ഇരുണ്ട മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ക്രൈസ്തവസഭയില്‍ ഉടലെടുത്ത ഒരു തരം ആധ്യാത്മികത ക്രിസ്തുവിന്റെ പീഡാനുഭവങ്ങളില്‍ അമിതമായി ശ്രദ്ധയൂന്നുന്നതു കാണാം. ക്രൂശിതരൂപവും മുള്‍മുടിയും രക്തംവാര്‍ന്നൊഴുകുന്ന മുഖവും കൂരിരുമ്പാണികളും പഞ്ചക്ഷതങ്ങളുമെല്ലാം ഏതാണ്ട് രോഗാതുരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആധ്യാത്മികതയുടെ അടയാളങ്ങളായി മാറി. മൈക്കലാഞ്ചലോയും ഡാവിഞ്ചിയും മറ്റും തുടക്കംകുറിച്ച നവോത്ഥാന ചിത്രകലയില്‍ ഈ ധാരണ കടന്നുകൂടി. വേദനകൊണ്ട് പുളയുന്ന ക്രൂശിതനായ യേശുവിന്റെ മുഖം എത്രയും ബീഭത്സമാക്കാമോ അത്രയും കലയും വിശ്വാസവും നന്നാവും എന്നു വിശ്വസിച്ച പാശ്ചാത്യ കാലാകാരന്മാരുമുണ്ടായി.
ക്രിസ്തു അനുഭവിച്ച ശാരീരികവേദന പ്രധാനമാണെങ്കിലും ആ പീഡാനുഭവത്തിന്റെ തീവ്രതയിലാണ് ക്രിസ്തു നല്കിയ രക്ഷാസന്ദേശത്തിന്റെ കാതല്‍ എന്ന് പുരാതന ക്രൈസ്തവ പൈതൃകം പഠിപ്പിക്കുന്നില്ല. ഭൗതികതലത്തില്‍ അളക്കാനും താരതമ്യം ചെയ്യാനുമുള്ള ഒന്നായിരുന്നില്ല ക്രിസ്തുവിന്റെ പീഡാനുഭവം. ലോകനന്മയ്ക്കും രക്ഷയ്ക്കും വേണ്ടിയുള്ള ഒരു മഹായജ്ഞവും ദിവ്യദൗത്യവുമായിട്ടാണ് ക്രിസ്തു തന്റെ കുരിശുമരണത്തെ കണ്ടത്. എന്തായിരുന്നു ക്രിസ്തുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ നിഷേധിയും നിയമലംഘകനുമായിട്ടാണ് ഗലീലിയക്കാരനായ യേശുവിനെ യഹൂദ മതനേതൃത്വം കണ്ടത്. രാജ്യദ്രോഹിയും ദൈവദൂഷകനായ മതദ്രോഹിയുമായിരുന്നു യേശു അവര്‍ക്ക്. യഹൂദര്‍ക്ക് അതി വിശുദ്ധമായ ശാബത് നാളില്‍ ദൈവാരാധനയല്ലാതെ ഒരു ജോലിയും പാടില്ല.
പക്ഷേ, യേശു അത് ലംഘിച്ചു. ആ ദിവസം രോഗികളെ സൗഖ്യമാക്കി, മനുഷ്യസ്നേഹപരമായ പ്രവൃത്തികള്‍ ചെയ്തു. പാപികളെന്നും വേശ്യകളെന്നും വിളിക്കപ്പെട്ടവരോട് സഹാനുഭൂതിയും സൗഹൃദവും കാണിച്ചു. ജാതീയമായ എല്ലാ തൊട്ടുകൂടായ്മകളെയും നിഷേധിച്ച് ആരുടെ ക്ഷണവും സ്വീകരിച്ചു. ക്രിസ്തുവിന് രാഷ്ട്രീയ അജന്‍ഡയൊന്നും ഇല്ലായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ അധികാരത്തെ യഹൂദന്മാര് വെറുത്തിരുന്നു. എങ്കിലും റോമന്‍ വാഴ്ചയെ ചോദ്യംചെയ്യുന്നവന് എന്ന ആരോപണം യഹൂദ പുരോഹിതനേതൃത്വം യേശുവിനെതിരെ കൊണ്ടുവന്നു.
