വിശുദ്ധ കുര്‍ബാനയ്ക്കുള്ള തൂയാബാ അഥവാ ഒരുക്ക ശുശ്രൂഷയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് പുരോഹിതന്‍ തിരുവസ്ത്രങ്ങളണിയുന്ന കര്‍മ്മം. പൗരസ്ത്യവും പാശ്ചാത്യവുമായ പുരാതന സഭകളിലെല്ലാം ഇതിനു കൃത്യമായ ചട്ടങ്ങളും ശൈലികളുമുണ്ട്.
വിശുദ്ധ വസ്ത്രങ്ങള്‍ക്കും അവ അണിയുന്നതിനും സവിശേഷമായ അര്‍ത്ഥങ്ങള്‍ സഭ കല്‍പിക്കുന്നുണ്ട്. ദൈവശാസ്ത്രപരമായ ഈ അര്‍ത്ഥങ്ങള്‍ വേദപുസ്തക സാക്ഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. ചില സൂചനകള്‍ കുറിക്കട്ടെ.
1. ആത്മീയ പോരാട്ടത്തിനുള്ള സന്നാഹം
ആത്മീയ ജീവിതത്തെ നിരന്തരമായ പോരാട്ടമായാണ് ക്രിസ്തീയ പാരമ്പര്യം കാണുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നിത്യാനുഭവമായിരുന്നതുകൊണ്ടാകാം ഈ പോരാട്ടത്തെ ഒരു യുദ്ധത്തോടു ഉപമിക്കുന്നത്. യുദ്ധത്തിന് ഒരുങ്ങുന്ന പടയാളിയുടെ ആയുധസന്നാഹങ്ങളോടാണ് ആത്മീയ പോരാളിയുടെ ആയുധങ്ങളെ ഉപമിക്കുന്നത്. “പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തു നില്‍പ്പാന്‍ കഴിയേണ്ടതിന് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്‍വിന്‍…. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചു സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തു കൊണ്ടും നില്പിന്‍. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍” (എഫേ. 6:11-17).
പിശാച് അഥവാ സാത്താന്‍ ആണ് ഇവിടെ ശത്രു. ആ ശത്രുവിനോടു പൊരുതാന്‍ പാദം മുതല്‍ തല വരെ സൈനികവേഷമണിഞ്ഞു നില്‍ക്കുന്ന ആത്മീയ പടയാളിയായിത്തീരാനാണ് പൗലോസ് അപ്പോസ്തലന്‍ നമ്മോട് ഉപദേശിക്കുന്നത്.
മുകളില്‍ ഉദ്ധരിച്ച വേദഭാഗമാണ് പുരോഹിതന്‍ അണിയുന്ന ആരാധനാ വേഷങ്ങളില്‍ പലതിന്‍റെയും പുതിയനിയമാടിസ്ഥാനം. ക്രിസ്തീയ സന്യാസപ്രസ്ഥാനത്തില്‍, വിശുദ്ധ അന്തോനിയോസിന്‍റെ കാലം മുതല്‍ തന്നെ, പിശാചിനോടുള്ള യുദ്ധം ആത്മീയതയുടെ സവിശേഷ സ്വഭാവമായി നിലനില്‍ക്കുന്നുണ്ട്. അവിടെ വൈദികര്‍ മാത്രമല്ല, ദൈവരാജ്യത്തില്‍ പ്രവേശനം കാംക്ഷിക്കുന്ന എല്ലാ വ്യക്തികളും നടത്തേണ്ട സമരമായിട്ടാണ് അതിനെ കാണുന്നത്. വിശുദ്ധ കുര്‍ബാനയനുഷ്ഠിക്കാനൊരുങ്ങുന്ന വൈദികന്‍ ഈ പൊതുവായ സമരസ്വഭാവത്തെ പ്രതിഫലിപ്പിച്ചുകൊണ്ടാണ്, ഒരു പോരാളിയായി ڇഇട്ടുകെട്ടിڈ നില്‍ക്കുന്നത്.
