സമാദരണീയനായ പറങ്കിമാമ്മൂട്ടില്‍ വന്ദ്യ യോഹന്നാന്‍ കശ്ശീശായുടെ 140-ാം ജന്മവാര്‍ഷികവും 60-ാം ചരമവാര്‍ഷികവും തലവൂര്‍ വലിയപള്ളിയില്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രേഷ്ഠമായ ജീവിതത്തെക്കുറിച്ച് ഒരു ചെറിയ അനുസ്മരണം നടത്തുവാന്‍ എനിക്ക് ഭാഗ്യമുണ്ടായതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ബഹുമാനപ്പെട്ട ജോസഫ് ജോര്‍ജ്ജ് അച്ചനോടും കുടുംബാംഗമായിത്തീര്‍ന്ന പ്രിയ സുജി അച്ചനോടും പ്രത്യേകം നന്ദി അറിയിക്കുന്നു. വന്ദ്യ യോഹന്നാന്‍ കശ്ശീശായെക്കുറിച്ചുള്ള ലേഖനങ്ങളും പലരുടെ സാക്ഷ്യങ്ങളും അറിയാനിടയായതുകൊണ്ട് വളരെ ചുരുക്കമായി നമ്മുടെ പൗരോഹിത്യ പാരമ്പര്യവും ശ്രേഷ്ഠ വൈദികരുടെ ജീവിത മാതൃകയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
പരിശുദ്ധ പരുമല തിരുമേനിയില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിക്കുകയും കോട്ടയം ഇടവകയുടെ പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്ന് കശ്ശീശാപട്ടം ഏല്‍ക്കുകയും ചെയ്ത യോഹന്നാന്‍ അച്ചന്‍റെ ജീവിതലാളിത്യം, ആദ്ധ്യാത്മിക നിഷ്ഠകളിലുള്ള സമര്‍പ്പണം, അതോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും അച്ചന്‍ പ്രകടിപ്പിച്ചിരുന്ന പ്രതിഭാശേഷി തുടങ്ങിയവ മൂലം അദ്ദേഹം ആ പ്രദേശത്തുള്ള വൈദികര്‍ക്ക് മല്പാനായിത്തീര്‍ന്നു. പത്തനാപുരം താബോര്‍ ആശ്രമത്തിലെ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയും ആശ്രമാംഗങ്ങളും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. തിരുമേനിയുടെ കുമ്പസാര പിതാവുമായിരുന്നു യോഹന്നാന്‍ കത്തനാര്‍. അദ്ദേഹത്തിന്‍റെ പദ്യകൃതികള്‍ കേട്ടു പഠിച്ച് ഉരുവിടുന്ന ചില വൃദ്ധജനങ്ങള്‍ ഇപ്പോഴും മലങ്കരസഭയില്‍ ഉണ്ട് എന്നറിയുന്നു. നിരവധി ഇടവകകളില്‍ അദ്ദേഹം സേവനം അനുഷ്ഠിക്കുകയും പ്രത്യേകിച്ചും അധഃകൃതരായ പാവങ്ങളുടെ ഇടയില്‍ ക്രിസ്തുവിന്‍റെ സ്നേഹവും സുവിശേഷവും അറിയിക്കുകയും ചെയ്തു. മലങ്കര സഭയിലെ ശ്രേഷ്ഠ വൈദികരുടെ നിരയില്‍ നാം അദ്ദേഹത്തെ ആദരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും.
ഒന്നാമതായി, ആധുനിക രീതിയിലുള്ള സെമിനാരി വിദ്യാഭ്യാസം പഴയസെമിനാരിയില്‍ 1815-ല്‍ ആരംഭിച്ചെങ്കിലും ബ്രിട്ടീഷ് മിഷണറിമാരുമായുള്ള ഉരസ്സലുകളും പില്‍ക്കാലത്തുണ്ടായ സമുദായക്കേസുകളും എല്ലാം ചേര്‍ന്ന് സെമിനാരി പരിശീലനത്തിന്‍റെ തുടര്‍ച്ച ഏതാണ്ട് ഇല്ലാതായി. എന്നാല്‍ അതൊരു നഷ്ടമായിരുന്നു എന്നു കരുതാനും പ്രയാസമുണ്ട്. കാരണം, ഇംഗ്ലീഷുകാരുടെ “കോളേജ്” സമ്പ്രദായവും നമ്മുടെ പരമ്പരാഗതമായ മല്പാന്‍ ഭവനങ്ങളിലെ ഗുരുകുല ശിക്ഷണവും ഒരുമിച്ചു ചേര്‍ന്നതായിരുന്നല്ലോ പഴയസെമിനാരിയില്‍ ആരംഭിച്ച വൈദിക പരിശീലനം. ബ്രിട്ടീഷുകാര്‍ അവിടെനിന്നും പോകാന്‍ നിര്‍ബന്ധിതരായപ്പോള്‍ നമ്മുടെ നല്ല അടിയുറപ്പുള്ള പുരാതന ഗുരുകുല സമ്പ്രദായം നമുക്ക് താങ്ങായി നിന്നു. ശ്രേഷ്ഠരായ മല്പാന്മാരെ കേന്ദ്രീകരിച്ച്, കൗമാരത്തില്‍ത്തന്നെ തുടങ്ങുന്ന വൈദിക പരിശീലനം മൂലം നല്ല സ്വഭാവദൃഢതയും ആദ്ധ്യാത്മികമായ തീക്ഷ്ണതയും നേതൃത്വസിദ്ധികളുമുള്ള വൈദികര്‍ നമ്മുടെ ഇടവകകളെ നയിച്ചു. അതിലൊരാളായിരുന്നു പറങ്കിമാമ്മൂട്ടില്‍ യോഹന്നാന്‍ കശ്ശീശാ.
