കണ്ണും ക്യാമറയും കാഴ്ചയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യ വിചാരം – 29

mobile-kmg-painting

മൊബൈല്‍ സ്മാര്‍ട്ട് ഫോണിലെ ക്യാമറ നമ്മുടെ ഡിജിറ്റല്‍ യുഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള സംഗതികളിലൊന്നാണ്. ആരുടെ കൈയിലുമുണ്ട് ക്യാമറ. എന്തു സംഭവം എവിടെ നടന്നാലും, അതിനു മുമ്പില്‍ അടുത്തുനിന്നോ, അകലെ നിന്നോ നിരവധി ക്യാമറകള്‍ ഉയരും. വാക്കുകളേക്കാള്‍ വേഗത്തില്‍, ആഗോള വ്യാപകമായി പടരുന്നത് ചിത്രങ്ങളാണ്. ശുചിമുറി തൊട്ട് ശ്രീകോവില്‍ വരെയും, ബക്കിംഗം കൊട്ടാരം മുതല്‍ “കോയിക്കോട്ട് അങ്ങാടിയിലെ കോയക്കാന്‍റെ കട” വരെയും സകലതും ഒളിഞ്ഞും തെളിഞ്ഞും പരസ്യമാക്കുന്നത് മൊബൈല്‍ ക്യാമറയാണ്. ആത്മഹത്യ ചെയ്യുന്നവരും അപരന്‍റെ കഴുത്തറുക്കുന്നവരും മൊബൈല്‍ ക്യാമറ വീഡിയോ മോഡിലിട്ട് ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളുമായി ബന്ധിപ്പിച്ചു ചെയ്യുന്നതും നാം കാണാറുണ്ട്. ഭൂതലത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും സംഭവം ‘ലൈവ്’ ആയി എത്തുകയാണ്.

അദ്ഭുതകരമാണ് ഡിജിറ്റല്‍ ക്യാമറയുടെ സാധ്യതകള്‍. മനുഷ്യരുടെ എല്ലാ സൗന്ദര്യസങ്കല്‍പ്പങ്ങളെയും മാറ്റിമാറിക്കാന്‍ അതിനു കഴിയുന്നുണ്ട്. മനുഷ്യന്‍റെ കണ്ണിന്‍റെ അനുകരണം ആയിട്ടാണ് ആദ്യം ക്യാമറ കണ്ടുപിടിച്ചതെങ്കിലും കണ്ണിനെക്കാള്‍ വിപുലമായ വഴികളാണ് അത് തുറന്നു തരുന്നത്. കാരണം കണ്ണ് കാണുന്ന കാഴ്ചയെ മാറ്റിമറിക്കാന്‍ കണ്ണിനു കഴിയുകയില്ല. കണ്ണുകൊണ്ട് കണ്ടത് വസ്തുത (ളമരേ) ആണ് എന്നാണല്ലോ നമ്മുടെയെല്ലാം പരമ്പരാഗത സങ്കല്‍പ്പം. കണ്ടതിനെ പലതരത്തില്‍ വ്യാഖ്യാനിക്കാന്‍ മനുഷ്യബുദ്ധിക്ക് കഴിയുമെങ്കിലും കണ്ടത് കണ്ടതു തന്നെയാണ്. എന്നാല്‍ ഫോട്ടോഷോപ്പ് പോലെയുള്ള സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ ക്യാമറ കണ്ടതിനെ മറ്റു പലതുമായി മാറ്റാന്‍ നമുക്കിന്ന് കഴിയും. അസുന്ദരമെന്ന് പൊതുവെ പറയുന്നതിനെ അതീവ സുന്ദരമാക്കാനും രൂപഭംഗിയുള്ള ഒന്നിനെ വിരൂപമാക്കാനുമുള്ള സാങ്കേതികശേഷി ഏതു കൊച്ചുകുട്ടിക്കും ഒരു ഫോണില്‍ ലഭ്യമാണ്. എങ്ങനെയാണോ എഴുത്തുവിദ്യ അനേക സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് പുതിയൊരു മനുഷ്യസംസ്കാരം സൃഷ്ടിച്ചത്, അതുപോലെ വിപ്ലവകരമാണ് പുതിയ ഡിജിറ്റല്‍ ചിത്രവിദ്യ. പക്ഷേ പുതിയ വിപ്ലവത്തിന്‍റെ ചതിക്കുഴികള്‍ അസംഖ്യമാണ്. എന്താണ് സത്യം എന്താണ് അസത്യം എന്നു തിരിച്ചറിയാനാവാത്തവിധം നാം സത്യാനന്തര (Post-truth) ലോകത്തിലേക്ക് കടന്നിരിക്കുകയാണ്.

