കേരളത്തില്‍ പൊതുവെ അവയവദാനം എന്ന ആശയം സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എല്ലാ വ്യക്തികള്‍ക്കും മതവിഭാഗങ്ങള്‍ക്കും അത് ഒരു പോലെ സ്വീകാര്യമല്ല എന്നതും വസ്തുതയാണ്. അവയവദാനത്തിന്‍റെ ധാര്‍മ്മികമായ അടിസ്ഥാനം എന്താണ് എന്നു പലരും ചോദിക്കാറുണ്ട്. ക്രിസ്തീയ പാരമ്പര്യത്തില്‍ ഇത് അംഗീകരിക്കാമോ? ശരീരത്തോടുകൂടിയുള്ള ഉയിര്‍പ്പില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്ക്, തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുവാനാകുമോ? അങ്ങനെ ചെയ്യുന്നവര്‍ വികലാംഗരായി പുനരുത്ഥാനം ചെയ്യുമോ? ഇത് ദൈവഹിതമാണോ? ഇങ്ങനെയൊക്കെയാണ് ചിലരുടെ സംശയങ്ങള്‍. ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് ഇക്കാര്യത്തില്‍ എന്താണ് എന്നും വിശ്വാസികള്‍ ചോദിക്കാറുണ്ട്.
ചുരുക്കമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
ഒന്നാമതായി, മാറിമാറിവരുന്ന സാമൂഹ്യ സാംസ്ക്കാരിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉടനുടന്‍ പ്രസ്താവനകളിലൂടെ കൃത്യമായ ഉത്തരം നല്‍കുന്ന രീതി ഓര്‍ത്തഡോക്സ് സഭകള്‍ക്ക് പൊതുവെ ഇല്ല. അതേ സമയം വിശ്വാസികള്‍ക്ക് സ്വയമായി തീരുമാനം എടുക്കാന്‍ സഹായിക്കുന്ന പൊതുവായ മാര്‍ഗ്ഗനിര്‍ദേശ സൂചനകള്‍ നല്‍കുവാന്‍ സഭയ്ക്ക് ചുമതലയുണ്ട്. നേതാക്കള്‍ക്കും മതപണ്ഡിതന്മാര്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ നടത്താം. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ സഭയുടെ പൊതുനിലപാടോ നയമോ ആകണമെന്നില്ല. അതുകൊണ്ട് എല്ലാവരും നിര്‍ബന്ധിതമായി അനുസരിക്കേണ്ട ‘കല്പന’കളല്ല ഈ കാര്യത്തില്‍ സഭ നല്കുന്നത്.
രണ്ടാമതായി, അവയവദാനം എന്നുള്ളത് തികച്ചും പുതിയ ചോദ്യമാണ്. വൈദ്യശാസ്ത്രവും മെഡിക്കല്‍ ടെക്നോളജിയും പുരോഗമിച്ചതുകൊണ്ടാണ് ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക്, അവയവങ്ങള്‍ പറിച്ചുനടുവാന്‍ കഴിയുന്നത്. ചിലരൊക്കെ എതിര്‍ത്തെങ്കിലും രക്തദാനം, നേത്രദാനം എന്നിവ വളരെ പ്രചാരത്തില്‍ വരികയും ചെയ്തു. ഇപ്പോള്‍ മനുഷ്യന്‍റെ കരള്‍, വൃക്ക, ശ്വാസകോശങ്ങള്‍ തുടങ്ങി ഹൃദയം വരെ മാറ്റിവെയ്ക്കുന്നതിനുള്ള സാങ്കേതികശേഷി വൈദ്യശാസ്ത്രം നേടിയിട്ടുണ്ട്. പന്നി പോലുള്ള മൃഗങ്ങളുടെ ചില അവയവങ്ങള്‍ മനുഷ്യരിലേക്കു മാറ്റുന്നതിനുള്ള പരീക്ഷണങ്ങളുമുണ്ട്. അതുകൊണ്ട് ചോദ്യങ്ങളും സംശയങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.
അവയവദാനത്തിന്‍റെ പൊതുവായ ചില ആത്മീകാടിസ്ഥാനങ്ങള്‍ സൂചിപ്പിക്കട്ടെ.
