സമാധാനത്തിന്‍റെ വിത്തിനായി ഒരു അന്വേഷണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

fr_dr_k_m_george_2
പ്രബുദ്ധരും മലങ്കരസഭയുടെ പൊതുനന്മ ആഗ്രഹിച്ചവരും ക്രിസ്തീയസഭയുടെ ഉത്തമ പ്രതിനിധികളുമായ ധാരാളം പേരുണ്ട്, വൈദികരും അത്മായരുമായി. അനേകം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദീപമായിത്തീരുമായിരുന്ന അവരുടെയൊക്കെ ജീവിതങ്ങളെ അഭിശപ്തമായ പള്ളിവഴക്കുകളില്‍ കുരുക്കുകയും, അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന പൊതുബഹുമതി നിഷേധിച്ച് അവരെ അപമാനിക്കാന്‍ നമ്മുടെ ജനങ്ങളെ പഠിപ്പിക്കയും, നമുക്ക് ലഭിച്ച ദൈവിക സമാധാനത്തിന്‍റെ ഒരു സുവര്‍ണ്ണയുഗത്തെ തള്ളിക്കളഞ്ഞ അല്‍പത്വത്തിന്‍റെയും തീവ്രവാദങ്ങളുടെയും കുടുംബ-വ്യക്തിവിദ്വേഷങ്ങളുടെയും അറിവില്ലായ്മയുടെയും മാലിന്യത്തില്‍ കിടന്നുരുളാന്‍ നമ്മുടെ സാധാരണജനങ്ങളെ നിര്‍ബന്ധിക്കയും ചെയ്ത നേതാക്കള്‍ ആരൊക്കെയാണ് എന്ന് ജനങ്ങള്‍ എപ്പോഴെങ്കിലും അന്വേഷിക്കണം. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തതെന്നും ചോദിക്കണം. സഭാ സമാധാനത്തിന്‍റെ കാലത്ത് ക്നാനായ ഭദ്രാസനമുള്‍പ്പെടെ തെക്കും വടക്കുമുള്ള സ്നേഹിതരോടൊപ്പം അതിന്‍റെ സന്തോഷം ആവോളം അനുഭവിച്ച് സെമിനാരിയില്‍ പഠിച്ചതിന്‍റെ മധുരോദാരമായ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത്. ബന്ധപ്പെട്ടവര്‍ ആരും ഉത്തരം തരുകയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് ചോദിക്കുന്നത്. മലങ്കരസഭയില്‍ പഴയതു പോലൊരു സമാധാനം ഇനി ഉണ്ടാവാന്‍ സാധ്യതയില്ല എന്ന യുക്തിപൂര്‍വ്വമായ മാനുഷികനിഗമനത്തെ അവഗണിച്ചുകൊണ്ടുമല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയും, തന്‍റെ ശരീരമായ വിശുദ്ധ സഭയുടെ ഐക്യവും സമാധാനവും സഹോദരസ്നേഹവും നീതിയും കാരുണ്യവും തുടങ്ങിയ മൗലികമായ കാര്യങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് നമുക്ക് ക്രിസ്ത്യാനികളായിരിക്കാന്‍ സാധ്യമല്ലല്ലോ എന്ന എളിയചിന്ത പലരെയും അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ്. ‘മനുഷ്യനാല്‍ അസാധ്യമായത് ദൈവത്തിന് സാധ്യമാണ്’ എന്ന ദൈവവചനം നാം ഒരിക്കലും അവഗണിക്കാനും പാടില്ലല്ലോ.
1958-ല്‍ മലങ്കരസഭയില്‍ ഇരുപക്ഷവും ചേര്‍ന്ന് വ്യക്തമായ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാനം ഉണ്ടാക്കുകയും 1964-ല്‍ പ. യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയുടെ ക്ഷണപ്രകാരം വന്ന് പ. ഔഗേന്‍ കാതോലിക്കാ ബാവായെ വാഴിക്കാന്‍ മലങ്കര സുന്നഹദോസിന് നേതൃത്വം നല്‍കുകയും അങ്ങനെ സമാധാനത്തെയും ഐക്യത്തെയും സ്ഥിരീകരിക്കുകയും ചെയ്തു. ആഗോള സഭാചരിത്രത്തിലെ തന്നെ അതുല്യമായ ഒരു സംഭവമായിരുന്നു അത്. മലങ്കരസഭയില്‍ ഇരുപക്ഷത്തുമുണ്ടായിരുന്ന നല്ല മനുഷ്യരും നല്ല നേതാക്കളും അതില്‍ സന്തോഷിച്ചു. ആ സമയത്തു പൊതുസഭയ്ക്കുവേണ്ടി ഉയര്‍ന്നുവന്ന പ്രഗത്ഭരായ നേതാക്കളെയും സഭയ്ക്കുണ്ടായ അസൂയാര്‍ഹമായ പുരോഗതിയെയും നാം വിസ്മരിക്കരുത്.
