ആചാര്യ ശ്രേഷ്ഠനായ റ്റി. ജെ. ജോഷ്വാ അച്ചനെ ഓര്‍മ്മവച്ച നാള്‍ മുതല്‍ കേട്ടിരുന്ന ഒരു തലമുറയില്‍പ്പെട്ട ആളാണ് ഞാന്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോഴാണ് ഞാന്‍ അച്ചനെ യഥാര്‍ത്ഥത്തില്‍ പരിചയപ്പെടുന്നത്. ഞായറാഴ്ചകളില്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും ആരാധനയ്ക്ക് പോകുന്നത് ചങ്ങനാശ്ശേരിയിലെ സി.എസ്.ഐ പള്ളിയിലാണ്. ഓര്‍ത്തഡോക്സ് സഭയ്ക്ക് അന്നവിടെ പള്ളിയില്ല. അതിരാവിലെ ഏഴുമണിക്ക് യുവ വൈദികനായ ജോഷ്വാ അച്ചന്‍റെ കുര്‍ബാനയുണ്ട് ആ ചെറിയ പള്ളിയുടെ മദ്ഹായുടെ ഭിത്തിയില്‍ വര്‍ണ്ണക്കണ്ണാടി പതിച്ച വൃത്താകാരത്തില്‍ ഉള്ള ഒരു ജനല്‍ ഉണ്ടായിരുന്നു ജോഷ്വാച്ചന്‍ കാസായും പീലാസയുമെടുത്തു വരുമ്പോള്‍ ഉദയസൂര്യന്‍ സപ്തവര്‍ണ്ണങ്ങളുമായി ജനലിലൂടെ മദ്ഹായെ
പ്രകാശപൂരിതമാക്കും. പത്താം ക്ലാസ് കഴിഞ്ഞ് കോളേജില്‍ ചേര്‍ന്ന കൗമാരക്കാരനായ എനിക്ക് ആ രംഗം അത്യാനന്ദകരമായ സൗന്ദര്യാനുഭൂതിയായിരുന്നു. അന്നു മുതല്‍ ജോഷ്വാ അച്ചന്‍റെ പ്രസാദപൂര്‍ണ്ണമായ മുഖവും വര്‍ണ്ണശബളമായ കാപ്പ ഇട്ടിരുന്ന ആകാരവും വര്‍ണ്ണജാലകത്തിലൂടെ പ്രവേശിക്കുന്ന പ്രകാശവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അനര്‍ഘ നിമിഷങ്ങള്‍ ഇന്നും എന്നില്‍ സജീവമാണ്.
വൈദിക സെമിനാരിയില്‍ ഞാന്‍ ചേരുമ്പോള്‍ അച്ചന്‍ മുന്‍ പരിചയം കൊണ്ടും സഹജമായ സ്നേഹ വാത്സല്യങ്ങള്‍ കൊണ്ടും എന്നെ പലകാര്യങ്ങളിലും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പ്രത്യേകിച്ചും സാഹിത്യപരമായ കൊച്ചുകൊച്ചു രചനകളും വായനകളും നടത്തുന്നത് അച്ചന്‍ സന്തോഷത്താടെ വീക്ഷിച്ചു. ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന അദ്ദേഹം അന്ന് അതില്‍ ചെറിയ ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുവാനും എന്നെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. സെമിനാരിയില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ സാഹിത്യ-വേദശാസ്ത്ര ചിന്തകള്‍ പ്രതി ഫലിപ്പിക്കുവാന്‍ ഒരു കയ്യെഴുത്തുമാസിക ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അച്ചനോട് പറഞ്ഞു. അച്ചന്‍ അതിന് പല പേരുകളില്‍ നിന്നു ദീപ്തി എന്ന പേര് തിരഞ്ഞെടുക്കുകയും പിന്നീട് അത് സെമിനാരിയുടെ അതിമനോഹരമായ വാര്‍ഷിക പ്രസിദ്ധീകരണം ആയിത്തീരുകയും
ചെയ്തു. സെമിനാരിയില്‍ അന്ന് ഫാ. പോള്‍ വര്‍ഗീസ്, ഫാ. എം.വി. ജോര്‍ജ്, ഫാ. കെ. എം. അലക്സാണ്ടര്‍, ഫാ. കെ.കെ. മാത്യൂസ്, ഞാര്‍ത്താങ്കല്‍ കോരുത് മല്പാന്‍, ടി.ജെ. എബ്രഹാം മല്‍പ്പാന്‍ തുടങ്ങിയവരായിരുന്നു ഫാക്കല്‍റ്റി. ഞങ്ങള്‍ പഠനം തുടങ്ങുമ്പോള്‍ സെമിനാരിയുടെ പുതിയ കെട്ടിടം പണി ആരംഭിച്ചതേയുള്ളൂ. അതുകൊണ്ട് പഴയസെമിനാരി ചാപ്പലിന്‍റെ വരാ ന്തയിലും ലൈബ്രറിയിലും മറ്റുമാണ് ക്ലാസു കള്‍ നടത്തിയിരുന്നത്. പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ വത്സല പുത്രനായി സഭാജീവിതം തുടങ്ങിയ കൗമാരകാലം മുതല്‍ അച്ചന്‍റെ ശ്രദ്ധ മുഴുവനും കര്‍ത്താവായ യേശുക്രിസ്തു വിന്‍റെ സുവിശേഷവും അതിന്‍റെ വ്യാഖ്യാനവും ആയിരുന്നു മലങ്കരസഭയിലെ എല്ലാ പ്രധാനപ്പെട്ട ഇടവകകളിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അദ്ദേഹം
വേദ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്‍റെ മധുരോദാരമായ ശബ്ദവും ആകാരവും എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയും അദ്ദേഹത്തെ പ്രിയങ്കരന്‍ ആക്കി തീര്‍ത്തു.
അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ആകെ ത്തുക വിലയിരുത്തുമ്പോള്‍ അതിനെ ഒരു ഗോസ്പല്‍ ഫോക്കസ് എന്നു വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഏറ്റവും അവസാന ം അദ്ദേഹം മരിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ത്തോമാ സഭയിലെ ഡോ. എം. ജെ ജേക്കബച്ചനുമായി അച്ചനെ കണ്ടപ്പോഴും സുവിശേഷത്തിന്‍റെ വെളിച്ചത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പ്രായോഗിക ക്രിസ്തീയ ജീവിതത്തിന് വളരെ ഊന്നല്‍ നല്‍കി. അതുകൊണ്ട് വൈദികരുടെ അജപാലന ശുശ്രൂഷ, കുടുംബ ഭദ്രതയ്ക്ക് വേണ്ടിയുള്ള പ്രബോധനങ്ങള്‍, യുവ ദമ്പതിമാര്‍ക്കുള്ള കൗണ്‍സിലിംഗ് തുടങ്ങി നിരവധി കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ പ്രായോഗിക ബുദ്ധി തെളിഞ്ഞുനിന്നു. അതിപ്രഗല്‍ഭരായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരൊക്കെ ആശയലോകത്ത് അജയ്യരായി നിന്നെങ്കിലും സെമിനാരിയുടെ അനുദിന നടത്തിപ്പില്‍ അവരൊക്കെ അച്ചനോടാണ് ഉപദേശം ചോദിച്ചു കൊണ്ടിരുന്നത്. സുവിശേഷജ്ഞാനവും അനുദിന ജീവിതവും സമൂഹ ജീവിതത്തിന്‍റെ വിവിധ മാനങ്ങളും സമതുലിതമായി ഒരുമിച്ചു കൊണ്ടുപോകുവാന്‍ അച്ചന് കഴിഞ്ഞു. ഇത് അപൂര്‍വമായ ഒരു സിദ്ധിയും കൃപാവരവും ആയിരുന്നു എന്ന് പറയാം.
മുന്‍ പറഞ്ഞ മൂന്ന് പ്രതിഭാശാലികള്‍ ഉള്‍പ്പെടെയുള്ള നല്ല ഒരു ഫാക്കല്‍റ്റിയുടെ കീഴില്‍ പഠിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞങ്ങളുടെ തലമുറക്കാര്‍ കരുതുന്നു. അന്ന് സെമിനാരിയില്‍ ഭക്ഷണമാണെങ്കിലും സ്ഥലസൗകര്യം, ലൈബ്രറി എന്നിവ ആണെങ്കിലും എല്ലാം ഏതാണ്ട് ദാരിദ്ര്യ രേഖയോട് തൊട്ടുനിന്ന സമയമാണ്, പക്ഷേ അതിനെ അതിജീവിക്കുവാന്‍ പ്രബുദ്ധരായ ഈ ഗുരുക്ക ന്മാരുടെ ജ്ഞാനവും ക്രിസ്തീയ സമര്‍പ്പണവും സെമിനാരിയോടുള്ള സമ്പൂര്‍ണ്ണ പ്രതിബദ്ധതയും സഹായിച്ചു അവരുടെ ശിഷ്യസമൂഹത്തില്‍ നിന്നും ആദ്യമായി സെമിനാരിയില്‍ പഠിപ്പിക്കുവാനുള്ള ഭാഗ്യവും നിയോഗവും എനിക്കുണ്ടായി. എന്നാല്‍ മുന്‍ വിദ്യാര്‍ഥിയും ശെമ്മാശനും ആയിരുന്ന എന്നോട് പൂര്‍ണമായ സമഭാവനയോടും, കാരുണ്യത്തോടും കൂടിയാണ് ജോഷ്വാച്ചന്‍ ഉള്‍പ്പെട്ട ഈ മഹാരഥന്മാര്‍ വര്‍ത്തിച്ചത്. ഏതൊരു കലുഷമായ സാഹചര്യത്തിലും അച്ചന്‍റെ മായാത്ത പുഞ്ചിരിയും നിരാശ ലേശവും ഇല്ലാത്ത നിലപാടും സെമിനാരി സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ഒട്ടൊന്നുമല്ല സഹായിച്ചത്.