Post-truth എന്നു പറയുന്ന സങ്കേതമുപയോഗിച്ച് ഒരാളുടെ രൂപവും വാക്കുകളും ഉച്ചാരണവും ചലനങ്ങളും അതേപടി അനുകരിച്ച്, നിര്‍മ്മിത ബുദ്ധിയും സങ്കരമാധ്യമങ്ങളും മറ്റും ഉപയോഗിച്ച് ദുരുദ്ദേശ്യപരമായി അവതരിപ്പിക്കാന്‍ കഴിയും. മനുഷ്യസംസ്കാരത്തിന്‍റെ ഭയാനകമായ ഒരദ്ധ്യായമാണ് ഇവിടെ തുറക്കപ്പെടുന്നത്. ബൃഹത്തായ സാമ്പത്തിക വഞ്ചന മുതല്‍ ഹീനമായ ലൈംഗികാതിക്രമങ്ങള്‍ വരെയുള്ള ഏതു മേഖലയിലും ഡീപ്പ് ഫെയ്ക്ക് എന്ന സങ്കേതം ദുര്‍വിനിയോഗം ചെയ്യപ്പെടാം. മരിച്ചവരെ ജീവിപ്പിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കാം, സംശയലേശമെന്യേ! രാഷ്ട്രീയ വിവാദങ്ങളിലും ക്രിമിനല്‍ കേസുകളിലും ബ്ലാക്ക്മെയിലിങ്ങിലും തേജോവധ പദ്ധതികളിലുമെല്ലാം ഇനി നാം മാധ്യമങ്ങളില്‍ കാണുന്ന പല ‘യഥാര്‍ത്ഥ” ചിത്രങ്ങളും ഗാഢവഞ്ചനയുടെ ഫലമായാല്‍ എന്തായിരിക്കും നമ്മുടെ ലോകത്തിന് സംഭവിക്കുന്നത് എന്ന് സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരിക്കും. ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നിരവധി ചിത്രങ്ങളും സംഭാഷണങ്ങളും മിക്കവാറും ദുര്‍ലക്ഷ്യത്തോടെ വക്രീകരിക്കപ്പെട്ടതാണ്. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ആഴമായ ആദരവോടെ ഒരു പ്രഭാഷകന്‍ പറയുന്നതിനിടയില്‍ അയാള്‍ ചില പ്രമുഖരായ നിരീശ്വരന്മാരെയോ യുക്തിവാദികളെയോ മതവിരുദ്ധരെയോ ഉദ്ധരിച്ചാല്‍, സോഷ്യല്‍ മീഡിയയില്‍ വരുന്നത്, ആ പ്രഭാഷണത്തിലെ കുത്തും കോമയും തലയും വാലുമെല്ലാം മുറിച്ചു കളഞ്ഞ്, ഉദ്ധരണി ചിഹ്നങ്ങള്‍ മാറ്റിമറിച്ചായിരിക്കും. ദൈവവിശ്വാസിയായ പ്രഭാഷകന്‍റെ സ്വന്തം അഭിപ്രായമായിട്ടായിരിക്കും നിരീശ്വരപണ്ഡിതന്‍റെ വാക്കുകള്‍ വരുന്നത്. അങ്ങനെ പുസ്തകത്തിലോ പത്രത്തിലോ അച്ചടിച്ചു വന്നാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാക്കാം. എന്നാല്‍ വളരെയേറെപ്പേരെ വിശ്വസിപ്പിക്കയും ആ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്യുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നതെങ്കിലും അത് സൈബര്‍ കുറ്റമാക്കാന്‍, നിലവിലുള്ള നിയമവ്യവസ്ഥ വളരെ അപര്യാപ്തമാണ്. ഇപ്പോള്‍ ഡീപ്പ് ഫെയ്ക്കില്‍ അത് വഞ്ചനയാണെന്ന് ആര്‍ക്കും തോന്നാത്തവിധം “യഥാര്‍ത്ഥ”മായി “സത്യം” അവതരിപ്പിക്കാനാകും.

