പ്രാര്‍ഥന പോലെ ഈ ചിത്രകല

kmg_painting-news

വര്‍ണ്ണക്കൂട്ടുകളെ പ്രണയിക്കുന്ന പുരോഹിതന്‍

നിറക്കൂട്ടുകള്‍ വര്‍ണ്ണജാലമൊരുക്കിയ വീട്. ജീവിതമിവിടെ ഒരു ധ്യാനമാണ്. ഏകാന്തതയുടെ അപാരതീരത്തെ യോഗയിലൂടെയും വര്‍ണ്ണപ്പെരുക്കങ്ങളിലൂടെയും പിടിച്ചുകെട്ടിയ പുരോഹിതന്‍- ഫാദര്‍. കെ.എം. ജോര്‍ജ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ ഫാദര്‍ ലോക്ഡൗണ്‍ കാലത്തെ നേരിട്ടത് ബ്രഷും ചായക്കൂട്ടുകളും കൊണ്ടായിരുന്നു.

മണിക്കൂറുകളോളം ചിത്രരചനയില്‍ യാതൊരു തടസ്സമില്ലാതെ മുഴുകാന്‍ കഴിയുന്നതിന്റെ ആഹ്ലാദം.

പുതിയ ചിത്രങ്ങളായി പിറവിയെടുക്കുന്നു. കോട്ടയത്ത് ദേവലോകത്തെ വീടിന്റെ സ്വീകരണ മുറി ആര്‍ട്ട് ഗാലറി പോലെയാണ്. എമ്പാടും പൂര്‍ത്തിയാക്കിയതും പാതിയാക്കിയതുമായ വാഗ്മയ ചിത്രങ്ങള്‍. പാരീസിലെ അഞ്ചുവര്‍ഷത്തെ തിയോളജി ഡോക്ടറേറ്റ് പഠനകാലത്താണ് ചിത്രരചനയോടുള്ള അഭിനിവേശം വര്‍ധിച്ചത്. അന്ന് കൂട്ടുകാരേറെയും ഫ്രഞ്ചുകാരായ കലാകാരന്‍മാരായിരുന്നു. ഒഴിവു വേളകളില്‍ അവര്‍ക്കൊപ്പം ആര്‍ട്ട് ഗാലറികള്‍ സന്ദര്‍ശിക്കാന്‍ പോകുക ശീലമായി.

മോഡേണ്‍ ആര്‍ട്ടിനെ അടുത്തറിഞ്ഞ കാലം. മനസ്സിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടന്ന ചിത്രരചനാകമ്പം അതോടെ സടകുടഞ്ഞ് ഉണര്‍ന്നു. പിക്കാസോ, സാര്‍ത്രേ, ഫൂക്കോ തുടങ്ങിയുള്ള പ്രമുഖര്‍ പാരീസില്‍ അരങ്ങുവാഴുന്ന കാലമാണ്. കാണുന്നതും കേള്‍ക്കുന്നതും കാണുന്നതും അറിയുന്നതുമെല്ലാം കലയുടെ മായാപ്രപഞ്ചം.മിക്ക ആഴ്ചാവസാനങ്ങളിലും പെയിന്റിങ് എക്‌സിബിഷനുകള്‍, ചര്‍ച്ചകള്‍… ചിത്രകല പ്രാണവായു ആക്കിയ യുവാക്കള്‍. പുതിയൊരു ലോകത്തിന്റെ വ്യത്യസ്തമായ കാഴ്ചകള്‍.

അറിയാതെ വര്‍ണ്ണക്കൂട്ടുകളുടെ ലോകത്തേക്ക് വലിച്ചടുപ്പിക്കപ്പെടുകയായിരുന്നു ഫാദര്‍.ജോര്‍ജ്. പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി വൈദികശുശ്രൂഷയില്‍ സജീവമായതോടെ കലയുടെ ലോകത്തുനിന്ന് വീണ്ടും വഴിമാറി. ഓര്‍ത്തഡോക്‌സ് സഭാസെമിനാരിയുടെ പ്രിന്‍സിപ്പല്‍, ജനീവയിലെ ലോക സഭാ കൗണ്‍സില്‍ പ്രോഗ്രാം മോഡറേറ്റര്‍ എന്നീ നിലകളില്‍ തിരക്കുകള്‍ നിറഞ്ഞ വര്‍ഷങ്ങള്‍. അതിനിടക്കിടയ്ക്ക് നിറക്കൂട്ടുകളും ബ്രഷും പാരിസ് ഓര്‍മകളില്‍ മാത്രം വന്നെത്തിനോക്കി കടന്നുപോയി.

