വീട്, ദേവാലയം, ശരീരം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

fr_dr_k_m_george_1
ക്രിസ്തീയ ചിന്തയനുസരിച്ച്, നാം പാര്‍ക്കുന്ന നമ്മുടെ ഭവനം, ദൈവത്തിന്‍റെ ഭവനം, നമ്മുടെ ശരീരമാകുന്ന ഭവനം എന്നീ മൂന്നു ഭവനങ്ങള്‍ തമ്മില്‍ ആഴമായൊരു ബന്ധമുണ്ട്.
മനുഷ്യരുടെ സാന്നിദ്ധ്യം സ്ഥിരമായുള്ള സ്ഥലമാണ് നമ്മുടെ ഭവനം അഥവാ വീട്. ആലയമെന്നും ഇതിനെ നാം പറയുന്നു. ദൈവത്തിന്‍റെ സവിശേഷമായ സാന്നിദ്ധ്യമുള്ളതാണ് ദൈവഭവനം അഥവാ ദേവാലയം. ആത്മാവിന്‍റെ സാന്നിദ്ധ്യമുള്ള ഭവനമാണ് ശരീരം.
ശരീരത്തിന്‍റെ കാര്യത്തില്‍ ഭവനം എന്നത് ഒരു ആലങ്കാരികമായ പ്രയോഗമാണ്. നാം താമസിക്കാന്‍ വേണ്ടി പണിയുന്ന വീടിനെ നമ്മുടെ സാന്നിദ്ധ്യം, പരസ്പരബന്ധം, സ്നേഹം എന്നിവ മൂലം സജീവമാക്കുന്നതുപോലെ, ആത്മാവ് അതിന്‍റെ ചൈതന്യം മൂലം ശരീരത്തില്‍ പാര്‍ത്ത് അതിനെ സജീവമാക്കുന്നു.
ദേവാലയത്തിന്‍റെ കാര്യത്തിലും ഒരളവുവരെ ‘ദൈവത്തിന്‍റെ ഭവനം’ എന്നത് ആലങ്കാരികമാണ്. കാരണം ‘ദൈവം കൈപ്പണിയായതില്‍ വസിക്കുന്നില്ല’ എന്നുണ്ടല്ലോ (അപ്പോ. പ്ര. 7:49). എങ്കിലും മനുഷ്യന്‍ പണിത്, വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന ആലയത്തില്‍ ദൈവം വസിക്കുവാന്‍ തിരുമനസ്സാകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ശരീരത്തിന്‍റെ കാര്യമായാലും ദേവാലയത്തിന്‍റെ കാര്യമായാലും അടിസ്ഥാന മാതൃക നമ്മുടെ വീടാണ്.
മനുഷ്യസംസ്കാരത്തിന്‍റെ ആരംഭയുഗത്തില്‍ മനുഷ്യര്‍ നടത്തിയ ആദ്യത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു വീടുപണി. മഴയും മഞ്ഞും ഏല്‍ക്കാതെ, വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണം ഭയപ്പെടാതെ സുരക്ഷിതമായി ഒരുമിച്ച് പാര്‍ക്കുന്നതിനുള്ള സജ്ജീകരണമായിരുന്നു പാര്‍പ്പിടം.
