ആത്മീയ കൊളോണിയലിസം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

kmg
പാശ്ചാത്യ കൊളോണിയല്‍ അധിനിവേശത്തിന്‍റെ ഭാഗമായി റോമന്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാര്‍, നമ്മുടെ ഏകവും പൗരസ്ത്യവുമായിരുന്ന മലങ്കര അപ്പോസ്തോലിക സഭയില്‍ ബലാല്‍ക്കാരേണ പ്രവേശിക്കുന്നതു പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭം മുതലാണ്. നമ്മുടെ സഭാ കുടുംബത്തിലെ അന്തഃഛിദ്രത്തിന്‍റെ ദുഃഖപൂര്‍ണ്ണമായ വഴിപിരിയലുകളുടെയും ദുരന്തഗാഥ അവിടെത്തുടങ്ങി. പിന്നീടു വന്ന ബ്രിട്ടീഷ് മിഷനറിമാരും പാശ്ചാത്യ സുറിയാനി സഭയുടെ പല പാത്രിയര്‍ക്കീസന്മാരുമെല്ലാം അധീശത്വത്തിന്‍റെ ഭാഷയില്‍ നമ്മോട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. വീണ്ടും വീണ്ടും ഇവിടെ ഭിന്നതകളായിരുന്നു അതിന്‍റെയൊക്കെ ഫലം. ചേരിതിരിവുകളുടെയും കൂറുമാറ്റങ്ങളുടെയും സംഘര്‍ഷങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ ഐക്യവും അഭിമാനവും സ്വത്വബോധവുമാണ്. ഇത് തിരിച്ചെടുക്കാന്‍ മലങ്കരസഭ പതിനാറാം നൂറ്റാണ്ടു മുതലേ പരിശ്രമിക്കുന്നുണ്ട്. ആ യത്നത്തിന്‍റെ ഭാഗമായി വേണം ചരിത്രത്തിന്‍റെ ഈ പുനര്‍ വായനയെ കണക്കാക്കാന്‍.

നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം അതിശക്തമായ രാജകീയ പിന്തുണ തേടി പ്രചരിച്ചത് റോമാ സാമ്രാജ്യത്തിനുള്ളിലാണ്. ആ സാമ്രാജ്യത്തിനു പുറത്ത് പുരാതന സഭകളുണ്ടായിരുന്നു. പേര്‍ഷ്യ, ഇന്ത്യ, എത്തിയോപ്യ, ജോര്‍ജിയ എന്നിവിടങ്ങളിലുള്ള സഭകള്‍ റോമാ സാമ്രാജ്യത്തിന്‍റെ അതിരുകള്‍ക്കപ്പുറത്ത്, അതത് സംസ്കാരങ്ങളില്‍ വേരോടിച്ച് സ്വതന്ത്രമായി കഴിഞ്ഞ തദ്ദേശീയ സഭകളായിരുന്നു. എ.ഡി. 380-ല്‍ തിയഡോഷ്യസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ രാജകീയ വിളംബരത്തോടെ റോമാ സാമ്രാജ്യം ഔദ്യോഗികമായിത്തന്നെ ക്രിസ്തുമതം സ്വീകരിച്ചു (313-ല്‍ കുസ്തന്തീനോസ് ചക്രവര്‍ത്തി, ക്രിസ്തുമതം ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങള്‍ക്കും പൊതു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയതേ ഉണ്ടായിരുന്നുള്ളു).

സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളായ റോം, കുസ്തന്തീനോപ്പോലീസ്, അലക്സന്ത്ര്യ, അന്ത്യോഖ്യാ എന്നീ കേന്ദ്രങ്ങളാണ് റോമന്‍ ഭരണത്തിന്‍റെ സിരാകേന്ദ്രങ്ങളായി വര്‍ത്തിച്ചത്. അവയുടെ രാഷ്ട്രീയ പ്രാധാന്യത്തിനനുസൃതമായി അവിടെ വളര്‍ന്നുവന്ന സഭാകേന്ദ്രങ്ങളാണ് പില്‍ക്കാലത്ത് പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
ആഗോള ക്രൈസ്തവസഭയുടെ ചരിത്രം നോക്കിയാല്‍ ഈ നാലു പാത്രിയര്‍ക്കാ സ്ഥാനങ്ങളുടെ അവകാശവാദങ്ങളും ദുരധികാരവും അവ തമ്മിലുള്ള വഴക്കുകളും വടംവലികളുമാണ് സഭയിലുണ്ടായ പ്രധാന ഭിന്നതകളുടെയെല്ലാം മൂല കാരണം എന്നു കാണാവുന്നതാണ്. റോമാ സാമ്രാജ്യത്തിനു പുറത്തുള്ള ഇന്‍ഡ്യ, എത്തിയോപ്യ, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സഭകളിന്മേലും റോമാസാമ്രാജ്യത്തിലെ പാത്രിയര്‍ക്കീസന്മാര്‍ അധികാരങ്ങള്‍ അവകാശപ്പെടുകയും അങ്ങനെ ആ സഭകളിലെല്ലാം സാമ്രാജ്യത്തിലെ ഭിന്നതകള്‍ വ്യാപിപ്പിക്കയും ചെയ്തു.

പോര്‍ച്ചുഗീസുകാരിലൂടെ മലങ്കരയില്‍ അധികാരം കൈയാളി മലങ്കര സഭയെ ഭിന്നിപ്പിച്ച റോമാ പാത്രിയര്‍ക്കീസന്മാരും, മലങ്കരസഭാംഗങ്ങളുടെ ഭക്തിയും അതിഥിസക്കാരപ്രിയവും മുതലാക്കി ഇവിടെ അധികാരം നടത്തി സഭയെ പലതായി ഛിദ്രിപ്പിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരും രണ്ടുദാഹരണങ്ങളാണ്. അന്ത്യോഖ്യായുടെ സിംഹാസനം അവകാശപ്പെടുന്ന അഞ്ച് പാത്രിയര്‍ക്കീസന്മാരും (3 കത്തോലിക്കര്‍, 1 ഗ്രീക്ക് ഓര്‍ത്തഡോക്സ്, 1 സിറിയന്‍ ഓര്‍ത്തഡോക്സ്) ഭിന്നതയുടെ പ്രതീകങ്ങളാണ്. ഇതുപോലെ അലക്സാന്ത്രിയായും, കോണ്‍സ്റ്റാന്‍റിനോപ്പിളും ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ “ഭിന്നതയുടെ ശുശ്രൂഷ” നിര്‍വഹിക്കുന്നു. പാശ്ചാത്യസഭയെ രണ്ടാക്കി പ്രോട്ടസ്റ്റന്‍റ് വിഭാഗത്തെ സൃഷ്ടിച്ചത് റോമാ പാത്രിയര്‍ക്കീസിന്‍റെ അധികാര ദുര്‍വിനിയോഗവും അക്രൈസ്തവ നയങ്ങളുമായിരുന്നു.

അഞ്ചാം നൂറ്റാണ്ടിലുണ്ടായ എഫേസൂസ് (431) കല്‍ക്കദോന്യ (451) സുന്നഹദോസുകള്‍ ആകമാനസഭയില്‍ വലിയ രണ്ടു പിളര്‍പ്പുകളുണ്ടാക്കി. അവയുടെ യഥാര്‍ത്ഥ കാരണം പാത്രിയര്‍ക്കീസന്മാര്‍ തമ്മിലുള്ള സ്പര്‍ധയും അതു മൂലമുള്ള അകല്‍ച്ചയും ശത്രുതയുമായിരുന്നു. പലപ്പോഴും ദൈവശാസ്ത്രപരമായ ചെറിയ വിയോജിപ്പുകളും, ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളും ഊതിവീര്‍പ്പിച്ച് പാത്രിയര്‍ക്കീസന്മാര്‍ തമ്മില്‍ ബലപരീക്ഷണത്തിന് തയാറായതു മൂലമാണ് മേല്‍പറഞ്ഞ സുന്നഹദോസുകള്‍ കൂടിയത്. പക്ഷേ ഇവ സഭയുടെ ഭിന്നതയ്ക്ക് വഴി തെളിച്ചു.

