് നമ്മുടെ ബര്‍ണബാസ് തിരുമേനിക്കുള്ളത്. അദ്ദേഹത്തെ സ്നേഹപൂര്‍വ്വം പരിചരിച്ച കുഞ്ഞുങ്ങളോട് ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞു, തിരുമേനി അവിടെയിരുന്ന് നോക്കുമ്പോള്‍ വഴിയെ പോകുന്ന എല്ലാവരെയും വിളിച്ച് ഭക്ഷണം കൊടുക്കാന്‍ പറയും, കാക്കകള്‍ക്കു പോലും ചോറു കൊടുക്കാന്‍ പറയും എന്നവര്‍ പറഞ്ഞു. അതാണ് പാമ്പാടി തിരുമേനിയുടെ ആത്മാവ്. ദൈവം മനുഷ്യനായിത്തീര്‍ന്നപ്പോള്‍, എന്താണ് പാപികളായ നമ്മോട് കാണിച്ചത്, ആ ആര്‍ദ്രതയുടെ, ആ സഹാനുഭൂതിയുടെ അടയാളമാണത്. അതുകൊണ്ട് അത് വലിയ ആദ്ധ്യാത്മിക അനുഭവമാണ്. കോട്ടയം ഭദ്രാസനത്തിനു മാത്രമല്ല, സഭയ്ക്കു മുഴുവനും വലിയ ധന്യമായ അനുഭവമാണ് തിരുമേനി ഇവിടെ വന്നത്. ഇപ്പോള്‍ തിരുമേനി നമ്മോട് യാത്ര പറയുന്നു, പക്ഷേ, നമുക്ക് നല്ല മാതൃക തിരുമേനി വച്ചിരിക്കുന്നു; ആ മാതൃക നമുക്ക് പിന്‍പറ്റാം. ഞങ്ങളുടെ എല്ലാം ആരാധ്യനായ ഈ ഗുരുവിനെ ഞങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നു. അദ്ദേഹം ബാഹ്യമായി, ഭൗതികമായി അപ്രത്യക്ഷനായാലും അദ്ദേഹം കാണിച്ച നല്ല മാതൃകയും അദ്ദേഹത്തിന്‍റെ നല്ല വാക്കുകളും നമുക്ക് ഓര്‍ക്കാം. എല്ലാറ്റിനുമുപരിയായി ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യാവതാരം ചെയ്തതിന്‍റെ മാതൃകയില്‍ അദ്ദേഹവും ഇവിടെ പ്രവര്‍ത്തിച്ചു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെയെല്ലാവരെയും ആശ്വസിപ്പിക്കട്ടെ. ഈ പിതാവിന്‍റെ ഓര്‍മ്മ ധന്യമായിത്തീരട്ടെ. ‘വിശ്വസ്തനും സത്യസന്ധനുമായ എന്‍റെ ദാസാ, എന്‍റെ പിതാവിന്‍റെ അവകാശത്തിലേക്കു പ്രവേശിക്കുക’ എന്ന് നമ്മുടെ കര്‍ത്താവ് ഈ തന്‍റെ യഥാര്‍ത്ഥ ശുശ്രൂഷകനോട് പറയുന്ന ശബ്ദം നമുക്ക് കേള്‍ക്കുകയും ചെയ്യാം.
(മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഭൗതികദേഹം ഡിസം. 11-ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നിന്നും വിലാപയാത്രയായി കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ചെയ്ത അനുസ്മരണ പ്രസംഗം.)