“ബഹുമോഹനമതി കമനീയം”: ലാവണ്യബോധത്തിന്‍റെ ആധ്യാത്മികത തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്

kmg
കേരളത്തിലെ പ്രശസ്തമായ ഒരാശ്രമത്തില്‍ അംഗമായ യുവ സന്യാസി കഴിഞ്ഞ ദിവസം ഒരു ചെറിയ ദുഃഖം പങ്കു വച്ചു. അസ്തമയത്തിന്‍റെ നിറങ്ങള്‍ കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. ചിത്രകാരന്‍ കൂടെ ആയതുകൊണ്ട്, വര്‍ണ്ണങ്ങളുടെ താളലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ എന്നും വൈകിട്ട് ആറു മണിയ്ക്ക് പ്രാര്‍ത്ഥനയ്ക്കുവേണ്ടി ചാപ്പലില്‍ എത്തണം. ആ സമയത്താണ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മേഘങ്ങളുടെ വര്‍ണ്ണനൃത്തം അരങ്ങേറുന്നത്.

ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ് ഞാനും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയിരുന്നത് ഓര്‍മ്മവന്നു. വൈകിട്ട് ആറു മണിയാകുമ്പോള്‍ സി.എം.എസ് കോളജ് കാമ്പസ് ശാന്തവും വിജനവുമാകും. പ്രണയജോടികളും ക്രിക്കറ്റ് കളിക്കാരുമെല്ലാം പോയിരിക്കും. ചൂളമരങ്ങളും നൂറ്റാണ്ടു പിന്നിട്ട, കൊളോണിയല്‍ ശൈലിയിലുള്ള ചാപ്പലും കെട്ടിടങ്ങളും പിന്നെ ചേക്കേറാന്‍ കലപില കൂട്ടുന്ന കുറെ പക്ഷികളും മാത്രം. അസ്തമയ സൂര്യന്‍ ചൂളമരത്തിന്‍റെ ചില്ലകള്‍ക്കിടയിലൂടെ അലൗകികമായ ശോഭ വിതറുന്ന സമയം. ത്രിസന്ധ്യയുടെ ആ നിശബ്ദ നിമിഷങ്ങളില്‍, താഴെയുള്ള പി.ജി. ഹോസ്റ്റലില്‍ നിന്ന് ആരുമറിയാതെ ഇറങ്ങി ഏതെങ്കിലുമൊരു ചൂളമരത്തിന്‍റെ ചുവട്ടില്‍ ചേര്‍ന്നിരുന്ന് അസ്തമയം കണ്ടിരുന്ന നാളുകള്‍. ഓരോ ദിവസവും ഉദയാസ്തമയങ്ങളുടെ വിസ്മയ നിമിഷങ്ങള്‍!

സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഈ സായാഹ്ന ലഹരിക്ക് ഭംഗം വന്നു. സന്ധ്യയ്ക്ക് ആറു മണിക്ക് മുമ്പേ പള്ളി മണി മുഴങ്ങും. ഇരുണ്ടു തുടങ്ങുന്ന കിഴക്ക് ദിക്കിലേക്ക് നോക്കിയാണ് ദീര്‍ഘമായ സന്ധ്യാനമസ്ക്കാരം. അസ്തമയങ്ങളുടെ നഷ്ടഭാവം മനസ്സില്‍ നിറയും. മുഴുവന്‍ യാമപ്രാര്‍ത്ഥനകളും അന്ന് സുറിയാനിയിലാണ്. ഒരു ഭാഗത്ത് ഞങ്ങള്‍ ചൊല്ലും. മോ

തോബോ മോ ശാഫീര്‍.
ബഹുമോഹനമതികമനീയം
മായുന്നു പകലിന്‍ ദീപ്തി,
നിന്‍ കൃപ നിറവേറ്റീടണമേ……