ഒന്നാമതായി, യേശുക്രിസ്തു തന്‍റെ കുരിശുമരണം മൂലം മരണത്തിന് വിധേയമായിരുന്ന മനുഷ്യകുലത്തിന് പുതിയ ജീവന്‍ നല്‍കി എന്ന് നാം വിശ്വസിക്കുന്നു. വി. കുര്‍ബ്ബാനയില്‍ കര്‍ത്താവിന്‍റെ ശരീരവും, രക്തവുമാണ് നാം അനുഭവിക്കുന്നതെന്നും വിശ്വസിക്കുന്നു. സ്നേഹത്തെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ ഉപദേശത്തില്‍ “ഒരുവന്‍ തന്‍റെ സ്നേഹിതന്മാര്‍ക്കു വേണ്ടി ജീവനെ കൊടുക്കുന്നതില്‍ വലുതായ സ്നേഹമില്ല” എന്നു നമ്മെ പഠിപ്പിക്കുന്നു. ജീവനാണ് അവയവത്തേക്കാള്‍ വലുത് എന്ന് നമുക്കറിയാം. വേറൊരുവന് സ്നേഹം മൂലം ജീവന്‍ കൊടുക്കുന്നതാണ് ഏറ്റവും വലിയ സ്നേഹപ്രവൃത്തി എന്ന് കര്‍ത്താവ് പറയുകയും ജീവിതത്തില്‍ കാണിക്കുകയും ചെയ്തപ്പോള്‍ അവയവദാനത്തിന്‍റെ ആത്മീകാടിസ്ഥാനമായി അതിനെ കരുതാം.
രണ്ടാമതായി, നാം എല്ലാവരും ഏകശരീരമാണ് എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. “പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു” (റോമ. 12:5). കുരുടനായ ഒരാള്‍ നടക്കുമ്പോള്‍ അയാളുടെ കൈയില്‍ പിടിച്ച് കാഴ്ചയുള്ള ഒരുവന്‍ നേര്‍വഴിയെ നടത്തുന്നു എന്നതുപോലെ തന്നെയാണ് രണ്ട് കണ്ണുള്ളവന്‍ ഒരു കണ്ണ് കാഴ്ചയില്ലാത്തവന് ദാനം ചെയ്യുന്നത്. ബലഹീനനായ ഒരാളെ നാം പിടിച്ചു എഴുന്നേല്‍പ്പിക്കുമ്പോള്‍, നമ്മുടെ ബലമുള്ള അവയവങ്ങള്‍ അയാളുടെ അവയവങ്ങളായി മാറുകയാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഇങ്ങനെ സഹായിക്കുന്നവരും സഹായിക്കപ്പെടുന്നവരും ഒരു ശരീരമായിത്തീരുകയാണ്. നമ്മുടെ വിശ്വാസവും, വേദശാസ്ത്രവുമനുസരിച്ച് നാം ഏകശരീരത്തിന്‍റെ അംശികള്‍ ആണ്. നസ്രത്തിലെ സിനഗോഗില്‍ യേശു വായിച്ച യെശയ്യാ പ്രവാചകന്‍റെ വേദഭാഗം (ലൂക്കോസ് 4:18, 17) കുരുടന്മാര്‍ക്ക് കാഴ്ചയും, ബദ്ധന്മാര്‍ക്ക് വിടുതലും, പീഡിതന്മാരെ വിടുവിച്ചയക്കുന്നതും എല്ലാം ആലങ്കാരികമായി എടുക്കാനായിരുന്നില്ല. കര്‍ത്താവ് തന്‍റെ പരസ്യ ശുശ്രൂഷയില്‍ കുരുടന്മാര്‍ക്ക് കാഴ്ചയും, പലതര ബന്ധനങ്ങളിലിരുന്നവര്‍ക്ക് വിമോചനവും നല്‍കുന്നുണ്ടല്ലോ. സഭയുടെ ആതുരസേവനം കര്‍ത്താവിന്‍റെ മാതൃകയിലാണ് ആദ്യം കരുപ്പിടിപ്പിക്കപ്പെട്ടത്. മെഡിക്കല്‍ ടെക്നോളജി വികസിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ആക്ഷരീകമായിത്തന്നെ കുരുടന്മാര്‍ക്ക് കാഴ്ച കൊടുക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്ക് സൃഷ്ടിക്കാനാവും. മറ്റെല്ലാ അവയവങ്ങള്‍ സംബന്ധിച്ചും, ഇത് ബാധകമാണ്.
