അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

alex-george-01

ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള വക്കീല്‍ ആയിരുന്നിട്ടും അദ്ദേഹം പലപ്പോഴും സമയമെടുത്ത് സൗഹൃദ സംഭാഷണത്തിനായി എന്നെ ക്ഷണിക്കുകയും ഞങ്ങള്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു.

അലക്സിന് സമുന്നതമായ ഒരു ജീവിതദര്‍ശനം ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ദാര്‍ശനികവും വേദശാസ്ത്രപരവുമായ ചിന്തകള്‍ അദ്ദേഹം അവതരിപ്പിക്കുകയും പല അവസരങ്ങളിലും അതെക്കുറിച്ച് ഒരുമിച്ച് ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് അറിവും വിജ്ഞാന കൗതുകവും ഉള്ള ആളായിരുന്നതുകൊണ്ട് യൗവനകാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. വക്കീല്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പല അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്‍റെ വിഷയം നിയമം അല്ല എങ്കിലും എന്താണ് ഒരു നിയമജ്ഞന്‍റെ ദൈവവിളി, ഉത്തരവാദിത്തം, ദൗത്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്നു ഞാന്‍ പലതും പഠിച്ചിട്ടുണ്ട്. എല്ലായിടത്തും പൊതുസമൂഹത്തില്‍ വൈദ്യന്മാര്‍, വക്കീലന്മാര്‍,വൈദികര്‍ എന്നിവരെക്കുറിച്ച് ഒരു പൊതുധാരണയുണ്ടല്ലോ. മന്ത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് തങ്ങളുടെ പേരും പദവിയും ഉറപ്പിക്കുന്നവരും തങ്ങളുടെ സേവനങ്ങളുടെ പ്രതിഫലം കണിശമായി വാങ്ങുന്നവരും ഒരു കേസ് കൈയില്‍ കിട്ടിയാല്‍ അത് ഒരിക്കലും അവസാനിപ്പിക്കാതെ തങ്ങളുടെ കക്ഷികളുടെമേല്‍ അല്ലെങ്കില്‍ വിശ്വാസികളുടെമേല്‍ സ്വാധീനം പുലര്‍ത്തുന്നവരുമാണ് എന്നൊക്കെയാണല്ലോ പൊതുജനവിചാരം. നൂറുപേരില്‍ ഒരാള്‍ അങ്ങനെ പെരുമാറിയാല്‍ ഒരു പ്രൊഫഷനെ മുഴുവന്‍ ചാപ്പ കുത്താന്‍ അതു മതി. എന്നാല്‍ എന്‍റെ അനുഭവത്തില്‍ അലക്സ് ജോര്‍ജ്ജ് ഉള്‍പ്പെടെ പല വക്കീലന്മാരും മേല്‍പറഞ്ഞ പൊതുധാരണയില്‍ നിന്നു വിട്ടുനില്‍ക്കുന്നവരായിരുന്നു. തങ്ങളുടെ കക്ഷികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി നന്നായി വാദിക്കാനും മനുഷ്യബന്ധങ്ങള്‍ വ്യവഹാര വിജയത്തേക്കാള്‍ പ്രധാനമാണ് എന്നു കരുതാനും വ്യവഹാരച്ചങ്ങലകളില്‍ മനുഷ്യരെ കുടുക്കുന്നത് പാപമാണ് എന്ന് ചിന്തിക്കാനും തയ്യാറായവരുടെ കൂട്ടത്തിലായിരുന്നു അലക്സ്. അതുകൊണ്ട് നീതി, ന്യായം, സഹാനുഭൂതി, നല്ല കുടുംബബന്ധങ്ങള്‍, സൗഹൃദശേഷി എന്നീ മൂല്യങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ബാക്കി