ലാവണ്യദര്‍ശനം – 40
‘അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു’ (2 കൊരി. 3:6). അക്ഷരത്തില്‍ നിന്ന് അര്‍ത്ഥത്തിലേക്കുള്ള യാത്ര മനുഷ്യഭാഷയിലും ആശയവിനിമയത്തിലും നിര്‍ണ്ണായകമാണ്. അര്‍ത്ഥം എന്ന ലക്ഷ്യത്തിലെത്തി എന്നു തോന്നുമ്പോള്‍ അര്‍ത്ഥത്തിന്‍റെ അനേകം വഴികള്‍ തുറക്കപ്പെടുന്നു. ആ വഴികളില്‍ ചിലത് വിശാലവും ചിലത് ഇടുങ്ങിയതുമാണ്. ചിലത് ഇടതൂര്‍ന്ന വനങ്ങളിലൂടെയാണ്; ചിലത് പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെയാണ്. അതുകൊണ്ട് ഭാഷയും അതിന്‍റെ അര്‍ത്ഥവും ദീര്‍ഘമായ പ്രയാണത്തിലേക്കാണ് നമ്മെ നയിക്കുന്നത്. പക്ഷേ മനുഷ്യന്‍റെ ഒരു ഭാഷയും ഒരിക്കലും ആത്യന്തിക ലക്ഷ്യത്തെ പ്രാപിക്കുന്നില്ല. എവിടെയോ അത് അടഞ്ഞുപോകുന്നു. ആ വഴിക്ക് നടക്കുന്ന നമ്മള്‍ അനാഥരായി, ദിഗ്ബോധമില്ലാത്തവരായി തീരുന്നു. ആ ഗതികേടിനെ മറികടന്ന് അനന്തമായ ലക്ഷ്യത്തിലേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭാഷ പ്രയോജനമില്ല. പുതിയ ദിഗ്ബോധം നേടി ഭാഷയുടെ അതിരിനെ മറികടന്നു പോകുന്നവര്‍ തിരിഞ്ഞ് ഭാഷയെ നോക്കി മൗനമായി മന്ദഹസിക്കും.
ദൈവത്തെക്കുറിച്ചറിയാന്‍ ഭാഷകള്‍ തേടുന്നവരുടെ അനുഭവമാണ് ഇപ്പറഞ്ഞത്. എങ്കിലും അവര്‍ക്കൊരു താല്‍ക്കാലിക പോംവഴിയുണ്ട്. അത് അക്ഷരത്തില്‍ നിന്നും മോചനം നേടി കഥകളിലും ഗീതങ്ങളിലും പ്രതീകങ്ങളിലും ചിഹ്നങ്ങളിലും ആലങ്കാരിക ഭാഷയുടെ ഉപമ, ഉല്‍പ്രേക്ഷ, രൂപകം തുടങ്ങിയ കാവ്യസങ്കേതങ്ങളിലും അഭയം തേടുക എന്നതാണ്. യേശുവിന്‍റെ പ്രബോധനത്തെക്കുറിച്ച് സുവിശേഷം പറയുന്നു, “അവന്‍ ഉപമകളായിട്ടത്രെ ജനത്തെ പഠിപ്പിച്ചത്. ഉപമകള്‍ കൂടാതെ അവന്‍ ഒന്നും സംസാരിച്ചില്ല.” സുവിശേഷങ്ങള്‍ നിറയെ ക്രിസ്തുവിന്‍റെ ഉപമാ കഥകള്‍ (ുമൃമയഹലെ) ആണ്. എല്ലാം ജനങ്ങളുടെ അനുദിന ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്ത കഥകള്‍ ആയിരുന്നതുകൊണ്ട് എല്ലാവര്‍ക്കും അത് മനസ്സിലായി. പക്ഷേ എന്തിനെയാണ് ആ ഉപമകള്‍ സൂചിപ്പിച്ചത് എന്ന് എല്ലാവര്‍ക്കും മനസ്സിലായില്ല. വിത്ത് വിതയ്ക്കുന്നവന്‍റെ ഉപമ പറഞ്ഞു കഴിഞ്ഞപ്പോള്‍ സ്വന്തം ശിഷ്യന്മാര്‍ പറഞ്ഞു, അവര്‍ക്കത് മനസ്സിലായില്ല. ഗുരു ഒന്നു കൂടി വിശദമാക്കണമെന്ന്. യേശു അവരെ ശാസിക്കുന്നുണ്ട്. തന്‍റെ കൂടെ ഇത്രനാള്‍ നടന്നിട്ടും ഒരു കൊച്ചു കഥയുടെ അര്‍ത്ഥം അവര്‍ക്ക് പിടികിട്ടിയില്ല എന്നത് യേശുവിനെ അദ്ഭുതപ്പെടുത്തി.
