“നാദം, നാദം, സര്‍വ്വം നാദം” | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 35

ഭാരതീയ ചിന്തയില്‍ നാദം ആത്യന്തികമായി ബ്രഹ്മശബ്ദമാണ്. പ്രകൃതിയില്‍ ഉദ്ഭവിക്കുന്ന ശബ്ദങ്ങളും മനുഷ്യര്‍ സൃഷ്ടിക്കുന്ന ശബ്ദങ്ങളും, ഒരിക്കലും നമ്മുടെ ശ്രവണപരിധിയില്‍പ്പെടാത്ത ശബ്ദങ്ങളും എല്ലാം ചേര്‍ന്നുള്ള ശബ്ദപ്രപഞ്ചത്തിന്‍റെ അനാദിയായ മൂലസ്രോതസ്സിനെ നാദബ്രഹ്മം എന്ന് വിശേഷിപ്പിക്കാം. സകലത്തിന്‍റെയും കാരണവും ഉറവയുമായ പരാശക്തി തന്നെയാണ് നാദബ്രഹ്മം.

ആദിചൈതന്യത്തിന്‍റെ താളാത്മകമായ ആന്ദോളനങ്ങളാണ് (vibrations) സൃഷ്ടിയെ ഉളവാക്കുന്നത്. ഈ vibration (കമ്പനം) ആണ് നാദമായി രൂപം പ്രാപിക്കുന്നത്. ഈ നാദതരംഗങ്ങള്‍ ശുദ്ധ സംഗീതമായും, പിന്നെ വാക്കുകള്‍ ഉപയോഗിച്ചുള്ള പാട്ടുകളായും, പദ്യമായും, പിന്നെ ഗദ്യമായും, പിന്നെ അമൂര്‍ത്തമായ ഗണിത സമവാക്യങ്ങളായും, പരകോടിയില്‍ നിശ്ശബ്ദതയായും മാറുന്നു.

നാദം അഥവാ ശബ്ദം സ്വരാക്ഷരമായും ക്രമേണ ശബ്ദവും അര്‍ത്ഥവും ചേര്‍ന്ന വാക്കായും, വാക്കുകള്‍ ചേര്‍ന്ന് ഭാഷയായും മാറുന്നു. മനുഷ്യഭാഷയുടെ പരിണാമത്തില്‍ വ്യത്യസ്തങ്ങളായ ഭാഷകള്‍ രൂപംകൊള്ളുന്നു. പരിണാമം കൂടുന്നതനുസരിച്ച് ഭാഷകള്‍ തമ്മില്‍ പരസ്പരം മനസ്സിലാകാതെ വേര്‍പിരിയുന്നു. ഈ വിവിധ ഭാഷകള്‍ മനുഷ്യരെ തമ്മില്‍ അകറ്റുന്നു. ബാബേല്‍ ഗോപുരത്തിന്‍റെ കഥയിലേതുപോലെ ഏക മനുഷ്യവര്‍ഗ്ഗത്തില്‍ ഭിന്നതയും സംഘര്‍ഷവും വിനാശവും സൃഷ്ടിക്കാനുള്ള എളുപ്പവഴിയാണ് ഭാഷയെ “കലക്കികളയുക” എന്നത്. ഇതിനുള്ള ഒരു പരിഹാരം ഭാഷയുടെ ആദി വിശുദ്ധിയിലേക്ക്, വാക്കിന്‍റെയും അക്ഷരത്തിന്‍റെയും ശബ്ദത്തിന്‍റെയും സാര്‍വ്വജനീനമായ നാദലയങ്ങളിലേക്ക് തിരിച്ചുപോവുക എന്നതാണ്. അങ്ങനെയാണ് സംഗീതവും കലകളും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പൊതു ഭാഷയായി മാറുന്നത്.