എന്തിനാണ് പിന്നീട് കുറെപ്പേര്‍ അതില്‍ നിന്ന് പിന്മാറുകയും, സമാധാനത്തില്‍ സന്തോഷിച്ചിരുന്ന സാധാരണജനങ്ങളെയും കുറെ വൈദികരെയും വീണ്ടും കക്ഷിവിഷം കുടിപ്പിക്കയും ചെയ്തത് എന്നത് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇരുഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനാവാത്ത വീഴ്ചകളായിരുന്നില്ല.
ഒരു ചെറിയ ഗവേഷണവിഷയം നിര്‍ദ്ദേശിക്കട്ടെ. ഇരുഭാഗത്തുമുള്ള സെമിനാരികളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റയ്ക്കോ, കൂട്ടായോ, സെമിനാരികള്‍ ചേര്‍ന്നോ വസ്തുനിഷ്ഠമായി ഈ സമാധാനകാലഘട്ടത്തിന്‍റെയും വീണ്ടുമുണ്ടായ വഴക്കിന്‍റെയും ഫലമായി നമ്മുടെ ക്രിസ്തീയ സമൂഹത്തിനുണ്ടായ ലാഭനഷ്ടങ്ങളെയുംകുറിച്ച് പഠനം നടത്തി നോക്കാവുന്നതാണ്. ഒരു “കക്ഷി”യില്‍ ജനിച്ചുവളര്‍ന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ഫാദര്‍ വി. സി. സാമുവല്‍ തുടങ്ങി എല്ലാ ഓര്‍ത്തഡോക്സ് സഭകളിലും അന്താരാഷ്ട്രതലങ്ങളില്‍ അറിയപ്പെട്ടിരുന്ന പണ്ഡിതാചാര്യന്മാരുള്‍പ്പെടെ രണ്ടു ഭാഗത്തുനിന്നും ഏക മലങ്കരസഭയുടെ അഖണ്ഡതയില്‍ വിശ്വസിക്കയും സന്തോഷിക്കയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത പ്രഗത്ഭരായ വൈദികരുടെയും മറ്റു സാത്വികരായ നേതാക്കളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കണം. അവരുടെ രചനകള്‍, പ്രസംഗങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ ലഭ്യമാണെങ്കില്‍ അവയുടെ അടിസ്ഥാനത്തില്‍, മൂന്നു കാര്യങ്ങള്‍ പഠിക്കണം.
ഒന്ന്: (മ) എന്തുകൊണ്ടാണ് അവര്‍ മലങ്കരസഭ ഒന്നാകണമെന്ന് ആഗ്രഹിച്ചത്, (യ) എന്തുകൊണ്ടാണ് അവര്‍ ഒന്നായ സഭയില്‍, വീണ്ടും ഭിന്നത ഉണ്ടാക്കിയവരുടെ കൂടെ കൂടാതെ മുന്‍സമാധാനത്തിന്‍റെ നിലപാടില്‍ തുടര്‍ന്നത്, (ര) മലങ്കരസഭയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ദര്‍ശനം എന്താണ്. എന്നീ മൂന്നു കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കണം. അക്കമിട്ടു പറയാവുന്ന കാര്യങ്ങള്‍ നമുക്കു ലഭിക്കും.
രണ്ട്: സഭയില്‍ പിന്നീട് ഭിന്നതയ്ക്ക് നേതൃത്വം കൊടുക്കയും മലങ്കരസഭ രണ്ടാക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം ചിന്തിക്കയും ജനങ്ങളെ 1970-കള്‍ തുടങ്ങി ഉണ്ടായ വേര്‍പാടുകളില്‍ അവരെ നയിക്കുകയും ചെയ്ത പ്രഗത്ഭ വ്യക്തികളുടെ നിലപാടുകളും പ്രസ്താവനകളും പഠിക്കണം.
മൂന്ന്: മലങ്കരസഭയുടെ അതിദീര്‍ഘമായ ആന്തരിക വഴക്കിലും വ്യവഹാരത്തിലും, സമാധാനത്തിലും, ഐക്യത്തിലും അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പഠിക്കണം. ആദ്യം തുര്‍ക്കിയിലും പിന്നെ സിറിയയിലും ഇപ്പോള്‍ ലബനോനിലും ആയിരിക്കുന്ന രണ്ടു നൂറ്റാണ്ടുകളിലെ പാത്രിയര്‍ക്കീസ് ബാവാമാരുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നയങ്ങളും നടപടികളും മലങ്കര സഭാ ഭാവിയെ കുറിച്ചുള്ള അവരുടെ ദര്‍ശനങ്ങളും വസ്തുനിഷ്ഠമായി പഠിക്കണം.