ജീവിതത്തെ മനസ്സിലാക്കാന്‍ വരണ്ട ഭാഷയും വ്യാകരണവും എപ്പോഴും സഹായിക്കുകയില്ല. എല്ലാ മതങ്ങളിലും ദര്‍ശനങ്ങളിലും ശാസ്ത്രത്തില്‍പ്പോലും അലങ്കാര പ്രയോഗങ്ങളിലൂടെ മാത്രമേ നമുക്ക് ഈ ലോക യാഥാര്‍ത്ഥ്യത്തെയും വരുവാനുള്ള ലോകത്തെയും നമ്മെത്തന്നെയും അല്പമെങ്കിലും മനസ്സിലാക്കാനാവൂ. അതിലേക്കു കടക്കാതെ ആക്ഷരികതയുടെ ആദ്യപടിയില്‍ മാത്രം നിന്നാല്‍ നമ്മുടെ ധാരണകള്‍ വികലമാകും. നമ്മുടെ ലോകാനുഭവവും ദൈവികാനുഭൂതിയും തടസ്സപ്പെടും. ഉല്‍പ്പത്തി പുസ്തകത്തിലെ സൃഷ്ടികഥ ആക്ഷരികമായെടുത്ത് അതൊരു യഥാര്‍ത്ഥ ചരിത്ര വിവരണമാണ് എന്നു കരുതുന്നവര്‍ വിദ്യാസമ്പന്നരിലും ധാരാളം പേരുണ്ട്. അതുകൊണ്ട് ഒരിക്കലും അവരുടെ ചോദ്യങ്ങളും സംശയങ്ങളും അവസാനിക്കുന്നില്ല.
സൃഷ്ടിയുടെ ഉത്ഭവത്തെക്കുറിച്ച് വാസ്തവത്തില്‍ ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. ശാസ്ത്രംപോലും അലങ്കാര പ്രയോഗത്തിലൂടെയാണ് അതിന്‍റെ നിഗമനങ്ങള്‍ പ്രസ്താവിക്കുന്നത്. ഉദാഹരണമായി, ഏതാണ്ട് 13.7 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു “മഹാ വിസ്ഫോടന”ത്തിലൂടെ (Big Bang) ഇക്കാണുന്ന പ്രപഞ്ചം എല്ലാം ഉരുത്തിരിഞ്ഞു എന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഇവിടെ മഹാവിസ്ഫോടനം എന്നത് രൂപകാലങ്കാരമാണ്. ആ അലങ്കാരം ഉപയോഗിച്ചില്ലെങ്കില്‍ ശാസ്ത്രജ്ഞര്‍ക്കുപോലും ഒന്നും മനസ്സിലാവുകയില്ല. പടക്കം പൊട്ടിത്തെറിക്കുന്നത് നാമെല്ലാം കണ്ടിട്ടുണ്ട്. വലിയ ബോംബ് പൊട്ടുന്നത് ചുരുക്കംപേര്‍ കണ്ടിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പൊട്ടിച്ച അണുബോംബുകള്‍ നേരിട്ടു കണ്ട മിക്കവരും അപ്പോള്‍ തന്നെ ജീവന്‍ വെടിഞ്ഞു. എന്നാല്‍ ഒരു കാര്യം നമുക്ക് അറിയാം. ഒരു സ്ഫോടനം ഉണ്ടാകുമ്പോള്‍ പലതും പൊട്ടിച്ചിതറുന്നു. അതിന്‍റെ ശക്തി അനുസരിച്ച് ചില്ലുകളും ചീളുകളും അകലങ്ങളിലേക്ക് തെറിക്കും. അണുബോംബ് പൊട്ടുമ്പോള്‍ അതിന്‍റെ റേഡിയേഷന്‍ ചുറ്റുപാടുകളിലേക്ക് ചിതറി പ്രസരിക്കുന്നു.