മനുഷ്യര്‍ അവരുടെ ഭാഷ രൂപപ്പെടുത്തുന്നതിനു മുമ്പുതന്നെ പ്രകൃതിയുടെ ഭാഷ അവര്‍ അനുഭവിക്കുന്നു. കാറ്റടിക്കുമ്പോള്‍ ഇലകള്‍ ഇളകി മര്‍മ്മരം പൊഴിക്കുന്നത് നമ്മുടെ ബോധാബോധ മണ്ഡലങ്ങളില്‍ ആഴമായ അനുഭൂതിയാണ്. കാറ്റിന്‍റെ ശക്തി അനുസരിച്ച് കടലിരമ്പുന്നതും, മുളങ്കാടുകള്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതും, വന്‍ മരങ്ങള്‍ പിടരുന്നതും, ഇടിമുഴക്കം ദിഗന്തങ്ങളെ വിറപ്പിക്കുന്നതും, പക്ഷിമൃഗാദികളുടെ ശബ്ദവിനിമയങ്ങളും എല്ലാം പ്രകൃതിയുടെ ശബ്ദങ്ങളായി, അര്‍ത്ഥപൂര്‍ണ്ണമായ സന്ദേശങ്ങളായി നാം കേള്‍ക്കുന്നു. ഇതാണ് മനുഷ്യരുടെ ആദി പ്രപഞ്ച ഭാഷാനുഭൂതി. എന്നാല്‍ ഇതിനും പുറകില്‍ നമുക്കൊരിക്കലും കേള്‍ക്കാനാവാത്ത ശബ്ദത്തിന്‍റെ അനന്തമായ ഒരു പശ്ചാത്തലമുണ്ട് (“മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകള്‍” താന്‍ “കേട്ടു” എന്ന് പൗലോസ് ശ്ലീഹാ തന്‍റെ മിസ്റ്റിക് അനുഭൂതിയെക്കുറിച്ച് പറയുന്നത് ഓര്‍ക്കാം. 2 കൊരി. 12:4).

നാം സൂചിപ്പിച്ച ഉദാഹരണങ്ങള്‍ ഈ ഭൂമിയിലേതാണ്. എന്നാല്‍ അനന്താകാശത്തിലെ നക്ഷത്രജാലങ്ങളും കോടാനുകോടി സൗരയൂഥങ്ങളുടെ പരിക്രമണവും എല്ലാം കണക്കിലെടുക്കുമ്പോള്‍ നാദം പ്രാപഞ്ചികമാനങ്ങളിലേക്ക് ഉയരുന്നു. നമ്മുടെ കേള്‍വിയുടെ റേഞ്ചില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ഈ നാദം സംഗീതമാണ്. പ്രപഞ്ച സംഗീതം (cosmic music) എന്നൊക്കെ കാവ്യാത്മകമായി നാം പറയുന്നതില്‍ ഒരു വാസ്തവമുണ്ട്. അതിവിശാലമായ മരുഭൂമിയില്‍ ചുറ്റിയടിക്കുന്ന കാറ്റ് അനന്തകോടി മണല്‍തരികളെ വിജ്രംഭിപ്പിക്കുകയും പുതിയ പുതിയ രൂപങ്ങള്‍ മരുപരപ്പില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ മഹാസമുദ്രത്തിലെ ഒരിക്കലും ഒടുങ്ങാത്ത ഓളങ്ങളും തിരമാലകളും താളാത്മകമായ അനുഭവമാണ് കടല്‍പരപ്പിനു നല്‍കുന്നത്. ഈ രണ്ട് ഉദാഹരണങ്ങള്‍ നമുക്ക് നേരിട്ട് അറിയാവുന്നതുകൊണ്ട്, നമുക്ക് അതിരറിയാന്‍ പാടില്ലാത്ത അനന്തപ്രപഞ്ചത്തിലും ഇങ്ങനെ നാദവും ചലനവും സംഗീതത്തിന്‍റെ സ്വഭാവം കൈവരിക്കുന്നതായി അനുമാനിക്കാം. നമ്മുടെ എല്ലാ നൃത്തങ്ങളിലും പശ്ചാത്തലമായി സംഗീതം അനുപേക്ഷണീയമാണ്. നര്‍ത്തകരുടെ അംഗചലനങ്ങള്‍ സംഗീത ശബ്ദത്തിന്‍റെ താളലയങ്ങളെ ആശ്രയിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ മഹാപ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും നാദം സന്നിഹിതമാണ് എന്നു കാണാം.

