ശാന്തിയുടെ ഒരു അപൂര്‍വ്വ അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്

Golden_Temple

ഞാന്‍ ഡല്‍ഹിയില്‍ താമസിച്ച മൂന്നു വര്‍ഷം ഏറ്റവും നല്ല ഒരു ഇന്‍റര്‍ റിലീജിയസ് എക്സ്പീരിയന്‍സ് എനിക്കുണ്ടായി. അതില്‍ ഒന്ന്, സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രത്തില്‍ പോയതാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ സെക്രട്ടറിയായിട്ട് ഞാന്‍ ജോലി ചെയ്യുകയാണ്. ഇന്ദിരാഗാന്ധി അങ്ങോട്ട് ടാങ്കുകള്‍ അയച്ച് അവ സുവര്‍ണ്ണക്ഷേത്രത്തിന്‍റെ അകത്തു കയറിയിട്ട് അവിടുത്തെ മാര്‍ബിള്‍ ശിലകളെല്ലാം പൊട്ടിച്ച് ഇട്ടിരുന്ന സമയം. അപ്പോള്‍ ആരും അങ്ങോട്ട് പോകുകയില്ല. സിക്കുകാരെന്ന് പറഞ്ഞാല്‍ വലിയ കുഴപ്പക്കാരാണെന്നാണ് അന്നത്തെ ചിന്ത. ഡല്‍ഹിയിലൊക്കെ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം അവരെ ചുട്ടെരിച്ചതാണ്. സിക്കുകാര്‍ വലിയ കുഴപ്പക്കാരാണ്, രാജ്യദ്രോഹികളാണെന്ന് പ്രചരിച്ചിരുന്ന കാലം. ആരും സുവര്‍ണ്ണക്ഷേത്രത്തില്‍ പോകാതിരുന്ന ആ സമയത്ത്, ഞാന്‍ അന്ന് നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ആയിരുന്നതുകൊണ്ട് ഞാനെന്‍റെ കുപ്പായമൊക്കെ ഇട്ട്, ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ഒരു വലിയ കുരിശുമൊക്കെ ഇട്ടാണ് അവിടെ ചെന്നത്. നേരത്തെ അറിയിച്ചിട്ടാണ് ചെന്നത്. അവര്‍ വളരെ കാര്യമായിട്ട് സ്വീകരിച്ചു. സ്വീകരിക്കുക മാത്രമല്ല, അവരുടെ ഏറ്റവും വലിയ സ്വീകരണത്തിന്‍റെ അടയാളമായ ഷോളും വാളുമൊക്കെ തരികയും ചെയ്തു. ഞാനത് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

അവിടെ ചെല്ലുന്ന ആര്‍ക്കും സങ്കടം തോന്നും. ഇന്ദിരാഗാന്ധിയുടെ ആ പോളിസി, അവര്‍ അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും, അതിന്‍റെ ഗൗരവം മനസ്സിലാക്കാതെയാണ് ചെയ്തത്. ഇന്ത്യയിലെ ഒരു വലിയ പ്രാധാന്യമുള്ള മതത്തിന്‍റെ (അവര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും) വികാരങ്ങള്‍ എന്താണെന്നും, വിശുദ്ധ സ്ഥലം എന്താണെന്നും അറിയാതെയാണ് ഇന്ത്യന്‍ ആര്‍മി അവിടെ പോയത്. അവര്‍ ചെന്ന് കാണിച്ച കുഴപ്പങ്ങള്‍, പിന്നീട് കുറേശ്ശെ കുറേശ്ശെ അത് സബ്സൈഡ് ചെയ്തു അവരുടെ വികാരങ്ങള്‍ എന്ന് നമുക്കറിയാം. ഇന്ദിരാഗാന്ധി മരിക്കുന്നതിന് കാരണമായതും അതാണ്.
അവിടെ ചെന്ന് സുവര്‍ണക്ഷേത്രത്തിന്‍റെ ഗേറ്റിനകത്തുള്ള പ്രധാന സ്ഥലത്ത് ഗുരു ഗ്രന്ഥസാഹിബ് നിരന്തരമായിട്ട് കീര്‍ത്തനം ചെയ്യുന്ന ആളുകളുണ്ട്. അവിടെയിരുന്നാല്‍ അനുഭവിക്കുന്ന ശാന്തി മറ്റ് അധിക സ്ഥലങ്ങളില്‍ എനിക്ക് കിട്ടിയിട്ടില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ എപ്പോഴും ആളുകള്‍ വരികയും ബഹളവും ഒക്കെയായിരിക്കും. അവിടെ ഉണ്ടായ ശാന്തിയുടെ അനുഭവം അപാരമായ ഒരു അനുഭവമാണ്.

(ഒരു പ്രസംഗത്തില്‍ പറഞ്ഞ അനുഭവം)