അപ്പോള്‍ നമുക്ക് പരിചിതമായ ഒരു ചിത്രമില്ലാതെ സൃഷ്ടിയുടെ ആദ്യബിന്ദുവിനെക്കുറിച്ച് പറയാന്‍ ശാസ്ത്രത്തിന് ആവില്ല. ഈ കഥ ഒരു ശാസ്ത്രീയ മിത്ത് (Myth) ആണ്. എന്നു വച്ചാല്‍ അത് അര്‍ത്ഥമില്ലാത്ത പൊട്ടക്കഥയാണ് എന്നല്ല. ആ സംഭവത്തിന്‍റെ അര്‍ത്ഥം ഭാഗികമായിട്ടെങ്കിലും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നതാണ് ഈ ആധുനിക മിത്ത്. ബൈബിളിലെ ഉല്‍പ്പത്തി കഥയില്‍ ഈ മിത്ത് വേറൊരുതലത്തില്‍ അതിപുരാതന കാലത്ത് ആവിഷ്ക്കരിക്കപ്പെട്ടു. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ ഉള്ളതെല്ലാം ഉരുവായി എന്ന് ഒരു കഥയിലൂടെ മാത്രമേ നമുക്ക് പറയാന്‍ കഴിയൂ.
നാം സാധാരണ ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ (symbols), അടയാളങ്ങള്‍ (ശെഴിെ) എന്നിവയെല്ലാം ഈ പുരാതന മിത്തുകളുടെ അവശിഷ്ടങ്ങളാണ്. അവയെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
സിംബല്‍ (symbol-പ്രതീകം)
ഗ്രീക്ക് ഭാഷയില്‍ ‘ചേര്‍ത്തുവയ്ക്കുക’, ‘ഒരുമിച്ച് വിക്ഷേപിക്കുക’ തുടങ്ങിയ അര്‍ത്ഥങ്ങള്‍ വരുന്ന syn + ballein എന്ന ക്രിയാപദമാണ് സിംബലിന്‍റെ മൂലം. പ്രതീകങ്ങളുടെ ഉപയോഗം മനുഷ്യ സംസ്കാരം ആരംഭിച്ച കാലം മുതല്‍ക്കേ ഉണ്ടെന്ന് പറയാം. സാധാരണ മനുഷ്യവ്യവഹാരങ്ങളിലും ഭാഷയിലും പ്രകടിപ്പിക്കാന്‍ പ്രയാസമുള്ള ആശയങ്ങളും വികാരങ്ങളും സംക്ഷിപ്തമായും അര്‍ത്ഥപൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ പ്രതീകങ്ങള്‍ സഹായിക്കുന്നു. പ്രതീകം ഒരു വസ്തുവാകാം, വാക്കാകാം, ഒരു വ്യക്തിയോ പ്രവൃത്തിയോ ആകാം, ഒരു നോട്ടമോ ആംഗ്യമോ ആകാം, ഒരു നിറമോ നിലയോ ആകാം, വേഷമോ ഭാഷയോ ആകാം; ഒരു ഗാനമോ ഈണമോ സ്പര്‍ശനമോ ആകാം.
