കലിഗ്രഫിയുടെ ആധ്യാത്മികത / ഫാ. ഡോ. കെ. എം. ജോര്‍ജ്

kareem-kmg

വളരെ പുരാതനമായ കലയാണ് കലിഗ്രഫി (Kalligraphy) എന്ന കയ്യെഴുത്ത് വിദ്യ. ഗ്രീക്ക് ഭാഷയില്‍ സമഹീെ എന്നാല്‍ സുന്ദരമായത്; graphe എന്നാല്‍ എഴുത്ത്, വര. അപ്പോള്‍ കലിഗ്രഫി എന്ന വാക്കിന് മനോഹരമായ എഴുത്ത്, സുന്ദരമായ വരയ്ക്കല്‍, ചേതോഹരമായ രചന എന്നൊക്കെ അര്‍ത്ഥം പറയാം.

അച്ചടിവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പ് കൈയെഴുത്തിന് വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നല്ലോ. വായിച്ചാല്‍ മനസ്സിലാക്കുക എന്ന പ്രായോഗിക ലക്ഷ്യത്തിനുപരി, അക്ഷരങ്ങളെ എത്രയും സുന്ദരമായി ഡിസൈന്‍ ചെയ്ത് എഴുതാമോ അത്രയും നല്ലതെന്ന് കരുതപ്പെട്ടിരുന്നു. ചൈനയിലും ജപ്പാനിലും മദ്ധ്യപൗരസ്ത്യ ദേശങ്ങളിലുമാണ് മുഖ്യമായും ഈ കല വികസിച്ചത്. ഇപ്പോഴും അറബി ഭാഷ കലിഗ്രഫിയില്‍ എഴുതുന്നത് വളരെ ശ്രദ്ധേയമാണ്.

യൂറോപ്പില്‍ മധ്യകാല നൂറ്റാണ്ടുകളില്‍ വേദപുസ്തകവു മറ്റു ഗ്രന്ഥങ്ങളും പകര്‍ത്തുമ്പോള്‍ ഓരോ അദ്ധ്യായത്തിന്‍റെയും ആദ്യക്ഷരം വളരെ സമയമെടുത്ത് മനോഹരമായ ഒരു കലാസൃഷ്ടിയാക്കി എഴുതുന്ന രീതിയുണ്ടായിരുന്നു. ഇത്തരം കൈയെഴുത്തുപ്രതികള്‍ക്ക് Illuminated Manuscripts എന്നാണ് പറയാറ്.