മരക്കമ്പുകളും ഉണങ്ങിയ ഇലകളും ചേര്‍ത്തുണ്ടാക്കിയ ഒരു കുടിലോ, വലിയ മരത്തിന്‍റെ ശാഖകളില്‍ പിടിപ്പിച്ച ഒരു ഏറുമാടമോ പാറപ്പൊത്തുകളില്‍ ഒരുക്കിയ ഒരു സങ്കേതസ്ഥലമോ ഒക്കെ ആയിരുന്നിരിക്കാം ആദ്യത്തെ വീടുകള്‍. ആവശ്യാനുസരണം അഴിച്ചുമാറ്റി സ്ഥാപിക്കാവുന്ന കൂടാരങ്ങളും അനേക വര്‍ഷങ്ങള്‍ നില്‍ക്കുന്ന, തടിയും കല്ലും ഉപയോഗിച്ചുള്ള കെട്ടിടങ്ങളും പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ടു. ഭവനനിര്‍മ്മാണ കലയിലുള്ള പ്രാവീണ്യം സാംസ്കാരികോന്നതിയുടെ അളവുകോലായിത്തീര്‍ന്നു. മെസപ്പൊത്തേമിയയിലും ഈജിപ്തിലും ഇന്‍ഡ്യയിലും ഗ്രീസിലുമെല്ലാം ഉണ്ടായ പുരാതന സംസ്കാരങ്ങളുടെ കഥ നാം മനസ്സിലാക്കുന്നത് മുഖ്യമായും അവരുടെ ഭവനങ്ങളും ദേവാലയങ്ങളും നഗരങ്ങളും മറ്റും പണിതതിന്‍റെ ബാക്കിപത്രങ്ങളില്‍ നിന്നാണ്.
ഭവന നിര്‍മ്മാണ കലയില്‍ മനുഷ്യന്‍ അദ്ഭുതകരമായ നേട്ടങ്ങളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത് എങ്കിലും നമ്മുടെ നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും തീരെ പാവങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും നോക്കിയാല്‍ പതിനായിരമോ അതിലേറെയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യര്‍ ഉണ്ടാക്കിയ ആദ്യകാല കുടിലുകള്‍ പോലെയുള്ള പാര്‍പ്പിടങ്ങള്‍ ഇന്നും കാണാന്‍ കഴിയും. നമ്മുടെ സാമ്പത്തികാസമത്വത്തിന്‍റെ അടയാളം കൂടിയാണിത്.
പാര്‍പ്പിടം ഏതു തരത്തില്‍ നിര്‍മ്മിച്ചവയായിരുന്നാലും, മനുഷ്യരുടെ സാമൂഹിക സംസ്ക്കാരവും ആദ്ധ്യാത്മിക മൂല്യങ്ങളും രൂപപ്പെടുന്നത് വീട്ടില്‍ നിന്നാണ്. യഥാര്‍ത്ഥത്തില്‍ ഭവനമാണ് നമ്മുടെ ആദ്യത്തെ ദേവാലയം. ദൈവത്തെ അറിയാനും ആരാധിക്കുവാനും തുടങ്ങുന്നത് സ്വന്തം വീട്ടില്‍ വച്ചാണ്. ഇപ്പോഴും പലരും തങ്ങളുടെ വീട്ടില്‍ പൂജാമുറികളും പ്രാര്‍ത്ഥനാമുറികളും ഒരുക്കുന്നത് ഈ പുരാതനമായ ദേവാലയ സങ്കല്പ്പം കൊണ്ടാണ്.
യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളില്‍ സമൂഹാരാധന നിര്‍ബന്ധമാണ്. അതുകൊണ്ട്, ദാവീദ് രാജാവ് യഹോവയ്ക്ക് ആലയം പണിയാന്‍ ആഗ്രഹിച്ചു. പുത്രനായ ശലോമോന്‍ അത് നിര്‍വഹിച്ചു. സ്വന്തം ഭവനങ്ങളില്‍ നിന്ന് ആളുകള്‍ വന്ന്, ദൈവത്തിന്‍റെ ഭവനത്തില്‍ ഒരുമിച്ച് ആരാധിക്കുന്നു. കര്‍ത്താവ് ദേവാലയത്തെ ‘എന്‍റെ പിതാവിന്‍റെ ഭവനം’ എന്നു വിളിക്കുന്നു. സ്വന്തം ഭവനത്തേക്കാള്‍ പ്രാധാന്യം ഈ പൊതുഭവനമായ ദേവാലയത്തിന് താന്‍ കല്‍പിക്കുന്നു.