വിവിധ സാഹിത്യ ശാഖകളില്‍ നമുക്കു ഉദാഹരണങ്ങള്‍ ധാരാളമാണ്. പ്രകൃതിയില്‍ നിന്നാണ് പൊതുവെ കവികള്‍ പ്രതീകങ്ങള്‍ സ്വീകരിക്കാറ്. രക്തച്ചുവപ്പാര്‍ന്ന പനിനീര്‍പ്പൂവ് ക്ലാസിക്കല്‍ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രതീകമാണല്ലോ. പ്രണയത്തിന്‍റെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും തീവ്ര വികാരങ്ങളെ ധ്വനിപ്പിക്കാന്‍ അതിനു കഴിയുമെന്നാണ് കവി സങ്കല്‍പ്പം. പാശ്ചാത്യ മാതൃകയില്‍, കേട്ടു പഴകിയ “I love you” എന്ന ഫോര്‍മുലാ വാക്യം ഒരു യുവാവ് യുവതിയോട് പറയുന്നതിലേറെ ശക്തമാണല്ലോ അവന്‍ നിശ്ശബ്ദമായി അവള്‍ക്കൊരു കടുംചുവപ്പുള്ള റോസാപുഷ്പം സമ്മാനിക്കുന്നത്. മറുവശത്ത്, വാടിക്കൊഴിഞ്ഞു വീണ ഒരു പൂവ് കാണുന്നവരില്‍ അങ്കുരിക്കുന്ന ചിന്തയും വികാരവും തീര്‍ത്തും മറ്റൊന്നാണ്. ഒരിക്കലും മായുകയില്ലെന്ന് വിചാരിക്കുന്ന സൗന്ദര്യത്തിന്‍റെയും അധികാരപ്രൗഢിയുടെയും ക്ഷണികതയും നശ്വരമായ ജീവിതത്തിന്‍റെ അര്‍ത്ഥശൂന്യതയും ദാര്‍ശനികമായി ആവിഷ്ക്കരിക്കുന്ന ‘വീണപൂവ്’ എന്ന പ്രതീകം നമ്മുടെ മരണത്തെക്കുറിച്ചും സര്‍വ്വത്തിന്‍റെയും അന്ത്യത്തെക്കുറിച്ചും നൂറു താത്വിക പ്രഭാഷണങ്ങളേക്കാള്‍ ശക്തമാണ്.
ദര്‍ഭമുന കാലില്‍ കൊണ്ടത് എടുത്തു മാറ്റുകയാണ് എന്ന ന്യായേന തിരിഞ്ഞ് നോക്കുന്ന ശകുന്തളയുടെ നോട്ടം ഒരു വലിയ വികാര പ്രപഞ്ചത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. കാവിയണിഞ്ഞ ഒരു സന്യാസിയോ തല മുണ്ഡനം ചെയ്ത ഒരു ബുദ്ധഭിക്ഷുവോ ഉണര്‍ത്തുന്ന ചിന്തകള്‍ നമ്മെ നയിക്കുന്നത് സഹസ്രാബ്ദങ്ങള്‍ താങ്ങുന്ന പ്രശസ്തമായ മത പാരമ്പര്യങ്ങളിലൂടെയാണ്. ധ്യാനവും തപസ്സും, വര്‍ജനവും നിസംഗതയും അതീന്ദ്രിയതയും ആത്മശക്തിയുമെല്ലാം ധ്വനിപ്പിക്കാന്‍ ഇവിടെ വേഷം, നിറം, ശരീരഭാഷ എന്നിവയ്ക്കു കഴിയും.