ചുരുക്കത്തില്‍ സത്യം, സൗന്ദര്യം, നന്മ എന്നീ ത്രിമൂല്യങ്ങളെക്കുറിച്ച് പരമ്പരാഗതമായി നാം കേട്ടിരുന്നുവെങ്കില്‍, ഇനിമേല്‍ നിര്‍മ്മിതബുദ്ധിയും (Artificial Intelligence) യന്ത്രവല്‍കൃത വിദ്യയും (machine learning) സങ്കരമാധ്യമങ്ങളും (Synthetic media) അവയ്ക്കെല്ലാം ഉപയുക്തമായ അല്‍ഗരിതങ്ങളും (Algorithm), സാധാരണ മനുഷ്യശേഷികളെ അതിരറ്റ് വികസിപ്പിക്കുന്ന Human Enhancement Technologies ഉം എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ലോകത്തിന്‍റെ പുതിയ മൂല്യബോധം എങ്ങനെ ആയിരിക്കും എന്ന് രാഷ്ട്രീയ നേതാക്കളും മതാചാര്യന്മാരും ചിന്തിച്ചു തുടങ്ങേണ്ടതാണ്.

സാധാരണനിലയില്‍ നമ്മുടെ കണ്ണു നേരിട്ടു കാണുന്ന കാഴ്ചയും ക്യാമറാ ലെന്‍സിലൂടെ കാണുന്ന കാഴ്ചയും യാഥാര്‍ത്ഥ്യത്തിന്‍റെ തനിരൂപമാണ് എന്നായിരുന്നല്ലോ നമ്മുടെ സങ്കല്‍പ്പം. ഇപ്പോള്‍ പരിമിതമായി Zoom ചെയ്യാനുള്ള സാധ്യത എല്ലാ മൊബൈല്‍ ക്യാമറായിലുമുണ്ട്. നാം ലക്ഷ്യം വയ്ക്കുന്ന ഒരു വസ്തുവിന്‍റെയോ ഒരാളിന്‍റെയോ നേരെ Zooming in ചെയ്യുമ്പോള്‍ നാം സൂക്ഷ്മദര്‍ശനമോ വിശദാംശ വീക്ഷണമോ നടത്തുകയാണ്. നമ്മുടെ അടുത്തേക്കു വരികയും വളരെ വലുതായി കാണപ്പെടുകയും ചെയ്യുന്ന സൂക്ഷ്മാംശങ്ങള്‍ മൂലം നമുക്ക് ആ വസ്തുവിന്‍റെയോ ആളിന്‍റെയോ ആകെത്തുകയിലുള്ള രൂപം അവ്യക്തമാകുന്നു. പക്ഷേ അതിസൂക്ഷ്മ അംശങ്ങള്‍ അനേക മടങ്ങായി വികസിക്കുന്നു. ഇത് തത്വത്തില്‍ അനന്തമായി വികസിപ്പിക്കാവുന്നതാണെങ്കിലും നമ്മുടെ ഉപകരണങ്ങളുടെ പരിമിതി മൂലം, വികാസം കൂടുന്തോറും അതിന്‍റെ ദൃശ്യപരത നഷ്ടപ്പെടുകയും, അവസാനം നമ്മുടെ കാഴ്ചയെ സംബന്ധിച്ച്, അത് അസ്തമയബിന്ദുവിലെത്തുകയും ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ അങ്ങനെ അപ്രത്യക്ഷമാകുന്നതിനു മുമ്പ് അത് വെളിപ്പെടുത്തുന്ന ദൃശ്യഭംഗി വിസ്മയാവഹമാണ്. ഒരു മണല്‍ത്തരിയോ ഒരു മനുഷ്യകോശമോ ആയിരം രണ്ടായിരം മടങ്ങായി വികസിപ്പിച്ച ചിത്രം നമുക്കു കാട്ടിത്തരുന്നത് പുതിയ പ്രപഞ്ചങ്ങളാണ്. പൊതുവെ എല്ലാവരും വിരൂപനെന്നു കരുതുന്ന ഒരു വ്യക്തിയുടെ ശരീരത്തിലെ ഒരു കോശം ഇങ്ങനെ വികസിതമായാല്‍, അതിലൂടെ പ്രസ്ഫുരിക്കുന്ന സൗന്ദര്യം നമ്മുടെ എല്ലാ സങ്കല്‍പ്പങ്ങളെയും മാറ്റിമറിക്കും. ചുരുക്കത്തില്‍ വസ്തുമയമായ ഈ ലോകവും മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സൂക്ഷ്മാംശങ്ങളില്‍ സംവഹിക്കുന്ന സൗന്ദര്യം ദര്‍ശിക്കാന്‍ നമുക്കു ഉള്‍ക്കാഴ്ച ലഭിച്ചാല്‍ ‘സര്‍വ്വം സുന്ദരം’ എന്നു പറയാന്‍ നമുക്കെല്ലാം കഴിയും.