ഒരു വീട്ടില്‍ ഉള്ളവരെല്ലാം സാധാരണഗതിയില്‍ പരസ്പരം രക്തബന്ധമുള്ളവരായിരിക്കും. ഏറ്റവും ആഴമേറിയ ബന്ധമാണിത്. ദേവാലയത്തെ പൊതുവീടായി കരുതുമ്പോള്‍ അവിടെ വന്ന് ആരാധിക്കുന്നവരെല്ലാം പരസ്പരം ഒരു വീട് പോലെയാണ് എന്നാണര്‍ത്ഥം. “ദൈവത്തിന്‍റെ ഭവനക്കാര്‍” (വീൗലെവീഹറ ീള ഏീറ) എന്ന് പൗലോസ് ശ്ലീഹാ ക്രിസ്തുവില്‍ വിശ്വസിച്ചവരെക്കുറിച്ച് പറയുന്നു (എഫേ. 2:19). വീട്ടില്‍ എങ്ങനെ നാം പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുവോ, അങ്ങനെ ദൈവഭവനത്തില്‍ എല്ലാവരും ദൈവത്തിന്‍റെ മക്കളും പരസ്പരം സഹോദരങ്ങളുമായിത്തീരുന്നു. അപ്പോള്‍ ദേവാലയം എന്നത് നമ്മുടെ വീടിന്‍റെ തുടര്‍ച്ച (ലഃലേിശെീി) യാണ്.
ചില മതപാരമ്പര്യങ്ങളില്‍ ദേവാലയത്തില്‍ ദൈവത്തെ “കുടിയിരുത്തുക” എന്ന ആശയം കാണുന്നുണ്ട്. ദൈവസാന്നിദ്ധ്യം ഒരു സ്ഥലത്ത് ഉറപ്പാക്കുക എന്ന അനുഷ്ഠാനമാണിത്. ക്രിസ്തീയ പാരമ്പര്യത്തില്‍ ഇത് ആ രീതിയില്‍ സ്വീകാര്യമല്ല. എന്തെല്ലാം അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും നടത്തിയാലും സ്നേഹമില്ലാത്തിടത്ത് ദൈവമില്ല. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെ നാം തിരിച്ചറിയുന്ന ഇടമായ ദേവാലയത്തില്‍, നാം രക്തബന്ധവും സ്നേഹവും ഉള്ള ഏകകുടുംബം പോലെ പരസ്പരം ആഴമായ സ്നേഹത്താല്‍ പ്രേരിതമായി ഒരു വീടായിത്തീരണം എന്നാണ് സഭ പഠിപ്പിക്കുന്നത്. സ്വന്തം ഭവനത്തെ ദൈവത്തിന്‍റെ ഭവനവും, ദൈവഭവനത്തെ സ്വന്തഭവനവുമാക്കിത്തീര്‍ക്കുന്ന ഒരു പാരസ്പര്യം ഇവിടെ ആവശ്യമാണ്.
ക്രിസ്തീയ സഭയെക്കുറിച്ച് മുഴുവന്‍ ‘ദൈവഭവനം’ എന്ന ആശയമാണ് ഉള്ളത്. വീടുപണിയുന്ന നിര്‍മ്മാണരീതിയാണ് ദേവാലയത്തിനും സഭയ്ക്കും ആലങ്കാരികമായി ഉപയോഗിക്കുന്നത്. “ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തില്‍ പണിതിരിക്കുന്നു. അവനില്‍ കെട്ടിടം മുഴുവന്‍ യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍ വിശുദ്ധ മന്ദിരമായി വളരുന്നു. അവനില്‍ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിനാല്‍ ഒന്നിച്ചു പണിതു വരുന്നു” (എഫേ. 2:20-22).