രണ്ടാമതായി, ഇപ്പോള്‍ കാണുന്നതുപോലെ വൈദികരുടെ സ്ഥലംമാറ്റമോ ശമ്പളപദ്ധതിയോ ഇല്ലാതിരുന്ന കാലത്ത് ഓരോ ഇടവകയ്ക്കും അതിന്‍റേതായ തനിമയും വ്യക്തിത്വവും ഉണ്ടായിരുന്നു. മിക്കവാറും അന്നാട്ടിലെ തന്നെ ശ്രേഷ്ഠ കുടുംബങ്ങളില്‍ നിന്നു വരുന്ന വൈദികര്‍ അനേക തലമുറകളില്‍പെട്ടവരെ കൗദാശിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നയിച്ചുകൊണ്ടിരുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ മൂന്നോ നാലോ വര്‍ഷത്തിനകം സ്ഥലംമാറി പോകുന്നവരും, ഇടവകക്കാര്‍ക്ക് മുന്‍പരിചയം ഇല്ലാത്തവരും, ഭദ്രാസനം നല്‍കുന്ന ശമ്പളം സ്വീകരിക്കുന്നവരുമായ വൈദികരെക്കാള്‍, ഒരു ഇടവക തിരഞ്ഞെടുത്ത് വൈദികപട്ടത്തിനയച്ച് ആയുഷ്ക്കാലം മുഴുവന്‍ അതേ ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്ന വൈദികരുടെ ശുശ്രൂഷ ദീര്‍ഘകാലയളവില്‍ ജനങ്ങള്‍ക്കു പ്രയോജനകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പറഞ്ഞതിന് രണ്ടു വശങ്ങള്‍ ഉണ്ടെന്നു നമുക്കറിയാം. ഇടവകാംഗങ്ങളായ ‘ഇടവകപട്ടക്കാര്‍’ ഉത്തമരും ജനങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തെക്കുറിച്ച് കരുതലുമുള്ള നല്ല ഇടയന്മാരാണെങ്കില്‍ അതാണ് നല്ലത്. നേരെ മറിച്ചായാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. അതുപോലെ തന്നെ പുതിയ ആശയങ്ങളും പ്രവര്‍ത്തനശൈലികളുമായി പുറത്തു നിന്നു വരുന്ന പുതിയ തലമുറയിലുള്ള വൈദികര്‍ ജനങ്ങള്‍ക്ക് ആദ്ധ്യാത്മിക നേതൃത്വം കൊടുക്കാന്‍ കൂടുതല്‍ കഴിവുള്ളവര്‍ ആയിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ദൈവവിളി ഇല്ലാത്ത വൈദികര്‍ സെമിനാരിയില്‍ പഠിച്ചവരും വലിയ ബിരുദങ്ങള്‍ നേടിയവരുമാണെങ്കിലും, അവര്‍ ഇടവകകള്‍ക്ക് വലിയ ഭാരമായിത്തീരും. അപ്പോള്‍ പഴയ തലമുറ ആണെങ്കിലും പുതിയ തലമുറ ആണെങ്കിലും വൈദികരുടെ സ്വഭാവശ്രേഷ്ഠതയും ദൈവവിളിയെക്കുറിച്ചുള്ള ബോധ്യവും നല്ലയിടയനായ യേശുവിനെപ്പോലെ ജനങ്ങളോടുള്ളതായ സ്നേഹവും കരുതലും തുടങ്ങിയവയാണ് യഥാര്‍ത്ഥ വൈദിക ശുശ്രൂഷയുടെ ആണിക്കല്ല്.