ദൈവസൃഷ്ടിയുടെ സമസ്ത സുന്ദരഭാവം വെറുമൊരു സങ്കല്‍പ്പമല്ല; നമുക്ക് അനുഭവവേദ്യമാക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണത്. നമ്മുടെ തലച്ചോറില്‍ 86 – 100 ബില്യന്‍ ന്യൂറോണ്‍ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ബഹുസഹസ്രം ബില്യന്‍ synapses പോലെ പ്രപഞ്ചത്തിലെ ഓരോ അണുവിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ബലങ്ങള്‍ അകത്തും പുറത്തുമുണ്ട്. ആ ബന്ധത്തിലാണ് സൗന്ദര്യം നിലകൊള്ളുന്നത്. ഇപ്പറഞ്ഞത് നമ്മുടെ സൂക്ഷ്മ ഭൗതികലോകത്തിലെ കാര്യമാണ്. എന്നാല്‍ നമ്മുടെ സ്ഥൂലലോകത്തില്‍ ഓരോന്നും അതിന്‍റേതായ തനിമയില്‍ വേര്‍പെട്ടു നില്‍ക്കുന്നു. അങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കുന്നതിനെല്ലാം നാം പേരും കൊടുത്തിട്ടുണ്ട്. ഞാന്‍, നീ, അവന്‍, അവള്‍, അത് തുടങ്ങിയ സര്‍വ്വനാമങ്ങളിലൂടെ നാം പൊതുവായും പിന്നെ ഓരോന്നിനും അതാതിന്‍റെ പേരും കൊടുക്കുന്നു. മനുഷ്യരുടെ ലോകത്തില്‍ ഒരാള്‍ മറ്റൊരാളെ നോക്കി സുന്ദരനെന്നോ വിരൂപനെന്നോ വ്യവഹരിക്കുന്നു. ഇതൊരു ന്യായം വിധിക്കലാണ്. അതിന് അടിസ്ഥാനം മനുഷ്യന്‍റെ ഇന്ദ്രിയാനുഭൂതിയും ഗണിതപരമായ അനുപാതബോധവും മറ്റുമാണ്. ഇങ്ങനെയുള്ള പരസ്പരം ന്യായം വിധിക്കലിലാണ് നമ്മുടെ സാധാരണ ലാവണ്യശാസ്ത്രം (Aesthetics) നിലനില്‍ക്കുന്നത്. മനുഷ്യന്‍ ഒഴിച്ച് മറ്റൊരു ജീവിയും ഇങ്ങനെയൊരു ലാവണ്യപരമായ ന്യായം വിധിക്കല്‍ നടത്തുന്നില്ല. മനുഷ്യേതര ജീവജാലങ്ങളെല്ലാം തന്നെ നാം മേല്‍ സൂചിപ്പിച്ച സമസ്ത സൗന്ദര്യത്തിന്‍റെ താളലയങ്ങളെയും വര്‍ണ്ണരാജികളെയും സഹജമായിത്തന്നെ സ്വാംശീകരിക്കുകയും അതിന്‍റെ ആകമാന ഭംഗിക്ക് ഭംഗം വരുത്താതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രപഞ്ചത്തിന്‍റെ സര്‍വ്വംസ്പര്‍ശിയായ സൗന്ദര്യവും ഒരാളിന്‍റെ വ്യക്തിഗതമായ സൗന്ദര്യാനുഭൂതിയും തമ്മില്‍ വേര്‍തിരിക്കാന്‍ മനുഷ്യന് കഴിയും. അവ തമ്മില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട പാരസ്പര്യത്തെ നിഷേധിക്കാനും മനുഷ്യര്‍ക്ക് കഴിയും. ഇവിടെയാണ് തിന്മയുടെ സൗന്ദര്യശാസ്ത്രം (Aesthetics of evil) സൃഷ്ടിക്കപ്പെടുന്നത്. യുദ്ധം, സംഘര്‍ഷം, പരപീഡനം, ചൂഷണം, കുലപാതകം, വഞ്ചന തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ ലോകത്തില്‍ നടമാടുന്ന വൈരൂപ്യ പ്രക്രിയയുടെ ഭാഗമാണ്.