കാലം മുഴുവന്‍ മലങ്കരസഭാ വ്യവഹാരങ്ങളെക്കുറിച്ച് കേട്ടിരുന്ന ലക്ഷക്കണക്കിന് സഭാംഗങ്ങളില്‍പെട്ടവരാണ് അലക്സും ഞാനും. കക്ഷിവഴക്കുകള്‍ അവസാനിച്ച് സഭയില്‍ സമാധാനവും ഐക്യവും നിലനിന്ന സുവര്‍ണ്ണ കാലഘട്ടത്തിലാണ് ഞാന്‍ വൈദിക സെമിനാരിയില്‍ ചേരുന്നത്. അന്നത്തെ സമാധാനവും സന്തോഷവും ഒരു തലമുറയെ മുഴുവന്‍ പ്രകാശിപ്പിച്ചു. ഒരുപക്ഷേ അലക്സിന്‍റെ മനസ്സിലും അങ്ങനെയൊരു വൈദിക ശുശ്രൂഷാ സങ്കല്‍പ്പം കുറച്ചൊക്കെ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാത്രമല്ല, വേദശാസ്ത്രപരമായ ചര്‍ച്ചകളില്‍ അദ്ദേഹത്തിന് നല്ല അറിവും താല്‍പര്യവും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ യേശുക്രിസ്തു നല്‍കിയ അതിമഹത്തായ ജീവിതമാതൃകയും വ്യവഹാരജഡിലമായ ഞങ്ങളുടെ സ്വന്തം സമൂഹത്തിന്‍റെ ദര്‍ശനവുമായി എങ്ങനെ ഇണങ്ങും എന്നത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അസ്തിത്വപരമായ ചോദ്യമായിരുന്നു. കുറച്ചൊക്കെ അറിവുള്ള കൊച്ചുകുട്ടികളും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എങ്കിലും ആ ചോദ്യം ബാലിശമാണെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല. അതിനു പകരം വ്യവഹാരത്തിന്‍റെ നൂലാമാലകളില്‍ നിന്ന് ഇരുകക്ഷികളെയും മോചിപ്പിക്കാന്‍ മാര്‍ഗമുണ്ടോ എന്നാണ് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചുകൊണ്ടിരുന്നത്. കുടുംബപ്രശ്നങ്ങളുമായി പൊട്ടിത്തെറിയുടെ വക്കിലെത്തി, വേര്‍പാടാണ് ഏക പരിഹാരം എന്ന് വിശ്വസിച്ച് വരുന്ന ദമ്പതിമാരെ കൂട്ടിയോജിപ്പിക്കുന്ന അനുഭവപരിചയമുണ്ട് അലക്സിന്. അത് കേള്‍ക്കുന്നത് എനിക്ക് പ്രചോദനകരമായിരുന്നു. വൈദികനായ എനിക്ക് പള്ളിയില്‍ വച്ച് ദമ്പതിമാരുടെ കൈ പരസ്പരം പിടിപ്പിച്ച് ‘നിങ്ങള്‍ ഒരു ശരീരമാണ്’ എന്ന ക്രിസ്തുവചനം അവരോടു പറയാനേ സാധിക്കുന്നുള്ളു. പില്‍ക്കാലത്ത് അവരുടെ അനുദിന ജീവിതത്തില്‍ ഉണ്ടാകുന്ന എരിച്ചിലും പുകച്ചിലുമൊന്നും വൈദികരെപ്പോലും അവര്‍ അറിയിക്കുകയില്ല. അങ്ങനെയുള്ള കേസുകള്‍ വരുമ്പോള്‍ അവര്‍ക്ക് ഇരുകൂട്ടര്‍ക്കും സമ്മതനായ ഒരു കുടുംബാംഗത്തെപ്പോലെ നിയമത്തിന്‍റെ കുരുക്കില്‍പെടുത്താതെ നിയമപരിഹാരം നല്‍കുന്ന ഒരു ജ്ഞാനിയായ നിയമജ്ഞനെപ്പോലെ, അനുരഞ്ജനത്തിന്‍റെ പാത തെളിച്ചുകൊടുക്കുന്ന ഒരു ആത്മീയ ഗുരുവിനെപ്പോലെ അലക്സ് പെരുമാറിയിരുന്നു. അത് അറിയാവുന്നതുകൊണ്ടായിരുന്നു മലങ്കരസഭാ വ്യവഹാരത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നത്.

