റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ആയിരം വര്‍ഷം തികഞ്ഞതിന്‍റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1988 ഏപ്രില്‍ മാസത്തില്‍ ക്രെംലിന്‍ കൊട്ടാരത്തില്‍ ഒരു കുമ്പസാരം നടന്നു. റഷ്യന്‍ സഭയുടെ പാത്രിയര്‍ക്കീസായ പീമെന്‍ ബാവായും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവും തമ്മിലായിരുന്നു പരസ്യമായ ആ കുമ്പസാരം.
പാത്രിയര്‍ക്കീസിനെ ക്രെംലിനില്‍ സ്വീകരിച്ചുകൊണ്ടു സോവിയറ്റു യൂണിയനിലെ അതിശക്തനായ ആ നേതാവ് ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം ചെയ്തു. കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍നിന്നും ഓര്‍ത്തഡോക്സ് സഭ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചു റഷ്യയിലെ പരമാധികാരിയായ ആ കമ്യൂണിസ്റ്റ് നേതാവ് പരിതപിച്ചു. അതെല്ലാം യഥാര്‍ത്ഥ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നു എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. സഭയുടെ നല്ല സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു. സഭയും ഗവണ്‍മെന്‍റും തമ്മില്‍ ക്രിയാത്മകമായ ഒരു പുതിയ സമീപനം അദ്ദേഹം വാഗ്ദാനം ചെയ്തു.
മറുപടിയായി അതേ പശ്ചാത്താപത്തിന്‍റെ ആത്മാവില്‍ പാത്രിയര്‍ക്കീസ് കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്‍റെ മുന്‍പില്‍ സഭയുടെ കഴിഞ്ഞകാല വീഴ്ചകളെക്കുറിച്ചു ദുഃഖിച്ചു. പുതിയ മാറ്റങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങള്‍ക്കു യഥാര്‍ത്ഥ നീതിയും സമത്വവും സമാധാനവും കൈവരുത്തുന്നതിനു രാഷ്ട്രനേതാക്കന്മാരോടൊപ്പം സഭാംഗങ്ങള്‍ നിലകൊള്ളുമെന്നു ഉറപ്പുകൊടുക്കയും ചെയ്തു.
ഗ്ലാസ്നോസ്റ്റ്, പെരെസ്ത്രോയിക്കാ എന്നീ വാക്കുകളൊക്കെ ഈ സന്ദര്‍ഭത്തെ വിശേഷിപ്പിക്കാന്‍ ചിലര്‍ ഉപയോഗിച്ചേക്കാം. പക്ഷേ, ഇതൊരു കുമ്പസാരമായിരുന്നു. വളരെ പഴയ മട്ടിലുള്ള ഒരു സത്യകുമ്പസാരം. രാഷ്ട്രത്തലവനെ അഭിസംബോധന ചെയ്തപ്പോള്‍, സാധാരണ അത്തരം ഔപചാരിക സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതുപോലെ മിസ്റ്റര്‍ ഗോര്‍ബച്ചേവ് എന്നല്ല പാത്രിയര്‍ക്കീസ് വിളിച്ചത്. ‘ബഹുമാന്യനായ മിഖായേല്‍ സെര്‍ഗ്യേവിച്ച്’ എന്ന ഓമനപ്പേര് വിളിച്ച പാത്രിയര്‍ക്കീസ് അദ്ദേഹത്തിന്‍റെ സ്നേഹവും ആഴമായ ആത്മീയബന്ധവും പ്രകടമാക്കി.