മൂന്നാമതായി, ദൈവം നല്കിയ എല്ലാ ദാനങ്ങളെയും പോലെ അവയവങ്ങളെ കരുതാന്‍ കഴിയും. മരണശേഷമാണ് പലപ്പോഴും അവയവദാനം സംഭവിക്കുന്നത്. വൃക്ക, കരള്‍ തുടങ്ങിയ ചില ആന്തരിക അവയവങ്ങള്‍ ദാതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ സ്വന്ത താത്പര്യപ്രകാരം കൊടുക്കാന്‍ കഴിയും; വാസ്തവത്തില്‍ ഒരാള്‍ക്ക് ജന്മനാ ലഭിക്കുന്ന വൃക്കകളുടെയോ കരളിന്‍റെയോ ഒരു ഭാഗം കൊണ്ടും, ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ സാധിക്കും. അപ്പോള്‍ ദൈവം ഒരാള്‍ക്ക് നല്‍കിയിരിക്കുന്ന സമൃദ്ധമായ ഈ ദാനത്തെ, സമ്പത്തും, സമയവും എന്നതുപോലെ, ആവശ്യക്കാര്‍ക്കായി പങ്കുവച്ചു നല്‍കുന്നത്, ദൈവസന്നിധിയില്‍ വിലപ്പെട്ടതായിരിക്കും.
എന്‍റെ ഏക ശരീരത്തില്‍ ഇടതുകൈക്ക് ബലഹീനത ഉണ്ടായാല്‍, വലതുകൈ തത്ക്ഷണം സഹായത്തിന് എത്തുന്നതു പോലെ, അല്ലെങ്കില്‍ ജന്മനാ അന്ധനായ ഒരാള്‍ക്ക് ചെവിയുടെ ശ്രവണശേഷി കൂടുന്നതുപോലെ, ഏക ശരീരമായിരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിനുള്ളില്‍ പരസ്പരം ബലം നല്‍കുകയും ദിവ്യദാനങ്ങളെ സ്നേഹപൂര്‍വ്വം പങ്കിടുകയും ചെയ്യുന്ന അനുഭവമായി അവയവദാനത്തെ കണക്കാക്കാം.
നാലാമതായി, അവയവദാനത്തിന്‍റെ പരിമിതികള്‍ കൂടി പരിഗണിക്കണം. ശാസ്ത്രീയമായി അവയവദാനത്തിനു പരിമിതികള്‍ ഉണ്ട് എന്ന് നമുക്കറിയാം. ഉദാ: എനിക്ക് ഒരു വൃക്ക ആവശ്യമായി വന്നാല്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും വൃക്ക ഒരു പോലെ എന്‍റെ ശരീരം സ്വീകരിക്കുകയില്ല. രക്തഗ്രൂപ്പിന്‍റെയും, മറ്റ് പല ഘടകങ്ങളുടെയും അനുകൂല സാഹചര്യം അനുപേക്ഷണീയമാണ്. വൃക്ക സ്വീകരിച്ചാല്‍ ആയുഷ്ക്കാലം മുഴുവന്‍ മരുന്നുകളും കരുതലും ആവശ്യമായി വരും. വൈകാരികമായി പറഞ്ഞാല്‍ അവയവദാനം ചെയ്യുന്ന ആള്‍ പൂര്‍ണ്ണമായ സ്നേഹത്തോടും, യഥാര്‍ത്ഥമായ സഹാനുഭൂതിയോടും കൂടിയാണ് അത് നല്‍കേണ്ടത്. ഇത് കച്ചവടമാക്കുകയോ മനഃപൂര്‍വ്വം പ്രശസ്തി നേടാനുള്ള ഉപകരണമാക്കുകയോ ചെയ്താല്‍ അതിന്‍റെ മേന്മ തീര്‍ച്ചയായും കുറഞ്ഞുപോകും. ലഹരിമരുന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവപോലെ അവയവക്കച്ചവടം നടത്തുന്നതില്‍ മാഫിയകളും ചില ഡോക്ടര്‍മാരും എല്ലാം ഇടപെടുന്ന സാഹചര്യം നിലവിലുണ്ട്. ഇപ്പോള്‍ ചില സ്ഥലങ്ങളിലൊക്കെ പുസ്തകമേള, കാര്‍മേള, ചുരിദാര്‍മേള തുടങ്ങിയ മേളകള്‍ പോലെ അവയവദാനമേളകള്‍ സംഘടിപ്പിക്കുവാന്‍ ചില പള്ളികളും, സംഘടനകളും മുന്‍പോട്ടു വരുന്നതു കാണാം! ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഗ്ദാനം കൊടുക്കുന്ന ആളുകളില്‍ ഒരു പക്ഷേ ഏതാനും പേര്‍ മാത്രമായിരിക്കും, യഥാര്‍ത്ഥത്തില്‍ അവയവദാനം നടത്തുന്നതും അത് സ്നേഹപൂര്‍വ്വം നിര്‍വഹിക്കുന്നതും. എങ്കിലും അവയവദാനം നമ്മുടെ സമൂഹത്തില്‍ ജാതി മത വ്യത്യാസങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ സാഹോദര്യവും വൈകാരിക ഐക്യദാര്‍ഢ്യവും വളര്‍ത്താന്‍ സഹായിക്കുന്നെങ്കില്‍, തീര്‍ച്ചയായും, അതിന് വലിയ മൂല്യമുണ്ട്.