പുതിയകാലത്ത് പരസ്യകലയ്ക്ക് പ്രാധാന്യം വന്നപ്പോള്‍ കലിഗ്രഫിയുടെ പ്രസക്തിയും വര്‍ദ്ധിച്ചിട്ടുണ്ട്. ജപ്പാനിലെ സെന്‍ ബുദ്ധ പാരമ്പര്യത്തിലും മറ്റും കലിഗ്രഫിയ്ക്ക് ആദ്ധ്യാത്മിക മാനം നല്‍കപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ എല്ലാ സംസ്കാരങ്ങളിലും കൈയക്ഷര സൃഷ്ടിയെ ആത്മികമായി കാണുന്നവരുണ്ട്. അ-ക്ഷരം അനശ്വരമാണെന്നാണല്ലോ വാക്കിന്‍റെ അര്‍ത്ഥം തന്നെ. ഓരോ അക്ഷരവും കലിഗ്രഫി രീതിയില്‍ എഴുതുമ്പോള്‍ വളരെയേറെ ശ്രദ്ധയും ക്ഷമയും പൂര്‍ണ്ണമായും അതില്‍ മുഴുകുന്ന അവസ്ഥയും ഉണ്ടാകണം. മറ്റെല്ലാം മറന്ന് നിത്യതയുടെ പ്രതീകമായ അക്ഷരത്തെ ഭംഗിയായി വരയ്ക്കുമ്പോള്‍ അത് ശരിയായ ധ്യാനത്തിന് തുല്യമാണ്. വെറുമൊരു അക്ഷരത്തിനുള്ളില്‍ സൃഷ്ടിയുടെ സകല സമ്പൂര്‍ണ്ണതയും ദൈവമഹത്വവും സംഗ്രഹിക്കാനുള്ള ശ്രമമാണ് കലാകാരനായ കലിഗ്രാഫര്‍ നടത്തുന്നത്. ആയിരം വാക്കുകളില്‍ പറയുന്നതിനേക്കാള്‍ നന്നായി ഒരക്ഷരത്തിന് ആശയം വിനിമയം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിനര്‍ത്ഥം. അക്ഷരത്തിന്‍റെ കാഴ്ച്ചയിലൂടെത്തന്നെ നാം നിത്യമായ ദിവ്യരഹസ്യങ്ങളെയാണ് മനനം ചെയ്തു തുടങ്ങുന്നത്. വായന, ഉച്ചാരണം, കേള്‍വി, കാഴ്ച, ധ്യാനം, ആനന്ദം എന്നിവയെല്ലാം വേര്‍പ്പെട്ടു നില്‍ക്കാതെ ഒരൊറ്റ അനുഭവമാക്കി മാറ്റാന്‍ അക്ഷരത്തിനു കഴിയും. സര്‍വ്വത്തെയും സമാഹരിക്കുന്ന ആദിബിന്ദുവിനെ ധ്വനിപ്പിക്കുന്ന അക്ഷരം കുറിയ്ക്കല്‍ ഇങ്ങനെയാണ് ആത്മീയ സാധനയായിത്തീരുന്നത്. എഴുത്തിലൂടെ അനര്‍ഗ്ഗളമായ ഊര്‍ജ്ജപ്രവാഹം അനുഭവിക്കാന്‍ കഴിയുന്നവരാണ് കലിഗ്രാഫര്‍മാര്‍. ശരീരത്തിന്‍റേയും അവയവങ്ങളുടെയും വിന്യസനം, അക്ഷരങ്ങളുടെ സുഗമമായ ഒഴുക്ക്, ശ്രദ്ധയുടെയും ധ്യാനത്തിന്‍റെയും ഏകാഗ്രത, അക്ഷരങ്ങളും വാക്കുകളും തമ്മിലുള്ള താളാത്മകമായ ബന്ധം, വരയിലൂടെ ആഴങ്ങളും ഉയരങ്ങളും തുറക്കപ്പെടുന്ന അവസ്ഥ – ഇതെല്ലാം ഉത്തമ കലിഗ്രഫിയുടെ ലക്ഷണങ്ങളാണ്. ഇവിടെ ഒരു വാക്കിന്‍റെയോ വാക്യത്തിന്‍റെയോ ഉപരിപ്ലവമായ അര്‍ത്ഥഗ്രഹണത്തേക്കാള്‍ പ്രധാനം അക്ഷരത്തിന്‍റെ അനുധ്യാന രചനയിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ദിവ്യമായ ആനന്ദാനുഭൂതിയാണ്. അതാണ് സുന്ദരമായ അക്ഷരമെഴുത്ത് എന്ന കലിഗ്രഫി.

(സോപാന ഓര്‍ത്തഡോക്സ് അക്കാദമി, സംസ്കാരവും ദൈവശാസ്ത്രവുമായി ബന്ധിപ്പിക്കാനുള്ള വിവിധ ശ്രമങ്ങളുടെ ഭാഗമായി, ഇറയത്ത് ഇത്തിരിനേരം, വര ആര്‍ട്ട് ഗാലറി എന്നിവയോടു ചേര്‍ന്ന് പ്രശസ്ത കലാകാരന്‍ അബ്ദുള്‍ കരിമിന്‍റെ നേതൃത്വത്തില്‍ നടത്തിയ കലിഗ്രഫി ശില്‍പ്പശാലയില്‍ നിന്ന്. 20 ആഗസ്റ്റ് 2019)