ഇവിടെ വ്യവഹാരങ്ങള്‍കൊണ്ട് പൊതുസഭയ്ക്കുണ്ടായ നേട്ടവും കോട്ടവും, ഭിന്നതകളില്‍ സാധാരണ വിശ്വാസികള്‍ക്കുള്ള പങ്ക്, ഓര്‍ത്തഡോക്സ് സഭകളുടെ സഭാവിജഞാനീയം എന്നിവയും പഠിക്കാവുന്നതാണ്. ഇങ്ങനെ പഠനം നടത്തിയാല്‍ ആര്‍ക്കും ഡിഗ്രിയൊന്നും കിട്ടുകയില്ല. മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഏതാനും മേലദ്ധ്യക്ഷന്മാര്‍ കാണുകയും ചെയ്യും. അതുകൊണ്ട് ഇങ്ങനെയൊരു പഠനം യഥാര്‍ത്ഥത്തില്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷ വച്ചുകൊണ്ടല്ല ഈ നിര്‍ദ്ദേശം വയ്ക്കുന്നത്. ജീവിതത്തില്‍ നല്ല ഭാഗം വൈദിക വിദ്യാഭ്യാസം, വേദശാസ്ത്രപഠനം, ഇതരസഭകളുമായുള്ള ബന്ധങ്ങള്‍ എന്നിവയിലൊക്കെ ചെലവഴിച്ചതുകൊണ്ട് ഉണ്ടാകുന്ന ഒരു ംശവെളൗഹ വേശിസശിഴ ആയി കരുതിയാല്‍ മതി.
ഫിസിക്സിലും മറ്റും ഉയര്‍ന്നതലങ്ങളില്‍ ചില ശാസ്ത്രജ്ഞര്‍ ചിന്താപരീക്ഷണങ്ങള്‍ (വേീൗഴവേ ലഃുലൃശാലിേ) നടത്തും. അവരുടെ നിഗമനങ്ങള്‍ ലാബുകളില്‍ പരീക്ഷിച്ചു തെളിയിക്കാന്‍ എപ്പോഴും സാധ്യമല്ല. സൈദ്ധാന്തികമായി കണ്ടെത്തുന്ന അവരുടെ നിഗമനങ്ങള്‍ ഏതെങ്കിലും വിദൂരഭാവിയില്‍ പരീക്ഷണശാലകളില്‍ പ്രായോഗികമായി തെളിയിക്കപ്പെട്ടേക്കാം.
ഇവിടെ നമുക്കും ഒരു ചിന്താപരീക്ഷണം നടത്താം. ആവശ്യമായ രേഖകളും മറ്റും കണ്ടെത്തി, നല്ല ലക്ഷ്യത്തോടെ അവയെ മനസ്സിലിട്ട് കശക്കി, എന്താണ് അവയില്‍ നിന്ന് ഉരുത്തിരിയുന്നതെന്ന് നോക്കാം. ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഭാവിയില്‍ അതൊരു നന്മയുടെ വിത്തായി മാറിയേക്കാം.
ലളിതമായ ഒരു കാര്യം ക്രിസ്ത്യാനികളായ നാം മറക്കരുത്. ഈ ലോകത്തിന് പുരോഗതിയും മനുഷ്യര്‍ക്ക് നന്മയും വരുത്തുന്നത് ഹ്രസ്വദൃഷ്ടികളും സ്വാര്‍ത്ഥമതികളും കലഹക്കാരുമായ നേതാക്കളല്ല. നന്മയും നീതിയും മനുഷ്യസ്വാതന്ത്ര്യവും ദൈവേഷ്ടവും എന്തെന്ന് നിരന്തരം അന്വേഷിക്കയും അതിലേക്ക് മറ്റു മനുഷ്യരെ ആകര്‍ഷിക്കയും ത്യാഗപൂര്‍വ്വം വലിയ ആദര്‍ശങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ജീവനും കഴിവുകളും നല്‍കുകയും ചെയ്യുന്നവരാണ് ലോകത്തെ രൂപാന്തരപ്പെടുത്തുന്നവര്‍. ഇങ്ങനെ വിശ്വസിക്കയും നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ പഠിപ്പിക്കയും ചെയ്താല്‍ നാം ലോകത്തില്‍ മഹജ്ജനങ്ങളെ സൃഷ്ടിക്കും. മറിച്ചാണെങ്കില്‍ ലോകത്തിന് നാശകാരികളായ മനുഷ്യരെയും സൃഷ്ടിക്കും. നാമാണ് തെരഞ്ഞെടുക്കേണ്ടത്.
(ഫാ. ജോസഫ് വെണ്ട്രപ്പിള്ളിയെക്കുറിച്ച് ഫാ. ഡോ. ടി. പി. ഏലിയാസ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിലേക്കായി എഴുതിയ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.)