ജനങ്ങള്‍ക്കു വേണ്ടിയും ജനങ്ങളോടൊപ്പവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

fr-k-t-philip

ആദരണീയനായ ആചാര്യന്‍ കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ച് നിറകണ്ണുകളോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. സെമിനാരിയില്‍ അദ്ദേഹം എനിക്ക് ജൂനിയറായി പഠിച്ച ആളാണെങ്കിലും പില്‍ക്കാലത്ത് ഞാന്‍ അദ്ദേഹത്തെ എന്‍റെ ആത്മീയ ഗുരുസ്ഥാനീയനായി കൂടിയാണ് കണ്ടത്. നല്ല വഴികാട്ടികളായ ഗുരുക്കന്മാര്‍ നമുക്ക് അധികമില്ലല്ലോ. വൈദികന്‍ എന്ന നിലയില്‍ തന്‍റെ ഇടയശുശ്രൂഷ അതീവ ലാളിത്യത്തോടും ഹൃദയനേര്‍മ്മയോടും വിശുദ്ധിയോടും കൂടി അദ്ദേഹം നിര്‍വ്വഹിച്ചു. തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും എല്ലാ മനുഷ്യരോടും സ്നേഹത്തോടും താഴ്മയോടും കൂടി ഇടപെട്ടുമാണ് അദ്ദേഹം നമുക്ക് മാതൃകയായത്.

പ. മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവാ മുതല്‍ പ്രഗത്ഭരായ ഒരു കൂട്ടം വ്യക്തികള്‍ ഒരേ ബഞ്ചിലിരുന്ന് അദ്ദേഹത്തോടു കൂടെ പഠിച്ചവരാണ്. സഹപാഠികളാണെങ്കിലും അവരുടെയൊക്കെ സ്ഥാനക്രമമനുസരിച്ച് ഏറ്റവും ആദരവോടും ആത്മാര്‍ത്ഥമായ സ്നേഹത്തോടും കൂടി അദ്ദേഹം അവസാന നിമിഷം വരെ ഇടപെട്ടുകൊണ്ടിരുന്നു. തിരിച്ചടികളും അവഗണനയും ഉണ്ടായപ്പോഴും ക്ഷമയുടെയും സ്നേഹത്തിന്‍റെയും നീരുറവകള്‍ ഫിലിപ്പച്ചനില്‍ വറ്റിപ്പോയില്ല. അദ്ദേഹത്തിന്‍റെ ഗുരുസ്ഥാനീയരോ ഇടവകാംഗങ്ങളോ ഇതര മതസ്ഥരോ ആരാണങ്കിലും അദ്ദേഹം കാണിച്ച സ്നേഹത്തിന് നിര്‍മ്മലമായ വാത്സല്യത്തിന്‍റെ ആര്‍ദ്രത ഉണ്ടായിരുന്നു. നമുക്കെല്ലാമുണ്ട് കൊച്ചുകുട്ടികളോടും പക്ഷിമൃഗാദികളുടെ കുഞ്ഞുങ്ങളോടുമൊക്കെ സഹജമായ ഒരു വാത്സല്യം. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള നമ്മുടെ സവിശേഷമായ ആകര്‍ഷണത്തിന് ചില ജീവശാസ്ത്രജ്ഞന്മാര്‍ ബയോഫിലിയ (Biophilia) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫിലിപ്പച്ചന്‍റെ വാത്സല്യം ഈ സഹജഭാവത്തിനും അപ്പുറത്തായിരുന്നു. അതിനൊരു വിശാലമായ ചക്രവാളം ഉണ്ടായിരുന്നു. ഒരു ഉദാഹരണം പറയാം. യെറുശലേം ദേവാലയത്തില്‍ യേശുകുഞ്ഞിനെ കണ്ട് കൈയിലെടുത്ത ശിമയോന്‍ മഹാവാത്സല്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ അത് വ്യക്തിപരമായി ഒരു കുഞ്ഞിനോട് മാത്രമായിരുന്നില്ല. “ജനതകള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” (ലൂക്കോസ് 2) എന്നാണ് യേശുക്കുഞ്ഞിനെ കൈയിലെടുത്ത് ആ വൃദ്ധന്‍ പറഞ്ഞത്. ഒരു വലിയ ജനതയുടെ രക്ഷയെക്കുറിച്ചാണത്. അതുപോലെ പടുവൃദ്ധയായ ഹന്നാ എന്ന പ്രവാചകി അതിനടുത്ത് നിന്ന് ‘ദൈവത്തെ പുകഴ്ത്തിപ്പാടി, യെരുശലേമിന്‍റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവള്‍ ഈ കുഞ്ഞിനെക്കുറിച്ച് പറയുകയും ചെയ്തു’ (ലൂക്കോസ് 2) സമൂഹം അവഗണിച്ചിരുന്ന എളിയവരായ ഈ രണ്ടു വ്യക്തികളും പ്രകടിപ്പിച്ചത് സഹജമായ ബയോഫിലിയ അല്ല. ഒരു വലിയ ജനതയുടെ ഭാവിയെക്കുറിച്ചും സ്രഷ്ടാവിന്‍റെ മഹാലക്ഷ്യത്തെക്കുറിച്ചുമുള്ള ആഴമായ ഉള്‍ബോധമാണ് അവര്‍ ആ ശിശുവിനെ കണ്ടപ്പോള്‍ പ്രകടിപ്പിച്ചത്. പില്‍ക്കാലത്ത്, യേശു കുഞ്ഞുങ്ങളെ അനുഗ്രഹിക്കുമ്പോള്‍ അവിടെയും ഒരു മുതിര്‍ന്ന ആളിന് ശിശുക്കളോടുള്ള സഹജമായ വാത്സല്യം മാത്രമായിരുന്നില്ല. ശിമയോനും ഹന്നായും കണ്ട യിസ്രായേല്‍ ജനതയുടെ ചക്രവാളത്തിനപ്പുറം സകല മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സൃഷ്ടിയുടെ മുഴുവന്‍റെയും തേജസ്സേറിയ ഭാവിമുഖം കണ്ടുകൊണ്ടാണ് യേശു കുഞ്ഞുങ്ങളെ മാറോടണച്ചത്.