പുനരുത്ഥാനവും അവയവദാനവും തമ്മില്‍ ബന്ധമുണ്ടോ?
പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളില്‍ ചിലരൊക്കെ അവയവദാനത്തെക്കുറിച്ച്, വിശ്വാസപരമായ സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. ഉയിര്‍പ്പ് എന്താണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നത് അവഗണിച്ചാണ് പലരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സ്ഥലകാലങ്ങള്‍ക്ക് വിധേയമായ നമ്മുടെ ശരീരം ഇതുപോലെ തന്നെ ഭൗതികമായി പുനരുത്ഥാനം ചെയ്യും എന്ന് യേശുക്രിസ്തുവോ, അപ്പോസ്തോലന്മാരോ പഠിപ്പിക്കുന്നില്ല. കര്‍ത്താവ് പഠിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് പൗലോസ് അപ്പോസ്തോലനാണ്. അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് ഒരു വിത്തിന്‍റെ ഉപമയാണ്. “മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നത് ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രെ വിതയ്ക്കുന്നത്. … പ്രാകൃത ശരീരം വിതയ്ക്കപ്പെടുന്നു. ആത്മീക ശരീരം ഉയിര്‍ക്കുന്നു” (1 കൊരി. 15:36-44). നെല്ലിന്‍റെയോ പയറിന്‍റെയോ ഒരു ‘മണി’ നാം വിതച്ചാല്‍ അതില്‍ നിന്നുണ്ടായി വരുന്ന ചെടിക്ക് ആ വിത്തുമായി യാതൊരു സാമ്യവും ഇല്ല. അതേസമയം, അതിസൂക്ഷ്മമായ ഒരു ജനിതക ഘടകം അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട് താനും. നമ്മുടെ ശരീരം വിത്തുകളെപ്പോലെ ഭൂമിയില്‍ മറച്ചു വെയ്ക്കുകയാണ് ശവസംസ്കാര ശുശ്രൂഷയില്‍ (“വിത്തുകള്‍ പോല്‍ മണ്ണിലമര്‍ന്ന മൃതരോടാര്‍ദ്രത തോന്നണമെ…” ശ്ഹീമാ നമസ്ക്കാരം, ശനി, സന്ധ്യ). എല്ലാ കര്‍ഷകര്‍ക്കുമറിയാവുന്ന ഒരു സത്യം കര്‍ത്താവ് ഒരവസരത്തില്‍ എടുത്തു പറയുന്നു. “ഗോതമ്പുമണി നിലത്ത് വീണ് ചാകുന്നില്ലെങ്കില്‍, അത് വെറുതെയിരിക്കുന്നു. ചത്തു എങ്കിലോ, സമൃദ്ധമായി ജീവന്‍ നല്‍കും.” നാം മണ്ണിനടിയില്‍ കുഴിച്ചിടുന്ന വിത്തുകളെല്ലാം മണ്ണോടു മണ്ണായിത്തീരുന്നു. നമ്മുടെ ശരീരവും അതുപോലെ തന്നെ ദ്രവത്വത്തിന് വിധേയമാകുന്നു. എങ്കിലും ദ്രവത്വത്തില്‍ നിന്ന് പുതിയ ജീവന്‍ തികച്ചും, പുതിയ രൂപഭാവങ്ങളോടു കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. “മാംസരക്തങ്ങള്‍ ദൈവരാജ്യത്തെ അവകാശമാക്കുകയില്ല. …. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യതയെയും ധരിക്കേണം (1 കോരി. 15:50-53). അവിടെ നമ്മുടെ ഇന്ദ്രിയങ്ങളുടെയും മാംസരക്തങ്ങളുടെയും സ്വഭാവം സമ്പൂര്‍ണ്ണമായി മാറുന്നു. പുതിയ അവസ്ഥയെക്കുറിച്ച് നമുക്ക് ആലങ്കാരികമായി ചില സൂചനകള്‍ മാത്രമാണ് ലഭിക്കുന്നത്. എങ്കിലും മനുഷ്യസഹജമായി നാം ഇവിടുത്തെ അവസ്ഥയെ, സ്ഥലകാലങ്ങള്‍ക്കപ്പുറമുള്ള നിത്യതയിലും ആരോപിക്കുന്നു. അതുകൊണ്ട് രാജകീയമായി അലങ്കരിച്ചിരിക്കുന്ന ഒരു സ്ഥലത്ത് വിഭവസമൃദ്ധമായ ഒരു സ്വീകരണ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതുപോലെ നീതിമാന്മാര്‍ ദൈവസന്നിധിയില്‍, നിത്യമായി, തിന്നും കുടിച്ചും, ആനന്ദിച്ചും കഴിയുന്നു എന്ന് പലരും സങ്കല്പിക്കുന്നു.