ആദിമ ക്രിസ്ത്യാനികള്‍ സമാധാനവാദികള്‍ (ുമരശളശെേെ) ആയിരുന്നു. യുദ്ധം ചെയ്യുന്നതും ആയുധ സന്നാഹങ്ങള്‍ നടത്തുന്നതും അവര്‍ക്ക് നിഷിദ്ധമായിരുന്നു. കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ കാലത്തോടു കൂടിയാണ് വിശ്വാസികളായ രാജാക്കന്മാര്‍ നടത്തുന്ന യുദ്ധങ്ങളെ ڇവിശുദ്ധ യുദ്ധڈങ്ങളാക്കി സാധൂകരിക്കാന്‍ റോമാസാമ്രാജ്യത്തിലെ സഭ ശ്രമിക്കുന്നത്. പക്ഷേ അതിനോടകം, യുദ്ധം എന്ന പ്രതിഭാസത്തെ ആത്മീയവല്‍ക്കരിച്ച്, ബാഹ്യമായ ആയുധങ്ങളെ രൂപാന്തരപ്പെടുത്തി, സത്യത്തിന്‍റെയും നീതിയുടെയും രക്ഷയുടെയും ആത്മീകോപകരണങ്ങളാക്കി, ആത്മീയ യുദ്ധം നടത്താന്‍ ക്രിസ്തീയ പാരമ്പര്യം ശക്തമായി പഠിപ്പിച്ചു തുടങ്ങിയിരുന്നു. ക്രിസ്തീയ തപോനിഷ്ഠ (മരെലശേരശാെ) യാല്‍ ഈ പോരാട്ടത്തിന്‍റെ ചിത്രം ഏറെ മിഴിവുറ്റതാവുകയും ചെയ്തു.
2. വിശേഷ ധര്‍മ്മത്തിന് വിശേഷ വസ്ത്രം
ڇയൂണിഫോംڈ ഒരു ബാഹ്യാടയാളമാണ്. അതണിയുന്നവരുടെ മുഖ്യ ധര്‍മ്മം എന്താണെന്ന് കാണികള്‍ക്ക് പെട്ടെന്ന് വ്യക്തമാകും. പട്ടാളം, പോലീസ്, പട്ടക്കാര്‍ തുടങ്ങിയ പരമ്പരാഗത വിഭാഗങ്ങളില്‍ മാത്രമല്ല, സ്കൂളുകള്‍, ആശുപത്രികള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവകളിലെല്ലാം യൂണിഫോം അണിയുന്നവരെ നാം നിത്യവും കാണുന്നു. അവരുടെ സവിശേഷ ധര്‍മ്മമെന്താണെന്ന് അവരെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനും, മറ്റുള്ളവരെ അറിയിക്കുന്നതിനും, മറ്റുള്ളവരില്‍ നിന്ന് അവരെ വേര്‍തിരിച്ചു നിര്‍ത്തുന്നതിനുമാണ് യൂണിഫോം അണിയുന്നത്. ആരാധനാവേഷത്തിലും ഇത് സാര്‍ത്ഥകമാണ്.
കൂദാശ അനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന വൈദികന്‍ څദിവ്യരഹസ്യങ്ങളുടെ പരിസേവക’നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ڇഞങ്ങളെ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഒരോരുത്തന്‍ എണ്ണിക്കൊള്ളട്ടെڈ (1 കോരി. 4:1) എന്നാണ് പൗലോസ് ശ്ലീഹാ അപ്പോസ്തലന്മാരെയും സുവിശേഷകരെയും വിശേഷിപ്പിക്കുന്നത്. ഇതുതന്നെയാണ് ക്രിസ്തീയ പുരോഹിതന്മാര്‍ക്കും നല്‍കാവുന്ന വിശേഷണം.
ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരാകാന്‍ യഥാര്‍ത്ഥത്തില്‍ വേഷമൊന്നും ആവശ്യമില്ല. എല്ലാ ڇവേഷവുംڈ അഴിച്ചുവച്ച്, ജനങ്ങള്‍ക്കിടയിലേക്ക് څനഗ്നരായിچ ഇറങ്ങുന്നവര്‍ക്കേ ക്രിസ്തുവിന്‍റെ നല്ല ശുശ്രൂഷകരാകാന്‍ കഴിയൂ. കര്‍ത്താവു തന്‍റെ പുറങ്കുപ്പായം ഊരിയും സേവകന്‍റെ തൂവാല അരയില്‍ കെട്ടിയുമാണല്ലോ ആദ്യ കൂദാശ പൂര്‍ത്തീകരിച്ചത്. സവിശേഷമായ വൈദിക വേഷങ്ങള്‍ ധരിക്കുമ്പോള്‍ ഈ സത്യം ഒരിക്കലും വിസ്മരിക്കപ്പെടരുത്.