mobile-photo

ഇതിന്‍റെ മറുവശത്ത് നമുക്ക് ക്യാമറയിലൂടെ Zooming out സാധിക്കും. ഒരു വസ്തുവിനെയോ ആളിനെയോ കൂടുതല്‍ കൂടുതല്‍ അകലത്തേക്ക് കൊണ്ടുപോയി ചക്രവാളത്തിലെ അസ്തമയ ബിന്ദുവിലേക്ക് തിരോഭവിപ്പിക്കുക. ഇവിടെയും അര്‍ത്ഥശൂന്യതയുടെ മറ്റൊരു ധ്രുവത്തിലാണ് നമ്മുടെ കാഴ്ചപ്പാട് എത്തിനില്‍ക്കുന്നത്. വസ്തുവിന്‍റെയോ ആളിന്‍റെയോ തിരോഭവിക്കല്‍ എന്നു പറഞ്ഞാല്‍ നമ്മുടെ മനസ്സിന്‍റെയും ഓര്‍മ്മയുടെയും ചക്രവാളത്തില്‍ നിന്ന് അവരെ പുറംതള്ളുക എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ Zooming in ആണെങ്കിലും Zooming out ആണെങ്കിലും അതിന്‍റെ അഗ്രബിന്ദുവില്‍ നാം ഒരു ആദ്ധ്യാത്മിക പ്രതിസന്ധിയെ നേരിടുന്നു. എന്താണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം എന്ന ചോദ്യമാണ് നമ്മുടെ പ്രതിസന്ധിയില്‍ നാം നേരിടേണ്ടത്. ആ ചോദ്യത്തിന് ഉത്തരം കൊടുക്കുക എളുപ്പമല്ല. രൂപവൈരൂപ്യങ്ങളുടെ ദ്വന്ദഭാവം നിലനിര്‍ത്തിയിരിക്കുന്ന സ്ഥൂലലോകത്തിന്‍റെ സൂക്ഷ്മാംശങ്ങളിലേക്ക് നമ്മുടെ ബോധത്തെ പ്രവേശിപ്പിക്കുകയും അവിടെ നമുക്ക് ലഭിക്കുന്ന സൗന്ദര്യാനുഭൂതിയുടെ പ്രകാശവീചികളിലൂടെ സഞ്ചരിക്കുകയും ചെയ്തു തുടങ്ങുമ്പോള്‍ നമുക്ക് ക്രമേണ അര്‍ത്ഥം വെളിപ്പെട്ടു വരും.