കോസ്മിക് രശ്മികള്‍ക്കു വേണ്ടിയും കോസ്മിക് സൗണ്ടിനു വേണ്ടിയുമുള്ള ശാസ്ത്രീയാന്വേഷണങ്ങള്‍ ധാരാളമുണ്ട്. Cosmic Microwave Background (CMB) Radiation എന്നത് നമ്മുടെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതും, 13.7 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിമഹാസ്ഫോടനത്തില്‍ (Big Bang) നിന്ന് ഉല്‍ഭവിച്ച റേഡിയേഷന്‍റെ അവശിഷ്ടമാണെന്നും പറയുന്നു. Cosmic Sound-ഉം ഇതുപോലെ അന്വേഷിക്കപ്പെടുന്നു.

നാദാത്മകമായ അനുഭവജ്ഞാനത്തില്‍ നിന്നാണ് നാദബ്രഹ്മത്തെക്കുറിച്ചുള്ള സങ്കല്പനം ഉണ്ടാകുന്നത്. പ്രപഞ്ചവും പ്രപഞ്ചത്തിനുള്ളിലെ തുടര്‍ സൃഷ്ടികളും ചലനാത്മകമാണ്. ഈ ചലനത്തെ ഉല്പാദിപ്പിക്കുന്നതും നൃത്തസൗന്ദര്യത്തിലേക്ക് ഉപനയിക്കുന്നതും നാദമാണ്. നാദത്തിന്‍റെ ഈ അത്യുദാത്ത ഭാവത്തില്‍ നിന്നാണ് നാദബ്രഹ്മം എന്ന അതിമനോഹരവും അര്‍ത്ഥപൂര്‍ണ്ണവുമായ പ്രയോഗം നിലവില്‍ വന്നത്. ഇതിന് സമാനമാണ് പുരാതന ഗ്രീക്ക് ചിന്തകര്‍ ഉന്നയിച്ച ‘ലോഗോസ്’ എന്ന ആശയം. ക്രിസ്തീയ പാരമ്പര്യം അത് ഏറ്റുവാങ്ങിയതാണല്ലോ നാലാം സുവിശേഷത്തിന്‍റെ ആരംഭം. “ആദിയില്‍ ലോഗോസ് ഉണ്ടായിരുന്നു. ലോഗോസ് ദൈവത്തോടു കൂടെയായിരുന്നു. ലോഗോസ് ദൈവമായിരുന്നു” (യോഹ. 1:1). ലോഗോസ് എന്ന വാക്ക് നിരവധി അര്‍ത്ഥങ്ങളുടെ സമുച്ചയമാണ്. അര്‍ത്ഥപൂര്‍ണ്ണമായ ശബ്ദം (വാക്ക്/word), യുക്തിപൂര്‍വമായ ക്രമം (reason), സകല സൃഷ്ടിക്കും കാരണഭൂതമായ ചൈതന്യത്തിന്‍റെ മാധ്യമം, സകലത്തെയും ചലനാത്മകമാക്കുന്ന ഊര്‍ജ്ജം, സകലത്തെയും സമഞ്ജസമായി കൂട്ടിച്ചേര്‍ക്കുന്ന പ്രഭാവം, അദൃശ്യമായി സകലത്തിലും വിലയംകൊള്ളുന്ന ആത്മഭാവം എന്നൊക്കെ ലോഗോസിന് അര്‍ത്ഥം കൊടുക്കാം. അതിന്‍റെ വളരെ പരിമിതങ്ങളായ അടയാളങ്ങളാണ് മനുഷ്യന്‍റെ ഭാഷ, യുക്തി, പ്രഭാഷണം, രചന, വാദം, ന്യായം, ലോജിക് എന്നിവയെല്ലാം. ഇവയ്ക്കെല്ലാം ‘ലോഗോസ്’ എന്ന വാക്ക് ഉപയോഗിക്കാം.