മൂന്നാമതായി, നമ്മുടെ പഴയ വ്യവസ്ഥയില്‍, അതായത് ശമ്പള-സ്ഥലംമാറ്റ വ്യവസ്ഥകള്‍ക്കു മുമ്പുള്ള തലമുറയില്‍ മെത്രാന്മാരും ഇടവക വൈദികരും തമ്മിലുള്ള ബന്ധം ശ്രദ്ധേയമായിരുന്നു. അവിടെ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. അനുഭവപരിചയമുള്ള മുതിര്‍ന്ന വൈദികരുടെ അഭിപ്രായങ്ങള്‍ക്ക് മേല്പട്ടക്കാര്‍ വിലകൊടുത്തിരുന്നു. അതുപോലെതന്നെ ഏതെങ്കിലും ഒരു മെത്രാന്‍ ഏകാധിപത്യ പ്രവണത കാണിക്കുകയോ വികലമായ നടപടികള്‍ എടുക്കുകയോ ചെയ്താല്‍ അതിനെ നല്ല അര്‍ത്ഥത്തില്‍ ചോദ്യം ചെയ്യാനും തിരുത്താനും ‘ഇടവകപട്ട’ക്കാര്‍ക്കു ധൈര്യമുണ്ടായിരുന്നു. അതിന്‍റെ പ്രധാന കാരണം, അവര്‍ ശുശ്രൂഷിക്കുന്ന പള്ളികളോ അവര്‍ക്ക് പള്ളിയില്‍ നിന്നും ലഭിക്കുന്ന വരുമാനമോ ഒന്നും പില്‍ക്കാലത്ത് മേല്പട്ടക്കാരന്‍റെ അധികാരത്തില്‍ വന്ന ശമ്പള-സ്ഥലംമാറ്റ വ്യവസ്ഥകള്‍ക്കു വിധേയമായിരുന്നില്ല എന്നതിനാലാണ്. ഒരു ഇടവകയും അതിന്‍റെ ഇടയനായ ഇടവകപട്ടക്കാരനും നന്നായി ചേര്‍ന്നുപോയാല്‍ അതൊരു പ്രാദേശിക ശക്തിയാണ്, ക്രിസ്തീയ സഭയുടെ ഒരു മിനി രൂപവുമാണത്. അതിന്മേല്‍ മേല്പട്ടക്കാര്‍ അനധികൃതമായ അവകാശങ്ങളൊന്നും ഉന്നയിക്കുമായിരുന്നില്ല. ഇനിയിപ്പോള്‍ നമുക്ക് തിരിച്ചുപോക്ക് സാധ്യമല്ല. എങ്കിലും വാസ്തവത്തില്‍ പരസ്പര ബഹുമാനവും ഏകകുടുംബബോധവും സഭയുടെ നല്ല ഭാവിയും ജനങ്ങളുടെ ആദ്ധ്യാത്മിക പരിപോഷണവും മുന്‍നിര്‍ത്തിയുള്ള ഒരു ബന്ധമാണ് മേല്പട്ടക്കാരും പട്ടക്കാരും തമ്മിലും പട്ടക്കാരും ജനങ്ങളും തമ്മിലും ഉണ്ടാവേണ്ടത് എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. നമ്മുടെ യഥാര്‍ത്ഥ ആവശ്യത്തിലധികം എണ്ണമുള്ള മേല്പട്ടക്കാരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയരായി നില്‍ക്കുന്ന വൈദികരും അത്ര സുഖകരമല്ലാത്ത മത്സരത്തിലൂടെ ഇടവകയുടെയും സഭയുടെയും കമ്മിറ്റികളില്‍ വരുന്ന അത്മായരും ഒക്കെയുള്ള ഒരു വ്യവസ്ഥ തീര്‍ച്ചയായും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. നമ്മുടെ പഴയ പാരമ്പര്യത്തിലും ഒട്ടും ആശാസ്യമല്ലാത്ത പല രീതികളും നിലനിന്നിരുന്നു. എങ്കിലും നാട്ടിലും വിദ്യാഭ്യാസരംഗത്തും സാംസ്കാരിക രംഗത്തുമൊക്കെ തലയെടുപ്പോടെ നേതൃത്വം കൊടുക്കുന്ന മേല്പട്ടക്കാരും ജനനേതാക്കളും നമുക്കുണ്ടായിരുന്നുവെന്ന് നാം ഓര്‍ക്കണം. ക്രിസ്തീയ സുവിശേഷവും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജീവിതമാതൃകയും മുന്‍നിര്‍ത്തിയുള്ള ഇടയശുശ്രൂഷയും സഭാഗൃഹത്തിന്‍റെ കെട്ടുപണിയും സമ്യക്കായി നടത്താന്‍ കഴിയുന്ന ഒരു പുതിയ വ്യവസ്ഥയ്ക്കുവേണ്ടി നാം നിരന്തരം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണല്ലോ. ബഹുമാന്യനായ യോഹന്നാന്‍ കശ്ശീശായുടെ നല്ല വൈദികമാതൃക നമുക്ക് ക്രിയാത്മകമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്.