ക്യാമറയിലൂടെ എടുക്കുന്ന ഓരോ ചിത്രവും നമ്മുടെ പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. എഴുത്തും വായനയും എങ്ങനെയാണോ പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കാന്‍ നമ്മെ പരിശീലിപ്പിച്ചത് അതുപോലെ ഒരു വ്യാഖ്യാനമാണ് നമ്മുടെ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയിലൂടെ നാം ഇപ്പോഴും ശ്രമിക്കുന്നത്. മനുഷ്യന്‍റെ ദീര്‍ഘമായ ചരിത്രത്തില്‍ സംസാരഭാഷ (വാമൊഴി) പോലും വേണ്ടത്ര വികാസം പ്രാപിക്കാഞ്ഞ യുഗത്തില്‍ അടയാളരൂപത്തിലുള്ള ചിത്രങ്ങളും ശബ്ദങ്ങളും ആംഗ്യങ്ങളുമായിരുന്നു ആശയവിനിമയത്തിന്‍റെ മാധ്യമം. പിന്നെ വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് അതായത് എഴുത്തിലേക്ക് മനുഷ്യര്‍ നീങ്ങി. സഹസ്രാബ്ദങ്ങളായിട്ട് ഈ വരമൊഴിയാണ് നമ്മുടെ സംസ്കാരത്തിന് അടിസ്ഥാനമായത്. പിന്നെ 20-ാം നൂറ്റാണ്ടില്‍ ക്യാമറയും ഫോട്ടോഗ്രഫിയും വികസിച്ചപ്പോള്‍ സ്ക്രീനില്‍ കാണിക്കാവുന്ന തിരമൊഴിയുണ്ടായി. ഈ ഘട്ടത്തില്‍ ശബ്ദവും അടയാളവും വാക്കും വരയും സമ്മേളിച്ചു. ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തില്‍ നാം വീണ്ടും ചിത്രങ്ങള്‍, ഇമോജികള്‍, ഹൈപ്പര്‍ ടെക്സ്റ്റുകള്‍ എന്നിവയിലൂടെ വീണ്ടുമൊരു പുതിയ കാല്‍വെയ്പ് നടത്തുകയാണ്.

ലിങ്ക് (link), നെറ്റ് (net), വെബ് (web) എന്നീ അതിപുരാതന വാഗ്മയചിത്രങ്ങള്‍ വീണ്ടും നമുക്ക് പരിചിതമായി. മുമ്പ് സൂചിപ്പിച്ച ന്യൂറോണ്‍ കോശങ്ങളുടെ സിനാപ്റ്റിക് ബന്ധവും, അണുകണികകള്‍ തുടങ്ങിയവയുടെ പാരസ്പര്യവും നാം കണക്കിലെടുക്കുന്നതുപോലെ നമ്മുടെ ഡിജിറ്റല്‍ വിദ്യകള്‍ സൃഷ്ടിക്കുന്ന പുതിയ പ്രപഞ്ചത്തിന്‍റെ ലാവണ്യബന്ധങ്ങള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ മൂല്യബോധത്തോടും ആദ്ധ്യാത്മികതയോടും മനുഷ്യഭാവിയോടും ബന്ധപ്പെട്ട മൗലിക ചോദ്യങ്ങളാണ് ഇവിടെ ഉരുത്തിരിയുന്നത്. മനുഷ്യരാശി ഈ പുതിയ പടിയിലേക്ക് കടക്കുവാന്‍ തയ്യാറായിട്ടുണ്ടോ എന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടതുമാണ്.