റോമാ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികള്‍ക്ക് ആദ്യ നൂറ്റാണ്ടുകളില്‍ പള്ളികള്‍ ഇല്ലായിരുന്നു. മിക്കവാറും വീടുകളിലായിരുന്നു അവര്‍ ആരാധിച്ചിരുന്നത്. ക്രിസ്തു വിശ്വാസം സാമ്രാജ്യത്തില്‍ നിരോധിക്കപ്പെട്ട മതമായിരുന്നു. എ. ഡി. 313-ല്‍ കുസ്തന്തീനോസ് ചക്രവര്‍ത്തി ഋറശരേ ീള ങശഹമി എന്ന വിളംബരത്തിലൂടെ ക്രിസ്ത്യാനികള്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം നല്‍കി. 67 വര്‍ഷങ്ങള്‍ക്കു ശേഷം എ. ഡി. 380-ല്‍ തിയഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തിയാണ് ക്രിസ്തുമതത്തെ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത്.
സ്വന്തമായി ദേവാലയ കെട്ടിടങ്ങള്‍ ഇല്ലാതിരുന്ന ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളില്‍, വിശ്വാസികളുടെ ശരീരമാണ് ദൈവാലയം എന്ന ആശയം അപ്പോസ്തോലന്മാരും മറ്റു നേതാക്കളും ശക്തമായി പഠിപ്പിച്ചിരുന്നു. “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ” എന്ന് പൗലോസ് ശ്ലീഹാ ചോദിക്കുന്നു (1 കോരി. 3:16). നാം ഓരോരുത്തരും ജീവനുള്ള കല്ലായിത്തീര്‍ന്ന് ആത്മിക ഭവനം പണിയുന്നു എന്ന് പത്രോസ് ശ്ലീഹായും പഠിപ്പിക്കുന്നു. “… നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തിരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്‍ തക്ക വിശുദ്ധ പുരോഹിതവര്‍ഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു (1 പത്രോ. 2:5). വിശ്വാസികളായ നാം തന്നെ ദേവാലയവും ബലിയും പുരോഹിതനുമായിത്തീരുന്ന ആത്മിക ദര്‍ശനമാണിത്.
മനുഷ്യശരീരത്തെക്കുറിച്ച് മറ്റൊരു മതത്തിലും അതുവരെ ഇല്ലാതിരുന്ന ഒരു മൗലികചിന്തയാണ് ക്രിസ്തീയ വിശ്വാസം ഇവിടെ അവതരിപ്പിക്കുന്നത്. ശരീരം ഹീനമായ ഒന്നാണെന്നും അത് ആത്മാവിന്‍റെ തടവറയാണെന്നും, അതുകൊണ്ട് അതിനെ ഏതെങ്കിലും തരത്തില്‍ പീഡിപ്പിച്ച്, ആത്മാവിനെ മോചിപ്പിക്കുകയാണ് നമ്മുടെ ആത്മീയ ദൗത്യം എന്നും മറ്റും പഠിപ്പിച്ചിരുന്ന അക്രൈസ്തവ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. അതുപോലെ തന്നെ, ശരീരം ആത്യന്തികമായി ആത്മാവിന് പ്രയോജനമില്ലാത്തതായതുകൊണ്ട്, ശരീരത്തെ എങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും, അതുപയോഗിച്ച് എന്ത് അധര്‍മ്മം ചെയ്താലും കുഴപ്പമില്ലെന്നും ചിന്തിച്ചിരുന്ന ആളുകളും ഉണ്ടായിരുന്നു. ഇന്‍ഡ്യയില്‍ ഈ രണ്ടു ചിന്താധാരകളും നിലനിന്നിരുന്നു.
എന്നാല്‍ ശരീരം വിശുദ്ധമാണെന്നും, അത് പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണെന്നും സഭ പഠിപ്പിച്ചു. “നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള യാഗമായി സമര്‍പ്പിപ്പിന്‍” (റോമ. 12:1). ആത്മാവും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധമാണ്. അവ തമ്മില്‍ ഒരുമിച്ചാണ് രക്ഷയും രൂപാന്തരവും പുനരുത്ഥാനവും പ്രാപിക്കുന്നത്. അല്ലാതെ ആത്മാവ് ശരീരത്തെ ത്യജിച്ചുകളയുന്നില്ല, ആത്മാവിനു മാത്രമായി രക്ഷയുമില്ല എന്ന് ക്രിസ്തീയ വിശ്വാസം ഉല്‍ബോധിപ്പിച്ചു.