(പില്‍ക്കാലത്ത് വെണ്ണിക്കുളം സി. പി. ചാണ്ടി സാര്‍ സുറിയാനി മൂലത്തിന്‍റെ അര്‍ത്ഥവും വൃത്തവും ഒട്ടുമേ ഭഞ്ജിക്കാതെ, മനോഹരമായ മലയാളത്തിലാക്കിയതാണ് ഈ വരികള്‍.)
പകല്‍ വെളിച്ചം എത്ര നല്ലതും സുന്ദരവുമാണ് എന്ന് പറയുന്ന അതേ ശ്വാസത്തില്‍ അത് ഇതാ മാഞ്ഞുപോകുന്നു എന്നും ചൊല്ലുന്നു. ക്രമേണ അതിന്‍റെ ആത്മീയാര്‍ത്ഥം കുറെശ്ശെ മനസ്സിലായിത്തുടങ്ങി.

സന്യാസിമാരുടെ പുരാതനമായൊരു സൗന്ദര്യശാസ്ത്രമാണിവിടെ വ്യഞ്ജിപ്പിക്കപ്പെടുന്നത്. ലോകത്തില്‍ നാം കാണുന്ന എല്ലാ സൗന്ദര്യവും ആകര്‍ഷണീയതയും ഈ പകലിന്‍റെ ശോഭപോലെ അത്ര ക്ഷണികമാണ്. സന്ധ്യയ്ക്ക് കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നവര്‍ തല്‍ക്കാലം ഇരുട്ടിലേക്കാണ് നോക്കുന്നതെങ്കിലും അവിടെ സൂര്യന്‍ വീണ്ടും ഉദിക്കും എന്ന പ്രത്യാശയുണ്ട്. മായികമായ സൗന്ദര്യത്തെക്കാള്‍ ഈ സുദൃഢമായ ആന്തരിക പ്രത്യാശയ്ക്കാണ് മൂല്യം. ഇപ്പറയുന്നത് നമ്മുടെ ലോകത്തിലെ ഉദയാസ്തമയങ്ങളെക്കുറിച്ചല്ല, ഭൗതിക പ്രപഞ്ചത്തിന്‍റെ അവസാനത്തെക്കുറിച്ചു അനശ്വരമായ ജീവന്‍റെ ഉദയത്തെക്കുറിച്ചുമാണ്. അപ്പോള്‍ നമുക്കു തല്‍ക്കാലം അസ്തമയത്തിന്‍റെ വര്‍ണ്ണോത്സവത്തില്‍ നിന്ന് മുഖം തിരിച്ച്, മുമ്പിലുള്ള കൂരിരിട്ടിലൂടെ ഉദയ കിരണങ്ങള്‍ക്കായി കാത്തിരിക്കാം. ഇങ്ങനെ പോകുന്നു സംന്യാസത്തിന്‍റെ സൗന്ദര്യ സങ്കല്‍പ്പം.

എന്‍റെ യുവ സന്യാസസുഹൃത്തുമായി ഇത് പങ്ക് വെച്ച് ഞങ്ങള്‍ രണ്ടാളും ആശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും, ഇവിടെ ഒരു ചെറിയ വേദശാസ്ത്ര ദാര്‍ശനിക പ്രശ്നമുണ്ട്. ഇക്കാണുന്ന സൗന്ദര്യമൊക്കെ മായയും ക്ഷണികവുമാണെങ്കില്‍ പിന്നെന്തിനാണ് ദൈവം അതൊക്കെ അങ്ങനെ രൂപപ്പെടുത്തിയത്? എന്താണ് സൃഷ്ടിയുടെ സൗന്ദര്യത്തിന്‍റെ അര്‍ത്ഥം?
തിരുവെഴുത്തുകളില്‍ നാം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാറുണ്ട്. എന്നാല്‍ എഴുതപ്പെട്ട വേദഗ്രന്ഥങ്ങള്‍ക്കും മുമ്പ്, ദൈവത്തിന്‍റെ വെളിപാടുകളുടെ പുസ്തകമായി മഹാ ഗുരുക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് ദൈവസൃഷ്ടിയെത്തന്നെയാണ്. എപ്പോഴും തുറന്നിരിക്കുന്ന ഈ വേദപുസ്തകത്തില്‍ ദൈവമഹത്വത്തിന്‍റെ ഒളിമിന്നലുകളും പ്രതിഫലനങ്ങളും കാണാനാണ് അവര്‍ പഠിപ്പിക്കുന്നത്. സഹജമായ ബോധം കൊണ്ടും നിരന്തരമായ അഭ്യാസം കൊണ്ടും പ്രപഞ്ചത്തിന്‍റെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കുറെയൊക്കെ നമുക്കു കഴിയും.