പ്രതീകമായി ഉപയോഗിക്കുന്നത് ഒരു വസ്തുവാണെങ്കില്‍ അത് ഒട്ടും ദ്രവ്യമൂല്യമുള്ളത് ആവണമെന്നില്ല. കുചേലന്‍റെ അവില്‍പ്പൊതി പോലെ, വളരെ നിസ്സാരമെന്ന് കരുതുന്ന ഏതും ഒരു വ്യക്തിയുടെ സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും ഭക്തിയുടെയുമൊക്കെ പ്രതീകമായി മാറാം. ഞാന്‍ ആദരപൂര്‍വ്വം ഒരു ചെറിയ പൂവ് നിങ്ങള്‍ക്കു നല്‍കുന്നു എന്ന് സങ്കല്‍പ്പിക്കുക. അത് നിങ്ങള്‍ ഉടന്‍തന്നെ തട്ടിക്കളയുകയോ നിലത്തെറിയുകയോ ചെയ്താല്‍ മനസ്സിലാകും നിസ്സാരമായ ഒരു കൊച്ചുപൂവിന്‍റെ പ്രതീകമൂല്യം. ഇവിടെ പൂവ് സമര്‍പ്പിച്ച വ്യക്തിയും പൂവും ഒന്നായിത്തീരുന്നു. ദേവാലയങ്ങളില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന പൂവോ പഴമോ അവരുടെ ആത്മസമര്‍പ്പണത്തിന്‍റെ പ്രതീകമാണല്ലോ. ജറുസലേം ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ധനികര്‍ സ്വര്‍ണ്ണവും മുത്തുകളും സമര്‍പ്പിക്കുമ്പോള്‍, വെറും രണ്ട് ചില്ലിക്കാശ് നേര്‍ച്ചയിട്ട ദരിദ്രയായ വിധവയെക്കുറിച്ചു യേശുക്രിസ്തു പുകഴ്ത്തി പറയുന്നത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ത്രീ അവരുടെ ഇല്ലായ്മയില്‍ അവര്‍ക്കുള്ളത് മുഴുവന്‍ സമര്‍പ്പിച്ചതുകൊണ്ട് ഭൗതികമായി വിലപ്പിടിപ്പുള്ള എല്ലാ കാണിക്കകളേക്കാള്‍ അത് വിലയേറിയതാണ് എന്ന് ക്രിസ്തു ഊന്നിപ്പറയുന്നു. ഇത് ചില്ലിക്കാശിന്‍റെ പ്രതീകശേഷി വെളിപ്പെടുത്തുന്നു.
കൂനിക്കൂടി കാല്‍മുട്ടുകള്‍ക്കിടയില്‍ തലയിട്ട് ഇരിക്കുന്ന ഒരു മനുഷ്യനും, എഴുന്നേറ്റു നിന്ന് മുഷ്ടിചുരുട്ടി ആകാശത്തിലേക്ക് ഉയര്‍ത്തുന്ന ഒരാളും വളരെ വ്യത്യസ്തമായ വികാരങ്ങളെയും ജീവിതാവസ്ഥകളെയുമാണ് പ്രതീകവല്‍ക്കരിക്കുന്നത്. മനുഷ്യശരീരത്തിന്‍റെ ഈ നിലകള്‍ ആരും വിശദീകരിക്കാതെ നമുക്കു മനസ്സിലാകും.
പ്രതീകവും ചിഹ്നവും (Symbol and Sign)
പ്രതീകവും ചിഹ്നവും തമ്മിലുള്ള ബന്ധവും ഇവിടെ സൂചിപ്പിക്കേണ്ടതാണ്. ചിഹ്നം (sign) എന്നത് ചിലപ്പോള്‍ പ്രതീകത്തിനു പകരമായി ഉപയോഗിക്കപ്പെടാം. വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്താര്‍ത്ഥങ്ങള്‍ ചിഹ്നം അഥവാ അടയാളത്തിനു കൈവരാം. വളരെയേറെ പ്രതീകങ്ങള്‍ പ്രകൃതിയില്‍ നിന്ന് സ്വീകരിക്കപ്പെടുന്നവയാണെങ്കിലും ചിഹ്നങ്ങള്‍ കൂടുതലും മനുഷ്യന്‍റെ സാംസ്കാരിക സൃഷ്ടിയാണ് എന്നു പറയാം. അതുകൊണ്ട് അവയ്ക്ക് വ്യത്യസ്ത സംസ്കാരങ്ങളില്‍ അര്‍ത്ഥ വ്യത്യാസം വരാം. ഉദാഹരണമായി, ട്രാഫിക് സിഗ്നലുകളില്‍ ചുവപ്പു കണ്ടാല്‍, വാഹനം നിര്‍ത്തണമെന്നും പച്ച കണ്ടാല്‍ യാത്ര തുടരാമെന്നുമുള്ളത് ആധുനിക കാലത്ത് മനുഷ്യന്‍ സൃഷ്ടിക്കയും പരസ്പര സമ്മതത്തോടെ സ്വീകരിക്കയും ചെയ്യുന്ന ചിഹ്നമാണ്. എന്നാല്‍ ആ നിറങ്ങള്‍ക്ക് എല്ലാ സംസ്ക്കാരങ്ങളിലും ഒരേ അര്‍ത്ഥമല്ല. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വെളുപ്പ് പിശാചിന്‍റെ നിറമാണ്.