ഇവിടെ കുമ്പസാരത്തിന്‍റെ സാമൂഹ്യമാനം (ടീരശമഹ റശാലിശെീി) തെളിഞ്ഞുനില്‍ക്കുന്നു. റഷ്യയില്‍ സഭയും രാഷ്ട്രവും തമ്മില്‍ സങ്കീര്‍ണമായ ഒരു ബന്ധമാണ് നിലനിന്നിരുന്നത്. റഷ്യന്‍ ജനതയ്ക്ക് സ്വന്തമായ ലിപിയും എഴുത്തുഭാഷയും സംസ്ക്കാരികമായ തനിമയും നല്‍കിയതു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയായിരുന്നു. നിരവധി നിര്‍ണായക നിമിഷങ്ങളില്‍ വിദേശാക്രമണങ്ങള്‍ക്കെതിരെ ഒരു വന്‍കോട്ട പോലെ നിലകൊണ്ടു സഭ ജനങ്ങളെ സംരക്ഷിച്ചു. വിവിധ ഗോത്രങ്ങളിലായി തമ്മിലടിച്ചു കഴിഞ്ഞിരുന്ന റഷ്യന്‍ ജനതയെ സഭയാണ് ഒന്നാക്കിയത്.
പക്ഷേ, ചരിത്രത്തിന്‍റെ ചില ദശാസന്ധികളില്‍ ഔദ്യോഗിക സഭാനേതൃത്വം മര്‍ദ്ദക ഭരണകൂടത്തിന്‍റെയും ഉപരിവര്‍ഗ്ഗത്തിന്‍റെയും ചട്ടുകമായിത്തീര്‍ന്നു തെറ്റായ മാര്‍ഗത്തില്‍ ചരിച്ചിട്ടുണ്ട്. അതിനുള്ള തിരിച്ചടിയായിരുന്നു ഒക്ടോബര്‍ വിപ്ലവം തൊട്ടു റഷ്യന്‍സഭ അനുഭവിച്ചത്.
റഷ്യന്‍ സമൂഹത്തില്‍ യഥാര്‍ത്ഥ നീതിയും സമത്വവും കൈവരുത്തുവാന്‍ ആരംഭിച്ച സോഷ്യലിസ്റ്റ് വിപ്ലവം കുറെ കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്കു യഥാര്‍ത്ഥ സ്വാതന്ത്ര്യം നിഷേധിക്കുന്നതും മനുഷ്യാവകാശധ്വംസകവുമായ ഭരണകൂടങ്ങള്‍ക്കു ജന്മം നല്‍കി. രാഷ്ട്രനേതൃത്വവും തെറ്റായ വഴികളിലേക്ക് നീങ്ങി.
സഭയും രാഷ്ട്രവും ഈ ക്രെംലിന്‍ കുമ്പസാരത്തിലൂടെ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു പശ്ചാത്താപത്തോടെ പരസ്പരം സ്വീകരിക്കയും സ്വാതന്ത്ര്യത്തിലും നീതിയിലും ജനക്ഷേമത്തിലും ഊന്നിയ പുതിയൊരു ബന്ധം ഇനിയുണ്ടാകുമെന്നു പരസ്പരം ഉറപ്പുകൊടുക്കയും ചെയ്തു.
സാധാരണഗതിയില്‍ ഒരു വ്യക്തിയുടെ അനുതാപം, ഏറ്റുപറച്ചില്‍, മാനസ്സാന്തരം എന്നിവയോടാണു നാം കുമ്പസാരത്തെ ബന്ധിപ്പിക്കുന്നത്. ഇതുപോലെതന്നെ സുപ്രധാനമാണു കുമ്പസാരത്തിന്‍റെ സാമൂഹ്യമാനം, അഥവാ, സമൂഹങ്ങളുടെ അനുതാപം, ഏറ്റുപറച്ചില്‍, മാനസ്സാന്തരം എന്നിവ. ഒരു വ്യക്തിയുടെ യഥാര്‍ത്ഥ കുമ്പസാരത്തിന് അനേകം സല്‍ഫലങ്ങള്‍ ചുറ്റുപാടും ഉളവാക്കാന്‍ കഴിയുന്നതുപോലെ, സമൂഹത്തിന്‍റെ കുമ്പസാരത്തിനു വ്യാപകമായ സല്‍ഫലങ്ങളെ ഉണ്ടാക്കുന്നതിനും ചരിത്രത്തിന്‍റെ ഗതിയെ അഭികാമ്യമായ രീതിയില്‍ തിരിച്ചുവിടുന്നതിനും കഴിയും.