എഴുതപ്പെട്ട നിയമങ്ങള്‍ക്ക് അപ്പുറത്ത് മാനുഷികമായ ചില മൂല്യങ്ങളും, കോടതികളില്‍ പ്രകടിപ്പിക്കാനാവാത്ത മനുഷ്യനന്മകളുടെ ചില നീരൊഴുക്കുകളും കൂടി കണക്കിലെടുത്തു വേണം നീതിയും ന്യായവും നടപ്പിലാക്കേണ്ടത് എന്നു ബോധ്യമുള്ള ഒരു വക്കീലായിരുന്നു അലക്സ്. യേശുക്രിസ്തു പറഞ്ഞ ഒരു ഉപമ പലപ്പോഴും ഞങ്ങളുടെ ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ട് (മത്തായി 20:1-16): ഒരു വലിയ മുന്തിരിത്തോട്ടത്തിന്‍റെ സമ്പന്നനായ ഉടയവന്‍ ദിവസക്കൂലിക്ക് തോട്ടത്തില്‍ പണിയുവാന്‍ പണിക്കാരെ അന്വേഷിക്കുകയാണ്. അതിരാവിലെ ആറുമണിക്ക് അന്നത്തേക്കുള്ള ജോലി തേടി വഴിയരികില്‍ കാത്തുനില്‍ക്കുന്ന ഒരുവനോട് തന്‍റെ തോട്ടത്തില്‍ വന്നു പണിയാന്‍ പറയുന്നു. അയാള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയും അവിടെ പണിയുന്നു. ആ പകല്‍ മുഴുവന്‍ ജോലിയില്ലാതെ വഴിയില്‍ കാത്തുനില്‍ക്കുന്ന ആളുകളെയൊക്കെ തോട്ടക്കാരന്‍ പല സമയത്ത് തന്‍റെ തോട്ടത്തിലേക്കു ക്ഷണിക്കുന്നു. വൈകിട്ട് 5 മണിക്കു വഴിയില്‍ നിന്ന ഒരു പാവം മനുഷ്യനോടും ചോദിച്ചു, “എന്താണ് നീ ഇങ്ങനെ നില്‍ക്കുന്നത്?” എന്ന്. അയാള്‍ പറഞ്ഞു, തന്നെ ആരും ജോലിക്കു വിളിച്ചില്ലെന്ന്. അയാളെയും തോട്ടക്കാരന്‍ പണിക്കു വിളിച്ചു. 6 മണിയായപ്പോള്‍ എല്ലാവര്‍ക്കും കൂലി കൊടുത്തു. 6 മണി മുതല്‍ 6 മണി വരെ പണിതവന്‍ വന്നപ്പോള്‍ അവനുമായി രാവിലെ സമ്മതിച്ചിരുന്നപ്രകാരം ഒരു വെള്ളി നാണയം കൊടുത്തു. അന്നത്തെ രീതിയില്‍ നല്ല ദിവസക്കൂലിയാണത്. 5 മണിക്ക് വന്ന് (ബൈബിളിലെ പതിനൊന്നാം മണി) ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്തവന്‍ വന്നപ്പോള്‍ അവനും കൊടുത്തു ഒരു വെള്ളി നാണയം. സ്വാഭാവികമായും ആദ്യം വന്നവന്‍ പരാതി ഉയര്‍ത്തി. അയാള്‍ പറഞ്ഞു, “ഞാനീ പകലിന്‍റെ ചൂടും വിയര്‍പ്പുമെല്ലാം അനുഭവിച്ച് ദിവസം മുഴുവന്‍ ജോലി ചെയ്തു. എനിക്ക് തന്ന കൂലി അയാള്‍ക്കും കൊടുത്തത് വലിയ അന്യായമാണ്.” അപ്പോള്‍ തോട്ടത്തിന്‍റെ ഉടയവന്‍ പറഞ്ഞു, “സ്നേഹിതാ, ഞാന്‍ ഒരു അനീതിയും നിന്നോട് കാണിച്ചില്ല. നീ സന്തോഷപൂര്‍വ്വം രാവിലെ സമ്മതിച്ച കൂലി ഞാന്‍ നിനക്കു തന്നു. ഈ അവസാനം വന്നവന് എന്തു കൊടുക്കണമെന്നു നിശ്ചയിക്കുന്നത് ഞാന്‍ തന്നെയാണ്. അതില്‍ നീ ഇടപെടരുത്.”