പ്രതീകം അതില്‍ത്തന്നെ അര്‍ത്ഥപൂര്‍ണ്ണമാണെങ്കില്‍ ചിഹ്നം മിക്കപ്പോഴും മറ്റൊന്നിലേക്കുള്ള ചൂണ്ടുപലകയാണ്. അത് ചൂണ്ടിക്കാണിക്കുന്ന അര്‍ത്ഥതലത്തില്‍ എത്തിയാല്‍ ചിഹ്നത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നു. കോട്ടയത്തു നിന്ന് കൊച്ചിയ്ക്ക് പോകാന്‍ വഴിയന്വേഷിക്കുന്ന ഒരാള്‍ വഴിയില്‍ ട്രാഫിക് ബോര്‍ഡ് കാണുന്നു: കോട്ടയം-കൊച്ചി 70 കി.മീ. അവിടെ കാണുന്ന ദിശാസൂചനയനുസരിച്ച് അയാള്‍ യാത്ര തുടരുന്നു. കൊച്ചിയില്‍ ലക്ഷ്യസ്ഥാനത്തെത്തി കഴിഞ്ഞാല്‍ അയാള്‍ ആദ്യം കണ്ട ബോര്‍ഡിനു പ്രസക്തിയില്ല. അയാള്‍ക്കത് മറക്കാം. എന്നാല്‍ നിറഞ്ഞ പ്രണയത്തോടെ ഒരു യുവാവ് അയാളുടെ പ്രണയിനിക്കു കൊടുത്ത റോസപ്പൂവ് വാടിക്കരിഞ്ഞു പോയാലും അതിന്‍റെ സൗരഭ്യം അവരുടെ ഹൃദയത്തില്‍ നിലനില്‍ക്കും.
സിംബലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലം
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ കവിതയിലും തുടര്‍ന്ന് ചിത്രകലയിലും നാടകകലയിലും പ്രത്യക്ഷപ്പെട്ട സിംബലിസ്റ്റ് പ്രസ്ഥാനം അന്ന് യൂറോപ്യന്‍ ചിന്തയില്‍ പ്രബലമായിരുന്ന റാഷണലിസം, റിയലിസം (Rationalism, Realism) എന്നിവയുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായും, ചിത്രകലയില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇംപ്രഷനിസത്തിന്‍റെ (Impressionism) ശൈലിയില്‍ നിന്ന് വ്യത്യസ്തമായും നിലപാടെടുത്തു. മധ്യകാല യൂറോപ്പില്‍ 15, 16 നൂറ്റാണ്ടുകള്‍ മുതല്‍ സജീവമായ നവോത്ഥാന കലയും, 17-ാം നൂറ്റാണ്ടു മുതല്‍ ഉയര്‍ന്നു വന്ന ശാസ്ത്രീയ വീക്ഷണങ്ങളും ഹ്യൂമനിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആശയാവിഷ്ക്കാരങ്ങള്‍ക്ക് വഴി തെളിച്ചു. മനുഷ്യകേന്ദ്രീകൃതമായി യുക്തി വിചാരത്തിന്‍റെ വെളിച്ചത്തില്‍ ലോകത്തെ കാണുന്ന രീതിയാണ് പില്‍ക്കാല യൂറോപ്പിന്‍റെ ആശയലോകത്തെ വഴിതിരിച്ചു വിട്ടത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവമാകുമ്പോഴേക്ക് യുക്തിവിചാരത്തിന്‍റെ ആധികാരികത, മതാധികാരത്തെ (പ്രധാനമായും റോമന്‍ കത്തോലിക്കാ സഭയുടെ) വെല്ലുന്ന ശക്തിയായി മാറി. മനുഷ്യരുടെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും മതപരമായ വിശ്വാസത്തിന്‍റെയോ വൈകാരികമായ പ്രതികരണങ്ങളുടെയോ അടിസ്ഥാനത്തിലാവരുത്, യുക്തിഭദ്രമായ അറിവിന്മേലാകണം എന്നു റാഷണലിസം (ലത്തീന്‍ ഭാഷയില്‍ ratio = യുക്തി) എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രസ്ഥാനം ഒരു ദാര്‍ശനിക-വൈജ്ഞാനിക സമീപനമായി യൂറോപ്പില്‍ പതിനേഴാം നൂറ്റാണ്ടു മുതലേ വ്യാപകമായിരുന്നു.