എന്നാല്‍ ക്രിസ്തീയാരാധന അനുഷ്ഠാന പ്രധാനമായി പരിണമിച്ചപ്പോള്‍, വൈദികവേഷത്തിന് മറ്റൊരര്‍ത്ഥം ലഭിച്ചു. വിശുദ്ധതയുടെ വിശുദ്ധസ്ഥലത്ത് നിന്ന്, ദിവ്യരഹസ്യങ്ങളിലേക്ക് പ്രവേശിക്കുന്ന വൈദികന്‍ തന്‍റെ വിശേഷവസ്ത്രം മൂലം മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്നു. സവിശേഷമായ ഒരു ധര്‍മ്മത്തിനായി അദ്ദേഹം സമര്‍പ്പിക്കപ്പെടുന്നു. പൂര്‍ണ്ണമായ ജാഗ്രതയോടും ശ്രദ്ധയോടും ആന്തരികവും ബാഹ്യവുമായ വിശുദ്ധിയോടും കൂടി ജനങ്ങള്‍ക്കുവേണ്ടി ദൈവസന്നിധിയിലേക്ക് പുരോഹിതന്‍ പ്രവേശിക്കുന്നു. യഹൂദ പാരമ്പര്യത്തില്‍ യറുശലേം ദേവാലയത്തിലെ മഹാപുരോഹിതന്‍റെ മാതൃക ഇവിടെ സ്മരണീയമാണ്. അനുഷ്ഠാനപ്രധാനമായ മതങ്ങളിലെ പുരോഹിത ചിത്രവും ഇവിടെ പ്രതിഫലിക്കുന്നു.
വിശേഷവസ്ത്രം വൈദികനെ വിശേഷ വ്യക്തിയാക്കുന്നു. ഇതൊരു രൂപാന്തരമാണ്. അനുഷ്ഠാന പ്രധാനമാണെങ്കിലും ബാഹ്യവേഷത്തിന്‍റെ മാറ്റം കൊണ്ട് ആന്തരികമാറ്റത്തെ ധ്വനിപ്പിക്കുന്ന ഈ രൂപാന്തരം ഒട്ടും അപ്രധാനമല്ല. വസ്ത്രത്തിന്‍റെ ഈ പ്രതീകാത്മശേഷിയെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. പുതിയ വസ്ത്രം അത് ധരിക്കുന്നവനെ പുതിയ മനുഷ്യനാക്കുന്നു. വിശേഷ വസ്ത്രധാരണത്തിലൂടെ ആത്മിക രൂപാന്തരം സംഭവിച്ച്, വിശുദ്ധിയുടെ പടവുകള്‍ കയറുന്ന വൈദികനെയാണ് കൂദാശവേളയില്‍ നാം കാണുന്നത്. പാശ്ചാത്യസഭയില്‍ പ്രത്യേകിച്ച് നവീകരണ പാരമ്പര്യത്തില്‍, മിക്കവാറും നഷ്ടപ്പെട്ടുപോയ ഈ വിശേഷ വേഷ സങ്കല്‍പ്പം പൗരസ്ത്യ ഓര്‍ത്തഡോക്സ് ആരാധനയില്‍ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്.
3. തേജസ്സിനും സൗന്ദര്യത്തിനുമായി വിശുദ്ധ വസ്ത്രം
ഓര്‍ത്തഡോക്സ് ആരാധനയില്‍ വര്‍ണ്ണോജ്വലമായ വേഷവിധാനങ്ങളാണ് വൈദികഗണങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ചരിത്രപരമായി നോക്കുമ്പോള്‍, സഭയുടെ രാജകീയ ബന്ധങ്ങള്‍ ആരംഭിച്ചതിനുശേഷമാണ് ഇതു പലതും ആരാധനയില്‍ കടന്നുവന്നത്. എന്നാല്‍ വിശുദ്ധ വസ്ത്രങ്ങള്‍ മഹത്വവും അലങ്കാരവും വെളിപ്പെടുത്തുന്നവയാകണം എന്ന തത്വത്തിന് പഴയനിയമ വേദാടിസ്ഥാനമുണ്ട്. അഹരോനെയും പുത്രന്മാരെയും പുരോഹിത ശുശ്രൂഷയ്ക്കായ് വേര്‍തിരിച്ച ദൈവം, അവര്‍ക്കുവേണ്ടി സവിശേഷ വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍ മോശയോടു കല്‍പ്പിച്ചു. “നിന്‍റെ സഹോദരനായ അഹരോനുവേണ്ടി മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധ വസ്ത്രം ഉണ്ടാക്കണം. അഹരോന്‍ എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിനു അവനു വസ്ത്രം ഉണ്ടാക്കണമെന്ന് ഞാന്‍ ജ്ഞാനാത്മാവുകൊണ്ട് നിറെച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം” (പുറപ്പാട് 28:2-3).
