യൂഹാനോന്‍ റമ്പാച്ചന്‍റെ ഇടുക്കിയിലെ ആശ്രമ സന്ദര്‍ശനം


peerumed-march-2021 peerumed-march-2021-01 peerumed-march-2021-02 peerumed-march-2021-03 peerumed-march-2021-04 peerumed-march-2021-05 peerumed-march-2021-07 peerumed-march-2021-08 peerumedu-2021-feb-kmg peerumed-march-2021-06

കുടിൽപള്ളിയിലേക്ക്ഒരു തീർത്ഥയാത്ര

ഒരു യാത്രയുടെ കഥ- ഭാഗം 1

എബി മാത്യു, കൊഴുവല്ലൂർ

യാത്രകൾ എന്നും മനസ്സിന് കുളിർമയും ആനന്ദവും ആരോഗ്യവും നൽകുന്നതാണ്.. യാത്രകൾക്ക് മറവിയും, നല്ല മധുരിക്കുന്ന ഓർമ്മകളും നൽകുവാൻ കഴിയും.. മറവി എന്ന് ഞാൻ ഉദ്ദേശിച്ചത് എല്ലാം മറന്നു കൊണ്ടുള്ള പ്രകൃതിയോട് ചേർന്ന് കുറച്ച് നിമിഷങ്ങൾ… യാത്ര പോകണം എന്ന് മനസ്സ് പറഞ്ഞു തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി .. സൗഹൃദത്തിൻറെ മാസ്മരികതയിൽ കുറച്ചൊക്കെ ആനന്ദം കണ്ടെത്തുന്നു എങ്കിലും അതിൽ മാത്രം മനസിനെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്നില്ല എന്ന ഒരു ബോധം ആവാം വീണ്ടുമെന്നെ യാത്രകൾക്ക് പ്രേരിപ്പിച്ചത്… എങ്കിലും ഈ യാത്ര വളരെ അപ്രതീക്ഷിതവും… മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ അധികം ഇല്ലാത്തതും ആയിരുന്നു.. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഇതിന് ബീജാവാപം നടന്നത്… പീരിമേട് വളരെ നാളുകൾക്കു മുമ്പ് കേട്ട് മനസ്സിൽ പതിഞ്ഞ പേരാണ്… അവിടെയുള്ള കലാലയ ത്തിൻറെ പേരിൽ കൂടുതൽ ആ സ്ഥലത്തെ അറിയുവാൻ ഇടയാക്കി… എങ്കിലും മൂന്നാർറ്റു മുക്ക് എന്നത് അത് ഒരു പുതുമയുള്ള ഉള്ള സ്ഥലവും, പേരും ആയി മനസ്സിൽ കടന്നു വന്നു… ഒരിക്കൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് വിശുദ്ധ കുർബാന കല്ലിൻറെ മുകളിൽ അർപ്പിച്ച ഒരു ഒരു ചിത്രം കണ്ട ഓർമ്മ ഉണ്ടെങ്കിലും അതിവിടെ ആയിരുന്നു എന്നു പോലും ഞാൻ അറിയുന്നത് ആ സ്ഥലത്ത് എത്തിയപ്പോഴാണ്… ബഹു.ഡോ. യൂഹാനോൻ റമ്പാച്ചൻ വളരെ നാളുകളായി എന്നോട് ഈ സ്ഥലത്തെപ്പറ്റി പറഞ്ഞു തുടങ്ങിയിട്ട്… സംസാരത്തിന് അവസാനം “നമുക്ക് പോകണം” എന്ന് പറഞ്ഞു നിർത്തുന്നത് അല്ലാതെ പോക്ക് ഇതുവരെ നടന്നിരുന്നില്ല… അങ്ങനെയിരിക്കെ കഴിഞ്ഞദിവസം വളരെ അപ്രതീക്ഷിതമായി റമ്പാച്ചാൻ ഉറച്ച തീരുമാനത്തോടെ “നമുക്ക് പോകാം ” എന്നു പറഞ്ഞു … ചിരകാല അഭിലാഷം പൂർത്തീകരിക്കുന്ന സന്തോഷത്തിൽ ഞാനും അതിനു സർവ്വത തയ്യാറായി… അങ്ങനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഞങ്ങൾ പീരുമേട് മൂന്നാറ്റിലേക്ക് യാത്ര തിരിച്ചു… പോകുന്ന വഴി ചെങ്ങരൂരിൽനിന്ന് ബഹു.കുര്യൻ അച്ചനെയും കോട്ടയത്തുനിന്ന് ബഹു.ഡോ കെ.എം ജോർജ്‌ അച്ചനെയും കൂടെ കൂട്ടാൻ ഉണ്ട് എന്ന് റമ്പാച്ചൻ പറഞ്ഞപ്പോൾ എനിക്ക് വളരെ അത്ഭുതവും അതിലേറെ ഉത്സാഹവും തോന്നി.. സഭയുടെ വേദശാസ്ത്ര പണ്ഡിതനും, വൈദിക സെമിനാരിയുടെ മുൻ പ്രിൻസിപ്പലും, ലോകമറിയുന്ന തിയോളജിയാനും, എഴുത്തുകാരനും ചിത്രകാരനും
