Article about Kanayi Kunhiraman by Fr. Dr. K. M. George

kottayathamma_kmg

kanayiDSC00239

കാനായി കുഞ്ഞിരാമന്റെ കോട്ടയത്തമ്മ

നാനാര്‍ഥങ്ങള്‍

ഫാ. ഡോ. കെ.എം. ജോര്‍ജ്

“സാക്ഷരതയും സംസ്‌കാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?” ചോദിക്കുന്നത്‌ സാക്ഷാല്‍ കാനായി കുഞ്ഞിരാമന്‍. സമ്പൂര്‍ണസാക്ഷരത കൈവരിച്ച കോട്ടയം ജില്ലയില്‍, “അക്ഷരനഗരി” എന്ന സ്വയം പേരെടുത്ത കോട്ടയം പട്ടണത്തില്‍ താന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന മുപ്പതടി ഉയരമുള്ള അക്ഷരശില്‍പത്തിന്റെ തണലില്‍നിന്നുകൊണ്ടാണു പ്രശസ്‌ത ശില്‍പി കാനായി അക്ഷരത്തിന്റെ അപനിര്‍മാണത്തിനൊരുമ്പെടുന്നത്‌. കോട്ടയം പബ്ലിക്‌ ലൈബ്രറിയുടെ മുന്‍പില്‍ ഉയരുന്ന കാനായി ശില്‍പ സമുച്ചയത്തിനു ചുറ്റും മിക്കവാറും സായാഹ്‌നങ്ങളില്‍ സഹൃദയരും അന്വേഷകരുമായ ഒരു ചെറുസംഘം ശില്‍പിയോടൊപ്പം വെടിവട്ടത്തിനു കൂടാറുണ്ട്‌. കലയും സംസ്‌കാരവുമാണു പൊതുവിഷയം.
കാനായി ശില്‍പിക്ക്‌ അക്ഷരം അമ്മയാണ്‌. തന്റെ ശില്‍പം വാനോളം ഉയരുന്ന പ്രൗഢാംഗനയായ അമ്മയാണ്‌. എങ്കിലും തലകുനിച്ച്‌, വാത്സല്യം ചൊരിഞ്ഞ്‌, കുഞ്ഞുങ്ങള്‍ക്കു തണലും ഉള്‍വെളിച്ചവുമേകുന്ന അമ്മയുമാണ്‌.
കോട്ടയംകാര്‍ക്ക്‌ ഈ കലയിലൊക്കെ കണ്ണുപിടിക്കുമോ എന്നു പലരും തുടക്കത്തില്‍ കാനായിയോടു ചോദിച്ചിരുന്നു. പക്ഷേ, കാനായി കുഞ്ഞുരാമനു കോട്ടയംകാരെ വളരെ ഇഷ്‌ടമാണ്‌. മറ്റൊരിടത്തും തന്റെ പ്രവര്‍ത്തനത്തിനു തുടക്കംമുതലേ ഇത്രയും സ്വീകരണം ലഭിച്ചിട്ടില്ല എന്നാണു ശില്‍പിയുടെ പക്ഷം.
അക്ഷരശില്‍പമായ അമ്മയുടെ മുഖം രൂപപ്പെടുന്നതിനു വളരെ മുമ്പേ മടിത്തട്ട്‌ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഉടുപുടവയുടെ ഞൊറികള്‍ തരംഗങ്ങള്‍പോലെ അടയാളമിടുന്ന അതിവിശാലമായ മടിത്തട്ട്‌. ഒന്നരവര്‍ഷം മുമ്പ്‌ ശില്‍പം ഉരുത്തിരിഞ്ഞു തുടങ്ങുമ്പോള്‍തന്നെ, അച്‌ഛനോടൊപ്പം കാഴ്‌ചക്കാരിയായ വന്ന ഒരു രണ്ടരവയസുകാരി അവിടെ കയറി നൃത്തത്തിന്റെ ചുവടുകള്‍ വയ്‌ക്കുന്നതു കണ്ടു. വേദിയിലേക്ക്‌ തിരിച്ചുവച്ച വര്‍ണവിളക്കുപോലെ സായന്തന സൂര്യന്‍ അവളുടെ ഉടുപ്പിലും മുഖത്തും അരുണിമ കലര്‍ത്തിക്കൊണ്ടിരുന്നു. അമ്മയുടെ മടിത്തട്ട്‌ അവള്‍ക്ക്‌ നൃത്തവേദിയായി. അവളുടെ കൊച്ചു ലോകത്തില്‍ അമ്മയാണു പ്രകൃതിയും പ്രപഞ്ചവും. ഒരു കൊച്ചുകുഞ്ഞ്‌ ഉല്ലാസത്തോടെ നൃത്തം ചെയ്യുന്ന ഏതിടവും ശുഭസ്‌ഥലിയായി നാം കരുതണം. ജീവന്റെ കുരുന്നുകള്‍ക്കു സുരക്ഷയും സന്തോഷവും ലഭിക്കുന്ന ലോകമാണല്ലോ സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും ഇടം.