ഗ്രീക്കു ഭാഷയില്‍ നിന്ന് ലത്തീനിലും സുറിയാനിയിലുമൊക്കെ വന്ന മിമവേലാമ എന്ന വാക്ക് പാത്രിയര്‍ക്കീസന്മാര്‍ക്ക് വളരെ പ്രിയങ്കരമാണെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ‘ശപിച്ചു തള്ളല്‍,’ ‘മുടക്ക്’ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാണ് അത്. തങ്ങളോടു വിയോജിക്കുന്നവരുടെ മേല്‍ വളരെ ഉദാരമായി പാത്രിയര്‍ക്കീസന്മാര്‍ വര്‍ഷിക്കുന്ന ഈ ശാപവചനം അന്നു മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയും ഉപയോഗിത്തിലിരിക്കുന്നു. ആധുനിക കാലത്ത് ശാപവാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സുറിയാനിസഭയുടെ പാത്രിയര്‍ക്കീസന്മാരാണെന്ന് തോന്നുന്നു. അതെല്ലാം ഇന്ത്യയില്‍ നമ്മുടെ സ്വന്തം രക്തവും മാംസവുമായ വിശുദ്ധന്മാരും ഭക്തരും അറിവുള്ളവരുമായ നമ്മുടെ പിതാക്കന്മാരുടെ മേല്‍ ആയിരുന്നു എന്ന് മലങ്കരയില്‍ ഇരുവിഭാഗത്തിലുംപെട്ട ജനങ്ങള്‍ മനസ്സിലാക്കണം. പിതാക്കന്മാരുടെ മേല്‍ ശാപവര്‍ഷം നടത്തുമ്പോള്‍ അവരുടെ മക്കളായ നാമെല്ലാവരുടെ മേലുമാണ് ശാപവും മുടക്കും വീഴുന്നത്. ആഴമേറിയ ദൈവവിശ്വാസവും ഭക്തിയും സത്യാരാധനയുമുള്ള മലങ്കരയിലെ ദൈവജനത്തെ മുഴുവന്‍ ശപിക്കുവാന്‍ തയാറാകുന്ന പാത്രിയര്‍ക്കീസന്മാര്‍ എത്രമാത്രം ക്രിസ്തീയതയില്‍ നിന്നും സഭയുടെ ഉത്തമ പാരമ്പര്യങ്ങളില്‍ നിന്നും അകന്നവരാണ് എന്നു മാത്രം ചിന്തിക്കാം.
എന്തുകൊണ്ടാണ് പാത്രിയര്‍ക്കാസ്ഥാനങ്ങള്‍ പുരാതനസഭയില്‍ വലിയ ഭിന്നതകള്‍ക്ക് കാരണമായത്? എന്തുകൊണ്ടാണ് ഇപ്പോഴും അവ സഭയില്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നത്? എന്നീ ചോദ്യങ്ങളെക്കുറിച്ച് ഗൗരവമായ ഒരു ചരിത്ര ഗവേഷണം ആരെങ്കിലും നടത്തേണ്ടതാണ്. ഒരു കാര്യം നമുക്ക് വ്യക്തമാണ്. നാലാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍ വികസിച്ചത് ഏതെങ്കിലും ക്രിസ്തീയ തത്വത്തിന്‍റെ അടിസ്ഥാനത്തിലല്ല. റോമാ സാമ്രാജ്യത്തിലെ പ്രബലങ്ങളായ നാലു നഗരങ്ങളെയും അവിടെ ചക്രവര്‍ത്തി വ്യവസ്ഥ ചെയ്തിരുന്ന രാഷ്ട്രീയ ഭരണക്രമത്തെയും അതിന്‍റെ ലൗകികാധികാര ഘടനയെയും അനുകരിച്ചാണ് പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍ ഉയര്‍ന്ന് വന്നത്. ആ നഗരങ്ങളിലെ ‘എപ്പിസ്കോപ്പാ’മാരാണ് ആദ്യം ‘ആര്‍ക്കി-എപ്പിസ്കോപ്പാ’ (ആര്‍ച്ചു ബിഷപ്പ്) എന്നും പില്‍ക്കാലത്ത് ‘പാത്രിയര്‍ക്കീസ്’ എന്നുമുള്ള സ്ഥാനപ്പേരുകള്‍ എടുത്തത്. പുരാതന രേഖകളില്‍ അവര്‍ ഇപ്പോഴും എപ്പിസ്കോപ്പാ (ബിഷപ്പ്) ആണ്. ഉദാഹരണമായി റോമിലെ ബിഷപ്പന്മാര്‍ പാപ്പാ, പാശ്ചാത്യ പാത്രിയര്‍ക്കീസ്, ക്രിസ്തുവിന്‍റെ വികാരി, പത്രോസിന്‍റെ പിന്‍ഗാമി, സാര്‍വ്വത്രിക സഭയുടെ മുഴുവന്‍ ഇടയന്‍ മുതലായ സ്ഥാനപ്പേരുകളൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇന്നും റോമില്‍ നടക്കുന്ന സുന്നഹദോസ് രേഖകളില്‍ മാര്‍പാപ്പാ ഒപ്പിടുന്നത് ആശവെീു ീള ഞീാല (റോമിന്‍റെ എപ്പിസ്കോപ്പാ) എന്ന അതിലളിതവും ക്രിസ്തീയവും വേദപുസ്തകപരവുമായ സ്ഥാനപ്പേരുപയോഗിച്ചാണ്. ഇതേ തത്വം തന്നെയാണ് മറ്റ് പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍ക്കുമുള്ളത്. അന്ത്യോഖ്യായിലെ എപ്പിസ്കോപ്പാ, അലക്സാന്ത്രിയായിലെ എപ്പിസ്കോപ്പാ എന്നൊക്കെ തത്വത്തിലുണ്ടെങ്കിലും പില്‍ക്കാലത്ത് ‘കിഴക്കൊക്കെയുടെയും’, ‘ആഫ്രിക്ക ഒക്കെയുടെയും,’ ‘ഭൂലോകത്തിന്‍റെ ഒക്കെയുടെയും’ (ഋരൗാലിശരമഹ) ‘ആകമാനസഭയുടെ ഒക്കെയുടെയും’ (ഡിശ്ലൃമെഹ) എന്ന സ്ഥാനവിശേഷങ്ങള്‍ യഥാക്രമം അന്ത്യോഖ്യാ, അലക്സാന്ത്രിയ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, റോമാ പാത്രിയര്‍ക്കീസന്മാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒക്കെയുടെയും’ എന്നത് സാമ്രാജ്യത്വപരമായ ഒരു വിശേഷണമാണ്. ഒരു രാജ്യം സാമ്രാജ്യമാകുന്നത് മറ്റു രാജ്യങ്ങളെ വെട്ടിപ്പിടിച്ച് കൂട്ടിച്ചേര്‍ത്താണ്. ഒരു വെറും നാട്ടുരാജാവ് സമ്രാട്ടാകുന്നത് തന്‍റെ സൈനികശേഷി വര്‍ദ്ധിപ്പിച്ച്, അയല്‍ രാജ്യങ്ങളോട് യുദ്ധം ചെയ്ത്, ആയിരക്കണക്കിന് മനുഷ്യരെ കൊന്ന്, കൊള്ളയും തീവെയ്പും ബലാല്‍സംഗവും നടത്തി, രാജ്യത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്. മനുഷ്യരക്തത്തിലൂടെ നീന്തി മാത്രമേ സാധാരണഗതിയില്‍ ഒരു രാജാവിന് സമ്രാട്ടാകാന്‍ കഴിയൂ.

