വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

Annunciation
കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം പ്രവേശനമുള്ളു. വാസ്തവത്തില്‍ കാത്തുനില്‍പ്പ് ആവശ്യമില്ല. കാരണം അതു കാണാന്‍ അങ്ങനെ ആരും തയ്യാറല്ല. അതുകൊണ്ട് നിങ്ങളെ വിളിച്ചു കയറ്റും. അകത്തു കയറിയാല്‍ പൂര്‍ണ്ണമായ ഇരുട്ട്. 40 മിനിറ്റെടുക്കും പ്രദര്‍ശനത്തിന്. കാണാന്‍ കയറുന്നവര്‍ ഏതാണ്ട് പത്ത് മിനിട്ട് കുറ്റാക്കുറ്റിരുട്ടില്‍ കാത്തിരിക്കണം. എന്താണ് സംഭവിക്കാന്‍ പോവുകയെന്ന് അറിയാത്തതുകൊണ്ട് അനിശ്ചിതത്വത്തിന്‍റെ ആശങ്ക. ഇരുട്ടില്‍ വെറുതെയിരിക്കുന്നതിന്‍റെ മുഷിപ്പ്. അങ്ങനെയിരിക്കുമ്പോള്‍, തീരെ മങ്ങിയ വെളിച്ചത്തിന്‍റെ ഒരു വര നിങ്ങള്‍ക്കു മുമ്പില്‍ കാണാം (നിങ്ങള്‍ ഉറങ്ങിപ്പോയിട്ടില്ലെങ്കില്‍). എന്നാല്‍ ഒന്നും വ്യക്തമല്ല. പിന്നെയും കാത്തിരിക്കണം. നിങ്ങളുടെ ക്ഷമയെ നന്നായി പരീക്ഷിച്ച്, വളരെ വളരെ സാവധാനം ഓരോ വരയും പിന്നെ രൂപവും തെളിഞ്ഞു തുടങ്ങും. 40 മിനിട്ടുകൊണ്ടാണ് പൂര്‍ണ്ണചിത്രം തെളിയുക. അപ്പോഴും നിങ്ങള്‍ക്ക് ചുറ്റും ഇരുട്ടായിരിക്കും. സഹൃദയരായ ചുരുക്കം കാഴ്ചക്കാരില്‍ ചിലര്‍ ഭയങ്കരമായി കൂര്‍ക്കം വലിക്കുന്നത് മാത്രം കേള്‍ക്കാം.
“മാര്‍ച്ച് 25” എന്ന ശീര്‍ഷകത്തില്‍ ഫ്രഞ്ച് കലാകാരിയായ കറോലീന്‍ ദ്യുഷാത്ലെറ്റ് (Caroline Duchatelet) അവതരിപ്പിച്ച വീഡിയോ ഇന്‍സ്റ്റലേഷന്‍ ആണ് കലാസൃഷ്ടി. അതിന്‍റെ വിഷയമായി സ്വീകരിച്ചിരിക്കുന്നത് കന്യകമറിയാമിനുണ്ടായ വചനിപ്പിനെക്കുറിച്ച് (Annuncitation) പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാ ആഞ്ജലിക്കോ (Fra Angelico) എന്ന ഇറ്റാലിയന്‍ സന്യാസി വരച്ച ഒരു ചിത്രമാണ്. ഈ ചിത്രം ഇപ്പോഴും ഫ്ളോറന്‍സിലെ സാന്‍ മാര്‍ക്കോ ആശ്രമത്തിലെ ഭിത്തിയിലുണ്ട്. ഗബ്രിയേല്‍ മാലാഖ കര്‍ത്താവിന്‍റെ ജനനത്തെക്കുറിച്ച് പരിശുദ്ധ കന്യകയോട് ദിവ്യദൂത് അറിയിക്കുന്ന രംഗമാണ്.