കാനായി ശില്‍പങ്ങള്‍ ഉരുത്തിരിയുന്നത്‌ പ്രകൃതിയില്‍നിന്നാണ്‌. അടച്ചുകെട്ടി ബന്തവസാക്കിയ മ്യൂസിയങ്ങളില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ കണ്ണാടിക്കൂട്ടില്‍ വയ്‌ക്കുന്ന വിഗ്രഹങ്ങളല്ല അവ. “കോട്ടയത്തമ്മ” എന്നറിയപ്പെട്ടു തുടങ്ങിയ അക്ഷരശില്‍പം, അതിന്റെ വശങ്ങളില്‍ നില്‍ക്കുന്ന മരങ്ങളോടൊപ്പം മണ്ണില്‍നിന്നാണ്‌ ഉയര്‍ന്നുവരുന്നത്‌. ഒരിക്കല്‍ ചെളിയും മുള്ളും ജീര്‍ണിച്ച ഇലകളുമായി കിടന്ന ഒരു തുണ്ടുഭൂമി ലാന്‍ഡ്‌സ്‌കേപ്പ്‌ ചെയ്‌തു കഴിഞ്ഞപ്പോള്‍ അത്‌ അമ്മയുടെ മടിത്തട്ടിന്റെ തുടര്‍ച്ചയായി.
പച്ചപ്പുല്ലിന്റെ ആര്‍ദ്രതയില്‍ ഞൊറികളും നിമ്‌നോന്നതികളും. കുട്ടികള്‍ക്ക്‌ അവിടെ സുരക്ഷിതമായി ഉരുണ്ടുകളിക്കാം. അക്ഷരശില്‍പത്തിന്റെ മടിയില്‍നിന്ന്‌ ഊര്‍ന്നിറങ്ങിയാല്‍ പ്രകൃതിയുടെ മടിയിലേക്ക്‌. അവിടെനിന്ന്‌ ഓടിക്കയറുന്നത്‌ അമ്മയുടെ മടിയിലേക്ക്‌. ഇതാണ്‌ യഥാര്‍ഥ സാക്ഷരത. അക്ഷരവിദ്യയെ പ്രകൃതിയില്‍നിന്നു ബഹുദൂരം അകറ്റി, അര്‍ഥമില്ലാത്ത അര്‍ഥത്തിനുവേണ്ടിയുള്ള ആര്‍ത്തിക്ക്‌ അടിമയാക്കുന്ന നമ്മുടെ പുതിയ സംസ്‌കാരത്തെയാവും സാത്വികനായ ശില്‍പി ഇവിടെ പരോക്ഷമായി വിമര്‍ശിക്കുന്നത്‌.
മാതൃവാത്സല്യത്തിന്റെ അമൃതകുംഭങ്ങള്‍ക്കിടയില്‍ ശിരസമര്‍ത്തിനിന്ന്‌ അക്ഷരം പഠിക്കുന്ന ഇളയകുട്ടിയെ ശ്രദ്ധിക്കണം. അവന്റെ തലയ്‌ക്കുള്ളില്‍ മസ്‌തിഷ്‌ക കോശങ്ങളുടെ സങ്കീര്‍ണമായ വല രൂപപ്പെട്ടുവരുന്നതേയുള്ളൂ. പ്രകൃതിയായ അമ്മതന്നെ അവന്റെ തലച്ചോറില്‍ അക്ഷരം കോറണം, അനാദിയായി, ഗുരുപരമ്പരകളിലൂടെ ഒഴുകിവന്ന, സാത്വികമായ സകല ഊര്‍ജവും സംവഹിച്ചുകൊണ്ട്‌. അല്ലെങ്കില്‍ അവന്റെ ന്യൂറോണ്‍ കോശങ്ങള്‍ വികലമാവും. മനുഷ്യജീവനെയും അതിന്റെ ജൈവാവരണങ്ങളെയും നശിപ്പിക്കുന്ന വികടസരസ്വതിയായി അവന്റെ വിദ്യ മാറിയെന്നുവരാം.
അക്ഷരശില്‍പത്തിനു ചുറ്റും വേറെയുമുണ്ട്‌ ശില്‍പങ്ങള്‍. അതൊന്നും ഒറ്റപ്പെട്ടവയല്ല. ഉളികൊണ്ട്‌ കൊത്തിയും കൈകൊണ്ട്‌ തടവിയും സ്‌നേഹംകൊണ്ട്‌ ഉഴിഞ്ഞും കാനായി തന്റെ മുഖ്യശില്‍പം പൂര്‍ത്തിയാക്കവേ സമാന്തരമായി ഉരുത്തിരിഞ്ഞുവന്നതാണ്‌ അവയെല്ലാം. സാധാരണ ദൃഷ്‌ടാവിന്‌ അദൃശ്യമായ ഏതോ ബാന്ധവത്തിന്റെ ഇഴകളാല്‍ അവയെല്ലാം കൊരുക്കപ്പെട്ടിരിക്കുന്നു. അവയിലൊന്നാണ്‌ “വനരോദനം” എന്നു പേരിട്ട പക്ഷി. ചിറകുവിടര്‍ത്തി, ചുണ്ടുപിളര്‍ത്തി അനന്താകാശത്തിലേക്ക്‌ പറക്കാന്‍ വെമ്പുകയാണ്‌ ആ കൊച്ചുപക്ഷി എന്നു ചിലര്‍ക്കു തോന്നും. പറക്കാനാവാതെ, കൂട്ടം തെറ്റി, മണ്ണില്‍പ്പതിച്ചു കരയുന്ന പാവം പക്ഷിയെന്ന്‌ മറ്റു ചിലര്‍ക്കു തോന്നാം.