സമൂഹം ഒന്നടങ്കം ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയാക്കിയ ബഹുജന മാനസ്സാന്തരം (ാമൈ രീി്ലൃശെീി) ചിലപ്പോള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ കാലത്തു ക്രിസ്തീയ വിശ്വാസം സ്വീകരിച്ച റോമന്‍ സാമ്രാജ്യത്തിലെ പ്രജകള്‍, മൂന്നാം നൂറ്റാണ്ടില്‍ രാഷ്ട്രമെന്ന നിലയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ സ്വീകരിച്ച അര്‍മ്മീനിയക്കാര്‍, ഒന്‍പതാം നൂറ്റാണ്ടില്‍ ക്രിസ്തുമതം സ്വീകരിച്ച റഷ്യന്‍ ജനത ഇങ്ങനെ ജനത ഒന്നടങ്കം ക്രിസ്തീയ വിശ്വാസത്തിലേക്കു വന്ന സംഭവങ്ങളെ ചരിത്രകാരന്മാര്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. വ്യക്തിപരമായ ബോധ്യത്തേക്കാളുപരി, ഭരണകര്‍ത്താക്കളുടെ പ്രേരണ, സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം മാനസ്സാന്തരത്തിനു പുറകില്‍ എന്ന ആരോപണം ഒരളവുവരെ ശരിയാണ്. വ്യക്തിപരവും യുക്തിപൂര്‍വകവുമായ വിശ്വാസത്തില്‍ മാത്രം ക്രിസ്തീയതയുടെ അര്‍ത്ഥം കാണുന്ന ചരിത്രകാരന്മാരാണു കൂടുതലും ഈ ആരോപണം ഉന്നയിക്കുന്നത്.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഭരണകര്‍ത്താക്കളുടെ മാതൃക അനുകരിച്ചോ സമൂഹത്തിന്‍റെ ഒഴുക്കനുസരിച്ചോ എങ്ങിനെയാണെങ്കിലും പുതിയ വിശ്വാസം സമൂഹം മുഴുവനായും സ്വീകരിക്കുമ്പോള്‍ വിപ്ലവകരമായ മാറ്റങ്ങളാണു സമൂഹത്തില്‍ ഉളവാകുന്നത്. സമൂഹത്തിന്‍റെ ധാര്‍മ്മികമൂല്യങ്ങളിലും സദാചാരരീതികളിലും സാമൂഹ്യബന്ധങ്ങളിലും വന്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. വിവാഹബന്ധം തന്നെ ഉദാഹരണമായെടുക്കാം. ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം എന്നിവയും അവയോടു ബന്ധപ്പെട്ട നിരവധി ആചാരങ്ങളും മനുഷ്യപീഡനവും നിലനിന്നിരുന്ന സമൂഹങ്ങളില്‍ ക്രിസ്തീയ വിശ്വാസം സമൂലപരിവര്‍ത്തനം വരുത്തി മനുഷ്യജീവന്‍റെ അന്തസ്സ്, പരസ്പര ബഹുമാനം, സത്യസന്ധത, സാമൂഹ്യസമത്വം, സ്വാതന്ത്ര്യബോധം, പ്രത്യാശ തുടങ്ങിയ മൂല്യങ്ങളെല്ലാം പല സമൂഹങ്ങളില്‍ രൂഢമൂലമാക്കുന്നതിനു ക്രിസ്തീയ വിശ്വാസത്തിന്‍റെ സാമൂഹ്യ സ്വാംശീകരണം കാരണമായി. ഈ മാറ്റങ്ങളെ നമുക്കു സമൂഹത്തിന്‍റെ മാനസ്സാന്തരം എന്നു വിളിക്കാം. വ്യക്തിക്കുണ്ടാകുന്ന മാനസ്സാന്തരം എല്ലായ്പോഴും സമൂഹഘടനകളെ മാറ്റിമറിക്കാന്‍ ശക്തമാകണമെന്നില്ല. പല വ്യക്തികളും തങ്ങളുടെ മാനസാന്തരത്തെ വ്യക്തിപരമായ മണ്ഡലത്തില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ സമൂഹത്തിന്‍റെ മാനസാന്തരം രാഷ്ട്രീയ സംവിധാനത്തെയും, ഭരണഘടനകളെയും സാമൂഹ്യനിയമങ്ങളെയും നല്ല രീതിയില്‍ പുനഃസംഘടിപ്പിക്കുവാന്‍ ശക്തമായിത്തീരുന്നു.