റോമാ സാമ്രാജ്യത്തിലെ നാലു പാത്രിയര്‍ക്കീസന്മാരും തങ്ങളുടെ സ്ഥാനത്തോട് ‘ഒക്കെയും’ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഭരണസീമയുടെ ഭൂമിശാസ്ത്രപരമായ വിസ്തൃതി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പാത്രിയര്‍ക്കാ സ്ഥാനം സാധൂകരിക്കപ്പെടുകയുള്ളു എന്ന് വിചാരിച്ചു. അതൊരു ലൗകികമായ അധീശത്വമാണ്. സമ്രാട്ടിനെപ്പോലെ ആവുകയാണ് ‘സ്വന്തം ആടുകള്‍ക്കുവേണ്ടി ജീവനെ കൊടുക്കുവാന്‍’ വിളിക്കപ്പെട്ടിരിക്കുന്ന ഇടയന്മാര്‍. അപ്പോള്‍ സമ്രാട്ടിനടുത്ത വേഷഭൂഷാദികളും ചട്ടവട്ടങ്ങളും അനുഗ്രഹ – നിഗ്രഹ വചനങ്ങളും അവരെടുത്ത് ഉപയോഗിക്കുന്നു. ഭൂമിയില്‍ പരദേശികളും തീര്‍ത്ഥാടകരുമായ ദൈവജനത്തിന്‍റെ ഇടയന്മാര്‍ എന്ന ക്രിസ്തീയ സങ്കല്‍പ്പം എത്ര ബഹുദൂരത്തിലാണെന്ന് ഓര്‍ക്കുക (അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇന്ന് പശ്ചിമേഷ്യയിലെ ഒരു ചെറിയ സഭയുടെ അദ്ധ്യക്ഷനും യാതൊരു ലൗകികാധികാരമോ സ്ഥാനമോ ഇല്ലാത്ത ആളുമാണെങ്കിലും പണം കൊണ്ടും വിലയേറിയ സമ്മാനങ്ങള്‍ കൊണ്ടും തന്നെ സന്തോഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രജകള്‍ക്ക് ഷെവലിയര്‍, കമാന്‍ഡര്‍ തുടങ്ങിയ തീര്‍ത്തും അര്‍ത്ഥശൂന്യമായ സ്ഥാനപ്പേരുകള്‍ നല്‍കുകയും, സഭാതത്വത്തിന്‍റെയും കാനോനാകളുടെയും അടിസ്ഥാനത്തില്‍ തന്നോട് വിയോജിക്കുന്നവരുടെ മേല്‍ ശാപവും മുടക്കും വര്‍ഷിക്കയും ചെയ്യുന്നത് പഴയ റോമാ സാമ്രാജ്യത്തിലെ രാജാപ്പാര്‍ട്ട് എടുത്തണിയുന്നതുകൊണ്ടാണ്.). പാത്രിയര്‍ക്കാ സ്ഥാനങ്ങളും സഭയുടെ ചരിത്രത്തിലെ ഭിന്നതകളും തമ്മില്‍ ഉള്ള ഗാഢമായ ബന്ധം മനസ്സിലാക്കാന്‍ റോമാ സാമ്രാജ്യത്തിലെ സഭാചരിത്രത്തിന്‍റെ ഒരു രാഷ്ട്രീയ വായന (ജീഹശശേരമഹ ഞലമറശിഴ) ആവശ്യമാണ്. ഇനിയും വളരെ ഗവേഷണ സാദ്ധ്യതയുള്ള ഒരു ചരിത്രമേഖലയാണിത്.
മലങ്കരസഭയില്‍ സമാധാനവും ഐക്യവും ഉണ്ടാകുമെന്ന് അതിയായി ആഗ്രഹിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തിരുന്ന / ചെയ്യുന്ന പതിനായിരങ്ങളില്‍ ഒരുവനാണ് ഈ എളിയ ലേഖകനും. രണ്ടു ലളിതമായ കാരണങ്ങളാണ് സമാധാന വാഞ്ഛയ്ക്ക് പുറകില്‍:
ഒന്ന്. സഭയുടെ നാഥനായ കര്‍ത്താവ് പ്രാര്‍ത്ഥിച്ചത് താനും പിതാവും ഒന്നായിരിക്കുന്നതുപോലെ നാമെല്ലാം ഒന്നായി നില്‍ക്കണമേയെന്നാണ്. അതുകൊണ്ട് സഭയുടെ ഐക്യം ദൈവത്തിന്‍റെ ഇഷ്ടമാണ്.

