മാര്‍ത്തോമ്മാ ശ്ലീഹായുടെ ദൗത്യത്തെ ഇരട്ടിപ്പിക്കുന്ന പിന്‍ഗാമി / ഫാ. ഡോ. കെ. എം. ജോര്‍ജ്

HH_Didymus_1
മലങ്കരസഭയുടെ മഹാചാര്യനായി സ്ഥാനമേറ്റിരിക്കുന്ന പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ മിതഭാഷണത്തിനും, ആത്മശിക്ഷണത്തിനും, ഉറച്ച തീരുമാനശേഷിക്കും, തപോനിഷ്ഠമായ ആത്മിക ജീവിതത്തിനും മുമ്പുതന്നെ പ്രസിദ്ധനാണ്. ഭാരതത്തിന്‍റെ അപ്പോസ്തോലനായ തോമ്മാശ്ലീഹായുടെ അപരനാമമായ ദിദിമോസ് (ഇരട്ട) എന്ന പേര്‍ സ്വീകരിച്ചതിലൂടെ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദൗത്യത്തെ ഇന്ത്യയില്‍ ഇരട്ടിപ്പിക്കാനുള്ള ദിവ്യനിയോഗമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. മലങ്കരസഭയ്ക്ക് 21-ാം നൂറ്റാണ്ടില്‍ അതിന്‍റെ മിഷനറി ദൗത്യത്തെ വികസിപ്പിക്കുന്നതിനും ആന്തരികമായ അച്ചടക്കം നേടുന്നതിനും ജനങ്ങള്‍ക്കു സര്‍വതോന്മുഖമായ അജപരിപാലനം നല്‍കുന്നതിനും സമുജ്ജ്വലമായ ആദ്ധ്യാത്മിക ദര്‍ശനത്തിലൂടെ മലങ്കരസഭയെ കൂട്ടിയോജിപ്പിക്കുന്നതിനും ദൈവം അദ്ദേഹത്തെ വിളിച്ചിരിക്കുന്നു.
ദേവലോകത്ത് പ. ബസ്സേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ സ്വീകരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ പറഞ്ഞു, “ബാവാ തിരുമേനി ഓര്‍ത്തഡോക്സ് സഭയുടെ മാത്രം കാതോലിക്കാ അല്ല, മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിലുള്ള എല്ലാ സഭകളുടെയും കാതോലിക്കാ ബാവായാണ്.” പിന്നീട് മറ്റൊരു സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്ത്യയിലെ പുരാതന ക്രൈസ്തവരായ നസ്രാണികളുടെ ആധുനിക ചരിത്രത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വസ്തുതയും നാം പൂര്‍ണ്ണമായി സാക്ഷാത്കരിക്കേണ്ട ഒരു ദര്‍ശനവുമാണ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഒരു പ്രവചനം എന്നവിധം ചൂണ്ടിക്കാണിച്ചത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പീഠത്തിന്‍റെ പ്രധാന ചുമതലക്കാരനായി ദൈവം വിളിച്ചിരിക്കുന്ന പ. ദിദിമോസ് ബാവാ ഇന്ത്യയിലെ എല്ലാ ക്രൈസ്തവരുടെയും “കാതോലിക്കാ” അഥവാ പൊതുപിതാവ് എന്ന സ്ഥാനം ആത്മികമായി സാക്ഷാത്കരിക്കാന്‍ നിയുക്തനാണ്. ഭാരതീയ ക്രൈസ്തവരുടെ ഐക്യത്തിന്‍റെ സാരഥിയും സംരക്ഷകനുമായി തീരാനുള്ള വിളിയാണ് മലങ്കരസഭയുടെ കാതോലിക്കായ്ക്ക് ഉള്ളത്. മലങ്കരസഭയുടെ കാതോലിക്കാ റോമിലെയോ, അന്ത്യോഖ്യയിലെയോ പാത്രിയര്‍ക്കീസിന്‍റെ സാമന്തനല്ല. സമസ്വഭാവമുള്ള സഹോദരനാണ്. ഈ വസ്തുത വേര്‍പെട്ടു നില്‍ക്കുന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെ മലങ്കരസഭാംഗങ്ങളെല്ലാവരും അഹങ്കാരലേശമില്ലാതെ വിനയപൂര്‍വ്വം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പ. ദിദിമോസ് ബാവായുടെ പൊതുവായ ഇടയപരിപാലനത്തെ ഏറ്റവും ഫലപ്രദമാക്കി തീര്‍ക്കാന്‍ നമുക്കു കഴിയും.