കെ. റ്റി. ഫിലിപ്പച്ചന്‍ പ്രായത്തിലും സ്ഥാനത്തിലും തന്നേക്കാള്‍ വളരെ വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പ. ബാവാ തിരുമേനിയെക്കുറിച്ചും എത്ര വാത്സല്യത്തോടെയാണ് സംസാരിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. ഇവിടെ ഉന്നതസ്ഥാനീയനായി തീര്‍ന്ന ഒരു സഹപാഠിയോടുള്ള സ്നേഹം മാത്രമല്ല, ഒരു ജനതയുടെ വിമോചനവും രക്ഷയുമാകുന്ന പ്രകാശം മുമ്പില്‍ കണ്ടുകൊണ്ടായിരുന്നു അത്. മലങ്കരസഭയാണ് ആ ജനത. വ്യവഹാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ഊരാക്കുടുക്കില്‍ നിന്ന് സഭയെ മോചിപ്പിച്ച് ഇരു കൂട്ടരെയും ഒന്നാക്കി ക്രിസ്തുവിന്‍റെ ശരീരമായ സഭയാക്കി മാറ്റാന്‍ ദൈവം ചിലരെ നിയോഗിച്ചിരിക്കുന്നു എന്ന ബോധ്യവും പ്രത്യാശയുമാണ് ആ വാത്സല്യാതിരേകത്തിന് ആധാരമായി തീര്‍ന്നത്.

