“ദുഃഖവെള്ളിയാഴ്ച ഉടമ്പടി”: വടക്കന്‍ അയര്‍ലണ്ടിലെ സമാധാന കരാറിനു 25 വര്‍ഷങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

01
ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് (2023) വടക്കന്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും കൂടിക്കാഴ്ച നടത്തി. ചരിത്രപ്രസിദ്ധമായ ഒരു സമാധാന ഉടമ്പടിയുടെ 25-ാ വാര്‍ഷികം ആഘോഷിക്കുന്നതിനാണ് അവര്‍ എത്തിയത്. 1988-ലെ വിശുദ്ധ വാരത്തിലെ ദുഃഖവെള്ളിയാഴ്ച വടക്കന്‍ അയര്‍ലണ്ടില്‍ സമാധാനം കൈവന്നു. അതിന് മുമ്പുള്ള മുപ്പതിലേറെ വര്‍ഷങ്ങള്‍ വടക്കന്‍ അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും തമ്മില്‍ നടന്ന അതിഭീകരമായ ആഭ്യന്തരയുദ്ധത്തില്‍ 3600-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അന്ന് നിരന്തരം പത്രങ്ങളില്‍ വന്നിരുന്ന ദുരന്തകഥകള്‍ പലരും ഓര്‍ക്കുന്നുണ്ടാകും. തെരുവുകളില്‍ നടക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വെടിയേല്‍ക്കാം. ബ്രിട്ടീഷ് ഭരണത്തില്‍ നിലനില്‍ക്കുന്ന വടക്കന്‍ അയര്‍ലണ്ട് ഭൂമിശാസ്ത്രപരമായി ഇപ്പോഴത്തെ സ്വതന്ത്ര രാജ്യമായ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്‍റെ വടക്കുഭാഗത്താണ്. ബ്രിട്ടന്‍റെ ഭരണത്തില്‍ നിന്ന് 1921-ല്‍ തന്നെ അയര്‍ലണ്ട് സ്വതന്ത്രമായ റിപ്പബ്ലിക് ആയി. എന്നാല്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കിടക്കുന്ന ആ ദ്വീപിന്‍റെ തന്നെ ഭാഗമായ വടക്കന്‍ അയര്‍ലണ്ട് ബ്രിട്ടീഷ് ആധിപത്യത്തിലും കിടന്നു. അവിടെ പ്രധാനമായും രണ്ടു കക്ഷികള്‍ ഉയര്‍ന്നു വന്നു. മിക്കവാറും പ്രൊട്ടസ്റ്റന്‍റുകാരായ ഒരു വിഭാഗം ആളുകള്‍ (Unionists) ബ്രിട്ടന്‍റെ ഭാഗമായി തുടരണമെന്നും കത്തോലിക്കരായ മറുഭാഗം (Nationalists) ഐറീഷ് റിപ്പബ്ലിക്കുമായി ഒന്നാകണമെന്നും വാദിച്ചു. ഐറീഷ് റിപ്പബ്ലിക്കന്‍ ആര്‍മി എന്ന പേരിലാണ് ദേശീയവാദികള്‍ സായുധസേന ഉണ്ടാക്കിയത്. യൂണിയനിസ്റ്റുകള്‍ എന്ന പേരില്‍ മറുവിഭാഗം ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സൈനികശേഷിയും ആയുധങ്ങളും ഉപയോഗിച്ചു. അങ്ങനെയാണ് മൂന്നു പതിറ്റാണ്ടുകളോളം തെരുവുകള്‍ രക്തപങ്കിലമായത്.

വളരെയേറെ സമാധാനശ്രമങ്ങള്‍ അവിടെ നടന്നു. ഒരുതരത്തിലും സംഘര്‍ഷം അവസാനിച്ചില്ല. സമാധാന കരാറില്‍ ഒപ്പിട്ട് പോയവര്‍ മഷി ഉണങ്ങുന്നതിനു മുമ്പ് തോക്കെടുത്ത് പരസ്പരം വെടി ഉതിര്‍ത്തു തുടങ്ങി. ഇരുഭാഗങ്ങളിലുമായി 3600-ല്‍ അധികം മനുഷ്യര്‍, മിക്കവരും പുരുഷന്മാര്‍, ആ തീരെ കൊച്ചുഭൂമിയില്‍ രക്തം വാര്‍ന്നു മരിച്ചു. പരിക്കേറ്റ പതിനായിരങ്ങള്‍ സ്വന്തം സഹോദരങ്ങള്‍ തമ്മിലുള്ള ക്രൂരമായ സംഘര്‍ഷത്തിന്‍റെ സാക്ഷികളായി വേദന കടിച്ചിറക്കി ജീവിച്ചു.