ആധുനികകാലത്തു സമൂഹം പശ്ചാത്തപിക്കുന്നതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. രണ്ടാം ലോകയുദ്ധകാലത്തു ജര്‍മ്മന്‍ ജനതയുടെ നേതാവായി ഉയര്‍ന്ന ഹിറ്റ്ലര്‍ യഹൂദവംശത്തെ തുടച്ചുനീക്കുവാന്‍ നടത്തിയ അതിനിഷ്ഠൂരമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളിലൊന്നാണ്. ജര്‍മ്മന്‍ ജനതയില്‍ ഒരു നല്ല പങ്കും ഇന്ന് അതില്‍ അനുതപിക്കുന്നു. ലക്ഷോപലക്ഷം മനുഷ്യരെ ചുട്ടുകരിച്ച നാറ്റ്സി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അനുതാപത്തിന്‍റെ കണ്ണീരോടുകൂടി തീര്‍ത്ഥാടനം നടത്തുന്ന ജര്‍മ്മന്‍ യുവജനങ്ങളെ ഇന്നു ധാരാളം കാണാന്‍ കഴിയും.
കൊളോണിയല്‍ വാഴ്ചക്കാലത്ത് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള പാവപ്പെട്ട രാജ്യങ്ങളെ അടക്കി ഭരിക്കയും ഞെക്കിപ്പിടിക്കുകയും മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കയും ചെയ്ത കൊളോണിയല്‍ സാമ്രാജ്യങ്ങള്‍ ഇന്ന് ഏറെക്കുറെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം പശ്ചാത്താപ പ്രകടനത്തില്‍ രാഷ്ട്രങ്ങളോ ജനതകളോ പൂര്‍ണമായും പങ്കുചേരുന്നുണ്ടെന്നു പറഞ്ഞുകൂടാ. ഉണ്ടായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കാ പോലുള്ള സ്ഥലങ്ങളില്‍ വെള്ളക്കാരുടെ മര്‍ദ്ദക ഭരണകൂടങ്ങളെ നിലനിര്‍ത്തുവാന്‍ ബ്രിട്ടനും അമേരിക്കയും സഹായിക്കയില്ലായിരുന്നു. പക്ഷേ, പശ്ചാത്താപത്തിന്‍റെ ആത്മാര്‍ത്ഥമായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു നല്ല വിഭാഗം ആളുകള്‍ പാശ്ചാത്യ രാജ്യങ്ങളിലുണ്ട് എന്നതു വാസ്തവമാണ്.
സാമ്പത്തിക – സാമൂഹ്യ മണ്ഡലങ്ങളില്‍ അന്താരാഷ്ട്രീയമായി പല രാജ്യങ്ങളും അനുതാപത്തിന്‍റെയും കുമ്പസാരത്തിന്‍റെയും പടികടന്നെങ്കില്‍ മാത്രമേ, സമാധാനവും നീതിയും മനുഷ്യരാശിക്ക് ഉറപ്പാകയുള്ളൂ. പാവപ്പെട്ട ജനതകളെ ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളും മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തകിടം മറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വന്‍കിട രാഷ്ട്രങ്ങളും ആയുധശേഖരണത്തിലൂടെയും വില്‍പ്പനയിലൂടെയും മനുഷ്യവര്‍ഗ്ഗത്തെ നാശത്തിലേക്കു നയിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങളും ശരിക്കും കുമ്പസാരിക്കാതെ നമ്മുടെ ലോകത്തില്‍ നന്മ കൈവരുകയില്ല. അഖിലലോക സഭാകൗണ്‍സില്‍ പോലെയുള്ള പല രാഷ്ട്രീയേതര സംഘടനകളുടെയും പ്രധാന ശ്രമം ഈയൊരു ബോധം അന്താരാഷ്ട്രതലത്തില്‍ സൃഷ്ടിച്ച് ഒരു സാമൂഹ്യ മാനസാന്തരത്തിനു വഴിയൊരുക്കുകയെന്നതാണ്.