രണ്ട്. ഇന്ത്യയിലെ നമ്മുടെ സഭയില്‍ മലങ്കരസഭാംഗങ്ങള്‍ രണ്ടായി ചേരിതിരിഞ്ഞ് നില്‍ക്കാന്‍ തക്ക കാതലായ കാര്യങ്ങളൊന്നുമില്ല. ആക്ഷരികമായിത്തന്നെ നാം ഒരു രക്തവും ഒരു കുടുംബവും ഒരു ഭാഷയും ഒരു വിശ്വാസവും ഒരു ആരാധനയുമാണ്. ഈ അടിസ്ഥാനത്തില്‍ മറ്റു വിയോജിപ്പുകളൊക്കെ പരിഹരിക്കാവുന്നതേയുള്ളു.
സഭയില്‍ സമാധാനമുണ്ടാവുകയില്ല എന്ന് ബുദ്ധികൊണ്ട് നന്നായി തിരിച്ചറിഞ്ഞാലും ആത്മാവില്‍ സമാധാനത്തിനായി എപ്പോഴും പ്രാര്‍ത്ഥിക്കയും ഇച്ഛിക്കയും ചെയ്യുന്നവര്‍ ലോകപ്രകാരം മഠയന്മാര്‍ ആയിരിക്കും. എങ്കിലും, ‘സമാധാനം നടത്തുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്നരുളിയ നമ്മുടെ കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ അവര്‍ അവിശ്വസ്തരാകുമോ എന്നറിഞ്ഞു കൂടാ. ദൈവത്തിന്‍റെ അപ്രമേയമായ ജ്ഞാനത്തിനും തിരുവിഷ്ടത്തിനും അനുസൃതമായി സമാധാനത്തിന്‍റെ ആത്മാവിനെ എപ്പോഴെങ്കിലും നമുക്കു താന്‍ നല്‍കും എന്നു പ്രത്യാശിക്കാം.