മൈക്കളാഞ്ലോ തുടങ്ങിയ നവോത്ഥാന ചിത്രകാരന്മാര്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ കലാകാരനായിരുന്നു ഫാ ആഞ്ലിക്കോ. വാസ്തവത്തില്‍ മൈക്കിലാഞ്ലോ, ദാവിഞ്ചി, റാഫേല്‍ തുടങ്ങിയ പ്രശസ്തരായ നവോത്ഥാന ചിത്രകാരന്മാരുടെ ചിത്രങ്ങളെക്കാള്‍ ആദ്ധ്യാത്മിക സൗരഭ്യം പരത്തുന്നവയാണ് ഫാ ആഞ്ലിക്കോയുടെ ചിത്രരചനകള്‍. അവരൊക്കെ, ബൈബിള്‍ പ്രമേയങ്ങള്‍ – ആദാമിന്‍റെ സൃഷ്ടി, അന്ത്യന്യായവിധി, തിരുവത്താഴം തുടങ്ങിയവ – സ്വീകരിച്ച്, നവോത്ഥാന കലയുടെ പുതിയ പരിപ്രേക്ഷ്യ രചനാസങ്കേതങ്ങള്‍ ആവിഷ്ക്കരിച്ചെങ്കിലും, അവയ്ക്ക് കരുത്തല്ലാതെ ആത്മീയമായ ആര്‍ദ്രത ഉണ്ടെന്ന് തീര്‍ത്ത് പറയാനാവില്ല. നവോത്ഥാനത്തിന് മുമ്പ് പാശ്ചാത്യര്‍ക്കുണ്ടായിരുന്ന നല്ല ചിത്രകലയാണ് ആഞ്ലിക്കോ രചനകളില്‍ കാണുന്നത്.
വിശുദ്ധ മര്‍ക്കോസിന്‍റെ (സാന്‍ മാര്‍ക്കോ) ആശ്രമഭിത്തിയില്‍ കാണുന്ന ചിത്രത്തിന് പ്രകാശം നല്‍കുന്നത്, കിഴക്കേ ഭിത്തിയിലുള്ള ജനലിലൂടെ വരുന്ന ഉദയസൂര്യന്‍റെ രശ്മികളാണ്. രാത്രിയില്‍ പൂര്‍ണ്ണമായ ഇരുട്ടിന്‍റെ അനേകം യാമങ്ങള്‍ കാത്തിരിക്കുമ്പോള്‍, ക്രമേണ ഈ ചിത്രം ഉദയശോഭയില്‍ തെളിഞ്ഞു തുടങ്ങും. സൂര്യപ്രകാശത്തിന്‍റെ തീവ്രത കൂടുന്നതനുസരിച്ച്, ചിത്രത്തിലെ നിറങ്ങള്‍ക്ക് ഭാവഭേദം വരും. ഒരുവിധത്തില്‍ പ്രകാശത്തിന്‍റെ ഈ ലീലയാണ് കാഴ്ചക്കാരനെ ആനന്ദിപ്പിക്കുന്നത്. മാര്‍ച്ച് 25-നാണ് ഈ ദൃശ്യം ഏറ്റവും സുന്ദരമാകുന്നത്. അന്നാണല്ലോ സഭ വചനിപ്പു പെരുന്നാള്‍ ആഘോഷിക്കുന്നത്. ഫ്ളോറന്‍സ് ഒരു സ്വതന്ത്ര നഗരരാഷ്ട്രമായിരുന്ന കാലത്ത് അവരുടെ പുതുവര്‍ഷം ആരംഭിച്ചിരുന്നത് മാര്‍ച്ച് 25-ന് ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് റോമാക്കാരുടെ ജനുവരി ഒന്ന്, ആണ്ടാരംഭമായി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. മാര്‍ച്ച് 21 ഉള്‍പ്പെടെയുള്ള ദിനങ്ങള്‍, ഒരു സംക്രാന്തിയാണ്. ശിശിരത്തിന്‍റെ മരണത്തില്‍ നിന്നും വസന്തത്തിന്‍റെ ജീവനിലേക്ക് കടക്കുന്ന ഋതുഭേദം തണുപ്പുരാജ്യങ്ങളില്‍ വ്യക്തമാണ്.