ഇതാണ് യേശുക്രിസ്തു പറഞ്ഞ കഥ. ഞാന്‍ അലക്സിനോടു ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു കേസ് കോടതിയിലോ ലേബര്‍ ഓഫീസറുടെയോ അടുത്തു വന്നാല്‍ എന്തു ചെയ്യും? ലേബര്‍ നിയമം അനുസരിച്ച് ഓരോ ജോലിക്കും നിശ്ചയിച്ചിരിക്കുന്ന കൂലിയും സമയവും അനുസരിച്ച് പ്രതിഫലം കൊടുത്താല്‍ മതി. അങ്ങനെയാവുമ്പോള്‍ 5 മണിക്കു വന്നയാള്‍ക്ക് ഒരു വെള്ളി നാണയത്തിന്‍റെ പന്ത്രണ്ടിലൊന്ന് കൊടുത്താല്‍ മതി. പണി ചെയ്യാത്തവന് കൂലി കൊടുത്തത് അന്യായമാണെന്ന് പണി ചെയ്തവന്‍ വാദിക്കുമ്പോള്‍ അതിലൊരു ന്യായമില്ലേ? അങ്ങനെയല്ല, തോട്ടക്കാരന്‍ ഇഷ്ടംപോലെ പണം വാരി അര്‍ഹതയില്ലാത്തവര്‍ക്ക് കൊടുത്തെങ്കില്‍ അയാള്‍ മണ്ടനോ സ്വബുദ്ധി ഇല്ലാത്തവനോ ആകാം. അങ്ങനെയാണെങ്കില്‍ ദിവസം മുഴുവന്‍ അധ്വാനിച്ച ആളിനും ഒരുപിടി നാണയങ്ങള്‍ വാരി കൊടുക്കാമായിരുന്നുവല്ലോ. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് തോട്ടത്തിന്‍റെ ഉടമ കഠിനഹൃദയനും ഒരു നിയമവും നോക്കാത്തവനുമാണ് എന്നും അതുകൊണ്ട് അനീതി പ്രവര്‍ത്തിച്ചു എന്നും വാദിക്കാമല്ലോ.

മഹാത്മാഗാന്ധിയെ ഏറ്റവും ആകര്‍ഷിച്ച ഒരു പുസ്തകമാണ് ജോണ്‍ റസ്കിന്‍റെ (John Ruskin) Unto This Last എന്നത്. പ്രസിദ്ധമായ ആ ചെറു ഗ്രന്ഥത്തിന്‍റെ കേന്ദ്രവിഷയം മേല്‍ സൂചിപ്പിച്ച ഉപമയാണ്. “ഈ അവസാനത്തെ ആളിനും” ലഭിക്കേണ്ട നീതിയും ക്ഷേമവുമാണ് വിഷയം. സൗത്ത് ആഫ്രിക്കയില്‍ വച്ച് ഗാന്ധിക്ക് ഈ പുസ്തകം കിട്ടി, ഒരു ട്രെയിന്‍ യാത്രയില്‍ അത് വായിച്ചു തീര്‍ത്തു. പിന്നീട് തന്‍റെ മാതൃഭാഷയായ ഗുജറാത്തിയിലേക്ക് തര്‍ജ്ജമ ചെയ്തു. നീതിയെക്കുറിച്ചുള്ള സര്‍വ്വോദയം, അന്ത്യോദയം എന്നീ ആശയങ്ങള്‍ ഗാന്ധിജിക്കു ലഭിക്കുന്നത് ഇവിടെ നിന്നുമാണ്. ഭാരതത്തിലെ ഏറ്റവും അവസാനത്തെ ദരിദ്രനായ ഒരു വ്യക്തിക്കു കൂടി പ്രയോജനം ലഭിച്ചെങ്കിലേ നമ്മുടെ പദ്ധതികള്‍ക്കും ഭരണത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും അര്‍ത്ഥമുണ്ടാകുകയുള്ളു എന്ന് ശക്തിയായി പറയുവാന്‍ ഗാന്ധിയെ പ്രേരിപ്പിച്ച ഒരു കഥയാണിത്.

സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച സമയത്ത്, അയല്‍രാജ്യമായ ലബനോനില്‍, ചരിത്രപ്രസിദ്ധമായ കാദീശാ താഴ്വരയുടെ മുകളിലുള്ള ഉയര്‍ന്ന മലയിലെ ഒരു ഗ്രാമത്തില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കാന്‍ ഇടയായി. ലോകപ്രശസ്തനായ ഖലീല്‍ ജിബ്രാന്‍റെ ജന്മസ്ഥലമായ ബ്ഷാറെ ഗ്രാമമായിരുന്നു അത്. ആ മലകള്‍ക്കപ്പുറം സിറിയയാണ്. സിറിയയിലെ പ്രശ്നങ്ങള്‍ മൂലം ധാരാളം ആളുകള്‍ സാധാരണ ജോലിക്കായി മല കടന്ന് ലബനിലേക്ക് വരുന്നുണ്ട്. രാവിലെ നോക്കുമ്പോള്‍ കാണാം, ചിലരൊക്കെ ഏതെങ്കിലുമൊരു പണിയായുധവുമായി വഴിയരികില്‍ മൂടിപ്പുതച്ചു നില്‍ക്കും. കുറച്ചു കഴിയുമ്പോള്‍ ലബനനിലെ കൃഷിക്കാര്‍ വന്ന് അവരെ വിളിച്ചുകൊണ്ടുപോകും. ഉരുളക്കിഴങ്ങു മാന്തിയെടുക്കാനും പച്ചക്കറി ശേഖരിക്കാനുമൊക്കെ ദിവസക്കൂലിക്ക് അവര്‍ പോകും. ഈ കാഴ്ച കണ്ടപ്പോള്‍ 2000 വര്‍ഷം മുമ്പ് അതേ നാടുകളില്‍ യേശു കാണുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞ കഥയും ഓര്‍മ്മ വന്നു. ഈ ജോലിക്കാര്‍ ആരും അവരുടെ കഴിവിലും പശ്ചാത്തലത്തിലും ഒരുപോലെയല്ല. ചിലര്‍ നല്ല ആരോഗ്യം ഇല്ലാത്തവര്‍ ആയിരിക്കാം. ചിലര്‍ പണി നല്ല വശമില്ലാത്തവരായിരിക്കാം. വീട്ടിലെ ചുറ്റുപാടുകള്‍കൊണ്ട് ഉപജീവനത്തിനായി ഇറങ്ങിയവരാണ്. ഒരു വീട്ടില്‍ മൂന്ന് അംഗങ്ങള്‍ ആയിരിക്കും. മറ്റൊരിടത്ത് 9 പേര്‍ ആയിരിക്കും. എല്ലാവര്‍ക്കും ലഭിക്കുന്ന കൂലികൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയുകയില്ല. യേശുവിന്‍റെ കഥയില്‍ വൈകിട്ട് 5 മണിക്ക് വന്നവന്‍ സ്വാഭാവികമായും പണിയെടുക്കാന്‍ തക്ക ശരീരബലം ഉള്ളവന്‍ ആയിരിക്കുകയില്ല. അവന്‍റെ വീട്ടില്‍ അവന്‍റെ കൂലിയെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും കുട്ടികളും വൃദ്ധരായ മാതാപിതാക്കളും കാണും. ആരും പണിക്കു ക്ഷണിക്കാതെ നിരാശനായി നിന്ന അവന് അന്ന് പണി കിട്ടിയില്ലെങ്കില്‍ കുടുംബം പട്ടിണിയാവും. ജ്ഞാനിയായ തോട്ടക്കാരന്‍ ഇത് എങ്ങനെയോ മനസ്സിലാക്കിക്കാണും. അതുകൊണ്ട് ആദ്യത്തവനോടു പറഞ്ഞതുപോലെ കൂലി മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിക്കുന്നില്ല. അവന്‍റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി, നിയമപ്രകാരം അവന് അര്‍ഹിക്കാത്ത കൂലി കൊടുക്കുന്നു. ഇങ്ങനെയൊരു നീതി നമ്മുടെ ലോകത്തില്‍ നടപ്പിലാക്കാന്‍ പ്രയാസമാണ്. എങ്കിലും ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രത്തെ സ്വാധീനിച്ച ഒന്നാണിത്. “ഓരോരുവനും അവന്‍റെ ആവശ്യത്തിനനുസരിച്ച് (To everyone according to his need) ഇതാണ് തത്വം.