ഇപ്പോഴത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് സക്കാ പ്രഥമന്‍ ബാവായെ പല തവണ ജനീവായിലെ ലോക സഭാ കൗണ്‍സില്‍ ആസ്ഥാനത്തു വച്ചും ദമസ്ക്കോസില്‍ അദ്ദേഹത്തിന്‍റെ ആസ്ഥാനത്തു വച്ചും കണ്ട് സംസാരിക്കുന്നതിന് എനിക്ക് അവസരമുണ്ടായിട്ടുണ്ട്. മലങ്കരസഭയിലെ സമാധാനത്തെക്കുറിച്ചായിരുന്നു എപ്പോഴും സംസാരം. എന്‍റെ ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞിരുന്നത് “മലങ്കരസഭയില്‍ നിങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് സമാധാനമുണ്ടാക്കിയാല്‍ എനിക്ക് സമ്മതമാണ്” എന്നാണ്. ഇന്ന് വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന ചിലരെക്കുറിച്ച് അതൃപ്തിയുണ്ടെന്നു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ലളിതമനസ്ക്കനായി അറിയപ്പെടുന്ന ഒരു പിതാവായതുകൊണ്ട് അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ ഞാനൊരിക്കലും സംശയിച്ചിട്ടില്ല. എന്നാല്‍ ഈ പറയുന്നതിനൊക്കെ ഇടയില്‍ അദ്ദേഹം പഴയ സമാധാന ധാരണകളെ മറികടന്ന് ഇവിടെയുള്ള പലര്‍ക്കും മെത്രാന്‍പട്ടവും മറ്റു സ്ഥാനങ്ങളുമൊക്കെ കൊടുക്കുകയും മലങ്കരയില്‍ ഏകപക്ഷീയമായി വരികയും ചെയ്തു. അവസാനം എനിക്ക് വ്യക്തമാകുന്നത് ഇതാണ്: ഒരു പാത്രിയര്‍ക്കീസ് ബാവാ വ്യക്തിപരമായി എത്ര ശുദ്ധഹൃദയനാണെങ്കിലും പാത്രിയര്‍ക്കീസ് എന്നുള്ള നിലയ്ക്ക് മലങ്കരയിലെ സ്വന്തമായ ഇടവകപ്പള്ളികളെയും, ഭൂമിയോളം താണ് തന്നെ വന്ദിച്ച് കൈ മുത്ത് ഉദാരമായി നല്‍കി വിധേയത്വം അറിയിക്കുന്ന ഒരു വലിയ ജനതയെയും കൈവിട്ടു കളിക്കുവാന്‍ തയ്യാറാവുകയില്ല. മുസ്ലീം ഭരണകൂടത്തിന്‍കീഴില്‍ ശ്വാസം മുട്ടിക്കഴിയുന്ന വളരെ ചെറിയ ഒരു സഭയുടെ പാത്രിയര്‍ക്കീസിന് ഇന്ത്യയിലെ വിശാലവും സ്വതന്ത്രവും സമ്പന്നവുമായ ഒരു മേച്ചില്‍പ്പുറവും ദാസ്യത്തോളം പോന്ന അനുസരണം കാണിക്കുന്ന ഒരാട്ടിന്‍കൂട്ടവും ഒരു സ്വര്‍ണ്ണഖനിയാണ്. ആക്ഷരികമായിത്തന്നെ ഇതൊരു കൊളോണിയല്‍ വ്യവസ്ഥയാണ്. വെളുത്ത നിറമുള്ള ഉന്നത വംശജരായ ഇടയന്മാരെ പൂജിക്കുന്ന “കറുത്തവരും അപരിഷ്കൃതരുമായ ഹിന്ദു ദേശക്കാരായ” കുഞ്ഞാടുകള്‍! രാഷ്ട്രീയ കൊളോണിയലിസം അവസാനിച്ചെങ്കിലും ആത്മീയമായി അത് തുടരുന്ന ഒരു സഭാവ്യവസ്ഥ!