കരോലീന്‍ ദ്യുഷാത്ലെയുടെ ഈ വീഡിയോ ഇന്‍സ്റ്റലേഷന്‍, ക്രിസ്തീയ വേദശാസ്ത്ര വെളിച്ചത്തില്‍ വളരെ അര്‍ത്ഥവത്തായി തോന്നി. പൂര്‍ണ്ണമായ ഇരുട്ടിലും അനിശ്ചിതത്വത്തിലുമാണ് ദൈവത്തിന്‍റെ വെളിപാട് പ്രകാശമായി നമുക്കു ലഭിക്കുന്നത്. പ്രശസ്തിയുടെ വെളിച്ചം ഒട്ടും അനുഭവിക്കാത്ത വെറും സാധാരണക്കാരിയായ മറിയം എന്ന പെണ്‍കുട്ടി ദൈവവചനമാകുന്ന വാഗ്ദാനം സ്വീകരിക്കുമ്പോള്‍, “ഇരുട്ടിലും മരണനിഴലിലും ഇരുന്നവര്‍ക്ക് വലിയ വെളിച്ചം ഉദിച്ചു” തുടങ്ങി. പക്ഷേ വചനിപ്പിനു ശേഷമുള്ള ഒന്‍പത് മാസങ്ങളിലെ കാത്തിരിപ്പ് അവള്‍ക്കും കുടുംബത്തിനും അതിക്ലേശകരമായ അനുഭവമായിരുന്നു. വെളിച്ചത്തിന്‍റെ പൊട്ടുകള്‍ വളരെ വളരെ സാവധാനമാണ് തിളക്കമാര്‍ജ്ജിച്ചത്. എന്തെല്ലാം ദുഷ്പ്പേരുകള്‍ മറിയം കേട്ടു. ഉപേക്ഷണത്തിന്‍റെ വക്കില്‍ വരെയെത്തി, എന്നാല്‍ ആ ഇരുട്ടിലും തന്‍റെ ഉള്ളിന്‍റെയുള്ളില്‍ ജീവന്‍റെ തുടിപ്പുകള്‍ അവള്‍ തിരിച്ചറിഞ്ഞു. അതീവ ക്ഷമയോടെ, പ്രത്യാശയോടെ, ആന്തരികമായ ഉറപ്പോടെ ഇരുട്ടില്‍ അവള്‍ കാത്തിരുന്നു. ഈ ഗര്‍ഭിണിയുടെ കാത്തിരുപ്പ്, ദുഃഖപൂര്‍ണ്ണമായ നമ്മുടെ ലോകത്തിന്‍റെ മുഴുവന്‍ കാത്തിരുപ്പാണ്. പ്രകാശത്തിനുവേണ്ടി, വിമോചനത്തിനുവേണ്ടി, നീതിയും സമാധാനവും നിലനില്‍ക്കുന്ന ഇടങ്ങള്‍ക്കുവേണ്ടി. ഈ സൃഷ്ടി ഗര്‍ഭിണിയായിട്ട് നാളേറെയായി. മനുഷ്യന്‍റെ ഉപഭോഗാര്‍ത്തിയും അത് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശവും കൊണ്ട് എപ്പോള്‍ വേണമെങ്കിലും അലസിപ്പോകാവുന്ന ഗര്‍ഭമാണ് നമ്മുടെ ലോകത്തിന്.
വചനിപ്പ് എന്ന മറിയാമിന്‍റെ ഗര്‍ഭധാരണ നിമിഷങ്ങളില്‍ രക്ഷകനായ യേശുവിന്‍റെ ജനനവും, മാമോദീസായും ഉയിര്‍പ്പും ഒരു സ്ത്രീയുടെ ഹൃദയത്തില്‍ ഒളിമിന്നി. ജീവന്‍റെ മഹാരഹസ്യങ്ങളാണ് അപ്പോള്‍ ഒരു നിമിഷം ചുരുളഴിയുകയും വീണ്ടും നിഗൂഢമായി ചുരുളായി മറിയാമിന്‍റെ ഹൃദയത്തില്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തത്. അതുകൊണ്ടാണ് വചനിപ്പു പെരുന്നാള്‍ ദുഃഖവെള്ളിയാഴ്ച വന്നാലും, അതിന് മുന്‍ഗണന കൊടുത്ത്, രക്ഷയുടെ ആ മഹാരഹസ്യത്തെ സഭ ആഘോഷിക്കുന്നത്.