പക്ഷേ ഇതു ദുഷ്കരമായൊരു യത്നമാണ്. വ്യക്തികളുടെ മനസ് അനുതാപത്തിനു വഴങ്ങാതെ കഠിനമാകുന്നതുപോലെ സമൂഹത്തിന്‍റെ മനസ്സും കഠിനമാകാം. ഭോപ്പാലില്‍ സംഭവിച്ച മഹാദുരന്തത്തില്‍ സഹതപിക്കാത്ത വ്യക്തികള്‍ ഒരു പക്ഷേ ലോകത്തില്‍ ആരും കാണുകയില്ല. പക്ഷേ അനേകായിരങ്ങളെ നിരാലംബരും രോഗികളുമാക്കിയ ആ ദുരന്തത്തിനു കാരണമായ യൂണിയന്‍ കാര്‍ബൈഡ് എന്ന ഭീമന്‍ ബഹുരാഷ്ട്രകമ്പനി ദുഃഖിക്കുകയോ പശ്ചാത്തപിക്കയോ ചെയ്യുന്നില്ല. തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്‍റെ വളരെച്ചെറിയൊരംശം ദുരന്തത്തിനിരയായവര്‍ക്കു നല്‍കാന്‍ അവര്‍ സന്മനസ്സു കാണിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ സമ്മര്‍ദ്ദം കൊണ്ട് കൊടുക്കാമെന്നു സമ്മതിച്ചിരിക്കുന്ന പണത്തിന്‍റെ എത്രയോ ഇരട്ടിയാകുമായിരുന്നു അത്. ഇവിടെ പണം മാത്രമല്ല പ്രശ്നം. കൊള്ളലാഭമെടുക്കാന്‍ വേണ്ടി പാവപ്പെട്ട രാജ്യത്തെ പാവങ്ങളില്‍ പാവങ്ങളായവരെ ഊറ്റിപ്പിഴിയുകയും നശിപ്പിക്കയും ചെയ്യുന്നതു തെറ്റാണെന്നുള്ള ധാര്‍മ്മികബോധം ഈ അമേരിക്കന്‍ കമ്പനിക്കില്ല. കാരണം ലാഭത്തിലും മുതലിലും അധികാരത്തിലും മാത്രം വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരു സംസ്കാരത്തിലാണ് ആ കമ്പനിയുടെ വേരുകള്‍. അതുകൊണ്ട് പതിനായിരങ്ങളെ കൊന്നാലും കമ്പനിക്കു ലാഭമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതു വന്‍വിജയമായും പുരോഗതിയുടെ അടയാളമായും അവര്‍ കരുതുന്നു. വ്യക്തികള്‍ അനുതപിച്ചാലും സമൂഹം അനുതപിക്കണമെന്നു നിര്‍ബന്ധമില്ല ഇവിടെയാണു സാമൂഹ്യ മാനസാന്തരത്തിന്‍റെ പ്രസക്തി നാം കാണേണ്ടത്.