രണ്ട് നിലപാടുകള്‍
ഇവിടെ പുരോഹിതവസ്ത്രം ദൈവമഹത്വത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രസ്ഫുരണമായിത്തീരുന്നു. നിറക്കൂട്ടുകളിലൂടെ നമുക്കു അനുഭവപ്പെടുന്ന സൗന്ദര്യം നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയാണ് സംവേദനം ചെയ്യപ്പെടുന്നത്. പക്ഷേ, ഇതേക്കുറിച്ച് രണ്ടഭിപ്രായങ്ങള്‍ ക്രിസ്തീയ സഭയില്‍ എന്നും നിലനില്‍ക്കുന്നു. വെള്ളവസ്ത്രത്തിന്‍റെ ലളിതമായ വിശുദ്ധി മാത്രമേ സഭയില്‍ പാടുള്ളു എന്നു ചിന്തിക്കുന്ന ഒരു കൂട്ടരും മനോഹരമായ വര്‍ണ്ണങ്ങളുടെയും സ്വരങ്ങളുടെയും ഇന്ദ്രിയാനുഭൂതിയിലൂടെ വിശുദ്ധിയുടെ അനുഭവം പങ്കിടാമെന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ആദ്യത്തെ കൂട്ടരുടെ അഭിപ്രായത്തില്‍ വിശുദ്ധി എന്നത് അമൂര്‍ത്തവും മനുഷ്യരുടെ ഇന്ദ്രിയങ്ങള്‍ക്കും വികാരങ്ങള്‍ക്കും വിധേയമല്ലാത്തതുമായ ഒന്നാണ്. ഇന്ദ്രിയങ്ങള്‍ അവയുടെ ലൗകിക വിഷയങ്ങളിലേക്കുള്ള സ്വാഭാവികമായ ചായ്വ് മൂലം ദൈവ വിശുദ്ധിയെ കളങ്കപ്പെടുത്തും. കണ്ണിനെ ആകര്‍ഷിക്കുന്ന നിറങ്ങളും ചെവികളെ ത്രസിപ്പിക്കുന്ന ശബ്ദവുമൊക്കെ നമ്മെ തിന്മയിലേക്ക് നയിക്കുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ദൈവ മഹത്വത്തെ വര്‍ണ്ണോജ്വലമാക്കാന്‍ ശ്രമിച്ചാല്‍, നാം അബദ്ധങ്ങളില്‍ ചാടും എന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നു. അതുകൊണ്ട് അതീന്ദ്രിയമായ വിശുദ്ധിയിലാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് അവര്‍ പറയും.