സഭയുടെ സമാധാനം, ഐക്യം എന്നിവ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പഠിപ്പിച്ച് നമ്മെ ഭരമേല്പിച്ചതാണ് എന്ന ദൃഢമായ ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് കുടുംബത്തിലും ചുറ്റുപാടിലും സമൂഹത്തിലും അദ്ദേഹത്തിന് പ്രതിബന്ധങ്ങളും കഷ്ടതകളും ധാരാളം ഉണ്ടായെങ്കിലും കര്‍ത്താവിന്‍റെ ഇഷ്ടത്തിന് അനുസൃതമായി നന്മയുടെ ചങ്ങല സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിഭാഗീയ പ്രവണതകളും തീവ്രവാദത്തിന്‍റെയും പ്രതികാരത്തിന്‍റെയും സ്ഫോടനശബ്ദങ്ങളും ഫിലിപ്പച്ചനെ അതീവ ദുഃഖിതനാക്കി. ദുര്‍വാശിക്കാരുടെ ഭര്‍ത്സനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായപ്പോഴും അദ്ദേഹം സാത്വികരായ നമ്മുടെ പിതാക്കന്മാരെപ്പോലെ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ചങ്ങല വിടാതെ പിടിച്ചുനിന്നു. അദ്ദേഹം വാങ്ങിപ്പോകുമ്പോള്‍ സ്വന്ത ജീവിതത്തെക്കുറിച്ചുള്ള ഭാരമായിരുന്നില്ല കൂടുതല്‍. സഭയുടെ ഭാവിയെക്കുറിച്ചും ഒരേ കുടുംബവും സഹോദരങ്ങളുമായ മനുഷ്യര്‍ പരസ്പരം ഏറ്റുമുട്ടിയും വിദ്വേഷം വമിപ്പിച്ചും അകന്നകന്ന് പോകുന്നുവല്ലോ എന്നുള്ള ഭാരമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം അവസാനമായി വെല്ലൂര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. രോഗവിവരം ഞാന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ” അച്ചാ, എന്‍റെ ശരീരത്തിന്‍റെ രോഗമല്ല എന്നെ ഭാരപ്പെടുത്തുന്നത്. നമ്മുടെ സഭയുടെ അവസ്ഥയും തീരുമാനങ്ങള്‍ എടുക്കേണ്ടവരുടെ നിഷ്ക്രിയത്വവുമാണ് എന്നെ ദുഃഖിപ്പിക്കുന്നത്.”

ഫിലിപ്പച്ചന്‍ അധികാരികള്‍ക്ക് എഴുതിയ കത്തുകളും അദ്ദേഹം തന്‍റെ വാക്കുകളിലൂടെ പൊതുവില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും നാം മായിച്ചാലും മാഞ്ഞുപോകുകയില്ല. ദൈവരാജ്യത്തില്‍ നീതിയുടെ പുസ്തകത്തില്‍ അവ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ ഹൃദയനേര്‍മ്മ കൊണ്ട് ആരെയും ഭയപ്പെടാതെ സത്യം തുറന്നു പറഞ്ഞിരുന്നു. അന്ത്യന്യായവിധി എന്നൊന്നുണ്ടെങ്കില്‍, നമ്മെയൊക്കെ അഭിസംബോധന ചെയ്ത് സാത്വികനും വ്രണിതഹൃദയനുമായ കെ. റ്റി. ഫിലിപ്പച്ചന്‍ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ക്ക്, നാമൊക്കെ ദൈവസന്നിധിയില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. അത് സംഭവിക്കാതെ ഇനിയെങ്കിലും നമുക്ക് നന്മയുടെ എന്തെങ്കിലും കണ്ണികള്‍ അവശേഷിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും പല കഷണങ്ങളായിപോയ സഭാഗാത്രത്തെ കര്‍ത്താവായ യേശുവിന്‍റെ ശരീരത്തോട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

കൊറോണ വൈറസ് പോലെ താമസിയാതെ ഒന്നു കൂടി വന്നാല്‍ (അതിന് വളരെ സാധ്യതയുണ്ട്) മതത്തിന്‍റെ അധികാരക്കെട്ടുകളെല്ലാം അഴിഞ്ഞുപോകുകയും മനുഷ്യസംസ്ക്കാരം പടുത്തുയര്‍ത്തിയ പലതും കല്ലോടുകല്ല് ശേഷിക്കാതെ പോവുകയും ചെയ്തേക്കാം. അതുകൊണ്ട് ദൈവവും തന്‍റെ സൃഷ്ടിയായ പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തിന്‍റെ പുതിയ മാനങ്ങള്‍ നാം പ്രത്യാശയോടെ അന്വേഷിക്കുകയും, ദ്രവിച്ചു തുടങ്ങിയ നമ്മുടെ മതസംവിധാനങ്ങളെ പരിശുദ്ധാത്മസഹായത്തോടെ അഴിച്ചുപണിയുകയും ചെയ്യാം. ജനങ്ങള്‍ക്കു വേണ്ടിയും ജനങ്ങളോടൊപ്പവും നിന്ന പ്രിയ ഫിലിപ്പച്ചന്‍ അതാണ് സ്വപ്നം കണ്ടത്.