കൗമാരപ്രായത്തില്‍ തന്നെ സന്യാസജീവിതത്തിലേക്കു പ്രവേശിച്ച വ്യക്തിയാണ് ദിദിമോസ് ബാവാ. പ്രശസ്തമായ പത്തനാപുരം ദയറായുടേയും സ്ഥാപനങ്ങളുടേയും പ്രാരംഭകനും ഉന്നതശീര്‍ഷനുമായിരുന്ന തോമ്മാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ആത്മികശിക്ഷണത്തിലും വാത്സല്യത്തിലും പോഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്‍റെ വ്യക്തിത്വം കഠിനമായ തപശ്ചര്യകളില്‍ സ്ഫുടം ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ഗുരുഭക്തിയും അനുസരണവും, നിഷ്ഠയും നിശ്ചയദാര്‍ഢ്യവും മുഖമുദ്രകളായ അദ്ദേഹത്തിന്‍റെ നേതൃത്വം മലങ്കരസഭയ്ക്ക് ഒരു പുതിയ വ്യവസ്ഥിതിയുടെ നാന്ദിയാണ്.
അദ്ദേഹം മെത്രാപ്പോലീത്തായായി മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതലയേല്‍ക്കുമ്പോള്‍ ആ ഭദ്രാസനം മലങ്കരസഭയുടെ പുറംപോക്കില്‍ കുടിലുകെട്ടി കിടന്ന ഒരവശ ഭദ്രാസനമായിരുന്നു. അതിനെ കൈപിടിച്ചുയര്‍ത്തി മലങ്കരസഭയ്ക്കു മുഴുവന്‍ അഭിമാനിക്കാന്‍ തക്കവിധം ഇന്ന് സുസംഘടിതവും സുശിക്ഷിതവുമായ ഭദ്രാസനമാക്കി മാറ്റിയത് മാര്‍ തീമോത്തിയോസ് എന്ന നല്ല ഇടയനായിരുന്നു. ഇവിടെയും അദ്ദേഹത്തെ സഹായിച്ചത് സന്യാസജീവിതത്തിലൂടെ അദ്ദേഹം സ്വാംശീകരിച്ച ദാരിദ്ര്യവ്രതവും, ലാളിത്യവും സഭാനേതൃത്വത്തോടുള്ള അനുസരണബോധവുമായിരുന്നു. യാതൊരു കൈത്താങ്ങലും നല്‍കാതെ ഒരു പാവപ്പെട്ട ഭദ്രാസനത്തിലേക്ക് സഭ അദ്ദേഹത്തെ പറഞ്ഞുവിട്ടപ്പോള്‍ ആ നിയോഗം സന്തോഷത്തോടെ സ്വീകരിക്കുകയും അത്യുന്നതന്‍റെ ശക്തിയില്‍ മാത്രം ആശ്രയിച്ച് തന്‍റെ ദൗത്യം ഏറ്റം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
മഹാനായ “ഗ്രിഗറി” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു മാര്‍പാപ്പാ ഏഴാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയെ നയിച്ചിരുന്നു. ആദ്യമായി പാശ്ചാത്യ ദേശത്ത് സന്യാസപ്രസ്ഥാനം ആരംഭിച്ച വിശുദ്ധനായ ബെനഡിക്ടിന്‍റെ സന്യാസശിഷ്യനായിരുന്നു ഗ്രീഗോറിയോസ് പാപ്പാ. ആ സന്യാസപ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായ Ora et Labera (prayer and work) സ്വീകരിച്ച് യൂറോപ്പിനെ മുഴുവന്‍ ഒരു ബനഡിക്ടൈന്‍ ആശ്രമമാക്കി മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിലാഷം. അന്നു ദരിദ്രമായിരുന്ന യൂറോപ്പിന് പിന്നീടുണ്ടായ കാര്‍ഷികവും വ്യാവസായികവുമായ വന്‍ പുരോഗതിയുടെ ശില്‍പിയായി അദ്ദേഹത്തെ ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. ആശ്രമവ്യവസ്ഥയുടെ രണ്ടു തത്വങ്ങള്‍ പ്രാര്‍ത്ഥനയും അദ്ധ്വാനവും അദ്ദേഹം യൂറോപ്പിനു മുഴുവന്‍ നല്‍കി. ഇതുപോലെ മലങ്കരസഭയ്ക്കു മുഴുവന്‍ ആത്മിക നവോത്ഥാനവും നല്ല അച്ചടക്കവും ജനക്ഷേമകരമായ പ്രവര്‍ത്തനത്തിലുള്ള പുരോഗതിയും കൈവരിക്കുവാന്‍ ദിദിമോസ് ബാവായുടെ തപോനിഷ്ഠമായ ജീവിതവും നേതൃത്വവും ഇടയാക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. എല്ലാറ്റിലുമുപരി ചില നേതാക്കളുടെ സ്വാര്‍ത്ഥതയും സ്ഥാനമോഹവും മൂലം രണ്ടായിപ്പിളര്‍ന്ന മലങ്കരസഭയെ വീണ്ടും ക്രിസ്തുവില്‍ ഒരു ശരീരമാക്കി മാറ്റുവാന്‍ തക്കവിധം ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് മലങ്കരസഭയുടെ ഈ പരമാദ്ധ്യക്ഷനെ വഴിനടത്തട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.

(2005 Nov.)