വര്‍ഷം മുമ്പ് വിരമിച്ച ശേഷമാണ് ഫാദര്‍ ചിത്രരചനയില്‍ വീണ്ടും സജീവമായത്. പൗരോഹിത്യമെന്നാല്‍ പ്രാര്‍ഥനയും അജപാലനവും മാത്രമല്ല വചനത്തെ ചിത്രീകരിക്കയുമാവാം എന്ന് രചനകളിലൂടെ തെളിയിക്കയാണ് ജോര്‍ജച്ചന്‍. വര്‍ത്തമാനവും ഭൂതവും ഭാവിയുമെല്ലാം കാലത്തിന്റെ കണ്ണാടി നോക്കി പകര്‍ത്തിയ ജീവനുള്ള ചിത്രങ്ങള്‍. അച്ചന്‍ വരയ്ക്കുന്ന ഓരോ ചിത്രത്തിനും ഓരോ തീം ഉണ്ട്. മഹാപ്രളയകാലത്ത് സ്വന്തം പുറം മറ്റുള്ളവര്‍ക്ക് ചവിട്ടുപടിയാക്കി

നല്‍കിയ മലപ്പുറത്തെ ജയ്‌സലിന് സമര്‍പ്പിച്ചിരിക്കുന്ന ചിത്രത്തിന് ‘മനുഷ്യപുത്രന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. അത് ബൈബിളിലെ മഹാപ്രളയകാലത്തില്‍ പെട്ടകമൊരുക്കി ജീവജാലങ്ങളെ പോറ്റിയ നോഹയുമായി താരതമ്യം ചെയ്യാവുന്ന ചിത്രം

കൊറോണക്കാലം കഴിഞ്ഞാല്‍ ലോകത്തിന്റെ അവസ്ഥയെന്തായിരിക്കും? ഒരു ദാര്‍ശനിക കാഴ്ചപ്പാടോടെ അത് വെളിപ്പെടുത്തിയിരിക്കുന്നത് ഒച്ചിനെ വരച്ചാണ്. മറ്റൊരു ചിത്രത്തില്‍ ക്രിസ്തുവിനെ ഔഷധ സസ്യമായും ചിത്രീകരിച്ചിരിക്കുന്നു.

ഗോത്രവര്‍ഗക്കാരുടെ ജീവിതം, ആഴക്കടലിലെ മത്സ്യം, കൊളാഷ് ചിത്രങ്ങള്‍ എന്നിവയും രചനകളിലുണ്ട്. സ്‌ക്ലപ്ചര്‍ പെയ്ന്റിങ്ങിലും മികവുതെളിയിച്ചിരിക്കുന്നത് പ്രശംസാര്‍ഹമാണ്. കവുങ്ങിന്‍ പാളയും മരത്തോലുകളും മരംവെട്ടുകാര്‍ വലിച്ചെറിഞ്ഞ പാഴ്ത്തടിക്കഷണങ്ങളും ചിത്രകലയുടെ മാധ്യമമായി മാറ്റിയിരിക്കുന്നത് കാണികളെ അതിശയിപ്പിക്കുന്നു. പരുക്കന്‍ പ്രതലത്തിലും കാന്‍വാസിലും ഫാബ്രിക്ക് പെയിന്റിങ്ങാണ് ചെയ്തിരിക്കുന്നത്. തൃശൂരില്‍ ലളിതകലാ അക്കാദമി ഹാളില്‍ നടന്ന ഗ്രൂപ്പ് എക്‌സിബിഷനില്‍ അച്ചന്‍ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. പല ചിത്രങ്ങളും കടല്‍ കടന്നു. ചിത്രങ്ങള്‍ വില്‍ക്കുന്നതില്‍ പക്ഷേ താല്‍പ്പര്യമില്ല.

എഴുത്തിലും സജീവമാണ് ഫാദര്‍. ജോര്‍ജ്. കവിതകളുള്‍പ്പടെ 13 പുസ്തകങ്ങള്‍ പുറത്തിറങ്ങി. ധ്യാനാത്മക എഴുത്തുകളിലൂടെ നവമാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു. തികച്ചും ഭാരതസംസ്‌കാരത്തില്‍ ഊന്നിയുള്ള ജീവിതം. അതിരാവിലെ യോഗയോടെയാണ് തുടക്കം. ഭക്ഷണം പ്രകൃതിജീവനം. തൊടിയില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന ഇലക്കറികള്‍ കൊണ്ടുള്ള ലളിതപാചകവും തനിയെയാണ്. ഭാര്യ മറിയം ജോര്‍ജ് കോട്ടയം എം.ഡി.സെമിനാരി സ്‌കൂളില്‍ അദ്ധ്യപികയായിരുന്നു. പത്തു വര്‍ഷം മുമ്പ് മരിച്ചു. രണ്ടു മക്കള്‍. മകള്‍ അഡ്വ. സുഷമ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിയമാധ്യാപിക. ഭര്‍ത്താവ് ഡോ.ടോണി മാത്യു. ഐ.എഫ്.എസുകാരായ മകന്‍ അബുവും ഭാര്യ മനുവും വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്നു.

എം.ജി യൂണിവേഴ്‌സിറ്റിയിലെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയറിന്റെ അദ്ധ്യക്ഷനാണ് ഫാ.കെ.എം.ജോര്‍ജ്ജ്.