ഒക്കെയായ ബഹു.ഡോ. കെ എം ജോർജ് അച്ചനോടൊപ്പം യാത്ര ചെയ്യുവാനുള്ള അസുലഭമായ ഒരവസരം കൂടിയായി ഞാൻ അതിനെ കണ്ടു വല്ലാതെ സന്തോഷിച്ചു … അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു… ‘വഴിയാ ആഹാരങ്ങളോടു കൂടെ പോവുവീന്’ എന്ന ശുഭകരമായ ആശംസ ശിരസാവഹിച്ച് കൈയിൽ അത്യാവശ്യം കൊറിക്കുവാനുള്ള സാധനങ്ങളും ഞങ്ങൾ കരുതി… പോകുന്ന വഴി രാഷ്ട്രീയവും സാമൂഹികവും മതപരവും, സഭാ പരവുമായ വിഷയങ്ങൾ ദീർഘയാത്രയുടെ വിരസത അകറ്റി.. കെ.എം ജോർജ് അച്ചൻറെ വീട്ടിൽ ചെന്നപ്പോൾ ഞങ്ങളെ സ്വീകരിച്ച നറുനണ്ടി ജൂസിന്റെ രുചി തിരികെ വീട്ടിൽ വന്നിട്ടും നാവിൽ നിന്നും മനസ്സിൽ നിന്നും വിട്ടുമാറുന്നില്ല… ഇടയ്ക്കെവിടെയോ ഞങ്ങളുടെ സാരഥി റ്റിജോ വൈകിട്ടത്തെ പതിവു ചായക്ക് വണ്ടി നിർത്തി… ചായ കുടിച്ച ശേഷം വീണ്ടും യാത്ര തുടർന്നു… ഇതിനിടയിൽ കൊറിയും, പറയും ഒപ്പം നടക്കുന്നുണ്ട്.. അങ്ങനെ കാത്തുകാത്തിരുന്ന് പീരുമേട് എത്തിച്ചേർന്നു.. വൈകിട്ട് അത്താഴത്തിന് കഴിക്കുവാനുള്ള ചപ്പാത്തി അവിടെ എത്തി ഒരു കടയിൽ നിന്ന് വാങ്ങി.. ഇനി അൽപ ദൂരം കൂടി ഉള്ളൂ.. ആ ചിന്ത മനസ്സിനെ ഒരു ആശ്വാസം പകർന്നു.. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഞങ്ങൾ സഞ്ചരിച്ച വണ്ടി നിർത്തിയശേഷം ഞങ്ങളുടെ തീർത്ഥാടനത്തിൻറെ പദയാത്ര അവിടെ നിന്ന് ആരംഭിച്ചു…. ഞാൻ ഒഴികെ ബാക്കി എല്ലാവരും ഈ വഴിയിൽ മുൻപരിചയം ഉള്ളവരാണ്… അവരുടെ നടത്തത്തിന്റെ ലാഘവത്തിൽ അത് നന്നായി തിരിച്ചറിയാം… റമ്പാച്ചനും, ജോർജ് അച്ചനും യാത്ര കൂടുതൽ സുഖകരമാക്കാൻ ‘അംശവടി’ കയ്യിൽ കരുതിയിട്ടുണ്ട്… കഥകൾ പറഞ്ഞു കാര്യങ്ങൾ ചോദിച്ചു ഞങ്ങൾ മൂന്നാറ്റു പാലം കടന്നു… കെ എം ജോർജ് അച്ചന്റെ നടത്തത്തിന് വല്ലാത്ത ഊർജ്ജം എവിടെനിന്നോ ലഭിച്ചതുപോലെ എനിക്ക് തോന്നി… പ്രകൃതിയോടുള്ള അദ്ദേഹത്തിൻറെ സ്നേഹവും, താൽപര്യവും ആ വാക്കുകളിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. റബാച്ചൻ സന്യാസിമാർക്ക് യോഗ്യമായ മൗനം പലപ്പോഴും പാലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… പർണ്ണശാലയോട് അടുത്തപ്പോൾ ഞങ്ങളെ സ്വീകരിക്കുവാൻ സന്തോഷ് അച്ചനും,ഭയ്യായും കൂടി ഇറങ്ങി വന്നു.. കുറെ നാളുകൾക്കു ശേഷം വനത്തിനുള്ളിൽ മലയാളിയെ കണ്ട സന്തോഷം സന്തോഷ്‌ അച്ചൻറെ മുഖത്തുണ്ടായിരുന്നു… യാത്രയുടെ ക്ഷീണം മാറാൻ അല്പം വിശ്രമിച്ച് ലഘു ഭക്ഷണം കഴിച്ചു… വന്നപ്പോഴേ എൻറെ മനം കവർന്ന മൂന്നാറ്റിലേക്ക് ആയി എൻറെയും റ്റിജോയുടെയും അടുത്ത യാത്ര… മാലിന്യമില്ലാത്ത ശുദ്ധവും തണുത്തതുമായ വെള്ളമാണ് എന്ന ജോർജ് അച്ചൻറെ കമൻറ് യാത്രയ്ക്ക് വേഗതകൂട്ടി… വെള്ളവും ഒഴുക്കും നന്നേ കുറവായിരുന്നു എങ്കിലും ഉള്ള വെള്ളത്തിന് മരം കോച്ചുന്ന തണുപ്പായിരുന്നു… ഗ്രഹണി പിടിച്ചവൻ ചക്കക്കുരു കൂട്ടാൻ കണ്ട പോലെ ഞാൻ ഓടി വെള്ളത്തിലേക്കിറങ്ങി.. പതിവുപോലെ പോലെ പ്രകൃതിയെ എൻറെ മൊബൈലിൽ ഒപ്പിയെടുത്തു… ഒരു തീർത്ത സ്നാനവും കഴിച്ച് തിരിച്ച് പർണ്ണ ശാലയിലേക്ക് …

(തുടരും)