അച്ചന്‍റെ സുവിശേഷ താല്‍പര്യത്തെ കുറിച്ച് പറയുമ്പോള്‍ ശ്രദ്ധേയമായ ഒരു സംഗതി സൂചിപ്പിക്കേണ്ടതുണ്ട്. അപ്പോസ്തോലന്മാരുടെ കാലത്തിനുശേഷം ക്രിസ്തീയ സഭ കൂടുതല്‍ കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ രണ്ട് പിന്തുടര്‍ച്ചാ ധാരകള്‍ ഉരുത്തിരിയുന്നുണ്ട്. ഒന്ന് അധികാരത്തിന്‍റെയും സ്ഥാനത്തിന്‍റെയും. മെത്രാന്മാര്‍ വൈദികര്‍ ശെമ്മാശന്‍മാര്‍ തുടങ്ങി വൈദിക ശ്രേണി അധികാരം കൈയാളുകയും കാനോനികമായും വ്യവസ്ഥാപിതമായും ഉള്ള പൗരോഹിത്യ പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു . ഇത് സഭയുടെ ഘടനയെയും സാമൂഹികമായ ഭദ്രതയെയും ഉറപ്പുവരുത്തി. രണ്ടാമത്തെ ധാര എന്ന് പറയുന്നത് സമാന്തരമായി ഉയര്‍ന്നു വന്നതാണ്. അത് സുവിശേഷത്തിന്‍റെ ജ്ഞാനം, മനനം, വ്യാഖ്യാനം, പ്രബോധനം എന്നിവയുടെ ഒരു ഗുരുപരമ്പരയാണ്. ഇവിടെയാണ് സഭയുടെ ദൗത്യം, മിഷന്‍, ഭാവി എന്നിവയെല്ലാം വിചിന്തനം ചെയ്യപ്പെട്ടത്.
സഭയുടെ നല്ല കാലഘട്ടങ്ങളിലൊക്കെ ഈ രണ്ടുധാരകളും സമ്യക്കായി ചേര്‍ന്നു പോയിട്ടുണ്ട്. അതായത് കാനോനിക അധികാരമുള്ള വൈദിക ശ്രേണി സുവിശേഷ വെളിച്ചം ഉള്‍ക്കൊണ്ട് യേശുക്രിസ്തു വിന് സാക്ഷ്യം വഹിക്കുകയും ചിലപ്പോള്‍ ചിലര്‍ രക്തസാക്ഷികളാവുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത് ചില സാഹചര്യങ്ങളില്‍ ഇവ തമ്മില്‍ ചേരാതെ വരികയും ഒരുവശത്ത് അധികാരവും സ്ഥാനവും സ്തുതിപാഠകരും സമ്പത്തും ഒക്കെയായിട്ട് തീരുകയും അറിവിന്‍റെ ഗുരുപാരമ്പര്യം ബലഹീനമാകുകയും ജനങ്ങള്‍ക്ക് ഇടയസേവനം ലഭിക്കാതെ അവര്‍നിസ്സഹായരാവുകയും ചെയ്തിട്ടുണ്ട്. ഇത് ചരിത്രത്തില്‍ നമുക്ക് കാണാം. ഇപ്പോഴും ഈ പ്രവണതകള്‍ ഉണ്ട്. ജോഷ്വാ അച്ചന്‍റെ നിലപാടും വ്യാഖ്യാനങ്ങളും ഈ രണ്ട് ധാരകളെയും സമീചീനമായി നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. അച്ചന്‍ അധികാര സ്ഥാനങ്ങളെ ബഹുമാനിച്ചു. സഭയുടെ പ്രധാന ഇടയന്മാരും വൈദികരും അടക്കം അനേകര്‍ അച്ചന്‍റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു എന്നാല്‍ അച്ചന്‍ സ്തുതി പാഠകരുടെ കൂടെയോ അധികാരത്തിന്‍റെ ഉച്ഛിഷ്ടഭോജികളുടെ കൂടെയോ ഒരിക്കലും നിന്നില്ല. നേരെമറിച്ച് യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ കാതല്‍ എന്താണ്?, പൗലോസ് അപ്പോസ്തോലനെ പോലെയുള്ളവര്‍ അത് എങ്ങനെ ജീവിതഗന്ധിയായി വ്യാഖ്യാനിച്ചു?, ഇന്ന് അതിന്‍റെ പ്രസക്തി എന്താണ് ? ഈ കാര്യങ്ങളിലായിരുന്നു അച്ചന്‍റെ ശ്രദ്ധ മുഴുവന്‍. നമുക്ക് ലഭിച്ച ഒരു നല്ല പൈതൃകമാണിത്. ജീവിതത്തിന്‍റെ സുവിശേഷ ഫോക്കസ് നഷ്ടപ്പെടാതെ പ്രായോഗിക ജീവിതത്തിന്‍റെ എല്ലാ കരുക്കളും മനസ്സിലാക്കി പ്രസാദ മധുരമായ ജീവിതം നയിച്ച ഞങ്ങളുടെ ഗുരുശ്രേഷ്ഠന് നമോവാകം! പ്രകാശത്തില്‍ നിന്നുള്ള പ്രകാശമായവന്‍റെ പ്രകാശമണ്ഡലത്തിലേക്ക് അങ്ങ് പ്രവേശിക്കട്ടെ.