16-ാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ഉണ്ടായ നവീകരണ പ്രസ്ഥാനത്തിന്‍റെ ഫലമായാണ് അയര്‍ലണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് വിഭാഗം ഉണ്ടായത്. എന്നാല്‍ അതിലുപരി അയര്‍ലണ്ടുകാര്‍ എല്ലാം കെല്‍റ്റിക് വംശജരാണ് (Celtic). യൂറോപ്പിലെ പുരാതനമായ ഈ ഗോത്രവര്‍ഗ്ഗത്തിന്‍റെ സംസ്കാരം ഇംഗ്ലീഷുകാരുടേതില്‍ നിന്ന് വളരെ ഭിന്നമാണ്. ഇപ്പോഴത്തെ ഐറീഷ് റിപ്പബ്ലിക്, ബ്രിട്ടന്‍റെ കീഴിലുള്ള വടക്കന്‍ അയര്‍ലണ്ട്, ഇംഗ്ലണ്ടിനോടു ചേര്‍ന്നുകിടക്കുന്ന വെയില്‍സ്, സ്കോട്ട്ലണ്ട് എന്നിവയും ഫ്രാന്‍സിന്‍റെ തെക്കുപടിഞ്ഞാറുള്ള ബ്രിട്ടനി (Brittany) എന്നിവയെല്ലാം കെല്‍റ്റിക് വംശീയ പാരമ്പര്യത്തില്‍ പെട്ടതാണ്. ഇംഗ്ലീഷുകാരെക്കാള്‍ വളരെ മുമ്പെ ക്രിസ്ത്യാനികളായവരുമാണ് ഐറീഷുകാര്‍. ആദ്യകാലങ്ങളില്‍ അവര്‍ക്ക് ഈജിപ്റ്റിലെ കോപ്റ്റിക് സഭയുമായും മറ്റും ആത്മിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു. പ്രകൃതിയോട് സമരസപ്പെടുന്ന സവിശേഷമായ ഒരു ആദ്ധ്യാത്മികതയും സൗന്ദര്യശാസ്ത്രവും അവര്‍ക്കുണ്ട്. എന്നാല്‍ ഇംഗ്ലീഷുകാരുടെ ആധിപത്യത്തില്‍ കഴിഞ്ഞതു മൂലം കെല്‍റ്റിക് പ്രദേശങ്ങളില്‍ എല്ലാം ഇംഗ്ലീഷ് മാതൃഭാഷ പോലെ തന്നെ ഉപയോഗിക്കുന്നു. എങ്കിലും വെയില്‍സിലും അയര്‍ലണ്ടിലുമെല്ലാം ട്രാഫിക് ബോര്‍ഡുകളിലും പൊതുസ്ഥലങ്ങളിലെ അറിയിപ്പുകളിലും ഇംഗ്ലീഷ് കൂടാതെ വെല്‍ഷ്, ഐറീഷ് തുടങ്ങിയ കെല്‍റ്റിക് ഭാഷകളും ഇപ്പോള്‍ ഉപയോഗിക്കുന്നു. സ്കൂളുകളില്‍ ആ ഭാഷ പഠിപ്പിക്കുന്നുണ്ടെങ്കിലും ഭാഷ നന്നായി അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. പ്രസിദ്ധരായ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ പലരും വാസ്തവത്തില്‍ കെല്‍റ്റിക് (ഐറീഷ്, സ്ക്കോട്ടീഷ്, വെല്‍ഷ്) വംശജരാണ്.
തങ്ങളുടെ പിതാക്കന്മാരും ഭര്‍ത്താക്കന്മാരും ആണ്‍കുട്ടികളും കൊല്ലപ്പെടുന്നതു കണ്ട് ഇരുവിഭാഗത്തിലുമുള്ള വീട്ടമ്മമാരുടെ സമാധാന ശ്രമങ്ങള്‍ അവിടെ ഉണ്ടായി. സമാധാന ചര്‍ച്ചകളില്‍ സ്ത്രീസാന്നിധ്യം വളരെ പ്രയോജനം ചെയ്തു. അയര്‍ലണ്ടും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്‍റെ പ്രതിനിധി മദ്ധ്യസ്ഥം വഹിച്ചു. അങ്ങനെയാണ് വെടിനിര്‍ത്തലും സമാധാനവും 1988-ല്‍ അവിടെ ഉണ്ടായത്. ഇപ്പോള്‍ ഏതാണ്ട് 8 രാഷ്ട്രീയ കക്ഷികള്‍ ഉണ്ട് രണ്ടു വിഭാഗത്തിലുമായി. 25 വര്‍ഷത്തെ സമാധാനം മൂലം വടക്കന്‍ അയര്‍ലണ്ടിന്‍റെ സാമ്പത്തികസ്ഥിതി വളരെ ഉയര്‍ന്നു. മനുഷ്യര്‍ക്ക് സമാധാനമായി തെരുവുകളില്‍ നടക്കാമെന്നായി. അയര്‍ലണ്ടില്‍ ചെന്നാല്‍ നമുക്ക് ബ്രിട്ടീഷ് വിസ ഉണ്ടെങ്കില്‍ വടക്കന്‍ അയര്‍ലണ്ടും സന്ദര്‍ശിക്കാം. അതിര്‍ത്തിയില്‍ അങ്ങനെ കര്‍ശനമായ പരിശോധന ഒന്നുമില്ല.