അസ്‌തിത്വത്തിന്റെ വന്യമായ ഏകാന്തതയില്‍ അതീന്ദ്രയമായ സഹായം തേടി നിലവിളിക്കുന്ന മനുഷ്യാത്മാവിന്റെ നിലവിളിയുമാകാമത്‌. നോര്‍വീജിയന്‍ ചിത്രകാരനായ എഡ്‌വര്‍ഡ്‌ മുങ്കിന്റെ “നിലവിളി”ക്കുന്ന മനുഷ്യരൂപവും ആധുനിക യൂറോപ്യന്‍ ശില്‍പിയായ ബ്രാങ്കുസിയുടെ, അനന്തതയ്‌ക്കായി വെമ്പല്‍കൊള്ളുന്ന സ്‌തൂപ രൂപങ്ങളും വലിയ ചിറകുകളുള്ള ഈ ഇത്തിരിപ്പക്ഷിയുടെ കണ്ണുകളില്‍ മിന്നിമറയുന്നത്‌ കാണാം.
ശില്‍പോദ്യാനത്തിനു സ്രോതസായി സ്‌റ്റീലില്‍ തീര്‍ത്ത സൂര്യബിംബമുണ്ട്‌. ഭൂമി അമ്മയും സൂര്യന്‍ പിതാവുമാണ്‌ കാനായി ശില്‍പിക്ക്‌. ഉളിയും ചുറ്റികയുമായി, എരിപൊരിയാക്കുന്ന വെയിലിലും തട്ടുപലകയില്‍ കൂളായിനിന്നു പണിയുന്ന കാനായിയെ കാണുമ്പോള്‍ താഴെ നില്‍ക്കുന്നവര്‍ക്ക്‌ ചുട്ടുപൊള്ളും. പക്ഷേ, “ഉയരങ്ങളില്‍ വസിക്കുന്നവന്റെ തണലി”ലാണല്ലോ ശില്‍പി നില്‍ക്കുന്നത്‌. ശൈത്യത്തിലല്ല, അത്യൂഷ്‌മളതയിലാണ്‌ സൃഷ്‌ടിയെല്ലാം നടക്കുന്നത്‌. അമ്മയുടെ പാദത്തിങ്കല്‍ ഒരു അക്ഷരമുറ്റവുമുണ്ട്‌. അവിടെയിരുന്ന്‌, ഗുരുക്കന്മാര്‍ക്ക്‌ ഇനി സൂര്യവട്ടത്തിലൂടെ ഉദിച്ചുയരുന്ന ബാലസൂര്യനെ കണ്ട്‌, ബാലജനങ്ങളെ അക്ഷരപ്രപഞ്ചത്തിലേക്ക്‌ ഉപനയിക്കാനാവും.
മണ്ണിലെയും വിണ്ണിലെയും നിറങ്ങളെല്ലാം ചാലിച്ചു ചേര്‍ത്ത നിരവധി ഇരിപ്പിടങ്ങളുണ്ട്‌. പല പ്രതീകങ്ങളും പാറ്റേണുകളും അവയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഓരോ ഇരിപ്പിടവും ഓരോ കാഴ്‌ചപ്പാടാണ്‌. അക്ഷരശില്‍പത്തിന്റെ ഓരോ കാഴ്‌ചയും ഓരോരോ മാനങ്ങളാണ്‌. ഇതു കലയുടെ സ്വാതന്ത്ര്യമാണ്‌. ശില്‍പിയായ കലാകാരന്‍ നമുക്കു നല്‍കുന്ന സമ്മാനമാണ്‌. കലാസൃഷ്‌ടിയുടെ കാഴ്‌ചയും ആസ്വാദനവും അച്ചിലിട്ട്‌ വാര്‍ത്തതുപോലെയാവരുത്‌ എന്നാകും ശില്‍പി ചിന്തിച്ചത്‌. ഓരോ പരിപ്രേക്ഷ്യവും ഓരോ വാതായനമായിത്തീരുമ്പോള്‍ എത്രയെത്ര പ്രപഞ്ചങ്ങളാണു കലാസൃഷ്‌ടി നമുക്കു മുന്‍പില്‍ തുറക്കുന്നത്‌.
ശില്‍പത്തിന്റെ പണിക്കുറ തീര്‍ക്കുന്നതിനു മുന്‍പ്‌ ഇതൊക്കെ എഴുതുന്നത്‌ ക്ഷന്തവ്യമാണോ എന്നറിയില്ല. സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും നാനാര്‍ഥങ്ങള്‍ തേടുന്നവര്‍ക്കെല്ലാം കാനായി കുഞ്ഞിരാമനെപ്പോലെ ക്രാന്തദര്‍ശികളായ കലാകാരന്മാരുടെ സാന്നിധ്യം അനുഗ്രഹമാണെന്നു മാത്രം പറഞ്ഞു നിര്‍ത്താം.