ഈ പരിശീലനത്തിന്‍റെ ആദ്യപടികളിലൊന്നാണ് നമുക്കു ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കയെന്നത്. ഒരു ചെറിയ ഉദാഹരണം. രാത്രിയില്‍ ആകാശം നോക്കി നില്‍ക്കുന്നവരുണ്ട്, – ജ്യോതിശാത്രജ്ഞരും മിസ്റ്റിക്കുകളും കവികളും തുടങ്ങി സാധാരണക്കാരായ കര്‍ഷകരും വെറും കൗതുകം തേടുന്നവരും വരെ.

നമ്മുടെ വിദ്യാലയങ്ങളിലൊ ആത്മികകേന്ദ്രങ്ങളിലോ ഒന്നും പ്രപഞ്ചത്തിന്‍റൈ ലാവണ്യമാനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന കോഴ്സുകള്‍ ഇല്ല. പൊതുവെ, ആരുമങ്ങനെ ആകാശം നോക്കി നില്‍ക്കാറുമില്ല. പുസ്തകത്തിലും കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും റ്റിവി സ്ക്രീനിലും മാത്രം നോക്കുന്നവര്‍ക്ക് എപ്പോഴാണ് ആകാശം കാണാനാവുക? രാത്രികളില്‍ നക്ഷത്ര നിബിഡമായ ആകാശത്തിന്‍റെ മഹാ സമസ്യകള്‍ക്കു മുമ്പില്‍ അത്ഭൂതം കൂറി നില്‍ക്കുവാന്‍ അല്‍പ്പസമയം എടുത്താല്‍ നമ്മുടെ മാനസിക വ്യവസ്ഥയ്ക്ക് വളരെ മാറ്റം വരും. ലോകത്തോടുള്ള നമ്മുടെ മനോഭാവം മാറും. പട്ടക്കാരും മേല്‍പട്ടക്കാരുമുള്‍പ്പെട്ട വൈദിക വൃന്ദം നമ്മുടെ സഭകളുടെ നേതൃത്വം കൈയാളുന്നവരാണ്. ഭൗതികതയുടെ താല്‍പ്പര്യങ്ങളും മാനദണ്ഡങ്ങളുമാണ് വൈദിക നേതൃത്വം പിന്തുടരുന്നത് എന്ന് അതിശക്തമായ വിമര്‍ശനമുണ്ട്. ദൈവസൃഷ്ടിയുടെ മഹത്വത്തെ ശാന്തമായി ധ്യാനിക്കാന്‍ നമ്മെ പഠിപ്പിക്കുന്നത് യേശു ക്രിസ്തു തന്നെയാണ്. മിക്കവാറും എല്ലാ രാത്രികളിലും ശിഷ്യന്മാരെ വിട്ട്, പലസ്തീന്‍ കുന്നുകളുടെ വിജനതയിലേക്കും വിശ്രാന്തിയിലേക്കും അപ്രത്യക്ഷനായിരുന്ന യേശുവിനെക്കുറിച്ച് സുവിശേഷങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വയലിലെ കൊച്ചു പൂക്കളെക്കുറിച്ചും ആകാശത്തിലെ പറവകളെക്കുറിച്ചും അതീവ ശ്രദ്ധയോടെയാണ് യേശു പഠിപ്പിച്ചത്.