അങ്ങനെയാണ് റോമന്‍ ഗവര്‍ണറായ പിലാത്തോസിന്റെ മുന്പില് വിസ്താരത്തിനായി യേശുവിനെ ഹാജരാക്കുന്നത്. ”ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല” എന്ന് പരസ്യമായി ആ ന്യായാധിപന് പറഞ്ഞെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്, യേശുവിനെ കുരിശേറ്റാന്‍ വിട്ടുകൊടുത്തു. ”എന്റെ രാജ്യം ഐഹികമല്ല” എന്ന് വിസ്താരവേളയില്‍ പറഞ്ഞ യേശുവിനെക്കുറിച്ച് അവന് സ്വയം രാജാവാകാന്‍ ശ്രമിക്കുന്നു റോമിലെ കൈസര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ആരോപണങ്ങള്‍ ചൊരിഞ്ഞു.
യഹൂദന്മാര് കാത്തിരുന്ന രക്ഷകനായ മിശിഹാ അഥവാ ദൈവത്തിന്റെ അഭിക്ഷിക്തന് (ഗ്രീക്കു ഭാഷയില്‍ ക്രിസ്തു) ആണ് നസ്രായേനായ യേശു എന്ന് വളരെപ്പേര്‍ വിശ്വസിച്ചു. ഒടുവില്‍ അവഹേളിതനായി കഠിനമര്ദനമേറ്റ്, കുരിശില്‍ കിടന്ന് ”പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ” എന്ന് പ്രാര്‍ഥിച്ച യേശുവിനെ മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു.
ക്രിസ്തുവിന്റെ കുരിശിലെ മരണം മനുഷ്യ രക്ഷയ്ക്കുവേണ്ടിയുള്ള മഹായാഗമായി ക്രൈസ്തവപൈതൃകം പഠിപ്പിച്ചു. സര്‍വശക്തനായ ദൈവം താഴ്മയോടെ മനുഷ്യ സ്നേഹത്തെപ്രതി ക്രിസ്തുരൂപത്തില്‍ മനുഷ്യനായി മരണം വരിച്ചു എന്നും ക്രിസ്തീയ പാരമ്പര്യം ഉദ്ഘോഷിച്ചു. കുരിശ് അങ്ങനെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രതീകമായിത്തീര്‍ന്നു. പില്കാലത്ത് രാഷ്ട്രീയപ്രാമുഖ്യംനേടിയ ക്രിസ്തീയസഭ പലസ്ഥലത്തും കുരിശിനെ ഭൗതികവിജയത്തിന്റെയും രാഷ്ട്രീയശക്തിയുടെയും കൊടിയടയാളമായി ഉയര്‍ത്തിപ്പിടിച്ചു.
ആത്മത്യാഗത്തിന്റെ സുഗന്ധംപേറുന്ന എല്ലായാഗവും പ്രപഞ്ചത്തിന്റെ ആധാരമായി കാണുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യയിലുള്ളത് (അയം യജ്ഞോ ഭുവനസ്യ നാഭി). എല്ലാ മതങ്ങളുടെയും ആത്മാവില്‍ കുടികൊള്ളുന്ന സ്വയം ത്യജിക്കലിന്റെ ഹോമാഗ്നി, സര്‍വജീവജാലങ്ങളുടെയും നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി ജ്വലിപ്പിച്ചെങ്കിലേ നീതിയും സമാധാനവുമുള്ള ഒരു പുതിയ ലോക വ്യവസ്ഥ ഉരുത്തിരിയുകയുള്ളൂ. കുരിശിലെ യാഗത്തിന്റെ സന്ദേശവും ഇതുതന്നെ.