‘ക്രിസ്തീയ ആദ്ധ്യാത്മികത’ എന്ന ഗ്രന്ഥത്തിന് ഒരാമുഖം

പ്രസ്താവന

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറ്റവും അഭിമാനകരമായ ‘ദിവ്യബോധനം’ വിശ്വാസപഠനപദ്ധതി ഡിഗ്രി തലത്തിലേക്ക് ഉയര്‍ന്നതില്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. ഇതിനോടകം ആയിരത്തില്‍പരം സ്ത്രീപുരുഷന്മാര്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായി പ്രസിദ്ധീകരിക്കുന്ന ദിവ്യബോധനം പുസ്തകങ്ങള്‍ മലങ്കരസഭയിലും ഇതരസഭകളിലും വളരെയേറെ ഉപയോഗിക്കപ്പെടുന്നു എന്നത് നമുക്ക് അഭിമാനകരമാണ്. വി. വേദപുസ്തകം, സഭയുടെ വിശ്വാസം, ആരാധന, ചരിത്രം, മിഷണറി ദൗത്യം, എക്യുമെനിസം, അജപാലന ശുശ്രൂഷ എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായും അതേസമയം ലളിതമായും പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ക്ക് ഇനിയും പ്രചാരവും പ്രസക്തിയും ഉണ്ടാകുമെന്നുള്ളതില്‍ സംശയമില്ല.
ദിവ്യബോധനം ഗ്രന്ഥാവലിയിലൂടെ നമ്മുടെ ജനങ്ങള്‍ക്ക് ആഴമായ വേദജ്ഞാനവും വിശുദ്ധജീവിതവും ക്രിസ്തീയ ജീവിതത്തിന്‍റെ ധാര്‍മ്മികവും സാമൂഹികവുമായ വെല്ലുവിളികളെ സ്വീകരിക്കാനുള്ള മനസ്സൊരുക്കവും ലഭിക്കണമെന്ന് ഇതിന്‍റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. അയ്മേനികളുടെ വിശിഷ്യ സ്ത്രീകളുടെ വേദശാസ്ത്ര വിദ്യാഭ്യാസത്തിന് എക്യുമെനിക്കല്‍ തലങ്ങളില്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭ ഇക്കാര്യം ഗൗരവമായി പരിഗണിച്ചാണ് ദിവ്യബോധന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.
ദിവ്യബോധനം കോ-ഓര്‍ഡിനേറ്ററും ഓര്‍ത്തഡോക്സ് വൈദിക സെമിനാരി ലൈബ്രേറിയനുമായ റവ. ഫാ. സി. സി. ചെറിയാന്‍റെ ക്രിസ്തീയ ആദ്ധ്യാത്മികതയെക്കുറിച്ച് പൊതുവെയും, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ ആദ്ധ്യാത്മിക പാരമ്പര്യത്തെക്കുറിച്ച് സവിശേഷമായും പ്രതിപാദിക്കുന്ന ഈ പുസ്തകം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആത്മീയ ശിക്ഷണത്തെക്കുറിച്ച് ധാരാളം പഠിക്കുകയും സ്വന്തം ജീവിതത്തിലും പൗരോഹിത്യ ശുശ്രൂഷയിലും അതിനെ പകര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ആത്മികാന്വേഷകന്‍ കൂടിയാണ് ഗ്രന്ഥകര്‍ത്താവ്.