അപ്പോള്‍ അതിപുരാതനങ്ങളായ ഭാരതീയ ചിന്തയിലും യവനചിന്തയിലും നാദം സര്‍വ്വവ്യാപിയും സര്‍വ്വോന്മിഷിയും സര്‍വ്വോര്‍ജദായകവുമാണ്. ദൈവം, ബ്രഹ്മം തുടങ്ങിയ കേവലവും ആത്യന്തികവുമായ ആശയങ്ങളെ സൂചിപ്പിക്കാന്‍ ശേഷിയുള്ളതായി നാദം, ലോഗോസ് എന്നീ വാക്കുകള്‍ അതാതു സംസ്ക്കാരങ്ങളില്‍ കരുതപ്പെടുന്നു.

പില്‍ക്കാല ക്രിസ്തീയ വേദശാസ്ത്രത്തില്‍ ദൈവത്തിന്‍റെ നാദഭാവം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു (Word became flesh and dwelt among us, full of grace and truth). വചനം മനുഷ്യനായി കൃപയും സത്യവും നിറഞ്ഞവനായി നമുക്കിടയില്‍ വസിച്ചു എന്നുള്ള സുവിശേഷ പ്രസ്താവനയുടെ (യോഹ. 1:14-17) ഒരു ഭാഗമേ നാം സാധാരണ പരിഗണിക്കാറുള്ളു. അതായത് ഈ ഭൂമിയില്‍ മനുഷ്യനായി തീര്‍ന്ന്, മനുഷ്യരോടു കൂടി വസിച്ച്, അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേര്‍ന്ന്, തിന്മയുടെ അന്ധകാരത്തിന്‍റെ അര്‍ത്ഥശൂന്യതയില്‍ നിന്നും അവരെ വിമോചിപ്പിച്ച്, തന്‍റെ ആത്മബലിയും ഉയിര്‍പ്പും മൂലം മനുഷ്യരെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കുന്നു എന്ന മനുഷ്യാവതാര വശത്തെയാണ് നാം എപ്പോഴും വ്യവഹരിക്കുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യാവതാരത്തിന്‍റെ സാരാംശമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ എല്ലാ ചിന്തകളും താല്പര്യങ്ങളും ഈ ഭൂമിയിലെ ജീവിതത്തോട് മാത്രം നാം ബന്ധപ്പെടുത്തി നിര്‍ത്തുന്നു. ‘ഏറ്റവും ഭൗതികമായ മതമാണ് ക്രിസ്തുമത’മെന്ന് (the most materialistic of all religions) പണ്ഡിതനായ ആര്‍ച്ച്ബിഷപ്പ് വില്യം ടെമ്പിളിനെ (+1944) പ്പോലെയുള്ളവര്‍ വിശേഷിപ്പിക്കുവാന്‍ ഇത് കാരണമായി. മനുഷ്യസമൂഹത്തിലെ അനീതിക്കെതിരെയുള്ള പോരാട്ടം, സ്നേഹത്തിന്‍റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും സുവാര്‍ത്ത, ദരിദ്രന്മാര്‍ക്കും ആലംബഹീനര്‍ക്കും അഭയം കൊടുക്കേണ്ടതിന്‍റെ ആവശ്യകത, വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കി