സഭാ സമാധാനം: ഒരു എളിയ പ്രതികരണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

_DSC8725
ചരിത്രഗവേഷകനായ ശ്രീ. വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പു തന്നെ കാണാനിടയായി. അതിനോടുള്ള ചെറിയൊരു പ്രതികരണമാണീ കുറിപ്പ്.
മലങ്കരസഭയില്‍ ഇരുഭാഗത്തുമുള്ള ആയിരമായിരം സമാധാനകാംക്ഷികളെയാണ് വര്‍ഗീസ് ജോണ്‍ പ്രതിനിധാനം ചെയ്യുന്നത് എന്നു തോന്നുന്നു. ദീര്‍ഘമായ കലഹങ്ങളില്‍ നിന്ന് മോചനം നേടി നമ്മുടെ സഭ (ഇരുഭാഗങ്ങളും ഉള്‍പ്പെട്ടത്) ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ ചരിക്കയും അതിന്‍റെ വിശുദ്ധമായ ദൗത്യം ഈ ലോകത്തില്‍ നിര്‍വ്വഹിക്കയും ചെയ്യണമെന്നു മാത്രമേ യഥാര്‍ത്ഥ സമാധാനകാംക്ഷികള്‍ ആഗ്രഹിക്കുന്നുള്ളു. ഏതെങ്കിലും സ്ഥാനമാനങ്ങളോ മറ്റു നേട്ടങ്ങളോ ഉണ്ടാക്കാന്‍ ഉദ്ദേശ്യമില്ലാത്ത, നിര്‍മ്മല മനഃസാക്ഷിയോടു കൂടിയാണ് അങ്ങനെയുള്ളവര്‍ സഭാചരിത്ര വിശകലനം നടത്തുന്നതും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക്, ചവിട്ടിനിന്നുകൊണ്ട്, ഭാവിയെ രൂപപ്പെടുത്താന്‍ കഴിയുന്ന ചരിത്രപരമായ ചില ഏണിപ്പടികള്‍ ഈ ലേഖനത്തില്‍ എടുത്തുകാണിക്കുന്നുണ്ട്. അതായത്, വീണ്ടും വീണ്ടും പിമ്പോട്ട് ഇറങ്ങാതെ, നമ്മെ മുകളിലേക്ക് കയറാന്‍ സഹായിക്കുന്ന സഭാചരിത്രപരവും കാനോനികവും വേദശാസ്ത്രപരവുമായ ഉടമ്പടികളും ഉഭയസമ്മതങ്ങളുമാണ് ഈ ഏണിപ്പടികള്‍. നമ്മുടെ സഭാസമൂഹവും അതിന്‍റെ നേതാക്കളും നല്‍കിയ സമ്മതവും ധാരണകളും ഉറപ്പുമാണ് ഈ ഏണിപ്പടികള്‍. അതറിയുന്നവര്‍ക്ക് പിന്നെയും പിറകോട്ട് പോകേണ്ട കാര്യമില്ല.
എന്നാല്‍ ഇവിടത്തെ ചോദ്യം അതല്ല. നാം സമാധാനം വാസ്തവത്തില്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഒരു വൈദികന്‍ എന്ന നിലയില്‍, ചില വീട്ടുവഴക്കുകളിലും, ചില വ്യക്തികള്‍ തമ്മിലുള്ള കലഹങ്ങളിലും മദ്ധ്യസ്ഥം വഹിക്കാന്‍ ഇടയായിട്ടുണ്ട്. ചിലത് വിജയിച്ചു. ചിലത് പരാജയപ്പെട്ടു. ഞാന്‍ മനസ്സിലാക്കിയ പാഠം ഇതാണ്. വഴക്കിടുന്ന രണ്ടു കൂട്ടര്‍ക്കിടയില്‍ സമാധാനദൂതനായി ചെല്ലാന്‍ നാം വിളിക്കപ്പെട്ടാല്‍, ആദ്യമേ അന്വേഷിക്കേണ്ടത്, വഴക്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുഭാഗത്തിന്‍റെയും അല്ലെങ്കില്‍ ഇരുവ്യക്തികളുടെയും ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും, ഈ വഴക്ക് തീര്‍ക്കണം എന്ന നേരിയ ഒരു ചിന്തയെങ്കിലുമുണ്ടോ എന്നതാണ്. രണ്ടുകൂട്ടര്‍ക്കും ഒരു ശതമാനമെങ്കിലും ഈ അനുരഞ്ജന താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം മാദ്ധ്യസ്ഥത്തിനു പോയാല്‍ മതി. ഒരു കൂട്ടര്‍ അനുരഞ്ജനവും ഐക്യവും ആഗ്രഹിക്കയും മറ്റെ കൂട്ടര്‍ ഒട്ടും അതാഗ്രഹിക്കാതെ, വഴക്കും വിഭജനവും തുടരണം എന്നു ചിന്തിക്കയും ചെയ്താല്‍, ഒരു മദ്ധ്യസ്ഥനും ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