ഇന്ന് ക്രൈസ്തവവും ക്രൈസ്തവേതരവുമായ മണ്ഡലങ്ങളില്‍ ലോകമാസകലം വിചിന്തനം ചെയ്യപ്പെടുന്ന വിഷയമാണ് ആദ്ധ്യാത്മികത (ടുശൃശൗമേഹശ്യേ). വ്യക്തമായ ഒരു നിര്‍വചനം അതിന് കൊടുക്കാനാവില്ല. വ്യക്തിയുടെയും സമൂഹത്തിന്‍റെയും സമസ്ത ജീവിത മണ്ഡലങ്ങളേയും ആഴമായി സ്പര്‍ശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു ആത്മികശക്തിയെക്കുറിച്ചുള്ള അവബോധമാണ് പുതിയ ആത്മികാന്വേഷണത്തിന്‍റെ കാതല്‍. ക്രിസ്തീയ പശ്ചാത്തലത്തില്‍ ‘പരിശുദ്ധാത്മാവിലുള്ള ജീവിതം’ എന്ന് ആദ്ധ്യാത്മികതയെ ലളിതമായി നിര്‍വ്വചിക്കാം. മനുഷ്യനും ഈ ദ്രവ്യപ്രപഞ്ചവും മുഴുവന്‍ ത്രിയേക ദൈവത്തിന്‍റെ തേജസ്സില്‍ പങ്കാളിയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മുടെ ആത്മിക പരിശീലനത്തിന്‍റെ ആധാരം. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാനുഷിക ജനനം, രൂപാന്തരാനുഭവം, മരണം, ഉയിര്‍പ്പ് തുടങ്ങിയ അനുഭവങ്ങള്‍ നമ്മുടെ ആത്മികതയുടെ ഉറവിടവും മാനദണ്ഡവുമാണ്. പരിശുദ്ധാത്മാവ് ഈ അനുഭവങ്ങളെ സ്വാംശീകരിക്കാന്‍ നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്നു.
ഉപവാസത്തെക്കുറിച്ച് ഫാ. ചെറിയാന്‍ എഴുതിയ പുസ്തകം ഇതിനകം വളരെ അംഗീകാരം നേടിയിട്ടുണ്ട്. ആത്മികത ബുദ്ധിപരമായ ഒരു വ്യായാമമല്ല, അനുഭവത്തിലൂടെ ഊതി തെളിയിക്കേണ്ട അഗ്നിയാണ് എന്ന് ആ പുസ്തകവും ഇപ്പോള്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വേദശാസ്ത്രം ബൗദ്ധികമായ ഒരു പഠനം മാത്രമാണെന്ന ചിന്ത വളരെ അപകടകാരിയാണ്. ആഴമായ ഈശ്വരാനുഭവവും ത്രിത്വരഹസ്യത്തിലുള്ള പങ്കാളിത്തവും പ്രാര്‍ത്ഥനയും മനുഷ്യസ്നേഹവുമുള്ളവര്‍ക്കേ ശരിയായ അര്‍ത്ഥത്തില്‍ വേദശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും കഴിയൂ. അതുവച്ചു നോക്കുമ്പോള്‍ വളരെ കുറവുള്ളവരാണ് നാം. എങ്കിലും ആത്മിക ജീവിതത്തിന്‍റെ വൈവിധ്യവും ആഴവും ഉയരവും അനുഭവിക്കാനുള്ള ശ്രമത്തില്‍ നാം മടുത്തുപോകാതിരിക്കാന്‍ ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ സഹായിക്കുന്നു.
യറുശലേമിലെ താന്തൂര്‍ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബ. ചെറിയാന്‍ അച്ചന്‍ നടത്തിയ ഹ്രസ്വ പഠനവും വിശുദ്ധനാട്ടിലെ സന്ദര്‍ശനവും ഈ പുസ്തകത്തിന് പ്രേരകമായിട്ടുണ്ട്. ദിവ്യബോധനം പരമ്പരയിലെ മറ്റു ഗ്രന്ഥങ്ങള്‍പോലെ നമ്മുടെ ജനങ്ങള്‍ക്കുവേണ്ടി സ്നേഹപൂര്‍വ്വം ഞങ്ങള്‍ ഈ ഗ്രന്ഥവും സമര്‍പ്പിക്കുന്നു.
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
(പ്രസിഡണ്ട്, ദിവ്യബോധനം)
സ്ലീബാ പെരുന്നാള്‍ (സെപ്റ്റംബര്‍ 14, 1997)
പഴയസെമിനാരി, കോട്ടയം