നമ്മുടെ ധര്‍മ്മശാസ്ത്രങ്ങളില്‍ പൊതുവേ കാണുന്ന ഒരു ആന്തരിക വൈരുദ്ധ്യമുണ്ട്. വ്യക്തി ചെയ്യരുതെന്നു അനുശാസിക്കുന്ന കാര്യങ്ങള്‍ സമൂഹം ചെയ്യുമ്പോള്‍ നമ്മുടെ ധര്‍മ്മശാസ്ത്രം അവയെ ന്യായീകരിക്കുന്നു. ഉദാഹരണമായി, ഒരു വ്യക്തി മറ്റൊരുവനെ കൊല്ലുന്നതു കഠിനമായ തെറ്റാണെന്നു നാം പറയുന്നു. എന്നാല്‍ ഒരു രാജ്യവും മറ്റൊരു രാജ്യവുമായി യുദ്ധം ചെയ്യുമ്പോള്‍ ആ വ്യക്തി തന്നെ എതിര്‍ചേരിയിലുള്ള വ്യക്തികളെ കൊല്ലുന്നതു തെറ്റല്ലെന്നു മാത്രമല്ല, അങ്ങനെ കൊല്ലുന്നവനെ രാജ്യം ബഹുമാനിക്കയും, വീരശൃംഖലകള്‍ സമ്മാനിക്കയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്‍റെ സുരക്ഷിതത്വം എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ കൊലപാതകത്തെ ന്യായീകരിക്കുന്നതും കൊലയാളിയെ ബഹുമാനിക്കുന്നതും, പക്ഷേ, ചരിത്രം നമ്മെ പലപ്പോഴും പഠിപ്പിച്ചിട്ടുള്ളതുപോലെ, രാജ്യസ്നേഹം, വംശസ്നേഹം തുടങ്ങിയവ നല്ല മൂല്യങ്ങളായി നാം കരുതുന്നുണ്ടെങ്കിലും, പല അവസരങ്ങളിലും ഇവ അന്ധമായിത്തീര്‍ന്ന് ഒടുങ്ങാത്ത വൈരവും, വിദ്വേഷവും അഹങ്കാരവും സൃഷ്ടിക്കാന്‍ കാരണമാകുന്നു. അഡോള്‍ഫ് ഹിറ്റ്ലറും അയാളെ പിന്‍തുടര്‍ന്ന നല്ലൊരു ശതമാനം ജര്‍മ്മന്‍ ജനതയും ദേശസ്നേഹത്തിന്‍റെയും വംശസ്നേഹത്തിന്‍റെയും പേരിലാണു മനുഷ്യചരിത്രത്തിലെ ഏറ്റവും കിരാതമായ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് എന്നു നാം ഓര്‍ക്കുക.
വ്യക്തി കോഴ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുന്ന മതങ്ങള്‍, സ്വന്തം സ്ഥാപനങ്ങളോ സംഘടനകളോ സാമൂഹ്യതലത്തില്‍ കോഴ വാങ്ങിച്ചാല്‍ അതിനെ എതിര്‍ക്കുന്നില്ല. വ്യക്തികള്‍ പരസ്പരം ബഹുമാനിക്കയും സഹായിക്കയും ചെയ്യണമെന്ന് അനുശാസിക്കുന്ന സമൂഹങ്ങള്‍ ഇതര സമൂഹങ്ങളുമായി വിദ്വേഷം വച്ചുപുലര്‍ത്തുന്നതിനെ ന്യായീകരിക്കുന്നു . ഇതാണു ധര്‍മ്മശാസ്ത്രങ്ങളിലെ ആന്തരിക വൈരുദ്ധ്യമെന്നു സൂചിപ്പിച്ചത്.
ക്രിസ്തീയ ധര്‍മ്മശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ഈ വൈരുദ്ധ്യത്തെ ന്യായീകരിക്കാനാവില്ല. സഭാംഗങ്ങളായ വ്യക്തികള്‍ അനുഷ്ഠിക്കണമെന്നു സഭ അനുശാസിക്കുന്ന ധാര്‍മ്മിക പ്രമാണങ്ങള്‍ സഭയുടെ പൊതുജീവിതത്തിലും പാലിക്കപ്പെടേണ്ടതാണ്. നോമ്പിലെ പ്രാര്‍ത്ഥനകളില്‍ വിശേഷിച്ചും വ്യക്തികള്‍ നീതിപൂര്‍വകമായ ജീവിതം പിന്‍തുടരണമെന്നും ദരിദ്രര്‍ക്കും പീഡിതര്‍ക്കും ന്യായം പാലിച്ചുകൊടുക്കണമെന്നുമുള്ള ഉല്‍ബോധനങ്ങള്‍ ധാരാളമാണ്. ഇതു വ്യക്തിയോടു മാത്രമായി നടത്തുന്ന ധാര്‍മ്മികോല്‍ബോധനമായി നാം കരുതരുത്. സമൂഹത്തില്‍ നീതിപൂര്‍വകമായ ഘടനകള്‍ സൃഷ്ടിക്കാനും സമൂഹത്തിലെ അന്യായത്തിനും അധര്‍മ്മത്തിനുമെതിരെ ആഞ്ഞടിക്കാനും സഭയെന്ന നിലയില്‍ നമുക്കു ചുമതലയുണ്ടെന്നും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തി അനുഷ്ഠിക്കേണ്ട ധാര്‍മ്മിക പ്രമാണവും സമൂഹം അനുഷ്ഠിക്കേണ്ട ധാര്‍മ്മിക പ്രമാണവും തമ്മില്‍ പരസ്പരം ബന്ധമില്ലാതെ വരുന്നതു ക്രിസ്തീയ തത്വങ്ങള്‍ക്കു നിരക്കുന്നതല്ല.
