സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ്

pope-francis-feet-washing-2024

ഫ്രാന്‍സിസ് മാര്‍പാപ്പാ വീണ്ടും അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ കഴിഞ്ഞ വിശുദ്ധ വ്യാഴാഴ്ച റോമിലെ ഒരു ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന 12 കുറ്റവാളികളായ സ്ത്രീകളുടെ കാലുകള്‍ കഴുകി മുത്തിക്കൊണ്ടാണ് അദ്ദേഹം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്തുടര്‍ന്നത്. അത്യസാധാരണമെന്നോ അത്യപൂര്‍വമെന്നോ മാത്രമല്ല, തീര്‍ത്തും അസാധ്യമായ ഒരു സംഗതിയാണ് മാര്‍പാപ്പാ ചെയ്തത്. ക്രിസ്തീയ സഭയുടെ, പ്രത്യേകിച്ചും സ്ഥാപനവത്ക്കരിക്കപ്പെട്ട ക്രിസ്തീയ സഭയുടെ എല്ലാ കാനോനാകളെയും ലംഘിച്ചുകൊണ്ടാണ് മാര്‍പാപ്പാ ഇതു ചെയ്തത്. തീര്‍ച്ചയായും, ഇതിന് വിമര്‍ശകര്‍ ഉണ്ടാവും. പക്ഷേ, ആ സ്ത്രീകളുടെ കാല്‍ കഴുകി മുത്തി അവരുടെ മുഖത്തേക്ക് സ്നേഹവായ്പോടെ നോക്കുന്ന ആ പിതാവിന്‍റെ ചിത്രം മനുഷ്യമനസ്സുകളില്‍ വലിയ രൂപാന്തരം ഉണ്ടാക്കും. ആ സ്ത്രീകളില്‍ ചിലര്‍ നന്ദിയോടും അതീവ സന്തോഷത്തോടുംകൂടി പുഞ്ചിരിച്ചു. ചിലര്‍ കഠിനമായ ദുഃഖത്തോടും അതേസമയം നന്ദിയോടും കൂടി പൊട്ടിക്കരയുകയും ചെയ്തു. കണ്ണു നിറയാതെ, കണ്ണീരൊഴുക്കാതെ ആര്‍ക്കും ആ രംഗം കണ്ടിരിക്കാന്‍ സാധ്യമല്ല.

പരീശനായ ശീമോന്‍റെ ഭവനത്തില്‍ കര്‍ത്താവിനെ ക്ഷണിച്ച് അവിടെ വിരുന്ന് ഒരുക്കിയപ്പോള്‍ ആരുമറിയാതെ അവിടെ വിലയേറിയ സുഗന്ധതൈലം കൊണ്ടുവന്ന് കര്‍ത്താവിനെ പൂശുകയും കരഞ്ഞുകൊണ്ട് യേശുവിന്‍റെ കാലുകള്‍ ചുംബിക്കുകയും ചെയ്ത പാപിനി എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ സ്ത്രീയുടെ ചിത്രമാണ്, സ്വാഭാവികമായും ഈ രംഗം കാണുമ്പോള്‍ മനസ്സിലേക്കു വരുന്നത്. എത്രയോ അനുകമ്പയോടുകൂടി യേശു അവളോടു പെരുമാറി. പരീശനായ ശീമോന്‍ വിമര്‍ശനദൃഷ്ടിയോടെ നോക്കിയെങ്കിലും കര്‍ത്താവ് അവളോടു പറഞ്ഞു, നിന്‍റെ വിശ്വാസം വലുതാണ്. ആ സ്ത്രീ മാനസാന്തരപ്പെട്ട് പുതിയ മനുഷ്യസൃഷ്ടിയായി തിരിച്ചുപോയി. അതുപോലെ ഈ 12 തടവുകാരികളായ സ്ത്രീകള്‍ മാത്രമല്ല അവരോടു ബന്ധപ്പെട്ടവരും ഈ രംഗം കാണുന്നവരുമൊക്കെ മനസ്സില്‍ വലിയ മാറ്റത്തോടെ മാത്രമേ ഈ രംഗം കണ്ടവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളു.

pope-francis-feet-washing-24

ഇത് സ്വാഭാവികമായും അസാധ്യമാണ് എന്നു പറഞ്ഞാലും നമുക്കറിയാം, തന്നെ ഒറ്റിക്കൊടുക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്‍റെ ശിഷ്യനായ യൂദായുടെ കാലും യേശു കഴുകി എന്ന് ഓര്‍ക്കണം. ഈ ലോകത്തില്‍ ഇതാണ് ഒരുപക്ഷേ ഉയിര്‍പ്പിന്‍റെ മഹാദിനത്തില്‍ ഈസ്റ്റര്‍ സന്ദേശമായിട്ട് ലോകത്തിന് കൊടുക്കാവുന്ന ഒരു വലിയ സംഗതി. നസ്രായനായ യേശുവിന്‍റെ നാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പക്ഷേ അതു ലോകപ്രകാരമുള്ള ഒരു അദ്ഭുതമല്ല, നേരെമറിച്ച് ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ലോകത്തെ രൂപാന്തരപ്പെടുത്തുന്ന അദ്ഭുതങ്ങളാണ്. ഇത് ചെയ്യുവാന്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ ആത്മാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പായെ പ്രേരിപ്പിച്ചത് എന്ന് നമുക്കറിയാം. നമുക്ക് ദൈവത്തിന് നന്ദി അര്‍പ്പിക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് നമോവാകം.