അലക്സുമായിട്ടുള്ള ചര്‍ച്ചയില്‍ ഇങ്ങനെയൊരു നീതിസങ്കല്‍പ്പം ചര്‍ച്ച ചെയ്തിരുന്നു. ഇത് ഒരളവിലെങ്കിലും നമ്മുടെ സമൂഹത്തില്‍ സാധ്യമാക്കിയാല്‍ അതിന് മഹത്തായ ഒരു അനന്തരഫലമുണ്ടാകും. അത് ഞങ്ങളുടെ ഒരു സ്വപ്നമായി അവശേഷിക്കും എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇങ്ങനെ നീതി പ്രവൃത്തിക്കുന്ന ന്യായാധിപന്മാരും നിയമജ്ഞരും സാമൂഹിക പ്രവര്‍ത്തകരും അദ്ധ്യാപകരും ഭരണകര്‍ത്താക്കളും കുറെയൊക്കെ എല്ലാ സമൂഹങ്ങളിലും ഉണ്ട് എന്ന അറിവ് ആശ്വാസകരമാണ്.

അലക്സിനെക്കുറിച്ച് എനിക്ക് വേറെയും ധാരാളം കാര്യങ്ങള്‍ മനസ്സിലുണ്ട്. അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി മായ ബസേലിയോസ് കോളജിലെ ഇംഗ്ലീഷ് അദ്ധ്യാപിക എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കുകയും തന്‍റെ ഭര്‍ത്താവിന്‍റെ ആദര്‍ശപൂര്‍ണ്ണമായ ജീവിതലക്ഷ്യങ്ങള്‍ക്ക് നല്ല പിന്തുണയായി വര്‍ത്തിക്കുകയും ചെയ്തു എന്നറിയാം. അദ്ദേഹത്തിന്‍റെ മക്കള്‍ എല്ലാവരും നല്ല സ്ഥാനങ്ങളില്‍ എത്തി. ഒരാള്‍ നിയമപഠനത്തിലൂടെ പിതാവിന്‍റെ മാതൃക പിന്തുടര്‍ന്നു. ഇപ്പോള്‍ മജിസ്ട്രേറ്റ് പദവിയിലെത്തി. ദൈവനിശ്ചയമുണ്ടെങ്കില്‍ പിതാവിനെപ്പോലെ നീതിയുടെയും ന്യായത്തിന്‍റെയും കാണാപ്പുറങ്ങള്‍ വായിക്കാനും നീതിനിഷ്ഠയായ ന്യായാധിപ ആയി നമ്മുടെ പരമോന്നത കോടതി വരെ എത്താനും ആ കുട്ടിക്ക് സാധിച്ചേക്കും. ലോകപ്രകാരമുള്ള സ്ഥാനത്തേക്കാള്‍ ദൈവരാജ്യത്തിന്‍റെ നീതിയും സമാധാനവും അനുരഞ്ജനവും കൈവരുത്താന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും മതനേതാക്കള്‍ക്കും നീതിന്യായ സംവിധാനത്തിനും കഴിഞ്ഞാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്ന ഒരാളായിരിക്കും അലക്സ് ജോര്‍ജ്ജ്.