മനുഷ്യാന്തസ്സ് പാലിക്കാനുള്ള ചുമതല – ഇതെല്ലാം കൈവരുന്നത് നിത്യമായ വചനത്തിന്‍റെ മനുഷ്യാവതാര വശം കണക്കിലെടുക്കുന്നതുകൊണ്ടാണ്. എന്നാല്‍ ക്രിസ്തീയ സൗന്ദര്യദര്‍ശനത്തില്‍ നാം കണക്കിലെടുക്കേണ്ട വിശാലമായ പ്രാപഞ്ചിക രംഗം (രീാശെര രെലിമൃശീ) നാം വേണ്ടത്ര കാണാതെ പോകുന്നു എന്നതും വാസ്തവമാണ്. നമ്മുടെ വ്യക്തിപരമായ ജീവിതത്തിന്‍റെ അവസാനത്തെക്കുറിച്ചും ലോകത്തിന്‍റെ തന്നെ അവസാനത്തെക്കുറിച്ചും അതിശക്തമായി യേശുക്രിസ്തു പഠിപ്പിച്ചിട്ടുണ്ടെങ്കിലും അതിലേക്കു നമ്മുടെ ശ്രദ്ധ അധികം തിരിയാറില്ല. പ്രാപഞ്ചിക രംഗത്തിന്‍റെ വിസ്തൃതിയും ദൈര്‍ഘ്യവും കണക്കിലെടുക്കുമ്പോള്‍ മനുഷ്യരാശിയുടെ മുഴുവന്‍ ജീവിതവും നൈമിഷികമാണ്. നാം ഇന്ന് അനുഭവിക്കുന്ന ലോകം തന്നെയും ഒരു OTP (One Time Password) പോലെയാണ്. ആ പാസ്സ്വേര്‍ഡിന്‍റെ അക്കങ്ങള്‍ ഓര്‍ത്തിരുന്ന് ക്രമംതെറ്റാതെ ഉചിതമായി ഉപയോഗിച്ചാല്‍ പുതിയ ലോകം തുറന്നുവരും. നമുക്ക് ഒരു പുതിയ അവബോധം ദൈവത്തിന്‍റെ സൃഷ്ടിയെക്കുറിച്ചും അതിന്‍റെ ചലനത്തെക്കുറിച്ചും ആ ചലനത്തെ നൃത്താത്മകമാക്കുന്ന നാദലയങ്ങളെക്കുറിച്ചും ഉണ്ടാവും. അത് അത്യുദാത്തമായ ഒരു സൗന്ദര്യാനുഭൂതി ആകും. “നിങ്ങള്‍ ഉണര്‍ന്നിരിപ്പീന്‍” എന്ന് യേശുക്രിസ്തു എത്രയോ പ്രാവശ്യം ശിഷ്യന്മാരെയും മറ്റ് ജനങ്ങളേയും ഉദ്ബോധിപ്പിക്കുന്നു. ഈ ഉണര്‍വ്വ് എന്നത് ബോധത്തിന്‍റെ ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ്. ദ്രവ്യാത്മകമായ (material) ഈ പ്രപഞ്ചത്തിന്‍റെയും ദ്രവ്യസ്നേഹത്തില്‍ അധിഷ്ഠിതമായ മനുഷ്യ വ്യവഹാരങ്ങളുടെയും ലഹരിയില്‍ മയങ്ങികിടക്കുന്ന ആളുകളോടാണ് ‘ഉണരുവീന്‍’ എന്നു പറയുന്നത്. ദൈവരാജ്യത്തിന്‍റെ നാദലയങ്ങളിലേക്ക് നാം ഉണരുകയും നാം ഉള്‍പ്പെടുന്ന ദൈവസൃഷ്ടിയെ മുഴുവന്‍ ആ സംഗീതവീചികളില്‍ അനുഭവിക്കുകയും ചെയ്യാനുള്ള ആഹ്വാനമാണത്. നമ്മുടെ കാഴ്ചയും കേള്‍വിയും അതോടൊപ്പമുള്ള എല്ലാ ഐന്ദ്രിക അനുഭൂതിയും അവിടെ രൂപാന്തരപ്പെടുന്നു.