വലിയ നോമ്പിലെ ഒരു രാത്രി പ്രാര്‍ത്ഥനയില്‍ സുറിയാനി ഓര്‍ത്തഡോക്സ് പാരമ്പര്യം ഇങ്ങനെ പാടുന്നു: “രാത്രിയുടെ മദ്ധ്യത്തില്‍ ദൈവത്തിന്‍റെ അല്‍ഭുതങ്ങളെയും അത്യുന്നതന്‍റെ ന്യായങ്ങളെയും കുറിച്ച് സ്തോത്രം ചെയ്യാന്‍ ദാവീദ് എഴുന്നേറ്റു. അവന്‍ ആകാശത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു. ആകാശവിതാനത്തെയും പ്രകാശഗോളങ്ങളെയും അവയുടെ അയനത്തിന്‍റെ അഴകിനെയും കണ്ടു. സൃഷ്ടികളിലുള്ള ശാന്തിയും ക്രമവും കണ്ട് അല്‍ഭുതം നിറഞ്ഞ് ദൈവത്തെ സ്തോത്രം ചെയ്തു.”

കുഞ്ഞാടുകളെ പരിപാലിക്കാനും കെട്ടിടം പൊളിക്കാനും പണിയാനും പള്ളികള്‍ സംരക്ഷിക്കാനും മറ്റുമുള്ള വൈദിക സ്ഥാനികളുടെ തത്രപ്പാടിനിടയ്ക്ക് അനുഷ്ഠാനപരമായി ഈ പ്രാര്‍ത്ഥന ചൊല്ലുമെങ്കിലും ഇടയ്ക്കിടെ നിശ്ശബ്ദമായി രാത്രിയുടെ ഏകാന്തതയില്‍ ആകാശ ദര്‍ശനം നടത്തുന്നതും വിസ്മയമെന്ന വികാരം അനുഭവിക്കുന്നതും നമ്മുടെയും സമൂഹത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

ചില നിര്‍ദ്ദേശങ്ങള്‍

  • സെമിനാരികളിലും മറ്റ് ആത്മീയ പരിശീലനകേന്ദ്രങ്ങളിലും ക്രിസ്തീയ ലാവണ്യ വിജ്ഞാനീയം (ഇവൃശശെേമി അലവെേലശേരെ) പഠിക്കുന്നത് നല്ലതാണ്. കലയും വേദശാസ്ത്രവും ആരാധനയും ആത്മികാനുഭവവും എല്ലാം എങ്ങനെ സമ്മേളിപ്പിക്കാം എന്നന്വേഷിക്കുന്ന ഈ പാഠ്യപദ്ധതി താത്വികമായ പഠനത്തോടൊപ്പം ചമൗൃലേ ടലിശെശ്ശേ്യേ പരിശീലിക്കാനും നേരിട്ടു അനുഭവിക്കാനും സഹായിക്കുന്നതാവണം. ഇങ്ങനെയുള്ള പരിശീലന കൂട്ടായ്മയ്ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അതിനുള്ള സാധ്യതകള്‍ ഉണ്ട്.
  • പരിസ്ഥിതിയുടെ സന്തുലിതമായ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ഈ പ്രകൃതിസംവേദന പരിശീലനവും (Nature sensitivity training) സൗന്ദര്യ ദര്‍ശനവും അത്യന്താപേക്ഷിതമാണ്.
  • നമ്മുടെ ആധ്യാത്മികത ഭൗതികമായ ആസ്തികളിലും സംഘടനകളിലും കുരുങ്ങിക്കിടന്ന് വര്‍ഗ്ഗീയവും ജാതീയവും കക്ഷിപരവുമായ കിടമത്സരങ്ങളിലും അധികാരമോഹങ്ങളിലും പെട്ടുഴലുകയാണ്. ദൈവസൃഷ്ടിയുടെ മഹത്വവും സ്വാതന്ത്ര്യവും പാരസ്പര്യവും യേശുക്രിസ്തുവിലൂടെ ദൈവം നമ്മോടു കാണിച്ച ആര്‍ദ്രസ്നേഹവും അനുഭവിക്കാന്‍ ജനങ്ങളെ സന്നദ്ധരാക്കുന്ന ഒരു സൗന്ദര്യദര്‍ശനത്തിലൂടെ മാത്രമേ നമ്മുടെ ആദ്ധ്യാത്മികതയെ വിമോചിപ്പിക്കാനാവൂ.