To,
H.H. Baselios Marthoma Paulose II
Catholicos & Malankara Metropolitan
From,
Fr. K.M. George
Purakulath, Devalokam
പരിശുദ്ധ ബാവാ തിരുമേനി,
സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ തിരുമേനിക്ക് ഈയിടെ ഉണ്ടായ വലിയ ദുഃഖത്തിലും ഭാരത്തിലും എളിയവനായ ഞാനും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരുന്നു. വൈദികരുടെ വിവാദമുണ്ടായപ്പോള്‍ തിരുമേനി ചെയ്ത പ്രസ്താവനകളും അയച്ച ഇടയലേഖനവും വളരെയേറെ ആശ്വാസം പകര്‍ന്നു. സഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അതി ദുഃഖകരമായ പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ നമുക്ക് വളരെ നാളുകള്‍ എടുക്കും. പ. സുന്നഹദോസ് തിരുമേനിയോടൊപ്പം നിന്ന് ദൈവഹിതത്തിന് അനുസൃതമായി നമ്മുടെ സഭയെ നയിക്കണം എന്ന എളിയ അപേക്ഷയാണ് സഭയിലെ എല്ലാ സാധാരണ വിശ്വാസികളും സമര്‍പ്പിക്കുന്നത്. നല്ല വിശ്വാസികളായ ജനങ്ങളുടെ ശബ്ദം നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ക്ക് ചിന്തയും അതില്‍ വലിയ നിരാശയും നിസ്സഹായതയും ഉണ്ട്. ഇവിടെ ചുരുക്കമായി ചില കാര്യങ്ങള്‍ തിരുമേനിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് ജനങ്ങളുടെ നിസ്സഹായതയില്‍ പങ്കുചേര്‍ന്ന് സഭയുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നിലനിര്‍ത്തിയുമാണ്.
1. സഭയ്ക്ക് വലിയൊരു ധാര്‍മ്മിക പ്രതിസന്ധി ഉണ്ടായപ്പോള്‍ നമുക്ക് ഒട്ടും Public Sympathy കിട്ടിയില്ല. നമ്മുടെ തന്നെ അംഗങ്ങളാണ് പത്രമാസികകളിലും ചാനലുകളിലും അതീവ ക്രോധത്തോടെയും പരിഹാസത്തോടെയും സഭാ നേതൃത്വനിരയെയും അധികാരക്രമത്തെയും വിമര്‍ശിച്ചത്. അവരെ കുറ്റപ്പെടുത്തുവാന്‍ എളുപ്പമാണെങ്കിലും അതൊരു ദൈവീക അടയാളമായി നാം കരുതണം. നമ്മുടെ ചിന്തിക്കുന്ന ജനങ്ങളും പൊതുസമൂഹവും നമുക്കെതിരാണ്, അതിന് കാരണങ്ങള്‍ ഉണ്ടോ എന്ന് അനുതാപത്തോടെ നാം ആത്മപരിശോധന നടത്തണം. വൈദിക നിരയില്‍ ഉള്ള എല്ലാവര്‍ക്കും പുതിയ ഒരു ജീവിത ശൈലിയെക്കുറിച്ചും നിലപാടിനെക്കുറിച്ചും ഗൗരവമായ ചര്‍ച്ച ആവശ്യമാണ്.
2. നമ്മുടെ അച്ചന്മാര്‍ക്ക് റെഗുലര്‍ ആയി Continuing Education നല്‍കണമെന്ന് വളരെ നാളുകളായി ആവശ്യപ്പെടുന്നതാണ്. മേല്‍പ്പട്ടക്കാര്‍ താല്‍പര്യമെടുത്താല്‍ അതൊക്കെ സംഘടിപ്പിക്കുന്നത് എളുപ്പമാണ്. എക്കാറ പഠിപ്പിക്കാനല്ല, ആനുകാലിക ജീവിത സാഹചര്യങ്ങളില്‍ എങ്ങനെയാണ് Pastoral Ministry നടത്തേണ്ടത് എന്ന് കൂട്ടായി ചിന്തിക്കാനും നാം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാനും പരസ്പരം നന്മയുടെ കൈത്താങ്ങല്‍ കൊടുക്കാനും ആണിത്. Pastors also need pastoral care.
3. കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി നമ്മുടെ പ്രബുദ്ധരായ പിതാക്കന്മാര്‍ ക്ഷമാപൂര്‍വ്വം സൃഷ്ടിച്ചതാണ് സഭയുടെ ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ്. നമ്മുടെ സഭ തീരെ ചെറുതാണെങ്കിലും വലിയ സഭകള്‍ക്കു പോലും അസൂയാവഹമായ സംഭാവനകള്‍ നാം എക്യുമെനിക്കല്‍ രംഗത്തും ഇന്‍റര്‍ ഓര്‍ത്തഡോക്സ് തലത്തിലും നല്‍കി. അതീവ ഗൗരവത്തോടെ നാമിത് പരിഗണിക്കണം. കാരണം തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പ ബാവാ തിരുമേനിയുടെ മനോഹര ചിത്രമാണ് പല ഇന്‍റര്‍നാഷണല്‍ മീഡിയാകളില്‍ പുതിയ വിവാദ വാര്‍ത്തകള്‍ക്ക് മുകളില്‍ കൊടുക്കുന്നത്.
4. വൈദികരുടെ ആധിക്യം മൂലം പുതുതായി സെമിനാരി പഠനം കഴിഞ്ഞവരെ ചില ഭദ്രാസനങ്ങള്‍ക്ക് ആവശ്യമില്ലാത്ത അവസ്ഥയുണ്ടല്ലോ. അവരെ മിഷന്‍ ഫീല്‍ഡിലും ഇടവേകതര ശുശ്രൂഷകള്‍ക്കും അയക്കാന്‍ വ്യക്തമായ രൂപരേഖകള്‍ നമുക്കുണ്ട്. അതൊന്നും ചെയ്തില്ലെങ്കില്‍, രണ്ട് വൈദിക സെമിനാരികളിലും കുറേ നാളേക്ക് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പുതിയ അഡ്മിഷന്‍ കൊടുക്കുന്നതായിരിക്കും നല്ലത്.