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍റെ പൂര്‍വ്വികര്‍ അമേരിക്കയില്‍ കുടിയേറിയ ഐറീഷുകാരാണ്. അതുകൊണ്ട് അദ്ദേഹത്തിന് ജൂബിലി വര്‍ഷത്തില്‍ അവിടെ വരുന്നതിന് പ്രത്യേക സന്തോഷമുണ്ട്. അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സുനാക്കിന്‍റെ പൂര്‍വ്വികര്‍ ബ്രിട്ടനില്‍ കുടിയേറിയ ഇന്‍ഡ്യാക്കാരാണ്. ഋഷി സുനാക്കിനെ ബൈഡന്‍ തിരിച്ചറിഞ്ഞില്ല എന്നൊരു വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നുണ്ട്. അബോധ മനസ്സിലെങ്കിലും ഒരു വെള്ളക്കാരനെ ആയിരിക്കുമല്ലോ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബൈഡനും കൂട്ടരും സങ്കല്‍പിക്കുക. ജോര്‍ജ് ബുഷ്, ട്രംപ് തുടങ്ങിയ വയോധികരായ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ചിലപ്പോള്‍ പറ്റിയ തെറ്റുകള്‍ പോലെ വൃദ്ധനായ ജോ ബൈഡനും തല്‍ക്കാല വിസ്മൃതി ഉണ്ടായിക്കാണും. യുണൈറ്റഡ് കിങ്ഡം എന്ന ബ്രിട്ടന്‍റെ പ്രധാനമന്ത്രി മിക്കവാറും ഇംഗ്ലീഷുകാരനും പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനിയും ആയിരിക്കുമെന്നാണല്ലോ എല്ലാവരുടെയും സങ്കല്‍പ്പം. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെ ഇന്ത്യാക്കാരോടും മഹാത്മാഗാന്ധിയോടും പുച്ഛം കാണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കസേരയില്‍ ഇരിക്കുകയും ഡൗണിംഗ് സ്റ്റ്രീറ്റിലെ പത്താം നമ്പര്‍ മന്ദിരത്തില്‍ താമസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജന്‍, വെള്ളക്കാരനോ പ്രൊട്ടസ്റ്റന്‍റുകാരനോ ക്രിസ്ത്യാനിയോ പോലും അല്ല എന്നത് ചരിത്രത്തിന്‍റെ കാവ്യനീതിയായിരിക്കാം.

സമാധാനം ഉണ്ടായതില്‍ താല്‍പര്യമില്ലാത്ത ഒരു കക്ഷിയും അവിടെ ഉണ്ട്. കാരണം, അവര്‍ക്ക് പലതരത്തിലുള്ള മുതലെടുപ്പുകള്‍ നടത്താനുണ്ട്. സമാധാനം വന്നാല്‍ അതൊക്കെ നഷ്ടപ്പെടും. എല്ലായിടത്തും, സഭയിലും രാഷ്ട്രത്തിലും അങ്ങനെയാണല്ലോ. ഭിന്നതയുണ്ടാക്കിയാല്‍ ചില തല്പരകക്ഷികള്‍ക്ക് പ്രയോജനമുണ്ടാകും.

30 വര്‍ഷങ്ങള്‍ കൊണ്ട് ഇരുകക്ഷിയിലുംപെട്ടവര്‍ ചീറ്റിയ കൊടുംവിഷം ക്രമേണ കടല്‍കാറ്റില്‍ അലിഞ്ഞില്ലാതാവും എന്ന് സമാധാന കാംക്ഷികളായ നല്ല മനുഷ്യര്‍ വിചാരിക്കുന്നു. മുപ്പതല്ല, 300 വര്‍ഷങ്ങള്‍ കൊണ്ടുപോലും സഹോദരങ്ങള്‍ സൃഷ്ടിക്കുന്ന വൈരാഗ്യവും പകയും വേണ്ടിവന്നാല്‍ തുടച്ചുനീക്കാനാകും എന്ന് ചരിത്രം സാക്ഷിക്കുന്നു. സ്ഥാനമോഹികളും അധികാര പ്രമത്തരുമായ നേതാക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞു കുറഞ്ഞു വന്നാല്‍ സാമാന്യജനങ്ങള്‍ സന്തോഷത്തിലും പരസ്പര വിശ്വാസത്തിലും ഒരു കുടുംബമായി കഴിയാനുള്ള സാധ്യത ഏറിവരും. ഒരേ വംശത്തില്‍പെട്ട ഒരേഭാഷ സംസാരിക്കുന്ന ഒരേ തരം ആഹാരം കഴിക്കുന്ന മനുഷ്യര്‍ ഒരു കുടുംബമാണല്ലോ. രക്തബന്ധമുള്ള സഹോദരങ്ങളാണെങ്കിലും, തമ്മിലടിക്കുന്ന രാജ്യങ്ങള്‍ക്കും ക്രിസ്തീയ സഭകള്‍ക്കും ഇതൊരു ചിന്താവിഷയമാകട്ടെ.

(2023 May)