പ്രപഞ്ചശാസ്ത്രത്തില്‍ Anthropic principle എന്നൊരു സങ്കല്‍പ്പനത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. അതിന് പല രൂപങ്ങളുണ്ട്. അവയിലൊന്ന് ഇതാണ്. നമ്മുടെ മനുഷ്യജീവിതം ഈ ഭൂമിയില്‍ ഇപ്പോള്‍ സാധ്യമാക്കുന്ന രീതിയില്‍ ഒരു ചുറ്റുപാടുണ്ട്. അന്തരീക്ഷത്തിന്‍റെ മര്‍ദ്ദം, ഊഷ്മാവ്, ഗുരുത്വാകര്‍ഷണം, കാന്തികശക്തി, സൂര്യനില്‍ നിന്നു ഭൂമിയുടെ അകലം, ഭൂമി സ്വയം അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുന്നതും സൂര്യനെ ചുറ്റുന്നതുമായ പരിക്രമത്തിന്‍റെ വേഗത തുടങ്ങി വളരെയേറെ കാര്യങ്ങള്‍ നമ്മുടെ ജീവന് അനുകൂലമായി നില്‍ക്കുന്നതുകൊണ്ടാണ് നമുക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സംഗതിയുടെ അളവ് വ്യത്യാസപ്പെട്ടാല്‍ മനുഷ്യജീവിതം ഇവിടെ അസാദ്ധ്യമാണ്. നല്ല ഉദാഹരണമാണ് ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന ആഗോളതാപനം (Global Warming). ഊഷ്മാവ് ഏതാനും ഡിഗ്രി കൂടി ഉയര്‍ന്നു കഴിഞ്ഞാല്‍ ഭൂമിയുടെ ഇരുധ്രുവങ്ങളിലും കോടാനുകോടി വര്‍ഷങ്ങളായി സംഭരിച്ചിരിക്കുന്ന മഞ്ഞ് ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും മഹാനഗരങ്ങളെയും ഭൂഖണ്ഡങ്ങളെയും കൂടി സമുദ്രം വിഴുങ്ങുകയും ചെയ്യും. മഹാപ്രളയമാവും ഫലം. അപ്പോള്‍ മേല്‍പറഞ്ഞ ഘടകങ്ങളൊക്കെ കൃത്യമായി സമതുലിതാവസ്ഥയില്‍ നിലനിന്നെങ്കില്‍ മാത്രമേ മനുഷ്യജീവിതം സുസാദ്ധ്യമാവുകയുള്ളു. ഒരുപക്ഷേ ഇത്തരം മാറ്റങ്ങളില്‍ പിടിച്ചുനില്‍ക്കാനാവുന്ന മൈക്രോബുകളും വൈറസുകളും മറ്റുമായിരിക്കും പിന്നീട് ജീവന്‍റെ അടയാളം. അപ്പോള്‍ മനുഷ്യജീവന് അനുകൂലമായ ഈ പ്രാപഞ്ചിക സന്തുലിതാവസ്ഥ (cosmic balance) യാദൃശ്ചികമാണോ അതോ ഏതോ മഹാശക്തി-ദൈവമെന്ന് അതിനെ വിളിച്ചുകൊള്ളുക-നമുക്കുവേണ്ടി തയ്യാറാക്കിയതാണോ എന്നുള്ളതിനെക്കുറിച്ച് തര്‍ക്കിക്കുന്നവര്‍ ഉണ്ട്. അതിലേയ്ക്കല്ല നാം ഇപ്പോള്‍ കടക്കുന്നത്. നമ്മുടെ മനുഷ്യജീവിതവും ഭൂമിയിലെ സകല ജീവനും അതീവ ദുര്‍ബലമായ ഒരു നൂല്‍വലയില്‍ കിടക്കുന്നതുപോലെയാണ്. ഇപ്പോള്‍ നാം ഏതാണ്ടൊക്കെ സുഖമായി വലയില്‍ ആടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിപ്പോകാം.