ഈ ലേഖകന്‍റെ വലതുകൈയുടെ, ചൂണ്ടുവിരലിന്‍റെ മൂന്നിലൊന്നു ഭാഗം ഒരു ട്രയിന്‍ അപകടത്തില്‍ 1979-ല്‍ നഷ്ടപ്പെട്ടു. വൈദ്യശൂശ്രൂഷ നല്‍കാനായി ആന്ധ്രയിലെ വിജയവാഡാ സ്റ്റേഷനില്‍ എന്നെ ഇറക്കി എങ്കിലും, നഷ്ടപ്പെട്ട വിരല്‍ മുറിയും വഹിച്ചുകൊണ്ട് ‘ജയന്തി ജനത’ തിരുവനന്തപുരത്തിനു പോയി. ഞാന്‍ പുനരുത്ഥാനം ചെയ്യുവാനിടയായാല്‍, എന്‍റെ വിരലും, ബാക്കി ശരീരവും, രണ്ട് സ്ഥലത്തു നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൂടിച്ചേരുമോ എന്നാരും ഭാഗ്യവശാല്‍ ഇതുവരെ ചോദിച്ചിട്ടില്ല.
ദ്രവ്യവും ഊര്‍ജ്ജവും
ശരീരത്തിന്‍റെ പുനരുത്ഥാനം ദ്രവ്യവസ്തുവിന്‍റെ രൂപാന്തരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കര്‍ത്താവിന്‍റെ ജീവിതകാലത്ത് തന്നെ തന്‍റെ ശരീരത്തിന് ഒരു നിമിഷത്തേക്കെങ്കിലും സംഭവിച്ച രൂപാന്തരത്തെക്കുറിച്ച് (ഠൃമിളെശഴൗൃമശേീി) സുവിശേഷകര്‍ സാക്ഷിക്കുന്നു. സാധാരണ ഇന്ദ്രിയങ്ങള്‍കൊണ്ട് അത് മനസ്സിലാക്കാന്‍ ശ്രമിച്ച ശിഷ്യന്മാരായ, പത്രോസും, യാക്കോബും, യോഹന്നാനും, അവരുടെ ശ്രമത്തില്‍ പരാജയപ്പെട്ടു. തീര്‍ത്തും നവ്യമായ ഒരനുഭൂതിയുടെ പാരമ്യത്തില്‍; ആനന്ദമൂര്‍ച്ഛയിലാണ്ട് പത്രോസ് സ്വപ്നാടകനെപ്പോലെ പലതും പറയുന്നുണ്ട്. പില്‍ക്കാലത്ത് പ്രശസ്തരായ സഭാപിതാക്കന്മാരില്‍ ചിലര്‍ കര്‍ത്താവിന്‍റെ രൂപാന്തരാനുഭവം തന്‍റെ ഉയിര്‍പ്പിന്‍റെ മുന്‍കുറിയും, വാഗ്ദാനവുമാണ് എന്ന് വ്യാഖ്യാനിക്കുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും അഭിഗമ്യമെന്ന് സഭ പഠിപ്പിക്കുന്ന ഈ രണ്ട് അനുഭവങ്ങളും, അതായത് രൂപാന്തരവും പുനരുത്ഥാനവും, തമ്മില്‍ ബന്ധപ്പെടുത്തി വേണം നാം ചിന്തിക്കാന്‍. നമ്മുടെ ദ്രവ്യ പ്രപഞ്ചത്തില്‍ പോലും, ദൃശ്യവും ഭൗതികമായ ആളവുകള്‍ക്ക് വിധേയമായ ഒരു വസ്തു പൂര്‍ണ്ണമായും ഊര്‍ജ്ജമായി (ലിലൃഴ്യ) മാറിയാല്‍ അതിന്‍റെ ദൃശ്യതയോ മറ്റ് സാധാരണ അളവുകളോ ഒന്നും ആ ഊര്‍ജ്ജത്തിന് ഉണ്ടായിരിക്കയില്ല. ഒരു പരമാണുവിനെ ഭേദിച്ചാല്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ നമുക്ക് കണ്ടു മനസ്സിലാക്കാന്‍ കഴിയുകയില്ല. കാരണം നാം അതിനു മുന്നില്‍ ഇല്ലാതെയാകും. ദ്രവ്യത്തിന് ഊര്‍ജ്ജമായി മാറാന്‍ കഴിയുമെന്നത് ശാസ്ത്രീയമായി നമുക്കറിയാം. പക്ഷേ യാഥാര്‍ത്ഥ്യ ഗ്രഹണത്തിനുള്ള നമ്മുടെ ഇന്ദ്രിയ സജ്ജീകരണം (ടലിലെ ലൂൗശുാലിേ) ഈ സ്ഥലകാലങ്ങള്‍ക്കുള്ളില്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ദൈവം സൃഷ്ടിച്ച മഹാ സൃഷ്ടിയുടെ വളരെ വളരെ ചെറിയ ഒരംശമെ ആകുന്നുള്ളു നമ്മുടെ ഈ മഹാ പ്രപഞ്ചം. നമ്മുടെ ആരാധനയില്‍ ആത്മീയ സൃഷ്ടിയെക്കുറിച്ചും പറയുന്നുണ്ടല്ലോ (ഉദാ. മാലാഖമാര്‍). പക്ഷേ ദൈവസൃഷ്ടിയായ ആ സൂക്ഷ്മലോകത്തില്‍പോലും നമ്മുടെ ഈ ലോകത്തിലെ ഇന്ദ്രിയവും അറിവും പ്രയോജനപ്പെടുകയില്ല.