യഥാര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രവും മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും സ്വാതന്ത്ര്യസമരം തുടങ്ങുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് 1653-ലെ കൂനന്‍കൂരിശ് സത്യത്തില്‍ അഭിമാനികളായ നമ്മുടെ പിതാക്കന്മാര്‍ എടുത്ത ഐതിഹാസികമായ നടപടി മേല്‍പ്പറഞ്ഞ ആത്മീയ കൊളോണിയലിസത്തെ മലങ്കരയില്‍ നിന്നു തുടച്ചു നീക്കുകയെന്നതായിരുന്നു. പക്ഷേ പിന്നീട് കാണെക്കാണെ നമ്മുടെ ജനങ്ങളില്‍ ഒരു നല്ല പങ്ക് റോമിലെ പാത്രിയര്‍ക്കീസിനും പിന്നെ കുറേപ്പേര്‍ ഇംഗ്ലീഷ് “പാത്രിയര്‍ക്കീസി”നും, പിന്നെ കുറെപ്പേര്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനുമൊക്കെ തല കുനിച്ചു കൊടുത്തു. ഇവിടെ ഏക കുടുംബം ഛിദ്രിച്ച് സഹോദരന്മാര്‍ തമ്മിലടി തുടരുകയും ചെയ്യുന്നു.

നാം നമ്മുടെ സ്വത്വബോധം വീണ്ടെടുത്ത്, നമ്മുടെ അധികാരത്തിന്‍റെ കുറ്റികള്‍ നമ്മുടെ സമൂഹത്തിനുള്ളില്‍ത്തന്നെ ഉറപ്പിച്ച്, വീണ്ടും ഒരു സഭയും ഒരു കുടുംബവുമായിത്തീര്‍ന്നാല്‍, നമുക്ക് കൂടുതല്‍ ഫലപ്രദമായി ക്രിസ്തുവിന്‍റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ആ സാക്ഷ്യനിര്‍വഹണത്തിന് എതിരായി നമ്മെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളില്‍ സുപ്രധാനമായ ഒന്നാണ് പഴയ റോമന്‍ സാമ്രാജ്യ വ്യവസ്ഥിതിയുടെ ഭാഗമായ പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍. ഇതു നാം തിരിച്ചറിഞ്ഞാല്‍, ലോകത്തിലെ എല്ലാ പുരാതന അപ്പോസ്തോലിക സഭകളോടും ഏറ്റം ഹൃദ്യവും ക്രിസ്തീയവുമായ ബന്ധം സ്ഥാപിക്കാന്‍ നമുക്ക് കഴിയും. കൗദാശികമായ സംസര്‍ഗ്ഗത്തിലും പരസ്പര ബഹുമാനത്തിലും ക്രിസ്തുവിലുള്ള സ്നേഹത്തിലും സഹകരണത്തിലും ലോകത്തിലുള്ള വിവിധ ഭാഗങ്ങളിലുള്ള തദ്ദേശീയ സഭകള്‍ ഒരുമിച്ചു കഴിയുകയെന്നത് ആദിമസഭയുടെ പാരമ്പര്യമാണ്. ഇന്നും ഓര്‍ത്തഡോക്സ് സഭകളുടെ എക്യുമെനിക്കല്‍ ലക്ഷ്യവുമാണത്.

പഴയസെമിനാരി
മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാള്‍
ജൂലൈ 3, 2006

(മലങ്കരസഭയും സിറിയന്‍ പാത്രിയര്‍ക്കീസന്മാരുടെ അധികാര ദുര്‍വിനിയോഗവും എന്ന ഗ്രന്ഥത്തിനെഴുതിയ അവതാരിക)