മറ്റെ കൂട്ടരുടെ നിലപാടനുസരിച്ച്, മനുഷ്യന്‍റെ ഇന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യര്‍ അറിവിന്‍റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. അതുകൊണ്ട് അതീന്ദ്രിയമായ അനുഭവം എന്നു നാം പറയുന്നതെല്ലാം, നാം ആദ്യമറിയുന്നത് നമ്മുടെ കണ്ണും, കാതും, മൂക്കും, രസനയും, ത്വക്കുമെല്ലാം അടങ്ങിയ ഇന്ദ്രിയ മാദ്ധ്യമങ്ങളിലൂടെയാണ്. നിറങ്ങളുടെ സൗന്ദര്യം നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കുകയും മാഞ്ഞുപോകുന്ന ലൗകികസൗന്ദര്യങ്ങളില്‍ നമ്മെ ഉടക്കി നിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നമ്മെ അതീന്ദ്രിയാനുഭവത്തിലേക്ക് ഉയര്‍ത്തുവാനും അതിനു കഴിയും. അതുകൊണ്ട് ദൈവതേജസ്സും സൗന്ദര്യവും, വളരെ നേരിയ അളവിലാണെങ്കിലും പ്രതിഫലിപ്പിക്കുവാന്‍ നമ്മുടെ വര്‍ണ്ണങ്ങള്‍ക്കും സ്വരങ്ങള്‍ക്കും കഴിയും. അപ്പോള്‍, അവയെ പ്രകടിപ്പിക്കുന്ന കലാരൂപങ്ങളും വേഷവിധാനങ്ങളും ആത്യന്തികമായി ആത്മീയമാനം ഉള്‍ക്കൊള്ളുന്നുണ്ട്. ദൈവാത്മാവാണ് കലാകാരന്മാരായ ബസലേലിനും ഒഹോലിയാബിനും സമാഗമന കൂടാരത്തിന്‍റെ എല്ലാ അലങ്കാരപ്പണികളും കലാപരമായി നിര്‍വ്വഹിക്കാനുള്ള ജ്ഞാനവും വൈദഗ്ധ്യവും കൊടുത്തത് (പുറപ്പാട് 31:1-11). അഹറോന്‍റെ പുരോഹിത വസ്ത്രങ്ങള്‍ മനോഹരമായി ഡിസൈന്‍ ചെയ്യാനും അവരെത്തന്നെയാണ് ചുമതലപ്പെടുത്തിയത്. തേജസ്സും സൗന്ദര്യവും വിശുദ്ധിയും ഒന്നിച്ചു പോകുന്നവയാണെന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നു.
ഈ രണ്ട് നിലപാടുകളും പരസ്പരവിരുദ്ധമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ക്രിസ്തീയ ആരാധനാവേഷങ്ങളില്‍ ഈ രണ്ടു നിലപാടുകളും സംയോജിപ്പിച്ചിരിക്കുന്നു എന്നു പറയാം. വെള്ള നിറത്തിലുള്ള ശുശ്രൂഷക്കുപ്പായവും അതിനു പുറത്തണിയുന്ന നിറമുള്ള വേഷങ്ങളും ഒരുമിച്ച് പ്രതീകാത്മകമായി ഐന്ദ്രികവും അതീന്ദ്രിയവുമായ നമ്മുടെ ദൈവികാനുഭവത്തെ സൂചിപ്പിക്കുന്നു.
ഇന്ദ്രിയജ്ഞാനവും വികാരങ്ങളും സൗന്ദര്യാനുഭൂതിയും കലകളും സാഹിത്യവും നമ്മെ ആത്മീയ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനുള്ള അപകടസാദ്ധ്യത ഒരു വശത്തുണ്ടെങ്കിലും മറുവശത്ത് പരിശുദ്ധാത്മാവിന്‍റെ പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശവും മൂലം അവയെ ആത്മസാക്ഷാല്‍ക്കാരത്തിന്‍റെ മാദ്ധ്യമങ്ങളായി രൂപാന്തരപ്പെടുത്തുകയാണ് സൃഷ്ടിയുടെ ഭാഗധേയം. ദ്രവ്യ വസ്തുവില്‍ നിന്നും മനുഷ്യസ്വഭാവത്തില്‍ നിന്നും വേര്‍പെട്ട ഒന്നല്ല മനുഷ്യാവതാരത്തിന്‍റെ ആദ്ധ്യാത്മികത. നമ്മുടെ ശരീരത്തെയും മനസ്സിനെയും പ്രപഞ്ചത്തെയും അവയുടെ സ്വഭാവ വിശേഷങ്ങളെയും മാദ്ധ്യമമായി സ്വീകരിക്കുകയും, അവയെ രൂപാന്തരപ്പെടുത്തി, ദൈവ മഹത്വത്തിലും അനശ്വരമായ സൗന്ദര്യത്തിലും വിശുദ്ധിയിലും പങ്കാളികളാക്കുകയും ചെയ്യുന്ന മനുഷ്യാവതാരത്തിന്‍റെ ആദ്ധ്യാത്മികതയാണ് ക്രിസ്തീയ സഭ പഠിപ്പിക്കുന്നത്. ആരാധനാ വേഷങ്ങളെക്കുറിച്ചുള്ള മനനം ഇങ്ങനെയുള്ള ചിന്തകളിലേക്ക് നമ്മെ നയിക്കുന്നു.