കുറ്റം ഏറ്റുപറഞ്ഞു പരസ്യമായി കുമ്പസാരിക്കുന്ന സമൂഹങ്ങളെയും സംഘടനകളെയും നാം അധികം കാണാറില്ല. ഒന്നാമത്തെ കാരണം സമൂഹങ്ങള്‍ക്കു ചുരുക്കമായേ കുറ്റബോധം വരാറുള്ളൂ എന്നതാണ്. കുറ്റബോധം ഉണ്ടായാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടും എന്നു വിചാരിക്കുന്ന ശക്തികള്‍ സമൂഹത്തിനുള്ളില്‍ പ്രവര്‍ത്തിച്ച് തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പഴയനിയമ പ്രവാചകന്മാരുടെ പ്രധാന ശ്രമങ്ങളിലൊന്നു യഹൂദസമൂഹത്തെ അതിന്‍റെ തന്നെ കുറ്റങ്ങളെക്കുറിച്ചു ബോധമുള്ളതാക്കുക എന്നതായിരുന്നു. എപ്പോഴും സംഘടിത മതവും സംഘടിതമായ പ്രത്യയശാസ്ത്രങ്ങളും പൊതുവായ ആത്മവിമര്‍ശനത്തിനും കുറ്റബോധത്തിനും എതിരായി നില്‍ക്കും. കര്‍ത്താവു തന്‍റെ പ്രവചനദൗത്യം യഹൂദ സമൂഹത്തില്‍ നിറവേറ്റാന്‍ യത്നിച്ചു. പക്ഷേ സമൂഹഹൃദയം കഠിനമായിത്തീര്‍ന്നു. അതുകൊണ്ടു സമൂഹം സ്വയം ന്യായവിധിയിലേക്കു പ്രവേശിക്കയും ചെയ്യുന്നു.
കുറ്റബോധമുണ്ടായെങ്കിലെ അനുതാപവും ഏറ്റുപറച്ചിലുമുണ്ടാകൂ. സ്വന്തം വീഴ്ചകള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റുപറയുന്ന സമൂഹങ്ങളും സഭകളും ഉണ്ടെങ്കില്‍ അതു നമ്മുടെ ലോകചരിത്രത്തെ നിര്‍ണായകമായി സ്വാധീനിക്കയും മനുഷ്യരാശിക്കു നന്മയുടെ പുതിയ ചക്രവാളങ്ങളെ കണ്ടെത്തുകയും ചെയ്യും. അതിനുള്ള ഒരു നല്ല ഉദാഹരണമാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെയും റഷ്യന്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്‍റെയും പരസ്പര കുമ്പസാരത്തില്‍ ചൂണ്ടിക്കാണിച്ചത്. യുദ്ധഭീഷണി കൊണ്ടും പരസ്പരഭീതി കൊണ്ടും കലുഷമായിരുന്ന നമ്മുടെ ലോകത്തില്‍ പുതിയ പ്രത്യാശയുടെ ചില എളിയ തിരിനാളങ്ങളെങ്കിലും കൊളുത്തുവാന്‍ അതിനു കഴിഞ്ഞു.
സമൂഹ മാനസാന്തരവും കൂട്ടായ കുമ്പസാരവും നമ്മുടെ ലോകത്തിന്‍റെ അടിയന്തിരമായ ആവശ്യങ്ങളാണ്.
(1990 കളില്‍ എഴുതിയത്)