മലങ്കരസഭയില്‍, എന്‍റെ എളിയ അന്വേഷണവും പരിചയവും അനുസരിച്ച് ബഹുഭൂരിപക്ഷം സാധാരണ വിശ്വാസികളും ഒരു നല്ല പങ്ക് വൈദികരും അനുരഞ്ജനവും ഐക്യവും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചില മേലദ്ധ്യക്ഷന്മാര്‍ മനഃപൂര്‍വ്വം വിഷം കുത്തിവെയ്ക്കയും, എന്തു സംഭവിച്ചാലും സഭയെ രണ്ടാക്കണമെന്ന് തീരുമാനിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഐക്യശ്രമങ്ങള്‍ക്ക് ഫലമുണ്ടാകയില്ല. വിഭജനശ്രമവും അവരാഗ്രഹിക്കുന്നതുപോലെ ഫലിക്കയില്ല. രണ്ടുകൂട്ടരും അടിച്ചും തൊഴിച്ചും, വീണ്ടുമടിച്ചും ബലഹീനരാവുകയും ക്രിസ്തീയ സാക്ഷ്യത്തിന് കളങ്കം ഏല്‍പ്പിക്കുകയും ചെയ്യും എന്നു മാത്രം. സമാധാനകാംക്ഷികളും അറിവുള്ളവരുമായ ചില നല്ല മനുഷ്യരും ചില മേലദ്ധ്യക്ഷന്മാരെ കഠിനമായി ഭയപ്പെടുന്നുണ്ട് എന്ന വസ്തുതയും നാം തിരിച്ചറിയണം. മുന്‍ധാരണകളുടെയും, ഉഭയസമ്മതങ്ങളുടെയും അടിസ്ഥാനത്തില്‍ ഐക്യത്തിലേക്കുള്ള ഒരു യാത്ര സാദ്ധ്യമാണ് എന്ന് അവരുടെ ഉള്‍മനസ്സു പറയുന്നുണ്ടെങ്കിലും, അതിനുവേണ്ടി ഒരു വാക്കെങ്കിലും പറയാന്‍ ആക്ഷരികമായി ഭയമാണ്. ഈ ഭയം എവിടെ നിന്നു വന്നു? ആരുണ്ടാക്കി, എന്തിനുണ്ടാക്കി എന്നു നാം ചിന്തിക്കേണ്ടതാണ്.
പല പ്രാവശ്യം എഴുതിയും പ്രസംഗിച്ചും വ്യക്തമാക്കിയിട്ടുള്ളതുപോലെ, എന്‍റെ എളിയ ബോധ്യം മലങ്കരസഭ ഒന്നാണ് എന്നു തന്നെയാണ്. ഇവിടെ രണ്ടായി പിരിയേണ്ട ഗൗരവമായ കാരണങ്ങളൊന്നുമില്ല. ചരിത്രപരമോ, വേദശാസ്ത്രപരമോ, കാനോനികമോ ആയ എല്ലാ സാഹചര്യങ്ങളും നാം ഒരുമിച്ചു തീര്‍ത്തു, ചവിട്ടുപടികള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ഇനിയും എന്തെങ്കിലും അതിന്മേല്‍ കൂട്ടിച്ചേര്‍ക്കണമെങ്കില്‍, അതുമാവാം. ആരാണ് ഈ സമാധാനത്തിന് എതിരു നില്‍ക്കുന്നത്, എന്തിനുവേണ്ടിയാണ് അങ്ങനെ നില്‍ക്കുന്നത്, എന്നറിയാവുന്നവര്‍ ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇതിനു കാരണക്കാരായ ചിലരോടും മൗലികമായ ചോദ്യങ്ങള്‍ ഈ ലേഖകന്‍ ചോദിച്ചിട്ടുണ്ട്. സമര്‍ത്ഥന്മാരായ നേതാക്കളായതുകൊണ്ട് അവര്‍ പൂര്‍ണ്ണ മൗനമാണ് ഉത്തരമായി നല്‍കിയത്. ദൈവകൃപയുണ്ടെങ്കില്‍, മരണനിമിഷം വരെ ഈ സഭ ഒന്നാണെന്ന് ചിന്തിക്കയും ആ രീതിയില്‍ പ്രാര്‍ത്ഥിക്കയും ചെയ്യണമെന്നാണ് എന്‍റെ എളിയ ആഗ്രഹം. വൈദിക വിദ്യാര്‍ത്ഥികളെ അങ്ങനെയല്ലാതെ, അവരില്‍ വാശിയും വൈരാഗ്യവും വളര്‍ത്തുന്ന യാതൊരു നടപടിക്കും പ്രോത്സാഹിപ്പിച്ചിട്ടില്ല. മഠയന്‍ എന്നോ ഒക്കെ വിളിക്കുന്നവരുണ്ടാകാം. പക്ഷേ, പല പ്രാവശ്യം, അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഖാ പ്രഥമന്‍ തിരുമേനിയെയും, സമാധാനം ഒട്ടുമേ വേണ്ട എന്നു പറയുകയും തികച്ചും അക്രൈസ്തവമായ രീതിയില്‍ പെരുമാറുകയും പാവപ്പെട്ട മനുഷ്യരെ ഭിന്നിപ്പിക്കയും ചെയ്യുന്നവരെയും കണ്ടിട്ടും, എന്‍റെ ബോധ്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ലോകസഭകളുടെ ചരിത്രവും, ഓര്‍ത്തഡോക്സ് പാരമ്പര്യങ്ങളും, കാനോനകളും എല്ലാറ്റിനും ഉപരി നമ്മുടെ കര്‍ത്താവിന്‍റെ സുവിശേഷവും ആ ബോധ്യത്തിന് എതിരല്ല.
അതുകൊണ്ട് വര്‍ഗീസ് ജോണിനെപ്പോലെ നന്മയും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തികളുടെ അന്വേഷണങ്ങള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ ഇവയോടു പ്രതികരിക്കേണ്ടവര്‍ മൗനം അവലംബിച്ചാല്‍, ദൈവം പോലും നിസ്സഹായനാണ്.