അതുപോലെ തന്നെ മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് അന്വേഷിക്കുന്ന വലിയ ഗവേഷണങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഒരു ശാസ്ത്രനേട്ടമായ James Webb Space Telescope പ്പിന്‍റെ പല ലക്ഷ്യങ്ങളില്‍ ഒന്ന് ഈ മഹാപ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍റെ അടയാളമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. Panspermia എന്നൊരു പഴയ/പുതിയ വാദവും നിലവിലുണ്ട് (ഗ്രീക്കില്‍ pan = സര്‍വ്വം,sperma = വിത്ത്). ഈ വാദം അനുസരിച്ച് ജീവന്‍ തുടങ്ങിയത് ഭൂമിയില്‍ ആകണമെന്ന് നിര്‍ബന്ധമില്ല. ചെടികളുടെ വിത്തുകള്‍ പാറിപ്പോകുന്നതുപോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ നിന്നും തെറിച്ചുവീണ സൂക്ഷ്മജീവികളില്‍ നിന്നു പരിണമിച്ചതാകാം ഇവിടത്തെ ജീവന്‍. കാരണം, മനുഷ്യന് തീര്‍ത്തും അസാദ്ധ്യമായ കടുത്ത ശീതോഷ്ണ അവസ്ഥകളില്‍ ജീവിക്കാന്‍ കഴിയുന്ന സൂക്ഷ്മജീവികള്‍ ഉണ്ട് (Extremophiles എന്ന് ചിലര്‍ അവയെ വിളിക്കുന്നു). ഗ്രഹങ്ങള്‍ക്കിടയില്‍ ചിതറിപറക്കുന്ന ഉല്‍ക്കകളും മറ്റും ഒരു ഗ്രഹത്തില്‍ നിന്നും മറ്റൊരു ഗ്രഹത്തിലേക്ക് ഇത്തരം സൂക്ഷ്മജീവികളെ കൈമാറ്റം ചെയ്യാം. അങ്ങനെയാവുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ സാര്‍വ്വത്രികമായി ജീവന്‍റെ വിത്തുകള്‍ പരന്നിട്ടുണ്ടാവാം എന്നാണ് Panspermia വാദക്കാര്‍ പറയുന്നത്.

ഈ വിശാല മാനങ്ങളെക്കുറിച്ച് നാം സാധാരണഗതിയില്‍ ബോധപ്പെടാറില്ല. ഇവിടെ നമ്മുടെ കൊച്ചു വാശികളിലും അതിര്‍ത്തി തര്‍ക്കങ്ങളിലും വേഷത്തിളക്കങ്ങളിലും കൊടിവച്ച കാറുകളിലും നാം അഭിരമിക്കുന്നു. വ്യക്തികളും രാജ്യങ്ങളും വ്യവസായ സാമ്രാജ്യങ്ങളും ഒരുപോലെയാണ് ഇക്കാര്യത്തില്‍. എന്നാല്‍ സര്‍വ്വാതിശായിയായ ഒരു വിശ്വ ലാവണ്യദര്‍ശനം (Pan Cosmic Aesthetic Vision) ലഭിച്ചാല്‍ നമ്മുടെ ലോകക്രമത്തെക്കുറിച്ചും അതിന്‍റെ ലാവണ്യ മാനങ്ങളെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്കു നേടാം. ഇന്‍ഡ്യയിലെ നാദബ്രഹ്മ സങ്കല്‍പ്പനവും ക്രിസ്തീയ പാരമ്പര്യത്തിലെ വാഗീശ (വാക്ക്/Logos ദൈവമാകുന്നു) സങ്കല്‍പ്പനവും ഈ വിശ്വദര്‍ശനം നേടാന്‍ നമ്മെ സഹായിക്കും.

(ലാവണ്യദര്‍ശനം പംക്തി, ന്യൂ വിഷന്‍ മാസിക, ഏപ്രില്‍ 2023)