5. യേശുമിശിഹാ ആഗ്രഹിക്കുന്ന വിധം സഭയുടെ സമാധാനവും അനുരഞ്ജനവും നാം ആഗ്രഹിക്കുന്നില്ലെങ്കില്‍ , പൊതുസമൂഹത്തിന് തലവേദനയും നമ്മുടെ വിശ്വാസികള്‍ക്ക് തീരാത്ത ദുഃഖവും ദ്രവ്യനഷ്ടവും ഉണ്ടാക്കുന്ന വ്യവഹാരവും സംഘര്‍ഷവും എവിടെ വച്ചെങ്കിലും നാം അവസാനിപ്പിക്കണം. എന്താണ് ഈ കാര്യത്തില്‍ നമ്മുടെ പോളിസിയും തീരുമാനവും എന്ന് ജനങ്ങളെ അറിയിക്കണം. പരസ്പരം ശത്രുക്കളായിരുന്ന രാജ്യങ്ങളും നമ്മുടെ സഹോദരി സഭകളായ എത്യോപ്യന്‍, എറിത്രിയന്‍ സഭകളും അനുരഞ്ജനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചല്ലോ. നമ്മുടെ സമൂഹത്തെ വീണ്ടും ശാപഗ്രസ്തമാക്കാന്‍ നാം ഉപകരണങ്ങളാകരുത്. നമ്മുടെ യുവജനങ്ങളെ തീവ്രവാദങ്ങളിലേക്കും വൈദികനിരകളെ അന്തസ്സാര ശൂന്യമായ കക്ഷിരാഷ്ട്രിയത്തിലേക്കും നാം ബോധപൂര്‍വ്വം തള്ളിവിടരുത്.
6. നമ്മുടെ കര്‍ത്താവ് ആവശ്യപ്പെട്ടത് കാലത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിയാനാണ്, നമുക്ക് ധാരാളം അടയാളങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ദൈവം നല്‍കി. നാമത് ബോധപൂര്‍വ്വം തള്ളിക്കളഞ്ഞു. അതുകൊണ്ട്, വലിയ ശിക്ഷാവിധി താമസിയാതെ വീണ്ടും ഉണ്ടാകും എന്ന് സത്യവിശ്വാസികളായ ജനങ്ങള്‍ പറയുന്നുണ്ട്.
7. പുതിയ മെത്രാന്‍വാഴ്ച്ചയ്ക്ക് തിടുക്കം കൂട്ടരുത് എന്ന് അപേക്ഷിക്കുന്നു. നമുക്ക് ഇപ്പോള്‍ നല്ല ചില അച്ചന്മാര്‍ ഉണ്ട്. അവരുടെ സേവനം സഭയ്ക്ക് കുറെനാള്‍ കൂടി കിട്ടട്ടെ. ആവശ്യമില്ലാതെ സൃഷ്ടിച്ച ഭദ്രാസനങ്ങള്‍ കൂട്ടിച്ചേര്‍ത്തും പക്വമതികളും സീനിയേഴ്സുമായ വൈദികരെ ڇ വികാരി ജനറല്‍ڈ സ്ഥാനത്ത് നിയമിച്ചും ഭംഗിയായി ഭരണം നടത്താമല്ലോ.
8. പരിശുദ്ധ ബാവാ തിരുമേനിയുടെ കാലത്ത് സഭയ്ക്ക് സര്‍വ്വതോമുഖ പുരോഗതി ഉണ്ടാകണമെന്നാണ് ഞങ്ങള്‍ എല്ലാം ആഗ്രഹിക്കുന്നത്. വൈദിക പരിശീലനം, സന്യാസപ്രസ്ഥാനം, ജനങ്ങളുടെ ആരാധനാ ജീവിതം, വേദശാസ്ത്ര ഗവേഷണം, സഭാന്തര ബന്ധങ്ങള്‍, സാമൂഹിക പ്രതിബന്ധത തുടങ്ങിയ കാര്യങ്ങളില്‍ പുനഃപരിശോധനയും ആവശ്യമായ പ്രോത്സാഹനവും നല്‍കാനുള്ള സമയമാണിത്.
ദൈവസ്നേഹത്തിലും, ക്ഷമയിലും, ത്യാഗത്തിലും, സേവനത്തിലും ഊന്നിയ സഭാ ജീവിത ശൈലി വൈദികരും അത്മായരുമായ എല്ലാവര്‍ക്കും ഉണ്ടാകുന്നത് ദൈവേഷ്ടമാണല്ലോ എല്ലാ കാര്യങ്ങളിലും കൂട്ടായ ചര്‍ച്ചയും consultation ഉം അഭിപ്രായ സമന്വയവും ഇതിന് വളരെ സഹായിക്കും. പരിശുദ്ധാത്മാവാണല്ലോ നമ്മെ നയിക്കേണ്ടത്. നന്മ മാത്രം ആഗ്രഹിക്കുന്ന തിരുമേനിയുടെയും പിതാക്കന്മാരുടെയും കരങ്ങള്‍ക്ക് ശക്തി നല്‍കാന്‍ എളിമയോടെ പ്രാര്‍ത്ഥിച്ചുകൊണ്ട്.
ആദരപൂര്‍വ്വം
കെ.എം. ജോര്‍ജ്ജ് അച്ചന്‍
6 August 20
Feast of Transfiguration