യേശുക്രിസ്തു ഉയിര്‍പ്പിനു ശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍, താന്‍ സ്വീകരിച്ചിരുന്ന മനുഷ്യശരീരത്തിന്‍റെ പരിമിതികളെയെല്ലാം തരണം ചെയ്യുന്നു. ഉദാ. അടച്ചിട്ട മുറിയില്‍ പ്രവേശിക്കുന്നു, ഒരേ സമയം പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. എങ്കിലും, മനുഷ്യശരീരത്തിന്‍റെ ചില മുദ്രകളെ അതേസമയം സംവഹിക്കുവാനും കഴിയുന്നു. ഉദാ: ആണിപ്പാടുകളും കുന്തമേറ്റ വിലാപ്പുറവും, മാര്‍ത്തോമ്മാ ശ്ലീഹായെ കാണിക്കുന്നു. ശിഷ്യന്മാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവര്‍ക്ക് സമാധാനം ആശംസിക്കുന്നു. ഭക്ഷണം കഴിക്കുന്നു. തന്‍റെ ശരീരം ഉയിര്‍പ്പിനോടുകൂടി ‘മഹത്വീകരി’ക്കപ്പെട്ട ശരീരമായിത്തീര്‍ന്നു എന്നാണ് സഭ പഠിപ്പിക്കുന്നത്. ഈ മഹത്വീകരണം എല്ലാ മനുഷ്യര്‍ക്കും സാധ്യമായ ഒന്നാണെന്നും സഭ പഠിപ്പിക്കുന്നു. വീഴ്ച സംഭവിക്കുന്നതിന് മുമ്പ് ആദമിനുണ്ടായിരുന്ന ശരീരത്തിന്‍റെ അവസ്ഥയായും ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ആ ശരീരത്തിന് പൂര്‍ണ്ണമായ സുതാര്യതയും ഭാരമില്ലായ്മയും, ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കാനുള്ള പൂര്‍ണ്ണ ശേഷിയും, സൃഷ്ടിയിലെ മറ്റ് ജീവികളോടും, തരുലതാദികളോടും സമഞ്ജസമായി വര്‍ത്തിക്കാനുള്ള കഴിവും ഉണ്ടായിരുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്.
ആലങ്കാരിക ഭാഷ
വാസ്തവത്തില്‍ മരണത്തിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ഉപമകളും, രൂപകങ്ങളുമായ അലങ്കാര പ്രയോഗങ്ങളല്ലാതെ നമുക്ക് ഒന്നും പറയുവാന്‍ സാദ്ധ്യമല്ല. അതുകൊണ്ടാണ് “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” (1 കൊരി 2:9) എന്നു വേദപുസ്തകം സാക്ഷിക്കുന്നത്. എങ്കിലും, “നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു” എന്നും പൗലോസ് അപ്പോസ്തലന്‍ പറയുന്നു.
ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിത്യമായ അനുഭവത്തിന്‍റെ ഒളിമിന്നലുകള്‍ അനുഭവിക്കുന്ന ആളുകളുണ്ട്. പൊതുവെ അവരെ നാം വിശുദ്ധര്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള അനുഭവം, അവരെ രൂപാന്തരപ്പെടുത്തുകയല്ലാതെ, അതെന്താണ് എന്ന് വാക്കുകളില്‍ വിവരിക്കുവാനവര്‍ക്കും അറിവില്ല. മോശ സീനായി മലയില്‍ ദൈവസന്നിധിയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍, അവന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതായി ജനം കാണുന്നുണ്ട്. മോശ നേരിട്ട് സീനായിയിലെ അനുഭവത്തെ വിവരിക്കുന്നില്ല. മോശയുടെ മുഖത്തെ പ്രകാശം പോലും മങ്ങിപ്പോകുന്നുണ്ട് കുറച്ചു സമയം കഴിയുമ്പോള്‍. അതിന് കേവലവും ഉതിര്‍ന്നുപോകാത്തതുമായ നിലനില്പില്ല. മോശയുടെ അനുഭവം പോലും പരിമിതവും ക്ഷണികവുമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ലോകത്തില്‍ നമുക്ക് ലഭിക്കുന്ന എല്ലാ ദിവ്യാനുഭവങ്ങളുടെയും അവസ്ഥ ഇങ്ങനെ പരിമിതി ഉള്ളതാണ്. ഇവിടെയാണ് വെളിപാടിന്‍റെ പ്രസക്തി. മരണവിധേയനായ മനുഷ്യന്‍റെ ബലഹീന ശരീരം സ്വീകരിച്ച്, പാപമൊഴികെ നമുക്ക് തുല്യം സകലത്തിലും, പരീക്ഷിക്കപ്പെട്ട് മരണത്തിലൂടെ കടന്നുപോയ ക്രിസ്തുവാണ് നമുക്ക് ജീവന്‍റെ വെളിച്ചവും വെളിപാടും ആയിത്തീരുന്നത്. വി. പൗലോസ് അപ്പോസ്തോലനെപ്പോലെ “മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തപ്പെട്ടു” എന്നും അവിടെ കേട്ട വാക്കുകള്‍ മനുഷ്യന്‍റെ വാക്കുകള്‍ അല്ല എന്നും, അവിടെ കണ്ട പ്രകാശം സൂര്യന്‍റെ പ്രകാശം അല്ല എന്നും സൂചിപ്പിച്ചിട്ടുള്ള പലരും ക്രിസ്തീയ പാരമ്പര്യത്തില്‍ ഉണ്ട്. അവരുടെ ഈ ആഴമേറിയ ആത്മീയ അനുഭവം സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ പരിശുദ്ധാത്മ ഫലങ്ങളായി (ഗലാത്യര്‍ 5:21-33) ലഭിക്കുന്നു എന്നല്ലാതെ അവരുടെ അനുഭവത്തെക്കുറിച്ച് യുക്തിസഹമായ ഒരു പ്രസ്താവന നമുക്ക് ലഭിക്കുന്നില്ല. നമ്മുടെ ജീവകാലത്ത് നാം ചെയ്യുന്ന നന്മയും, തിന്മയും അന്തിമ ന്യായവിധിയില്‍ തരംതിരിക്കപ്പെടും. കര്‍ത്താവിന്‍റെ ഉപമാലങ്കാരത്തില്‍ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതു പോലെ ദൈവം നമ്മെ ന്യായവിധിയില്‍ വേര്‍തിരിക്കും (മത്താ. 25). തിന്മയായതൊന്നും നിലനില്‍ക്കുകയില്ല. അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്നതുപോലെ നാം പരിശോധിതരാവും. അതേസമയം, നമ്മിലെന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ അത് ദൈവത്തിന്‍റെ തേജസ്സിനോടു അനുയോജ്യമാംവിധം പ്രകാശപൂരിതമായിത്തീരുകയും നാം ദൈവസ്വഭാവത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്യും. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, “മൂടുപടം നീങ്ങിയ മുഖത്ത് കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ് പ്രാപിച്ച് അതേ പ്രതിച്ഛായയായി രൂപാന്തരപ്പെടുന്നു” (2 കോരി. 3:18). ഇങ്ങനെ ‘മഹത്വത്തില്‍ നിന്ന് മഹത്വത്തിലേക്ക്’ (ളൃീാ ഴഹീൃ്യ ീേ ഴഹീൃ്യ) വളരുന്ന നമുക്ക് ദൈവത്വത്തിന്‍റെ അനന്തമായ തേജസ്സില്‍ പങ്കെടുത്ത് ദൈവസദൃശ്യരാവാന്‍ വിളി ലഭിച്ചിരിക്കുന്നു. ഇതാണ് മരണാനന്തരാനുഭവത്തെക്കുറിച്ച് വേദപുസ്തകാടിസ്ഥാനത്തില്‍ നമുക്ക് ലഭിക്കുന്ന ഉള്‍ക്കാഴ്ച. ഇവിടെ, നമ്മുടെ വ്യക്തിഗതമായ ശരീരത്തിന്‍റെ ആക്ഷരീകമായ ഭൗതിക പുനരുത്ഥാനം അല്ല, ദ്രവ്യസ്വഭാവമുള്ള നമ്മുടെ ശരീരത്തിന്‍റെയും നമ്മോടുകൂടിയുള്ള ഈ ദ്രവ്യ പ്രപഞ്ചത്തിന്‍റെയും രൂപാന്തരം ആണ് സംഭവിക്കുന്നത്. ഇപ്പോള്‍ നാം കാണുകയും അറിയുകയും ചെയ്യുന്നതില്‍ നിന്ന് തുലോം വ്യത്യസ്തമായ വേറൊരു രീതിയില്‍ ദൈവം നമ്മുടെ ശരീരത്തെയും സൃഷ്ടിമുഴുവനെയും പുനസംഘടിപ്പിക്കും. ഇവിടെത്തന്നെ നമുക്ക് ശാസ്ത്രീയമായി അറിയാവുന്നതുപോലെ, ഏതെങ്കിലും ഒരു വസ്തുവിലെ അസംഖ്യം പരമാണുക്കളില്‍ വെറും ഒരു ഇലക്ട്രോണ്‍ കണത്തിന്‍റെ സ്ഥാനം അല്പം മാറ്റിയാല്‍ മതി, ആ വസ്തു തികച്ചും വ്യത്യസ്തമായ മറ്റൊന്നായി രൂപാന്തരപ്പെടും. ഇപ്പോള്‍ നാം അറിയുന്ന പ്രപഞ്ചയാഥാര്‍ത്ഥ്യം നമ്മുടെ സവിശേഷമായ കാഴ്ചപ്പാടിനെ (ുലൃുലെരശ്ലേ) ആശ്രയിച്ചു കൂടിയാണ് അങ്ങനെ അറിയപ്പെടുന്നത്. നമ്മുടെ പരിപ്രേക്ഷ്യത്തില്‍ അതിനിസ്സാരമായ ഒരു മാറ്റം പോലും വന്നാല്‍ പ്രപഞ്ചചിത്രം അപ്പാടെ മാറും.യേശുക്രിസ്തുവിന്‍റെ രൂപാന്തരാനുഭവത്തിന് സാക്ഷികളായ മൂന്നു ശിഷ്യന്മാര്‍ക്ക് ഞൊടിനേരത്തേക്ക് അങ്ങനെയൊരു വ്യത്യസ്ത ദര്‍ശനമാണ് ലഭിച്ചത് എന്ന് അനുമാനിക്കാം. ഈ അനുഭവം അവരെ ആഴമേറിയ ആനന്ദ മൂര്‍ച്ചയില്‍ ആഴ്ത്തി. അവരുടെ പ്രപഞ്ചം അപ്പാടെ മാറിപ്പോയി.
സ്നേഹവും ജ്ഞാനവും
ദൈവം നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ളതിനെക്കുറിച്ച് നമുക്ക് വളരെ അവ്യക്തമായ ചില സൂചനകളും ഉള്‍ക്കാഴ്ചകളുമല്ലാതെ, “ശാസ്ത്രീയമായ” അറിവൊന്നും ഈ ലോകത്തില്‍ വച്ച് ലഭിക്കുന്നില്ല. പരിശുദ്ധാത്മാവിന്‍റെ ശ്രേഷ്ഠവരങ്ങളെന്ന് പൗലോസ് അപ്പോസ്തോലന്‍ വിശേഷിപ്പിക്കുന്ന വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാണ് ഈ ലോക ജീവിതത്തില്‍ നമ്മെ വഴി നടത്തേണ്ടത്. അതാണ് നമ്മുടെ ക്രിസ്തീയ ധര്‍മ്മശാസ്ത്രം. അതിശ്രേഷ്ഠ മാര്‍ഗ്ഗമായ സ്നേഹത്തിന്‍റെ പാരമ്യത്തില്‍ നാം നമ്മുടെ സ്രഷ്ടാവായ ദൈവവുമായും നമ്മുടെ സഹജീവികളുമായും താദാത്മ്യം പ്രാപിക്കുകയും, നമുക്ക് ഏക ശരീരത്തിന്‍റെ ജൈവാനുഭവം കൈവരികയും ചെയ്യും. ഇത് അറിവിന്‍റെ ആനന്ദവും ആനന്ദത്തിന്‍റെ അറിവുമാണ്. ക്രിസ്തുവിന്‍റെ രൂപാന്തരവും പുനരുത്ഥാനവും ആണ് ഈ ആനന്ദജ്ഞാനത്തിന്‍റെ വാഗ്ദാനം.