Source:http://www.mangalam.com/opinion/320564#sthash.qTcuUV7b.dpuf

‘Akshara Shilpam’ to be unveiled tomorrow

  • SPECIAL CORRESPONDENT
kanayi
Kanayi Kunhiraman’s sculpture complex willbe dedicated to the people by Chief Minister Oommen Chandy in Kottayam on Sunday.
 

The latest work of sculptor Kanayi Kunhiraman, coming up at the courtyard of the Kottayam Public Library (KPL), will be unveiled on Sunday. Akshara Shilpam — the concrete, steel, stainless steel and tiles sculpture compilation — will be dedicated to the ‘Land of Letters’ by Chief Minister Oommen Chandy.

Speaking to media persons along with the managing committee members of the KPL, the artist said the sculpture was the result of his attempt to bring back the sanctity of ‘Vidyarambham’, a celebration unique to the State. “A child should get his or her first lessons through the mother so that the term mother tongue is rendered meaningful,” Mr. Kunhiraman said. “She is the mother, teacher and the Devi for the child,” he said, explaining the sculpture that depicts a child sitting on the lap of the mother, imbibing the first lesions of life.

Adjacent to the main sculpture is the ‘Akshara Muttom’, a platform where ‘Vidhyarambham’ ceremony could be organised.

Next in the sculpture complex is the steel piece, ‘Vanarodhanam’, depicting the degradation of the environment.

The third component in the compilation is a contemporary work of art, ‘Sooryavattom’ made of stainless steel. The complex also has a fourth installation that mainly focuses on the evolution of Malayalam script.

Source