നമ്മുടെ ഭവനം, ദേവാലയം എന്നിവ കല്ലും മരവും ലോഹവും ഉപയോഗിച്ചു നാം പണിതുയര്‍ത്തുന്ന കെട്ടിടങ്ങളാണ്. എന്നാല്‍ മനുഷ്യശരീരം അങ്ങനെയല്ല. അത് ദൈവേഷ്ടത്താല്‍, ജനിച്ച്, വളര്‍ന്ന്, വികസിക്കുന്ന, ജീവന്‍ തുടിക്കുന്ന ശരീരമാണ്. മനുഷ്യന്‍റെ വീടിനും ദേവാലയത്തിനും കെട്ടിടമെന്ന നിലയില്‍ അതില്‍ത്തന്നെ ജീവനില്ല. എന്നാല്‍ മനുഷ്യശരീരത്തിന് അതില്‍തന്നെ ദൈവം ജീവന്‍ നല്‍കിയിരിക്കുന്നു. സ്വയം സംഘടിപ്പിക്കാനുള്ള അതിന്‍റെ കഴിവ് (ടലഹളീൃഴമിശമെശേീി) നാം പണിയുന്ന ഭവനങ്ങള്‍ക്കില്ല. ശരീരത്തിലെ അവയവങ്ങള്‍ പലതാണെങ്കിലും പല ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവയാണെങ്കിലും, അവയെല്ലാം സമുചിതമായി ചേര്‍ന്ന് ഏകശരീരത്തെയും അതിന്‍റെ ജീവനെയും പോഷിപ്പിക്കുന്നു.
മനുഷ്യരുടെ വീടും ദേവാലയവും ഇടിഞ്ഞുപോയാലും ഇല്ലാതായാലും, അവയുടെ രൂപം മാറിയാലും മനുഷ്യന്‍ നിലനില്‍ക്കും. എന്നാല്‍ ശരീരം ഇല്ലാതായാല്‍, ജീവന്‍ ഇവിടെ നിലനില്‍ക്കുകയില്ല.
ആത്യന്തികമായി നമ്മുടെ ചൈതന്യമുള്ള ശരീരത്തെയാണ് വീടിന്‍റെയും ദേവാലയത്തിന്‍റെയും ഉത്തമ മാതൃകയായി ക്രിസ്തീയസഭ കാണുന്നത്. ശരീരത്തിലുള്ള അവയവങ്ങളുടെ സമഞ്ജസമായ കൂട്ടായ്മയും സഹകരണവും, അതിനെ ചലിപ്പിക്കുന്ന ആന്തരിക ജീവനും, ശരീരം കൊണ്ട് നിര്‍വഹിക്കാവുന്ന നന്മകളും, അതിന്‍റെ സ്വാതന്ത്ര്യവും ചലനാത്മകതയും, ദൈവാരാധനയ്ക്കുള്ള അതിന്‍റെ സാധ്യതയും എല്ലാം വച്ചു നോക്കുമ്പോള്‍ നമ്മുടെ ശരീരമാണ് ഉത്തമഭവനവും ഉത്തമദേവാലയവും എന്നു കാണാം. ഇത് ക്രിസ്തീയവിശ്വാസത്തിന്‍റെ മൗലിക സംഭാവനയാണ്. നമ്മുടെ ലോകത്തെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ള ചിന്തയാണിത്. എല്ലാ ഒറ്റപ്പെട്ട ശരീരങ്ങളും മനുഷ്യവര്‍ഗ്ഗമെന്ന ഏക ശരീരമായി പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതയും ദൈവം നമുക്കു നല്കിയിരിക്കുന്നു. ആത്യന്തികമായി, ദൈവത്തിന്‍റെ സര്‍വ്വസൃഷ്ടിയും ഏകശരീരവും ഏക കുടുംബവും ഏക ദേവാലയവുമാണ്.