പരമ്പരാഗതമായ ശൈലിയുടെ അനുഷ്ഠാനവും വസ്തുനിഷ്ഠമായ ലോകത്തിന്‍റെ യഥാതഥമായ ആവിഷ്ക്കാരവും സിംബലിസ്റ്റുകള്‍ ഉപേക്ഷിച്ചു. ബാഹ്യമായതില്‍ നിന്ന് ആന്തരികവും ആത്മനിഷ്ഠവുമായ പ്രമേയങ്ങള്‍ സ്വീകരിച്ചു. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തവും മാര്‍ക്സിന്‍റെ സാമൂഹിക-സാമ്പത്തിക വിശകലനവും ബാഹ്യലോകത്തെയും മനുഷ്യസമൂഹത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠമായ നിരീക്ഷണങ്ങള്‍ നടത്തുകയും താമസിയാതെ അവ ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യമനസ്സിന്‍റെ ഗതിയെ നിര്‍ണ്ണയിക്കുകയും ചെയ്തു. അവയൊക്കെ തുടങ്ങിയ കാലത്ത് തന്നെയാണ്, സാധാരണ ദൃഷ്ടിയ്ക്ക് അഗോചരവും ആത്മനിഷ്ഠാപരവുമായ മാനങ്ങളിലേക്ക് സിംബലിസ്റ്റ് പ്രസ്ഥാനം തിരിയുന്നത്. ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെയാണ് ഫ്രോയിഡിന്‍റെ മനശ്ശാസ്ത്ര പഠനങ്ങളും അതില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്വപ്നങ്ങളുടെ വിശകലനവും അബോധമനസ്സിന്‍റെ അനാവരണവും നടക്കുന്നത്. സിംബലിസ്റ്റുകള്‍ക്ക് മേയാന്‍ പറ്റിയ ഇടമായിരുന്നു മിത്തുകളും സ്വപ്നങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥത്തിന്‍റെ ബഹുതലങ്ങളും.
ഉപരിതലസ്പര്‍ശിയായ ദൈനംദിന യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിന്‍റെ ആഴവും സങ്കീര്‍ണ്ണതയും ഉള്‍ക്കാഴ്ചകളും ധ്വനിപ്പിക്കുന്ന മിത്തുകളിലേക്കും പുരാണ കഥാപാത്രങ്ങളിലേക്കും കടക്കാനാണ് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. സ്വപ്നങ്ങള്‍ നല്‍കുന്ന അതീതാനുഭവത്തെയും മിസ്റ്റിക്കല്‍ ദര്‍ശനത്തിന്‍റെ അനുഭവമണ്ഡലങ്ങളെയും വരയ്ക്കുകയും വാക്കുകളില്‍ ആവിഷ്ക്കരിക്കയും ചെയ്യുന്നതു മൂലം ഒരു തരത്തില്‍, സൈക്കോഅനാലിസിസിലൂടെയും സ്വപ്നവ്യാഖ്യാനങ്ങളിലൂടെയും ഫ്രോയിഡ് ഉന്നംവച്ച മാനസികസൗഖ്യത്തെ ആയിരുന്നു സിംബലിസ്റ്റുകളും ലക്ഷ്യമാക്കിയത്. ഫ്രോയിഡ് ഒരു വ്യക്തിയുടെ അബോധ മനസ്സിനെയും സ്വപ്നങ്ങളെയും ആധാരമാക്കി നടത്തിയ നിരീക്ഷണങ്ങളും ചികിത്സാരീതിയും സിംബലിസ്റ്റുകള്‍ ഒരു കാലഘട്ടത്തില്‍ സമൂഹത്തെ മുഴുവന്‍ ലക്ഷ്യമാക്കി ചെയ്തു എന്നും പറയാം. കലയുടെ ധര്‍മ്മം ഇവിടെ ഒരളവില്‍ നിറവേറ്റപ്പെടുകയാണ്. പുതിയ യാന്ത്രിക സംസ്കാരത്തിന്‍റെയും വ്യവസായവല്‍ക്കരണത്തിന്‍റെയും ഫലമായി ഭൗതികതയിലേക്കു മൂക്കുകുത്തിത്തുടങ്ങിയ ലോകത്തെ രൂപാന്തരപ്പെടുത്താനാണ് സിംബലിസ്റ്റുകള്‍ അറിഞ്ഞോ അറിയാതെയോ ശ്രമിച്ചത്. ബാഹ്യത്തില്‍ നിന്നു ആന്തരികമായതിലേക്ക് മടങ്ങി, ഭൗതികാതീതമായ തലത്തില്‍, അര്‍ത്ഥം കണ്ടെത്താന്‍ വേണ്ടിയാണ് കലയിലൂടെ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ അഴിച്ചുപണിക്ക് സിംബലിസ്റ്റുകള്‍ തയ്യാറായത്.
സുവിശേഷങ്ങളില്‍ അന്ത്യന്യായവിധിയെക്കുറിച്ചും നരകത്തിന്‍റെ അനുഭവങ്ങളെക്കുറിച്ചും പറയുന്ന കാര്യങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായ അലങ്കാര പ്രയോഗങ്ങളാണ് എന്ന് നമുക്ക് അറിയാം. കെടാത്ത തീയും ചാകാത്ത പുഴുവും കരച്ചിലും പല്ലുകടിയും എല്ലാംതന്നെ നമുക്ക് സംഭവിക്കാവുന്ന മഹാദുരന്തത്തിന്‍റെ പ്രതീകങ്ങളാണ്. ആ ചിത്രങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് അതെക്കുറിച്ച് ഒന്നുംതന്നെ പറയാനാവില്ല. സ്വര്‍ഗ്ഗത്തിന്‍റെ അനുഭവത്തെക്കുറിച്ച് പരമാനന്ദം എന്നു പറയുന്നു. പക്ഷേ അത് എന്താണ് എന്ന് ആര്‍ക്കും നിര്‍വ്വചിക്കാനോ വര്‍ണ്ണിക്കാനോ സാധിക്കുകയില്ല. നമ്മുടെ ലോക യാഥാര്‍ത്ഥ്യം തന്നെ ഒരു രൂപകാലങ്കാരം (metaphor) ആണെന്നു പറയുന്നവരുണ്ട്. ബുദ്ധമതചിന്തയിലും മറ്റും നമ്മുടെ ബോധമാണ് ഇക്കാണുന്ന സകല പ്രപഞ്ചത്തെയും ഉരുത്തിരിക്കുന്നത്. ഇത് നമ്മുടെ പൊതു ധാരണകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു സമീപനമാണ്. ഏതായാലും കഥകളും അലങ്കാര പ്രയോഗങ്ങളുമില്ലാതെ ഭാഷയില്ല. പക്ഷേ ഓരോ കഥയും ഓരോ അലങ്കാരവും അതിപ്രിയമായ ഒരു മണ്ഡലത്തിലേക്ക് തുറക്കുന്ന വാതിലാണ് എന്ന ബോധം നമുക്ക് ലഭിച്ചാല്‍ നമ്മുടെ ഭാഷയും നമ്മുടെ ലോക യാഥാര്‍ത്ഥ്യവും പൂര്‍ണ്ണമായും രൂപാന്തരപ്പെടും. അത് നമ്മുടെ ജീവിതശൈലിയെയും സാമൂഹ്യ ക്രമത്തെയും മാറ്റും. കൊല്ലുന്ന അക്ഷരത്തില്‍ നിന്നും ജീവിപ്പിക്കുന്ന ആത്മാവിലേക്കുള്ള മാറ്റമാണിത്.